വ്യോമയാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിമാനദുരന്തങ്ങളിലൊന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനമായ എംഎച്ച് 370 യുടെ തിരോധാനം. മലേഷ്യയിലെ ക്വലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ബെയ്​ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബോയിങ് 777 യാത്ര തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിലാണ് റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനം എങ്ങോട്ട് പോയി, വിമാനത്തിലുണ്ടായിരുന്ന 239 പേര്‍ക്ക് എന്ത് സംഭവിച്ചു? 11 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അജ്ഞാതമായി തുടരുകയാണ്. അച്ഛനും അമ്മയും മക്കളുമുള്‍പ്പെടെയുള്ള പ്രിയപ്പെട്ടവരെയോര്‍ത്ത് ഉറ്റവര്‍ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും തുടങ്ങാനൊരുങ്ങുകയാണ് മലേഷ്യ. ഡിസംബറില്‍ തിരച്ചില്‍ തുടരുമെന്ന് സർക്കാര്‍ അറിയിച്ചിരിക്കുന്നു. ഇതോടെ മലേഷ്യന്‍ വിമാനദുരന്തം വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്. എംഎച്ച് 370 വിമാനത്തിന് എന്താണ് സംഭവിച്ചത്? എന്തുകൊണ്ടാണ് തിരച്ചില്‍ വീണ്ടും ആരംഭിക്കാന്‍ മലേഷ്യ ഒരുങ്ങുന്നത്?

To advertise here,

എംഎച്ച് 370, ഉത്തരമില്ലാത്ത തിരോധാനം

2014 മാര്‍ച്ച് എട്ടിന് അര്‍ധരാത്രി പിന്നിട്ടപ്പോഴായിരുന്നു എംഎച്ച് 370 ബോയിങ് വിമാനം ക്വലാലംപുരില്‍ നിന്ന് പുറപ്പെട്ടത്. 12.41നായിരുന്നു യാത്ര. 227 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്ത് 38 മിനിറ്റിനുള്ളില്‍ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വിമാനം ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ പറക്കുമ്പോഴാണ് അവസാനമായി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (ATC) ബന്ധപ്പെട്ടത്. ഇതായിരുന്നു വിമാനവുമായി ഉണ്ടായ അവസാനത്തെ ആശയവിനിമയം. നിമിഷങ്ങള്‍ക്കുള്ളില്‍ വിമാനം എടിസിയുടെ സെക്കന്‍ഡറി സര്‍വൈലന്‍സ് റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷമായി. എന്നാല്‍ മലേഷ്യന്‍ സൈന്യത്തിന്റെ പ്രൈമറി റഡാര്‍ സംവിധാനം വഴി ഒരു മണിക്കൂറോളം ട്രാക്ക് ചെയ്യപ്പെട്ടു. വിമാനം പോകേണ്ടിയിരുന്ന സഞ്ചാര പാതയില്‍ നിന്ന് പടിഞ്ഞാറോട്ട് വ്യതിചലിക്കുകയും മലായ് ഉപദ്വീപിനെയും ആന്തമാന്‍ കടലിനെയും കടന്നുപോകുകയും ചെയ്തതായി ഈ നിരീക്ഷണത്തില്‍ നിന്ന് വ്യക്തമായിരുന്നു. പിന്നീട് വടക്കന്‍ മലേഷ്യയിലെ പെനാങ് ദ്വീപിന് 200 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറായി ഇത് റഡാര്‍ പരിധിക്ക് പുറത്താവുകയായിരുന്നു. പിന്നീട് ലഭ്യമായ സംവിധാനങ്ങളൊന്നും പരീക്ഷിച്ചിട്ടും വിമാനത്തെ ട്രാക്ക് ചെയ്യാനോ കോക്ക്പിറ്റുമായി ബന്ധപ്പെടാനോ എയര്‍ ട്രാഫിക് കണ്‍ട്രോളിന് സാധിച്ചില്ല. പിന്നീട് വിമാനവുമായുള്ള സമ്പര്‍ക്കം പൂർണമായും നഷ്ടപ്പെട്ടു. ആശങ്കയുടെ മണിക്കൂറുകളായിരുന്നു മുന്നിലുണ്ടായിരുന്നതെങ്കിലും അടുത്ത ദിവസം പുലര്‍ച്ചെ ബെയ്​ജിങ്ങിൽ വിമാനമിറങ്ങുമെന്ന നേരിയ പ്രതീക്ഷ അധികൃതര്‍ക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകളേയും പാടെ തകര്‍ത്തുകൊണ്ട് ആ വാര്‍ത്തയെത്തി, അടുത്ത ദിവസം 6.30ന് ബെയ്​ജിങ്ങിലിറങ്ങേണ്ട വിമാനം അവിടെയുമെത്തിയിട്ടില്ല. ഉപഗ്രഹ ഡേറ്റയനുസരിച്ച് വിമാനം ദിശമാറി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍ ഭാഗത്തുകൂടി സഞ്ചരിച്ചെന്നാണ് അധികൃതര്‍ മനസ്സിലാക്കിയത്.

വിമാനത്തിന്റെ ചരിത്രം പരിശോധിച്ചതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. 28420 സീരിയല്‍ നമ്പറിലുള്ള  ബോയിങ്  വിമാനമായിരുന്നു ഇത്. 2002 മേയ് 31-നാണ് ഇത് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമാവുന്നത്. മൊത്തം 282 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. 2014 ഫെബ്രുവരിയിലായിരുന്നു വിമാനത്തിന്റെ അവസാനത്തെ മെയിന്റനന്‍സ് ചെക്ക്. വിമാനത്തിനും എഞ്ചിനുകള്‍ക്കും ബാധകമായ എല്ലാ എയര്‍വര്‍ത്തിനസ് ഡയറക്ടീവുകളും ഇത് പാലിച്ചിരുന്നു. 2014 മാര്‍ച്ച് 7നാണ് ജീവനക്കാരുടെ ഓക്‌സിജന്‍ സംവിധാനം പുതുക്കിയത്. ഇതൊരു സാധാരണ മെയിന്റനന്‍സ് ജോലിയായിരുന്നു, ഈ നടപടിക്രമം പരിശോധിച്ചതില്‍ അസാധാരണമായി ഒന്നും കണ്ടെത്താനായില്ല. എങ്കിലും വിമാനം കാണാതായ ദിവസത്തെ ടേക്കോഫിന് മുന്‍പ് വിമാനം അധികമായി ഇന്ധനം നിറയ്ക്കുകയും ജീവനക്കാര്‍ക്ക് ഓക്‌സിജന്‍ വിതരണം നടത്തുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിമാനം കാണാതായി വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഈ രഹസ്യവിവരം പുറത്തുവന്നത്.

വിമാനത്തിനായി തിരച്ചില്‍ യജ്ഞം

കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യന്‍ സര്‍ക്കാര്‍ പലഘട്ടങ്ങളിലായി തിരച്ചിലുകള്‍ നടത്തിയിരുന്നു. വ്യോമയാന ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തിരച്ചില്‍ യത്നമായിരുന്നു MH370യുടേത്. ആദ്യഘട്ടങ്ങളില്‍ നടത്തിയ തിരച്ചിലില്‍ അവശിഷ്ടം പോലും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ 2015-ലും 16-ലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങള്‍ MH370യുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. വിമാനം കാണാതായതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനും തെളിവോ സ്ഥിരീകരണമോ ഉണ്ടായില്ല. വിമാനത്തിന്റേതെന്ന് സംശയിക്കുന്ന ഭാഗങ്ങള്‍ സമീപ രാജ്യങ്ങളിലെ തീരങ്ങളില്‍ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 2014 മുതല്‍ 2017 വരെ, മലേഷ്യ, ഓസ്‌ട്രേലിയ, ചൈന എന്നിവര്‍ ചേര്‍ന്ന് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1,20,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭാഗം തിരഞ്ഞിരുന്നെങ്കിലും ഈ സംയുക്ത ശ്രമം പരാജയപ്പെട്ടു.

2017ല്‍ വിമാനത്തിനായി 15.1 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് വമ്പന്‍ തിരച്ചില്‍ നടത്തിയിരുന്നു. ചൈന, മലേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണം ഒരു വിമാനത്തിനായി നടത്തിയ ചരിത്രത്തിലേതന്നെ വലിയ തിരച്ചില്‍ യജ്ഞമായാണ് കരുതപ്പെടുന്നത്. ഇതിനുശേഷം അമേരിക്കന്‍ സ്വകാര്യ കമ്പനിയും തിരച്ചില്‍ നടത്തി. എന്നാല്‍ വിമാനത്തിനെ സംബന്ധിച്ച തെളിവുകളൊന്നുംതന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.2017ൽ ഈ തിരച്ചിൽ നിർത്തിവെച്ചു. വിമാനം അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് മലേഷ്യന്‍ ഭരണകൂടം രൂക്ഷവിമര്‍ശനം നേരിടേണ്ടതായും വന്നു.

വിമാനം കാണാതായ നിഗൂഢത നീക്കാനായി ഈ രംഗത്തെ വിദഗ്ധരായ ജീന്‍-ലൂക് മാര്‍ച്ചന്‍ഡും പൈലറ്റ് പാട്രിക് ബ്ലെല്ലിയും രംഗത്തെത്തിയത് 2023ലായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായി 10 ദിവസം നീണ്ടുനില്‍ക്കുന്ന തിരച്ചിലാണ് ഇരുവരും നടത്തിയത്. വിമാനം തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു ഇവരുടെ നിഗമനം. വിമാനത്തിന്റെ ട്രാന്‍സ്പോണ്ടര്‍ ബോധപൂര്‍വം ആരോ ഓഫാക്കിയതാണെന്ന വാദവും വിമാനത്തിന്റെ ദിശയിലുണ്ടായ മാറ്റം ഓട്ടോപൈലറ്റ് മൂലമല്ലെന്ന കണ്ടെത്തലും സംഘം പരിശോധിച്ചു. തങ്ങളുടെ കണ്ടെത്തലുകള്‍ റോയല്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റിക്ക് മുമ്പാകെ ഇരുവരും അവതരിപ്പിക്കുകയും ചെയ്തു.

ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി അതോറിറ്റി, മലേഷ്യന്‍ സര്‍ക്കാര്‍, പര്യവേക്ഷണത്തില്‍ വൈദഗ്ധ്യമുള്ള യുഎസ് റോബോട്ടിക്‌സ് സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്നിവരോട് പുതിയ തിരച്ചില്‍ ആരംഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പിന്നാലെ, 'നോ ഫൈന്‍ഡ്, നോ ഫീ' എന്ന അടിസ്ഥാനത്തില്‍ തിരച്ചില്‍ പുനരാരംഭിക്കാമെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി അറിയിച്ചു. ശ്രമത്തിന് ആവശ്യമായ സബ്-നോട്ടിക്കല്‍ സേര്‍ച്ച് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്നും കമ്പനി അറിയിച്ചിരുന്നു. വിമാനം ഹൈജാക്ക് ചെയ്ത് വിദൂര സ്ഥലത്തെത്തിച്ച് തകര്‍ത്തതാണെന്ന് അനുമാനത്തിലായിരുന്നു ഇവരുടെ തിരച്ചില്‍. സിഗ്നല്‍ പ്രൊപ്പഗേഷന്‍ റിപ്പോര്‍ട്ടര്‍ ഡാറ്റയെ അടിസ്ഥാനമാക്കി പെര്‍ത്തില്‍ നിന്നും 1560 കിലോമീറ്റര്‍ അകലെയൊരു സ്ഥലത്താണ് തിരച്ചില്‍ നടത്തിയത്.

അതിനിടെ 2024 ഡിസംബറില്‍, എം.എച്ച്.-370 വിമാനത്തെക്കുറിച്ചുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എം.എച്ച്-370 തിരയുന്നതിന് ശാസ്ത്രീയ തെളിവുകളുണ്ടെന്നു പറഞ്ഞ് യു.എസ്. കമ്പനിയായ ഓഷ്യന്‍ ഇന്‍ഫിനിറ്റി സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 15,000 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി തിരയാനായിരുന്നു പദ്ധതി. തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.

സിദ്ധാന്തങ്ങളും നിഗൂഢതകളും

മലേഷ്യന്‍ വിമാനം എങ്ങോട്ട് പോയി എന്ന ചോദ്യത്തിന് ഒരു ദശകം പിന്നിടുമ്പോഴും ഉത്തരമില്ല. കാണാതായ വിമാനത്തെ കുറിച്ച് നിരവധി നിഗൂഢ കഥകളും സിദ്ധാന്തങ്ങളും അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. തട്ടിക്കൊണ്ടുപോകലും റാഞ്ചലും തുടങ്ങി പല ഗൂഢസിദ്ധാന്തങ്ങളും പ്രചരിച്ചു. അതിലൊന്ന് വിമാനം നിയന്ത്രിച്ചിരുന്ന മലേഷ്യന്‍ പൈലറ്റായ സഹരി ഷാ മനഃപൂര്‍വം വിമാനത്തെ വഴിതിരിച്ചുവിട്ടുവെന്നായിരുന്നു. പല ഏവിയേഷന്‍ ഡിറ്റക്ടീവുകളും ഇത്തരം നിഗമനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഷായുടെ വീട്ടില്‍ അധികൃതര്‍ കണ്ടെത്തിയ ഫ്‌ളൈറ്റ് സിമുലേറ്ററില്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിദൂര ഭാഗത്തേക്കുള്ള പാതയുമായി സാമ്യമുള്ള ഡാറ്റ് സെറ്റ് മായ്ച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് MH370 യുടെ പാതയ്ക്ക് സമാനമാണെന്നാണ് അന്വേഷകര്‍ വിശ്വസിക്കുന്നത്. എന്നാല്‍ എന്തിനായിരുന്നു അത് ചെയ്തത് എന്നത് ഇപ്പോഴും അജ്ഞാതമാണ്. യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നുവെന്നതുമായി ബന്ധപ്പെടുത്തിയും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചു.

2018ല്‍ പ്രസിദ്ധീകരിച്ച 495 പേജുള്ള ഒരു സുരക്ഷാ അന്വേഷണ റിപ്പോര്‍ട്ടിലാണ് വിമാനത്തെ കുറിച്ച് അല്‍പമെങ്കിലും വിശദമായ വിവരങ്ങളുള്ളത്. സെക്കന്‍ഡറി റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിന് ശേഷം വിമാനത്തിന്റെ നിയന്ത്രണങ്ങള്‍ കോക്ക്പിറ്റില്‍ ഒരാള്‍ കൈകൊണ്ട് മാറ്റിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എടിസിയില്‍ നിന്നുള്ള ആശയവിനിമയത്തില്‍ കോക്ക്പിറ്റില്‍ നിന്നുള്ള പ്രതികരണത്തില്‍ കാലതാമസം ഉണ്ടായതായും ഇത് നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എങ്കിലും ആരാണ് കോക്ക്പിറ്റിലെ മാറ്റങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്താന്‍ ഒരു അന്വേഷണത്തിനും ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്തിലെ ജീവനക്കാരുടെ നടപടികളല്ലാതെ പുറത്തു നിന്നൊരാളുടെ ഇടപെടലുണ്ടായെന്ന സാധ്യതകളാണ് ഈ റിപ്പോര്‍ട്ട് തുറന്നിട്ടത്.

വീണ്ടും തിരച്ചില്‍ എന്തിന്?

11 വര്‍ഷം മുന്‍പ് അപ്രത്യക്ഷമായ മലേഷ്യ എയര്‍ലൈന്‍സിന്റെ വിമാനത്തെ കുറിച്ചുള്ള തുമ്പുകിട്ടാന്‍ വീണ്ടും ആഴക്കടല്‍ കേന്ദ്രീകരിച്ചുള്ള തിരച്ചിലിനൊരുങ്ങുകയാണ് മലേഷ്യന്‍ സര്‍ക്കാര്‍. ഡിസംബര്‍ മുപ്പതിന് തിരച്ചില്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു. വിമാനയാത്രികരുടെ കുടുംബങ്ങളുടെ കാത്തിരിപ്പിന് ഉത്തരം നല്‍കാനുള്ള മലേഷ്യന്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് തിരച്ചില്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ പിന്നിലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ഓഷ്യന്‍ ഇന്‍ഫിനിറ്റി കമ്പനിയുടെ സഹായത്തോടെയാണ് 55 ദിവസം നീളുന്ന തിരച്ചില്‍ . ഇന്ത്യന്‍ മഹാസമുദ്രത്തിലെ 15000 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്താണ് തിരച്ചില്‍ നടത്തുക. ഡിസംബര്‍ 30 മുതലുള്ള തിരച്ചില്‍ വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും സാധ്യതയുള്ള സ്ഥലങ്ങളിലാവും ശ്രദ്ധ കേന്ദ്രീകരിക്കുക. 2018 ല്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റി 25,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സമുദ്ര ഭാഗം വിശദമായി പരിശോധിച്ചിരുന്നെങ്കിലും വിമാനം കണ്ടെത്താനായില്ല.

തിരച്ചിലിനൊടുക്കം തുമ്പ് കിട്ടിയില്ലെങ്കില്‍ മലേഷ്യന്‍ സര്‍ക്കാര്‍ പണം നല്‍കേണ്ടതില്ലെന്നാണ് ഓഷ്യന്‍ ഇന്‍ഫിനിറ്റിയുമായുള്ള കരാര്‍. അവശിഷ്ടങ്ങള്‍ കിട്ടിയാല്‍ മലേഷ്യന്‍ സര്‍ക്കാര്‍ അവര്‍ക്ക് ഏഴുകോടി ഡോളര്‍ നല്‍കും. യുകെയിലും യുഎസിലും ആസ്ഥാനങ്ങളുള്ള മറൈന്‍ എക്‌സ്‌പ്ലോറേഷന്‍ കമ്പനിയാണ് ഇവര്‍. 

ഒരുപക്ഷെ കാണാതായ വിമാനത്തിന് വേണ്ടിയുള്ള ഏറ്റവും അവസാനത്തെ തിരച്ചിലായിരിക്കും ഇത്. നിഗൂഢതകളെല്ലാം നീങ്ങി സംഭവിച്ചതെന്തെന്ന വാസ്തവം പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് മലേഷ്യൻ സർക്കാർ.