
ദക്ഷിണേന്ത്യയില്‍ മാമ്പഴത്തെച്ചൊല്ലി ഒരു തര്‍ക്കം! അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് ഇന്ത്യയില്‍ വ്യാപകമായി കൃഷി ചെയ്യുന്ന തോതാപുരി മാമ്പഴത്തെച്ചൊല്ലി ഏറ്റുമുട്ടുന്നത്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും സുലഭമായി വളരുന്ന തോതാപുരി കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും വലിയതോതിൽ കൃഷി ചെയ്യുന്ന മാമ്പഴമാണ്. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള തോതാപുരി മാമ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലാ ഭരണകൂടം നിരോധിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആന്ധ്രയുടെ നീക്കം.
ജൂണ്‍ ഏഴിന് പ്രഖ്യാപിച്ച ഈ നിരോധനത്തെ കര്‍ണാടകം കടുത്ത ഭാഷയിലാണ് വിമർശിച്ചത്. കര്‍ണാടകയിലെ കര്‍ഷകര്‍ കടുത്ത ആശങ്ക പങ്കുവെച്ചു. ആദ്യം ഉദ്യോഗസ്ഥ തലത്തിലാണ് സംസ്ഥാനം ഇടപെടലിന് ശ്രമിച്ചത്. നിരോധനം പ്രഖ്യാപിച്ച് മൂന്ന് ദിവസത്തിന് ശേഷം നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറി ആന്ധ്ര ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. പിന്നാലെ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ടതോടെ മാമ്പഴത്തെച്ചൊല്ലിയുള്ള തര്‍ക്കം പിന്നാലെ അന്തര്‍സംസ്ഥാന തര്‍ക്കമായി മാറി. സിദ്ധരാമയ്യ പ്രശ്‌നത്തില്‍ ഇടപെട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് കത്തെഴുതിയതോടെ പ്രശ്‌നത്തിന് രാഷ്ട്രീയമാനവും കൈവന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് പ്രശ്‌നത്തിന്റെ കാരണം? എന്തുകൊണ്ടാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലാ ഭരണകൂടം ഈ മാമ്പഴത്തിന്റെ വരവ് നിയന്ത്രിച്ചത്? എന്തുകൊണ്ടാണ് ഈ വിഷയത്തിന് രാഷ്ട്രീയപ്രാധാന്യം ഏറുന്നത്?

സംസ്‌കരണ ഫാക്ടറിക്കാരുടെ ഇഷ്ടമാമ്പഴം
ഇന്ത്യയില്‍ വലിയതോതിൽ കൃഷി ചെയ്യുന്ന പ്രധാന ഇനങ്ങളില്‍ ഒന്നാണ് തോതാപുരി മാമ്പഴം (Totapuri mango). ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും വ്യാപകമായി വളരുന്നതും കൃഷി ചെയ്യുന്നതുമായ ഒരു ഇനമാണിത്. ഗിനിമൂത്തി, ബംഗലോറ (Bangalora), കിളി മൂക്കു, ഗില്ലി, സാന്‍ഡേഴ്സ (Sandersha) എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഈ മാമ്പഴങ്ങള്‍ വലുപ്പംകൊണ്ടും അതിന്റെ ആകൃതികൊണ്ടും വ്യത്യസ്തമാണ്. തത്തയുടെ കൊക്ക് പോലെ തോന്നിക്കുന്നതിനാലാണ് ഇവ ഗിനിമൂത്തിയെന്ന പേരില്‍ അറിയപ്പെടുന്നത്. ഇവയുടെ തൊലിക്ക് മറ്റ് മാമ്പഴങ്ങളുടേതിനേക്കാള്‍ കയ്പ്പ് രുചി അധികമാണ്. മാര്‍ച്ച് മുതല്‍ ജൂലൈ വരെയാണ് സാധാരണയായി ഈ മാമ്പഴത്തിന്റെ വിളവെടുപ്പ് നടക്കുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ മാമ്പഴങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഇതിന് പുറമേ രാജ്യത്തുടനീളം നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന മാമ്പഴ പാനീയങ്ങളില്‍ ഇവ ധാരാളമായി ഉപയോഗിക്കുന്നു.
രാജ്യത്ത് ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ തോതാപുരി വ്യാപകമായി ഉത്പാദിപ്പിക്കുന്നു. ആന്ധ്രാപ്രദേശാണ് ഉത്പാദനത്തില്‍ മുന്നില്‍. തമിഴ്നാട്ടിലും കര്‍ണാടകയിലും ഗണ്യമായ കൃഷിയുണ്ട്. ആന്ധ്രാപ്രദേശിലെ തന്നെ ചിറ്റൂര്‍ ജില്ലയിലും കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളിലുമാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നത്. ചിറ്റൂര്‍ മേഖലയില്‍ മാത്രം 50,000 ഹെക്ടറില്‍ തോതാപുരി കൃഷിയുണ്ട്. പള്‍പ്പിന്റെ ഗുണനിലവാരത്തിന് പേരുകേട്ടതാണ് തോതാപുരി മാമ്പഴങ്ങള്‍. അതിനാല്‍ തന്നെ ആഭ്യന്തരമായും അന്തര്‍ദേശീയമായും വാണിജ്യ ആവശ്യങ്ങള്‍ക്കായി മാമ്പഴത്തിന്റെ പള്‍പ്പ് വേര്‍തിരിച്ചെടുക്കുന്ന സംസ്‌കരണ യൂണിറ്റുകളിലേക്കാണ് പ്രധാനമായും പോകുന്നത്. സംസ്‌കരണ യൂണിറ്റുകളിലെ ഒരു പ്രധാന അസംസ്‌കൃത വസ്തുവാണ് ഈ മാമ്പഴങ്ങള്‍. ദക്ഷിണേന്ത്യയിലെ സംസ്‌കരണ യൂണിറ്റുകള്‍ പ്രധാനമായും ചിറ്റൂരിലും തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ-പാനീയ സംസ്‌കരണ കമ്പനികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് ഈ മാമ്പഴങ്ങള്‍ വാങ്ങുന്നു. ചിറ്റൂര്‍ ജില്ലയില്‍ പ്രാദേശിക വിപണികളില്‍ നിന്ന് തന്നെ നിരവധി മാമ്പഴ സംസ്‌കരണ കമ്പനികള്‍ തോതാപുരി സംഭരിക്കുന്നു.

വില തകര്‍ച്ച, ആന്ധ്രയുടെ വിലക്ക്
വിളവ് കുറഞ്ഞതിനാല്‍ രണ്ട് വര്‍ഷമായി യൂണിറ്റുകള്‍ ഉയര്‍ന്ന വില നല്‍കിയാണ് മാമ്പഴം സംഭരിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം മികച്ച വിളവ് ലഭിച്ചതോടെ വിപണിയില്‍ തോതാപുരി മാമ്പഴത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായി. വില എക്കാലത്തെയും താഴ്ന്ന നിലയിലേക്കെത്തി. കഴിഞ്ഞ വര്‍ഷം, ചിറ്റൂര്‍ ജില്ലാ ഭരണകൂടം ടണ്ണിന് 30,000 രൂപ എന്ന നിലയില്‍ സംഭരണവില നിശ്ചയിച്ചിരുന്നു. ഈ വര്‍ഷം, ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ഇത് ടണ്ണിന് 12,000 ആയി കുറഞ്ഞു. ചില്ലറ വിപണിയില്‍ വില കിലോയ്ക്ക് 56 രൂപയായും കുറഞ്ഞു. ഇതോടെ കര്‍ഷകരെ സഹായിക്കുന്നതിനായി, ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പള്‍പ്പ് യൂണിറ്റുകള്‍ക്ക് കിലോയ്ക്ക് എട്ട് രൂപ എന്ന സംഭരണ നിരക്ക് നിശ്ചയിച്ചു. ഇതിനൊപ്പം കിലോയ്ക്ക നാല് രൂപ സബ്‌സിഡിയും ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് ഒരു കിലോ മാമ്പഴത്തിന് 12 രൂപ ലഭിക്കുമെന്ന് ഉറപ്പാക്കി. കര്‍ഷകന്റെ ആശങ്കകള്‍ കണക്കിലെടുത്ത് നടപ്പിലാക്കുന്ന ഈ നീക്കം സര്‍ക്കാരിന് 220 കോടി രൂപയുടെ നഷ്ടം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ഷകര്‍ക്ക് പദ്ധതിയുടെ നേരിട്ടുള്ള പ്രയോജനം ഉറപ്പാക്കുന്നതിനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ സീസണില്‍ 5.5 ലക്ഷം ടണ്‍ മാമ്പഴം സംഭരിക്കാനും ലക്ഷ്യമിട്ടിരുന്നു.
അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍നിന്നുള്ള നിന്നുള്ള തോതാപുരി മാമ്പഴത്തിന്റെ വരവ് ആന്ധ്രയിലെ കര്‍ഷകരെ ആശങ്കപ്പെടുത്തി. സംസ്ഥാനം പിന്തുണയ്ക്കാതിരുന്നതോടെ കര്‍ണാടകയില്‍ വില ഇടിയുകയും കുറഞ്ഞ വിലയ്ക്ക് മാമ്പഴങ്ങള്‍ വില്‍ക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു. കര്‍ണാടകയില്‍ തോതാപുരി മാമ്പഴത്തിന്റെ വില കിലോയ്ക്ക് അഞ്ച് മുതല്‍ ആറ് രൂപ വരെ മാത്രമാണെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്നു. മാമ്പഴ സംസ്‌കരണ യൂണിറ്റുകള്‍ കര്‍ണാടകയില്‍നിന്നുള്ള മാമ്പഴം വലിയ തോതില്‍ വാങ്ങിയാല്‍ ഇത് സബ്സിഡി നല്‍കി കര്‍ഷകരെ പിന്തുണയ്ക്കുന്ന സംസ്ഥാനത്തിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും പ്രാദേശിക കര്‍ഷകര്‍ക്ക് കാര്യമായ നഷ്ടമുണ്ടാകുമെന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഭയപ്പെട്ടു. ഇതോടെ തോതാപുരി മാമ്പഴം ഇറക്കുമതി ചെയ്യുന്നത് നിയന്ത്രിച്ചുകൊണ്ട് ചിറ്റൂര്‍ ജില്ലാ കളക്ടര്‍ ജൂണ്‍ ഏഴിന് നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അന്യസംസ്ഥാനങ്ങളില്‍നിന്ന് തോതാപുരി മാമ്പഴങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനായിരുന്നു നിരോധനം. പ്രധാനമായും കര്‍ണാടകയില്‍ നിന്നുള്ള വിലകുറഞ്ഞ മാമ്പഴത്തിന്റെ വരവ് മൂലമുള്ള വിലത്തകര്‍ച്ചയില്‍ നിന്ന് ആന്ധ്രയിലെ പ്രാദേശിക കര്‍ഷകരെ സംരക്ഷിക്കുന്നതിനായിരുന്നു നടപടി.
വനം, വിപണനം, പോലീസ് വകുപ്പുകളുടെ പിന്തുണയോടെയാണ് ചിറ്റൂര്‍ ഭരണകൂടം ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്. മാമ്പഴ ട്രക്കുകള്‍ ചിറ്റൂരിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളെ വിന്യസിച്ചു. സംസ്ഥാനത്തിന്റെ കര്‍ഷക നയങ്ങളുടെ വിജയം ഉറപ്പാക്കാനും പ്രാദേശിക മാമ്പഴ വില തകര്‍ച്ച തടയാനും നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നായിരുന്നു വിശദീകരണം. ''ഓരോ വര്‍ഷവും ആന്ധ്രാ സര്‍ക്കാര്‍ സംസ്‌കാരണ യൂണിറ്റുകള്‍ മാമ്പഴം സംഭരിക്കേണ്ട വില പ്രഖ്യാപിക്കാറുണ്ട്. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ കിലോയ്ക്ക് എട്ട് രൂപ വില പ്രഖ്യാപിച്ചു. കുറഞ്ഞ വിലയും ഉയര്‍ന്ന വിതരണവും കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് കിലോയ്ക്ക് നാല് രൂപ കൂടി നല്‍കാന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്,''- ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കര്‍ണാടകയുടെ എതിര്‍പ്പ്, പ്രതിഷേധം
ആന്ധ്ര ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടകയില്‍ ആശങ്ക സൃഷ്ടിച്ചു. കര്‍ണാടകയിലെ മാമ്പഴ കര്‍ഷകര്‍, പ്രത്യേകിച്ച് ആന്ധ്ര അതിര്‍ത്തിക്കടുത്തുള്ളവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ ചിറ്റൂരിലെ പള്‍പ്പ് ഫാക്ടറികള്‍ക്കാണ് പ്രധാനമായും വിറ്റിരുന്നത്. കര്‍ണാടകയില്‍ നിന്ന് പ്രതിവര്‍ഷം മൂന്ന് ലക്ഷം ടണ്ണോളം തോതാപുരി മാമ്പഴമാണ് ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും പള്‍പ്പ് സംസ്‌കരണ യൂണിറ്റുകളിലേക്ക് എത്തിയിരുന്നത്. കര്‍ണാടക പക്ഷേ കര്‍ഷകരെ സഹായിക്കുന്നതിനായി പിന്തുണ നടപടികളൊന്നും പ്രഖ്യാപിച്ചതുമില്ല. ഇതോടെ കര്‍ഷകര്‍ പ്രതിഷേധിച്ചു. കര്‍ണാടകയിലെ ശ്രീനിവാസ്പൂര്‍ മേഖലയിലെ മാമ്പഴ കര്‍ഷകര്‍ 10 മണിക്കൂര്‍ നീണ്ട സമരം നടത്തി. തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് കിലോഗ്രാമിന് 15 രൂപ താങ്ങുവില ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മന്ത്രി ബൈരതി സുരേഷ് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനും ശേഷമാണ് പ്രതിഷേധം അവസാനിച്ചത്.
ജൂണ്‍ 10-ന് കര്‍ണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷ് ആന്ധ്ര ചീഫ് സെക്രട്ടറി കെ. വിജയാനന്ദിന് നിയന്ത്രണം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. ഏകപക്ഷീയ തീരുമാനം പിന്‍വലിക്കണമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറി കത്തില്‍ ആവശ്യപ്പെട്ടു. അന്തര്‍സംസ്ഥാന വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ ഈ നിരോധനം കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗത്തെ ബാധിക്കുമെന്നും വലിയ നഷ്ടം സംഭവിക്കുമെന്നും അവര്‍ കത്തില്‍ പറഞ്ഞു. നിരോധനം പിന്‍വലിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആന്ധ്രാപ്രദേശിലെ കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ചിറ്റൂര്‍ കളക്ടര്‍ തീരുമാനത്തെ ന്യായീകരിച്ചു. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും മാമ്പഴം എത്തുന്നത് വില കൂടുതല്‍ കുറയ്ക്കുകയും പ്രാദേശിക കര്‍ഷകരെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഇതോടെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശ്‌നത്തില്‍ ഇടപെട്ടു. നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് അദ്ദേഹം ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് കത്തെഴുതി. ഫെഡറലിസത്തിന്റെ സഹകരണ മനോഭാവത്തിന് വിരുദ്ധമാണ് നീക്കമെന്ന് അദ്ദേഹം വിമര്‍ശിച്ചു. രണ്ട് സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ യാതൊരു കൂടിയാലോചനയും നടത്താതെയാണ് ഇത് നടപ്പിലാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. മാമ്പഴ ട്രക്കുകള്‍ ചിറ്റൂരിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളെ വിന്യസിച്ചതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഏകപക്ഷീയമായ നടപടികള്‍ സംഘര്‍ഷത്തിനും പ്രതികാര നടപടികള്‍ക്കും കാരണമാകുമെന്നും പച്ചക്കറികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയ മറ്റ് വസ്തുക്കളുടെ നീക്കത്തെ ബാധിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായി നിയന്ത്രണം നീക്കാന്‍ ആന്ധ്രയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിന്നാലെ താങ്ങുവില ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുതുകയും ചെയ്തു.

കര്‍ഷകരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ആന്ധ്ര
സ്വന്തം കര്‍ഷകരെ വിപണി തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ആന്ധ്രാപ്രദേശിന്റെ വാദം. കര്‍ഷകരെ സഹായിക്കുന്നതില്‍ താങ്ങുവില പ്രഖ്യാപിക്കുന്നതില്‍ കര്‍ണാടക സർക്കാർ പരാജയപ്പെട്ടുവെന്നും ഇത് അവരുടെ മാമ്പഴത്തിന്റെ വില ഇടിച്ചെന്നുമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കര്‍ണാടകയില്‍ വില വളരെ കുറവാണെന്നും കിലോഗ്രാമിന് ഏകദേശം അഞ്ച് രൂപ മാത്രമാണെന്നുമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കര്‍ണാടക മാമ്പഴം ആന്ധ്രാപ്രദേശ് വിപണിയില്‍ എത്താന്‍ അനുവദിച്ചാല്‍, സംസ്‌കരണ ഫാക്ടറികള്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മാമ്പഴങ്ങളേക്കാള്‍ കുറഞ്ഞ വിലയുള്ള മാമ്പഴങ്ങള്‍ വാങ്ങാന്‍ തയ്യാറാകും. ഇത് ആന്ധ്രയിലെ കര്‍ഷകരെ ദുരിതത്തിലേക്ക് തള്ളിവിടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശ്‌നത്തില്‍ ഇടപെട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് കത്തെഴുതിയതോടെ പ്രശ്‌നത്തിന് രാഷ്ട്രീയമാനവും കൈവന്നു. ഇരുസംസ്ഥാനങ്ങളിലേയും രാഷ്ട്രീയ സാഹചര്യങ്ങളാണ് സംഘര്‍ഷത്തെ സങ്കീര്‍ണ്ണമാക്കുന്നത്. പാര്‍ലമെന്റില്‍ എതിര്‍ ചേരിയില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍ ഭരിക്കുന്ന അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലാണ് മാമ്പഴത്തെ ചൊല്ലി കലഹിക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍, ആന്ധ്രാപ്രദേശ് സര്‍ക്കാരിനെ നയിക്കുന്നത് തെലുങ്കുദേശം പാര്‍ട്ടിയാണ് (ടി.ഡി.പി.). ഈ രാഷ്ട്രീയ സാഹചര്യം സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വില്‍പ്പന തടയുന്നത് ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളെക്കുറിച്ച് കര്‍ണാടക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്തരം നടപടികള്‍ അന്തര്‍സംസ്ഥാന സംഘര്‍ഷങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ഇരു സംസ്ഥാനങ്ങളിലെയും കാര്‍ഷിക മേഖലയെ ബാധിക്കുകയും ചെയ്യും. കര്‍ണാടകയില്‍ നിന്നുള്ള കത്തുകള്‍ക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ഇരുസംസ്ഥാനങ്ങളും കൃഷിയെ ആശ്രയിക്കുന്നതിനാല്‍, കര്‍ഷകരുടെ ക്ഷേമത്തിന് സന്തുലിതമായ ഒരു പരിഹാരം കണ്ടെത്തേണ്ടത് നിര്‍ണായകമാണ്.
Content Highlights: karnataka andhra Totapuri mango dispute
Published: 16 Jun 2025, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented