
മധ്യപൂർവേഷ്യയിലെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്. ഇസ്രയേലിനെതിരേ തീവ്രനിലപാടുകളുമായി നിലകൊള്ളുന്ന പലസ്തീന് സായുധസംഘടനയായ ഹമാസിന്റെ രാഷ്ട്രീയ-നയതന്ത്ര മുഖമായിരുന്ന രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെയായിരുന്നു ആദ്യം. ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയെ മൂന്നുപതിറ്റാണ്ടിലേറെ നയിച്ച ഹസന് നസ്രള്ള രണ്ടാമതും. ഇറാന് സന്ദര്‍ശനവേളയില്‍ ജൂലായ് 31-ന് ടെഹ്റാനില്‍ ഹനിയെ താമസിച്ചുരുന്ന വീടിനുനേരേയായിരുന്നു ആക്രമണം. ഏതാണ്ട് രണ്ട് മാസത്തിനുശേഷം തെക്കൻ ബയ്റൂത്തിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന് നസ്രള്ള കൊല്ലപ്പെടുന്നത്. ഇതിനിടയില്‍ ഇരുസംഘടനകളിലേയും ചെറുതും വലുതുമായ നിരവധി നേതാക്കളെ ഇസ്രയേല്‍ കൊലപ്പെടുത്തി.
നസ്രള്ളയെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്ത്തെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലും ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്ക്കെതിരേ സൈനികനടപടി തുടരുമെന്നാണ് വ്യക്തമാക്കിയത്. കരുത്തരായ ശത്രുക്കളെ ഇല്ലാതാകുന്ന ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) അടുത്തതായി ആരെയാണ് ലക്ഷ്യമിടുന്നത് എന്നതാണ് വലിയ ചോദ്യം. അതൊരുപക്ഷേ, ഇറന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സുരക്ഷാഭീഷണിയെത്തുടര്ന്ന് ഇറാന് ഖമേനിയെ രാജ്യത്തിനുള്ളിലെ അജ്ഞാതമായ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും ഇത്തരം വാര്‍ത്തകള്‍ക്ക് ശക്തിപകര്‍ന്നു.

ജൂലായ് 31: ടെഹ്റാന്, ഇസ്മയില്‍ ഹനിയെ
അക്ഷരാര്‍ഥത്തില്‍ ഇറാനെ ഞെട്ടിച്ചതായിരുന്നു ഇസ്മയില്‍ ഹനിയെയുടെ കൊലപാതകം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍വെച്ചാണ് ഹനിയെ കൊല്ലപ്പെടുന്നത്. ജൂലായ് 31-ന് പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഹനിയെയുടെ കൊലപാതകമെന്നാണ് ഇറാനിയന്‍ ഔദ്യോഗിക മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും മരിച്ചു. ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ടെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍വെച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. വടക്കന്‍ ടെഹ്റാനിലെ തന്ത്രപ്രധാന സ്ഥലത്തായിരുന്നു ഹനിയെ താമസിച്ച നെഷാത്ത് എന്നറിയപ്പെടുന്ന ഗസ്റ്റ് ഹൗസ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്സ് ആണ് ഗസ്റ്റ്ഹൗസ് നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത്. തന്ത്രപ്രധാന യോഗങ്ങള്‍ ചേരുന്നതും പ്രധാന അതിഥികളെ താമസിപ്പിക്കുന്നതും ഈ ഗസ്റ്റ് ഹൗസിലായിരുന്നു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനില്‍ എത്തിയതായിരുന്നു ഹനിയെ. ചടങ്ങുകള്‍ക്കുശേഷം ടെഹ്റാനില്‍ തുടര്‍ന്നു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനി ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതിനിടെയായിരുന്നു ആക്രമണം.
ഇസ്രയേലിനെതിരേ തീവ്രനിലപാടുകള്‍ സ്വീകരിക്കുന്ന ഹമാസിന്റെ രാഷ്ട്രീയ-നയതന്ത്രമുഖമായിരുന്നു കൊല്ലപ്പെട്ട രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെ. പലസ്തീന്-ഇസ്രയേല്‍ ചര്‍ച്ചകളില്‍ കാര്‍ക്കശ്യനിലപാടുകള്‍ സ്വീകരിച്ചുപോന്നിരുന്നെങ്കിലും ഹമാസിലെ മിതവാദിയായിട്ടാണ് അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. 2017-ലാണ് ഖലീദ് മെഷാലിന്റെ പിന്‍ഗാമിയായി ഹമാസ് രാഷ്ട്രീയനേതൃത്വത്തിലേക്ക് ഹനിയെ എത്തിയത്. 1963-ല്‍ ഗാസയിലെ അല്ഷതി അഭയാര്‍ഥി ക്യാമ്പിൽ ജനിച്ച ഹനിയെ ഗാസാ സിറ്റിയിലെ ഇസ്ലാമിക് സര്‍വകലാശാലയിലായിരുന്നു പഠനം. അവിടെവെച്ച് മുസ്ലിം ബ്രദര്‍ഹുഡിന്റെ വിദ്യാര്‍ഥിസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 1987-ല്‍ ഹമാസ് രൂപവത്കരിച്ചപ്പോള്‍ ഹനിയെ അതില്‍ ചേര്‍ന്നു. 1989-ല്‍ ഇസ്രയേല്‍ അറസ്റ്റുചെയ്ത അദ്ദേഹത്തെ ലെബനനിലേക്ക് നാടുകടത്തി. മൂന്നുകൊല്ലത്തിനുശേഷം വിട്ടയച്ചു. ഹമാസിന്റെ സഹസ്ഥാപകന്‍ ശൈഖ് അഹമ്മദ് യാസീന്റെ മാനസപുത്രനായിരുന്നു. 2003-ല്‍ ഇരുവരും വധശ്രമത്തെ അതിജീവിച്ചെങ്കിലും 2004-ല്‍ യാസീന്‍ കൊല്ലപ്പട്ടു. 2006-ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഹനിയെ പലസ്തീന് പ്രധാനമന്ത്രിയായി. സായുധസംഘമായ ഹമാസിന് രാഷ്ട്രീയവിഭാഗം വേണമെന്ന് ആദ്യം വാദിച്ചവരിലൊരാള്‍ കൂടിയാണ് ഹനിയെ. ഹമാസ് ഗാസയുടെ ഭരണാധികാരികളായതോടെ വന്ന ഉപരോധത്തില്‍നിന്ന് രക്ഷപ്പെട്ട് തുര്‍ക്കി വഴി 2017-ല്‍ ഖത്തറിലെത്തിയ ഹനിയെ അവിടെ അഭയംതേടി. തുടര്‍ന്ന് ഖത്തര്‍ ആസ്ഥാനമാക്കി ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ഇതോടെ വലിയ ഭീഷണിയായാണ് ഹനിയെയെ ഇസ്രയേല്‍ കണ്ടത്. ഹനിയെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്ന തരത്തിലാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വിദൂരനിയന്ത്രിത ഡ്രോണ്‍ ഉപയോഗിച്ചാണ് കൊലപാതകം എന്നായിരുന്നു തുടക്കത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണത്തില്‍ ഹനിയെയെ ഇസ്രയേല്‍ വധിക്കാനുള്ള സാധ്യതയെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിച്ചു. ടെഹ്റാനിലെ ഗസ്റ്റ് ഹൗസ് ലക്ഷ്യമിട്ടുള്ള മിസൈല്‍ ആക്രമണത്തിലാണ് ഹനിയയെ കൊലപ്പെട്ടതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുമായി അടുത്ത് ബന്ധമുള്ള വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇസ്മയില്‍ ഹനിയെയെ വധിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹനിയെ താമസിച്ചിരുന്ന ടെഹ്റാനിലെ ഗസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് ബോംബ് ഒളിപ്പിച്ചു വച്ചിരുന്നതായി വിവിധ വ്യക്തികളേയും ഉദ്യോഗസ്ഥരേയും ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസ്റ്റ് ഹൗസിലെ മുറിയില്‍ അദ്ദേഹം എത്തിയെന്ന് സ്ഥിരീകരിച്ചശേഷം റിമോട്ട് ഉപയോഗിച്ചാണ് ബോംബ് സ്ഫോടനമുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 27: ബെയ്റൂത്ത്, ഹസന് നസ്രള്ള
ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയെ മൂന്നുപതിറ്റാണ്ടിലേറെ നയിച്ച ഹസന് നസ്രള്ളയെ സെപ്റ്റംബര്‍ 27-ന് രാത്രി ബയ്റുത്തിലെ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. തെക്കന്‍ ബയ്റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ നടന്ന ശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. പാര്‍പ്പിടങ്ങള്‍ക്കു താഴെ ഭൂനിരപ്പിനടിയിലാണ് ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. ആക്രമണത്തില്‍ അവിടെ സൂക്ഷിച്ചിരുന്ന കപ്പല്‍വേധ മിസൈലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്രള്ള ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഹിസ്ബുള്ളയുടെ തെക്കന്‍ മേഖലാ കമാന്‍ഡറായ അലി കരകെയും മറ്റു കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. ഇറാന്റെ അര്‍ധസൈനികവിഭാഗമായ റെവലൂഷണറി ഗാര്‍ഡിന്റെ പ്രമുഖനായ ജനറല്‍ അബ്ബാസ് നില്‍ഫോരുഷനും കൊല്ലപ്പെട്ടു. പിന്നാലെ ഹസന് നസ്രള്ള കൊല്ലപ്പെട്ട വാര്‍ത്ത ഹിസ്ബുള്ളയും സ്ഥിരീകരിച്ചു. തങ്ങളുടെ സെക്രട്ടറി ജനറല്‍ തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേര്‍ന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും അവര്‍ പ്രസ്താവനയിലറിയിച്ചു.
1982-ലെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹിസ്ബുള്ള സ്ഥാപിക്കുന്നതിന് മുഖ്യ പങ്കുവഹിച്ചയാളാണ് ഹസന് നസ്രള്ള. അമേരിക്കയെയും ഇസ്രയേലിനെയും മുഖ്യശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഇക്കാലമത്രയും അവരുടെ പ്രവര്‍ത്തനം. ഇറാന്റെ പിന്തുണകൂടിയായതോടെ അവര്‍ പെട്ടന്ന് വളര്‍ന്നു. കാലങ്ങളായി ഇസ്രയേലുമായി തുടരുന്ന സംഘര്‍ഷത്തിനിടെ സംഘടന മേഖലയിലെതന്നെ വലിയ സായുധസംഘമാക്കി വളര്‍ത്തിയത് ഹസ്സന് നസ്രള്ളയുടെ നേതൃപാടവമാണ്. നീണ്ട 32 വര്‍ഷങ്ങളാണ് നസ്രള്ള ഹിസ്ബുള്ളയെ നയിച്ചത്. ഇക്കാലംകൊണ്ട് സ്വാധീനമുള്ള അറബ് വ്യക്തിത്വങ്ങളിലൊരാളായി നസ്രള്ള വളര്‍ന്നു. ഇതോടെ വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. അതുകൊണ്ടുതന്നെ വര്‍ഷങ്ങളായി പൊതുചടങ്ങുകള്‍ക്കൊന്നും എത്താറില്ലായിരുന്നു. ഇറാന് കണ്ണിലുണ്ണിയായിരുന്നു നസ്രള്ള. പശ്ചിമേഷ്യയില്‍ ഇറാന്റെ ഇസ്ലാമികാശയങ്ങളുടെ പ്രചാരകന്. അതുകൊണ്ട് തന്നെ ഹിസ്ബുള്ളയ്ക്ക് മിസൈലുകളും റോക്കറ്റുകളുമുള്പ്പെടെയുള്ള വന്‍ ആയുധശേഖരമാണ് ഇറാനില്‍നിന്ന് ലഭിച്ചിരുന്നത്.
ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം യുദ്ധമായി മാറിയതോടെ നസ്രള്ളയുടെ പ്രാദേശിക സാന്നിധ്യം പ്രകടമായിരുന്നു. ഹമാസിനെ പിന്തുണച്ച് നസ്രള്ളയുടെ നേതൃത്വത്തില്‍ ഹിസ്ബുള്ളയും തുടക്കംമുതല്‍ തന്നെ യുദ്ധത്തിന്റെ ഭാഗമായി. തെക്കന്‍ ലെബനനില്‍നിന്ന് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ടു. ഹിസ്ബുള്ളയ്ക്ക് പുറമേ യെമെന്‍, ഇറാഖ് എന്നിവിടങ്ങളിലെ സായുധ സംഘങ്ങളും ഇതിന്റെ ഭാഗമായി. പക്ഷേ പിന്നാലെ ഹിസ്ബുള്ളയ്ക്കെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കി. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ പ്രസ്താവന നടത്തി. ഇതിന് പിന്നാലെയാണ് ബയ്റുത്ത് ആക്രമണത്തില്‍ നസ്രള്ളയെ അവര്‍ വധിച്ചത്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു വ്യോമാക്രമണത്തില്‍ നസ്രള്ളയുടെ മകള്‍ സൈനബ് നസ്രള്ള മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അവര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

അടുത്ത ലക്ഷ്യം അയത്തുള്ള അലി ഖമേനിയോ?
