
തമിഴ്നാട്ടിലെ മധുരയിൽനിന്നു കയ്യെത്തുംദൂരത്തുള്ള കീഴടി ഗ്രാമം ഇന്നു ലോകപ്രശസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആർക്കിയോളജിസ്റ്റുകളും ചരിത്രകാരന്മാരും മാധ്യമപ്രവർത്തകരും കീഴടി സന്ദർശിക്കുന്നു. കിഴക്ക് - മണലൂർ, പടിഞ്ഞാറ്- കൊന്തഗൈ, തെക്ക്- അഗരം, വടക്ക്- വൈഗനദി ഇങ്ങനെ അതിർത്തികളുള്ള കീഴടിയിലെ നാഗരികത സംഘകാലകൃതികളിൽ ആവിഷ്‌കൃതമായ കാണുന്ന നാഗരികതയുടെ പ്രത്യക്ഷ തെളിവുകളാണെന്നു ആർക്കിയോളജി വിദഗ്ധർ വിലയിരുത്തുന്നു.
രണ്ടാം നഗരവത്ക്കരണം
ഉത്ഖനനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ 13 മീറ്റർ നീളമുള്ള മതിൽ കണ്ടെത്തിയിരുന്നു. ഇവ കെട്ടുന്നതിനു രണ്ടുതരം ചുട്ട ഇഷ്ടികകൾ ഉപയോഗിച്ചിട്ടുണ്ട്. 38 x 23 x 6 സെന്റിമീറ്റർ, 38 x 26 x 6 സെന്റിമീറ്റർ അളവുകൾ രേഖപ്പെടുത്തിയ ഇവ, ഹാരപ്പൻ ഉത്ഖനനത്തിൽ കണ്ടെടുത്ത ഇഷ്ടികകളുടെ ഗുണനിലവാരമുള്ളതും അതിനേക്കാൾ വലിപ്പമുള്ളവയുമാണ്. മണ്ണ്, കുമ്മായം, ഇഷ്ടിക ഇവയാണു കെട്ടിട നിർമ്മാണ സാമഗ്രികൾ, മേൽപ്പുര ഓടുകൾ പാകിയതായും വെള്ളം ഒലിച്ചിറങ്ങുന്നതിനുള്ള പാത്തികൾ പിടിച്ചതായും മനസ്സിലാക്കി. 2.02 മീറ്റർ ആഴമുള്ള എട്ടു റിങ്ങുള്ള വളയകിണറുകൾ, സംഘകാലകൃതിയിലെ വിവരണങ്ങൾക്കൊത്തു നിൽക്കുന്ന മൺപാത്രങ്ങൾ, ഒരു കേടുപാടുമില്ലാത്തവയടക്കം കണ്ടെത്തി. സ്വർണാഭാരണങ്ങൾ, ചെമ്പു നിർമ്മിത വസ്തുക്കൾ, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങളുടെ ഭാഗങ്ങൾ, ടെറകോട്ടയിൽ നിർമ്മിച്ച ചതുരംഗകരുക്കൾ വിവിധതരം മുത്തുകൾ എന്നിവ കണ്ടെത്തിയ പുരാവസ്തുക്കളിൽ ഉൾപ്പെടുന്നു.
മൺപാത്രങ്ങളിൽ കണ്ട എഴുത്തിലെ ലിപികൾ തമിഴകത്തിലെ പ്രാചീനജനത സാക്ഷരതയുള്ളവരാണെന്നു വെളിവാക്കി. കേരളവും തമിഴുനാടുമുൾപ്പെടുന്ന തമിഴകത്തെ ആദിമജനത ഗോത്രവർഗക്കാർ മാത്രമായിരുന്നുവെന്നും ബ്രാഹ്‌മണരുടെ വരവോടെയാണു ഈ ദേശങ്ങൾ സംസ്‌കാരപൂർണ്ണമായതെന്നുമുള്ള ചരിത്രധാരണയെ ഇതു തിരുത്തിക്കുറിക്കുന്നു. അശോകലിഖിതങ്ങളിൽ അടയാളപ്പെട്ട ബ്രാഹ്‌മലിപികളേക്കാൾ (ബി.സി.ഇ. 300) പ്രാചീനമായ തമിഴ്-ബ്രാഹ്‌മി ലിപികളുടെ സാന്നിധ്യമാണ് ഇവ അറിയിച്ചത്. എല്ലാം ചേർന്നു ഇന്ത്യയുടെ നിലവിലുള്ള രാഷ്ട്രചരിത്രം തിരുത്തിയെഴുതാൻ പര്യാപ്തമായ പുരാവസ്തു തെളിവുകൾ കീഴടിയിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഉത്ഖനനത്തിലൂടെ ലഭ്യമായിരിക്കുന്നു.
ശിവഗംഗ ജില്ലയുടെ മധുര അതിർത്തിയോടടുത്തു സ്ഥിതി ചെയ്യുന്ന കീഴടി (കീളടി)യിൽ 2600 വർഷങ്ങൾക്കു മുൻപു സജീവമായി നിലനിന്ന ഒരു നഗരസംസ്‌കാരത്തിന്റെ തെളിവുകളാണ് ഇവ നൽകുന്നത്. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയും (എഎസ്ഐ) തമിഴ്നാട് ആർക്കിയോളജി ഡിപ്പാർട്ട്മെന്റും (ടിഎൻഎഡി) പല ഘട്ടങ്ങളിലായി നേതൃത്വം നൽകിയ ഉത്ഖനനത്തിൽനിന്നു ലഭിച്ച പുരാവസ്തു തെളിവുകൾ ബി.സി.ഇ. ആറാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനുമിടിയിലെ കാലയളവിലേതാണെന്ന് നിശ്ചയിക്കാമെന്ന് ടിഎൻഎഡി പ്രസ്താവിച്ചു. ഹാരപ്പൻ നാഗരികതയുടെ തകർച്ചയ്ക്കു ശേഷം ഇന്ത്യാചരിത്രത്തിലെ രണ്ടാം നഗരവത്ക്കരണം സംഭവിച്ചത് ബിസിഇ 600-നും ബിസിഇ 300-നുമിടക്കുമാണെന്നാണ് ഇതുവരെയുള്ള തീർപ്പ്. പ്രധാനമായും ഇന്നത്തെ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങളിൽ, വിശുദ്ധനദി ഗംഗയുടെ കരയിൽ സംഭവിച്ച രണ്ടാം നഗരവത്ക്കരണത്തിനു സമാന്തരമായോ അതിനു മുൻപായോ തമിഴകത്ത് രണ്ടാം നഗരവത്ക്കരണം നടന്നിരുന്നുവെന്നതാണ് കീഴടി ഉത്ഖനനം പുറത്തുകൊണ്ടുവന്ന തെളിവുകൾ കാണിക്കുന്നത്.
എഎസ്ഐ നിർദേശപ്രകാരം സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് അമർനാഥ് കൃഷ്ണയുടെ നേതൃത്വത്തിലുമുള്ള പുരാവസ്തു വിദഗ്ദ്ധരുടെ സംഘമാണ് കീഴടി ഉത്ഖനനത്തിന് നേതൃത്വം നൽകിയത്. 2014-ൽ തുടങ്ങിവെച്ച സർവ്വെയിൽ വൈഗനദിയുടെ തീരപ്രദേശത്ത് കീഴടി ഉൾപ്പടെ 293 സ്ഥലങ്ങളിൽ പുരാവസ്തു അവശിഷ്ടങ്ങളുടെ സാധ്യത സംഘം മനസ്സിലാക്കുകയും 2014-15 ൽ ഉത്ഖനനം തുടങ്ങുകയും ചെയ്തു. തുടർന്ന് കീഴടിയിലെ പള്ളിച്ചന്തൈ തിടലിൽ നിർണ്ണായക പുരാവസ്തുശേഖരം കണ്ടെത്തുകയും ചെയ്തു. 2017-ൽ ഈ പ്രദേശത്തു നിന്നു ലഭിച്ച കരിയുടെ കാർബൺ ഡേറ്റിങ്ങ് അത് ബി.സി.ഇ 200-ലേതാണെന്നു സ്ഥിരീകരിച്ചു. തുടർന്നുള്ള ഘട്ടങ്ങളിൽ ലഭിച്ചവയുടെ പരിശോധനകൾ സംസ്‌കാരത്തിന്റെ കാലഗണന പുറകിലേയ്ക്കു കൊണ്ടുപോയി. പുരാതന സംസ്‌കാര അവശിഷ്ടങ്ങളിൽ ചിലതിന് ബി.സി.ഇ. ആറാം നൂറ്റാണ്ടുവരെ പഴക്കമുണ്ടെന്ന് ബീറ്റ അനലറ്റിക്സ് ലാബ് (അമേരിക്ക) നടത്തിയ ആക്സിലേറ്റർ മാസ് സ്പെക്ട്രോമെട്രി ഡേറ്റിംഗ് (AMS) പ്രകാരം വെളിവായി. ഈ കാലഗണന എട്ടാം നൂറ്റാണ്ടുവരെ പുറകോട്ടു പോകാമെന്നു ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.
