
കഴിഞ്ഞ സെപ്റ്റംബര്‍ 24-ന്, ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് ലോകനേതാക്കള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടിയ സമയത്ത്, ഇറാനിലെ ദേശീയ ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി ലോകരാജ്യങ്ങളെ ഞെട്ടിച്ചു. ഇറാന് പ്രസിഡണ്ട് മസൂദ് പെഷസ്കിയാന് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ചിലന്തിമട എന്നു പേരിട്ട ഡോക്യുമെന്ററി ഇറാന്റെ ദേശീയ ചാനല്‍ സംപ്രേഷണം ചെയ്തത്. ഇസ്രയേലിന്റെ ആണവായുധ പദ്ധതികള്‍, ആണവ പുനര്‍സംസ്കരണ സ്ഥാപനങ്ങള്‍, അവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ തുടങ്ങിയ നിര്‍ണായകവിവരങ്ങള്‍ കൈവശമാക്കിയതായി ഇറാന്റെ ഇന്റലിജന്‍സ് മിനിസ്റ്റര്‍ ഇസ്മായില്‍ ഖത്തീബ് അവകാശപ്പെട്ടു. ഒരുപക്ഷേ, ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
ചിലന്തിമട പുറത്തുവിട്ടവയില്‍ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലുള്ള ഡിമോണ ന്യൂക്ലിയര്‍ റിയാക്ടറിന്റെ അകത്തു നിന്നെടുത്ത തെളിച്ചമില്ലാത്ത ഫുട്ടേജുകള്‍, ആയുധങ്ങളുടെ ബ്ലൂപ്രിന്റുകള്‍, 189 ഇസ്രയേലി ആണവ ശാസ്ത്രജ്ഞരുടെയും സൈനികപ്രമുഖരുടെയും ചിത്രങ്ങളും പാസ്പോര്‍ട്ട് പകര്‍പ്പുകളും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രയേലിന് ഫ്രാന്‍സും അമേരിക്കയുമായുള്ള ആണവ സഹകരണ പദ്ധതികളുടെയും വിവരങ്ങള്‍ കിട്ടിയെന്നാണ് ഇറാന് അവകാശപ്പെടുന്നത്. പുറത്തുവിട്ടവയില്‍ ഡിമോണ ആണവകേന്ദ്രത്തിലെ ഹാളുകളുടെ ദൃശ്യങ്ങളുണ്ട്, യുഎസ്- ഇസ്രയേല്‍ ആണവ സഹകരണം സംബന്ധിച്ച വിവരങ്ങള്‍ ഉണ്ട്. എന്തിന് ഐഎഇഎ (അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി) മേധാവി റാഫേല്‍ ഗ്രോസിയുടെയും കുടുംബത്തിന്റെയും സ്വകാര്യചിത്രങ്ങള്‍ വരെയുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെ വഴിവിട്ട് സ്വാധീനിക്കാന്‍ വേണ്ടി ഇസ്രയേല്‍ സംഘടിപ്പിച്ചതാവാം ഇവെയന്നും ഇറാന് അധികൃതര്‍ പറയുന്നു.
യുദ്ധത്തിന് മുമ്പുതന്നെ ഇസ്രയേലിന്റെ നിരവധി രഹസ്യരേഖകള്‍ കൈവശമുള്ളതായി ഇറാന് അവകാശപ്പെട്ടിരുന്നു. ആ വിവരങ്ങള്‍ ഇസ്രയേലിലെ പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാന്‍ സഹായകമായെന്ന് ഇറാനിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണില്‍ നടന്ന പന്ത്രണ്ടുദിന യുദ്ധത്തില്‍ ഇസ്രയേലിന്റെ ആണവായുധ പരിപാടിയില്‍ പ്രധാന പങ്കുണ്ടെന്നു കരുതപ്പെടുന്ന ചൈം വീസ്മന്‍ ലബോറട്ടറിയെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാന് ആക്രമിച്ചത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ.
