വിഭക്ത ആന്ധ്രപ്രദേശിന്റെ നട്ടെല്ലായിരുന്നു കൃഷ്ണാ നദി. ആന്ധ്ര രണ്ടായി പിരിഞ്ഞ് ആന്ധ്രയും തെലങ്കാനയുമായപ്പോൾ ഇതേ നദി ഇരുകൂട്ടർക്കുമിടയിലെ തർക്കവസ്തുവായി. സംസ്ഥാന വിഭജനം കഴിഞ്ഞ് ഒരു പതിറ്റാണ്ടാവാറാകുമ്പോഴും ഈ നദീജലതർക്കം ഇന്നും രൂക്ഷമായി തുടരുകയാണ്. ആന്ധ്രയും തെലങ്കാനയും മാത്രമല്ല, കർണാടകയും  മഹാരാഷ്ട്രയും കൂടി ഉൾപ്പെട്ട തർക്കം നാൾക്കുനാൾ സങ്കീർണമാവുമ്പോൾ എന്താണ് ഇതിനൊരു പരിഹാരമാർഗം. തെലങ്കാനയുടെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ എന്താവും തർക്കപരിഹാരത്തിനുള്ള ശ്രമങ്ങളുടെ ഭാവി?

To advertise here,

നാലു സംസ്ഥാനങ്ങള്‍ക്ക് ആശ്രയമാകുന്ന കൃഷ്ണ

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് കൃഷ്ണ. മഹാരാഷ്ട്രയിലെ മഹാബലേശ്വറിന് സമീപത്തുനിന്നും ഉത്ഭവിക്കുന്ന നദി, മഹാരാഷ്ട്രയിൽ 303 കിലോമീറ്ററും വടക്കന്‍ കര്‍ണാടകയിൽ 480 കിലോ മീറ്ററും തെലങ്കാനയിലും ആന്ധ്രപ്രദേശിലുമായി 1300 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലിലാണ് ചേരുന്നത്. കുടിവെള്ളം, കൃഷി, വൈദ്യുതി തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് കൃഷ്ണയിലെ ജലമാണ് ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആശ്രയിക്കുന്നത്.

placeholder
കൃഷ്ണ നദിയിലെ ശ്രീശൈലം അണക്കെട്ട് I Photo: ANI/Twitter

ആന്ധ്രയ്ക്കും മുന്‍പേ തുടങ്ങിയ തര്‍ക്കം

ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുന്നതിനും മുന്‍പാണ് കൃഷ്ണ നദിയിലെ ജലം എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച ആദ്യ ഉടമ്പടി ഉണ്ടാകുന്നത്. 1956 ഫെബ്രുവരി 20ന് രായലസീമ, തെലങ്കാന തുടങ്ങി വിഭജനത്തിന് മുന്‍പുണ്ടായിരുന്ന ആന്ധ്രയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാല് മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് ആ ഉടമ്പടി ഉണ്ടാക്കിയത്. നിയമപരമായി എഴുതി തയ്യാറാക്കിയ ഉടമ്പടി എന്നതിനുപകരം എല്ലാ കക്ഷികളുടെയും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ധാരണയായിരുന്നു അത്. ആഗോളതലത്തില്‍ പിന്തുടരുന്ന ഉടമ്പടികളുടെ അടിസ്ഥാനത്തില്‍ ജലസ്രോതസ്സുകള്‍ തുല്യമായ വിതരണത്തോടെ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തെലങ്കാനയുടെ താല്‍പ്പര്യങ്ങളും ആവശ്യങ്ങളും സംരക്ഷിക്കുക എന്നതായിരുന്നു ഈ കരാറിലെ വ്യവസ്ഥകളിലൊന്ന്.

പിന്നീട് അതേവർഷം നവംബറിലാണ് ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകരിക്കുന്നത്. അപ്പോഴേക്കും വ്യത്യസ്തമായ ആവശ്യങ്ങള്‍, ചരിത്രപരമായ വിയോജിപ്പുകള്‍, രാഷ്ട്രീയവും ഭരണപരവുമായ മാറ്റങ്ങള്‍ എന്നിവയെല്ലാം കാരണം നദിയിലെ ജലവിനിയോഗം സംബന്ധിച്ച് മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കിടയിൽ തര്‍ക്കം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 1969-ല്‍ തര്‍ക്കം പരിഹരിക്കുന്നതിനായി ജസ്റ്റിസ് ബച്ചാവത് അധ്യക്ഷനായ ബച്ചാവത് ട്രിബ്യൂണല്‍ അഥവാ കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണൽ -I (KWDT-I) രൂപീകരികരിക്കുന്നത്. ഇതുപ്രകാരം കൃഷ്ണാ നദിയിൽ നിന്നും 811 ടിഎംസി (ആയിരം ദശലക്ഷം ക്യൂബിക് അടി) ആശ്രിത ജലമായിരുന്നു വിഭജനത്തിനു മുന്‍പുള്ള ആന്ധ്രപ്രദേശിന് അനുവദിച്ചിരുന്നത്. 

ഇതുപ്രകാരം ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉണ്ടാക്കിയ വിനിയോഗ ധാരണയുടെ അടിസ്ഥാനത്തില്‍ ആകെയുള്ള 811 ടിഎംസി ജലത്തിൽ 512 ടിഎംസി ജലം ആന്ധ്രയും 299 ടിഎംസി ജലം തെലങ്കാനയും പങ്കിട്ടെടുക്കാൻ തീരുമാനിച്ചു. കൃഷ്ണ നദീതടത്തിലുള്ള തുംഗഭദ്ര അണക്കെട്ടിനടുത്തുള്ള തെലങ്കാനയിലെ വരള്‍ച്ചബാധിത പ്രദേശമായ മഹബൂബ്‌നഗര്‍ പ്രദേശത്തേക്ക് നദിയിൽ നിന്നുള്ള ജലം കൊണ്ടുപോകാനും ട്രൈബ്യൂണല്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ പാലിക്കപ്പെടാതായതോടെ ജനങ്ങളില്‍ അതൃപ്തി പ്രകടമാവാൻ തുടങ്ങി.

ഇതിനിടെ നദിയിലെ ജലവിഹിതം പുനഃപരിശോധിക്കണമെന്ന മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് 2004 ഏപ്രിലിൽ കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് ബ്രിജേഷ് കുമാറിന്റെ നേതൃത്വത്തിൽ രണ്ടാമത്തെ കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണൽ (KWDT-II) രൂപീകരിച്ചു. 2007 ജൂലായിൽ പ്രവര്‍ത്തനമാരംഭിച്ച ട്രിബ്യൂണൽ 2010 ഡിസംബര്‍ 31നാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. കഴിഞ്ഞ 47 വര്‍ഷത്തെ ജലലഭ്യത, സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം പരിഗണിച്ചശേഷം ട്രിബ്യൂണല്‍-II നൽകിയ ശിപാര്‍ശയിൽ ആന്ധ്രപ്രദേശിന് 1001 ടിഎംസി ജലമാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്തിന് ലഭിച്ചിരുന്ന 811 ടിഎംസി ജലം 1001 ടിഎംസി ആയി വര്‍ധിച്ചെങ്കിലും ആന്ധ്രയും തെലങ്കാനയും തമ്മിലുള്ള ജലവിഹിതത്തിന്റെ അനുപാതത്തിൽ മാത്രം മാറ്റമുണ്ടായില്ല. 

തെലങ്കാന ജനിക്കുന്നു, തർക്കം വളരുന്നു 

2014ലാണ് ആന്ധ്രപ്രദേശിൽ നിന്നു വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നത്. അന്നു മുതൽ തന്നെ കൃഷ്ണാ നദിയില്‍ നിന്നും അര്‍ഹമായ രീതിയില്‍ ജലം പങ്കുവയ്ക്കണമെന്നും ഇത് സംബന്ധിച്ച് അന്തിമതീരുമാനം പുറപ്പെടുവിക്കണമെന്നും കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെയുണ്ടായിരുന്ന KWDT-I, KWDT-II വിധിന്യായങ്ങളിൽ തങ്ങൾ കക്ഷിയല്ലാത്തതിനാൽ കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണൽ നടപടികൾ വീണ്ടും ആരംഭിക്കണമെന്നായിരുന്നു തെലങ്കാന ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് സ്പെഷ്യൽ ലീവ് പെറ്റീഷനും സംസ്ഥാനം സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരുന്നു.  

placeholder
തെലങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു 2014 ജൂണ്‍ 2-ന് സെക്കന്തരാബാദില്‍ സംസ്ഥാന രൂപീകരണ ദിനാഘോഷത്തിനിടെ
മാര്‍ച്ച്-പാസ്റ്റിനെ അഭിവാദ്യം ചെയ്യുന്നു I Photo: AFP

കൃഷ്ണയിലെ നദിജലം പങ്കുവെയ്ക്കപ്പെടുന്ന നാലാമതൊരു സംസ്ഥാനമായി തെലങ്കാന മാറിയതോടെ ഈ സംസ്ഥാനങ്ങൾക്കിടയിലെ ജലവിഹിതം സംബന്ധിച്ച് പുനഃപരിശോധന വേണമെന്ന് ആന്ധ്രപ്രദേശും ആവശ്യപ്പെട്ടിരുന്നു. തങ്ങളോട് അനീതിയാണ് കാട്ടിയതെന്നും അതിനാല് KWDT-II ന്റെ വിജ്ഞാപനം റദ്ദാക്കി വീണ്ടും അന്വേഷണം നടത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നുമായിരുന്നു അവരുടെ വാദം. യഥാർത്ഥത്തിൽ കഴിയുന്നത്ര സമയത്തേക്ക് പുതിയ വിജ്ഞാപനം വൈകിപ്പിക്കാനും അതുവരെ പ്രാബല്യത്തിലുള്ള പഴയ വിഹിതം തുടരുകയുമായിരുന്നു അവരുടെ ഉദ്ദേശം. 

പക്ഷേ മഹാരാഷ്ട്രയും കര്‍ണാടകയും ഈ ആവശ്യത്തെ എതിര്‍ത്തു. ആന്ധ്രപ്രദേശിൽ നിന്നും വിഭജിക്കപ്പെട്ടാണ് തെലങ്കാന രൂപീകരിച്ചതെന്നും അതിനാൽ ട്രിബ്യൂണൽ അംഗീകരിച്ച ആന്ധ്രയുടെ വിഹിതത്തിൽ നിന്നായിരിക്കണം ജലം അനുവദിക്കേണ്ടതെന്നും ഈ രണ്ട് സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. എന്നാൽ 2014ൽ പ്രാബല്യത്തിലുണ്ടായിരുന്ന KWDT-I ഉടമ്പടിയിൽ പ്രദേശാടിസ്ഥാനത്തിലുള്ള വിഹിതം വ്യക്തമാക്കാത്തതിനാൽ വിഭജനത്തിനുശേഷം നിലവിൽ വന്ന ആന്ധ്രപ്രദേശ് പുനഃസംഘടന നിയമത്തില്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ജലവിഹിതത്തെക്കുറിച്ച് പരാമര്‍ശമുണ്ടായില്ല.

തുടര്‍ന്ന് 2015-ല്‍ അന്നത്തെ ജലവിഭവ മന്ത്രാലയം ഒരു യോഗം വിളിച്ചുചേര്‍ക്കുകയും 34:66 എന്ന അനുപാതത്തിൽ തെലങ്കാനയും ആന്ധ്രപ്രദേശും തമ്മിൽ നദിയിലെ ജലം പങ്കിടുന്നതിന് ഒരു അനൗപചാരികമായ  ക്രമീകരണമുണ്ടാക്കുകയും ചെയ്തു. പങ്കുവെക്കൽ സംബന്ധിച്ച് അന്തിമ തീരുമാനം ആകുന്നതുവരെ ഓരോ വര്‍ഷവും ഈ ക്രമീകരണം അവലോകനം ചെയ്യണമെന്നും അന്ന് നിർദേശിച്ചിരുന്നു. ഇതോടൊപ്പം ജലസ്രോതസ്സുകളുടെ പരിപാലനത്തിനും ജലവിഹിതവിതരണം അവലോകനം ചെയ്യാനുമായി കൃഷ്ണ റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡ് (കെ.ആര്‍.എം.ബി) എന്ന പേരിൽ ഒരു ബോര്‍ഡും രൂപീകരിച്ചു. പക്ഷേ ഓരോ വര്‍ഷവും അവലോകനം എന്ന നിര്‍ദേശം പിന്നീട് നടപ്പായില്ല. പകരം തെലങ്കാനയുടെ എതിര്‍പ്പ് വകവയ്ക്കാതെ കെ.ആര്‍.എം.ബി. വര്‍ഷാവര്‍ഷം ഇതേ അനുപാതം തുടരുകയും ചെയ്തു.

ജലവിഹിതം സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി 2016ൽ കേന്ദ്രമന്ത്രി, തെലങ്കാന, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിമാര്‍ എന്നിവരെ ഉൾപ്പെടുത്തി കേന്ദ്രം നടത്തിയ അപെക്‌സ് കൗണ്‍സിൽ യോഗത്തിലും കാര്യമായ തീരുമാനങ്ങൾ ഉണ്ടായില്ല. ഇതോടെ 2020 ഒക്ടോബറില്‍ ചേര്‍ന്ന അടുത്ത അപെക്‌സ് കൗണ്‍സിലിൽ വിഷയം ട്രൈബ്യൂണലിന് വിടണമെന്നും ജലവിഹിതം സംബന്ധിച്ച് അന്തിമ തീരുമാനമാകുന്നതുവരെ നദിയിൽ നിന്നും തുല്യമായി ജലം പങ്കുവെക്കണമെന്നും തെലങ്കാന ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശിനെ അപേക്ഷിച്ച് വലിയ വൃഷ്ടിപ്രദേശവും ഡാമിനടുത്തായി കൂടുതല്‍ വരള്‍ച്ചബാധിത പ്രദേശങ്ങളും സംസ്ഥാനത്തുണ്ട്. അതിനാൽ കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണല്‍-II ആന്ധ്രപ്രദേശിന് നിശ്ചയിച്ച 1,004 ആയിരം ദശലക്ഷം ഘനയടി ജലത്തിൽ 575 ടിഎംസി അടി ജലവും തെലങ്കാനയ്ക്ക് നല്കാൻ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. 

വിഷയത്തിൽ ഒരു സമവായത്തിലെത്താൻ ആ യോഗത്തിലും കഴിഞ്ഞില്ലെങ്കിലും ഇരുസംസ്ഥാനങ്ങളുടെയും ഭാഗം കേട്ടശേഷം കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണല്‍-II നൽകുന്ന നിർദേശം പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി. ജലവിതരണ പ്രശ്നം 1956ലെ അന്തര്‍സംസ്ഥാന നദീജല തര്‍ക്കനിയമ പ്രകാരം പുതിയ ട്രൈബ്യൂണലിലോ നിലവിലുള്ള ബ്രിജേഷ് കുമാര്‍ ട്രിബ്യൂണലിലോ റഫര്‍ ചെയ്യണമെന്ന തെലങ്കാനയുടെ ആവശ്യത്തിൽ സുപ്രീകോടതിയിൽ കേസുള്ളതിനാൽ തങ്ങൾക്ക് ഇടപെടാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ ഈ കേസ് പിൻവലിക്കാനും തെലങ്കാന സര്‍ക്കാര്‍ തയ്യാറായി. എന്നാൽ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഈ കാര്യത്തിൽ തീരുമാനമാവാതെ വന്നതോടെ 2023 മെയ് ആദ്യം നടന്ന ബോര്‍ഡ് യോഗത്തിലും ജലത്തിന്റെ തുല്യവിഹിതത്തിനായി ആവശ്യപ്പെട്ട തെലങ്കാന, നിലവിലുള്ള വ്യവസ്ഥ തുടരാന്‍ വിസമ്മതിച്ചു. ഇക്കാര്യം ആന്ധ്രപ്രദേശ് അംഗീകരിക്കാതിരുന്നതോടെ, റിവര്‍ ബോര്‍ഡ് വിഷയം ജലശക്തി മന്ത്രാലയത്തിന് (MoJS) വിട്ടു. 

തിരഞ്ഞെടുപ്പ് കൊണ്ടുവന്ന വഴിതിരിവ് 

ഒൻപതു വര്‍ഷത്തോളം നീണ്ട തെലങ്കാനയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത് രണ്ടുമാസം മുൻപാണ്. കൃത്യമായി പറഞ്ഞാൽ ഒക്ടോബര്‍ നാലിനാണ് തെലങ്കാനയ്ക്കും ആന്ധ്രപ്രദേശിനുമിടയിൽ നദീജലം പങ്കുവെയ്ക്കുന്നതിനുള്ള കൃഷ്ണ നദീജല തര്‍ക്ക ട്രിബ്യൂണൽ-IIന്റെ നിബന്ധനങ്ങൾ പുതുക്കിക്കൊണ്ട് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കൃഷ്ണ നദീജല തര്‍ക്ക ട്രിബ്യൂണൽ -Iൽ അനുവദിക്കാതിരുന്ന ജലം വിതരണം ചെയ്യുന്നതിനുള്ള മുൻവിധിയെ അസാധുവാക്കിയ പുതിയ റഫറൽ നിര്‍ദേശങ്ങൾ പ്രകാരം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങൾക്കിടയിൽ മാത്രമേ മുൻപ് അനുവദിക്കാതിരുന്ന ഈ ജലം വിതരണം ചെയ്യാനാകൂ. 

എന്നാൽ, തെലങ്കാനയിൽ നവംബര്‍ 30ന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും രാഷ്ട്രീയ പാര്‍ട്ടികൾ തിരഞ്ഞെടുപ്പ് റാലികൾ തുടങ്ങുകയും ചെയ്തിരുന്ന സാഹചര്യത്തിൽ പുതിയ നിബന്ധനകൾ പുറത്തിറക്കിയത്, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും പലരും അഭിപ്രായപെട്ടിരുന്നു. ഇതുകൂടാതെ കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണലിന്റെ സഹായത്തോടെ തെലങ്കാനായിലെ ജലതര്‍ക്കം പരിഹരിക്കുമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലും ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു.

അതേസമയം നിബന്ധനകള്‍ പുതുക്കിയ കേന്ദ്രമന്ത്രിസഭയുടെ തീരുമാനം, സംസ്ഥാനം ഭരിച്ചിരുന്ന കെ.സി.ആറിന്റെ വിജയമായാണ് ബി.ആര്‍.എസിന്റെ ആദ്യ മന്ത്രിസഭയിൽ ജലസേചന മന്ത്രിയായിരുന്ന സംസ്ഥാന ധന-ആരോഗ്യ മന്ത്രി ടി. ഹരീഷ് റാവു ചൂണ്ടിക്കാണിച്ചത്. തെലങ്കാന സംസ്ഥാനം രൂപീകരിച്ച ഉടന്‍ തന്നെ നദീജല വിഹിതം ട്രൈബ്യൂണലിനെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെയും ഒരു പതിറ്റാണ്ടോളം നീണ്ട ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുടെ ഫലമാണിതെന്നും കെ.സി.ആര്‍. പ്രചരണം നടത്തിയിരുന്നു.

വിഷയത്തിൽ ബി.ആര്‍.എസിനെ കുറ്റപ്പെടുത്തിയ കോൺഗ്രസും അര്‍ഹമായ ജലത്തിനായി ട്രിബ്യൂണലിൽ സമ്മര്‍ദം ചെലുത്തുമെന്ന വാഗ്ദാനം നൽകിയിരുന്നു. ''വിഭജനത്തിന് മുൻപ് ആന്ധ്രപ്രദേശിന് 877 ടിഎംസി ജലമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. എന്നിട്ടും ടി.ആര്‍.എസ് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും സമീപനങ്ങളും കാരണം 299 ടിഎംസി വിഹിതമെന്ന നിര്‍ദേശം അവര്‍ അംഗീകരിച്ചു. തങ്ങൾ അധികാരത്തിലെത്തിയാൽ ബച്ചാവത് ട്രിബ്യൂണലിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തിന് വെള്ളം അനുവദിക്കാൻ കൃഷ്ണ വാട്ടര്‍  ട്രിബ്യൂണലിൽ സമ്മര്‍ദം ചെലുത്തും''- എന്നായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരുന്നത്. 

എന്തായാലും ഫലം വന്നപ്പോൾ ബി.ജെ.പി. ചിത്രത്തിൽ നിന്നും ഇല്ലാതാവുകയും കെ.സി.ആര്‍ വൻ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതോടെ ഇവരുടെ വാഗ്ദാനങ്ങൾക്കൊന്നും ആയുസില്ലാതെയായി.

തിരഞ്ഞെടുപ്പിനിടയിലെ തര്‍ക്കം

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുൻപ് തെലങ്കാനയ്ക്ക് കീഴിലുള്ള നാഗാര്‍ജുന സാഗര്‍ അണക്കെട്ടിന്റെ ചുമതല ആന്ധ്രപ്രദേശ് ഏറ്റെടുക്കുകയും വെള്ളം തുറന്നുവിടുകയും ചെയ്തതായിരുന്നു തർക്കവിഷയത്തിൽ അവസാനമുണ്ടായ ഏറ്റുമുട്ടൽ. നവംബര്‍ 30ന് പുലര്‍ച്ചെ രണ്ടു മണിയോടെ തെലങ്കാനയിലെ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് തിരിക്കിലായിരുന്നപ്പോഴാണ് ആന്ധ്രപ്രദേശിലെ 700 ഓളം പൊലീസുകാര്‍ കൃഷ്ണ നദിയിലുള്ള നാഗാര്‍ജുന അണക്കെട്ടിലേക്ക് കയറി കനാല്‍ തുറന്ന് മണിക്കൂറില്‍ 500 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടത്. ഈ പ്രവൃത്തി രണ്ട് കോടി ജനങ്ങളുടെ കുടിവെള്ള വിതരണത്തെ ബാധിക്കുമെന്നാണ് തെലങ്കാന ആരോപിക്കുന്നത്.

എന്നാൽ ആന്ധ്രപ്രദേശും തെലങ്കാനയും തമ്മിലുള്ള കരാര്‍ പ്രകാരം സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം മാത്രമാണ് എടുത്തിട്ടുള്ളതെന്നും ഒരു ഉടമ്പടിയും ലംഘിച്ചിട്ടില്ലെന്നും ആന്ധ്രപ്രദേശ് ജലസേചന മന്ത്രി അമ്പാട്ടി രാംബാബു എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. കൃഷ്ണ റിവര്‍ മാനേജ്‌മെന്റ് ബോര്‍ഡാണ് ഇരുസംസ്ഥാനങ്ങള്‍ക്കും വെള്ളം അനുവദിക്കുന്നതെങ്കിലും ഓപ്പറേഷന്‍ പ്രോട്ടോക്കോള്‍ അന്തിമമാക്കുന്നതിലെ കാലതാമസം കാരണം ഇതുവരെ നിയന്ത്രണം ഏറ്റെടുത്തിട്ടില്ല. തല്‍ഫലമായി, കെ.ആര്‍.എം.ബി.യുടെ നിര്‍ദ്ദേശപ്രകാരം ഇരു സംസ്ഥാനങ്ങളുമാണ് അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 2014ല്‍ ആന്ധ്രാപ്രദേശ് വിഭജിച്ചതു മുതല്‍ ശ്രീശൈലം അണക്കെട്ട് ആന്ധ്രാപ്രദേശിന്റെ നിയന്ത്രണത്തിലും നാഗാര്‍ജുന സാഗര്‍ തെലങ്കാനയുടെ നിയന്ത്രണത്തിലുമാണ്.

placeholder
ഡാമിന് സമീപം നിലയുറപ്പിച്ച തെലങ്കാന പോലീസ്‌ | photo:PTI

സംഘര്‍ഷം ആളിക്കത്തിയ സാഹചര്യത്തില്‍ നവംബര്‍ 28 മുതല്‍ നാഗാര്‍ജുന സാഗര്‍ ജലം വിട്ടുനല്‍കുന്നത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്. 2015ല്‍ ആന്ധ്ര പൊലീസ് അണക്കെട്ടില്‍ കയറാന്‍ ഇതുപോലുള്ള ശ്രമം നടത്തിയിരുന്നെങ്കിലും തെലങ്കാന സുരക്ഷ സേന സംഭവസ്ഥലത്തെത്തി ശ്രമം തടയുകയായിരുന്നു.

പുതിയ ഭരണത്തിന് കീഴിൽ ഇനിയെന്ത്? 

placeholder
തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രിയങ്ക ഗാന്ധിയോടൊപ്പം | Photo: ANI

കെഡബ്ല്യുഡിടി-2 ന്റെ റഫറന്‍സ് നിബന്ധനകള്‍ കേന്ദ്രം നിശ്ചയിക്കുന്നതോടെ നദിയില്‍ നിന്ന് സംസ്ഥാനത്തിന് അര്‍ഹമായ ജലവിഹിതം ലഭിക്കുമെന്നാണ് തെലങ്കാനയിലെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ അനുമാനം. ഒന്നോ രണ്ടോ വര്‍ഷത്തെ സമയപരിധിക്കുള്ളിൽ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും തെലങ്കാനയിലെ ജനങ്ങളും പ്രതീക്ഷിക്കുന്നു. 

എന്നാൽ ഇപ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പും ഭരണമാറ്റവും വിഷയത്തിൽ പ്രതിഫലിക്കാനുള്ള സാധ്യതയെ തള്ളിക്കളയാനാകില്ല. ഒൻപത് വര്‍ഷത്തെ പോരാട്ടത്തിൽ ചെറിയൊരു ചലനമുണ്ടാക്കാന് തിരഞ്ഞെടുപ്പ് വരേണ്ടിവന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്തായാലും ബി.ആര്‍.എസിനെ കുറ്റപ്പെടുത്തിയ കോൺഗ്രസ് അത് തന്നെ ആവര്‍ത്തിക്കാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റാനായി സമ്മർദം ചെലുത്തുമെന്ന് പ്രതീക്ഷിക്കാം.

കൃഷ്ണ മാത്രമല്ല പരിഹരിക്കപ്പെടേണ്ടത്

നദീജലത്തിന്റെ പേരിലുള്ള തര്‍ക്കം കൃഷ്ണയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പല നദികളുടെ പേരില്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്. ജലം വിതരണത്തിലെ വേര്‍തിരിവ്, ജലം പങ്കുവെക്കുന്നത് സംബന്ധിച്ച വിയോജിപ്പുകള്‍, ഡാമുകളുടെയും റിസര്‍വോയറുകളുടെയും നിര്‍മ്മാണം മൂലം ഒരു സംസ്ഥാനത്തിനു ലഭിക്കേണ്ട ജലത്തിലുണ്ടാകുന്ന കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലം ജലത്തിന്റെ ലഭ്യതയിലുണ്ടാകുന്ന മാറ്റം എന്നിവയൊക്കെയാണ് നദിജലത്തര്‍ക്കത്തിനു പിന്നിലെ പ്രധാന കാരണങ്ങള്‍. 

 

ഇന്ത്യയിലെ പ്രധാനപ്പെട്ട നദീജലത്തര്‍ക്കങ്ങളും രൂപീകരിച്ച ട്രൈബ്യൂണലുകളും
നദി

തര്‍ക്കത്തിലേര്‍പ്പെട്ട സംസ്ഥാനങ്ങള്‍

ട്രൈബ്യൂണല്‍ട്രൈബ്യൂണല്‍ രൂപീകരിച്ച വര്‍ഷം
രവി & ബിയാസ്

പഞ്ചാബ്
ഹരിയാണ
രാജസ്ഥാന്‍

രവി ആന്‍ഡ് ബിയാസ് ജല ട്രൈബ്യൂണല്‍
 
1986
കൃഷ്ണ

മഹാരാഷ്ട്ര
തെലങ്കാന
ആന്ധ്രാപ്രദേശ്
കര്‍ണാടക

കൃഷ്ണ ജല തര്‍ക്ക ട്രൈബ്യൂണല്‍ II
 
2004
വംശധാര

ഒഡിഷ
ആന്ധ്രാപ്രദേശ്‌

വംശധാര ജല തര്‍ക്ക ട്രൈബ്യൂണല്‍2010

മാണ്ഡവി/ 
മഹാദായി

മഹാരാഷ്ട്ര
ഗോവ
കര്‍ണാടക

മഹാദായി ജല തര്‍ക്ക ട്രൈബ്യൂണല്‍ II2010
മഹാനദി

ഛത്തീസ്ഗഢ്
ഒഡിഷ

മഹാനദി ജല തര്‍ക്ക ട്രൈബ്യൂണല്‍2018

ഇത്തരം തര്‍ക്കങ്ങള്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെയോ അവഗണനയിലൂടെയോ പരിഹരിക്കാനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍ മിക്കയിടങ്ങളിലും ഇത് നടപ്പിലാകാതെ വരുന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ട്രൈബ്യൂണലുകളെ നിയമിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 262ലാണ്  സംസ്ഥാന/പ്രാദേശിക സര്‍ക്കാരുകള്‍ തമ്മിലുള്ള അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ പങ്ക് പ്രതിപാദിക്കുന്നത്. തര്‍ക്കത്തില്‍ ഇടപെടണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയും മറ്റൊരു തരത്തിലും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പാവുകയും ചെയ്താലാണ് കേന്ദ്രം ജലത്തര്‍ക്ക ട്രൈബ്യൂണല്‍ രൂപീകരിക്കേണ്ടത്. 

എന്നാല്‍ ഈ ട്രൈബ്യൂണലുകള്‍ക്കും ചില പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വലിയ കാലതാമസം ഉണ്ടാകുന്നുണ്ട് എന്നതാണ് പ്രധാന ആരോപണം. ഉദാഹരണത്തിന് ഗോദാവരി നദീജലതര്‍ക്കത്തില്‍ 1962ലാണ് ട്രൈബ്യൂണലുകള്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കുന്നത്. എന്നാല്‍ 1968ലാണ് ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത്. ആദ്യ നിര്‍ദേശം നല്‍കുന്നത് 1879ലും ഇത് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് 1980ലുമാണ്. അതുപോലെ 1990ല്‍ രൂപീകരിച്ച് കാവേരി നദീജലത്തര്‍ക്ക ട്രൈബ്യൂണല്‍ അവസാന തീരുമാനം അറിയിക്കുന്നത് 2007ലാണ്.

ട്രിബ്യൂണലിന്റെ അന്തിമവിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇത് നീണ്ട നിയമപോരാട്ടങ്ങളിലേക്ക് നയിക്കുമെന്നതാണ് മറ്റൊരു വെല്ലുവിളി. ഇതോടൊപ്പം ജലത്തര്‍ക്കങ്ങള്‍ പലതും രാഷ്ട്രീയവല്‍ക്കരിക്കുന്നതും വലിയ പ്രശ്‌നമാണ്. കാവേരി നദീജല തര്‍ക്കം വൈകാരിക തലത്തിലേക്കും ഭാഷാ പ്രശ്‌നങ്ങളിലേക്കും രാഷ്ട്രീയ പോരിലേക്കുമെല്ലാം വളര്‍ന്നതും നമ്മള്‍ കണ്ടതാണ്. ജലത്തിന്റെ പേരിലുള്ള തര്‍ക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയമാകുന്നത് അങ്ങനെയായിരുന്നു.  

placeholder
മേട്ടൂര്‍ ഡാമിലൂടെ ഒഴുകുന്ന കാവേരി നദി| ഫോട്ടോ: പിടിഐ

അന്തസ്സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ കേള്‍ക്കാന്‍ ഒരു സ്ഥിരം ട്രിബ്യൂണല്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തര്‍ക്ക പരിഹാര സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും. പക്ഷേ ഓരോ തര്‍ക്കത്തിനുള്ളിലും വരുന്ന രാഷ്ട്രീയവും നിയമപരവും ഭരണപരവും ഭരണഘടനാപരവുമായ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ ഇത് മതിയാകുമോയെന്ന് സംശയമാണ്. അതിനാല്‍ ജല തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കുന്ന ട്രൈബ്യൂണലുകള്‍ വേഗത്തിലുള്ളതും സാങ്കേതികവുമായിരിക്കാന്‍ ശ്രമിക്കണം. അവരുടെ തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള സംവിധാനമുണ്ടാകണം. ഇതോടൊപ്പം സംസ്ഥാനങ്ങള്‍ തമ്മിലുള്ള ജല തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതൽ സജീവമായ പങ്ക് വഹിക്കുകയും വേണം.

ഒരു ജനതയെയും മുറിപ്പെടുത്താതെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുതന്നെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടണം. ഓരോ സംസ്ഥാനത്തിന്റെയും ജലസേചന പദ്ധതികളുടെ കൃത്യമായ നടത്തിപ്പിനും  കൃഷിക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ജലത്തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് വളരെ പ്രധാനമാണ്. വര്‍ഷാവര്‍ഷം വരള്‍ച്ചാബാധിത പ്രദേശങ്ങളുടെ എണ്ണം വര്‍ധിക്കുന്ന, ഒരു തുള്ളി ജലത്തിനായി വലിയൊരു ജനത കാത്തിരിക്കുന്ന രാജ്യത്ത്, അതുകൊണ്ടു തന്നെ അതേ ജലത്തിന്റെ പേരിലുള്ള യുദ്ധം അവസാനിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.