ശ്ചിമേഷ്യയെ പിടിച്ചുകുലുക്കി ഒരു കൊലപാതകം! പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന സായുധസംഘമായ ഹമാസിന്റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയില്‍ ഹനിയെയുടെ (Ismail Haniyeh) കൊലപാതകമാണ് ഇപ്പോള്‍ പശ്ചിമേഷ്യയെ സംഘര്‍ഷത്തിന്റെ മുനമ്പിലെത്തിച്ചിരിക്കുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നടന്ന ആക്രമണത്തില്‍ ഹനിയെ കൊല്ലപ്പെട്ടതോടെ മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഗാസയില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം നടക്കുന്നതിനിടെയാണ്‌ കൊലപാതകം നടന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അതും ഇറാന്റെ തലസ്ഥാന ​​നഗരത്തിൽ അതീവസുരക്ഷാ മേഖലയിൽ നടന്ന കൊലപാതകം. ബുധനാഴ്ച പുലര്‍ച്ചെ  പ്രാദേശികസമയം രണ്ടോടെ ടെഹ്റാനിലെ ഹനിയെ താമസിച്ച ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ആക്രമണം. അദ്ദേഹത്തിന്റെ അംഗരക്ഷകനും മരിച്ചു. കൊലപാതകത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ഒരുപോലെ ആരോപിച്ചു. കൊലപാതകത്തിന് പിന്നില്‍ മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പക്ഷേ,  എങ്ങനെയാണ് ഇസ്മയില്‍ ഹനിയെയെ കൊലപ്പെടുത്തിയത്? ഇറാനും അവരെ അനുകൂലിക്കുന്നവരും ആരോപിക്കുന്നത് പോലെ ഇസ്രായേലി രഹസ്യാന്വേഷണ സംഘടനയായ മൊസാദ് തന്നെയാണോ?

To advertise here,

ആരാണ് ഇസ്മയില്‍ ഹനിയെ?

ഇസ്രായേലിനെതിരേ തീവ്രനിലപാടുകള്‍ തുടരുന്ന പലസ്തീന്‍ സായുധസംഘടനയായ ഹമാസിന്റെ രാഷ്ട്രീയ-നയതന്ത്രമുഖമായിരുന്നു രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെ. മാസങ്ങളായി തുടരുന്ന ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെ മുഖ്യ ആസൂത്രകരിലൊരാള്‍. ഖലീദ് മെഷാലിന്റെ പിന്‍ഗാമിയായി 2017-ലാണ് ഹനിയെ ഹമാസിന്റെ രാഷ്ട്രീയനേതൃത്വത്തിലേക്ക് എത്തുന്നത്. പലസ്തീന്‍-ഇസ്രായേല്‍ ചര്‍ച്ചകളില്‍ കര്‍ക്കശ നിലപാടുകള്‍ സ്വീകരിച്ചുപോന്നിരുന്ന നേതാവ്. പക്ഷേ, ഹമാസിലെ മിതവാദിയായിട്ടാണ് പൊതുവില്‍ അദ്ദേഹം അറിയപ്പെട്ടത്. ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയുടെ തലവനും ദീര്‍ഘകാലമായി തീവ്രവാദഗ്രൂപ്പിന്റെ നേതാവുമായിരുന്ന ഹനിയെ. അതുകൊണ്ട് തന്നെ അമേരിക്കയുടെ തീവ്രവാദപട്ടികയില്‍ ഇടം നേടിയ നേതാവ് കൂടിയായിരുന്നു അദ്ദേഹം. പലസ്തീൻ വിമോചനം ലക്ഷ്യമിട്ട് പ്രവർത്തിച്ച സായുധസംഘടനയായ ഹമാസിന് രാഷ്ട്രീയവിഭാഗം വേണമെന്ന് ആദ്യം വാദിച്ചവരിലൊരാള്‍ കൂടിയായിരുന്നു ഹനിയെ. ഗാസായുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി മേയ് മാസത്തില്‍ പുറത്തിറക്കിയ അറസ്റ്റ് വാറന്റിൽ  ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ഇടംപിടിച്ച പേരുകാരൻ. 

placeholder
ഇസ്മായില്‍ ഹനിയെ | Photo: AP/PTI

1962-ല്‍ ഗാസ മുനമ്പിലെ അല്‍-ഷാട്ടിയിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഹനിയെ ജനിക്കുന്നത്. 1963-ലാണ് അദ്ദേഹത്തിന്റെ ജനനമെന്നും വാദമുണ്ട്. 1948-ലെ പാലസ്തീന്‍ യുദ്ധത്തില്‍ അഭയാര്‍ഥികളായവരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ഐക്യരാഷ്ട്രസഭ നടത്തിയിരുന്ന  സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് 1981-ല്‍ ഗാസയിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ അറബിക് സാഹിത്യം പഠിക്കാനായി ചേര്‍ന്നു. അവിടെവെച്ചാണ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ വിദ്യാര്‍ഥിസംഘടനയുടെ ഭാഗമാകുന്നത്. പിന്നീട് 1987-ല്‍ ഹമാസ് രൂപവത്കരിച്ചപ്പോള്‍ സ്ഥാപകാംഗമായിരുന്നു ഹനിയെ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഹമാസിന്റെ പ്രധാനപ്പെട്ട നേതാക്കളിലൊരാളായി വളർന്നു. 1987-ലെ ഒന്നാം ഇന്‍തിഫാദ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതോടെ ഇസ്രായേല്‍ സൈനിക കോടതി തടവിന് ശിക്ഷിച്ചു.  1988-ല്‍ ആറ് മാസത്തോളം ജയിലിൽ കഴിഞ്ഞു. പിറ്റേവര്‍ഷം മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ. 1992-ലാണ് ജയിൽ മോചിതനാകുന്നത്. പക്ഷേ പിന്നാലെ അദ്ദേഹത്തെ ലെബനനിലേക്ക് നാടുകടത്തി. മറ്റ് ഹമാസ് നേതാക്കള്‍ക്കൊപ്പമാണ് ഹനിയയെ നാടുകടത്തിയത്. ഒരു വര്‍ഷത്തിന് ശേഷം ഗാസയിലേക്ക് തിരിച്ചെത്തി. തുടർന്ന് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഡീനായി നിയമിതനായി.

ഹമാസിന്റെ സഹസ്ഥാപകന്‍ ശൈഖ് അഹമ്മദ് യാസീനുമായി അടുത്ത ബന്ധമായിരുന്നു ഹനിയെ പുലർത്തിയത്. യാസിന്റെ വലംകൈയായിരുന്ന ഹനിയെ അദ്ദേഹത്തിന്റെ മാനസപുത്രനായാണ് അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറിയായി പ്രവത്തിച്ച ഹനിയെ 2003-ല്‍ ഷെയ്ഖ് യാസ്സിന്‍ കൊല്ലപ്പെടുന്നതുവരെ  അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഹനിയെയെ കൂടി ലക്ഷ്യമിട്ടുള്ള വധശ്രമത്തിലാണ് യാസിന്‍ കൊല്ലപ്പെട്ടത്. പിന്നീട് പെട്ടന്നായിരുന്നു ഹനിയെയുടെ വളർച്ച. കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് അദ്ദേഹം ഹമാസിന്റെ നേതൃനിരയിലേക്കുയര്‍ന്നത്. 2004-ല്‍ ഹമാസിന്റെ കളക്ടീവ് ലീഡര്‍ഷിപ്പിലെത്തി. 2006-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഹനിയെ പലസ്തീന്‍ പ്രധാനമന്ത്രിയുമായി. പക്ഷേ, ഒരു വര്‍ഷക്കാലമേ ഈ സര്‍ക്കാരിന് നിലനില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. 2007-ല്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. 2007ല്‍ ഹമാസ്-ഫതാ ഐക്യസര്‍ക്കാരിൽ ഹനിയെയും മന്ത്രിസഭയിലുണ്ടായിരുന്നു.  2017-ല്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവായി അധികാരത്തിലേറി. പിന്നീട് ഉപരോധത്തില്‍നിന്ന് രക്ഷപ്പെട്ട് തുര്‍ക്കി വഴി ഖത്തറിലെത്തിയ ഹനിയെ അവിടെ അഭയംതേടി. ഖത്തര്‍ ആസ്ഥാനമാക്കി ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് പ്രവര്‍ത്തിക്കാന്‍തുടങ്ങി. മരിക്കുന്നത് വരെ ഭൂരിഭാഗം സമയവും ഖത്തറിലായിരുന്നു അദ്ദേഹം. 

placeholder
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിക്കൊപ്പം ഹനിയെ | Photo: AFP

ഇറാനെ ഞെട്ടിച്ച കൊലപാതകം! 

അക്ഷരാര്‍ത്ഥത്തില്‍ ഇറാനെ ഞെട്ടിച്ചതായിരുന്നു ഇസ്മയില്‍ ഹനിയെയുടെ കൊലപാതകം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍വെച്ചാണ് ഹനിയെ കൊല്ലപ്പെടുന്നത്. ടെഹ്റാനില്‍ പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഹനിയയുടെ കൊലപാതകം നടന്നതെന്നാണ് ഇറാനിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും മരിച്ചു. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ടെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍വെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. വടക്കന്‍ ടെഹ്‌റാനിലെ തന്ത്രപ്രധാന സ്ഥലത്തായിരുന്നു ഹനിയെ  താമസിച്ച നെഷാത്ത് എന്നറിയപ്പെടുന്ന ഗെസ്റ്റ് ഹൗസ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് ആണ് ഗസ്റ്റ്ഹൗസ് നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതും പ്രധാന അതിഥികളെ താമസിപ്പിക്കുന്നതും ഈ ​ഗസ്റ്റ് ഹൗസിലായിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്‌റാനില്‍ എത്തിയതായിരുന്നു ഹനിയെ. ചടങ്ങുകള്‍ക്ക് ശേഷം ടെഹ്റാനിൽ തുടർന്നു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം. 

ഇസ്മയില്‍ ഹനിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിദൂരനിയന്ത്രിത ഡ്രോണ്‍ ഉപയോഗിച്ചാണ് കൊലപാതകം എന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണത്തിൽ ഹനിയെയെ ഇസ്രായേല്‍ വധിക്കാനുള്ള സാധ്യതയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ടെഹ്‌റാനിലെ ഗസ്റ്റ് ഹൗസ് ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണത്തിലാണ് ഹനിയയെ കൊലപ്പെട്ടതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത് ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയും ഈ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ഹനിയെയുടെ അംഗരക്ഷകരില്‍ ഒരാളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇക്കാര്യം അന്വേഷിക്കുകയാണെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. കൊലയ്ക്കുപിന്നില്‍ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ആരോപിക്കുകയും ഇറാന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പക്ഷേ, ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. 

placeholder
കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെയുടെ വിലാപയാത്രയെ അനു​ഗമിക്കുന്നവർ‍ | Photo: Vahid Salemi/ AP

കൊലപാതകത്തിന് പിന്നില്‍ മൊസാദോ? 

മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇസ്മയില്‍ ഹനിയെയെ വധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹനിയെ താമസിച്ചിരുന്ന ടെഹ്‌റാനിലെ ​ഗസ്റ്റ് ഹൗസിൽ രണ്ട് മാസം മുന്‍പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ വ്യക്തികളേയും ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഹനിയെ ഈ ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. ഇത് കൃത്യമായി മനസിലാക്കി അദ്ദേഹം മുറിയിലെത്തിയെന്ന് ഉറപ്പുവരുത്തിയായിരുന്നു സ്‌ഫോടനം. ഗസ്റ്റ് ഹൗസിലെ മുറിയിൽ അദ്ദേഹം എത്തിയെന്ന് സ്ഥിരീകരിച്ചശേഷം റിമോട്ട് ഉപയോഗിച്ചാണ് ബോംബ് സ്‌ഫോടനമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ കെട്ടിടം കുലുങ്ങുകയും ജനാലകള്‍ തകരുകയും ഒരു പുറം ഭിത്തി ഭാഗികമായി തകരുകയും ചെയ്തു. പക്ഷേ, കെട്ടിട സമുച്ചയത്തിന് മൊത്തത്തില്‍ കാര്യമായ നാശമുണ്ടായിട്ടില്ല. പരിഭ്രാന്തരായ ജീവനക്കാര്‍ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് ഹനിയെയുടെ മുറിയിലാണ് ഇതെന്ന് തിരിച്ചറിഞ്ഞത്. ഗസ്റ്റ് ഹൗസ് കോംപൗണ്ടിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉടനെത്തി പരിശോധിച്ചെങ്കിലും അതിനകം ഹനിയെ മരിച്ചിരുന്നു. ഇതിനോട് ചേര്‍ന്നുള്ള മുറിയില്‍ പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് സിയാദ് അല്‍ നഖാല താമസിച്ചിരുന്നുവെങ്കിലും ആ മുറിക്ക് കാര്യമായ നാശനഷ്ടമുണ്ടായില്ല. അതിനാല്‍ തന്നെ ഹനിയയെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണമാണെന്നാണ് ഇറാനില്‍ നിന്നുള്ള വാര്‍ത്താകേന്ദ്രങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. 

ഗസ്റ്റ് ഹൗസില്‍ എങ്ങനെയാണ് ബോംബ് എത്തിച്ചതെന്നോ സൂക്ഷിച്ചതെന്നോ വ്യക്തമല്ല. പക്ഷേ, ഇതിനായി മാസങ്ങള്‍ നീണ്ട ആസൂത്രണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇതിനായി ഗസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ വിപുലമായ നിരീക്ഷണം നടത്തിയിരുന്നു. എങ്ങനെയാണ് സ്ഫോടകവസ്തുക്കള്‍ മുറിയില്‍ സ്ഥാപിച്ചതെന്നോ എപ്പോഴാണ് ഇത് എത്തിച്ചതെന്നോ വ്യക്തതയില്ല. അതേസമയം ഹനിയെ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്ന് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കാന്‍ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഇറാനിയന്‍ സുരക്ഷാ ഏജന്റുമാരെ നിയമിച്ചതായി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ഹനിയയെ വധിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. പക്ഷേ, കെട്ടിടത്തിനുള്ളിലെ വലിയ ജനക്കൂട്ടവും ഓപ്പറേഷന്‍ പരാജയപ്പെടാനുള്ള ഉയര്‍ന്ന സാധ്യതയും കാരണം അത് ഉപേക്ഷിച്ചു. പകരം, രണ്ട് ഏജന്റുമാരെ ഉപയോ​ഗിച്ച് വടക്കന്‍ ടെഹ്റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പറേഷന്റെ ഗസ്റ്റ്ഹൗസിലെ  മൂന്ന് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വിശദമായ അന്വേഷണത്തില്‍, മറ്റ് രണ്ട് മുറികളില്‍ നിന്ന് കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയെന്നും ടെലിഗ്രാഫ്  റിപ്പോര്‍ട്ട് ചെയ്തു.  ഇത് ഇറാനെ സംബന്ധിച്ചിടത്തോളം അപമാനവും വലിയ സുരക്ഷാ ലംഘനവുമാണെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഹനിയെയുടെ കൊലപാതകത്തിന്റെ രീതി ഇറാനില്‍ വലിയ അഭ്യൂഹങ്ങൾക്കും തര്‍ക്കങ്ങള്‍ക്കും വിഷയമായി. മിസൈല്‍ പോലെയുള്ള ഒരു വസ്തു ഹനിയെയുടെ മുറിയുടെ ജനലില്‍ തട്ടി പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി വര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനിടെ സ്ഫോടനം നടന്നത് ഹനിയെയുടെ മുറിയിലാണെന്ന് രണ്ട് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടകവസ്തുക്കള്‍ മുന്‍കൂട്ടി അവിടെ വെച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ചില വ്യക്തികളെ ഉദ്ധരിച്ച് അവർ റിപ്പോർട്ട് ചെയ്തു. 2020-ല്‍ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദയെ വധിക്കാന്‍ ഇസ്രായേല്‍ ഉപയോഗിച്ച റോബോട്ട് ആയുധത്തിന് സമാനമാണ് ഇതെന്നാണ് വിശദീകരണം. രാജ്യത്തിന് പുറത്തുള്ള ഇസ്രായേലിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടത്തുന്ന  വിദേശ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹമാസിന്റെ നേതാക്കളെ വിധിക്കുമെന്ന മൊസാദിന്റെ തലവന്റെ പരാമര്‍ശം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ നിഗമനത്തിലേക്ക് എത്തുന്നത്. 

placeholder
ഇസ്മായിൽ ഹനിയെയുടെയും അംഗരക്ഷകൻ്റെയും മൃതദേഹത്തിന്റെ അന്തിമോപചാരം അർപ്പിക്കുന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും ഇറാൻ നേതാക്കളും | Photo: Office of the Iranian Supreme Leader via AP

പങ്കില്ലെന്ന് അമേരിക്ക, ആശങ്ക രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍

ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി നേതൃത്വത്തിലാണ് ഇസ്മയില്‍ ഹനിയെയുടെ അന്ത്യശുശ്രൂഷകള്‍ നടന്നത്. ടെഹ്റാന്‍ സര്‍വകലാശാലയില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ഇറാന്‍ റെവലൂഷണറി ഗാര്‍ഡ് കോര്‍ മേധാവി ജനറല്‍ ഹൊസന്‍ സലാമി, ഹമാസ് നേതാക്കള്‍, പലസ്തീന്‍ നേതാക്കള്‍ തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തു. ടെഹ്റാനിലെ അസാദി ചത്വരത്തിലേക്ക് നടന്ന വിലാപയാത്രയില്‍ പലസ്തീന്‍ പതാകയേന്തിയും ഹനിയെയുടെ ഫോട്ടോ പിടിച്ചും ആയിരങ്ങളാണ് പങ്കുചേര്‍ന്നത്. തുടര്‍ന്ന് 2017 മുതല്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഖത്തറില്‍ മൃതദേഹം കബറടക്കി. പിന്നാലെ കൊലയ്ക്കുപിന്നില്‍ ഇസ്രായേലാണെന്ന് ഇറാനും ഹമാസും ആരോപിച്ചു. ഹനിയെ വധത്തിനു പകരംചോദിക്കുമെന്നും ഇറാന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, ഇസ്രായേല്‍ സമ്മതിച്ചിട്ടില്ല. ഇതിനിടെ ഹനിയെയുടെ കൊലപാതകം തങ്ങള്‍ക്ക് അറിവുള്ളതോ പങ്കുള്ളതോ ആയ കാര്യമല്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ വധം, ഗാസയില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിനെ ബാധിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സഖ്യകക്ഷിയായ ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് യു.എസ്. പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ പറഞ്ഞു. ഒപ്പം വ്യോമപ്രതിരോധ സംവിധാനമടക്കമുള്ള സൈനികസഹായവും ഇസ്രായേലിന് ബൈഡന്‍ വാഗ്ദാനംചെയ്തു.

സംഭവത്തെ ഹീനമായ കുറ്റകൃത്യമെന്നാണ് ഗാസയിലെ ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലെ പ്രധാനമധ്യസ്ഥരായ ഖത്തര്‍ വിശേഷിപ്പിച്ചത്. ഹനിയെയെ വധിച്ചത് അന്താരാഷ്ട്ര മാനുഷികനിയമങ്ങളുടെ ലംഘനമാണെന്നും ഇത് ഗാസാ യുദ്ധം കൂടുതല്‍ തീവ്രമാക്കുകയും സമാധാനശ്രമങ്ങളെ ഇല്ലാതാക്കുകയും ചെയ്യുമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇസ്രായേലിനെ പിന്തിരിപ്പിക്കാനുള്ള നടപടികള്‍ അന്താരാഷ്ട്രസമൂഹം സ്വീകരിച്ചില്ലെങ്കില്‍ ഗാസയിലെ യുദ്ധം പശ്ചിമേഷ്യയിലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുമെന്ന് തുര്‍ക്കിയും സിറിയയും മുന്നറിയിപ്പുനല്‍കി. ഹനിയെയുടെ രക്തസാക്ഷിത്വം ഇസ്രായേലിന്റെ ഭീകരതയ്‌ക്കെതിരേ ചെറുത്തുനില്‍പ്പു നടത്താനുള്ള പലസ്തീന്‍കാരുടെ ദൃഢനിശ്ചയം വര്‍ധിപ്പിക്കുമെന്ന് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള പറഞ്ഞു. ഹനിയെയുടെ വധം ഹീനമായ ക്രൂരകൃത്യമാണെന്ന് യെമനിലെ ഹൂതി വിമതരും വലിയ നഷ്ടമാണെന്ന് താലിബാനും പ്രതികരിച്ചു. ഹനിയെയുടെ രാഷ്ട്രീയകൊലപാതകം ഒരുരീതിയിലും അംഗീകരിക്കാനാവില്ലെന്ന് റഷ്യ പ്രതികരിച്ചു. സംഭവത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. ഹനിയെ വധത്തിന് ഇസ്രായേലിനോട് പകരംചോദിക്കുമെന്ന് ഹമാസ്, ഹിസ്ബുള്ള, ഹൂതി വിമതര്‍ തുടങ്ങിയ സായുധസംഘങ്ങളും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

References