കൊച്ചി: കാലടി സർവകലാശാലയിൽ സസ്‌പെൻഷനിലുള്ള വിദ്യാർഥികൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി റദ്ദാക്കി. സർവകലാശാലയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി.

To advertise here,

കാലടി സർവകലാശാലയിലെ 16 വിദ്യാർത്ഥികളാണ് സമരം ചെയ്തതിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്പെൻഷനിൽ തുടരുന്നത്. ഓഗസ്റ്റ് 13ന് നടത്തിയ സമരത്തിന്റെയും പ്രതിഷേധത്തിന്റെ ഭാഗമായാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്തുവെന്നതടക്കമുള്ളതാണ് വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയിലേക്ക് നയിച്ചത്. സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർവകലാശാല ഇതിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകി. പരീക്ഷ എഴുതിക്കാൻ ആവശ്യമായ ഹാജർ വിദ്യാർഥികൾക്കില്ലെന്നാണ് സർവകലാശാല കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. അതിനിടെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു.

സസ്‌പെൻഷനിലുള്ള 16 പേരിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് നേരത്തെ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ മാപ്പപേക്ഷ നൽകില്ലെന്ന് സസ്‌പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. സമരം തുടരുമെന്നും ഉത്തരവിനെതിരേ മേൽക്കോടതിയെ സമീപിക്കുമെന്നും സമരത്തിലുള്ള എസ്എഫ്‌ഐ നേതാക്കൾ പ്രതികരിച്ചു. സസ്‌പെൻഷനിലുള്ളവരിൽ പത്ത് പേർ പി.എച്ച്.ഡി ഗവേഷകരാണ്. ആറ് പേർക്കാണ് നാളെ പരീക്ഷ തുടങ്ങുന്നത്.