രാജ്യത്തെ വിശദവും സമ​ഗ്രവുമായ ജനസംഖ്യാപരമായ വിവരശേഖരണമാണ് സെൻസസ് അഥവാ കനേഷുമാരി. കുറ്റമറ്റ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കുന്നതിൽ സെൻസസിന് മുഖ്യ പങ്കുണ്ട്. ഒരു രാജ്യത്തിന്റെ വികസന പ്രക്രിയയിൽ ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള വിവരശേഖരണം അത്യാവശ്യമാണ്. 1948-ലെ സെൻസസ് ആക്ട് പ്രകാരം ഇന്ത്യയിൽ ഓരോ പത്ത്  വർഷവും സെൻസസ് നടത്തേണ്ടതാണ്. 

To advertise here,

ജനസംഖ്യയെയും സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളെയും പറ്റിയുള്ള അടിസ്ഥാന വിവരങ്ങളാണ് സെൻസസിൽ ശേഖരിക്കുന്നത്. ഇതിൽ സാക്ഷരത, വിദ്യാഭ്യാസം, താമസസൗകര്യങ്ങൾ, ആസ്തികൾ, വീടുകളിലെ ഭൗതികസൗകര്യങ്ങൾ, നഗരവത്കരണം, ജനനം, ഭാഷ, മതം, കുടിയേറ്റം, ചേരിനിവാസികൾ-ദളിതർ-അംഗ-വൈകല്യമുള്ളവർ തുടങ്ങി സെൻസസ് ചോദ്യാവലിയിലൂടെ ഒരോ വീടുകളിൽ നിന്നും വിപുലമായ വിവരശേഖരണമാണ്  നടത്തുന്നത്. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ദേശീയ-സംസ്ഥാന-ജില്ല അടിസ്ഥാനത്തിൽ ലഭ്യമാക്കാറുമുണ്ട്.

കോവിഡ്-19 മഹാമാരി മൂലം തടസ്സപ്പെട്ട, 2021 ൽ നടക്കേണ്ടിയിരുന്ന രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് ഈ വർഷം സെപ്റ്റംബർ മാസത്തിൽ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സെൻസസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റ്‌റേഷൻ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ ഈ സമയക്രമം സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.

മാറ്റങ്ങൾക്ക് വിധേയമായ സെൻസസ് 

നികുതി ചുമത്തുന്നതിനും സംസ്ഥാന നയം നടപ്പിലാക്കുന്നതിനുമായി പൗരാണിക ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നിരുന്നുവെന്ന് കൗടില്യന്റെ അർഥശാസ്ത്രത്തിൽ പറയുന്നുണ്ട്. മുഗൾ ചക്രവർത്തി അക്ബറിൻ്റെ ഭരണകാലത്തും ജനസംഖ്യ, വ്യവസായം, സമ്പത്ത്, മറ്റ് സാമൂഹിക ​ഘടകങ്ങളെ അടിസ്ഥാനമാക്കി സ്ഥിതിവിവരക്കണക്കുകൾ ശേഖരിച്ചിരുന്നതായി 'ഐൻ-ഇ-അക്ബരി'യിലും രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രീട്ടിഷ് കോളോണിയൽ കാലത്ത് തുടർച്ചയായ ഇടവേളകളിൽ വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സെൻസസ് എടുത്തിരുന്നു. സ്വതന്ത്ര്യാനന്തരം, ഇന്ത്യയിൽ സാമൂഹിക മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സെൻസസിൻ്റെ നടപടിക്രമങ്ങളും ലക്ഷ്യങ്ങളും വിപുലമാക്കുകയും നിരവധി മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു.  ഭരണപരമായ ആവശ്യകതകൾക്ക് പുറമേ, ഇപ്പോൾ പൊതുജനങ്ങളുടെ വികസനത്തിനും ക്ഷേമത്തിനുമുള്ള നിരവധി ആവശ്യകതകൾക്കും സെൻസസ് ഡാറ്റയെ ആശ്രയിക്കാറുണ്ട്. എന്നാൽ, 2021-ൽ പൂർത്തിയാക്കേണ്ട സെൻസസ് കണക്കുകൾ ഇല്ലാത്തതിനാൽ ഇപ്പോഴും ഉപയോ​ഗിക്കുന്നത് 2011 -ലെ ഡാറ്റ ആണ്. അതിനാൽ തന്നെ സർക്കാർ പുറത്തിറക്കുന്ന പല കണക്കുകൾക്കും വിശ്വാസ്യത ഇല്ലെന്ന ആരോപണങ്ങൾ വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്. 

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് 1881-ൽ നടത്തിയ ജനസംഖ്യാ കണക്കെടുപ്പ് ഇന്ത്യയിലെ ആദ്യത്തെ സിൻക്രണൈസ്ഡ് (സമന്വയിക്കപ്പെട്ട) സെൻസസ് എന്ന പേരിൽ അറിയപ്പെടുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ് 1951-ലും (ഏഴാമത്തേത്) ഏറ്റവും അവസാനത്തേത് 2011-ലും (പതിനഞ്ചാമത്) നടന്നു. സെൻസസ് ആക്ട് (1948), സെൻസസ് റൂൾസ് (1990) പ്രകാരം രാജ്യത്ത് സെൻസസ് നടത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിവരങ്ങൾ പ്രസിദ്ധീകരിക്കാനുമുള്ള പൂർണ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള രജിസ്ട്രാർ ജനറലും സെൻസസ് കമ്മിഷണറുമായ ഉദ്യോഗസ്ഥനിലാണ് നിക്ഷിപ്തമായിരിക്കുന്നത്.

ദേശീയ, അന്താരാഷ്ട്രതലങ്ങളിൽ ഗവേഷണത്തിനും അതുപോലെ ത്രിതല പഞ്ചായത്ത് തലത്തിൽ  ഭരണനിർവഹണത്തിനുമുൾപ്പെടെ ഫലപ്രദമായ രീതിയിൽ ഈ വിവരങ്ങൾ ഉപയോ​ഗിച്ചുവരുന്നുണ്ട്. കാലാകാലങ്ങളിൽ സെൻസസിൽ ശേഖരിക്കുന്ന വിവരങ്ങളിൽ ഉള്ളടക്കത്തിലും വ്യാപ്തിയിലും മാറ്റങ്ങളും വരുത്തി വരുന്നു.

സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ്

1871-ലെ ആദ്യത്തെ ദേശീയ സെൻസസിൽ  ബ്രിട്ടീഷ് ഭരണാധികാരികൾ, ഇന്ത്യയിലെ ജനസംഖ്യ, പ്രായം, ലിംഗം, തൊഴിൽ, വിദ്യാഭ്യാസം, മതം, ജാതി, വൈകല്യം എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ സമാഹരിക്കാനുള്ള ശ്രമമാണ് നടത്തിയത്. സെൻസസ് വിവരശേഖരണത്തിലൂടെ വീടുകളുടെ വിവരങ്ങൾ, ഭൂ വിവരങ്ങൾ (കൃഷി ചെയ്തതും കൃഷി ചെയ്യാത്തതും) ഭൂ വരുമാനത്തിൻ്റെ വിവിധ സാധ്യതകൾ, മുതലായവ അന്വേഷിച്ചു. 1881-ലെ സെൻസസ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകെ സമന്വയത്തോടെ നടത്തിയ ആദ്യത്തെ സെൻസസായിരുന്നു. അതിനുശേഷം, 2011 വരെ പത്ത് വർഷത്തിലൊരിക്കൽ തടസ്സമില്ലാതെ സെൻസസ് നടന്നു. 1880-ലെ XIV നിയമം സെൻസസ് എടുക്കുന്നതിനുള്ള നിയമനടപടികൾക്കുള്ള വ്യവസ്ഥകൾ ഉണ്ടാക്കി. 1881-ലെ സെൻസസിൻ്റെ രീതിശാസ്ത്രം തുടർന്നുള്ള സെൻസസുകൾക്ക് അടിത്തറയിട്ടു. സെൻസസ് ഉദ്യോ​ഗസ്ഥരുടെ ഘടനാപരമായ മാറ്റങ്ങളും വിവരശേഖരണത്തിൻ്റെ സമ​ഗ്രതയും സെൻസസിന് പുതിയ മാനം നൽകി.

1918 ലെ സ്പാനിഷ് ഫ്ലൂ ഇന്ത്യയിലെ ജനസംഖ്യയെയും സാരമായി ബാധിച്ചു. സെൻസസ് രേഖകൾ പ്രകാരം, 1918 മുതൽ 1920 വരെയുള്ള കാലഘട്ടത്തിൽ 1.2 മുതൽ 1.7 കോടി വരെ 'പനി' മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, അതിൻ്റെ ഫലമായി ജനസംഖ്യയുടെ  എണ്ണം മുൻ ദശകത്തിൽ നിന്ന് കുറഞ്ഞുവെന്ന സവിശേഷത 1921-ലെ സെൻസസിൽ രേഖപ്പെടുത്തി.

സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ അവസാന സെൻസസ് ആയിരുന്നു 1941 ലേത്. രണ്ടാം ലോകമഹായുദ്ധം, സാമ്പത്തിക മാന്ദ്യം, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരായി രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾ എന്നിവ കാരണം, 1941 ലെ സെൻസസ്, ഇന്ത്യയൊട്ടാകെ ഒരേസമയം നടത്താൻ കഴിഞ്ഞില്ല. ഘട്ടംഘട്ടമായാണ് കണക്കെടുപ്പ് നടത്തിയത്. ഡാറ്റ സമാഹരണത്തിനായി യന്ത്ര സഹായവും ഉപയോ​ഗിച്ചായിരുന്നു  ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ അവസാന സെൻസസ് നടന്നത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ്

1948-ൽ സെൻസസ് ആക്റ്റ് നിലവിൽ വന്നു. 1951 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സെൻസസ്  ഡി-ഫാക്ടോ രീതിയിൽ നടത്തി. കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ തുടക്കത്തിൽ നടന്ന സെൻസസ് രാജ്യത്ത് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ ശേഖരണത്തിൻ്റെ ഒരു പുതിയ യുഗം കുറിച്ചു. വിഭജനം, കുടിയിറക്കം, പുതുതായി രൂപീകരിച്ച ഗവൺമെൻ്റിൻ്റെ പരിമിതമായ സാമ്പത്തിക ശേഷി എന്നിവ വെല്ലുവിളി ഉയർത്തിയിരുന്നു. ജനസംഖ്യാ, സാമ്പത്തിക സാഹചര്യങ്ങൾ, ഫെർട്ടിലിറ്റി, തൊഴിലില്ലായ്മ, വൈകല്യം, കുടുംബത്തിൻ്റെ വലുപ്പം, മറ്റ് നിരവധി സാമൂഹിക-സാമ്പത്തിക വശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു 1951 ലെ സെൻസസ്. ഗ്രാമ, നഗരതല  ഡാറ്റ ജില്ലാ സെൻസസ് ഹാൻഡ്‌ബുക്ക് ഫോർമാറ്റിൽ പ്രസിദ്ധീകരിച്ചു. ഡാറ്റയുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും ഭാവിയിലെ മെച്ചപ്പെടുത്തലുകൾക്ക് വഴിയൊരുക്കുന്നതിനുമായി ഒരു പോസ്റ്റ് സെൻസസ് സാമ്പിൾ വെരിഫിക്കേഷൻ സർവേയും നടത്തി.

1981 ൽ സ്വതന്ത്ര ഇന്ത്യയുടെ നാലാമത്തെ സെൻസസോടെ ഡാറ്റ കംപ്യൂട്ടറൈസ് ചെയ്യുന്നതിനായി ഡാറ്റാ എൻട്രി സെൻ്ററുകൾ ആരംഭിച്ചു. ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴിയുള്ള വിവരങ്ങളുടെ പ്രചരണവും ആരംഭിച്ചു. 1991-ൽ നടന്ന സെൻസസിൽ പുതിയ ചോദ്യങ്ങളും ആശയങ്ങളും അവതരിപ്പിച്ചു. പുസ്കതരൂപത്തിൽ നിന്ന് മാറി ഫ്ലോപ്പി ഡിസ്‌ക്കുകളിലൂടെ സെൻസസ് ഡാറ്റ പ്രചരിപ്പിച്ചു. 2001 ലും 2011 ലും നടന്ന സെൻസസുകളിൽ സാങ്കേതികവിദ്യ കൂടുതലായി ഉപയോ​ഗിച്ചു തുടങ്ങി. വിവരശേഖരണത്തിൽ വിപുലമായ ചോദ്യാവലി തയ്യാറാക്കുകയും വിവരങ്ങൾ സമഗ്രമായി വിലയിരുത്തി തുടങ്ങുകയും ചെയ്തു.

2021 സെൻസസ് വരുത്തിയ വിള്ളലുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാർച്ചിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ൽ സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു. സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യഘട്ടമായ ഹൗസ് ലിസ്റ്റിങ് 2020 ഏപ്രിൽ ഒന്നുമുതൽ നടത്തി സെപ്റ്റംബർ 30-ന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നത്. കോവിഡ് 19 വ്യാപനം തുടങ്ങുകയും മാർച്ച് 22-ന് ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ സെൻസസ് പ്രവർത്തനങ്ങളും അവതാളത്തിലായി. 2021 ഫെബ്രുവരി ഒൻപത് മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചെങ്കിലും അതും നടന്നില്ല.

2021 സെൻസസ് നടക്കാതിരുന്നതുമൂലം ഗവേഷകരും പദ്ധതി നടത്തിപ്പുകാരും നയരൂപവത്കരണ വിദഗ്ധരും അഭിമുഖീകരിച്ച ഏറ്റവും വലിയ വെല്ലുവിളി 2021 അടിസ്ഥാനമാക്കി സെൻസസ് ഡേറ്റയുടെ താരതമ്യം നടക്കുന്നില്ല എന്നതും 2011 ലെ സെൻസസ് കണക്കുകൾ ഉപയോ​ഗിച്ചു വരുന്നതുമാണ്. ഒരു ദശാബ്ദത്തിലെ വിവരശേഖരണം രേഖകളിൽ അപ്രത്യക്ഷമാകുമ്പോൾ ഭരണനിർവഹണത്തിലുൾപ്പെടെ ഉണ്ടാവാനിടയുള്ള പ്രതിബന്ധങ്ങൾ നികത്തനാവാത്തതാണെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. കഴിഞ്ഞു പത്തു വർഷത്തിനിടയിൽ കുടിയേറിയവരുടെ കണക്കുകൾ പോലും അജ്ഞാതമായി തുടരും. സെൻസസ് നടത്തുന്നതിനുള്ള തീരുമാനത്തിലെത്തിയതോടെ ആശങ്കകൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷകൾ.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം  കുറയുമോ?

1971 മുതൽ 2011 വരെ സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം നൽകിയിരുന്നത് 1971-ലെ ജനസംഖ്യാ കണക്കുകളെ അടിസ്ഥാനമാക്കിയായിരുന്നു. എന്നാൽ, പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഇത് 2011ലെ സെൻസസ് പ്രകാരം വേണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ധനവിതരണം നടത്തിയതിനാൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞ കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്ക് വിഹിതത്തിൽ ഇടിവുണ്ടായി. അതേസമയം, ജനസംഖ്യാ വളർച്ച നിയന്ത്രിക്കുന്നതിൽ നേട്ടം കൈവരിക്കാൻ കഴിയാതിരുന്ന ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ മുതലായ സംസ്ഥാനങ്ങൾക്ക് വിഹിതം വർധിക്കുകയും ചെയ്തു. അടുത്ത സെൻസസ് പ്രകാരം ധനകാര്യ കമ്മിഷൻ കേന്ദ്രവിഹിതം നൽകാൻ നിർദേശിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വിഹിതത്തിൽ പിന്നേയും കുറവ് വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 

സെൻസസ് അടിസ്ഥാനമാക്കി നടത്തേണ്ട വിശകലനങ്ങൾക്കും താരതമ്യ പഠനങ്ങൾക്കും നിലവിലെ കാലതാമസം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സാധാരണമായി സ്‌കൂൾ അധ്യാപകരെയാണ് ഡേറ്റ എന്യൂമറേറ്റർമാരായി നിയോഗിക്കുന്നത്. വിവരശേഖരണത്തിന്റെ മുഖ്യപങ്കും വേനലവധിക്കാലത്ത് നടക്കുന്നതിനാൽ സ്‌കൂൾ അധ്യയനം തടസ്സപ്പെടാറില്ല. എന്നാൽ, നിലവിൽ സ്‌കൂൾ അധ്യാപകരെ എന്യൂമറേറ്റർമാരായി നിയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അങ്ങനെയെങ്കിൽ എന്യൂമറേറ്റർമാരെ കണ്ടെത്തുകയെന്നതും സ്‌കൂൾ അധ്യയനം തടസ്സപ്പെടാതെ നോക്കുകയെന്നതും വെല്ലുവിളി ഉയർത്തിയേക്കും. ഡിജിറ്റൽ സെൻസസ് സാധ്യത പലതവണ കേന്ദ്രം ആവർത്തിച്ചിട്ടുണ്ടെങ്കിലും ഇതിലും വ്യക്തത വന്നിട്ടില്ല. സെൻസസ് പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 2026 മാർച്ചിൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.