ഹസന് നസ്രള്ളയുടെ കൊലപാതകം ഹിസ്ബുള്ളയ്ക്കെന്നപോലെ ഇറാനും കനത്ത പ്രഹരമാണ്. നസ്രള്ളയില്ലാത്ത സുരക്ഷിത ഇടം ഇസ്രയേല്‍ ലോകത്തിന് സമ്മാനിച്ചെന്ന് സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. നസ്രള്ളയുടെ വധം ഹിസ്ബുള്ളയുടെ ഇരകളായ അനേകം പേര്‍ക്കുള്ള നീതിയുടെ അളവുകോലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. നസ്രള്ളയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ ലെബനനിലുടനീളം തീതുപ്പി. ഇതോടെ രണ്ടാഴ്ചക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ആയിരത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ബയ്റുത്തില്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം കമാന്‍ഡറായ ഖലീല്‍ യാസിനെയും മുതിര്‍ന്ന കമാന്‍ഡറും എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ നബീല്‍ ഖൗഖിനെയും ഇസ്രയേല്‍ വധിച്ചു. നസറള്ളയ്ക്കെതിരായ ഇസ്രയേലിന്റെ ആക്രമണം ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി നല്‍കിയെങ്കിലും, സംഘര്‍ഷം അവസാനിച്ചിട്ടില്ല.
ആദ്യം ഹമാസിന്റേയും പിന്നാലെ ഹിസ്ബുള്ളയുടേയും തലവന്മാര് കൊല്ലപ്പെട്ടതോടെ ശ്രദ്ധയത്രയും ഇറാന് നേതൃത്വത്തിലേക്ക് മാറി. ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതോടെ ആയത്തുല്ല ഖമേനിയെ ലക്ഷ്യമിടാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 85-കാരനായ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനി 1989 മുതല്‍ ഈ സ്ഥാനത്ത് തുടരുകയാണ്. ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ദീര്‍ഘകാലമായി പൂര്‍ണ പിന്തുണയാണ് ഖമേനി നല്‍കുന്നത്. ''മേഖലയിലെ എല്ലാ പ്രതിരോധ ശക്തികളും ഹിസ്ബുള്ളയ്ക്കൊപ്പം നില്ക്കുന്നു. ഹിസ്ബുള്ളയുടെ നേതൃത്വത്തില്‍ പ്രതിരോധശക്തികള്‍ ഈ പ്രദേശത്തിന്റെ ഭാവി രൂപപ്പെടുത്തും എന്നാണ് ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഖമേനിയുടെ എക്സ് അക്കൗണ്ട് കുറിച്ചത്. ഭീകരനേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന 'ന്യൂ ഓര്‍ഡര്‍' ഓപ്പറേഷനെത്തുടര്‍ന്ന് ഖമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ പിന്നാലെ പുറത്തുവന്നു.
ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയയെ ജൂലായില്‍ ടെഹ്റാനിലെ ഗസ്റ്റ്ഹൗസില്‍ വെച്ച് കൊലപ്പെടുത്തിയതിന് ഇറാന് ഇതുവരെ പ്രതികാരം ചെയ്തിട്ടില്ല. പിന്നാലെയാണ് ഇറാന് ഏറ്റവും അടുപ്പമുള്ള നസ്രള്ളയെയും ഇസ്രയേല്‍ കൊലപ്പെടുത്തുന്നത്. ഇതോടെ ഇറാന് തിരിച്ചടിച്ചേക്കുമെന്നാണ് നിരീക്ഷകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഹിസ്ബുള്ളയ്ക്ക് പുറമേ, യെമനില്‍ ഹൂതികളും സിറിയയിലും ഇറാഖിലും നിരവധി ഗ്രൂപ്പുകളുണ്ട്. മേഖലയിലെ ഇസ്രയേലിന്റെയും യുഎസ്സിന്റെയും താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കാന്‍ ഇറാന് ഈ ഗ്രൂപ്പുകളോട് ആവശ്യപ്പെടാം. എന്നാല്‍, ഇറാന് എന്ത് പ്രതികരണം നടത്തിയാലും അത് ഒരു യുദ്ധത്തിന് തുടക്കമിട്ടേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒരു യുദ്ധത്തിന്റെ സാധ്യത സാധ്യത നിലനില്ക്കുമ്പോള് തന്നെ ഇരുരാജ്യങ്ങള്‍ക്കും ഒരു സമ്പൂര്‍ണ സംഘര്‍ഷം താങ്ങാന്‍ കഴിയുമോ എന്ന ചോദ്യം അവശേഷിക്കുന്നു. ആയത്തുല്ല ഖമേനി ഒരുപക്ഷേ ഇസ്രയേലിന്റെ അടിത്ത ലക്ഷ്യമായിരിക്കാം. പക്ഷേ, അത്തരമൊരു നീക്കം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുകയും മേഖലയെ ഒന്നാകെ പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്യും.
Content Highlights: Israel assassinated key leaders of Hamas and Hezbollah Is Iran leader Khamenei the next target?
Published: 02 Oct 2024, 04:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented