പാർട്ടി സെക്രട്ടറി ആയിരുന്ന കാലം മുതലേ പിണറായി വിജയനെ തിരുത്തണമായിരുന്നു എന്നും അതിൽ പാർട്ടി പരാജയപ്പെട്ടെന്നും രാഷ്ട്രീയ നിരീക്ഷകനും വി.എസ്. അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവുമായിരുന്ന ജോസഫ് സി. മാത്യു. സിപിഎം അഴിച്ചുപണി നടത്തേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുവജനസംഘടനകൾ സമരംചെയ്യാൻ മറന്നുപോയി. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴവെച്ച പരിചയമേ ഡിവെെഎഫ്ഐക്കുള്ളൂവെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

To advertise here,

കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള ജനഹിതം വി.ഡി സതീശനൊപ്പമാണെന്നും കെ.സി. വേണുഗാപാൽ ഇങ്ങോട്ടുവന്ന് മുഖ്യമന്ത്രി ആകേണ്ട അടിയന്തര സാഹചര്യം കേരളത്തിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.എസ് അച്ഛുതാനന്ദനെ ഉന്നംവെച്ച് ചെയ്ത പലകാര്യങ്ങളും ഇപ്പോൾ തിരിച്ച് കുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കുറച്ചുകൂടി വെെകിയിരുന്നെങ്കിൽ ഇതിലും വലിയ തോൽവി പാർട്ടി ഏറ്റുവാങ്ങിയേനെ എന്നും ജോസഫ് സി. മാത്യു പറയുന്നു.

ഇടത് കോട്ടകളിൽ പോലും എൽ.ഡി.എഫ് തോൽവി ഏറ്റുവാങ്ങി. എങ്ങനെയാണ് ഈ പരാജയത്തെ വിലയിരുത്തുന്നത്?

സിപിഎം പ്രതീക്ഷിച്ചതിലും വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. പരമ്പരാഗതമായ ശക്തി കേന്ദ്രങ്ങളിലൊക്കെ പരാജയം ഏറ്റുവാങ്ങി. മിക്കവാറും എല്ലാ മണ്ഡലങ്ങളിലും 20,000 വോട്ടിന് പിന്നിലേയ്ക്ക് പോയി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഈ പരാജയം നമുക്ക് സെൻസ് ചെയ്യാം. ഒരുപക്ഷേ, മൂന്നാംപാദത്തിൽ ആയിരുന്നു തിരഞ്ഞെടുപ്പ് എങ്കിൽ ഇതിലും ഭീകരമായ തോൽവി ഏറ്റുവാങ്ങിയേനെ. നാളുകൾ കഴിയുംതോറും ഇവരോടുള്ള പ്രതിഷേധം കൂടിക്കൂടി വരുന്നതാണ് നമ്മൾ കണ്ടത്. ഒരു പ്രധാനപ്പെട്ട കാര്യം, ഇതൊന്നും മനസ്സിലാക്കാൻ പറ്റാത്ത രീതിയിൽ ജനങ്ങളുമായിട്ടുള്ള ഇവരുടെ ബന്ധം പൂർണ്ണമായി അറ്റുപോവുകയാണ്. ഒരു വ്യക്തിയെ ഇവർ അങ്ങ് ദൈവമാക്കി മാറ്റുകയാണ്.

ഏകാധിപതി എന്നുപറഞ്ഞാൽ കുറഞ്ഞുപോകും. അദ്ദേഹത്തിന് ഒരു തെറ്റും പറ്റില്ല എന്നാണ് ചിന്ത. അഥവാ തെറ്റ് പറ്റിയാലും ദൈവ ഇഷ്ടം അങ്ങനെ ആണെന്ന് പ്രചരിപ്പിക്കും. ഇതാണ് പാർട്ടി പ്രവർത്തനം എന്നാണ് ഇവർ ധരിച്ചുകൊണ്ടിരുന്നത്.

ചാനൽ ചർച്ചയിലൊക്കെ ഇതിനെ ന്യായീകരിക്കാൻ വന്നിരിക്കുന്നവർ ഉണ്ട്. അവരോടൊക്കെ എനിക്ക് സഹതാപമാണ് തോന്നുന്നത്. അവരൊക്കെ മത്സരിച്ച മണ്ഡലങ്ങൾ പരിശോധിച്ചാൽ മതി. കിട്ടിയ ഒരു വോട്ട് രണ്ടായിട്ട് കണക്കാക്കിയാലും ജയിക്കാൻ പറ്റാത്ത രീതിയിലാണ് അവർ പരാജയപ്പെട്ടിട്ടുള്ളത്. ഇത് അവരുടെ കുഴപ്പംകൊണ്ടാണെന്ന് ഞാൻ പറയില്ല. അവർ വന്നിരുന്ന് എല്ലാ കാര്യവും ന്യായീകരിക്കാൻ ബാധ്യസ്ഥരായതുകൊണ്ട് ജനരോഷത്തിന്റെ ഒരു അംശം അവർക്കുംകൂടി ഏറ്റുവാങ്ങേണ്ടിവരുകയാണ്. പാർട്ടിക്ക് എവിടെയാണ് പിഴച്ചത് എന്നറിയാൻ നമ്മൾ കുറേ പുറകോട്ട് പോയി ചിന്തിക്കേണ്ടിവരും.

വൈദ്യുതി മന്ത്രിയായി രണ്ടുവർഷം ഇരുന്നതിനുശേഷമാണ് 1998-ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയി വരുന്നത്. പാർട്ടി സെക്രട്ടറി ആയതുമുതൽ പാർട്ടിയിൽ ഐഡിയോളജിക്കൽ ആയിട്ടുള്ള ഒരുപാട് അപചയങ്ങൾ ഉണ്ട്. അതിന് ഒരു കാരണമുണ്ട്.

പിണറായി വിജയൻ ഐഡിയോളജി, പോളിസി വിഷയങ്ങളൊന്നും കാര്യമാക്കില്ല. തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമാണ് അദ്ദേഹത്തിന് പ്രധാനം. തിരഞ്ഞെടുപ്പ് വിജയം മാത്രമായി രാഷ്ട്രീയം പരിമിതപ്പെടുകയാണ്. അങ്ങനെ ഒരാൾ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ക്രമേണ ഉണ്ടായത്.

ആസമയത്ത് വർഗീയ പാർട്ടികളുമായി കൂട്ടുകൂടാൻ പാടില്ല, മുസ്ലിം ലീഗുമായി ബന്ധം പാടില്ല എന്നുള്ള ഒരു തീരുമാനം പാർട്ടിയിൽ നിലനിൽക്കുകയാണ്. പക്ഷേ, ഇദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ അടവ് നയം എന്നുള്ള പേരിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗുമായി ബന്ധം കൊണ്ടുവരുന്നു. പിന്നീട് പിഡിപിയുമായിട്ടുള്ള ബന്ധം വരുന്നു. ഐസ്ക്രീം പാർലർ കേസിൽ ഇടപെടലുകൾ ഉണ്ടാകുന്നു.

മലബാറിന്റെ ഒരു സവിശേഷമായ രാഷ്ട്രീയത്തിൽ ലീഗുംകൂടി ചേർന്നുനിന്നാൽ എൽഡിഎഫിന് ഒരു അപ്രതിരോധ്യമായ സ്ഥാനത്ത് എത്താനാവും എന്നുള്ള ഒരു ധാരണയിലാണ് അദ്ദേഹം ഇത് ചെയ്തതെന്നാണ് ഞാൻ വിചാരിക്കുന്നത്. മറ്റു താല്പര്യങ്ങളും ചിലപ്പോൾ ഉണ്ടാകും. തിരഞ്ഞെടുപ്പ് താത്പര്യം തന്നെയായിരുന്നു അതിൽ പ്രധാനം.

ആസമയത്ത് അവിടെ ശക്തമായ എതിരാളികൾ ആർഎസ്എസ് ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കായികമായി ഏറ്റുമുട്ടുന്ന സമയമാണ്. ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ അതിരൂക്ഷമായ സ്റ്റേറ്റ്മെന്റുകളും നിലപാടുകളും അദ്ദേഹം കെെക്കൊള്ളാറുണ്ട് ആ ഘട്ടത്തിലെല്ലാം. എന്നാൽ, ഇതിൽത്തന്നെ ഒരു വൈരുധ്യമുണ്ട്. വർഗീയതയ്ക്ക് ഭൂരിപക്ഷം, ന്യൂനപക്ഷം എന്നൊന്നും ഇല്ലല്ലോ. വർഗീയതയ്ക്ക് എതിരെയുള്ള നിലപാടിൽ തന്നെ ഈ വൈരുധ്യം നമുക്ക് ആദ്യം മുതലേ കാണാൻ കഴിയും. പിന്നീട് അദ്ദേഹം മന്ത്രി ആയിരുന്ന ഘട്ടത്തിലാണ് ലാവലിന്റെ വിഷയം ഉണ്ടാകുന്നത്. ലാവലിൻ കേസിലെ അഴിമതി സിഎജി വഴിയും മറ്റുമൊക്കെ അന്വേഷണങ്ങളിലൂടെ പുറത്തുവരുന്നു.

ആ ഘട്ടം വരുമ്പോൾമുതൽ ഈ പാർട്ടി സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോയിലെ മെമ്പർഷിപ്പും ഈ അഴിമതിയേയും ആക്ഷേപത്തെയും തടയിടാനുള്ള ഒരു പരിചയമായി പിണറായി ഉപയോഗിച്ചു. അതിനുവേണ്ടി പിണറായി കണ്ടുപിടിച്ച ഒരു മാർഗം, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ആൾക്കാരെ മേൽകമ്മിറ്റികളിലേക്ക് ഉയർത്തിക്കൊണ്ട് വരുക എന്നുള്ളതാണ്. കമ്മിറ്റികളിൽ ഇങ്ങനത്തെ നയവ്യതിയാനങ്ങളെ ചോദ്യം ചെയ്യുന്നവരെല്ലാം തരം താഴ്ത്തപ്പെടുകയും പുറത്താക്കപ്പെടുകയും ടിപിയെ പോലെ ചിലരെങ്കിലും ഇല്ലാതാക്കപ്പെടുകയും ഒക്കെ ചെയ്തു. മറുഭാഗത്ത് എന്തുവന്നാലും ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യും എന്നുള്ളവർ വളരെ വളരെ പെട്ടെന്ന് കയറിവരികയും ചെയ്തു.

കൊല്ലം ജില്ലയിൽനിന്ന് മേഴ്സിക്കുട്ടി അമ്മയുടെ സ്ഥാനം എന്താണ്, ചിന്താ ജെറോമിന്റെ സ്ഥാനം എന്താണ്. ഞാൻ ഇവരെ ആരെയും ഇകഴ്ത്തി കാണിക്കാൻ പറയുകയല്ല. സീനിയോരിറ്റിയുടെ ഒരു ലെവലിൽ ഇവരുടെ ഒരു പ്രവൃത്തിപരിചയം എന്താണ്? സ്ഥാനം എന്താണ്? ചന്ദ്രൻപിള്ള, ശർമ എന്നിങ്ങനെ ഓരോരുത്തരേയും ഇങ്ങനെ ആലോചിച്ചാൽ മതി. മലപ്പുറം സമ്മേളനത്തിൽ സെക്രട്ടറിയേറ്റിൽനിന്ന് താരംതാഴ്ത്തപ്പെട്ട ആളാണ് ശർമ. അങ്ങനെ ടി. ശശിധരൻ ഉൾപ്പടെയുള്ള ഒരുപാട് പേരുണ്ട്. നയവ്യതിയാനത്തെ ചോദ്യംചെയ്യുന്നു എന്നതാണ് പ്രശ്നം.

പിണറായി വിജയൻ വി.എസ് പക്ഷം, പിണറായിയെ ചോദ്യംചെയ്യാൻ പാർട്ടിയിൽ ആരുമില്ല

വി. എസ് പക്ഷം, പിണറായി പക്ഷം ഉണ്ടാവുകയും വിഎസ് പക്ഷത്തെ വെട്ടിനിരത്തി എന്ന് പറയുകയും ഒക്കെ ചെയ്യാറുണ്ട്. ശരിക്ക് എന്താണ് ഈ വിഎസ് പക്ഷം? സത്യത്തിൽ പിണറായി വിജയൻ വി.എസ് പക്ഷക്കാരനാണ്. വി.എസ്. പക്ഷക്കാരെ അന്ന് ഉണ്ടായിരുന്നുള്ളൂ. കാരണം വളരെ ചെറിയ പ്രായത്തിൽ പിണറായി പാർട്ടി സെക്രട്ടറി ആയി വരുന്നത് വി.എസിന്റെ ആശിർവാദത്തോടുകൂടിയാണ്. അങ്ങനെയേ അന്ന് സെക്രട്ടറി ആകാൻ പറ്റൂ. അങ്ങനെയാണ് പിണറായി വന്നത്. പിണറായിക്കോ കോടിയേരിക്കോ ഒന്നും വി.എസ് നേതാവല്ല എന്ന ഒരു അഭിപ്രായം ഇല്ല. വിഎസ്സിന്റെ നേതൃത്വത്തെയോ സ്ഥാനങ്ങളെയോ പാർലമെൻ്ററിയിൽ ആയാലും പാർട്ടിയിൽ ആയാലും ചോദ്യം ചെയ്യാൻ അവർക്ക് പറ്റില്ല. അവർ ചോദ്യംചെയ്തിട്ടുമില്ല. ചോദ്യം ചെയ്തത് പിന്നീടാണ്.

സെക്രട്ടറിക്ക് എതിരെ വിഎസ് സംസാരിക്കേണ്ടി വരുന്നത് ഈ നയവ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണ്. വിഎസ്സിനെ പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റാത്തതുകൊണ്ട് വിഎസ്സിന്റെ കൂടെ നിൽക്കുന്നവരെ അടിക്കുക എന്നുള്ളതാണ് മാർഗം. കൂടെ നിൽക്കുന്നവരെയെല്ലാം വെറുതെ അടിക്കുകയായിരുന്നു. ശരിക്കും വിഎസ്സിനെ ആണ് അടിക്കുന്നത്. അങ്ങനെയാണ് ഞങ്ങൾ ഒക്കെ പിന്നീട് പുറത്താക്കപ്പെട്ടത്. പാർട്ടിക്ക് അകത്ത് പിടിമുറുക്കി പാർട്ടിയാണ് സെക്രട്ടറിയാണ് എന്നുള്ള രീതിയിൽ കാര്യങ്ങൾ എത്തിച്ചു. വിഎസ് മുഖ്യമന്ത്രിയായാൽ ഇവിടെ ന്യൂനപക്ഷങ്ങൾ എതിരാകും, വികസന വിരോധി ആണെന്നും വി.എസ് മത്സരിച്ചാൽ തോറ്റുപോകും എന്നുമൊക്കെ ഒരുപറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളേക്കൊണ്ട് ഡൽഹിയിൽ പാർട്ടി നേതൃത്വത്തോട് പറയിപ്പിച്ചു.

സംസ്ഥാനത്തെ പാർട്ടിയുടെ വികാരം കേന്ദ്ര കമ്മിറ്റിയിൽ പ്രതിഫലിപ്പിക്കേണ്ട കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വി.എസ് മത്സരിച്ചാൽ തോറ്റുപോകും എന്ന് അവിടെ ചെന്ന് പറയുകയാണ്. ആ തീരുമാനംകൊണ്ട് ഇവിടെ വന്നപ്പോൾ എന്താണ് സംഭവിച്ചത്. ജനങ്ങൾ ഇറങ്ങിയത് പോട്ടെ എന്നുവയ്ക്കാം. പാർട്ടിയുടെ 11 ജില്ലാ കമ്മിറ്റികൾ ഇതിനെതിരെ പ്രമേയം പാസാക്കി. പിന്നീട് സംസ്ഥാന കമ്മിറ്റിയിൽ ചർച്ച വന്നപ്പോൾ വി.എസ് മത്സരിക്കണം എന്ന് സംസ്ഥാന കമ്മിറ്റി പറയുന്നു. 11 ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഇല്ലാത്ത വികാരം എങ്ങനെയാണ് ഈ കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ മാത്രം ചെല്ലുന്നത്? 2011-ലും ഇത് ആവർത്തിച്ചു.

വി.എസ്. മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇടപെടലുകൾ ഉണ്ടായി. പാർട്ടി സെക്രട്ടറിയേറ്റ് അംഗങ്ങളെ മുഴുവൻ മത്സരിപ്പിച്ച് അവരെ മന്ത്രിമാരാക്കി. വി.എസിന് സ്വന്തം വകുപ്പോ, മന്ത്രിമാരുടെ വകുപ്പോ, മന്ത്രിമാരെയോ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതെയാക്കി. സെക്രട്ടറി എന്ത് ചെയ്താലും അതാണ് പാർട്ടിയുടെ തീരുമാനം എന്ന് വരുത്തുകയായിരുന്നു. അത് കഴിഞ്ഞ് പിണറായി മുഖ്യമന്ത്രി ആകുമ്പോൾ മുഖ്യമന്ത്രിയാണ് പാർട്ടി എന്ന തലത്തിലേയ്ക്ക് മാറുന്നു. ഇപ്പോൾ ഒരു തീരുമാനവും പാർട്ടി അറിയുന്നില്ല. പിഎം ശ്രീ പോലും പാർട്ടി അറിഞ്ഞില്ല. തീരുമാനങ്ങളെ ചോദ്യംചെയ്യാൻ പോലും ആരുമില്ല. സെക്രട്ടറി ആയിരുന്നപ്പോൾ ഇങ്ങനെ അല്ലായിരുന്നല്ലോ എന്ന് ചോദിക്കാനുള്ള ആർജവം ആർക്കുമില്ല.

ഒരു വ്യക്തി മാറുന്നതുകൊണ്ട് പാർട്ടി രക്ഷപ്പെടില്ല. പിണറായി വിജയൻ മത്സരിച്ചു, കഷ്ടിച്ചാണെങ്കിലും ജയിച്ചു, അദ്ദേഹം നിയമസഭ കക്ഷിയുടെ ഭാഗമാകുന്നു. അദ്ദേഹത്തെ പോലെയുള്ള ഒരു മുതിർന്ന നേതാവ് അവിടെ ഇരിക്കുമ്പോൾ വേറൊരാൾ പ്രതിപക്ഷ നേതാവായിട്ട് ഒരു കാര്യവുമില്ല. പാർട്ടിയുടെ സംഘടനാ സംവിധാനം അങ്ങനെയാണ്.

അദ്ദേഹം പ്രതിപക്ഷ നേതാവായാൽ ചിലപ്പോൾ നല്ല പ്രതിപക്ഷ നേതാവും ആവാം. അതല്ല ഇവിടുത്തെ വിഷയം. ഏകാധിപത്യ പ്രവണത ഒരു മനുഷ്യനിൽ ഉള്ളതാണ്. അധികാരം വന്നുകഴിയുമ്പോൾ അത് തീർച്ചയായിട്ടും ഉണ്ടാകും. പിണറായി വിജയനിൽ അത് അല്പം കൂടുതൽ ആണ്. അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരുന്ന കാലംമുതൽ അദ്ദേഹത്തെ തിരുത്തി മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഈ പാർട്ടി പരാജയപ്പെട്ടു എന്നാണ് ഞാൻ പറഞ്ഞതിന്റെ ചുരുക്കം. തിരുത്തലിന് അദ്ദേഹം വിധേയനാകുന്നില്ലേൽ അദ്ദേഹത്തെ ഒഴിവാക്കണം. അതും പാർട്ടിയാണ് ചെയ്യേണ്ടത്. ഒരു വ്യക്തിക്ക് അനുസരിച്ച് ഇത് രൂപപ്പെടുത്തേണ്ട കാര്യം എന്താണ്? അങ്ങനെ ഒരു വ്യക്തിയുടെ സ്വന്തം അല്ലല്ലോ ഇതൊന്നും. ഇത് ഒരാളെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്നതുകൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശ്നമല്ല ഇപ്പോൾ പാർട്ടിക്ക് സംഭവിച്ചിരിക്കുന്നത്. പാർട്ടിയുടെ ശരീരത്തിൽ പിടിച്ച വർഷങ്ങൾ പഴക്കമുള്ള ഒരു രോഗമാണിത്. മേൽകമ്മിറ്റി എങ്കിലും പൂർണ്ണമായി അഴിച്ചുപണിയണം. അതാണ് ഈ രോഗത്തിനുള്ള ചികിത്സ.

സിപിഐക്ക് എട്ട് സീറ്റ് ലഭിച്ചു. പിഎം ശ്രീ എന്ന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം പറഞ്ഞതുകൊണ്ട് മാത്രമാണ് എട്ട് സീറ്റ് ലഭിച്ചതെന്നാണ് ഞാൻ കരുതുന്നത്. ചിലരെ ചുമന്നാൽ ചുമന്നവരും നാറും എന്ന് നമ്മൾ പറയാറുണ്ട്. മുഖ്യമന്ത്രിയും ഏതാനും നേതാക്കന്മാരുംകൂടി ചേർന്ന് നടത്തിക്കൊണ്ടിരുന്ന വൃത്തികേടിന്റെ ഫലം കൂടെയുള്ള കക്ഷികളെല്ലാം അനുഭവിച്ചു. കേരള കോൺഗ്രസ് എമ്മിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ എന്ന അവസ്ഥയായി. ഒത്തൊരുമിച്ച് ഗാനം പാടിയവരെല്ലാം ഒന്നിച്ച് അനുഭവിച്ചു. ഇടയ്ക്ക് ഒരു വ്യത്യസ്ത സ്വരം പാടിയതുകൊണ്ട് മാത്രമാണ് സിപിഐക്ക് ഇത്രയും സീറ്റുകൾ എങ്കിലും കിട്ടിയത് എന്നാണ് ഞാൻ വിചാരിക്കുന്നത്. സമീപകാലത്തായതുകൊണ്ട് ജനം അത് ഓർത്തു വയ്ക്കുന്നു. നിവർന്ന് നിൽക്കാനുള്ള നട്ടെല്ല് വേണം. വിധേയരുടെ ഒരു കൂട്ടത്തെ കിട്ടിക്കഴിഞ്ഞപ്പോൾ അദ്ദേഹം ഏകാധിപതി ആയി. വിധേയരെല്ലാം നല്ലതാണെന്നും അദ്ദേഹത്തിന്റെ മാത്രം പ്രശ്നമാണെന്നും പറഞ്ഞിട്ട് കാര്യമില്ല.

84 -ാമത്തെ വയസ്സിൽ ജീപ്പിന്റെ ബോണറ്റിൽ ഒറ്റക്കൈ കുത്തി ചാടിക്കയറിയ ആളാണ് വി.എസ്

ജി. സുധാകരൻ സഖാവിന്റെ കാര്യത്തിൽ പാർട്ടി 75 വയസ്സിന്റെ ഒരു സീലിങ് വെച്ചു. യഥാർത്ഥത്തിൽ അത് എങ്ങനെയാ വന്നത്. വി. എസ്സിനെ ചെക്ക്മേറ്റ് ചെയ്യാൻ അവതരിപ്പിച്ചതാണ് ഈ സംഗതി. ഇത് അറിയാവുന്ന സീതാറാം ഉൾപ്പെടെയുള്ളവർ വി.എസ്സിന് ഇളവ് കൊടുത്തു.

75 എന്നൊരു പ്രായത്തിന്റെ കട്ട് ഓഫിന്റെ ലോജിക് എനിക്ക് മനസ്സിലാകുന്നില്ല. 84-ാമത്തെ വയസ്സിൽ മതികെട്ടാനിൽ പോയപ്പോൾ ജീപ്പിന്റെ ബോണറ്റിൽ ഒറ്റക്കൈ കുത്തി ചാടിക്കയറിയ ആളാണ് വി.എസ്. ഇവിടെ 65 -ാമത്തെ വയസ്സിൽ എഴുന്നേറ്റ് നടക്കാൻ വയ്യാത്തവരും ഹസ്തദാനം കൊടുക്കാൻ ബുദ്ധിമുട്ടുള്ളവരൊക്കെ ഉണ്ട്. ശാരീരിക അവസ്ഥ ഓരോരുത്തരുടെയും വ്യത്യസ്തമാണ്. പക്ഷേ, ഇവരെല്ലാം മത്സരിക്കുകയാണ്.

ഘടക കക്ഷിയിലുള്ള എഴുന്നേറ്റ് നടക്കാൻ വയ്യാത്തവരെ പാർട്ടിയുടെ ദാക്ഷണ്യത്തിൽ മത്സരിപ്പിക്കുകയാണ്. പാർട്ടിയാണ് മുൻകെെ എടുക്കുന്നത്. അവർ മത്സരിച്ച് വന്ന് അവിടെ ഇരിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ ഓഫീസും ബാക്കി കാര്യങ്ങളും മുഴുവൻ നിർവഹിക്കുന്നത് സിപിഎമ്മിന്റെ നേതാക്കന്മാരാണ്. ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

അങ്ങനെയൊക്കെ ചെയ്തതിനുശേഷം 75 വയസ്സായ നേതാക്കന്മാരോട് നിങ്ങൾ കടക്ക് പുറത്ത് എന്ന് പറഞ്ഞാൽ അവർ അങ്ങനെതന്നെ സ്വീകരിച്ചോളണം എന്നൊന്നുമില്ല. ഈ വിമതർ എന്ന് പറഞ്ഞു മത്സരിച്ചവരുടെ എല്ലാം പ്രായം ഒന്ന് നോക്കൂ. അതിനകത്ത് ഈ 75 വയസ്സ് ഒരു വലിയ ഘടകമാണ്. മതി എന്ന് അവരോട് പറഞ്ഞിട്ട് എഴുന്നേറ്റ് നടക്കാൻ വയ്യാത്തവർക്ക് മത്സരിക്കാൻ അവസരം കൊടുക്കുകയാണ്. ചിലപ്പോൾ ഇവരെക്കാൾ പ്രായം കുറഞ്ഞവർ ആയിരിക്കാം, കൂടിയവർ ആയിരിക്കാം.

ഭൗതിക നിലവാരമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അവരോട് വീട്ടിൽ പോയി ഇരിക്കാൻ പറയേണ്ട ഒരു കാര്യവുമില്ല. ഇതെല്ലാം അന്ന് വിഎസ്സിനെ വെടിവെക്കാൻ വേണ്ടി ചെയ്തതാ. അവസാനം ഇപ്പോൾ സ്വന്തം നെഞ്ചത്ത് കയറുന്ന പോലെ ആയി എന്നേ ഉള്ളൂ. അതുകൊണ്ട് ഇതൊന്നും ഒരു അടിസ്ഥാനമേ അല്ല. ഒരു കമ്മ്യൂണിസ്റ്റുകാരൻ മരിക്കുന്നിടം വരെ പോരാളിയായിട്ട് തുടരാൻ ആണ് ആഗ്രഹിക്കുന്നത്. അവർ അതിനാണ് പ്രവർത്തനത്തിന് ഇറങ്ങിയത്. അവരോട് റിട്ടയർമെന്റ് എടുത്ത് പോകാൻ പറയാനും പെൻഷനും കൊടുത്തിരുത്താനും ഇത് സർക്കാർ ജോലി ഒന്നുമല്ല.

യുക്തിരഹിതമായ ഇങ്ങനത്തെ ഒരുപാട് തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. പുതിയ ആൾക്കാർക്ക് സ്ഥാനം കൊടുക്കണം എന്നുണ്ടെങ്കിൽ പുതിയ ആൾക്കാരെ കൊണ്ടുവന്നാൽ പോരെ. അതിന് പഴയ ആൾക്കാരെ എടുത്തിട്ട് അടുപ്പത്ത് വെക്കേണ്ട കാര്യമൊന്നുമില്ലല്ലോ. പക്ഷേ, പുതിയ ആൾക്കാരെ കൊണ്ടുവരാൻ ഇവർ ഒട്ടും സമ്മതിക്കുകയുമില്ല. പ്രവർത്തിക്കുന്നവരെയും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെയും ചവിട്ടി താഴ്ത്തുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. എന്നിട്ട് കക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി ഇല്ല. സ്വർണ്ണക്കൊള്ള നടത്തിയവർക്കെതിരെ പോലും നടപടി ഇല്ല. സഹകരണ ബാങ്ക് കൊള്ള നടത്തിയവർക്കെതിരെ നടപടി ഇല്ല, ജാഗ്രതക്കുറവ് മാത്രം.

അവരെ കുറച്ചുനാൾ നീക്കിയിരുത്തിയ ശേഷം വീണ്ടും അതിലുംവലിയ ഒരു കസേരയിൽ കൊണ്ടുവന്നു ഇരുത്തും. വളരെ വളരെ ആഴത്തിലുള്ള ഒരു വിഷയമാണിത്. തൊലിപ്പുറത്തെ ചികിത്സകൊണ്ട് മാത്രം ഇത് പരിഹരിക്കാനാവില്ല.

ജനഹിതം വി.ഡി സതീശനൊപ്പം, കെ. സി വേണുഗാപാൽ ഇങ്ങോട്ട് വന്ന് മുഖ്യമന്ത്രി ആകേണ്ട അടിയന്തര സാഹചര്യമില്ല

ജനഹിതം വി.ഡി സതീശിനോടൊപ്പം ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. ജനങ്ങൾ അങ്ങനെയാണ് കരുതുന്നത്. അദ്ദേഹം മുന്നിൽനിന്ന് നയിച്ച ഒരു തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇതിപ്പോൾ സിപിഎമ്മിൽ ആയിരുന്നെങ്കിൽ ഒരുപക്ഷേ എംഎൽഎമാരുടെ താത്പര്യം പോലും നോക്കില്ല. പാർട്ടിയിലെ സീനിയോരിറ്റിയാണ് ഘടകം. സീനിയോരിറ്റി എന്ന് പറയുന്നത് ഒരു ഘടകമാണ്. അതുവെച്ചിട്ട് രമേഷ് ചെന്നിത്തലക്കും മുഖ്യമന്ത്രി ആവാനുള്ള അവകാശം ഉണ്ട്. അതൊരു കുറ്റകരമായ കാര്യമാണെന്ന് ഞാൻ വിചാരിക്കുന്നില്ല.

പക്ഷേ, കെ.സി വേണുഗോപാലിന്റെ കാര്യം വേറെയാണ്. എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനം നേരത്തെതന്നെ ഹൈക്കമാൻഡ് എടുത്തതാണ്. അതിൽ ഒരു യുക്തി ഉണ്ടെങ്കിൽ ആ യുക്തി കെ.സി വേണുഗോപാലിനും ബാധകമാണ്. അദ്ദേഹം ഒരു എംപി ആണ്, കേന്ദ്രത്തിൽ ഒരു ചുമതല വഹിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇപ്പോൾ ഇങ്ങോട്ട് വന്ന് മുഖ്യമന്ത്രി ആകേണ്ട ഒരു അടിയന്തര സാഹചര്യം കേരളത്തിൽ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അതല്ലെങ്കിൽ അദ്ദേഹം നേരത്തെ ഇവിടെ മത്സരിക്കണമായിരുന്നു. രമേശ് ചെന്നിത്തല അല്ലെങ്കിൽ വി.ഡി സതീശൻ ആണെന്നാണ് ഞാൻ കരുതുന്നത്. ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച മുഖം സതീശന്റേതാണ്. അവരെ മുന്നിൽനിന്ന് നയിച്ച, മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് അദ്ദേഹത്തിനെതിരെ പ്രസംഗിക്കുന്ന ഒരാളെ ഒഴിവാക്കാനാകില്ല.

ബിജെപിയുടെ യഥാർഥ സാന്നിധ്യമുള്ള ആദ്യ നിയമസഭ

തിരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് ബിജെപി പ്രതിനിധികളും ജനങ്ങൾ തിരഞ്ഞെടുത്തവർ തന്നെയാണ്. അല്ലാതെ ഓട് പൊളിച്ച് വന്നവരൊന്നുമല്ല.

പ്രവൃത്തിപരിചയമുള്ളവരാണ് മുരളീധരനും ഗോപകുമാറും. രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് ഭാഷയൊക്കെ ഒരു പ്രശ്നമാവാം. മൂന്ന് വ്യത്യസ്ത സ്വഭാവം ഉള്ളവരാണ് ഇവരെല്ലാം. രാജഗോപാൽ വന്നിട്ടുണ്ടെങ്കിലും വേറെ ഒരു സ്വഭാവപ്രകൃതിക്കാരനായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ സാന്നിധ്യം നിയമസഭയിൽ ആദ്യമായിട്ട് ഉണ്ടാകാൻ പോവുകയാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. യുവത്വത്തിന്റെ പ്രസരിപ്പുള്ള ഒരാൾ പക്ഷേ അവർക്ക് സഭയിൽ ഇല്ല.

സമരംചെയ്യാൻ മറന്നുപോയ യുവജനസംഘടനകൾ, 10 വർഷത്തിനിടയിൽ വാഴവെച്ച പരിചയമേ അവർക്കുള്ളൂ

കഴിഞ്ഞ 10 വർഷമായിട്ട് യുവജനസംഘടനകൾ സമരം ചെയ്തിട്ടില്ല. യുവജനവിഭാഗം അത് പൂർണ്ണമായിട്ടും മറന്നുപോയി. പാർട്ടിക്ക് അതെല്ലാം ഒരു പ്രശ്നമാണ്. സമരം എന്ന് പറഞ്ഞാൽ എന്തോ ദേശവിരുദ്ധ പ്രവർത്തനം ആയിട്ട് ഇവർ ബ്രാൻഡ് ചെയ്യുകയും ചെയ്തു. പിണറായി ഒക്കെ ഭരണത്തിൽ ആയതുകൊണ്ട് അങ്ങനെ പറയുന്നെന്നേ ഉള്ളൂ. പ്രതിപക്ഷത്ത് വന്നാൽ അത് മാറ്റിചെയ്യാൻ സാധിക്കും. പക്ഷെ, കഴിഞ്ഞ 10 വർഷമായിട്ട് ഈ പാർട്ടിയിലേക്ക് വന്ന ആളുകളാണ് ഇപ്പോൾ ഡിവൈഎഫ്ഐയിൽ പോലും ഉള്ളത്. അവരെ സംബന്ധിച്ചിടത്തോളം അവർക്കിത് അറിയില്ല. ആകപ്പാടെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ വാഴവെച്ച പരിചയം മാത്രമേ ഇവർക്കുള്ളൂ. സമരങ്ങളെ ഏറ്റെടുക്കാനും അതിലെ വിഷയങ്ങൾ ഉൾക്കൊള്ളാനും ഒക്കെയുള്ള ഒരു രാഷ്ട്രീയം കഴിഞ്ഞ 10 വർഷമായിട്ട് ഇല്ലാതായിപ്പോയി. അത് കേരളത്തിന്റെ ഒരു നഷ്ടമാണ്. അത് തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യക്തിപരമായി എനിക്ക് ആ ആഗ്രഹമുണ്ട്.