കേരളത്തിലെ ഒന്നോ രണ്ടോ പ്രധാന നദീതടങ്ങളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കാം. തുടർന്ന് ലഭിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പ്രധാന നദീതടങ്ങളിലേക്കും വ്യാപിപ്പിക്കാം.

മഴയുടെ അളവുമാത്രം അറിഞ്ഞാൽ പ്രളയസാധ്യത നിർണയിക്കാനാവില്ല. ഓരോ നദീതടത്തിലെയും മണ്ണിന്റെ സ്വഭാവം, ഭൂവിനിയോഗം, മുൻദിവസങ്ങളിലെ മഴ, ജലാശയങ്ങളിലെ ജലനിരപ്പ്, നദികളുടെ ഒഴുക്കുശേഷി, താഴ്ന്നപ്രദേശങ്ങളുടെ ഭൂപ്രകൃതി എന്നിവയെല്ലാം സംയോജിപ്പിച്ചാണ് യഥാർഥ പ്രളയപ്രവചനം നടത്തേണ്ടത്.
ജപ്പാൻ മുന്നോട്ടുെവച്ച ആധുനിക സംവിധാനം
ഈ പശ്ചാത്തലത്തിലാണ് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ജപ്പാനിൽ പ്രവർത്തിക്കുന്ന ഇൻറർനാഷണൽ സെന്റർ ഫോർ വാട്ടർ ഹസാഡ് ആൻഡ് റിസ്ക് മാനേജ്മെന്റ് (ICHARM) നേതൃത്വത്തിൽ കേരളത്തിന് അനുയോജ്യമായ ഒരു ആധുനിക പ്രളയ പ്രവചനസംവിധാനം വികസിപ്പിക്കുന്നതിനുള്ള പ്രാഥമിക നിർദേശങ്ങൾ തയ്യാറാക്കിയത്.
വേൾഡ് ബാങ്കിന്റെ ഇന്ത്യയിലെ പ്രതിനിധികൾ, ജപ്പാൻ എംബസി ഉദ്യോഗസ്ഥർ, കേരളസർക്കാർ പ്രതിനിധികൾ, ജപ്പാനിലെ സാങ്കേതിക-ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പങ്കെടുത്ത ചർച്ചകളിൽ ഈ പദ്ധതി അവതരിപ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുത്ത പ്രധാന നദീതടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കുന്നതിനുള്ള ധാരണയും രൂപപ്പെട്ടു. ചില പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും ഭരണപരവും സാങ്കേതികവുമായ കാരണങ്ങളാൽ പദ്ധതി ഇതുവരെ പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കേരളം വീണ്ടും മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ, ആ പദ്ധതി പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ പ്രസക്തി മുൻപെത്തെക്കാൾ വർധിച്ചിരിക്കുകയാണ്.
വേണ്ടത് പ്രളയഭൂപടം
ICHARM മുന്നോട്ടുവെച്ച സംവിധാനം ഒരു സാധാരണ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനമല്ല. ആഗോള കാലാവസ്ഥാ പ്രവചനകേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങൾ, ഉപഗ്രഹനിരീക്ഷണം, കാലാവസ്ഥാ റഡാർ ഡേറ്റ, മഴ പ്രവചനങ്ങൾ, സമുദ്ര-അന്തരീക്ഷ മോഡലുകൾ, നദീതടങ്ങളുടെ ഭൂപ്രകൃതി, മണ്ണിന്റെ സ്വഭാവം, ഭൂവിനിയോഗം, നദികളുടെയും അണക്കെട്ടുകളുടെയും തത്സമയ ജലനിരപ്പ് എന്നിവ ഏകീകൃതമായി വിശകലനം ചെയ്യുന്ന ശാസ്ത്രീയ പ്ലാറ്റ്ഫോമാണിത്.
ഉയർന്നശേഷിയുള്ള കംപ്യൂട്ടറുകളും ഹൈഡ്രോളജിക്കൽ-ഹൈഡ്രോളിക് മോഡലുകളും ഉപയോഗിച്ച് ഈ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ, ഏതാനും ദിവസങ്ങൾ മുൻപുതന്നെ ഏതെല്ലാം നദികളിൽ ജലനിരപ്പ് ഉയരാമെന്നും ഏതുസമയത്ത് അപകടനിരപ്പ് മറികടക്കാമെന്നും ഏതെല്ലാം പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടാമെന്നും പ്രവചിക്കാൻ കഴിയും.
‘കനത്ത മഴയ്ക്ക് സാധ്യത’ എന്ന പൊതുവായ മുന്നറിയിപ്പിൽനിന്ന് ‘ഈ നദിയിലെ ജലനിരപ്പ് ഈ സമയത്ത് ഇത്ര ഉയരാൻ സാധ്യതയുണ്ട്; ഈ പഞ്ചായത്തിലെ ഈ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാം’ എന്ന കൂടുതൽ കൃത്യമായ മുന്നറിയിപ്പിലേക്കാണ് ഇതിലൂടെ മാറാൻ കഴിയുന്നത്.
ഇത്തരം പ്രവചനങ്ങൾ ലഭിച്ചാൽ ജില്ലാ ഭരണകൂടങ്ങൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും രക്ഷാസേനയ്ക്കും മുൻകൂട്ടി പ്രവർത്തിക്കാം. അപകടസാധ്യതയുള്ള ജനങ്ങളെ പകൽസമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കാനും ആശുപത്രികൾക്കും അഗ്നിരക്ഷാസേനയ്ക്കും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താനും കഴിയും.
അണക്കെട്ട് മാനേജ്മെന്റ്
പ്രളയപ്രവചന സംവിധാനം ഫലപ്രദമാകണമെങ്കിൽ അതിനെ കേരളത്തിലെ അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും പ്രവർത്തനവുമായി ബന്ധിപ്പിക്കണം. പ്രതീക്ഷിക്കുന്ന മഴയും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും മുൻകൂട്ടി കണക്കാക്കി ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയണം.
മൺസൂൺ കാലത്ത് അണക്കെട്ടുകളിൽ ആവശ്യമായ ‘ഫ്ളഡ് കുഷ്യൻ’ നിലനിർത്തുകയും ഒരേ നദീതടത്തിലുള്ള വിവിധ ജലാശയങ്ങളെ ഏകോപിതമായി പ്രവർത്തിപ്പിക്കുകയും വേണം. ഓരോ അണക്കെട്ടും പ്രത്യേകം കൈകാര്യം ചെയ്യുന്നതിനുപകരം നദീതടത്തെ സമഗ്ര ഘടകമായി കാണുന്ന മാനേജ്മെന്റ് സമീപനമാണ് കേരളത്തിന് വേണ്ടത്.
ജലം പുറത്തുവിടൽ തീരുമാനങ്ങൾ മഴയുടെ പ്രവചനം, ജലാശയത്തിലേക്കുള്ള പ്രതീക്ഷിത ഒഴുക്ക്, താഴെയുള്ള നദികളിലെ ജലനിരപ്പ്, കടലിലെ വേലിയേറ്റം, ജനവാസമേഖലകളിലെ അപകടസാധ്യത എന്നിവ പരിഗണിച്ചായിരിക്കണം.
വിദഗ്ധപരിശീലനവും സ്ഥാപനശേഷിയും
ആധുനിക സാങ്കേതികവിദ്യ വാങ്ങുകയോ സ്ഥാപിക്കുകയോ ചെയ്താൽമാത്രം പദ്ധതി വിജയിക്കില്ല. അത് കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും വിവരങ്ങൾ വ്യാഖ്യാനിക്കാനും മുന്നറിയിപ്പുകൾ തീരുമാനങ്ങളാക്കി മാറ്റാനും പരിശീലനം നേടിയ വിദഗ്ധർ ആവശ്യമാണ്.
കേരളത്തിലെ അണക്കെട്ടുകളുടെയും ജലസംഭരണികളുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ട എൻജിനിയർമാർക്കും സാങ്കേതിക ഉദ്യോഗസ്ഥർക്കും പ്രത്യേകപരിശീലനം നൽകുന്നതിനുള്ള പദ്ധതികളും ജപ്പാൻ ഇന്റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസിയായ JICAയുടെ സഹകരണത്തോടെ ആസൂത്രണം ചെയ്തിരുന്നു. ജപ്പാനിലെ ജലാശയ നിയന്ത്രണം, പ്രളയ പ്രവചനം, അടിയന്തര മുന്നറിയിപ്പ്, നദീതട മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ പരിചയം കേരളത്തിലെ എൻജിനിയർമാർക്കും ഉദ്യോഗസ്ഥർക്കും കൈമാറുക എന്നതായിരുന്നു ലക്ഷ്യം.
കേരളത്തിന് വിദേശ സാങ്കേതികവിദ്യയെ സ്ഥിരമായി ആശ്രയിക്കുന്ന സംവിധാനമല്ല വേണ്ടത്. സംസ്ഥാനത്തെ ജലശാസ്ത്രജ്ഞർ, കാലാവസ്ഥാ വിദഗ്ധർ, എൻജിനിയർമാർ, ഡേറ്റാ ശാസ്ത്രജ്ഞർ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സംവിധാനം സ്വതന്ത്രമായി പ്രവർത്തിപ്പിക്കാനും പരിഷ്കരിക്കാനും കഴിയുന്ന സ്ഥിരം വിദഗ്ധസംഘം രൂപവത്കരിക്കണം.
പദ്ധതി പുനരാരംഭിക്കാൻ സംസ്ഥാനതല തീരുമാനമാണിനി വേണ്ടത്. ICHARM പദ്ധതിയുടെ പ്രാഥമിക ധാരണകളും സാങ്കേതികചർച്ചകളും ചരിത്രരേഖകളായി മാത്രം തുടരരുത്. കേരളത്തിലെ ഒന്നോ രണ്ടോ പ്രധാന നദീതടങ്ങളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ഉടൻ ആരംഭിക്കാം. തുടർന്ന് ലഭിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ പ്രധാന നദീതടങ്ങളിലേക്കും വ്യാപിപ്പിക്കാം.
(ജപ്പാനിലെ അഡ്വാൻസ്ഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനാണ് ലേഖകൻ)
Content Highlights: Kerala needs an urgent state-level decision to revive the UNESCO-ICHARM flood forecasting project from Japan, which offers precise, river-basin-specific warnings by integrating rainfall, soil properties, and dam water levels.
Published: 18 Aug 2026, 12:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented