അതിന്റെ ആഴങ്ങളില് ഇപ്പോഴുമുണ്ടാവാം നമ്മുടെ പൂര്വികരുടെ കാല്പ്പാടുകള്, കൈമുദ്രകള്... നമ്മുടെ വേരുകളും ജാതകവുമാണ് ഒരുപക്ഷേ അവിടെ ആണ്ടുകിടക്കുന്നത്.

(തമിഴ്നാട്ടിലെ വൈഗൈ നദിയോരം നമുക്ക് വേറിട്ട ചരിത്രവായനക്കുള്ള വഴിതുറക്കുമോ..? സിന്ധൂനദീതടം പോലെ ടൈഗ്രിസ്നദീതടം പോലെ, മൺമറഞ്ഞ ഒരു അത്ഭുതലോകത്തെ നമുക്കുമുന്നിൽ അനാവരണം ചെയ്യാൻ വൈഗക്ക് കഴിയുമോ..? ഇന്ത്യയിലെ പുരാവസ്തു-ചരിത്ര പണ്ഡിതർ ആ ചോദ്യത്തിന്റെ ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.)
കഴിഞ്ഞ ദിവസമാണ് ഈജിപ്തിൽ നിന്ന് കൗതുകകരമായ ഒരു വാർത്ത വന്നത്. ഈജിപ്തിലെ രാജാക്കൻമാരുടെ ശവകുടീരങ്ങളിൽ പലതിലും തമിഴ് ബ്രാഹ്‌മി, പ്രാകൃതം, സംസ്‌കൃതം ലിപികൾ കോറിയിട്ടത് പുരാവസ്തുവിദഗ്ധർ കണ്ടെത്തി എന്നതായിരുന്നു അത്. ആ ലിപികളിൽ പലതിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയിൽ പഴക്കവുമുണ്ട്. അതായത്, രണ്ടായിരം വർഷം മുൻപുതന്നെ ഇന്ത്യയിൽ നിന്ന്-അതും ദക്ഷിണേന്ത്യയിൽ നിന്ന് ഈജിപ്തിലേക്ക് ആളുകൾ പോയിട്ടുണ്ട്. അവർ മമ്മികളും മറ്റും സന്ദർശിക്കുകയും അതിൽ എന്തൊക്കെയോ കുറിക്കുകയും ചെയ്തിട്ടുണ്ട്. വിനോദയാത്രക്ക് പോകുമ്പോൾ ഇപ്പോഴും നമുക്കുള്ള അത്തരം കുസൃതികൾ രണ്ടായിരം വർഷം മുൻപുള്ള നമ്മുടെ പൂർവികർക്കും ഉണ്ടായിരുന്നു എന്ന് സാരം. എന്തൊക്കെയാണ് നമ്മുടെ മുൻഗാമികൾ അവിടെ എഴുതിവെച്ചത് എന്ന് വ്യക്തമല്ല. എന്നാലും അക്കാലത്തും അതിന് മുൻപുമെല്ലാം ദക്ഷിണേന്ത്യയിൽ നിന്നുള്ളവർ ഈജിപ്തും റോമും ചൈനയും ഗ്രീസുമെല്ലാം സന്ദർശിച്ചിരുന്നുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. ഉത്തരേന്ത്യ മാത്രമല്ല ദക്ഷിണേന്ത്യയും അക്കാലത്ത് ഒരു സമ്പന്നമായ സംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളായിരുന്നു എന്നാണ് ഇതെല്ലാം വിരൽചൂണ്ടുന്നത്. ഈ സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ മധുരയിലുള്ള കീഴടിയിൽ നടക്കുന്ന പുരാവസ്തു ഖനനം കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. വർഷങ്ങളായി കീഴടിയിൽ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങൾ തേടി അങ്ങോട്ട് നടത്തിയ യാത്രയാണിത്.
മധുരമോ മരുതമോ മധുരയായത്...?
കേരളത്തിൽ നിന്ന് മധുരയിലേക്ക് തീവണ്ടികൾ പലതുണ്ടെങ്കിലും മിക്കതും അസമയത്താണ്. പിന്നെ സ്വകാര്യ ബസ്സുകളാണ് ആശ്രയം. രാത്രി സ്വകാര്യ ടൂറിസ്റ്റ് ബസ്സുകൾ ധാരാളം സർവീസ് നടത്തുന്നുണ്ട്. രാത്രി പത്തരയോടെ മലപ്പുറത്തുനിന്ന് അത്തരമൊരു സ്ലീപ്പർ ബസ്സിലാണ് മധുരയിലെത്തിയത്. സാമാന്യം ഉലഞ്ഞും ഇളകിമറിഞ്ഞുമെല്ലാമാണ് യാത്രയെങ്കിലും ഒരു ഉറക്കമുറങ്ങിയുണർന്നാൽ വലിയ പരിക്കില്ലാതെ മധുരയിലെത്താം. രാവിലെ ആറുണിയോടെ മധുര എം.ജി.ആർ ബസ് സ്റ്റാൻഡിന് സമീപം ബസ്സ് നിർത്തി. തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് ഫ്രഷായി.
മധുരക്ക് അങ്ങനെയൊരു പേരുവന്നതിന് പല കാരണങ്ങൾ പറയുന്നുണ്ട്. 'മധുരമുള്ളത്' എന്ന അർത്ഥത്തിലാണ് ആ പേരുവന്നത് എന്ന് വാദിക്കുന്നവരുണ്ട്. സമൃദ്ധമായ ജീവിതത്തെക്കുറിക്കുന്നതാണ് ഈ പദമെന്നാണ് അത്തരക്കാരുടെ വാദം. ഒരു പുരാണകഥയുടെ അകമ്പടിയോടെ പേരിനെ വ്യാഖ്യാനിക്കുന്നവർ പറയുന്നത്, ശിവന്റെ ജടയിൽ നിന്ന് അമൃതത്തിന്റെ തുള്ളി വീണ ഇടമെന്നാണ്. ഇതിനേക്കാളൊക്കെ ചരിത്രപരമായി യോജിക്കുന്നത് മറ്റൊരു വാദമാണ്. 'മരുതം' എന്ന സംഘകാല ഭൂവിഭാഗത്തെക്കുറിക്കുന്ന 'മരുതൈ' ആണ് പിൽക്കാലത്ത് മധുരൈ ആയത് എന്നതാണത്. നദിയോരത്തുള്ള കൃഷിഭൂമിക്കാണ് 'മരുതം' എന്ന് പറയുന്നത്. മധുരയാണെങ്കിൽ വൈഗൈ നദീതീരത്തുമാണ്.
ആറു കിലോമീറ്റർ അകലെയാണ് പ്രസിദ്ധമായ മധുര മീനാക്ഷിക്ഷേത്രം. അവിടെയൊന്ന് കയറാതെ പോകുന്നതെങ്ങനെ? ഏതായാലും അവിടേയും ഒന്നു കയറി. ക്ഷേത്രഗോപുരങ്ങളിലെല്ലാം ഒരേസമയം മുളകെട്ടിവെച്ച് പെയിന്റിങ് പോലുള്ള പണികൾ നടക്കുകയാണ്. അകത്തേക്കൊന്നും ബാഗോ കാമറയോ പ്രവേശിപ്പിക്കുന്നില്ല. പെട്ടെന്നൊന്ന് കയറിയിറങ്ങി നേരേ ലക്ഷ്യസ്ഥാനത്തേക്ക് ബസ്സ് അന്വേഷിച്ചു. കീഴടിയിലേക്ക് മീനാക്ഷി ക്ഷേത്രത്തിന് സമീപത്തുനിന്ന് 12 കിലോമീറ്റർ ദൂരമുണ്ട്. ഇടക്കൊക്കെ മാത്രമേ ബസ്സുള്ളൂ. അങ്ങനെ അന്വേഷിച്ചുപിടിച്ച് ഒരു തമിഴ്നാട് സർക്കാർ ബസ്സിൽ കയറി എട്ടുരൂപക്ക് കീഴടിയിലിറങ്ങി. പ്രധാന ഹൈവേയിൽ നിന്ന് തിരിഞ്ഞുപോകുന്ന ഒരു സാധാരണ റോഡാണ്. ഖനനം നടക്കുന്നിടത്തേക്ക് ഒൻപതുമാസമായി ആരേയും പ്രവേശിപ്പിക്കുന്നില്ലെന്ന് കേട്ടിരുന്നു. എന്നാലും ഒരു ശ്രമം നടത്താം എന്നുകരുതി. അത് ദയനീയ പരാജയമായി. എന്നാലും നിരാശപ്പെടാനില്ല, തൊട്ടടുത്തുതന്നെ ഖനനത്തിൽ നിന്ന് ലഭിച്ച പുരാവസ്തുക്കൾ സൂക്ഷിക്കുന്ന വലിയ മ്യൂസിയമുണ്ട്. അതാണ് കാര്യമായി കാണേണ്ടത്. പ്രധാനവിവരങ്ങളെല്ലാം അവിടെനിന്ന് ലഭിക്കും. അങ്ങനെ ആ മ്യൂസിയത്തിലേക്ക് കയറി.
വൈഗൈ നദി മറ്റൊരു സിന്ധുവോ...?
സുരുളിക്കുന്നുകളിൽ നിന്നുത്ഭവിച്ച് തമിഴ്നാടിന്റെ വലിയൊരു ഭാഗത്തെ കുളിർപ്പിച്ചൊഴുകി അളഗൻകുളത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ വിലയംപ്രാപിക്കുന്ന വൈഗൈ നദി 1990 കളിൽത്തന്നെ പുരാവസ്തുവിദഗ്ധരുടെ നോട്ടപ്പുള്ളിയായിരുന്നു. അതിന് കാരണം സംഘം സാഹിത്യം തന്നെ. സംഘസാഹിത്യത്തിൽ വൈഗൈ നദി ഒരു വലിയ കഥാപാത്രമാണ്. അതിന്റെ തീരത്തുള്ള നഗരസമൂഹത്തെക്കുറിച്ച് എമ്പാടും പരാമർശമുണ്ട്. എന്നാൽ ഒരു ഐതിഹ്യമെന്നതിലപ്പുറം അത്തരമൊരു നഗരജീവിതത്തെക്കുറിച്ച് വസ്തുതാപരമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. സംഘസാഹിത്യം വെറും സാഹിത്യം മാത്രമായിരുന്നോ എന്നായി ചരിത്രകാരരുടെ സംശയം. അതു തീർക്കാൻ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ (എ.എസ്.ഐ) തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് 2013-14 കാലത്ത് വൈഗൈ നദിയുടെ തീരപ്രദേശം മുഴുവൻ ചേർത്ത് ഒരു സർവെ തുടങ്ങുന്നത്. കീഴടി ഉൾപ്പെടെ മുന്നൂറോളം സ്ഥലങ്ങളാണ് അന്ന് പരിശോധിച്ചത്. പലയിടങ്ങളിൽ നിന്നും പുരാതന മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതിൽ പഴയ ഇഷ്ടികകൾ, മൺപാത്രങ്ങൾ, പാചകം ചെയ്തതിന്റെ അവശിഷ്ടങ്ങൾ, വിവിധ ചിഹ്നങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നു. പുരാവസ്തു വിദഗ്ധരെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുറവിയായി. വൈഗൈ നദിയുടെ ഫലഭൂയിഷ്ടമായ സമതലഭൂമിയിൽ ഏതോകാലത്ത് ഒരു 'പരിഷ്‌കൃത' മനുഷ്യസമൂഹം ജീവിച്ചിരുന്നു എന്നതിന്റെ തെളിവുകൾ... അത് ശരിയാണെങ്കിൽ ഇന്ത്യയിൽ നഗരസംസ്‌കാരം തുടങ്ങുന്നതും വ്യാപിക്കുന്നതും ഉത്തരേന്ത്യയിൽ നിന്നാണെന്ന ചരിത്രവ്യാഖ്യാനത്തെ പുനർനിർവചിക്കേണ്ടിവരും. സിന്ധൂനദീതടത്തിലും ഗംഗാനദീതടത്തിലുമെല്ലാം ഒതുങ്ങിനിന്ന പുരാവസ്തു ഖനനപ്രക്രിയ ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണ്. അങ്ങനെ 2015ൽ മധുരയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള കീഴടിയിൽ എ.എസ്.ഐ ഉദ്യോഗസ്ഥൻ അമർനാഥ് രാമകൃഷ്ണയുടെ നേതൃത്വത്തിൽ ഖനനം തുടങ്ങുകയായിരുന്നു.
കീഴടി തന്റെ ഹൃദയം തുറക്കുന്നു....
പുരാവസ്തു ഗവേഷകർക്ക് മുന്നിൽ കീഴടി ഒന്നും ഒളിപ്പിച്ചുവെച്ചില്ല. തന്റെ ഉള്ളിലുള്ളതെല്ലാം വെളിപ്പെടുത്തി. ആദ്യ രണ്ട് ഘട്ടത്തിൽത്തന്നെ ഇഷ്ടികകൊണ്ടുള്ള നിർമിതികളും അഴുക്കുചാൽ സംവിധാനങ്ങളും മൺപാത്രങ്ങളും ലിഖിതങ്ങളുമെല്ലാം കണ്ടെത്തി. വൈഗൈ നദിയോരം നൽകിയ വളക്കൂറുള്ള ഭൂമികയിൽ ഒരു മനുഷ്യസംസ്‌കാരം ഊറിക്കൂടിയതിന്റെ ലക്ഷണങ്ങളായിരുന്നു അതെല്ലാം. ഇനി അതിന്റെ കാലഘട്ടമാണ് അറിയേണ്ടത്. ആ ഗവേഷണത്തിനിടയിലാണ് 2017 ഓടെ അമർനാഥ് രാമകൃഷ്ണനെ എ.എസ്.ഐ സ്ഥലം മാറ്റിയത്. അത് പല വ്യാഖ്യാനങ്ങൾക്ക് കാരണമായി. ഉത്തരേന്ത്യക്ക് പുറമേ ദക്ഷിണേന്ത്യയിലും ഒരു സമ്പന്ന ജനജീവിതമുണ്ടായിരുന്നു എന്ന കണ്ടെത്തലിനെ തടയിടാനാണ് സ്ഥലംമാറ്റിയതെന്ന് ഒരു കൂട്ടർ ആരോപിച്ചപ്പോൾ എ.എസ്.ഐയിൽ ഇത്തരം സ്ഥലംമാറ്റങ്ങൾ പതിവാണെന്ന് അധികൃതർ വിശദീകരണം നൽകി. എന്തുതന്നെയാണെങ്കിലും കീഴടിയിലെ ഖനനം നിലയ്ക്കാൻ സ്വന്തം ദേശീയതയിൽ അമിതാഭിമാനമുള്ള തമിഴ്നാട് സർക്കാർ അനുവദിച്ചില്ല. അവർ സംസ്ഥാന ആർക്കിയോളജി വിഭാഗത്തെ തുടർഖനനം ഏൽപിച്ചു. മാത്രമല്ല, ഖനനത്തിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ സൂക്ഷിക്കാനും അത് ജനത്തിന് കാണാനുമായി ഒരു വമ്പൻ മ്യൂസിയം തന്നെ ഖനനപ്രദേശത്തിന് ഒരു കിലോമീറ്റർ അടുത്തായി നിർമിച്ചു. ഖനനപ്രദേശത്തേക്കും മ്യൂസിയത്തിലേക്കുമായി പ്രത്യേകം മികച്ച റോഡും നിർമിച്ചു. ഒരുപക്ഷേ മറ്റൊരു സംസ്ഥാനവും ഇത്രത്തോളം താത്പര്യം ഇങ്ങനെയൊരു വിഷയത്തിൽ എടുക്കാനിടയില്ല.
ആദ്യഘട്ടിൽ 110 ഏക്കറിലായിരുന്നു ഖനനം. ഘട്ടംഘട്ടമായ ഖനനത്തിൽ നിന്ന് കീഴടയിൽ നിന്നും മറ്റ് ഖനനമേഖലകളായ കൊടുമണൽ, പൊറുന്തൽ, ശിവഗാലയ്, ആദിചാനലൂർ, കൊറകി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സംഘകാല ജീവിതത്തിന്റെ ഒട്ടേറേ തെളിവുകൾ പുറത്തുവന്നു. ഇഷ്ടികക്കെട്ടിടങ്ങൾ, ഓടിട്ട മേൽക്കൂരകൾ, വെള്ളം ഒഴുകാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങൾ,മൺ പൈപ്പുകൾ, മരത്തിൽ ആണിതറച്ചതിന്റെ അവശിഷ്ടങ്ങൾ, ഇഷ്ടികയിലും കറുപ്പും ചുവപ്പും നിറങ്ങളുള്ള മൺപാത്രങ്ങളിലുമുള്ള ലിഖിതങ്ങൾ... അങ്ങനെ പലതും അവിടെയുണ്ടായിരുന്ന ഒരു പ്രാചീനസംസ്‌കാരത്തെ വെളിപ്പെടുത്തി. പലതിനും ബി.സി.ഇ 600 നടുത്ത് പഴക്കം നിശ്ചയിക്കപ്പെട്ടു. അതായത് 2600 വർഷം പഴക്കം. യു.എസ് ലബോറട്ടറി ബെറ്റ അനലിസ്റ്റിക് ആണ് റേഡിയോ കാർബൺ ഡേറ്റിങ് വഴി കാലപ്പഴക്കം നിശ്ചയിച്ചത്. യു.കെ.യിലെ ലിവർപൂൾ സർവകലാശാല, ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പിസ, ഷിക്കാഗോയിലെ ഫീൽഡ് മ്യൂസിയം, പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവരുമായി സഹകരിച്ചാണ് പഠനങ്ങൾ നടന്നത്.
സൈന്ധവലിപികളുടെ തിരോദ്ധാനത്തിനും തമിഴ് ബ്രാഹ്‌മിലിപികളുടെ ആവിർഭാവത്തിനും ഇടയിലുള്ള ഒരു ലിപിയെന്നാണ് പുരാവസ്തുവിദഗ്ധർ ഇവിടെ കണ്ടെത്തിയ ലിപിയെ വിശേഷിപ്പിച്ചത്. റോം, ഗ്രീസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥിരീകരിക്കുന്ന വസ്തുക്കൾ, നാണയങ്ങൾ എന്നിവയും കണ്ടെത്തി. പശു, കാള, എരുമ, ആട് എന്നിവയുടേയും മാൻ, പന്നി എന്നിവയുടേയും അവശിഷ്ടങ്ങൾ ലഭിച്ചു. കൃഷിയും കാലിവളർത്തലുമായി കഴിഞ്ഞിരുന്ന ഒരു ജനതയുടെ ജീവിതമാണ് പുരാവസ്തുക്കളിൽ തെളിഞ്ഞത്. എഴുത്തും വായനയും സാഹിത്യവുമുണ്ടായിരുന്ന, ആഭരണങ്ങളും ആയുധങ്ങളുമുണ്ടായിരുന്ന, ഇരുമ്പ് പ്രാകൃതരൂപത്തിൽ ഉപയോഗിച്ചിരുന്ന, മറ്റു രാജ്യങ്ങളുമായി പോലും വാണിജ്യബന്ധമുണ്ടായിരുന്ന ഒരു സമൂഹം. സംഘം കൃതികൾ വെറുമൊരു സാഹിത്യ-ഭാവനാത്മക കൃതികളല്ല, മറിച്ച് ചരിത്രത്തിന്റെ പിൻബലമുള്ള സാഹിത്യംതന്നെയാണ് എന്ന വാദത്തിന് കരുത്തുപകരുന്നതായിരുന്നു പുതിയ അറിവുകൾ.

വിശപ്പുതീർക്കാൻ കമ്പംകൂള്...
രാവിലെ മുതൽ ഉച്ചവരെ വിശാലമായിത്തന്നെ മ്യൂസിയം നടന്നുകണ്ടു. ആവശ്യമുള്ള ഫോട്ടോയും കുറിപ്പുകളുമെല്ലാമെടുത്തു. ഒന്നിനും ഒരു വിലക്കുമില്ല. തമിഴകം തങ്ങളുടെ സംസ്‌കാരത്തെ കാഴ്ചക്കാരിലേക്ക് തുറന്നിട്ടിരിക്കുകയാണ്. രണ്ടരയോടെ മ്യൂസിയത്തിന് പുറത്തിറങ്ങി. പ്രവേശനമില്ലെങ്കിലും ഖനനം നടക്കുന്നിടത്തേക്ക് ഒന്നു പോകണം. എന്നാൽ അതിനുള്ള ഊർജ്ജമില്ല, നന്നായി വിശക്കുന്നുണ്ട്. പുറത്തിറങ്ങി എന്തെങ്കിലും കഴിക്കാമെന്നുവെച്ചാൽ ആ പ്രദേശത്തൊന്നും ഒരു ഹോട്ടലോ തട്ടുകടയോ ഇല്ല. അത്രക്കും ഒറ്റപ്പെട്ട ഇടമാണ്. ഖനനം നടന്നതിന് ശേഷമാണ് പുറംലോകത്തുനിന്ന് മനുഷ്യർ അങ്ങോട്ടുവരുന്നത് തന്നെ.
ഹോട്ടലിന് വേണ്ടിയുള്ള അന്വേഷണം പരാജയമായിരുന്നു. വിശപ്പ് ക്രൂരമായ ആക്രമണം തുടരുകയാണ്. മ്യൂസിയത്തിന് മുന്നിൽ ചെറുകടികളും ലഘുപാനീയങ്ങളുമായി ഒരു ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്ന പ്രായമുള്ള അക്കയുടെ അടുത്തെത്തി. വിശക്കുന്ന കാര്യം പറഞ്ഞപ്പോൾ അവർ ചോദിച്ചത് 'കമ്പംകൂള് വേണമാ' എന്നായിരുന്നു. എന്താണപ്പാ ഈ കമ്പംകൂള് എന്നായി. എന്ത് കുന്തമായാലും കഴിച്ചുപോകുന്ന അവസ്ഥയാണ്. കമ്പംകൂളെങ്കിൽ കൂള്. ഞങ്ങൾ ഒകെ പറഞ്ഞതോടെ അക്ക ഒരു സ്റ്റീൽ ലോട്ടയിലേക്ക് അടുത്തുള്ള സ്റ്റീൽ പാത്രത്തിൽ നിന്ന് കുഴമ്പുപോലുള്ള ഒരു ദ്രാവകം കൈയിൽകൊണ്ട് എടുത്തൊഴിച്ചു. തൊട്ടടുത്ത സ്റ്റീൽപാത്രത്തിൽ നിന്ന് അൽപംകൂടി നിറവ്യത്യാസമുള്ള മറ്റൊരു കൊഴുത്ത ദ്രാവകം സമം ഒഴിച്ചു. വേറൊരു സ്റ്റീൽപാത്രത്തിൽ നിന്ന് രണ്ടു കൈയിൽ മോരും ഒഴിച്ച് എന്റെ നേരേ നീട്ടി. അത് വാങ്ങി കുടിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഒരു പുളിപ്പ്, പിന്നെ ഒരു കള്ളുചുവ... എന്തായാലും മനുഷ്യർ കുടിക്കുന്നതാണല്ലോ, കുടിച്ചേക്കാം എന്നുതന്നെ കരുതി. അതിനിടയിൽ ഇതൊക്കെ എന്തെല്ലാമാണെന്ന് അക്കയോട് ചോദിച്ചു. അപ്പോഴാണ് മനസ്സിലായത്, ആദ്യത്തേത് കഞ്ഞി അരച്ചതാണ്. അടുത്തത് തലേദിവസത്തെ കഞ്ഞി അരച്ചത്. അത് പുളിപ്പിന് വേണ്ടിയാണ്. ചുരുക്കം പറഞ്ഞാൽ നമ്മുടെ പഴങ്കഞ്ഞിയുടെ ഒരു ദ്രാവകരൂപം. ചിലയിടത്ത് 'കുള്ത്ത്' എന്നും പറയാറുണ്ട്. അതുതന്നെയാണ് അവരുടെ 'കൂള്' . എന്തായാലും 25 രൂപക്ക് തൽക്കാലം വയറുനിറഞ്ഞു. സുഹൃത്ത് പ്രമോദ് ഇരുമ്പുഴി പാത്രത്തിൽ ചുട്ടുവെച്ചിട്ടുള്ള പലഹാരത്തിലേക്ക് വിരൽചൂണ്ടി. 'പനിയാരം' എന്നുപറയുന്ന പലഹാരമാണ്. ചോറ് അരച്ചതിൽ മധുരം ചേർത്ത് ഉണ്ണിയപ്പപ്പാത്രത്തിൽ ചുട്ടെടുക്കുന്നതാണിത്. രണ്ടുമൂന്നെണ്ണം അതും കഴിച്ച് വൈകുന്നേരം വരേക്കുള്ള ഊർജ്ജം സംഭരിച്ചുകഴിഞ്ഞു. ഒന്നര കിലോമീറ്റർ ഉള്ളിലേക്ക് നടക്കണം ഖനനപ്രദേശത്തേക്ക്. വെയിലുണ്ടെങ്കിലും കാര്യമായ ചൂടില്ല. നേരേ നടന്നു. ഖനനപ്രദേശത്തിന് മുന്നിൽ വലിയ കവാടമെല്ലാം സ്ഥാപിച്ചിട്ടുണ്ട്. അവിടേക്ക് മാത്രമായാണ് റോഡ് നിർമിച്ചത്. ഉള്ളിൽ കയറാൻ കഴിഞ്ഞില്ലെങ്കിലും ആ പ്രദേശമെല്ലാം ചുറ്റിനടന്നുകണ്ടു.
ആദിമജനത വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന മൺ പൈപ്പുകൾ[Missing Credit]
സിന്ധൂ നദീതട സംസ്‌കാരവുമായുള്ള ബന്ധം..
സിന്ധൂനദീതടത്തിലെ രണ്ടാംഘട്ട നഗരജീവിതകാലത്തുതന്നെ വികസിച്ചുവന്ന സംസ്‌കാരമെന്ന നിലയിൽ സിന്ധൂ നാഗരികതയുമായി അടുത്ത സാദൃശ്യമുള്ള ഒട്ടേറേ മുദ്രകളും ലിപികളും കീഴടിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പലതിനും 90 ശതമാനം വരെ സാമ്യമുണ്ട്. എന്നാൽ സിന്ധൂ നാഗരികതയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു എന്ന് ഉറപ്പിക്കാനായിട്ടില്ല. എങ്കിലും സാംസ്‌കാരികമായ കൊടുക്കൽ വാങ്ങലുകളുണ്ടായിട്ടുണ്ട് എന്ന സൂചന നൽകുന്നുണ്ട്. ഇത്തരം സാദൃശ്യങ്ങളുടെ വിശദമായ പഠനം നടത്തി അതിന്റെ ചിത്രീകരണം പുരാവസ്തുവകുപ്പ് നടത്തിയിട്ടുണ്ട്. അത് പുസ്തകമായിത്തന്നെ ഇറക്കുകയും ചെയ്തു.
ഉത്തരേന്ത്യയിൽ എന്നതുപോലെ ദക്ഷിണേന്ത്യയിലും സമാന്തരമായിത്തന്നെ ഒരു നഗരജീവിതം പുലർന്നിരുന്നു എന്ന ധാരണക്ക് കരുത്തേകുന്നതാണ് നിലവിലെ കണ്ടെത്തലുകൾ. അതായത് ഒരൊറ്റ സംസ്‌കാരം രാജ്യം മുഴുവൻ പടർന്നതാണ് എന്ന വ്യാഖ്യാനം ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഇതിനെ സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ലഭിച്ചാൽ ദേശീയത എന്ന സംജ്ഞ തന്നെ പുനർനിർവചിക്കേണ്ടിവന്നേക്കും.
സംഘകാലസാഹിത്യവുമായുള്ള സാദൃശ്യം...
സംഘകാലസാഹിത്യങ്ങളിലെ പല വിവരണങ്ങൾക്കും പുരാവസ്തുക്കൾ തെളിവുനൽകുന്നു എന്നതാണ് ഇതിന്റെ സവിശേഷത. മധുരൈകാഞ്ചി, പട്ടിണപ്പാലൈ തുടങ്ങിയ വിവിധ സംഘകൃതികളിൽ വിവരിക്കുന്ന നഗരജീവിതങ്ങൾ, അതായത്- കച്ചവടങ്ങൾ, കച്ചവടക്കാർ, കൈത്തൊഴിലുകൾ, നഗരവീഥികൾ, നഗരഘടന തുടങ്ങിയവയെ സാധൂകരിക്കുന്നതാണ് ഇപ്പോൾ കണ്ടെത്തിയ പലതും. അകനാനൂറിലും പുറനാനൂറിലുമെല്ലാം നെയ്ത്തിന്റെ വൈഭവത്തെ വാഴ്ത്തുന്നുണ്ട്. മുത്തും മണികളും ലോഹവസ്തുക്കളുമെല്ലാം കച്ചവടം നടത്തുന്നതിനെക്കുറിച്ച് സംഘകാവ്യങ്ങളിൽ വിശദീകരിക്കുന്നുണ്ട്. ഇത്തരം വ്യാപാരകേന്ദ്രങ്ങളെക്കുറിച്ചും ഇതരരാജ്യവുമായുള്ള വ്യാപാരത്തെക്കുറിച്ചും സാഹിത്യത്തിൽ സൂചനയുണ്ട്. അതിനെ ബലപ്പെടുത്തുന്ന മുത്തുകളും വസ്ത്രങ്ങളും ആഭരണങ്ങളും ആയുധങ്ങളും ലോഹവസ്തുക്കളും പാത്രങ്ങളുമെല്ലാം കീഴടിയിൽ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്. സാമാന്യം എഴുത്തും സാഹിത്യവുമുള്ള ഒരു ജനതയെയാണ് സംഘസാഹിത്യങ്ങളിൽ കാണുന്നത്. ഖനനത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടതും സമ്പന്നമായ ഒരു സാംസ്‌കാരിക-സാക്ഷരജീവിതത്തിന്റെ അവശിഷ്ടങ്ങളാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സംഘസാഹിത്യം യഥാർത്ഥ ചരിത്രമാണ് എന്ന് ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. ജീവിതരീതികളും സാമൂഹികപശ്ചാത്തലങ്ങളും ഏറെ സമാനതകളുള്ളതാണ് എന്നുമാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.
ആര്യ-ദ്രാവിഡ വിവാദം....
ഈ വിഷയത്തിൽ പിടിച്ചാണ് പ്രധാനമായും ഇരുവിഭാഗം ചരിത്രകാരൻമാർ തർക്കിക്കുന്നത്. 19-ാം നൂറ്റാണ്ടിലെല്ലാം യൂറോപ്യൻ ഭാഷാശാസ്രത്രജ്ഞർ പറഞ്ഞിരുന്നതും നമ്മൾ പഠിച്ചുപോന്നതും ഉത്തരേന്ത്യയിൽ ഇൻഡോ-ആര്യൻ ഭാഷകളും വേദസംസ്‌കാരവും ഉരുവംകൊണ്ടപ്പോൾ ദക്ഷിണേന്ത്യയിൽ ദ്രാവിഡഭാഷകളും സംസ്‌കാരവും രൂപംകൊണ്ടു എന്നതാണ്. മാത്രമല്ല സംസ്‌കാരവും നഗരവികസനവും ഉത്തരേന്ത്യയിൽ നിന്ന് തെക്കേ ഇന്ത്യയിലെത്തി എന്ന മട്ടിലായിരുന്നു ചരിത്രവ്യാഖ്യാനം. ആര്യ സ്വാധീനത്തിന് ശേഷമാണ് ദ്രാവിഡ സംസ്‌കാരം രൂപപ്പെട്ടതെന്നുപോലും വാദിച്ചിരുന്നു. എന്നാൽ പല ചരിത്രകാരൻമാരും ഇപ്പോൾ പറയുന്നത് ഉത്തരേന്ത്യയിൽ വൈദികസംസ്‌കാരം ഉള്ളപ്പോൾത്തന്നെ തെക്കേ ഇന്ത്യയിൽ ഒരു സ്വതന്ത്ര ദ്രാവിഡ സംസ്‌കാരം ഉണ്ടായിരുന്നതിന്റെ തെളിവുകളാണ് കീഴടിയടക്കം നൽകുന്നത് എന്നാണ്. ഒറ്റയിടത്തിൽ നിന്ന് സംസ്‌കാരം വിവിധയിടങ്ങളിലേക്ക് വ്യാപിച്ചു എന്നതിലുപരി രാജ്യത്തെ വിവിധയിടങ്ങളിൽ വിവിധ സംസ്‌കാരങ്ങൾ രൂപപ്പെട്ടു എന്ന കാഴ്ചപ്പാടിനെ സ്ഥിരപ്പെടുത്തുന്നതാണ് പുതിയ തെളിവുകൾ. ആര്യൻമാർ, ദ്രാവിഡൻമാർ എന്നിങ്ങനെ ഇന്ത്യയിലെ മനുഷ്യരെ തരംതിരിക്കുന്നതിന്റെ വ്യർത്ഥതയിലാണ് പുതിയ ചരിത്രപഠനങ്ങൾ ഊന്നുന്നത്. കാരണം നമ്മളെല്ലാം തമ്മിൽ കലർന്നവരാണ്. ആൻസിസ്ട്രൽ നോർത്ത് ഇന്ത്യൻസും (എ.എൻ.ഐ) ആൻസിസ്ട്രർ സൗത്ത് ഇന്ത്യൻസും (എ.എസ്.ഐ) എല്ലാ സമൂഹത്തിലും കലർന്നാണ് കാണപ്പെടുന്നതെന്നാണ് ജനിതകപഠനം നമ്മോട് പറയുന്നത്. അതുകൊണ്ട് നിലവിലുള്ള ചരിത്രത്തെ തിരുത്തുകയല്ല, മറിച്ച് വിശാലമായ വായനക്കുതകുന്ന പുതിയ ഏടുകൾ ചേർക്കുകയാണ് കീഴടി ചെയ്യുന്നത് എന്ന് കാണാം.
കീഴടിയിൽ നിന്നിറങ്ങുമ്പോൾ ഒരിക്കൽകൂടി ആ മണ്ണിലേക്ക് നോക്കി. അതിന്റെ ആഴങ്ങളിൽ ഇപ്പോഴുമുണ്ടാവാം നമ്മുടെ പൂർവികരുടെ കാൽപ്പാടുകൾ, കൈമുദ്രകൾ... നമ്മുടെ വേരുകളും ജാതകവുമാണ് ഒരുപക്ഷേ അവിടെ ആണ്ടുകിടക്കുന്നത്. ശരിക്കും നമ്മളാരാണെന്ന സന്ദേഹങ്ങൾക്ക് വരുംകാല ഖനനങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും കൂടുതൽ തെളിച്ചം കിട്ടുമായിരിക്കും. അങ്ങനെയെങ്കിൽ കീഴടിയിലേക്ക് ഇനിയുമൊരു വരവുകൂടി വരേണ്ടിവരും.
Content Highlights: Explore Keezhadi`s incredible archaeological finds! Discover secrets of ancient Tamil civilization, a thriving urban life on the Vaigai River, and its connections to other ancient cultures.
Published: 13 Feb 2026, 06:18 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented