
വാഷിങ്ടൺ: തന്റെ മകനുനേരെ വധശ്രമമുണ്ടായതായി കഴിഞ്ഞദിവസം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു. ഏത് മകന് നേരെയാണെന്നോ വധശ്രമത്തിന്റെ വിശദാംദശങ്ങളോ നെതന്യാഹു നൽകിയിരുന്നില്ല. ഇപ്പോൾ അതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഒരു യുഎസ് മാധ്യമം.
ഫ്ളോറിഡയിൽ താമസിച്ചിരുന്ന നെതന്യാഹുവിന്റെ 35 കാരനായ മകൻ യെയിറിനെ വധിക്കാനാണ് ഇറാൻ ശ്രമം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ന്യൂസ്മാക്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ചാനൽ 14-ന് നൽകിയ ഫോൺ അഭിമുഖത്തിലാണ് 'ഇറാൻ എന്റെ ഒരു മകനെ ലക്ഷ്യമിട്ടു. എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു', എന്ന് നെതന്യാഹു വെളിപ്പെടുത്തിയത്.
യെയിർ നെതന്യാഹുവിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഇറാനിയൻ ഏജന്റുമാർ മിയാമിയിൽ സജീവമായി ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. യെയിറിനോട് ഉടൻതന്നെ ഫ്ളോറിഡ വിട്ട് ഇസ്രായേലിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂസ്മാക്സ് റിപ്പോർട്ട് ചെയ്യുന്നു. 2025 ഡിസംബറിലായിരുന്നു ഈ സംഭവം. തന്റെ സാധനങ്ങൾപോലും എടുക്കാതെയാണ് യെയിർ ഇസ്രയേലിലേക്ക് മടങ്ങിയതെന്നും അന്നുതൊട്ട് ഇതുവരെ ഇസ്രായേലിലാണ് താമസമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
വർഷങ്ങളായി യെയിർ നെതന്യാഹു മിയാമിയിലാണ് താമസിച്ചിരുന്നത്. അവിടെ അദ്ദേഹത്തിന്റെ ആഡംബര ജീവിതശൈലിയും സ്റ്റേറ്റ് ഫണ്ടിൽ നിന്നുള്ള സുരക്ഷയും ഇസ്രായേലിൽ രാഷ്ട്രീയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
2023 ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തെത്തുടർന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷവും യെയിറിന്റെ വിദേശത്തുള്ള താമസം വിമർശനങ്ങൾക്ക് ഇടയാക്കി. ലക്ഷക്കണക്കിന് ഇസ്രായേലികൾ സൈനിക റിസർവ് സേവനത്തിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ എന്തിനാണ് വിദേശത്ത് തുടരുന്നത് എന്ന് വിമർശകർ ചോദ്യം ചെയ്തു.
എന്നാൽ, ചാനൽ 14-ന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു തന്റെ മക്കൾക്ക് നൽകിയ സുരക്ഷയെ ന്യായീകരിക്കുന്നുണ്ട്. സുരക്ഷ നൽകിയില്ലായിരുന്നുവെങ്കിൽ തന്റെ മകൻ കൊല്ലപ്പെട്ടേനെ എന്നും അദ്ദേഹം പറയുകയുണ്ടായി.
സാമൂഹിക മാധ്യമങ്ങളിലും യെയിർ നെതന്യാഹു സജീവമാണ്. ഇസ്രയേലിലെ രാഷ്ട്രീയത്തെക്കുറിച്ച് നിരന്തരം അഭിപ്രായങ്ങൾ പറയുകയും പിതാവിന്റെ രാഷ്ട്രീയ എതിരാളികളെയും സർക്കാരിനെ വിമർശിക്കുന്നവരെയും മാധ്യമപ്രവർത്തകരെയും രൂക്ഷമായ ഭാഷയിൽനേരിടാറുണ്ട്.
തീവ്രവലതുപക്ഷ പ്രവർത്തകനും പോഡ്കാസ്റ്ററുമായ അദ്ദേഹത്തിന് യൂറോപ്യൻ, അമേരിക്കൻ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരുമായും പൊതുപ്രവർത്തകരുമായും ബന്ധമുണ്ട്. നെതന്യാഹുവിന് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്.
Content Highlights: Benjamin Netanyahu revealed an assassination attempt on one of his sons by Iran., US media reports identified the target as his 35-year-old son, Yair Netanyahu, living in Florida., Iranian agents monitored Yair in Miami, prompting his hasty return to Israel in December 2025., Yair's prolonged stay abroad during the Gaza war has previously sparked political controversy in Israel.
Published: 26 Aug 2026, 03:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented