
ഇസ്രയേലും ഇറാനും തമ്മിലുള്ള ആക്രമണം കടുക്കുന്നു. ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ ബീര്‍ ബെഷയിലെ സൊറോക മെഡിക്കല്‍ സെന്റര്‍ തകര്‍ന്നു. ഇസ്രയേലിന്റെ സൈനിക ഇന്റലിജന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നത് ആശുപത്രിയുടെ സമീപത്താണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഇറാന്റെ ആക്രമണം. പിന്നാലെ ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുള്‍പ്പെടെ ഇറാനില്‍ ആരും സുരക്ഷിതരല്ലെന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഇറാന്റെ ആണവപദ്ധതികളെ മുച്ചൂടും മുടിക്കുമെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ അരാക്കിലുള്ള ഖോണ്ഡബ് ആണവനിലയത്തിലെ ഘനജല റിയാക്ടര്‍ തകര്‍ന്നു. അവരുടെ ഏറ്റവും വലിയ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ നതാന്‍സിനു നേരെയും വീണ്ടും ആക്രമണമുണ്ടായി. ആക്രമണങ്ങളില്‍ നതാന്‍സിന് കാര്യമായ കേടുപറ്റിയെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) വെളിപ്പെടുത്തി. ഇതിനിടെ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയെന്നും ഇറാന് ആണവപദ്ധതി ഉപേക്ഷിക്കാനുള്ള അവസരമെന്ന നിലയ്ക്കാണ് അന്തിമതീരുമാനം വൈകിപ്പിക്കുന്നതെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇറാന്റെ ആണവപദ്ധതിയെ എന്തുകൊണ്ടാണ് അമേരിക്കയും ഇസ്രയേലും ഭയക്കുന്നത്? ഇറാന്‍ ഒരു ആണവായുധം വികസിപ്പിക്കുമോ? ലോകത്ത് ഏതെല്ലാം രാജ്യങ്ങളുടെ കൈവശമാണ് ആണവായുധങ്ങള്‍ ഉള്ളത്? ഇസ്രയേലിന്റെ പക്കല്‍ എത്രത്തോളം ആണവായുധങ്ങളുണ്ട്?

ആദ്യം അമേരിക്ക, പിന്നാലെ സോവിയറ്റ് യൂണിയന്‍
അമേരിക്കയാണ് ലോകത്താദ്യമായി വിജയകരമായി ആണവായുധ പരീക്ഷണം നടത്തിയത്. രണ്ടാം ലോകമഹായുദ്ധസമയത്ത്, 1945 ജൂലായ് 16-ന് ന്യൂ മെക്‌സിക്കോ മരുഭൂമിയിലായിരുന്നു ആദ്യത്തെ ആണവായുധ പരീക്ഷണം. ഒരു മാസത്തിനുള്ളില്‍, ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അവര്‍ അണുബോംബ് വര്‍ഷിച്ചു. ഏതാണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് തല്‍ക്ഷണം കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ദുരിതം നീണ്ടുനിന്നു. പരിക്കുകള്‍, റേഡിയേഷന്‍ മൂലമുള്ള രോഗങ്ങള്‍ എന്നിവ മൂലം പതിനായിരങ്ങള്‍ മരിച്ചു. ആദ്യ പരീക്ഷണം നടത്തി നാല് വര്‍ഷത്തിനുള്ളില്‍ ആറ് തുടര്‍പരീക്ഷണങ്ങള്‍ അമേരിക്ക നടത്തി. അമേരിക്കയുടെ ആണവ പരീക്ഷണത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോവിയറ്റ് യൂണിയന്‍ അവരുടെ ആദ്യത്തെ ആണവായുധം പരീക്ഷിക്കുന്നത്. 1949 ഓഗസ്റ്റ് 29-ന് ആര്‍.ഡി.എസ് -1 എന്ന രഹസ്യനാമം നല്‍കിയ പരീക്ഷണം കസാഖ്സ്താനിലെ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റിലാണ് നടത്തിയത്. രണ്ട് ലോകശക്തികള്‍ തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട ആയുധ മത്സരത്തിനാണ് ഈ പരീക്ഷണം വഴിവെച്ചത്. സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റില്‍ സോവിയറ്റ് യൂണിയന്‍ 456 തുടര്‍പരീക്ഷണങ്ങളാണ് നടത്തിയത്. 1991 ഓഗസ്റ്റ് 29-ന് കസാഖ്സ്താന്‍ സെമിപലാറ്റിന്‍സ്‌ക് ടെസ്റ്റ് സൈറ്റ് അടച്ചു.