നിഗമനങ്ങൾ
പുരാവസ്തുഗവേഷകരുടെ സുപ്രധാനമായ കണ്ടെത്തലുകളിൽനിന്നു എത്തിച്ചേരാവുന്ന നിഗമനങ്ങൾ ഇവയാണ്. ഒന്ന്: സംഘകാവ്യങ്ങളിലൂടെ വായിച്ച് ആഹ്ലാദിച്ചിരുന്ന സംഘകാല സംസ്‌കൃതി ഭാവനയല്ല; ഒരു യാഥാർത്ഥ്യമായിരുന്നുവെന്നും അവയുടെ രചനാ കാലഗണന ഇന്നു ധരിച്ചിരിക്കുന്നതിനേക്കാൾ പുറകിലേയ്ക്കു പോകാമെനുള്ളതുമാണ് ഒന്നാമത്തെ വസ്തുത.
രണ്ട്: മൂവായിരം വർഷങ്ങൾക്കു മുമ്പ് തന്നെ വൈഗ നദീതടത്തിൽ സംസ്‌കാരസമ്പന്നരായ ഈ നാഗരികജനത ജീവിച്ചിരുന്നു. ഈ സമൂഹത്തിനു എഴുത്തും വായനയും അറിയാമായിരുന്നു. ഇവിടെനിന്നു കണ്ടെത്തിയ ലിപിക്ക് സിന്ധുനദീതട സംസ്‌കൃതിയിലെ പ്രാചീന ലിപിയുമായി സാമ്യമുണ്ട്.
മൂന്ന്: ആര്യാവർത്തം കേന്ദ്രമാക്കി വളർന്ന, സംസ്‌കൃതം ഔദ്യോഗിക ഭാഷയായ ആർഷഭാരതസംസ്‌കാര നാഗരികതയേക്കാൾ പ്രാചീനത അവകാശപ്പെടാം ദ്രാവിഡ സംസ്‌കൃതിക്കെന്ന് പര്യവേക്ഷണത്തിലെ തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു.
തമിഴകത്തിന്റെ അഭിമാനം വാനോളമുയർത്തിയ കണ്ടെത്തലുകൾ തമിഴ് ജനതയ്ക്ക് നൽകിയ ആവേശം എത്ര വലുതാണെന്ന് അന്നത്തെ മുഖ്യമന്ത്രി സ്റ്റാലിന്റെ വാക്കുകൾ തന്നെ. ഇന്ത്യാ ചരിത്രരചനയുടെ ആരംഭം തമിഴ്നാടിനെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ലെന്നും 5300 വർഷം മുൻപെ തമിഴകത്ത് ഇരുമ്പുയുഗം ആരംഭിച്ചുവെന്നും പ്രാചീന സാഹിത്യത്തിലെ വസ്തുതകൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടന്നും അത്യാഹ്ലാദത്തോടെ അദ്ദേഹം അവകാശപ്പെട്ടു. തമിഴ്നാട് പുരാവസ്തു വകുപ്പു പ്രസിദ്ധീകരിച്ച ഉത്ഖനനരേഖയുടെ പ്രകാശനവേളയിലാണ് മുൻ മുഖ്യമന്ത്രി ഇപ്രകാരം പ്രഖ്യാപിച്ചത്.
ശാസ്ത്രീയ കണ്ടെത്തലുകൾക്കെതിരെ
സിന്ധു നദീതട സംസ്‌കാരത്തിനുശേഷം വികസിതമായ ഒരു നഗരസംസ്‌കാരത്തിന്റെ തെളിവുകളാണ് ഇവിടെനിന്നു ലഭിച്ചത്. സാക്ഷരത, വ്യാപാരം, വ്യവസായം (നെയ്ത്ത്, മുത്ത് നിർമ്മാണം), വിനോദങ്ങൾ, ഡ്രെയിനേജ് അടക്കമുള്ള നഗരാസൂത്രണം എന്നിവയുടെയെല്ലാം തെളിവുകൾ ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ചില ഗോത്രവിഭാഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഹാരപ്പൻ സംസ്‌കാരത്തിനു ശേഷം നാഗരികത തഴച്ചുവളർന്നത് ഗംഗാതടം കേന്ദ്രീകരിച്ചാണെന്നുമുള്ള ആര്യാവർത്ത സിദ്ധാന്തവാദികൾക്കു വലിയ ക്ഷീണമാണ് ഈ കണ്ടെത്തലുകൾ. ഉത്ഖനനം നിർത്തിവെയ്ക്കാൻ കേന്ദ്ര സർക്കാർ എജൻസിയായ എഎസ്ഐ ആവശ്യപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ഇന്ത്യാചരിത്രം ദക്ഷിണേന്ത്യയിൽ നിന്നാരംഭിക്കുകയെന്നത് ആലോചിക്കാൻ പോലും 'ഹിന്ദുത്വ' പക്ഷപാതികളായ ചരിത്രകാരന്മാർക്കു സാധിക്കുന്നില്ലെന്നർത്ഥം.
തുടർ ഉത്ഖനനത്തിന്റെ അനുമതി തേടി അയച്ച കത്തിനൊപ്പം ആകെ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന അമർനാഥ് രാമകൃഷ്ണയുടെ മൂന്നാംഘട്ട റിപ്പോർട്ടിൽ (2017) കേന്ദ്ര ഗവൺമെന്റ് അപകടം മണത്തു. ചരിത്രത്തിന്റെ നേരുകൾ എന്നുമവർക്ക് തലവേദനയാണല്ലോ. പുരാതനകാലം മുതലെ ആരംഭിക്കുന്നുവെന്ന അവകാശമാദമുള്ള ഹിന്ദുത്വത്തിനോ സനാതനധർമ്മത്തിനോ അനുകൂലമായ യാതൊരു തെളിവുകളും അവിടെനിന്നു ലഭിച്ചില്ലെന്നത് ASI ഉദ്യോഗസ്ഥരെ ആശങ്കയിലാഴ്ത്തി.
അനുമതി നൽകിയില്ലെന്നു മാത്രമല്ല ,ഇടക്കാല റിപ്പോർട്ട് തിരുത്തണമെന്നും എഎസ്ഐ ആവശ്യപ്പട്ടു. കീഴടിയിൽനിന്നു കണ്ടെടുത്ത പുരാവസ്തുക്കളുടെ കാലഗണന ബിസിഇ ആറാം നൂറ്റാണ്ടു മുതലാണ്. അതായത് ഇന്നേയ്ക്ക് 2600 വർഷം പിന്നിലെ ചരിത്രമാണ് അവിടെ അനാവരണം ചെയ്യപ്പെട്ടത്. അത് 2300 വർഷത്തെ പഴക്കമേ ഉള്ളൂവെന്നു തിരുത്താനാണ് എഎസ്ഐ ആവശ്യപ്പെട്ടത്. സ്ട്രാറ്റിഗ്രാഫി, ആക്സിലറ്റേർ മാസ്സ് സ്പെക്ട്രോമെട്രി എന്നീ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചാണ് പഴക്കം കണ്ടെത്തിയത്. റേഡിയോ കാർബൺ ഡേറ്റിങ്ങിലെ ആധുനിക രീതിശാസ്ത്രമനുസരിച്ചുള്ള കണ്ടെത്തലാണ് തിരുത്തിയെഴുതാൻ എഎസ്ഐ കേന്ദ്രകാര്യലയം ആവശ്യപ്പെട്ടത്. എന്താണു കാരണം?
കേന്ദ്രസർക്കാരിനെ നയിക്കുന്ന പാർട്ടിയുടെ പ്രത്യയശാസ്ത്രമായ ആര്യമേൽക്കോയ്മ സിദ്ധാന്തത്തിനു ഇടിവു തട്ടുമെന്നതു തന്നെ. ഏറ്റവും പൗരാണികമെന്നു ധരിച്ചുവെച്ചിരിക്കുന്ന വേദങ്ങളുടെ കാലത്തിനു മുൻപോ ഒപ്പമോ വളർന്ന ഒരു വികസിത നാഗരികത - സ്വന്തമായ ഭാഷയും സംസ്‌കാരവും ജീവിതരീതികളും വ്യാപാര-വ്യവസായവുമുള്ളത് ദ്രാവിഡദേശത്തുണ്ടായിരുന്നുവെന്ന കണ്ടെത്തൽ ശാസ്ത്രീയമെങ്കിലും, വേദസംസ്‌കാരത്തിന്റെ വക്താക്കൾക്ക് അസഹ്യമാണ്. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനും വക്രീകരിക്കാനുമുള്ള സംഘപരിവാർ സംഘടനകളുടെ ദീർഘകാല അധ്വാനത്തിനു കിട്ടിയ പ്രഹരമാണ് കീഴടി ഉത്ഖനനം.
അമേരിക്കയിലെ ബീറ്റ അനലറ്റിക്കൽ ലാബിലാണ് 2018-ൽ കീഴടിയിൽനിന്നു ശേഖരിച്ച പുരാവസ്തുശേഖരം പരിശോധിച്ചത്. 353 സെന്റിമീറ്റർ മേൽമണ്ണ് നീക്കി ലഭിച്ച ആറു വസ്തുക്കളാണ് പരിശോധിച്ചത്. ആറു വസ്തുക്കളും ബി.സി.ഇ 580 വരെ പഴക്കമുള്ളതെന്നായിരുന്നു പരിശോധനാഫലം. ഫലത്തിൽ ബി.സി.ഇ. ആറാം നൂറ്റാണ്ടു തന്നെ.
അവിടെനിന്നു ലഭിച്ച കാള, എരുമ, ആട്, മയിൽ തുടങ്ങിയവയുടെ എല്ലുകൾക്കും ഇതേ കാലപ്പഴക്കം തന്നെയെന്നു പരിശോധനകൾ സ്ഥിരീകരിച്ചു. പൂനെയിലെ ഡെക്കാൻ കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധന ഫലവും ഇതു തന്നെയായിരുന്നു. ഇറ്റലിയിലെ പിസ സർവ്വകലാശാലയുടെ എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റിൽനിന്നു ലഭിച്ച ഫലമനുസരിച്ച് ഖനനപ്രദേശത്തുനിന്നു ലഭിച്ച മൺപാത്രങ്ങൾ നിർമ്മിക്കാനുള്ള മണ്ണ് ആ പ്രദേശത്തുതന്നെ കുഴിച്ചെടുത്തതാണെന്നും സ്ഥിരീകരിച്ചു.
ഇങ്ങനെ അന്താരാഷ്ട്ര അംഗീകാരവും പ്രശസ്തിയുമുള്ള സ്ഥാപനങ്ങൾ പരിശോധിച്ചറിഞ്ഞ ശാസ്ത്രീയ കണ്ടെത്തലുകൾ തിരുത്താനും റദ്ദാക്കാനുമാണ് എഎസ്ഐ ആവശ്യപ്പെട്ടത്. തന്റെ റിപ്പോർട്ടിൽ അണുവിട മാറ്റാൻ തയ്യാറാകാതിരുന്ന, ഉത്ഖനനത്തിനു നേതൃത്വം നൽകിയ അമർനാഥിനെ ആസമിലേയ്ക്ക് സ്ഥലം മാറ്റി കൊണ്ടാണ് പ്രതികാരനടപടി ആരംഭിച്ചത്. പര്യവേഷണത്തിനു നൽകാൻ വകുപ്പിൽ ആവശ്യത്തിനു ഫണ്ടില്ലെന്നു കാരണം പറഞ്ഞു ഉത്ഖനനം നിർത്തിവെയ്ക്കുകയും ചെയ്തു.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രവും സർദാർ പട്ടേൽ പ്രതിമയും ശിവജി പ്രതിമയും മറ്റും ഇതേ കാലയളവിൽ ആയിരക്കണക്കിനു കോടി ചെലവിട്ടാണ് നിർമ്മിച്ചതെന്നോർക്കണം. ആദിമകാലം മുതലെ ഹിന്ദുസംസ്‌കൃതി നിലവിലുണ്ടായിരുന്നുവെന്നു തെളിവു സൃഷ്ടിച്ചെടുക്കാൻ ഇതുപോലെ കോടികൾ ചെലവഴിച്ചുള്ള ഉത്ഖനന പ്രോജക്ടുകളാണ് ഉത്തരന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്. അവയിൽ പല സ്ഥലങ്ങളിലും വർഷങ്ങളായി കുഴിച്ചിട്ടും തെളിവുകളൊന്നും ലഭിക്കാത്തവയുമുണ്ട്. കിട്ടിയ ചില തെളിവുകളെ അതിശയോക്തി കലർത്തി അവതരിപ്പിക്കുകയാണു ചെയ്തത്.
ജനരോഷമുയരുന്നു കീഴടിയിലെ ഉത്ഖനനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ അവിടെ സ്ഥിരതാമസക്കാരായിരുന്ന ജനതയുടെ സുപ്രധാന തെളിവുകൾ ലഭിച്ചു. എന്നാൽ അവസാന ഘട്ടം വരെ ഏതെങ്കിലും തരത്തിലുള്ള മതവിശ്വാസത്തിന്റെ ആരാധനാരീതികളുടെയോ, ഒരു ലക്ഷണവും കണ്ടെത്തിയില്ലെന്നതും പുരാവസ്തുവകുപ്പിനെ നിരാശപ്പെടുത്തിയിരിക്കാം.
ഫണ്ടു നിർത്തിവെയ്ക്കുക, സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് അമർനാഥ് രാമകൃഷ്ണയെ സ്ഥലം മാറ്റുക, പകരം പൊതുമരാമത്തു വകുപ്പിൽ നിന്നും ഉത്ഖനനപ്രവർത്തനങ്ങൾക്ക് ഒരു പ്രാഗത്ഭ്യവുമില്ലാത്ത ഒരുദ്യോഗസ്ഥനെ നിയമിക്കുക തുടങ്ങിയവയിലൂടെ കീഴടിയോടു വൈരാഗ്യ ബുദ്ധിയാണു പ്രകടിപ്പിച്ചത്. എല്ലാ നടപടിക്രമങ്ങളും തെറ്റിച്ചുള്ള സ്ഥലംമാറ്റവും ചില ഖനനസ്ഥലങ്ങൾ മണ്ണിട്ടു മൂടിയതും ഉത്ഖനനത്തിൽ ശേഖരിച്ച പുരാവസ്തുക്കൾ പുരാവസ്തു വകുപ്പിന്റെ ബാംഗ്ലൂർ ബ്രാഞ്ചിലേയ്ക്കു മാറ്റാൻ തീരുമാനിച്ചതും ചേർന്നപ്പോൾ, മാധ്യമവാർത്തയായി. ഇതോടെ കീഴടി ഉത്ഖനനം കാരണമാക്കി തമിഴ് ജനത കേന്ദ്രസർക്കാരിനെതിരെ മറ്റൊരു യുദ്ധമുഖം തുറക്കുകയായിരുന്നു.
ആർക്കിയോളജി സർവ്വെ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തിയാണ് ഉത്ഖനനത്തിനു നേതൃത്വം നൽകിയ പരിചയസമ്പന്നനായ സൂപ്ര. ആർക്കിയോളജിസ്റ്റിനെ സ്ഥലം മാറ്റുന്നത്.
കീഴടി ഉത്ഖനനം തുടങ്ങും മുൻപ് അമർനാഥ് രാമകൃഷ്ണ എഎസ്ഐ ചെന്നൈ സർക്കിളിലേക്ക് സ്ഥലംമാറ്റം നൽകണമെന്നു അപേക്ഷ വെച്ചിരുന്നു. 2014-ൽ. പക്ഷെ സ്ഥലംമാറ്റം നൽകിയതോ ആസാം സംസ്ഥാനത്തെ ഗുവാഹത്തിയിലേയ്ക്കും. അതും 2017-ൽ. അപ്പോഴേയ്ക്കും കീഴടിയിലെ സുപ്രധാന കണ്ടെത്തലുകൾ നടന്നിരുന്നു. ഒരു പ്രൊജക്ട് നടന്ന കൊണ്ടിരിക്കെ അതിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെ മാറ്റുന്ന കീഴ് വഴക്കമില്ലാത്തതാണ്.
ഇന്ത്യാചരിത്രത്തെ തന്നെ തിരുത്താൻ പര്യാപ്തമായ തെളിവുകൾ, തമിഴകജനതയുടെ പ്രാചീന സംസ്‌കൃതിയെക്കുറിച്ചുള്ള പുത്തൻ അറിവുകൾ ജനതയെ അഭിമാന നിർഭരമായ അന്തരീക്ഷത്തിലെത്തിച്ചു. സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലും ടിവി ചാനലുകളിലും ഇതുമായി ബന്ധപ്പെട്ട വാർത്തകൾ നിറഞ്ഞു. നിരവധി സന്ദർശകർ കീഴടി ഗ്രാമം തേടിയെത്തിക്കൊണ്ടിരുന്നു. ഈയൊരു സന്ദർഭത്തിൽ, കീഴടി ഉത്ഖനനത്തിനു നേതൃത്വം കൊടുത്ത പ്രാപ്തനായ ഒരുദ്യോഗസ്ഥനെ, പ്രത്യേകിച്ചു വൈഗയുടെ തീരപ്രദേശങ്ങളെ ചെറുപ്പം മുതലെ അറിയുന്ന ഒരാളെ വളരെ അകലേയ്ക്ക് സ്ഥലംമാറ്റിയതിലെ പ്രതികാരമനോഭാവം തിരിച്ചറിഞ്ഞ തമിഴ്ജനത കക്ഷിരാഷ്ട്രീയഭേദമന്യേ കേന്ദ്രസർക്കാരിനെതിരെ രംഗത്തെത്തി. ജല്ലിക്കെട്ടു നിരോധിച്ചപ്പോൾ, ദ്രാവിഡദേശത്തിന്റെ രോഷം കണ്ടു കൈപൊള്ളി നിരോധനം നീക്കേണ്ടിവന്ന മുന്നനുഭവമുള്ള കേന്ദ്ര സർക്കാർ പെട്ടെന്നു തന്നെ പ്രശ്നം വഷളാകാതിരിക്കാൻ ഇടപെട്ടു. കേന്ദ്ര മന്ത്രിസഭയിലെ രണ്ടു മന്ത്രിമാർ- പ്രതിരോധമന്ത്രി നിർമ്മല സീതാരാമനും സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മയും മധുരൈയിൽ പറന്നെത്തി. 2017-ലെ ഏപ്രിൽ മാസത്തിലൊരു ദിനം കീഴടിയിൽ തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിസംബോധന ചെയ്തു.
കീഴടിഗ്രാമത്തിൽ ഉത്ഖനനം നിർത്തിവെക്കില്ലെന്നും അമർനാഥിനു പകരം തമിഴ് സംസാരിക്കുന്ന മറ്റൊരു ആർക്കിയോളജിസ്റ്റിനു നിയമിക്കുമെന്നും അറിയിച്ചു. ഹിന്ദുമതവിശ്വാസവുമായി ബന്ധമുള്ള യാതൊന്നും ഉത്ഖനനത്തിലില്ലെന്നതും കണ്ടത്തിയിടത്തോളം വിവരങ്ങൾ ഹിന്ദുദർശനത്തിനെതിരായതുകൊണ്ടാണോ സ്ഥലം മാറ്റവും ഫണ്ടു നൽകാതിരിക്കലുമെന്ന തരത്തിലുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മന്ത്രി മഹേഷ്ശർമ്മ മറുപടി പറയാൻ തയ്യാറായില്ല. പുരാവസ്തു തെളിവുകൾ രേഖപ്പെടുത്തിയ റിപ്പോർട്ട് എന്തുതന്നെയാകട്ടെ അതിവേഗം പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കുമെന്നും അന്നു ഉറപ്പുകൊടുത്തു. ഉറപ്പിനു ഒൻപതുവർഷത്തെ പഴക്കമായി എന്നല്ലാതെ ഇതുവരെ വിശദമായ റിപ്പോർട്ടു പുറത്തെത്തിയില്ല. തമിഴ്നാട് സർക്കാരും അമർനാഥ് രാമകൃഷ്ണയും മറ്റും പ്രസിദ്ധീകരിച്ചറിപ്പോർട്ടുകളാണ് ഇന്നു ലഭ്യമായവ.
ഇതിനിടെ സുപ്രധാനമായ രണ്ടു സംഭവങ്ങൾ കൂടെ നടന്നു. ഒന്നാമത്തേത് ജനങ്ങളുടെ ഇടപെടൽ രണ്ടാമത്തേത് മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചിന്റെ നിർണ്ണായക വിധി. ഒപ്പം നിയമസഭയിലും പാർലിമെന്റിലും കീഴടി ഉത്ഖനനം ചർച്ചാവിഷയമായി. ഉത്ഖനനത്തിൽ ലഭിച്ച 5000-ത്തോളം പുരാവസ്തുശേഖരം ട്രക്കർ ലോറികളിലാക്കി കർണ്ണാടകയിലെ എഎസ്ഐ കേന്ദ്രത്തിലേയ്ക്കു കൊണ്ടുപോകാനുള്ള ശ്രമം നൂറോളം ഗ്രാമീണർ ചേർന്നു തടഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളും രംഗത്തിറങ്ങി. പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനത്തു മധുരൈ എംപിയും ഇടതുസംസ്‌കാരിക പ്രവർത്തകനുമായ സു. വെങ്കിടേശൻ നിലകൊണ്ടു. എഴുത്തുകാരൻ കൂടിയായ സു. വെങ്കിടേശൻ കീഴടിയുടെ പ്രാധാന്യത്തെ സൂചിപ്പിച്ചുകൊണ്ടു തമിഴ് മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതി. 'വൈഗനദി നാഗരിക'മെന്ന പേരിൽ പിന്നീടവ പ്രസിദ്ധീകരിച്ചു. സംഘകാലത്തെ കേന്ദ്രമാക്കി 'വേൾപാരി' എന്ന നോവലും അദ്ദേഹത്തിന്റാതായുണ്ട്. കീഴടിയിലെ പുരവാസ്തുക്കൾക്കു മാത്രമായി മ്യൂസിയം സ്ഥാപിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് സുവേങ്കിടേശനാണ്. അന്നത്തെ പ്രതിപക്ഷമായിരുന്ന ഡിഎംകെയുടെ പ്രസിഡണ്ട് മുൻ മുഖ്യമന്ത്രി കരുണാനിധി, തമിഴ് സംസ്‌കൃതിയുടെ നാഗരികത തെളിയിക്കുന്ന പുരാവസ്തുക്കൾ സംരക്ഷിക്കേണ്ട ചുമതല സർക്കാരിന്റേതാണെന്നും കീഴടിയിൽ ഇതിനായി രണ്ടേക്കർ സ്ഥലം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
സംഘകാലസാഹിത്യത്തിലെ സമഹൂജീവിതപരാമർശങ്ങൾ ഭാവനയല്ലെന്നും ഒരു നാഗരിക ജനതയുടെ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്നും അതിന്റെ തെളിവുകളാണ് കീഴടി ഉത്ഖനനത്തിലൂടെ ലഭ്യമായതെന്നും ഉത്ഖനന തുടർച്ച അനിവാര്യമാണെന്നും ലഭിച്ചവ സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി മുൻപാകെ അഡ്വ. കനിമൊഴിമതി (പിന്നീടു എം.പി) പൊതുതാല്പര്യ ഹർജിയിലൂടെ ആവശ്യപ്പെട്ടു. ഇതോടെ പൊതുജനശ്രദ്ധ കുറെക്കൂടെ ഉയരത്തിലെത്തി. എഎസ്ഐ പിൻവാങ്ങിയ സ്ഥിതിക്കു കീഴടി ഉത്ഖനനം ഏറ്റെടുക്കാൻ സംസ്ഥാനസർക്കാരിനു താല്പര്യമുണ്ടോ എന്നു കോടതി ആരാഞ്ഞു. എഐഡിഎംകെ നയിക്കുന്ന അന്നത്തെ സംസ്ഥാന സർക്കാർ സമ്മതം അറിയിക്കുകയും തുടർഘട്ടങ്ങൾ ആരംഭിക്കുകയും ചെയ്തു. പിന്നീടു നിലവിൽ വന്ന എം.കെ. സ്റ്റാലിൻ സർക്കാർ ഉത്ഖനനത്തിന് സർവ്വ പിന്തുണയും നൽകി. ഇതോടെ 10 ഘട്ടങ്ങൾ പൂർത്തിയാക്കി.
ലക്ഷക്കണക്കായ പുരാവസ്തുക്കൾ തരംതിരിച്ചു പഠനം നടത്തി, സുപ്രധാന തെളിവുകൾ സംരക്ഷിക്കാൻ കീഴടി മ്യൂസിയം സ്ഥാപിക്കുകയും ചെയ്തു. അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്നെയാണു മ്യൂസിയം ഉദ്ഘാടനം ചെയ്തത്. മാത്രവുമല്ല, മറ്റെവിടെയും കണ്ടിട്ടില്ലാത്തത്രയും താല്പര്യത്തോടെയാണ് തമിഴ്ജനത മ്യൂസിയവും ഉത്ഖനനസ്ഥലവും സംരക്ഷിക്കുന്നത്. ട്രെഞ്ചുകൾ കുഴിച്ച പ്രദേശമാകെ നടന്നുകാണാൻ സൗകര്യത്തിനു മേൽക്കൂര പണിതു സംരക്ഷിച്ചിരിക്കുന്നു. രണ്ടായിരത്തിലേറെ വർഷം മുൻപ്, കേരളമടക്കം ഉൾക്കൊണ്ടിരുന്ന മൂവേന്തന്മാരുടെ (ചേര-ചോള-പാണ്ഡ്യരാജ്യങ്ങൾ) നാഗരികതയാണ് കീഴടിയിലും കാവേരിപട്ടണത്തിലും മുചിരി പട്ടണത്തിലുമെല്ലാം നടന്ന ഉത്ഖനനങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇത്തരുണത്തിൽ കേരളത്തിലെ പറവൂരിനടുത്തു പട്ടണം പ്രൊജക്ട് തുടരേണ്ട ആവശ്യകതയിലേക്കു മലയാളികൾ ഉണരേണ്ടിയിരിക്കുന്നു. ഇവിടെയും ഉത്ഖനനം തടസ്സപ്പെടുത്തിയത് ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയാണെങ്കിലും അതിനെതിരെ ഒരുവിധ പ്രതിഷേധമുയർന്നില്ലെന്നതു ലജ്ജാകരമാണ്.
വാൽക്കഷ്ണം: ദേശീയ മാതൃഭാഷയായി സംസ്‌കൃതത്തെ പൊക്കിപിടിച്ചുള്ള പ്രചരണങ്ങളെ തമിഴ്ഭാഷാപണ്ഡിതന്മാർ അല്പം പരിഹാസത്തോടെയാണ് കാണുന്നത്. സ്ത്രീകൾക്കു സംസാരിക്കാൻ അവകാശം സ്മൃതികൾ മുഖേനെ നിഷേധിച്ചിരുന്ന സംസ്‌കൃതമെങ്ങനെ 'മാതൃഭാഷ'യാകുമെന്നവർ ചോദിക്കുന്നു. ഇന്ത്യയുടെ മാതൃഭാഷ തമിഴാണെന്ന അവരുടെ വാദത്തിലെ യുക്തി നിഷേധിക്കാൻ പ്രയാസം തന്നെ.
Content Highlights: Evidence of a highly developed urban civilization dating back 2600 years (6th century BCE)., Challenges the 'Aryan-centric' historical narrative of Indian urbanization., Discovery of advanced literacy, trade, and infrastructure in the Vaigai river valley., Successful public and legal intervention to protect the excavation sites from political suppression., Establishment of the Keezhadi Museum to preserve findings.
Published: 16 May 2026, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented