പുരാതന കാലത്തുനിന്ന് നമുക്ക് പകര്‍ന്നുകിട്ടിയ ആഘോഷങ്ങളാണ് പൂരങ്ങളും പെരുന്നാളുകളും നേര്‍ച്ചകളും. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന താള-വാദ്യ-വര്‍ണ വിസ്മയങ്ങള്‍. കേരളത്തിന്റെ ആത്മാവും ഹൃദയവും അവ പ്രതിഫലിപ്പിക്കുന്നു. ഭക്തിയും ആഘോഷവും സമന്വയിക്കുന്ന ഇടം. ഓരോ പൂരങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നേര്‍ച്ചകള്‍ക്കും സവിശേഷമായ ചടങ്ങുകളും പ്രത്യേകതകളുമുണ്ട്. ചില പൂരങ്ങള്‍ 1000-2000 വര്‍ഷങ്ങളായി നടത്തിവരുന്നവയാണത്രെ. 2000 വര്‍ഷം പഴക്കമുള്ള ആറാട്ടുപുഴ പൂരം ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയെങ്കിലും കഴിഞ്ഞ 1400 വര്‍ഷത്തിലധികം കാലമായി നടന്നുവരുന്നുണ്ടെന്ന് പെരുവനം ക്ഷേത്രരേഖകള്‍ പറയുന്നു. ഒരിക്കല്‍ ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്നതില്‍ വിലക്കു കല്‍പ്പിച്ചതില്‍ കുപിതനായ ശക്തന്‍ തമ്പുരാന്‍ തന്റെ വടക്കുന്നാഥനെ ആസ്ഥാനമാക്കി എട്ട് ദേശങ്ങളെ ഉള്‍പ്പെടുത്തി തൃശ്ശൂര്‍ പൂരം രൂപകല്പന ചെയ്തു.
ജാതി-മത-ദേശ ഭേദമില്ലാതെ കേരളീയം എന്ന ഒറ്റ വികാരത്തില്‍ നമ്മെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നവയാണ് പൂരങ്ങളും പെരുന്നാളുകളും നേര്‍ച്ചകളുമൊക്കെ. സമൂഹത്തിലെ വലിയൊരു വിഭാഗം കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഒരു കാലത്തു നിന്ന് തലമുറകളായി കൈമാറിക്കിട്ടിയ പാരിതോഷികങ്ങളാണ് ഉത്സവാഘോഷങ്ങള്‍. കര്‍ഷകര്‍ക്ക് തങ്ങളുടെ പ്രയത്‌നഫലമായി കിട്ടിയ ഉല്‍പ്പന്നങ്ങളുടെ വിപണനമേളകള്‍ കൂടിയായിരുന്നു കൊയ്ത്തുല്‍സവങ്ങള്‍. ആചാരങ്ങളുടെ ഭാഗമായി നെല്ലും അരിയും മലരും പൊരിയും നാളികേരവുമടക്കം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍സവച്ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയതും അതുകൊണ്ടാവണം.
മധ്യകേരളത്തിലെ ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന പൂരങ്ങളില്‍ മുഖ്യ ആകര്‍ഷണം ആനയെഴുന്നള്ളിപ്പ് തന്നെയാണ്. ഭാരതത്തിലെ വിവിധ പ്രദേശങ്ങളിലെ ആചാരങ്ങളും ഉത്സവങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. കേരളത്തില്‍ ഏറ്റവും വലിയ പൂരങ്ങള്‍ നടത്തപ്പെടുന്നത് മധ്യകേരളത്തിലാണ്. ഈ പൂരങ്ങളിലൊക്കെ ആനയെഴുന്നള്ളിപ്പ് പ്രധാനവുമാണ്. ഗുരുവായൂര്‍ ഉത്സവത്തില്‍ ആനയോട്ടം ഒരു മുഖ്യ ചടങ്ങാണ്. എന്നാല്‍ ആനയെഴുന്നള്ളിപ്പ് പതിവില്ലാത്ത ചില ക്ഷേത്രങ്ങളുമുണ്ട് കേരളത്തില്‍. ചില പൂരങ്ങളില്‍ പിടിയാനകളെ മാത്രമെ എഴുന്നള്ളിക്കുകയുള്ളൂ.

മധ്യകേരളത്തിലെ പല മുസ്ലീം ജാറങ്ങളിലും ദര്‍ഗകളിലും ക്രൈസ്തവ ദേവാലയങ്ങളിലും ആനയെഴുന്നെള്ളിപ്പ് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരങ്ങളാണ്. ചാവക്കാട് മണത്തല പള്ളിയിലെ ചന്ദനക്കുടം നേര്‍ച്ച, കാളിയാറോഡ് പള്ളിയിലെ നേര്‍ച്ച, കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദിലെ ചന്ദനക്കുടം നേര്‍ച്ച, കോട്ടയ്ക്കല്‍ പള്ളിയിലെ വാര്‍ഷിക ഉറൂസ്, കോട്ടയം സെന്റ് മേരീസ് പള്ളി, തൃശ്ശൂര്‍ സീറോ മലബാര്‍ പള്ളി, നോര്‍ത്ത് പറവൂര്‍ സെന്റ് ജോസഫ് പള്ളി, പഴഞ്ഞി, അടുപ്പുട്ടി തുടങ്ങി കുന്നംകുളം മേഖലയിലെ പെരുന്നാളുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
മണത്തല നാലകത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ചന്ദനക്കുടം നേര്‍ച്ചയുടെ പ്രധാന ചടങ്ങായ താബൂക്ക് കാഴ്ചയില്‍ ആനയെഴുന്നെള്ളിപ്പിനൊപ്പം അര്‍ബനമുട്ട്, ദഫ്മുട്ട്, വാദ്യമേളങ്ങള്‍ എന്നിവയും അകമ്പടിയായി ഉണ്ടാകാറുണ്ട്. ആനപ്പുറത്തിരുന്നാണ് കൊടിയേറ്റ് നടത്തുന്നത്. ചങ്ങനാശ്ശേരി പുത്തൂര്‍ പള്ളി ചന്ദനക്കുടം നേര്‍ച്ച ഹിന്ദു-മുസ്ലീം മൈത്രിയുടെ ഒരു വലിയ ഉദാഹരണമാണ്. നേര്‍ച്ചയുടെ ആനയെഴുന്നെള്ളിപ്പ് കാവില്‍ അമ്പലത്തിനു മുന്നില്‍ എത്തുമ്പോള്‍ അമ്പലത്തില്‍ നിന്നും പണക്കിഴി നല്‍കുന്ന ചടങ്ങ് ഇപ്പോഴും നടന്നുവരുന്നതാണ്. ഡിസംബര്‍ 25, 26 തിയ്യതികളിലാണ് ഈ നേര്‍ച്ച നടന്നു വരുന്നത്. മണര്‍കാട് സെന്റ് മേരീസ് പള്ളിയിലെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന പെരുന്നാളിന്റെ ഒരു അവിഭാജ്യ ഘടകമാണ് ആനയെഴുന്നെള്ളിപ്പ്.
ഉത്സവങ്ങള്‍, പെരുന്നാളുകള്‍, നേര്‍ച്ചകള്‍ എന്നിവയിലെ ആനയെഴുന്നെള്ളിപ്പുകളും അതിനോടനുബന്ധിച്ചുള്ള വാദ്യഘോഷങ്ങളും ആ പ്രദേശത്തെ ജനതയെ ജാതി-മത-ഭേദ വ്യത്യാസമില്ലാതെയും സ്വദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളേയും ഒരുപോലെ ആകര്‍ഷിക്കുന്ന ചടങ്ങുകളാണ്. ഇതിനു സമാനതയുള്ള മനോഹരമായ കാഴ്ചകള്‍ ലോകത്ത് വേറൊരിടത്തും കാണുവാന്‍ സാധിക്കാത്തതുമാണ്.
ആനയെഴുന്നള്ളിപ്പുകള്‍ കേരളത്തില്‍ അടുത്തകാലത്ത് ഉത്സവങ്ങളുടെ ഭാഗമായതാണെന്ന് ചിലര്‍ക്ക് ഒരു തെറ്റായ ധാരണയുണ്ട്. ഭാര്‍ഗവതന്ത്രം, നാരദീയ സംഹിത, ശ്രീ പ്രശ്‌നസംഹിത, വൈഖാനസാഗമകോശം എന്നീ പ്രാചീന ഗ്രന്ഥങ്ങളില്‍ അതേക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കും നേര്‍ച്ചകള്‍ക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രബന്ധിതമായ അനുഷ്ഠാന രീതികളാണ് പൂരങ്ങളില്‍ പാലിച്ചുവരുന്നത്. ആനയെഴുന്നള്ളിപ്പും, കുടമാറ്റവും, മേളവും, വെടിക്കെട്ടുമൊക്കെ കേരളത്തിലെ പൂരങ്ങളുടെ അഭിവാജ്യ ഘടകങ്ങളായി എത്രയോ വര്‍ഷങ്ങളായി ഇവിടെ തുടര്‍ന്നുവരുന്നു.
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2003ല്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുകയും 2015ല്‍ അതില്‍ ചില ഭേദഗതികള്‍ വരുത്തുകയും ചെയ്തിരുന്നു. വ്യക്തമായ ആ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഇവിടെ പൂരാഘോഷങ്ങള്‍ നടത്തിവരികയായിരുന്നു. അടുത്തകാലത്ത് വന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടും അതിനെ തുടര്‍ന്നുണ്ടായ ഹൈക്കോടതി ഉത്തരവുമാണ് പൂരോഘോഷക്കമ്മിറ്റികളുടെയും പെരുന്നാള്‍, നേര്‍ച്ച കമ്മിറ്റിക്കാരുടേയും ലക്ഷക്കണക്കിന് വരുന്ന പൂരപ്രേമികളുടെയും വിശ്വാസികളുടേയും മനസ്സില്‍ ആശങ്ക പടര്‍ത്തിയത്. അമിക്കസ് ക്യൂറിയുടെ പല നിര്‍ദേശങ്ങളോടും ശക്തമായിതന്നെ വിയോജിക്കേണ്ടി വരുന്നു എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്ത പല നിര്‍ദേശങ്ങളും അതിലുണ്ട്. ഒരുദാഹരണത്തിന് - 120 കി.മീ. വേഗതയില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ള പാതയില്‍ ആനയെ കയറ്റിയ വാഹനത്തിന് 25 കി.മീ. വേഗതയേ പാടുള്ളൂ.

ഇത്തരം അപ്രായോഗിക നിര്‍ദേശങ്ങള്‍ നടപ്പിലാക്കേണ്ടി വരുമ്പോള്‍ അത് പൂരം നടത്തിപ്പിനെയും കൂടാതെ പൂരക്കമ്മിറ്റിക്കാരേയും പൂരപ്രേമികളേയും മാത്രമല്ല ആയിരക്കണക്കിന് കുടുംബങ്ങളേയും ബാധിക്കും. വാദ്യം, ചമയം, ആന, പന്തല്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് അവരില്‍ അധികവും. ഉത്സവകാലത്തെ ഏതാനും മാസത്തെ വരുമാനം കൊണ്ടാണ് ആ കുടുംബങ്ങള്‍ അടുത്ത പൂരക്കാലം വരെ ഉപജീവനം നടത്തുന്നത്. അച്ചടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഓട്ടോ-കാര്‍ തൊഴിലാളികള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, തെരുവു കച്ചവടക്കാര്‍, ബലൂണ്‍ വില്‍പനക്കാര്‍, കൈനോട്ടക്കാര്‍ ഉള്‍പ്പെടെയുള്ള ഉത്സവപ്പറമ്പുകളിലെ സാധാരണ കച്ചവടക്കാര്‍ തുടങ്ങി പല മേഖലകളിലുള്ളവരെയും ഇത് ബുദ്ധിമുട്ടിലാക്കും.
ഒരു ലക്ഷം പേര്‍ നേരിട്ടും രണ്ടുലക്ഷം പേര്‍ പരോക്ഷമായും ജോലി ചെയ്തിരുന്ന വെടിക്കെട്ട് നിര്‍മാണ മേഖലയില്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഈ മേഖലയില്‍ ജോലി ചെയ്തിരുന്നവരുടെ എണ്ണം 25000 ആയി ചുരുങ്ങിയിട്ടുണ്ടത്രെ. കേരളത്തില്‍ 350 ആനകളും, ഓരോ ആനക്കും ശരാശരി നാല് പാപ്പാന്മാരുമുണ്ടെന്നാണ് കണക്ക്. എഴുന്നള്ളിപ്പില്‍ 3-4 പേര്‍ ആനപ്പുറത്ത് കയറുന്നവരുമുണ്ടാവും. വാദ്യ മേഖലയില്‍ ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയെല്ലാം ഈ നിയന്ത്രണങ്ങള്‍ ബാധിക്കും.
ദൂരപരിധി നിയമങ്ങള്‍ നടപ്പിലായാല്‍ പല ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ഉത്സവങ്ങളും പെരുന്നാളുകളും നടത്താനാവാത്ത അവസ്ഥ വരും. തീവെട്ടിയില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം, ജനങ്ങളില്‍ നിന്ന് ആനകള്‍ക്ക് എട്ടു മീറ്റര്‍ അകലം, രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ റോഡിലൂടെയുള്ള ആന എഴുന്നള്ളിപ്പ് നിരോധനം എന്നീ നിയമങ്ങളും പൂരം, പെരുന്നാള്‍, നേര്‍ച്ച നടത്തിപ്പില്‍ പ്രശ്‌നങ്ങളുണ്ടാക്കും. നൂറു ശതമാനം സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കിയാലും ചില ഒറ്റപ്പെട്ട അപകടങ്ങളോ പാളിച്ചകളോ ഉണ്ടായെന്നുവരാം. അങ്ങനെയൊക്കെയുള്ള സാഹചര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തന്നെയല്ലേ ആയിരക്കണക്കിന് വിദേശികളടക്കമുള്ള ലക്ഷക്കണക്കിന് പൂരപ്രേമികള്‍ ഇക്കാലമത്രയും പൂരപ്പറമ്പുകളിലേക്ക് എത്തിക്കൊണ്ടിരുന്നത്? ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സഹായകരമാവുന്നുണ്ടാവണം.
ഫൈബര്‍ ആനകളെ അണിയിച്ചൊരുക്കി റോബോട്ടിക് എഴുന്നെള്ളിപ്പുകള്‍ ഒരുക്കിയാല്‍ അതെത്രപേരെ ആകര്‍ഷിക്കുന്നമെന്ന് വ്യക്തമല്ല. അനിവാര്യമായ, കാലോചിതമായ മാറ്റങ്ങള്‍ നടപ്പാക്കുന്നതില്‍ ആര്‍ക്കും വിയോജിപ്പുണ്ടാവുമെന്ന് തോന്നുന്നില്ല. നാട്ടാനകളുടെ പരിചരണത്തിലും ആരോഗ്യപരിപാലനത്തിലും കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതാണ്. പൈതൃകം (ഹെറിറ്റേജ്) പലപ്പോഴും സാമൂഹ്യനീതിയുമായി ഒത്തുചേര്‍ന്ന് പോയെന്ന് വരില്ല. യുക്തിയുടെയും സുരക്ഷയുടെയും അളവുകോലുകള്‍ അക്കാര്യങ്ങളില്‍ ഉപയോഗിക്കാനുമാവില്ല. നാട്ടാനകള്‍ക്ക് കരുതലോടെയുള്ള പരിചരണം, പോഷക സമ്പുഷ്ടമായ ഭക്ഷണം, വൈദ്യസഹായം, ഓരോ വര്‍ഷവും ആയുര്‍വേദ മരുന്നുകള്‍ക്കൊപ്പം സുഖചികിത്സ, മതിയായ വിശ്രമം എന്നിവയൊക്കെ ലഭിക്കുന്നുണ്ടെന്നും അതു കൊണ്ടുതന്നെ നാട്ടാനകളുടെ ആയുര്‍ദൈര്‍ഘ്യം കാട്ടാനകളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ മേഖലയില്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി നല്‍കി പരിപാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സ്വാഗതാര്‍ഹമാണ്.
Key Points:
- New regulations threaten traditional Kerala festivals.
- Concerns about the impact on livelihoods and cultural heritage.
- Debate over practicality and enforcement of new rules.
- Importance of elephant welfare and sustainable practices.
- The role of festivals in Kerala`s economy and social fabric.
Content Highlights: Concerns arise over Kerala`s festival traditions, especially elephant processions
Published: 28 Nov 2024, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented