ബമാക്കോ: മലിയില്‍ ആയുധധാരികളായ ഒരു സംഘം അഞ്ച് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയി. പ്രാദേശിക വൈദ്യുതീകരണ പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിലെ ജീവനക്കാരാണ് ഇവരെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൊഴിലിടത്തെ മറ്റു ഇന്ത്യക്കാരെയെല്ലാം തലസ്ഥാനമായ ബമാക്കോയിലേക്ക് മാറ്റിയതായി കമ്പനിയുടെ പ്രതിനിധി അറിയിച്ചു. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

To advertise here,

പടിഞ്ഞാറന്‍ മലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് അയുധധാരികളായ ഒരു സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്. 2012 മുതല്‍ തുടര്‍ച്ചയായ അട്ടിമറികളും ജിഹാദിസ്റ്റ് ആക്രമണങ്ങളും മൂലം ഭരണകൂടത്തിന് സ്വാധീനം നഷ്ടപ്പെട്ട മാലിയില്‍ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് സാധാരണമാണ്. സൈനിക ഭരണകൂടത്തിന് കീഴിലുള്ള രാജ്യം, വര്‍ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങളെക്കൊണ്ട് പൊറുതിമുട്ടുന്നു.

അല്‍-ഖ്വയ്ദ, ഐസിസ് ബന്ധമുള്ള ഗ്രൂപ്പ് ഫോര്‍ ദി സപ്പോര്‍ട്ട് ഓഫ് ഇസ്ലാം ആന്‍ഡ് മുസ്ലിംസ് (ജെഎന്‍ഐഎം) അടുത്തിടെ ഇന്ധന ഉപരോധം ശക്തമാക്കിയത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഈവര്‍ഷം സെപ്റ്റംബറില്‍ ജെഎന്‍ഐഎം സംഘം യുഎഇ പൗരന്മാരെയും ഒരു ഇറാന്‍ പൗരനെയും തട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് ഏകദേശം 50 ദശലക്ഷം യുഎസ് ഡോളര്‍ മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇവരെ മോചിപ്പിച്ചു.

2012-ലെ തുവാരെഗ് കലാപത്തില്‍നിന്ന് രൂപംകൊണ്ട സംഘടനയാണ് ജെഎന്‍ഐഎം. വടക്കന്‍ മലിയില്‍നിന്ന് രാജ്യത്തിന്റെ മധ്യഭാഗങ്ങളിലേക്കും അയല്‍രാജ്യങ്ങളായി ബര്‍ക്കിനാഫാസോ, നൈജര്‍ എന്നിവിടങ്ങളിലേക്കും ക്രമേണ സ്വാധീനം വര്‍ധിപ്പിച്ചു. തങ്ങളുടെ ആധിപത്യമുള്ള പ്രദേശങ്ങളില്‍ കര്‍ശനനിയമങ്ങളാണ് ഈ സംഘം നടപ്പാക്കിയിട്ടുള്ളത്. യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും പൊതുഗതാഗതത്തില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.