ഓസ്ട്രേലിയയിലെ മോണ്ടെബെല്ലോ ദ്വീപില്‍ 1952-ല്‍ ആണവപരീക്ഷണം നടത്തിക്കൊണ്ട് യു.കെ ഈ പട്ടികയില്‍ ഇടംപിടിച്ചു. തുടര്‍ന്നുള്ള ഏഴ് വര്‍ഷക്കാലയളവിനുള്ളില്‍ 21 തവണയാണ് ബ്രിട്ടണ്‍ ആണവായുധ പരീക്ഷണം നടത്തിയത്. 1960-ല്‍ ഫ്രാന്‍സും 1964- ചൈനയും ആണവായുധങ്ങള്‍ പരീക്ഷിച്ചു. 1945 മുതല്‍ എട്ട് രാജ്യങ്ങള്‍ ചേര്‍ന്ന് മൊത്തം 2,056 ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ആംസ് കണ്‍ട്രോള്‍ അസോസിയേഷന്റെ കണക്ക്. പക്ഷേ ഇതില്‍ പകുതിയും നടത്തിയത് അമേരിക്കയാണ്. 1945-നും 1992-നും ഇടയില്‍ 1,030 പരീക്ഷണങ്ങളാണ് അവര്‍ നടത്തിയത്. 1954-ല്‍, മാര്‍ഷല്‍ ദ്വീപുകളിലെ ബിക്കിനി അറ്റോളില്‍ യു.എസ്. അവരുടെ ഏറ്റവും വലിയ ആണവായുധ പരീക്ഷണം നടത്തി. കാസില്‍ ബ്രാവോ എന്നാണ് ഈ പരീക്ഷണത്തിന് രഹസ്യനാമം നല്‍കിയത്. 1949-നും 1990-നും ഇടയില്‍ 715 ആണവ പരീക്ഷണങ്ങള്‍ നടത്തിയ സോവിയറ്റ് യൂണിയനാണ് പട്ടികയില്‍ രണ്ടാമത്. ഫ്രാന്‍സ് 210 ആണവപരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ യുകെയും ചൈനയും 45 വീതം പരീക്ഷണങ്ങള്‍ നടത്തി. ഇന്ത്യ മൂന്ന് ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ പാകിസ്താന്‍ രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തി. ഏറ്റവും ഒടുവില്‍ ആണവ പരീക്ഷണം നടത്തിയ രാജ്യം ഉത്തര കൊറിയയാണ്.

തുറന്ന് പറഞ്ഞ എട്ട് രാജ്യങ്ങള്‍, വെളിപ്പെടുത്താതെ ഇസ്രയേല്‍
യുണൈറ്റഡ് സ്റ്റേറ്റ്‌സ്, റഷ്യ, യുണൈറ്റഡ് കിങ്ഡം, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാകിസ്താന്‍, ഇസ്രയേല്‍, ഉത്തര കൊറിയ എന്നീ ഒമ്പത് രാജ്യങ്ങളുടെ പക്കലാണ് ആണവായുധങ്ങളുള്ളത്. ഈ രാജ്യങ്ങളിലായി ഏകദേശം 12,241 ആണവായുധങ്ങളാണുള്ളതെന്നാണ് ഈ വര്‍ഷം ജനുവരിയിലെ കണക്കുകള്‍. റഷ്യയും യുഎസും ചേര്‍ന്നാണ് ആകെയുള്ള ആണവായുധങ്ങളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത്. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആര്‍.ഐ.) കണക്കുകള്‍ പ്രകാരം 5459 ആണവായുധങ്ങളാണ് റഷ്യയുടെ കൈവശമുള്ളത്. ഇതില്‍ 1718 എണ്ണം പലതലത്തില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് എസ്.ഐ.പി.ആര്‍.ഐ. ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമേ 2591 എണ്ണം കരുതല്‍ ശേഖരത്തിലുണ്ട്. സൈനിക ശേഖരങ്ങള്‍ക്ക് പുറമേ റഷ്യ ഒഴിവാക്കിയ 1150-ലധികം പോര്‍മുനകളുമുണ്ട്. അവ ക്രമേണ നശിപ്പിച്ചുകളയാണ് പദ്ധതി. 5177 ആണവായുധങ്ങള്‍ അമേരിക്കയുടെ കൈവശമുണ്ടാകുമെന്നാണ് എസ്.ഐ.പി.ആര്‍.ഐ വിലയിരുത്തുന്നത്. ഇതില്‍ 1770 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും മറ്റുമായി വിന്യസിച്ചിട്ടുണ്ടാകുമെന്ന് എസ്.ഐ.പി.ആര്‍.ഐ. പറയുന്നു. ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന കാര്യത്തില്‍ റഷ്യയേക്കാള്‍ മുന്നില്‍ അമേരിക്കയാണ്. 1930 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1477 എണ്ണം ഒഴിവാക്കിയിട്ടുണ്ട്.
റഷ്യയ്ക്കും യു.എസിനും പിന്നില്‍ ഏറ്റവുമധികം ആണവായുധ ശേഖരമുള്ളത് ചൈനയ്ക്കാണ്. ഏകദേശം 600 ആണവ പോര്‍മുനകളാണ് ചൈനയ്ക്കുള്ളത്. എന്നാല്‍, ആണവായുധങ്ങള്‍ വിന്യസിച്ചിരിക്കുന്ന കാര്യത്തില്‍ യു.കെയ്ക്കും ഫ്രാന്‍സിനും ഏറെ പിന്നിലാണ് ചൈന. നിലവില്‍ ഏകദേശം 290 ആണവായുധങ്ങളുള്ള ഫ്രാന്‍സിന്റെ ശേഖരം കഴിഞ്ഞ ദശകത്തില്‍ നിശ്ചലമായിരുന്നു. നിലവിലുള്ള 290 ആണവായുധങ്ങളില്‍ 280 എണ്ണവും അവര്‍ വിന്യസിച്ചിട്ടുണ്ട്. 10 എണ്ണം മാത്രമാണ് ഉപയോഗിക്കാന്‍ സജ്ജമായി സൈനിക ശേഖരത്തിലുള്ളത്. യു.കെയുടെ ആണവശേഖരത്തിന്റെ വലിപ്പം സംബന്ധിച്ച് കൃത്യമായ വിവരം പുറത്തുവന്നിരുന്നില്ലെങ്കിലും ഏകദേശം 225 ആണവായുധങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 120 അന്തര്‍വാഹിനികളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളില്‍ വിന്യസിക്കുന്നതിന് സജ്ജമാണ്. 105 എണ്ണം കരുതല്‍ ശേഖരത്തിലുമുണ്ട്. ചൈനയുടെ കാര്യത്തില്‍ 576 ആണവായുധങ്ങളും കരുതല്‍ ശേഖരത്തിലാണ്. ചൈന അതിവേഗം ആണവായുധശേഖരം വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തിലാണ് ചൈന തങ്ങളുടെ ആണവായുധശേഖരം വിപുലീകരിക്കുന്നത്. 100 ആണവായുധങ്ങളാണ് ഒരു വര്‍ഷംകൊണ്ട് ചൈന സ്വന്തമാക്കിയതെന്നാണ് എസ്.ഐ.പി.ആര്‍.ഐയുടെ കണക്കുകള്‍ പറയുന്നത്.
ഇന്ത്യയും പാകിസ്താനുമാണ് ആണവായുധങ്ങളുടെ കാര്യത്തില്‍ അടുത്ത സ്ഥാനങ്ങളിലുള്ളത്. നേരത്തെ പാകിസ്താന്‍ ആണവശേഖരത്തില്‍ ഇന്ത്യയേക്കാള്‍ അല്പം മുന്നിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇന്ത്യയാണ് മുന്നില്‍. ഏതാനും വര്‍ഷങ്ങളായി പാകിസ്താന്റെ കൈവശമുണ്ടായിരുന്നു 170 എണ്ണം തന്നെയാണ് ഇപ്പോഴുമുള്ളത്. എന്നാല്‍ ഇന്ത്യ അതിന്റെ ആണവായുധശേഖരം വിപുലീകരിച്ചുവെന്നാണ് എസ്.ഐ.പി.ആര്‍.ഐ. റിപ്പോര്‍ട്ട് പറയുന്നത്. 180 ആണവായുധങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 172 ആയിരുന്നു. ഇസ്രയേലിന്റെ കാര്യത്തിലേക്ക് വന്നാല്‍ അവര്‍ ഒരിക്കലും ആണവശേഷി പരീക്ഷിക്കുകയോ പരസ്യമായി പ്രഖ്യാപിക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. അവരുടെ ആണവശേഖരത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടെങ്കിലും 90 ആണവായുധങ്ങള്‍ കൈവശമുണ്ടെന്നാണ് കരുതുന്നത്. ഇക്കാര്യം പരസ്യമായി അംഗീകരിക്കാത്ത ഇസ്രയേല്‍ ആണവായുധശേഖരം നവീകരിക്കുകയാണെന്നും വിശ്വസിക്കപ്പെടുന്നു. ആണവായുധ ശേഖരം വികസിപ്പിക്കുന്നതില്‍ പുരോഗതി കൈവരിച്ച മറ്റൊരു രാജ്യം ഉത്തര കൊറിയയാണ്. അവര്‍ ഇതുവരെ ആറ് ആണവ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഉത്തര കൊറിയ നിലവില്‍ 50 ഓളം ആയുധങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും 90 വാര്‍ഹെഡുകള്‍ വരെ നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് എസ്.ഐ.പി.ആര്‍.ഐ. കണക്കാക്കുന്നത്. എന്നാല്‍ പൂര്‍ണ പ്രവര്‍ത്തനസജ്ജമായ ആണവായുധം വികസിപ്പിക്കാന്‍ ഉത്തര കൊറിയക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം സംശയം പ്രകടിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ പിന്തുണയോടെ ആരംഭിച്ച ഗവേഷണം
ഇറാന്‍ ഇതുവരെ ആണവായുധം വികസിപ്പിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നുള്ള രഹസ്യ ആണവായുധ ഗവേഷണത്തിന്റെ നീണ്ട ചരിത്രം അവര്‍ക്കുണ്ട്. 50 വര്‍ഷത്തിലേറെയായി ഇറാന് സിവിലിയന്‍ ആണവോര്‍ജ്ജ പദ്ധതിയുണ്ട്. 1950-കളില്‍ ഷാ പഹ്ലവിയുടെ ഭരണകാലത്ത് അമേരിക്കയുടെ പിന്തുണയോടെയും സഹായത്തോടെയുമാണ് ഇറാന്‍ ആണവപദ്ധതി ആരംഭിച്ചത്. 1958-ല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ.എ.ഇ.എ.)യില്‍ അവര്‍ അംഗമായി. 1963-ല്‍ ഇറാന്‍ ഭാഗിക ആണവ പരീക്ഷണ നിരോധന ഉടമ്പടിയില്‍ ഒപ്പുവെക്കുകയും അത് അംഗീകരിക്കുകയും ചെയ്തു. 1967-ല്‍ 'ആറ്റം ഫോര്‍ പീസ്' പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്ക ഇറാന് ഗവേഷണ റിയാക്ടര്‍ നല്‍കി. 1970-ല്‍ അവര്‍ ആണവായുധവ്യാപനം തടയാനുള്ള കരാര്‍ (എന്‍.പി.ടി.) അംഗീകരിക്കുകയും ചെയ്തു. 1974-ലാണ് ഇറാന്റെ ആണവോര്‍ജ നിയമം പ്രഖ്യാപിക്കുന്നത്. 1970-കളുടെ മധ്യത്തില്‍ ഫ്രാന്‍സ്, പശ്ചിമ ജര്‍മ്മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഇറാന് ആണവ സഹായങ്ങളും ലഭിച്ചിരുന്നു. ഇതെല്ലാമാണെങ്കിലും 1979-ലെ ഇസ്ലാമിക വിപ്ലവം രാജ്യത്തിന്റെ ആണവപദ്ധതിയെ പിന്നോട്ടടിച്ചു. ഷാ പഹ്ലവി അട്ടിമറിക്കപ്പെട്ടതോടെ പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ആണവ സഹകരണം അവസാനിച്ചു. ഭരണമാറ്റത്തിന് പിന്നാലെ അമേരിക്ക ശത്രുപക്ഷത്തായതോടെ ആണവപദ്ധതികള്‍ക്ക് ലഭിച്ചിരുന്ന സാങ്കേതിക സഹായങ്ങള്‍ നിലച്ചു. പിന്നാലെ ആണവോര്‍ജം ആവശ്യമില്ലെന്ന് ഇറാന്‍ തീരുമാനിക്കുകയും ചെയ്തു.
1980-ലെ ഇറാന്‍-ഇറാഖ് യുദ്ധമാണ് ആണവപദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചത്. സൗദി അറേബ്യയുടെയും അമേരിക്കയുടെയും പിന്തുണയോടെ ആരംഭിച്ച യുദ്ധത്തില്‍ ബുഷെഹറിലെ ഇറാന്റെ രണ്ട് ആണവ റിയാക്ടറുകള്‍ ഇറാഖ് ബോംബിട്ടു തകര്‍ത്തിരുന്നു. യുദ്ധത്തിന് പിന്നാലെ ഇറാന്‍ ആണവപദ്ധതികള്‍ പൊടിതട്ടിയെടുത്തു. 1982-ല്‍ ഇസ്ഫഹാന്‍ ന്യൂക്ലിയര്‍ ടെക്നോളജി സെന്ററില്‍ യുറേനിയം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു റിയാക്ടര്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. തൊട്ടടുത്തവര്‍ഷം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അവരുടെ ആണവ സൗകര്യങ്ങള്‍ പരിശോധിക്കുകയും സമ്പുഷ്ട യുറേനിയം ഇന്ധനം നിര്‍മിക്കാനുള്ള സഹകരണ കരാറിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. പക്ഷേ, അമേരിക്കയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇത് അവസാനിപ്പിച്ചു. 1984-ല്‍ അമേരിക്ക ഇറാനെ ഭീകരവാദത്തിന്റെ സ്പോണ്‍സര്‍ രാജ്യമായി ഇറാനെ പ്രഖ്യാപിക്കുകയും വ്യാപകമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനിടെ ഇസ്രയേലിന്റെ ആണവഭീഷണി നേരിടാന്‍ ലിബിയയും സിറിയയുമായി ചേര്‍ന്ന് ആണവായുധങ്ങള്‍ വികസിപ്പിക്കണമെന്ന് ഇറാന്‍ 1985-ല്‍ ആവശ്യപ്പെട്ടു. 1995-ല്‍ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, ബുഷെഹറില്‍ ചെറുകിട റിയാക്ടര്‍ നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഇറാനുമായി റഷ്യ ഒപ്പുവച്ചു. പക്ഷേ, തുടര്‍ന്നുവന്ന വര്‍ഷങ്ങളില്‍ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തില്‍ വലിയ സംശയം ജനിപ്പിച്ചു.

ഇറാന്റെ രഹസ്യ ആണവപദ്ധതി
രണ്ടായിരം വരെ അതീവരഹസ്യമായാണ് ഇറാന്‍ ആണവപദ്ധതികള്‍ നടപ്പിലാക്കിയത്. 2002-ലാണ് ഇറാന്റെ ആണവപദ്ധതി ലോകത്തിന് മുന്നില്‍ വലിയ ചര്‍ച്ചയാകുന്നത്. ഇറാന് പുറത്തുള്ള വിമത ഗ്രൂപ്പായ നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാനാണ് രാജ്യത്തിന്റെ ആണവപദ്ധതികളെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തുന്നത്. അറാക്കിലെ നിലയത്തില്‍ ഘനജല നിര്‍മാണശാല പ്രവര്‍ത്തിക്കുന്നുണ്ടെന്നും നതാന്‍സ് നിലയത്തില്‍ ആണവ ഇന്ധന ഉത്പാദനം നടക്കുന്നുവെന്നായിരുന്നു സംഘടനയുടെ വെളിപ്പെടുത്തല്‍. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഉപഗ്രഹചിത്രങ്ങളുടെ പിന്തുണയോടെ ഇറാന്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന് യുഎസ് ആരോപിച്ചു. വിഷയം പാശ്ചാത്യരാജ്യങ്ങള്‍ ഏറ്റെടുത്തു. ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ (ഇ.യു.-3) എന്നിവര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ശ്രമം നടത്തി. പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐ.എ.ഇ.എ.) പരിശോധന വര്‍ദ്ധിപ്പിച്ചു. ഇ.യു-3 രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ 2003-ല്‍ ആരംഭിച്ചു. അതേസമയം, നതാന്‍സ് നിലയത്തില്‍ ആണവ ഇന്ധനങ്ങള്‍ നിര്‍മിക്കുന്നതായി ഇറാന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി സ്ഥിരീകരിച്ചു. ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് ഇതെന്നാണ് ഇറാന്‍ വിശദീകരിച്ചത്.
ഐ.എ.ഇ.എ. പ്രതിനിധികളെ നതാന്‍സ് നിലയം സന്ദര്‍ശിക്കാന്‍ ഇറാന്‍ ക്ഷണിക്കുകയും അവര്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇറാന്‍ പരാജയപ്പെട്ടുവെന്നാണ് പരിശോധന നടത്തിയ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ബോംബ് നിര്‍മാണത്തിന് തെളിവുകളൊന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇ.യു-3 രാജ്യങ്ങള്‍ ഇറാനുമായി തുടര്‍ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതില്‍ പങ്കാളിയാവാന്‍ അമേരിക്ക വിസമ്മതിച്ചു. 2003 ഒക്ടോബറില്‍ ഇ.യു-3 രാജ്യങ്ങള്‍ ഇറാനുമായി ആണവകരാറിലെത്തി. ടെഹ്റാന്‍ പ്രഖ്യാപനം എന്നാണ് കരാര്‍ അറിയപ്പെടുന്നത്. 2005 ഏപ്രിലില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാനുള്ള പദ്ധതികള്‍ ഇറാന്‍ പ്രഖ്യാപിച്ചു. കരാര്‍ നിലവിലിരിക്കെ അവര്‍ യുറേനിയം സമ്പുഷ്ടീകരണം ആരംഭിച്ചു. ആണവായുധ വികസനം അജണ്ടയിലില്ലെന്നായിരുന്നു ഇറാന്റെ ന്യായീകരണം. ആണവപരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇറാന്‍ ആവര്‍ത്തിച്ചെങ്കിലും പാശ്ചാത്യശക്തികളും അയല്‍രാജ്യങ്ങളും അത് വിശ്വാസത്തിലെടുത്തില്ല. ആണവ കേന്ദ്രങ്ങളിലെ ഐക്യരാഷ്ട്രസഭ പരിശോധനകള്‍ ഇറാന്‍ നിര്‍ത്തിവച്ചു. പിന്നാലെ ഇറാന്റെ സമ്പുഷ്ടീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്ന പ്രമേയം രക്ഷാസമിതി പാസാക്കുകയും ചെയ്തു.
ആണവപദ്ധതി ആയുധങ്ങള്‍ നിര്‍മിക്കാനാണെന്ന സംശയത്തെത്തുടര്‍ന്ന് 2010 മുതല്‍ ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഇറാനുമേല്‍ വിപുലമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഉപരോധങ്ങളെത്തുടര്‍ന്ന് അവരുടെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയും കറന്‍സിയുടെ മൂല്യം ഇടിയുകയും ചെയ്തു. പാശ്ചാത്യരാജ്യങ്ങളുമായി ഒരു കരാറിലേക്കെത്താന്‍ ഇത് ഇറാനെ പ്രേരിപ്പിച്ചു. വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2015-ലാണ് ഇറാനും ലോകശക്തികളും ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ എന്നറിയപ്പെടുന്ന കരാറില്‍ എത്തുന്നത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ, യു.എസ് എന്നിവര്‍ക്ക് പുറമേ യൂറോപ്യന്‍ യൂണിയന്‍, ജര്‍മനി എന്നിവര്‍ കക്ഷികളായിട്ടുള്ളതാണ് കരാര്‍. 2015 ജൂലായ് 14-ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ചേര്‍ന്ന ഉച്ചകോടിയിലാണ് കരാര്‍ നിലവില്‍വന്നത്. യു.എന്‍. രക്ഷാസമിതിയില്‍ കരാര്‍ സംബന്ധിച്ച പ്രമേയം പാസാക്കിയതോടെ കരാറിന് ഔദ്യോഗിക അംഗീകാരവും ലഭിച്ചു. 15 വര്‍ഷം കാലാവധിയാണ് കരാറിന് നിശ്ചയിച്ചിരുന്നത്. പക്ഷേ, 2017-ല്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ് ഒരു വര്‍ഷത്തിനുശേഷം-2018 മേയ് മാസത്തില്‍- കരാറില്‍നിന്ന് പിന്മാറുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ചു. 2019-ല്‍ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ നിബന്ധനകള്‍ പാലിക്കില്ലെന്ന് ഇറാനും അറിയിച്ചു.

ഇറാന് ഒരു ആണവായുധം വികസിപ്പിക്കുമോ?
ആണവപദ്ധതി സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നാണ് ഇറാന്‍ വാദിച്ചിരുന്നത്. ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കും ഇക്കാര്യത്തില്‍ ബോധ്യം വന്നിട്ടില്ല. 2002-ല്‍ രാജ്യത്ത് രഹസ്യ ആണവകേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് ഇറാന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ന്നത്. ഇറാനും മറ്റ് മിക്കവാറും എല്ലാ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുള്ള ആണവനിര്‍വ്യാപന കരാര്‍ (എന്‍.പി.ടി.) എന്ന ഉടമ്പടിയുടെ ലംഘനമായിരുന്നു ഇത്. വൈദ്യശാസ്ത്രം, കൃഷി, ഊര്‍ജ്ജം തുടങ്ങിയ സൈനികേതര ആവശ്യങ്ങള്‍ക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ എന്‍.പി.ടി. രാജ്യങ്ങളെ അനുവദിക്കുന്നു, എന്നാല്‍ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ഇത് അനുമതി നല്‍കുന്നില്ല. എങ്കിലും 2018-ല്‍ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ.) എന്ന് അറിയപ്പെടുന്ന ആണവ കരാറില്‍നിന്ന് യുഎസ് പിന്മാറുകയും ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തതോടെയാണ് തിരിച്ചടിയെന്ന നിലയില്‍ ഉടമ്പടിയുടെ പ്രധാന വ്യവസ്ഥകള്‍ ലംഘിച്ചത്.
യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനായി ആയിരക്കണക്കിന് അത്യാധുനിക സെന്‍ട്രിഫ്യൂജുകള്‍ ഇറാന്‍ സ്ഥാപിച്ചു. ഇത് കരാര്‍ വഴി നിയന്ത്രിച്ചിരുന്നതാണ്. ആണവായുധങ്ങള്‍ക്ക് 90 ശതമാനം വരെ ശുദ്ധീകരിച്ച യുറേനിയം ആവശ്യമാണ്. ആണവകരാര്‍ പ്രകാരം, ഇറാന് 3.67 ശതമാനം വരെ സമ്പുഷ്ടീകരിച്ച 300 കിലോഗ്രാം യുറേനിയം മാത്രമേ കൈവശം വെക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. സാധാരണ ആണവോര്‍ജത്തിനും ഗവേഷണ ആവശ്യങ്ങള്‍ക്കും ഇത് മതിയാകുമെങ്കിലും ബോംബുകള്‍ നിര്‍മിക്കാന്‍ പര്യാപ്തമല്ല. 2025 മാര്‍ച്ചോടെ, ഇറാന്റെ കൈവശം 60 ശതമാനം വരെ ശുദ്ധീകരിച്ച ഏകദേശം 275 കിലോഗ്രാം യുറേനിയം ഉണ്ടായിരുന്നുവെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയത്. ഇറാന്‍ ഈ യുറേനിയം വീണ്ടും സമ്പുഷ്ടീകരിക്കുകയാണെങ്കില്‍, ഏകദേശം അര ഡസനോളം ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഇത് മതിയാകുമെന്നാണ് കണക്കുകള്‍. 60 ശതമാനം പരിശുദ്ധിയില്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്ന, ആണവായുധമില്ലാത്ത ഏകരാജ്യമാണ് ഇറാന്‍. ഇറാന് ഒരു ആണവായുധം നിര്‍മിക്കാന്‍ ഫിസൈല്‍ മെറ്റീരിയല്‍ (വിഘടന ശേഷിയുള്ള വസ്തു) ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മിക്കാന്‍ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പക്ഷേ, ഒരു ആണവായുധം നിര്‍മിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇറാന് ഒരു ആയുധം നിര്‍മിക്കാന്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുള്ളില്‍ കഴിയുമെന്നാണ് 2024 ജൂണില്‍ അന്നത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞത്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനം വരെ വര്‍ദ്ധിപ്പിക്കുകയാണെന്ന് കഴിഞ്ഞ ഡിസംബറില്‍ യു.എന്‍. ആണവോര്‍ജ ഏജന്‍സിയുടെ തലവന്‍ റാഫേല്‍ ഗ്രോസി പറയുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയില്‍ ഇറാനിലെ ശാസ്ത്രജ്ഞരുടെ രഹസ്യസംഘം ആണവായുധം നിര്‍മിക്കാന്‍ ആസൂത്രണം ചെയ്യുകയാണെന്ന് യുഎസ് ഇന്റലിജന്‍സും സൂചിപ്പിച്ചു. ടെഹ്റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള അരാക് ആണവറിയാക്ടര്‍ ഇസ്രയേല്‍ ആക്രമിച്ചിരുന്നു. ഇവിടെ അണുവികിരണമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഘനജലമുപയോഗിച്ചാണ് ഇവിടെ ആണവറിയാക്ടറുകളെ തണുപ്പിക്കുന്നത്. പ്രക്രിയയില്‍ ഉപോത്പന്നമായി ലഭിക്കുന്ന പ്ലൂട്ടോണിയം ആണവായുധമുണ്ടാക്കുന്നതില്‍ യുറേനിയത്തിനു ബദലായി ഉപയോഗിക്കാം. ആണവായുധം എന്ന ലക്ഷ്യത്തിലേക്ക് ഇറാന്‍ അധികം അകലെയല്ല എന്നാണ് ഈ വിവരങ്ങളെല്ലാം സൂചിപ്പിക്കുന്നത്. ഇറാന് ആണവായുധങ്ങള്‍ ലഭിച്ചാല്‍ അത് മിഡില്‍ ഈസ്റ്റിനെയും സമീപ പ്രദേശങ്ങളെയും വലിയ തോതില്‍ അസ്ഥിരപ്പെടുത്തുമെന്ന കാര്യം ഉറപ്പാണ്. ഇറാന്‍ അണുവായുധശേഷി കൈവരിച്ചാല്‍ അവരുടെ ഏറ്റവും വലിയ ശത്രുവായ ഇസ്രയേലിന് അത് ഭീഷണിയായേക്കും. ഇത് മുന്നില്‍കണ്ടുകൊണ്ടാണ് ഇസ്രയേല്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് കരുതുന്നത്.
Content Highlights: israel iran nuclear conflict
Published: 21 Jun 2025, 12:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented