ഇഎംഎസ്സിന് ശേഷം ഒരു മലയാളി സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി ആയി വരുന്നു എന്നതു കേരളത്തിന് അഭിമാനം നല്‍കുന്ന കാര്യം തന്നെ.  ജന്മം കൊണ്ട് മലയാളി ആയ പ്രകാശ് കാരാട്ട് ഈ പദവിയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും അതൊരിക്കലും കേരളത്തിന്റെ പ്രാതിനിധ്യം ആയിരുന്നില്ല. ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്തില്‍ നിന്ന് പ്രകാശ് കാരാട്ട് ആ പദവി ഏറ്റെടുക്കുമ്പോള്‍ നേതൃനിരയിലെ തലമുറ മാറ്റം കൂടിയായിരുന്നു അവിടെ സംഭവിച്ചത്. അതാകട്ടെ വളരെ സുഗമവുമയിരുന്നു. കാരാട്ടിന് ശേഷം സീതാറാം യെച്ചൂരി വന്നപ്പോഴും എല്ലാം സുഗമവുമായിരുന്നു. നിലപാടുകളില്‍ യെച്ചൂരിയോടായിരുന്നു അന്ന് കേരളത്തില്‍ സജീവമായിരുന്ന പാര്‍ട്ടിയിലെ വിഎസ് വിഭാഗത്തിന് താല്പര്യം. പ്രകാശ് കാരാട്ടിനോട് എന്നും അടുപ്പം പുലര്‍ത്തിയിരുന്ന പിണറായി പക്ഷത്തിനും യെച്ചൂരിയെ സമ്മതമായിരുന്നു. പാര്‍ട്ടി ബംഗാള്‍ ഘടകം യെച്ചൂരിയോടാണ് ചേര്‍ന്നുനിന്നത്. കോണ്‍ഗ്രസ്സുമായുള്ള ബന്ധം എങ്ങിനെ ആവണം എന്നതായിരുന്നു അടുത്ത കാലത്തായി സിപിഎം നേരിട്ട വലിയ ആശയ പ്രതിസന്ധി. പല വ്യാഖ്യാനങ്ങളാല്‍ അത് സിപി എമ്മില്‍ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളായി മാറി.  മധുര പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷവും ആ വിഷയം സിപിഎമ്മിന്റെ ആശയ പ്രതിസന്ധികളില്‍ ഒന്നായി തുടരുകയും ചെയ്യും. 

To advertise here,

നേരത്തെ മൂന്നു സംസ്ഥാനങ്ങളില്‍ പ്രതാപികളായിരുന്ന പാര്‍ട്ടി മൂന്നിടത്തും ഏറെക്കാലം അധികാരവും കൈയാളി. ദേശീയ തലത്തിലും സിപിഎമ്മിന്റെ നിലപാടുകള്‍ക്ക് ഏറെ ശ്രദ്ധ കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി.  അധികാരം കേരളത്തില്‍ മാത്രമായി.  36 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരിച്ച ബംഗാളിലും അഭിമാനത്തോടെ കാത്തു സൂക്ഷിച്ച ത്രിപുരയിലും ഇപ്പോള്‍ പാര്‍ട്ടി നിലനില്‍പിനുള്ള പോരാട്ടത്തിലാണ്. അവിടെ രണ്ടിടത്തും ബിജെപിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി. ബംഗാളിലാണെങ്കില്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസ്സും  മുഖ്യ ശത്രുവിനെ പോലെയും നില്‍ക്കുന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സും സമാന അവസ്ഥയില്‍ ആണ് എന്നതാണ് സിപി എമ്മിന്റെയും ആശ്വാസം. മോദി സര്‍ക്കാരിനും ബിജെപിക്കും എതിരെ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഇന്ത്യാ മുന്നണിയില്‍ ഉണ്ടെങ്കിലും സിപിഎമ്മിന്റെ നിലപാടുകള്‍ കേരളത്തില്‍ എങ്കിലും വ്യത്യസ്തമാണ്. അവിടെ ഇപ്പോഴും കോണ്‍ഗ്രസുമായാണ് സിപിഎമ്മിന്റെ പ്രധാന പോരാട്ടം. കേരളത്തില്‍ ഏത് വിഷയത്തിലും ഇപ്പോഴും കൊമ്പുകോര്‍ക്കുകയാണ് ഇരു പാര്‍ട്ടികളും.  ബിജെപിയെ ചെറുക്കുന്നതില്‍ പോലും കേരളത്തില്‍ ഇരുവര്‍ക്കും ഇതുവരെ യോജിക്കാന്‍ ആയിട്ടില്ല. 

ദേശീയ തലത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ഈ സമവാക്യം നിലനില്‍ക്കുന്ന കേരളത്തില്‍ നിന്നൊരു നേതാവാണ് ഇനി സിപിഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എന്നതാണ് എംഎ ബേബി എന്ന സഖാവ് അഭിമുഖീകരിക്കാന്‍ പോകുന്ന വലിയ വെല്ലുവിളി. നേരത്തെയും കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടുകളോട്‌ വലിയ ആഭിമുഖ്യം ബംഗാള്‍ ഘടകം പുലര്‍ത്തിയിരുന്നില്ല. പുതിയ സെക്രട്ടറി ആയി ബേബി എത്തുന്നതിനോടും ആദ്യ ഘട്ടത്തില്‍ ബംഗാള്‍ പാര്‍ട്ടിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. പലര്‍ക്കും എതിര്‍പ്പും ഉണ്ടായിരുന്നു. ഒടുവില്‍ ഭൂരിപക്ഷത്തിനൊപ്പം ഈ പേര് സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.  

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് ബേബി. ഡല്‍ഹി കേന്ദ്രീകരിച്ചായിരുന്നു ഏറെ കാലവും പ്രവര്‍ത്തനം. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ അധികാര കേന്ദ്രങ്ങളിലും അദ്ദേഹം സ്വീകാര്യനായിരുന്നു. സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ആയിരുന്നു അന്നും ഇന്നും ബേബിയുടെ താല്പര്യം. നല്ല വായനയും ആ മേഖലകളിലെ പ്രതിഭകളുമായുള്ള സഹവര്‍ത്തിത്വവും ബേബിയുടെ വ്യക്തിത്വത്തിന് തിളക്കം നല്‍കി.  ഒരു മാസ്സ് ലീഡര്‍ എന്ന മേല്‍വിലാസം ഒരിക്കലും ബേബിക്ക് ലഭിച്ചില്ല. എന്നാല്‍ പാര്‍ട്ടിക്ക്‌ അന്തര്‍ദേശീയ വേദികളില്‍ പോലും നിര്‍ദേശിക്കാവുന്ന വിധം ഒരു ബുദ്ധിജീവി പരിവേഷം താനെ ബേബിയില്‍ വന്നു വീണു. ഇപ്പോഴും ബേബി അത്തരത്തില്‍ തന്നെയാണ് വേദികളില്‍ എത്തുന്നതും. 

എന്നാല്‍ ജനറല്‍ സെക്രട്ടറി എന്ന പദവിയില്‍ എത്തുമ്പോള്‍ ഈ പരിവേഷത്തില്‍ നിന്ന് പുറത്ത് കടക്കുക എന്നതാവും ബേബി എന്ന നേതാവ് നേരിടുന്ന പ്രധാന കടമ്പ. കേരളത്തില്‍ രണ്ടാമതും അധികാരത്തില്‍ എത്തിയ പാര്‍ട്ടി പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ കരുത്തില്‍ മൂന്നാം ഊഴം സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്. രണ്ട് പാര്‍ട്ടി കോണ്‍ഗ്രസുകളും പോളിറ്റ് ബൂറോ അംഗം എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പ്രായപരിധിയില്‍ ഇളവ് നല്‍കിയ ഏക നേതാവാണ് പിണറായി. രണ്ടു പതിറ്റാണ്ടോളം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി അവിടെ നിന്നാണ് മുഖ്യമന്ത്രി പദത്തില്‍ എത്തുന്നത്.  ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഇപ്പോഴും കേരളത്തില്‍ പാര്‍ട്ടിയുടെ അവസാന വാക്കാണ് പിണറായി. സംസ്ഥാന ഭരണത്തിലും പിണറായി തന്നെ അവസാന വാക്ക്. പാര്‍ട്ടിയെയും ഭരണത്തെയും എത്രയോ കാലമായി ഏകശില പോലെ നിലനിര്‍ത്തുന്നതും പിണറായി എന്ന നേതാവിന്റെ മിടുക്ക് തന്നെ. എതിരാളികള്‍ പോലും ഇത് സമ്മതിക്കും.  വിഎസ് അച്യുതാനന്ദന്‍ ഉയര്‍ത്തിയ പ്രതിരോധങ്ങളും അതിനെ തുടര്‍ന്നുണ്ടായ വിഭാഗീയതയുമൊക്കെ തച്ചുടച്ചാണ് പിണറായി വിജയന്‍ പാര്‍ട്ടിയെ തനിക്കൊപ്പം നിര്‍ത്തിയത്.  ഇതിന്റെയെല്ലാം ഓരം ചേര്‍ന്ന് പോവുകയായിരുന്നു ബേബി ഇതുവരെ. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ അത്തരം വിഷയങ്ങള്‍ ഒന്നും ബേബിക്ക് കൈകാര്യം ചെയേണ്ടി വന്നിരുന്നില്ല. 

അങ്ങനെ പ്രതാപി ആയി നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കേരള ഘടകവും തന്നെയാണ് ഈയിടെയായി പാര്‍ട്ടിയെ ദേശീയ തലത്തില്‍ സാമ്പത്തികമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതെന്ന അപഖ്യാതിയും വ്യാപകമായി പ്രചരിക്കുന്നു. ബേബി ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുമ്പോള്‍ നേരിടേണ്ടതും ഇത്തരം പ്രചാരണങ്ങളെയാണ്. 

കേരളത്തില്‍ ആള്‍ബലത്തിലും സംഘടന കരുത്തിലും സിപിഎം ബഹുദൂരം മുന്നിലാണ്. സാമ്പത്തിക ശേഷിയിലും പാര്‍ട്ടിയും വര്‍ഗ ബഹുജന സംഘടനകളും  വളരെ മുന്നിലാണ്. എന്നാല്‍ വളയാറിനു അപ്പുറം ഇതല്ല സ്ഥിതി. ഹിന്ദി ഹൃദയ ഭൂമിയില്‍ വളരെ ദുര്‍ബലമാണ് കാര്യങ്ങള്‍. ബിജെപിയെ ഫലപ്രദമായി നേരിടാന്‍ ഉള്ള പ്രതിപക്ഷ സഖ്യം മുതല്‍ തുടങ്ങുന്നു ബേബിക്ക് മുന്നിലുള്ള വെല്ലുവിളികള്‍. കോണ്‍ഗ്രസ് ബന്ധം തന്നെയാവും ഇതില്‍ പ്രധാന പ്രതിസന്ധി. പിണറായി വിജയന്റെ തണലും നിഴലും മറികടക്കുന്നതു മറ്റൊരു കടമ്പ. 

കേരളത്തില്‍ അടുത്ത കാലത്തായി പാര്‍ട്ടിയില്‍ പുതിയൊരു അച്ചുതണ്ട് രൂപപെടുന്നതായി ചില അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. പ്രായത്തിന്റെ പേരില്‍ മാറിനില്‍ക്കേണ്ടി വന്ന ചില നേതാക്കളുടെ ഉള്ളിലെ നീറ്റല്‍ അടങ്ങിയിട്ടില്ല. അടുത്ത ഊഴത്തില്‍ ഒന്നാമനോ രണ്ടാമനോ ആരാവും എന്നതും അടക്കിപിടിച്ച ചോദ്യങ്ങളാണ്. അതിനായി പല കാരണങ്ങളും സൂചനകളും ഇഷ്ടം പോലെ വ്യാഖ്യാനിക്കുന്നവരും ഏറെ. ഒരു പുതിയ നേതൃനിര ഒന്നിക്കുന്നു എന്ന കിംവദന്തികള്‍ വേറെയും.  ബേബിയുടെ സ്ഥാന ലബ്ധിയില്‍ അവര്‍ക്കാണ് ഏറെ സന്തോഷം എന്നും സംസാരം. 

രണ്ട് തിരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ അടുത്തെത്തി കഴിഞ്ഞു.  ബീഹാര്‍ നിയമസഭയിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുപ്പാണ്. അടുത്ത വര്‍ഷം കേരളത്തിന് പുറമെ ബംഗാളിലും തമിഴ്‌നാടിലും നിയമസഭയിലേക്ക് ജനവിധി തേടുന്നു. ബീഹാറിലും രാജസ്ഥാനിലുമൊക്ക നേരത്തെ സിപിഎമ്മിന് വേരോട്ടം ഉണ്ടായിരുന്നു. കേരളത്തില്‍ പാര്‍ട്ടി മൂന്നാം ഊഴം ലക്ഷ്യമിടുന്നു. ബംഗാളില്‍ തിരിച്ചുവരാനുള്ള സാധ്യത തെടുകയാണ് പാര്‍ട്ടി. തമിഴ് നാട്ടില്‍ സ്റ്റാലിന്റെ ഉറ്റ തൊഴനാണ് ഇന്ന് പിണറായി. അവിടെയും പാര്‍ട്ടി നേട്ടം പ്രതീക്ഷിക്കുന്നു. 

ഇത്തരത്തില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ പാര്‍ട്ടിക്ക് നിലപാടുകള്‍ സ്വീകരിക്കാന്‍ നിരവധിയുണ്ട്.  അതിനിടയിലാണ് കേരളത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട കേസുകള്‍. ഈ വിഷയത്തില്‍ ബംഗാള്‍ ഘടകം ഇപ്പോഴും ഭിന്നസ്വരം ഉയര്‍ത്തുന്നു. ഇതൊക്കെ കണ്ടറിഞ്ഞു പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോവുക എന്നത് ചെറിയ വ്യായാമം അല്ല. കേരളത്തില്‍ നിന്നുള്ള നേതാവ് എന്ന നിലയില്‍ ഇത്തരം കാര്യങ്ങളിലെ നിലപാടുകള്‍ ബേബിക്ക് നിര്‍ണായകമാവും.