കൊച്ചി: പെരുമ്പാവൂരിൽ പോക്‌സോ കേസിലെ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച് ജാമ്യത്തിലിറങ്ങിയ പ്രതി. അതിജീവിതയുടെ വീട്ടിലെത്തി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനുള്ള ശ്രമമാണ് പ്രതി നടത്തിയത്. ആക്രമണത്തിൽ പെൺകുട്ടിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയായ അറയ്ക്കപ്പടി സ്വദേശി മുഹമ്മദ് അദിനാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തു.

To advertise here,

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പെരുമ്പാവൂരിലാണ് ഈ സംഭവം നടന്നത്. യുവാവ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാരിൽ ചിലർ ഓടിക്കൂടുകയും ഇയാളെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ ശ്രമത്തിനിടെ നാട്ടുകാരിൽ ഒരാൾക്കും കൈയ്ക്ക് പരിക്കേറ്റു.

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അദിനാൻ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ പ്രദേശത്തുള്ള ഒരു കുറ്റിക്കാട്ടിൽനിന്നും ഏറെ സാഹസികമായാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പിന്നാലെ കോടതിയിൽ ഹാജരാക്കിയ അദിനാനെ റിമാൻഡ് ചെയ്തു. രണ്ടുമാസം മുമ്പാണ് പോക്‌സോ കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ മാസം 18-ാം തീയതിയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇതിനുപിന്നാലെയാണ് പ്രതി വീണ്ടും അതിജീവിതയെ അപായപ്പെടുത്താൻ ശ്രമിച്ചത്.