ഇറാന് പുറത്തുവിട്ട വിവരങ്ങള്‍ പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. അവയില്‍ കുറച്ചധികം അതിശയോക്തികളുണ്ടാവാം. ഇറാന് ജനതയെ ആവേശം കൊള്ളിക്കാനുള്ള ഏച്ചുകെട്ടലുകളുമുണ്ടാവാം. പക്ഷേ, ഇറാന് പുറത്തുവിട്ട രേഖകള്‍ മൊത്തം വ്യാജമാണെന്ന് ആരും പറയുന്നില്ല. ഇറാന് അവകാശപ്പെടുന്നതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ശരിയെന്നു വന്നാലും അത് ഇസ്രയേലിനും ചാരസംഘടന മൊസാദിനും ഉണ്ടാക്കുന്ന പ്രതിച്ഛായാനഷ്ടവും മാനക്കേടും ചെറുതല്ല. കാരണം, ദശകങ്ങളായി ഇറാന്റെ ഉള്ളില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന മൊസാദ് ഏജന്റുമാര്‍ക്ക് വീരനായക പരിവേഷമായിരുന്നു ലോകത്ത്. അവര്‍ നല്‍കിയിരുന്ന കൃത്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഇസ്രയേല്‍ ഇറാന്റെ ഉന്നതരായ ആണവ ശാസ്ത്രജ്ഞരെയും സൈനിക കമാന്‍ഡര്‍മാരെയും ഒന്നിനു പിറകെ മറ്റൊന്നായി വധിക്കുന്ന കാഴ്ചയായിരുന്നു ഇതുവരെ.
ഇറാനില്‍ നടത്തിയതായി കരുതുന്ന ചില ഇസ്രായേലി ഓപ്പറേഷനുകള്‍ ചാരസംഘടനാ ലോകത്തെ വീരഗാഥകളായി മാറിയിരുന്നു. 2010-ല്‍ നഥാന്‍സ് അടക്കമുള്ള ആണവകേന്ദ്രങ്ങളില്‍ സ്റ്റക്സ്നെറ്റ് എന്ന കംപ്യൂട്ടര്‍ വൈറസ് ഉപയോഗിച്ചുള്ള ആക്രമണമാണ് അവയിലൊന്ന്. കേന്ദ്രത്തിലെ ആയിരത്തോളം സെന്‍ട്രിഫ്യൂജുകളെ തകരാറിലാക്കിയ ഓപ്പറേഷന്. ഇറാന്റെ ആണവപദ്ധതിയുടെ പിതാവെന്നു കരുതപ്പെടുന്ന മൊഹ്സിന്‍ ഫക്രിസാദെയെ 2020 നവംബര്‍ 27-ന് വധിച്ച രീതി ലോകത്തെ ഞെട്ടിച്ചതാണ്. ഫക്രിസാദെയെ ഒരു നിസ്സാന്‍ ട്രക്കില്‍ ഘടിപ്പിച്ച മെഷീന്‍ഗണ്ണില്‍ നിന്നും റിമോട്ട് ഉപയോഗിച്ച് വെടിയുതിര്‍ത്താണ് കൊന്നത്. അങ്ങനെ ഇസ്രയേല്‍ സമ്മതിച്ചില്ലെങ്കിലും അവര്‍ ചെയ്തതെന്ന് ലോകം വിശ്വസിക്കുന്ന അതിസാഹസികവും അതിനൂതനവുമായ ഓപ്പറേഷനുകള്‍ ഏറെയുണ്ട്. അവയുടെയൊക്കെ അടിത്തറ ഇസ്രയേല്‍ ചാരന്മാര് നല്കുന്ന പിഴവറ്റ ഇന്റലിജന്‍സായിരുന്നു. സമീപകാലത്ത് മുന്‍ ഇറാന് പ്രസിഡന്റ് അഹ്മദി നെജാദ് പറഞ്ഞിരുന്നു, ഇറാന് സൈന്യമുണ്ടാക്കിയ മൊസാദ് വിരുദ്ധ സ്ക്വാഡില്‍ പോലും ഇസ്രയേല്‍ ചാരന്മാരുണ്ടായിരുന്നു എന്ന്!
പക്ഷേ, കളി മാറിയെന്ന് തോന്നുന്നു. ക്ഷമയോടെ കഠിനാധ്വാനം ചെയ്താല്‍ ഇസ്രയേല്‍ പോലെ അതിശക്തമായ രഹസ്യവിവര ശൃംഖലയുള്ള രാജ്യത്തെ പോലും ഭേദിക്കാനാകുമെന്ന് ഇറാന് ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ്. ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സംഭാഷണങ്ങളുടെയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞതിന്റെയും പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ഇറാന് നടത്തിയ 'മൊസാദ് ഓപ്പറേഷന്' ചര്‍ച്ചയാവുകയാണ്. ഇസ്രയേലിലെ ജനങ്ങളെ ഞെട്ടിച്ച ഈ രഹസ്യവിവര ചോര്‍ച്ച മധ്യപൂര്‍വേഷ്യയുടെ രാഷ്ട്രീയത്തില്‍ നിഴല്‍വീഴ്ത്തുമെന്ന് തീര്‍ച്ചയാണ്. ഇസ്രയേലിനെ അത് ആശങ്കപ്പെടുത്തുകയും കോപാകുലമാക്കുകയും ചെയ്തിട്ടുണ്ട്.
ഇറാന്റെ തിരിച്ചടി
ഇസ്രയേലിനകത്ത് നുഴഞ്ഞുകയറി രഹസ്യവിവരണ ശേഖരണം നടത്തുന്നതിലെ ദൗര്‍ബല്യം മറികടക്കാന്‍ ദശകങ്ങളായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു ഇറാന്. അസംതൃപ്തരായ ഇസ്രയേലി പൗരന്മാരുടെ സഹായത്തോടെ-ഒരുപക്ഷേ പണം ആവശ്യമുള്ളവര്‍, അല്ലെങ്കില്‍ നെതന്യാഹുവിനോട് എതിര്‍പ്പുള്ളവര്‍- ദശലക്ഷക്കണക്കിന് രഹസ്യരേഖകള്‍ ഡിമോണയില്‍ നിന്നും മറ്റു ഗവേഷണകേന്ദ്രങ്ങളില്‍ നിന്നും ഇറാനിലേക്ക് കടത്താനായെന്ന് മന്ത്രി ഖത്തീബ് പറയുന്നു.
ഡിമോണയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ റിയാക്ടറുകളുടെ അകത്തു നിന്നുള്ള മങ്ങിയ ദൃശ്യങ്ങളുണ്ട്. ഇവയൊക്കെ മൈക്രോ ഡ്രോണുകള്‍ വഴിയോ, ഇസ്രയേലി ഉദ്യോഗസ്ഥരുടെ തന്നെ ഫോണുകള്‍ വഴിയോ എടുത്ത ദൃശ്യങ്ങളാവാം. ആണവവ്യാപന ശൃംഖലകളുടെ ഭാഗമാണെന്ന് ഇറാന് ആരോപിക്കുന്ന 189 പേരുടെ വിവരങ്ങളും പുറത്തു വിട്ടിരിക്കുകയാണ്. പുറത്തുവിട്ട രേഖകളില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയുമായുള്ള സാങ്കേതികവിദ്യാ കൈമാറ്റങ്ങളും ബങ്കറുകള്‍ തകര്‍ക്കാനുള്ള പ്രോജക്ട് സാംസണ് സംബന്ധിച്ച വിവരങ്ങളും ചോര്‍ന്നുകിട്ടിയതായി മന്ത്രി അവകാശപ്പെടുന്നു.
രഹസ്യച്ചോര്‍ച്ച വാസ്തവമാണെങ്കില്‍ ഇസ്രയേലിലെ ആണവശാസ്ത്രജ്ഞരുടെ ജീവനുകള്‍ അപകടത്തിലാണ്. അവരുടെ കുടുംബങ്ങള്‍ പോലും ഭയന്ന് ജീവിക്കേണ്ടി വന്നേക്കാം, മുമ്പ് ഇറാനിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സംഭവിച്ചതു പോലെ.. എന്തായാലും മൊസാദിന്റെ അജയ്യപരിവേഷം തകര്‍ന്നിരിക്കുകയാണ്. ഇനി മൊസാദിനുള്ളിലും ശുദ്ധീകരണങ്ങള്‍ നടക്കും, ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത കാലം വരും. ജൂണില്‍ നടന്ന യുദ്ധത്തിനുശേഷം ഇറാനില്‍ സംഭവിച്ചത് പോലെ. നൂറുകണക്കിന് ഇസ്രയേല്‍ ചാരന്മാരെന്നു സംശയിച്ച് ഇറാന് അറസ്റ്റു ചെയ്തത്. ആറിലധികം പേരെ വധിക്കുകയും ചെയ്തു. രണ്ടു വര്‍ഷമായി തുടരുന്ന യുദ്ധവും അഴിമതി വിചാരണകളും കാരണം ഇസ്രയേല്‍ സര്‍ക്കാര്‍ തളര്‍ന്നിരിക്കുകയാണ്. ഒരേസമയം, നിരവധി യുദ്ധമുന്നണികളില്‍- ഇറാന്, ലെബനോന്, സിറിയ, ഗാസ- പൊരുതുന്നതു കൊണ്ടാവണം, ചാരസംഘടനകള്‍ക്കും പിടിപ്പതു പണിയാണ്. അതാകാം ഇറാന്റെ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായതെന്നു കരുതുന്നവരുണ്ട്. രഹസ്യവിവര ചോര്‍ച്ചയെ ദേശീയ അപമാനമായാണ് 62 ശതമാനം ഇസ്രയേലി പൗരന്മാരും കാണുന്നത്.
ഇറാന് ആണവായുധം പാടില്ല, ഇസ്രയേലിനാകാം?
ഇസ്രയേലും ഇറാനും തമ്മിലുള്ള വൈരത്തിന്റെ പിന്നില്‍ പ്രത്യയശാസ്ത്രവും മതവും മാത്രമല്ല, അതിജീവനത്തിന്റെ വെല്ലുവിളികളുമുണ്ട്. പോരാട്ടത്തില്‍ ഏറ്റവും വലിയ മേല്‍ക്കൈ സമ്മാനിക്കുക രഹസ്യവിവര ശേഖരണത്തിലെ മുന്‍തൂക്കം തന്നെ. ഡിമോണ എന്ന കേന്ദ്രത്തില്‍ ഫ്രഞ്ച് സഹായത്തോടെയാണ് 1960 മുതല്‍ ഇസ്രയേലിന്റെ ആണവ പദ്ധതി ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു. അതിന്റെ മറവില്‍ നാനൂറോളം ആണവ പോര്മുനകള്ക്കു വേണ്ട നിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശവിദഗ്ധര്‍ പറയുന്നു. പക്ഷേ, തങ്ങള്‍ക്ക് ആണവായുധം ഉള്ളതായി ഇസ്രയേല്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇസ്രായേലിന്റെ നിലനില്‍പ്പിന്റെ മൂലക്കല്ലായിരുന്ന അവ്യക്തതയുടെ ആ പുകമറയില്‍ വിള്ളല്‍ വീണിരിക്കുന്നു. അന്താരാഷ്ട്ര ഉപരോധങ്ങളോ ആക്രമണങ്ങളും വിളിച്ചുവരുത്താതെ തന്നെ പടക്കളത്തിലെ മനഃശാസ്ത്രപരമായ മുന്‍തൂക്കം നിലനിര്‍ത്താന്‍ അവരെ സഹായിച്ച മറ നീങ്ങുകയാണ്.
ഡിമോണ ആണവനിലയം സംബന്ധിച്ച വിവരങ്ങള്‍ പുറത്താകുന്നത് സൗദി അറേബ്യയും യുഎഇയും പോലുള്ള അറബി രാജ്യങ്ങള്‍ സ്വന്തം നിലയ്ക്ക് ആണവായുധങ്ങളുടെ സംരക്ഷണകവചം തേടാന്‍ അത് പ്രേരിപ്പിച്ചേക്കാം. അല്ലെങ്കില്‍ തന്നെ സെപ്തംബര്‍ തുടക്കത്തില്‍ ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണം മധ്യപൂര്‍വേഷ്യയിലെ രാജ്യങ്ങളെ അസ്വസ്ഥമാക്കിയിട്ടുണ്ട്. കടുത്ത നാശനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്ന യുദ്ധത്തിനുശേഷവും കൂടുതല്‍ ഉപരോധങ്ങളുടെ നിഴലിലാണ് ഇറാന്. അതേസമയം, ആണവായുധമുണ്ടെന്ന് ലോകത്തിനു മുഴുവനറിയാമെങ്കിലും ഇസ്രയേലിനെതിരെ ഐഎഇഎ ചെറുവിരലുയര്ത്തുന്നുമില്ല.
ഇസ്രയേലിന്റെ പോര്‍വിമാനങ്ങളില്‍ നിന്നും ആരും സുരക്ഷിതമല്ലെന്ന തോന്നല്‍ മധ്യപൂര്‍വേഷ്യയില്‍ വ്യാപകമാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ നിര്‍ബന്ധത്തില്‍ നെതന്യാഹു ഖത്തറിനോട് നടത്തിയ ക്ഷമാപണത്തിലെ ആത്മാര്‍ത്ഥത അറബിരാജ്യങ്ങള്‍ സംശയിക്കുമെന്നുറപ്പ്. പക്ഷേ, ഇസ്രയേല്‍ ഖത്തറിലെ വ്യോമത്താവളത്തെ ആക്രമിച്ചപ്പോള്‍ നോക്കിനില്ക്കുകയായിരുന്നു അമേരിക്ക എന്നത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഈ മാസമാണ് സൗദി അറേബ്യ, പാകിസ്താനുമായി പരസ്പര സൈനികസംരക്ഷണത്തിനുള്ള കരാറില്‍ ഒപ്പുവെച്ചത്. ആക്രമിക്കപ്പെട്ടാല്‍ പാകിസ്താന്റെ ആണവായുധ സംരക്ഷണം സൗദിക്ക് ലഭിക്കുമെന്നാണ് പാക് വാദം. ഇതേവഴിക്ക് ആലോചിക്കുന്ന വേറെയും അറബി രാജ്യങ്ങളുണ്ടാവാം. ഇസ്രയേലിന് ആണവായുധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ സ്വന്തംനിലയ്ക്ക് അണുവായുധങ്ങള്‍ വികസിപ്പിക്കുന്ന കാര്യം ആലോചിക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കും.
ഇസ്രയേലിന്റെ നാശത്തിനു വേണ്ടി വാദിക്കുന്ന ഭരണകൂടമാണ് ഇറാനിലേത്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി അടക്കമുള്ള നേതാക്കള്‍ ഇസ്രായേലിനെ നീക്കം ചെയ്യേണ്ട അര്‍ബുദമായാണ് കാണുന്നത്. ഇറാന് അണുവായുധം ഉണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്ന് ജൂതര്‍ ഭയക്കുന്നു. ആയിരം കിലോമീറ്ററിലധികം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന് വികസിപ്പിക്കുകയാണ്. അവയില്‍ ആണവ പോര്‍മുനകള്‍ കൂടിയുണ്ടെങ്കില്‍ ഇസ്രയേല്‍ ഭൂമുഖത്ത് അവശേഷിക്കില്ല എന്നവര്‍ ഭയക്കുന്നു. തങ്ങളുടെ ആണവരംഗത്തെ പരിശ്രമങ്ങളൊക്കെ സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്ന് ഇറാന് വാദിക്കുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) റിപ്പോര്‍ട്ടുകള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്കു വേണ്ടതിലും വളരെ കൂടിയ അളവില്‍ അവിടെ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതായി പറയുന്നു.
ഇറാന് ആണവായുധം കൈവശമാവുന്ന കാര്യം ആലോചിക്കാന്‍പോലും ഇസ്രയേലിനു പറ്റില്ല. കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്ന ശത്രുക്കള്‍ക്കെതിരെ മുന്‍കൂട്ടി നടപടിയെടുക്കാന്‍ അനുവദിക്കുന്നതാണ് ഇസ്രായേലിന്റെ 'ബെഗിന് സിദ്ധാന്തം'. 1981-ല്‍ ഇറാഖിലെ ഒസിറാക്ക് ആണവ റിയാക്ടറിനെ ആക്രമിച്ചപ്പോഴും 2007-ല്‍ സിറിയയിലെ ആണവകേന്ദ്രത്തെ ആക്രമിച്ചപ്പോഴും ആ സിദ്ധാന്തത്തിന്റെ പ്രയോഗം കണ്ടു. പക്ഷേ, മേല്‍പ്പറഞ്ഞവയെക്കാള്‍ കൂടുതല്‍ ആധുനികമാണ്, സങ്കീര്‍ണമാണ്, പരപ്പുള്ളതാണ് ഇറാന്റെ ആണവപദ്ധതി. അന്യായമായ പാശ്ചാത്യ ഉപരോധങ്ങളോടുള്ള ഇറാന്റെ വെല്ലുവിളിയായി രഹസ്യവിവരച്ചോര്ച്ചയെ കാണാം. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് ടെഹറാന്‍ തയ്യാറെടുത്തിട്ടുണ്ടാവുമോ?
Published: 30 Sept 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented