വാഷിങ്ടൺ: അമേരിക്കയിൽ നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം വൻതോതിൽ വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ വംശജർ. ഗവർണർ പദവിമുതൽ യു.എസ് കോൺഗ്രസ്, സംസ്ഥാന നിയമസഭകൾ, പ്രാദേശിക ഭരണസമിതികൾ വരെയുള്ള വിവിധ അധികാര കേന്ദ്രങ്ങളിലേക്ക് പ്രധാന പാർട്ടികളായ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ടിക്കറ്റുകളിലും സ്വതന്ത്ര സ്ഥാനാർഥികളായും നിരവധി ഇന്ത്യൻ വംശജർ മത്സരിക്കുന്നുണ്ട്.
ഇടക്കാല തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിക്കുന്ന പോരാട്ടങ്ങളിലൊന്ന് ഒഹായോ സംസ്ഥാനത്തെ ഗവർണർ മത്സരമാണ്. ഇവിടെ ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടനെതിരെ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നത് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയാണ്. ഒഹായോയിലെ സിൻസിനാറ്റിയിൽ ജനിച്ച രാമസ്വാമി 2024-ൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിലൂടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധനേടിയത്. വിജയിക്കുകയാണെങ്കിൽ ബോബി ജിൻഡാൾ, നിക്കി ഹേലി എന്നിവർക്കുശേഷം അമേരിക്കയിലെ മൂന്നാമത്തെ ഇന്ത്യൻ വംശജനായ ഗവർണറായി രാമസ്വാമി മാറും.
ഇന്ത്യൻ വംശജരായ നിലവിലെ ജനപ്രതിനിധികൾ തങ്ങളുടെ പദവികൾ നിലനിർത്താൻ സംസ്ഥാന തലത്തിലും ജനപ്രതിനിധി സഭയിലും വീണ്ടും ജനവിധി തേടുന്നുണ്ട്. മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായ അരുണ മില്ലർ ജനവിധി തേടുന്ന പ്രമുഖരിൽ ഉൾപ്പെടുന്നു. ഇവർക്ക് പുറമേ യു.എസ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് അംഗങ്ങളായ റോ ഖന്ന, അമി ബെറ, പ്രമീള ജയപാൽ, സുഹാസ് സുബ്രഹ്മണ്യം എന്നിവരും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ നേതാക്കൾ തമ്മിലുള്ള രാഷ്ട്രീയ മത്സരങ്ങളും ശ്രദ്ധേയമാണ്. കാലിഫോർണിയയിലെ 17-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ ഡെമോക്രാറ്റിക് അംഗമായ റോ ഖന്നയ്ക്കെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇന്ത്യൻ വംശജനായ റിതേഷ് ടാണ്ഡനാണ്. വാഷിങ്ടണിലെ 7-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ പ്രമീള ജയപാലിനെതിരെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്നത് നീരവ് ഷെത്താണ്.
യു.എസ് ജനപ്രതിനിധി സഭയിലേക്ക് മത്സരിക്കുന്ന പുതുമുഖങ്ങളും സ്വതന്ത്ര സ്ഥാനാർഥികളുമായ ഇന്ത്യൻ വംശജരും ശ്രദ്ധ നേടുന്നുണ്ട്. ഫ്ലോറിഡയിൽ മുൻ സ്കൂൾ പ്രിൻസിപ്പലായ പിയ ദാണ്ടിയയും അരിസോണയിൽ എമർജൻസി വിഭാഗം ഡോക്ടറായ അമിഷ് ഷായും ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നു. നോർത്ത് കരോലിനയിൽ മഹേഷ് ഗണോർക്കർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായും, ഒഹായോയിൽ സന്ദീപ് ദീക്ഷിതും മിഷിഗണിൽ അനിൽ കുമാറും സ്വതന്ത്ര സ്ഥാനാർഥികളായും ജനവിധി തേടുന്നുണ്ട്.
സംസ്ഥാന നിയമസഭകളിലും ഭരണകൂട പദവികളിലും ഉയർന്ന ചുമതലകളിലേക്ക് ഇന്ത്യൻ വംശജർ മത്സരിക്കുന്നുണ്ട്. അരിസോണ സ്റ്റേറ്റ് സെനറ്റ് മൈനോറിറ്റി ലീഡറായ പ്രിയ സുന്ദരേശനും മിഷിഗൺ ഹൗസ് മൈനോറിറ്റി ലീഡറായ രൺജീവ് പുരിയും വീണ്ടും മത്സരിക്കുമ്പോൾ, തങ്ങളുടെ പാർട്ടികൾ ഭൂരിപക്ഷം നേടിയാൽ യഥാക്രമം സെനറ്റ് പ്രസിഡന്റ്, ഹൗസ് സ്പീക്കർ പദവികളിൽ എത്താൻ അവസരമുണ്ട്. ന്യൂയോർക്ക് അറ്റോർണി ജനറൽ പദവിയിലേക്ക് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥി സരിത കൊമാഡിറെഡ്ഡി മത്സരിക്കുമ്പോൾ, വിസ്കോൺസിൻ അറ്റോർണി ജനറലായി ജോഷ് കൗളും ന്യൂയോർക്ക് സെനറ്റിലേക്ക് ലിസ കൗളും ടെക്സാസ് ഹൗസിലേക്ക് പൂജ സേത്തിയും മത്സരത്തിനിറങ്ങുന്നു.
നഗര ഭരണസമിതികളിലും പ്രാദേശിക തലത്തിലും നിർണായക സാന്നിധ്യമായി ഇന്ത്യൻ വംശജർ മാറിയിട്ടുണ്ട്. അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ചലസിലെ മേയർ പദവിയിലേക്ക് ഇന്ത്യൻ വംശജയായ നിത്യ രാമനാണ് മത്സരിക്കുന്നത്. ജോർജിയയിലെ ഫോർസിത്ത് കൗണ്ടി കമ്മിഷണർ പദവിയിലേക്ക് മത്സരിക്കുന്ന ആദ്യ ഇന്ത്യൻ വംശജയായി ചാർട്ടേഡ് അക്കൗണ്ടന്റായ ശുചിത പട്ടേൽ മാറി.
യു.എസ് കോൺഗ്രസിലെ 435 ഹൗസ് സീറ്റുകളിലേക്കും 100 അംഗ സെനറ്റിലെ 37 സീറ്റുകളിലേക്കുമാണ് നവംബർ മൂന്നിന് വോട്ടെടുപ്പ് നടക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും ഭരണത്തിന്റെ വിലയിരുത്തലാകുന്ന ഈ തിരഞ്ഞെടുപ്പിൽ ജനപ്രതിനിധി സഭയുടെ ഭൂരിപക്ഷം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ 52 ലക്ഷം വരുന്ന ഇന്ത്യൻ വംശജരുടെ വോട്ടുകളും നിലപാടുകളും അമേരിക്കൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതപ്പെടുന്നത്.
Published: 03 Nov 2026, 03:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented