അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണനേക്കുറിച്ച് എം.പി. സൂര്യദാസ് എഴുതിയ ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി’ എന്ന പുസ്തകത്തിൽനിന്ന്

To advertise here,

അസാധാരണമായ കർമ്മശേഷിയും കഴിവുമുള്ളവർ വെല്ലുവിളികളെയും പ്രതിസന്ധികളെയും അവസരമാക്കി മാറ്റാറുണ്ട്. സ്വതസ്സിദ്ധമായ തന്റെ കഴിവ് തെളിയിക്കാനുള്ള അത്തരമൊരു അവസരമായിരുന്നു ഉണ്ണികൃഷ്ണനെ സംബന്ധിച്ചിടത്തോളം ഗൾഫ് യുദ്ധം.

കുവൈത്തിനെ സദ്ദാംഹുസൈന്റെ ഇറാഖ് ആക്രമിച്ചപ്പോൾ ഞെട്ടിയത് ഇങ്ങ് കേരളത്തിലും പ്രത്യേകിച്ച് മലബാറിലുമുള്ള പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളാണ്. കുവൈത്തിൽ ജോലിചെയ്യുന്ന ഒന്നരലക്ഷത്തോളം ഇന്ത്യക്കാർ അഭയാർത്ഥികളായി കുടുങ്ങി.

വി.പി. സിങ് മന്ത്രിസഭയിൽ രാഷ്ട്രീയകാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയിൽ അംഗമായിരുന്നു ഉണ്ണികൃഷ്ണൻ. കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് ഉണ്ണികൃഷ്ണൻ ക്യാബിനറ്റിൽ വാദിച്ചു. ആദ്യം വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്റാളിനെയാണ് പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെടാൻ നിയോഗിച്ചത്. ഗുജ്റാൾ ജോർദാനിലും ഇറാഖിലും അമാനിലും പോയി ചർച്ചകൾ നടത്തിയെങ്കിലും അത് ഫലപ്രദമായിരുന്നില്ല. മാത്രമല്ല, ഗുജ്റാൾ മടങ്ങിവരുമ്പോൾ പഞ്ചാബിൽനിന്നുള്ള ഏതാനും സുഹൃത്തുക്കളായവരെ തന്റെ വിമാനത്തിൽ കൂടെ നാട്ടിലെത്തിച്ചത് വലിയ വിവാദമായി. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോർദാനിൽ കുടുങ്ങിക്കഴിയുമ്പോൾ അതിൽ സ്വന്തക്കാരായ കുറച്ചുപേരെ മാത്രം കൂടെ കൊണ്ടുവന്നതായിരുന്നു മാദ്ധ്യമങ്ങളിൽ വാർത്തയായത്.

ഏറ്റവുമധികം പ്രവാസികളുള്ള മണ്ഡലമായ വടകരയിൽനിന്നുള്ള ലോകസഭാംഗംകൂടിയായ ഉണ്ണികൃഷ്ണനെ നാട്ടിൽനിന്ന് ആയിരക്കണക്കിനാളുകൾ സഹായാഭ്യർത്ഥനയുമായി ബന്ധപ്പെടാൻ തുടങ്ങി. അടിയന്തരമായി കേന്ദ്രസർക്കാർ ഇടപെടണമെന്ന് ഉണ്ണികൃഷ്ണൻ പ്രധാനമന്ത്രി വി.പി. സിങ്ങിനെ കണ്ട് നേരിട്ട് ആവശ്യപ്പെട്ടു.

ലോകം അന്നുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകാൻ സാധിച്ച സംഭവം ഉണ്ണികൃഷ്ണൻ ഇങ്ങനെ വിവരിക്കുന്നു: 'സുരക്ഷാപ്രശ്നവും കോടികളുടെ ചെലവും കണക്കിലെടുത്ത് അന്നത്തെ ക്യാബിനറ്റ് സെക്രട്ടറി പാണ്ഡെ എന്റെ ആവശ്യം എതിർത്തു. ഇന്ത്യക്കാർക്ക് അപകടമൊന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. കുറച്ച് പ്രയാസപ്പെട്ടാണെങ്കിലും അവരെല്ലാം നാട്ടിൽ തിരിച്ചെത്തുമെന്നിരിക്കെ കോടികൾ മുടക്കി അവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ പുറപ്പെടുന്നത് വൻ ബാദ്ധ്യത വരുത്തിവെക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

പതിനായിരക്കണക്കിന് കോടിരൂപയുടെ വിദേശമൂലധനം നാട്ടിലെത്തിക്കുന്ന പ്രവാസികളെ ആപൽഘട്ടത്തിൽ നാട്ടിലെത്തിക്കേണ്ടത് രാജ്യത്തിന്റെ ധാർമ്മിക ഉത്തരവാദിത്വമാണെന്ന് ഞാൻ വ്യക്തമാക്കി. എന്തുകൊണ്ടും ഇവർ സംരക്ഷണം അർഹിക്കുന്നു. ഇവരെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന് താത്പര്യമില്ലെങ്കിൽ പിന്നെ മന്ത്രിയായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഒടുവിൽ എന്റെ അഭിപ്രായം ക്യാബിനറ്റ് അംഗീകരിച്ചു. പ്രവാസികളെ അപകടംകൂടാതെ നാട്ടിലെത്തിക്കാനുള്ള മിഷന്റെ ചുമതല മന്ത്രിസഭ എന്നെ ഏൽപ്പിച്ചു. അന്ന് കേന്ദ്രസർക്കാരിന്റെ വിമാനക്കമ്പനിയായ എയർ ഇന്ത്യ, ഇന്ത്യൻ എയർലൈൻസ് എന്നീ സ്ഥാപനങ്ങളുടെ കൈവശം പരിമിതമായ വിമാനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ (എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും അന്ന് ലയിപ്പിച്ച് ഒന്നാക്കിയിരുന്നില്ല).

ഏതാനും വർഷം മുമ്പ് വാങ്ങിയ പുതിയ വിമാനങ്ങൾ ചില സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ സർവ്വീസ് നടത്താതെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് വാങ്ങിച്ച ചില വിമാനങ്ങളുടെ ഗുണമേന്മയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാൽ ഈ വിമാനങ്ങൾ സർവീസിൽനിന്ന് മാറ്റിനിർത്തിയിരുന്നു. അടിയന്തരസാഹചര്യത്തിൽ ഈ വിമാനങ്ങൾ പുറത്തിറക്കാൻ സിവിൽ വ്യോമയാനമന്ത്രാലയത്തിൽനിന്ന് പ്രത്യേക അനുമതി വാങ്ങി. ഇതിനായി അന്നത്തെ വ്യോമയാനമന്ത്രി ആരിഫ് മുഹമ്മദ് ഖാനും വകുപ്പു സെക്രട്ടറിയും പ്രത്യേകം താത്പര്യമെടുത്തു. വിദേശകാര്യമന്ത്രി ഐ.കെ. ഗുജ്റാൾ നേരത്തേ ഇറാഖ് പ്രസിഡന്റ് സദ്ദാംഹുസൈനെ സന്ദർശിച്ച് ഇന്ത്യൻ വിമാനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഞാൻ ബാഗ്ദാദിലേക്കു പുറപ്പെട്ടു. കുവൈത്തിനെ മോചിപ്പിക്കാനും സദ്ദാമിനെ പിടികൂടാനുമായി അമേരിക്കൻസേന കരയിലും ആകാശത്തും ഭീകരാന്തരീക്ഷം തീർത്തിരുന്നു. സദ്ദാമിനെ കാണുകയെന്നത് ദുഷ്‌കരമായ ദൗത്യമാണെന്ന് അറിഞ്ഞിട്ടും, സ്വന്തം നാട്ടുകാരുടെ മോചനം ഉറപ്പുവരുത്താൻ മറ്റു മാർഗ്ഗമില്ലാതിരുന്നതിനാൽ വെല്ലുവിളി നിറഞ്ഞ ആ യാത്രയ്ക്ക് തിരിച്ചു. ബാഗ്ദാദിൽനിന്ന് മൂന്നു ഹെലികോപ്റ്ററുകൾ മാറിക്കയറിയാണ് സദ്ദാമിന്റെ ഒളിത്താവളത്തിലെത്തിയത്. തലങ്ങും വിലങ്ങും യുദ്ധവിമാനങ്ങൾ പറക്കുന്നതിന്റെ പേടിപ്പിക്കുന്ന ശബ്ദം. ഒളിത്താവളത്തിൽ പ്രവേശിക്കുന്നതിന് ഏറെ മുമ്പ് കട്ടിയുള്ള തുണികൊണ്ട് കണ്ണുകൾ കെട്ടി. പിന്നീട് എവിടേക്കാണ് പോവുന്നതെന്നോ, ഏതു നഗരത്തിലാണ് എത്തിയതെന്നോ വ്യക്തമല്ല. ഒടുവിൽ സദ്ദാമിന്റെ മുന്നിലെത്തി. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സദ്ദാം ശാന്തനായാണ് സംസാരിച്ചത്. ഇന്ത്യൻ സ്ഥാനപതിയും എന്നോടൊപ്പം ഉണ്ടായിരുന്നു.

ജോർദാൻ വഴി ഇന്ത്യക്കാരെ സുരക്ഷിതമായി കൊണ്ടുവരുന്നതിന് സദ്ദാം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എങ്കിലും ഒരു നിബന്ധന കർശനമായി മുന്നോട്ടുവെച്ചു. ഇന്ത്യക്കാരെ കൊണ്ടുപോവാൻ ഇന്ത്യൻ വിമാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഒരു കാരണവശാലും അമേരിക്കൻ സഹായം ഇക്കാര്യത്തിൽ തേടരുത്. സദ്ദാമിന്റെ നിബന്ധന അംഗീകരിച്ചു. വൻശക്തിയെ വെല്ലുവിളിച്ച് യുദ്ധം നിയന്ത്രിക്കുമ്പോഴും സദ്ദാമിന്റെ മുഖത്തോ സംസാരത്തിലോ നേരിയ പിരിമുറുക്കംപോലും കാണാൻ സാധിച്ചില്ല. അദ്ദേഹം ചിരിച്ചുകൊണ്ടാണ് എന്നെ യാത്രയാക്കിയത്. സദ്ദാമിൽനിന്ന് ലഭിച്ച ഉറപ്പ് എനിക്കു വലിയ ആശ്വാസമായി. പ്രധാനമന്ത്രി ഏൽപ്പിച്ച ദൗത്യം ഉത്തരവാദിത്വത്തോടെ നടപ്പിലാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്ക് ഊർജ്ജം പകർന്നു.

അതിനുശേഷം ജോർദാനിലെത്തി അവിടുത്തെ ഹുസൈൻ രാജാവിനെ കണ്ട് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള സഹായം അഭ്യർത്ഥിച്ചു. ഡൽഹിയിൽ തിരിച്ചെത്തിയ ഉടൻ പ്രധാനമന്ത്രിയെ കണ്ട് വിശദാംശങ്ങൾ ധരിപ്പിച്ചു. സദ്ദാമുമായുള്ള കൂടിക്കാഴ്ച യാഥാർത്ഥ്യമായതും അതുകൊണ്ട് ഉദ്ദേശിച്ച ഫലം കൈവരിക്കാനായതിലും വി.പി. സിങ് സംതൃപ്തി പ്രകടിപ്പിച്ചു.

രാഷ്ട്രീയകാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് ഉപസമിതിയുടെ അടിയന്തരയോഗം ചേർന്ന് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനുള്ള അനുമതി നൽകി. ബോംബെയിൽനിന്ന് ദുബായിലേക്കും അവിടുന്ന് അമാനിലേക്കും ഇന്ത്യൻ വിമാനങ്ങൾ പറന്നു. കുവൈത്തിൽനിന്ന് ജോർദാൻ അതിർത്തി വഴി ഇന്ത്യക്കാരെ അമാനിലെത്തിക്കാൻ ബസ്സുകൾ സജ്ജമാക്കി. ഇതിനു മുമ്പുതന്നെ ആയിരക്കണക്കിനു പ്രവാസികൾ സ്വന്തം നിലയിൽ പലായനം ചെയ്ത് ജോർദാൻ മരുഭൂമിയിലെത്തിയിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ വലഞ്ഞ ഇവരെ കാണാൻ അന്ന് ജോർദാൻ മരുഭൂമിയിൽ ഞാൻ പോയി. അവിടെവെച്ച് വടകര, തലശ്ശേരി, നാദാപുരം, പേരാമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിനു പ്രവാസികളെ കണ്ടു. അവർ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. എങ്ങനെയെങ്കിലും ജീവനോടെ ഞങ്ങളെ നാട്ടിലെത്തിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. എല്ലാവരെയും കൊണ്ടുപോവാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങിക്കഴിഞ്ഞുവെന്ന് ഞാൻ അവർക്ക് ഉറപ്പുനൽകി. കുവൈത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ എംബസികൾ ഇതിന് മേൽനോട്ടം വഹിച്ചു.

അങ്ങനെ ആഴ്ചകൾകൊണ്ട് ഒന്നരലക്ഷത്തോളം ഇന്ത്യക്കാരെ ആദ്യം ജോർദാൻ മരുഭൂമിയിൽനിന്ന് വാഹനങ്ങളിൽ ഒമാനിലേക്കും അവിടുന്ന് വിമാനമാർഗ്ഗം ദുബായിലേക്കും കൊണ്ടുവന്നു. അവിടുന്ന് വീണ്ടും വിമാനങ്ങളിൽ ബോംബെയിലെത്തിച്ചു. ബോംബെയിൽ വിമാനത്താവളത്തിനടുത്തായി പ്രത്യേക വിശ്രമകേന്ദ്രം ഇവർക്കായി തുടങ്ങി. അന്ന് ശരദ് പവാറായിരുന്നു മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി. അദ്ദേഹത്തോട് ഞാൻ നേരിട്ട് ആവശ്യപ്പെട്ടതുപ്രകാരമാണ് മഹാരാഷ്ട്ര സർക്കാർ പ്രവാസികൾക്കായി വിമാനത്താവളത്തിനടുത്ത് വിശ്രമകേന്ദ്രം ഒരുക്കിയത്. ബോംബെയിൽനിന്ന് തീവണ്ടിമാർഗ്ഗം ഇവരെ നാടുകളിലെത്തിക്കാൻ പ്രത്യേക ക്രമീകരണം ഒരുക്കി. തീവണ്ടികളിൽ സൗജന്യയാത്ര അനുവദിച്ചു. ബോംബെ വി.ടി. റെയിൽവേ സ്റ്റേഷനിൽ ഇതിനായി പ്രത്യേക ഹെൽപ്പ് ഡെസ്‌ക്കുതന്നെ ആരംഭിച്ചു. മരുഭൂമിയിൽനിന്ന് ജീവൻ രക്ഷിച്ച് സാഹസികമായി നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത ഉണ്ണികൃഷ്ണന് അഭിവാദ്യം അർപ്പിച്ച് ബോംബെയിൽനിന്നുള്ള വണ്ടികളിൽ പ്രവാസികൾ ബാനറുകൾ എഴുതിവെച്ചത് അന്ന് വലിയ വാർത്തയായിരുന്നു. അങ്ങനെ ഒരു രൂപപോലും ചെലവില്ലാതെ പ്രവാസികളെ കുവൈത്തിൽനിന്ന് അവരുടെ വീടുകളിൽ എത്തിക്കാൻ കഴിഞ്ഞത് ഇന്നും ചാരിതാർത്ഥ്യം നൽകുന്ന അനുഭവമാണ്. ലോകത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് അന്ന് കേന്ദ്രസർക്കാർ നേതൃത്വം നൽകിയത്. യു.എൻ. സെക്രട്ടറി ജനറൽ ഇന്ത്യൻ നടപടിയെ പ്രശംസിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. നൂറു കോടി രൂപയിലേറെ അന്ന് കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ ചെലവായിട്ടുണ്ട്. ധനമന്ത്രിയായിരുന്ന മധുദന്തവതെ അന്നത്തെ എന്റെ ശ്രമങ്ങൾക്ക് ക്യാബിനറ്റിൽ നല്ല പിന്തുണ നൽകിയിരുന്നു. പിന്നീട് ക്യാബിനറ്റ് യോഗത്തിൽ ഇതിനു നേതൃത്വം നൽകിയ എന്നെ പ്രധാനമന്ത്രി പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്.'

ഒരുവർഷം മാത്രം ആയുസ്സുണ്ടായ ദേശീയമുന്നണി സർക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു അന്നു നടന്ന രക്ഷാപ്രവർത്തനം. അതിന്റെ പൂർണ്ണ ക്രെഡിറ്റും ഉണ്ണികൃഷ്ണന് അവകാശപ്പെട്ടതാണെന്ന് അന്നത്തെ കേരള മുഖ്യമന്ത്രി ഇ.കെ. നായനാർ ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ട്.

രാമജന്മഭൂമിയുടെ പേരിൽ ബി.ജെ.പി. ആരംഭിച്ച പ്രക്ഷോഭം അപ്പോഴേക്കും രാജ്യത്ത് വിഭാഗീയതയുടെ വിത്തുവിതച്ചുകഴിഞ്ഞിരുന്നു. എൽ.കെ. അദ്വാനി ഗുജറാത്തിൽനിന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് രഥയാത്രയ്ക്ക് തുടക്കമിട്ടു. രഥയാത്ര അയോദ്ധ്യയിൽ എത്തിച്ചേരുന്നതോടെ ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രത്തിന് തറക്കില്ലിടുകയെന്നതായിരുന്നു പദ്ധതി. ബി.ജെ.പിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുതെന്ന് ദേശീയമുന്നണിയിലെ പാർട്ടികൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. ഹിന്ദുത്വ അജൻഡ നടപ്പിലാക്കുകയെന്നതു മാത്രമായിരുന്നു രഥയാത്രയുടെ ലക്ഷ്യം. അതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്ന നിലപാടിൽ മന്ത്രിസഭയിലും ദേശീയമുന്നണിയുടെ യോഗത്തിലും ഉണ്ണികൃഷ്ണനെപ്പോലുള്ളവർ ഉറച്ചുനിന്നു.

ഗുജറാത്തിലെ സോമനാഥക്ഷേത്രത്തിൽനിന്നാരംഭിച്ച രഥയാത്ര കടന്നുപോയ വഴികളിലെല്ലാം വർഗ്ഗീയസംഘർഷത്തിനു വഴിവെച്ചു. അങ്ങനെ യാത്ര ബിഹാറിലെത്തിയപ്പോൾ കടുത്ത നടപടിയെടുക്കാൻ അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് തീരുമാനിച്ചു. സമസ്തിപൂരിലെത്തിയപ്പോൾ യാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു. കർസേവകർ അയോദ്ധ്യയിലേക്ക് ഒഴുകിയെത്തി. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിങ് യാദവ് കർസേവകരെ പിരിച്ചുവിടാൻ വെടിവെപ്പിന് ഉത്തരവിട്ടു. 1990 നവംബർ രണ്ടിന് നടന്ന ആ വെടിവെപ്പ് ദേശീയമുന്നണി സർക്കാരിന്റെ പതനത്തിനു കാരണമായി. ബിഹാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാർ രഥയാത്രയ്ക്കെതിരേ കടുത്ത നിലപാടിലേക്കു നീങ്ങിയത് ദേശീയമുന്നണിയുടെ രാഷ്ട്രീയതീരുമാനത്തിന്റെ ഭാഗമായിരുന്നു. ഇന്ത്യയാകെ വർഗ്ഗീയവികാരം വളർത്തിയെടുക്കാൻ രഥയാത്രകൊണ്ട് ബി.ജെ.പിക്ക് സാധിച്ചു. ദേശീയമുന്നണിക്കും വി.പി. സിങ്ങിനുമുള്ള പിന്തുണ പിൻവലിക്കാൻ ബി.ജെ.പി. തീരുമാനിച്ചു.

ലോക്‌സഭയിൽ അവിശ്വാസപ്രമേയത്തെ അതിജീവിക്കാൻ കഴിയാതെ വന്നപ്പോൾ വി.പി. സിങ് 1990 നവംബർ ഏഴിന് രാജിവെച്ചു. മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്ന തന്റെ സർക്കാരിന് ഹിന്ദുവർഗ്ഗീയവാദികളിൽനിന്ന് ബാബറി മസ്ജിദ് സംരക്ഷിക്കാനായെന്ന് അവിശ്വാസപ്രമേയചർച്ചയ്ക്കുള്ള മറുപടിപ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. വർഗ്ഗീയശക്തികൾക്ക് വഴങ്ങിക്കൊണ്ട് അധികാരത്തിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണ് സിങ് സ്ഥാനമൊഴിഞ്ഞത്.

343 ദിവസം അധികാരത്തിലിരുന്ന വി.പി. സിങ് സർക്കാർ വീണപ്പോൾ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ ജനതാദളിലെ ഒരു വിഭാഗം സമാജ്വാദി ജനതാപാർട്ടി എന്ന പേരിൽ പുതിയ പാർട്ടിയായി രൂപംകൊണ്ട് കോൺഗ്രസ്സിന്റെ പിന്തുണ തേടി. രാജീവ് ഗാന്ധിയുടെ പിന്തുണയിൽ ചന്ദ്രശേഖർ പ്രധാനമന്ത്രിയായി. അതുവരെ വി.പി. സിങ്ങിന്റെ അടുത്തവരായി അറിയപ്പെട്ട പലരും കോൺഗ്രസ്സിന്റെ പിന്തുണയിൽ ചന്ദ്രശേഖർ രൂപീകരിച്ച സർക്കാരിലും മന്ത്രിമാരായി. അന്ന് ചന്ദ്രശേഖറിന്റെ മന്ത്രിസഭയിൽ അംഗമാവാൻ ഉണ്ണികൃഷ്ണന് ക്ഷണമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച കാലം മുതൽ ആത്മബന്ധമുള്ള ചന്ദ്രശേഖറിന്റെ അടുത്തവൃത്തങ്ങളിൽ ചിലർ ഈ നിർദ്ദേശവുമായി ഉണ്ണികൃഷ്ണനെ സമീപിച്ചു. രാഷ്ട്രീയകാഴ്ചപ്പാടിൽ വ്യക്തതയും തെളിമയുമുള്ള ഉണ്ണികൃഷ്ണൻ അന്ന് മന്ത്രിപദം നിരസിച്ചു. രണ്ടുമാസം മാത്രമേ ഈ പരീക്ഷണം മുന്നോട്ടുപോയുള്ളൂ. ഗൾഫ് യുദ്ധത്തിൽ ഇറാഖിനെതിരേ പോരാടുന്ന അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഇന്ത്യയിൽ സഹായം ചെയ്തുകൊടുത്ത കേന്ദ്രസർക്കാരിന്റെ നടപടിയെ കോൺഗ്രസ് വിമർശിച്ചു. ഇതിനിടെ രാജീവ് ഗാന്ധിയുടെ വസതിക്കു ചുറ്റും രണ്ട് ചാരപോലീസുകാരെ കണ്ടു എന്നത് കോൺഗ്രസ് വലിയ വിവാദമാക്കി. ഇതിന്റെ പേരിൽ ചന്ദ്രശേഖർ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ട സർക്കാർ പുറത്തായതോടെ 1991 മാർച്ച് അഞ്ചിന് ലോകസഭ പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

പുസ്തകം വാങ്ങാം: Click here: https://www.mbibooks.com/product/indraprasthathile-rashtreeya-sanchari/