ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവനാണ് പരമോന്നത നേതാവ്. രാജ്യത്തെ ഏറ്റവും ഉയർന്ന മത-രാഷ്ട്രീയ അധികാരസ്ഥാനവുമാണിത്.

ആഭ്യന്തര സംഘർഷങ്ങളും അമേരിക്കയുമായുള്ള ശക്തിപരീക്ഷണവും കൊടുമ്പിരിക്കൊണ്ടിരിക്കെ ഇറാൻ ഒരു ഭരണമാറ്റത്തിന്റെ വക്കിലാണോ? ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സ്ഥാനമൊഴിഞ്ഞാൽ മക്കളിൽ ആരെങ്കിലും അധികാരം ഏറ്റെടുക്കുമോ? ഇറാനിയൻ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമേനിയുടെ ഒരു മകൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചില റിപ്പോർട്ടുകൾ പറയുന്നത് അത് മുജ്തബ ഖമേനി ആണെന്നും മറ്റുചിലർ പറയുന്നത് മസൂദ് ഖമേനി ആണെന്നുമാണ്. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും തൊണ്ണൂറിനോട് അടുത്ത ഖമേനി അധികാരം ഒഴിഞ്ഞേക്കുമെന്ന വാർത്ത ഏറെക്കാലമായി കേൾക്കുന്നുണ്ട്.
ഖമേനിയുടെ അഭാവത്തിൽ അധികാര ശൂന്യത ആർക്കാണ് നികത്താൻ കഴിയുക എന്നതിലേക്ക് ശ്രദ്ധ പെട്ടെന്ന് മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ മക്കളായ മുജ്തബയും മസൂദും ഏറ്റവും പ്രമുഖരായി കണക്കാക്കപ്പെടുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണിക്കിടയിലാണ് ഭരണമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ രാജ്യത്തുനിന്ന് ഉയരുന്നത്. നേരത്തെ, സുരക്ഷാ കാരണങ്ങളാൽ ആയത്തുള്ള അലി ഖമേനി ടെഹ്‌റാനിലെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും ഇതിന് പിന്നാലെയാണ് മസൂദിന്റെയും മുജ്തബയുടെയും പേരുകൾ മാധ്യമ റിപ്പോർട്ടുകളിൽ ഉയർന്നുവരാൻ തുടങ്ങിയത്.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവൻ
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവനാണ് പരമോന്നത നേതാവ്. രാജ്യത്തെ ഏറ്റവും ഉയർന്ന മത-രാഷ്ട്രീയ അധികാരസ്ഥാനവുമാണിത്. പ്രസിഡന്റിനു മുകളിലാണ് ഇറാനിൽ പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് 'പൊതുനയങ്ങൾ' പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തര-വിദേശ നയങ്ങളിൽ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാൻഡർ ഇൻ ചീഫായ പരമോന്നത നേതാവ് രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നു. സായുധസേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിന് അധികാരമുണ്ട്. രാജ്യത്തിന്റെ അധികാരം നിയന്ത്രിക്കുന്ന ഗാർഡിയൻ കൗൺസിൽ ഉൾപ്പെടെ പ്രധാന സർക്കാർ സംവിധാനങ്ങളും പരമോന്നത നേതാവിന് കീഴിൽ തന്നെ. കൗൺസിൽ ഓഫ് ഗാർഡിയൻസിലെ 12 അംഗങ്ങളിൽ ആറ് പേരെയും പരമോന്നത നേതാവാണ് തിരഞ്ഞെടുക്കുന്നത്. പാർലമെന്റ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഏത് സ്ഥാനാർഥികളെ പൊതുസ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കാൻ യോഗ്യരാണെന്ന് നിർണ്ണയിക്കുകയും ചെയ്യുന്നതും പരമോന്നത നേതാവ് തന്നെയാണ്. സർക്കാരിന്റെ വിവിധ മേഖലകളുടെ ഭാഗമായ ഏകദേശം 2,000 പ്രതിനിധികൾ വഴിയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
1979-ൽ ഇസ്ലാമിക വിപ്ലവത്തിന് ശേഷമാണ് പരമോന്നത നേതാവ് എന്ന പദവി രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമാകുന്നത്. ഇറാന്റെ ചരിത്രത്തിൽ ഇതുവരെ രാജ്യത്തിന് രണ്ട് പരമോന്നത നേതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്. 1989-ൽ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു. റൂഹുള്ള ഖൊമേനിയുടെ മരണശേഷമാണ് അലി ഖമേനി രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നത്. ഇസ്ലാമിക വിപ്ലവത്തിൽ റൂഹുള്ള ഖൊമേനിക്കൊപ്പം നേതൃത്വം നൽകിയ അലി ഖമേനി 1981 മുതൽ 1989 വരെ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.1989-ൽ ഇറാൻ പ്രസിഡന്റായിരിക്കെയാണ് അദ്ദേഹം പരമോന്നത നേതാവായി ചുമതലയേറ്റത്.
പൊതുജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ഉന്നത പുരോഹിതന്മാർ അടങ്ങുന്ന സമിതിയാണ് ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. 88 അംഗങ്ങളാണ് ഈ സമിതിയിലുള്ളത്. എട്ട് വർഷത്തെ കാലാവധിയുള്ള ഇവരെ വോട്ടെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. സ്ഥാനാർത്ഥികളെ പരിശോധിച്ച് നേതാവിനെ തിരഞ്ഞെടുക്കുന്ന ഈ സമിതിയാണ്. മതപരമായി യോഗ്യതയുള്ള, ശക്തനായ ഒരു വ്യക്തി രാഷ്ട്രത്തിന്റെ തലവനാണെന്ന് ഉറപ്പാക്കുന്നു. ഈ പ്രക്രിയ അസംബ്ലിക്കുള്ളിൽ രഹസ്യമായി നടക്കുന്നു. ആവശ്യമെങ്കിൽ അവരെ പിരിച്ചുവിടാനുള്ള ഏക അധികാരികളും അവർ തന്നെയാണ്. ഈ സ്ഥാനത്തേക്കാണ് നിലവിലെ പരമോന്നത നേതാവിന്റെ രണ്ട് മക്കളുടെ പേരുകൾ ഉയർന്നു കേൾക്കുന്നത്.
ആരാണ് മുജ്തബ ഖമേനി?
അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഇറാൻ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ ചേർന്നു. ഇവിടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജൻസ് സംവിധാനങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ളത് തീവ്ര ഇസ്ലാമിസ്റ്റുകൾ ഉൾപ്പെടുന്ന ഈ ബറ്റാലിയൻ അംഗങ്ങളാണ്. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ അവസാനത്തിൽ മുജ്തബ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന് വേണ്ടി സേവനമനുഷ്ഠിച്ചു. സൈനിക സേവനത്തിന് ശേഷമാണ് മതപഠനം ആരംഭിക്കുന്നത്. ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയിലായിരുന്നു മതപഠനം. പിതാവിന്റെയും അദ്ദേഹത്തിന് സ്വാധീനമുള്ള മറ്റ് അധ്യാപകരുടെയും കീഴിൽ ദൈവശാസ്ത്രം പഠിച്ച് പുരോഹിതനായി.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുജ്തബ പരോക്ഷമായി രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങി. സൈന്യത്തിൽ മാത്രമല്ല, ഇറാനിലെ ഉന്നത പുരോഹിതരുമായും ശക്തമായ ബന്ധം സൃഷ്ടിച്ചു. 2005-ലെ ഇറാനിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുജ്തബയ്ക്ക് നിർണായകമായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മഹമൂദ് അഹ്‌മദി നെജാദിനെ അദ്ദേഹം പിന്തുണച്ചു. തിരഞ്ഞെടുപ്പിൽ നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാൻ മുജ്തബ ഇടപെട്ടിരുന്നു എന്നാണ് ആരോപണം. 2009-ൽ നടന്ന തിരഞ്ഞെടുപ്പിലും നെജാദിനെ മുജ്തബ പിന്തുണച്ചു. നെജാദിന് തുടർഭരണം സമ്മാനിച്ച ആ തിരഞ്ഞെടുപ്പിൽ ക്രമക്കേടാരോപിച്ച് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ഗ്രീൻ മൂവ്‌മെന്റ് എന്നറിയപ്പെട്ട രാജ്യവ്യാപക പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിൽ മുജ്തബയ്ക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
പക്ഷേ, പിന്നാലെ ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. മുജ്തബ ട്രഷറിയിൽനിന്ന് പണം ധൂർത്തടിച്ചതായി ആരോപിച്ചതിനെത്തുടർന്നാണ് അഹ്‌മദി നെജാദുമായുള്ള ബന്ധം വഷളായത്. 2021-ലാണ് അദ്ദേഹത്തിന് 'ആയത്തുള്ള' പദവി ലഭിക്കുന്നത്. 2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് നടന്ന ഹിജാബ് പ്രക്ഷോഭത്തെ തകർത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്.
മുജ്തബയോ മസൂദോ?
അലി ഖമേനിയിയുടെ മൂന്നാമത്തെ മകനാണ് സെയ്ദ് മസൂദ് ഹുസൈനി ഖമേനി. ഖമേനിയുടെ ഭരണസംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുവെങ്കിലും അദ്ദേഹത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വളരെക്കുറച്ചേ അറിയൂ. ഭരണത്തിലെ ഉന്നത വൃത്തങ്ങൾക്കും പ്രതിപക്ഷ ശബ്ദങ്ങൾക്കും ഖമേനി കുടുംബത്തെത്തുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര നിരീക്ഷകർക്കുമപ്പുറം ഏറെക്കുറെ അജ്ഞാതനായി തുടർന്നു. 53-കാരനായ ഷിയ പുരോഹിതൻ വളരെ വിവരമായി മാത്രമേ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളൂ. ഔദ്യോഗിക പരാപാടികളോ പൊതു പ്രസ്താവനകളോ നടത്തുന്നതും വിരളമാണ്. പക്ഷേ, പിതാവിന്റെ ആശയവിനിമയ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിക്കുന്നു. കൂടാതെ, പരമോന്നത നേതാവിന്റെ സന്ദേശങ്ങൾ, പ്രസംഗങ്ങൾ, പ്രചാരണങ്ങൾ എന്നിവ പ്രചരിപ്പിക്കുന്ന ഖമേനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന് പിന്നിലും പ്രവർത്തിക്കുന്നു. സഹോദരൻ മുജ്തബയിൽനിന്ന് വ്യത്യസ്തമായി മുൻനിര നിന്നല്ല, മറിച്ച് ഒരു തിരശ്ശീലയ്ക്ക് പിന്നിലെ കോർഡിനേറ്ററായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.
ഭരണപരമായ ഉത്തരവാദിത്വങ്ങൾ മസൂദ് ഏറ്റെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ. പരമോന്നത നേതാവിന്റെ ഓഫീസിന്റെ താൽക്കാലിക ദൈനംദിന ചുമതലകളാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. അലി ഖമേനി ബങ്കറിലാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നതെന്നതാണ് ഇതിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. അലി ഖമേനിക്കും ഭരണകൂടത്തിനും സൈനിക-സുരക്ഷാ സംവിധാനങ്ങൾക്കും പ്രധാന സ്ഥാപനങ്ങൾക്കും ഇടയിൽ പ്രവർത്തിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. പരമോന്നത നേതാവായി താൽക്കാലികമായി പ്രവർത്തിക്കുന്നു എന്ന് പറയുമ്പോഴും ഏതെങ്കിലും തരത്തിലുള്ള ഔപചാരിക അധികാര കൈമാറ്റം നടന്നതായി വിവരമില്ല. പകരം, ഒരു പ്രതിസന്ധി ഘട്ടത്തിൽ താൽക്കാലികമായി രാജ്യത്തിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇത് ഭരണപരമായ പിന്തുടർച്ചയെയോ ഔപചാരിക കൈമാറ്റത്തെയോ പ്രതിനിധീകരിക്കാൻ സാധ്യതയില്ല. മറിച്ച്, ഉടനടി സുരക്ഷാ ഭീഷണികളുമായി ബന്ധപ്പെട്ട മുൻകരുതലും ഇടക്കാല ക്രമീകരണവുമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
ആരായിരിക്കും ഖമേനിയുടെ പിൻഗാമി?
ഇറാന്റെ പരമോന്നത നേതാവിന്റെ തിരഞ്ഞെടുപ്പ് പാരമ്പര്യമായി പിന്തുടരുന്നതല്ല, മറിച്ച് വിദഗ്ദ്ധരുടെ അസംബ്ലിയാണ് ഭരണഘടനാപരമായി തീരുമാനിക്കുന്നത്. ഉയർന്ന വൈദിക യോഗ്യതകൾ, മാനേജ്‌മെന്റ് പരിചയം, വിശാലമായ പൊതുജന അംഗീകാരം എന്നിവ സുപ്രീം നേതാവിന് ഉണ്ടായിരിക്കണം. ഇതുവരെ ഉണ്ടായിട്ടുള്ള പരമോന്നത നേതാക്കന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, മുജ്തബയ്ക്ക് വൈദിക പദവിയിലും ഭരണത്തിലും പരിചയത്തിലും കുറവുള്ളതായി പൊതുവെ കണക്കാക്കപ്പെടുന്നു. പക്ഷേ, ഉയർന്ന പദവിയിലേക്ക് പരിഗണിക്കാനായി അദ്ദേഹത്തെ പരിശീലിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, അലി ഖമേനി തന്നെ പിതാവിന് ശേഷം മക്കൾ അധികാരത്തിൽ എത്തുന്നതിനെ പരസ്യമായി പലപ്പോഴും എതിർത്തിട്ടുണ്ട്. അതിനാൽ തന്നെ മുജ്തബ പരമോന്നത നേതാവായാൽ, അത് രാജഭരണത്തിന് തുല്യമായ രീതിയായി പരക്കെ വീക്ഷിക്കപ്പെടും. 1979-ലെ വിപ്ലവത്തിൽ ഷാ രാജവംശം അട്ടിമറിച്ചതിന് പിന്നാലെ ഉയർന്നുവന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ രാജവാഴ്ച വിരുദ്ധ തത്വങ്ങൾക്ക് വിരുദ്ധമാണിത്.
ഇറാൻ സർക്കാരിൽ പദവികളോ മതപരമായ പ്രധാന സ്ഥാനങ്ങളോ വഹിക്കുന്നില്ലെങ്കിലും ഖമേനിയുടെ ഓഫിസിൽ വലിയ സ്വാധീനം മുജ്തബയ്ക്കുണ്ട്. പൊതുവേദികളിൽ അപൂർവ്വമായി മാത്രമേ കാണാറുള്ളൂവെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി മുജ്തബ ഇറാന്റെ ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. 1989-ൽ റൂഹുള്ള ഖമേനിയുടെ മരണശേഷം, പിന്തുടർച്ചാവകാശം താരതമ്യേന എതിർക്കപ്പെട്ടില്ല. അതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ടായിരുന്നു. എന്നാൽ, അലി ഖമേനിയുടെ പിൻഗാമി പ്രഖ്യാപനം ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അലി ഖമേനിയുടെ ശക്തികേന്ദ്രത്തോട് അടുപ്പമുള്ള പലരും ഇറാനിയൻ ജനതയ്ക്ക് ഇഷ്ടപ്പെടാത്തവരാണ്. അലി ഖമേനി പരമോന്നത നേതാവാകുന്നതിന് മുമ്പ് ഇറാന്റെ പ്രസിഡന്റായിരുന്നു. എന്നാൽ, അത്തരം അനുകൂല ഘടകങ്ങളൊന്നും മുജ്തബയ്ക്കില്ല. അതിനാൽ തന്നെ പരമോന്നത നേതാവിനെക്കുറിച്ചുള്ള പ്രഖ്യാപനം ഇറാൻ ജനത എങ്ങനെ സ്വീകരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Published: 07 Feb 2026, 09:30 am IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented