
ഭരണകൂടത്തിന് പുറത്ത് മാത്രമല്ല അധോലോകങ്ങളുള്ളത്. ഭരണകൂടത്തിനുള്ളിലും മാഫിയകള്‍ ഉടലെടുക്കും. പത്രപ്രവര്‍ത്തകനായ ജോസി ജോസഫിന്റെ ' The Silent Coup : A History Of India's Deep State ' എന്ന പുസ്തകത്തില്‍ ഇത്തരം അധോലോകങ്ങളെക്കുറിച്ചുള്ള വിവരണമുണ്ട്. പോലീസ്,ആദായ നികുതി വകുപ്പ്,ഇന്റലിജന്‍സ് ഏജന്‍സികള്‍ എന്നിവ ഭരണകൂടത്തിന്റെ ഇംഗിതങ്ങള്‍ നിറവേറ്റുന്നതിനുള്ള ഉപകരണങ്ങളായി മാറുമ്പോള്‍ അത് മറ്റൊരു അധോലേകമായി മാറുന്നു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ടവര്‍ അതേ ജനത്തിനെതിരെ തിരിയുന്നു. ഈ അധോലോകമാണ് അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ പിണിയാളുകളായി മാറിയത്. ഇതേ അധോലോകമാണ് സമകാലിക ഇന്ത്യയില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ എതിരാളികളെ വേട്ടയാടാനായി നിയോഗിക്കപ്പെടുന്നത്. കേരളത്തില്‍ ഇന്നിപ്പോള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന കൊള്ളരുതായ്മകള്‍ ഈ അധോലോക സൃഷ്ടിയുടെ ഭാഗമാണ്.
പണിയെടുക്കുന്ന സ്ഥാപനത്തേക്കാള്‍ വലിയവരാണ് തങ്ങള്‍ എന്ന് കരുതുന്ന പോലീസ് ഓഫീസര്‍മാരുണ്ട്. ഭരണകൂടത്തില്‍ കരുത്തനായ ഒരു നേതാവിന്റെ പിന്നില്‍ അണിനിരന്നുകൊണ്ടായിരിക്കും ഇവര്‍ ജനങ്ങളുടെ മെക്കിട്ട് കയറുക. ജനാധിപത്യത്തോടുള്ള പുച്ഛമാണ് ഇവരുടെ സ്ഥായി ഭാവം. കേരളത്തില്‍ ഈ സംഘം അഴിഞ്ഞാടിയത് അടിയന്തരാവസ്ഥയില്‍ കെ കരുണാകരന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ്. അന്ന് കൂത്ത്പറമ്പ് എംഎല്‍എയായിരുന്ന പിണറായി വിജയനെ ഇക്കൂട്ടര്‍ പോലിസ് സ്‌റ്റേഷനിലിട്ട് ഇഞ്ച ചതയ്ക്കും പോലെ തല്ലിച്ചതച്ചു. ആ മര്‍ദ്ധനത്തിന്റെ പാടുകളുമായി 1977 മാര്‍ച്ചില്‍ പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അദ്ധ്യായമാണ്. പക്ഷേ, നാല് പതിറ്റാണ്ടുകള്‍ക്കപ്പുറം അധികാരത്തിലെത്തിയപ്പോള്‍ പിണറായി നടപ്പാക്കിയ തീരുമാനങ്ങളിലൊന്ന് കെ കരുണാകരന്റെ വിശ്വസ്തനായിരുന്ന രമണ്‍ ശ്രീവാസ്തവയെ പോലീസ് ഉപദേശകനാക്കുകയായിരുന്നു. അധികാരവും പോലിസും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം ചിലപ്പോള്‍ കെ കരുണാകരനില്‍ നിന്നായിരിക്കാം പിണറായി പഠിച്ചെടുത്തത്.
കുന്നംകുളം പോലിസ് സ്‌റ്റേഷനില്‍ സുജിത് എന്ന ചെറുപ്പക്കാരനെ നിഷ്ഠൂരമായി മര്‍ദിച്ച പോലിസുകാര്‍ ഭരണകൂടത്തിനുള്ളിലെ മാഫിയയുടെ ഭാഗമാണ്. സദാ കണ്ണ് തുറന്നിരിക്കുന്ന ക്യാമറകള്‍ക്ക് മുന്നിലാണ് ഇവര്‍ ഒരു മനുഷ്യനെ തല്ലിച്ചതച്ചത്. എന്ത് ചെയ്താലും സംരക്ഷിക്കാന്‍ ഭരണകൂടത്തിലെ ഉന്നതരുണ്ടാവും എന്ന ഉറപ്പാണ് ഈ തെമ്മാടിക്കൂട്ടത്തിന്റെ ആത്മധൈര്യം. രാഷ്ട്രീയ എതിരാളികളെ ഇടിച്ചൊതുക്കുന്നത് ജീവന്‍ രക്ഷാ പ്രവര്‍ത്തനമാവുന്ന കാലത്താണല്ലോ ഈ ഏമാന്മാരും ജീവിക്കുന്നത്! എത്രയെത്ര വിവാദങ്ങളില്‍ കുടുങ്ങിയിട്ടും എം ആര്‍ അജിത്കുമാര്‍ എന്ന പോലിസ് ഓഫീസറെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയാക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച ഉത്സാഹം ആര്‍ക്കെങ്കിലും മറക്കാനാവുമോ? മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി അറിയാതെ ആഭ്യന്തര വകുപ്പില്‍ ഒരീച്ച പോലും പറക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി ആരോപണങ്ങള്‍ നേരിട്ട ശശിയെ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടിയും ഭരണകൂടവും കാണിച്ച വ്യഗ്രതയും നമ്മുടെ ഓര്‍മ്മയിലുണ്ട്. ഭരണകൂടത്തോട് വിയോജിക്കുന്നവരെ തേജോ വധം ചെയ്യാന്‍ സൈബര്‍ സേനയെ തുറന്നുവിടുന്നതും വര്‍ത്തമാനകാല കാഴ്ചയാണ്. എതിരാളികളെ ശാരീരികമായി പോലിസും മാനസികമായി സൈബര്‍ സേനയും ആക്രമിക്കുന്ന ദ്വിമുഖ തന്ത്രം.
മുഖ്യമന്ത്രിക്ക് നോവും
ഭരണവും സമരവും എന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായപ്പോള്‍ ഇഎംഎസിന്റെ സിദ്ധാന്തം. അധികാരവുമായി കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങിനെയങ്ങ് സമരസപ്പെടാനാവില്ല എന്ന നിലപാട് തറയില്‍ നിന്നുകൊണ്ടാണ് കേരളത്തില്‍ ഇഎംഎസ് ഭരണകൂടത്തെ നയിച്ചത്. എന്നിട്ടും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് കീഴില്‍ പോലീസ് നടത്തിയ വെടിവെയ്പിനെ പാര്‍ട്ടിക്ക് ന്യായീകരിക്കേണ്ടി വന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ കെ ദാമോദരന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 1958 ല്‍ കൊല്ലത്ത് ചന്ദനത്തോപ്പില്‍ രണ്ട് തൊഴിലാളികള്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും അതിനെ ന്യായീകരിച്ചത് പോലീസിന്റെ മനോവീര്യം തകര്‍ക്കാനാവില്ലെന്ന് പറഞ്ഞാണ്. ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്ന പോലീസ് നരനായാട്ടുകള്‍ പിണറായി സര്‍ക്കാരും സിപിഎമ്മും ന്യായീകരിക്കുന്നത് ഇതേ സമീപനത്തിന്റെ പുറത്താണ്.
ഇക്കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും ആഭ്യന്തര വകുപ്പിനെച്ചൊല്ലിയായിരുന്നു. അലന്‍ - താഹമാരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം നോക്കാം. യുഎപിഎ കരിനിയമമാണെന്ന കാര്യത്തില്‍ അന്നത്തെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ, പിണറായി വിജയന്‍ സര്‍ക്കാര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍ കണക്കിലെടുത്തതേയില്ല. പോലീസിന്റെ ആത്മവീര്യം കെടുത്താനാവില്ലെന്ന 1959 ലെ ആ നയമാണ് സര്‍ക്കാര്‍ പൊടി തുടച്ചെടുത്തത്. പോലിസിനെതിരെ തിരിഞ്ഞാല്‍ അത് മുഖ്യമന്ത്രിയെ നോവിച്ചേക്കും എന്ന പേടിയില്‍ സിപിഎം കേരള ഘടകം ഒന്നടങ്കം പോലീസ് നടപടിയെ പിന്തുണച്ചു. വരാപ്പുഴയില്‍ ശ്രീജിത്തും അനന്തപുരിയില്‍ ഉദയകുമാറും പോലീസ് കസ്റ്റഡിയില്‍ മരിച്ചപ്പോഴും ഭരണകൂടത്തിന് മുഖ്യം പോലീസിന്റെ മനോവീര്യമായിരുന്നു.
ഇതേ പോലീസാണ് തെന്മലയിലെ ദളിത് യുവാവിനേയും അയാളുടെ ഒമ്പത് വയസ്സുള്ള മകളേയും പൊതു ജനമദ്ധ്യേ മോഷ്ടാക്കളെന്ന് മുദ്ര കുത്തി പീഡിപ്പിച്ചത്. ഒരു വനിതാ പോലീസ് ഓഫീസറുടെ മൊബൈല്‍ ഫോണ്‍ കാണാതായതായിരുന്നു ഈ സംഭവത്തിന് കാരണം. അച്ഛനും മകള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തിരുവനന്തപുരത്ത് തന്നെ വീട്ടുജോലിക്ക് നിന്നിരുന്ന യുവതിയെ മാലമോഷണക്കേസില്‍ കുടുക്കിയതും മറക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് വരുന്നവര്‍ ഏറിവന്നാല്‍ നേരിടുന്ന നടപടി സ്ഥലം മാറ്റമായിരിക്കും. അതേസമയം അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരനെ കൊലപ്പെടുത്തിയ ഡെറക് ഷൊവിന്‍ എന്ന പോലിസുകാരന് 22 കൊല്ലം തടവ് ശിക്ഷ വിധിക്കപ്പെട്ടത് ഈ ഘട്ടത്തില്‍ ഒരു ഓര്‍മ്മപ്പെടുത്തലാവുന്നു.
വെല്ലുവിളിക്കപ്പെടുന്നത് ജനാധിപത്യം
കേരളം ഉള്‍പ്പെടുന്ന ഇന്ത്യ ഒരു പോലീസ് രാജല്ല. പോലീസുകാരല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരാണ് ജനാധിപത്യത്തില്‍ ഭരണം മുന്നോട്ടുകൊണ്ടുപോവുന്നത്. ഈ സര്‍ക്കാരിന്റെ ഒരു ഭാഗം മാത്രമാണ് പോലീസുകാര്‍. നമ്മുടെ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ ഒരു സംശയവുമുണ്ടായിരുന്നില്ല. 1946 സെപ്റ്റംബറില്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നെഹ്രുവായിരുന്നു വൈസ്റോയിയുടെ എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ വൈസ്പ്രസിഡന്റ്. അതായത് നമ്മുടെ ഇന്നത്തെ പ്രധാനമന്ത്രിയുടെ പൂര്‍വ്വ രൂപം. വൈസ് പ്രസിഡന്റെന്ന നിലയില്‍ നെഹ്രു ആദ്യം ചെയ്തത് കൗണ്‍സിലില്‍ പ്രതിരോധ വകുപ്പിന്റെ ചുമതലക്കാരനായി സിവിലിയനായ ബല്‍ദേവ് സിങ്ങിനെ കൊണ്ടുവരിക എന്നതായിരുന്നു. അതുവരെ പട്ടാള മേധാവി ആയിരുന്നു ഈ സ്ഥാനത്ത്. പ്രതിരോധ മന്ത്രാലയം ഭരിക്കേണ്ടത് ജനപ്രതിനിധിയായ സിവിലയനായിരിക്കണമെന്ന് നെഹ്രുവിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു.
1947 ഓഗസറ്റ് 15ന് ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പൊതു ജനത്തിന് പ്രവേശനം നല്‍കേണ്ടതില്ലെന്ന് പറഞ്ഞ് അന്നത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ റോബ് ലൊക്കാര്‍ട്ട് ഉത്തരവിട്ടപ്പോള്‍ ആ ഉത്തരവ് റദ്ദാക്കുന്നതിന് നെഹ്രുവിന് രണ്ടു വട്ടം ആലോചിക്കേണ്ടിയിരുന്നില്ല. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോള്‍ ഔദ്യോഗിക വസതിയായി നെഹ്രു തിരഞ്ഞെടുത്തത് അതുവരെ പട്ടാള മേധാവി താമസിച്ചിരുന്ന ഫ്ളാഗ്സ്റ്റാഫ് ഹൗസായിരുന്നു എന്നതും മറക്കരുത്. ഈ വീടാണ് പിന്നീട് തീന്‍മൂര്‍ത്തി ഭവന്‍ എന്നറിയപ്പെട്ടത്.
കാക്കിയിട്ട പോലീസുകാര്‍ അധികാരത്തിന്റെ പ്രത്യക്ഷ ചിഹ്‌നമാണ്. പൊതുവഴിയിലൂടെ ചീഫ് സെക്രട്ടറിയും പോലിസ് കോണ്‍സ്റ്റബിളും നടന്നുപോയാല്‍ ജനം ബഹുമാനിക്കുക പോലിസുകാരനെയായിരിക്കും. ആ കോണ്‍സ്റ്റബിളിന്റെ അങ്ങേയറ്റത്തുള്ള ഡിജിപിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് വരെ എഴുതാന്‍ അധികാരമുള്ള വ്യക്തിയാണ് തൊട്ടടുത്തുള്ളതെന്ന് ജനം തിരിച്ചറിയണമെന്നില്ല. രണ്ട് വര്‍ഷം മുമ്പ് മാതൃഭൂമിയില്‍ മുന്‍ ഡിജിപി എ ഹേമചന്ദ്രന്‍ ഒരു ലേഖനം എഴുതിയിരുന്നു. 'അതാവണം പോലീസ് 'എന്ന ശീര്‍ഷകത്തിലുള്ള ലേഖനത്തില്‍ ഹേമചന്ദ്രന്‍ ആവര്‍ത്തിച്ചു പറഞ്ഞത് ഇതായിരുന്നു : '' മനുഷ്യന്റെ അന്തസ് പൂര്‍ണ്ണമായും പാലിക്കുന്ന സേവനത്തിന്റെ ഉപകരണമാവണം കേരള പോലിസ്.'' അന്തസ് എന്നു പറഞ്ഞാല്‍ ആത്മാഭിമാനം എന്നു കൂടി വായിക്കണം. ഒരാളും ഒരാള്‍ക്കും പിന്നിലല്ലെന്ന തിരിച്ചറിവ്. 2005 ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തെക്കുറിച്ചും ഇവിടെ പറയേണ്ടതായുണ്ട്. അധികാരി വര്‍ഗ്ഗത്തിനെ നിലയ്ക്ക് നിര്‍ത്താന്‍ സാധാരണ പൗരസമൂഹത്തിനെ ശാക്തീകരിക്കുന്ന ഈ നിയമമാണ് ഇപ്പോള്‍ പോലസീന്റെ കിരാത വാഴ്ചയെ ചോദ്യം ചെയ്യുന്നതില്‍ സുജിത്തിനെപോലുള്ളവര്‍ക്ക് തുണയാവുന്നത്.
ജനാധിപത്യത്തില്‍ അടിമയും ഉടമയുമില്ല. രാജാവും പ്രജയുമില്ല. പോലിസ് തന്നെ അന്വേഷകരും വിധികര്‍ത്താക്കളും ശിക്ഷ നടപ്പാക്കുന്നവരും എന്ന സ്ഥിതി സംജാതമാവുമ്പോള്‍ നിയമവാഴ്ചയുടെ കടയ്ക്കലാണ് കത്തി വീഴുന്നത്. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന് തുടര്‍ച്ചയായി വീഴ്ചകളുണ്ടാവുന്നതിന്റെ അര്‍ത്ഥം അതിന്റെ മുകളിലുള്ളവര്‍ അവരുടെ കടമകളിലും ചുമതലകളിലും പരാജയപ്പെടുന്നുവെന്ന് തന്നെയാണ്. വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ 'ബഹു' മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ലെങ്കില്‍ അദ്ദേഹത്തെ തിരുത്താന്‍ സിപിഎമ്മിനാവണം. അതിന് വൈകുന്ന ഓരോ നിമിഷവും ജനാധിപത്യ കേരളം അസ്ഥിരമായിക്കൊണ്ടേയിരിക്കും.
Content Highlights: Examining police brutality in Kerala, exploring its connection to state power, political influence
Published: 13 Sept 2025, 11:36 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented