ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താനെതിരായ ഓപ്പറേഷന്‍ സിന്ദൂര്‍ പുരോഗമിക്കുമ്പോള്‍ കിഴക്കൻ അതിര്‍ത്തിയില്‍, പശ്ചിമ ബംഗാളിലെ തീസ്ത ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ തീസ്ത പ്രഹാര്‍ എന്ന ത്രിദിന സൈനികാഭ്യാസം നടക്കുകയായിരുന്നു. മേയ് എട്ടു മുതല്‍ പത്തുവരെ നടന്ന വന്‍കിട യുദ്ധാഭ്യാസത്തില്‍ സൈന്യത്തിന്റെ വിവിധ വിഭാഗങ്ങള്‍ ഗംഭീരമായ ഏകോപനത്തോടെ പങ്കെടുത്തു. അഭ്യാസത്തില്‍ ഫ്യൂച്ച്വറിസ്റ്റിക്കായ നിരവധി ആയുധങ്ങളും സംവിധാനങ്ങളും പരീക്ഷിക്കപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ പോലെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 'യുദ്ധം'. കരസേനയുടെ അഭിമാനമായ ടി-20യും പിനാക്കാ മിസൈലുകളും ടാങ്ക് വേധ മിസൈലുകളും എ.ഐ നിയന്ത്രിത റോബോട്ടിക് നായ്ക്കളും അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ദ്രുതവേഗത്തില്‍ ചലിക്കുന്ന പ്ലാറ്റ്ഫോമുകളും അത്യാധുനിക ഡ്രോണുകളും ആശയവിനിമയ സംവിധാനങ്ങളുമൊക്കെ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.

To advertise here,

ഏതാണ്ട് അതേസമയത്താണ് അമേരിക്കന്‍ വ്യോമസേനയുടെ നാലുദ്യോഗസ്ഥര്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തിയത്. ലോജിസ്റ്റിക്സ് ഡയറക്ടര്‍ ടാര ലിന്‍ സ്ട്രൈഡറായിരുന്നു സംഘത്തെ നയിച്ചത്. പിന്നാലെ അമേരിക്കയില്‍ നിന്നും വലിയൊരു ചരക്കുവിമാനം നിറയെ ആയുധങ്ങള്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മറിലെ രാഘൈന്‍ പ്രവിശ്യ ഭരിക്കുന്ന അരാക്കാന്‍ ആര്‍മിയെ സഹായിക്കാനാണ് അമേരിക്കയുടെ ആയുധങ്ങളെന്ന് കരുതപ്പെടുന്നു. അതുപോലെ, രോഹിംഗ്യ അഭയാര്‍ഥികളെ ബംഗ്ലാദേശിലേക്കും മ്യാന്‍മറിലേക്കും ഇന്ത്യ തിരിച്ചയക്കുന്നതിന് ആക്കംകൂടി. ഇന്ത്യാ-പാക് സംഘര്‍ഷം, ബംഗ്ലാദേശിലെ ആഭ്യന്തര അസ്വസ്ഥതകള്‍, മാസങ്ങളായി തുടരുന്ന മ്യാന്‍മറിലെ ആഭ്യന്തരയുദ്ധം, അരാക്കാന്‍ ആര്‍മിയുടെ മുന്നേറ്റം- തീപ്പൊരി വീണാല്‍ കാട്ടുതീയാവുന്ന സാഹചര്യമാണ് ദക്ഷിണേഷ്യയില്‍ ഇപ്പോഴുള്ളത്. ആ കളിക്കളത്തിലേക്ക് അമേരിക്കയും എത്തുകയാണ്.

ബംഗ്ലാദേശിന്റെ പ്രകോപനം

പാകിസ്താനുമായി പോരാട്ടം നടക്കുമ്പോള്‍ തന്നെ ഇന്ത്യ ഇത്രയും വിപുലമായ സൈനികാഭ്യാസം നടത്തിയത് വ്യക്തമായും രണ്ടു രാജ്യങ്ങള്‍ക്കുള്ള സന്ദേശമാണ്- ബംഗ്ലാദേശിനും ചൈനയ്ക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ 'ഗാത്ര'വുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ കോഴിക്കഴുത്തിനു (സിലിഗുരി ഇടനാഴി) സമീപമാണ് അഭ്യാസം നടന്നത് എന്നതും ശ്രദ്ധേയമാണ്. പഹല്‍ഗാമിനെ തുടര്‍ന്ന് ഇന്ത്യ പാകിസ്താനെ ആക്രമിച്ചാല്‍ ചൈനയുടെ സഹായത്തോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന്റെ ഉറ്റസുഹൃത്തായ മുന്‍ ജനറല്‍ ഫസലുര്‍ റഹ്‌മാന്‍ പറഞ്ഞിരുന്നു.

placeholder
മുഹമ്മദ് യൂനുസും ഷി ജിൻ പിങ്ങും | Photo: PTI

കഴിഞ്ഞ മാസം ഇന്ത്യയുടെ ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കടല്‍ത്തീരമില്ലെന്നും ബംഗാള്‍ ഉള്‍ക്കടലിന്റെ ഏക കാവലാള്‍ തങ്ങളാണെന്നും പറഞ്ഞ മുഹമ്മദ് യൂനുസ് ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. പിന്നീട് ഇതിന് തിരിച്ചടിയെന്നോണം ഇന്ത്യന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും വഴി ചരക്കു കടത്താന്‍ ബംഗ്ലാദേശിനെ അനുവദിക്കുന്ന കരാര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. സൈനികാഭ്യാസത്തിന് തീസ്താ നദിയുടെ പേരിട്ടത് പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജലക്കരാറിനെ മരവിപ്പിച്ചതിനെ ഓര്‍മിപ്പിക്കുന്നതാണ്. ബംഗ്ലാദേശിന്റെ കൃഷിയുടെ പതിന്നാലു ശതമാനവും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതവും ഇന്ത്യയില്‍ നിന്നുല്‍ഭവിക്കുന്ന ഈ നദിയെ ആശ്രയിച്ചാണ്. തീസ്തയുടെ ഒഴുക്ക് ഇന്ത്യ തടഞ്ഞാല്‍ ബംഗ്ലാദേശ് ശരിക്കും പെട്ടുപോകും.

ഇടക്കാല ബംഗ്ലാദേശ് സര്‍ക്കാര്‍ ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം നടത്തുകയാണ്. സാമ്പത്തികമായ അരക്ഷിതാവസ്ഥ തന്നെ അതിന് പ്രധാന കാരണം. തീസ്ത നദീജലം കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതിയില്‍ ചേരാന്‍ ചൈനയെ ക്ഷണിച്ച ബംഗ്ലാദേശ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും പത്തു കിലോമീറ്റര്‍ മാത്രം അകലെയുള്ള ലാല്‍മൊനീര്‍ഹാട്ടിലെ പഴയ വിമാനത്താവളം വികസിപ്പിക്കാന്‍ ചൈനീസ് സഹായം തേടിയെന്നും വാര്‍ത്തയുണ്ട്. ഇതു രണ്ടും ഇന്ത്യയുടെ തന്ത്രപരമായ താല്‍പര്യങ്ങള്‍ക്ക് വലിയ ഭീഷണിയാണ്. പ്രാദേശിക സഖ്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും ശൃംഖല വഴി- മുത്തുമാല- ഇന്ത്യയെ വലയം ചെയ്യുക എന്ന ചൈനീസ് കുടില തന്ത്രത്തിന്റെ ഭാഗമാണിവയെന്നത് വ്യക്തമാണ്.

മോദിയുടെ ഭീകരവിരുദ്ധ മുന്നറിയിപ്പും ബംഗ്ലാദേശും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരപ്രവര്‍ത്തനത്തെ രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കുമെന്നും ആക്രമണം നടത്തിയവരെയും അവര്‍ക്ക് പിന്തുണ നല്‍കിയവരെയും തിരിച്ചാക്രമിക്കുമെന്നും സ്പഷ്ടമാക്കിയിട്ടുണ്ട്. ഈ പ്രസ്താവനയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. പ്രത്യേകിച്ചും ബംഗ്ലാദേശില്‍. ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യാവിരുദ്ധരായ നിരവധി ഭീകരനേതാക്കളെ ജയിലില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്തിയവരുമുണ്ട് കൂട്ടത്തില്‍.

അല്‍ഖ്വായിദയുമായി ബന്ധമുള്ള അന്‍സാറുള്‍ ബംഗ്ലാ ടീമിന്റെ (എ.ബി.ടി.) തലവന്‍ ജഷീമുദ്ദീന്‍ റഹ്‌മാനിയെ 2024 ഓഗസ്റ്റിലാണ് മോചിപ്പിച്ചത്. തൊട്ടടുത്ത മാസം അയാള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും പശ്ചിമ ബംഗാളിനെയും ഇന്ത്യയില്‍ നിന്നും വേര്‍പെടുത്തണമെന്നാവശ്യപ്പെട്ടത് വാര്‍ത്തയായിരുന്നു. ബീഗം ഖാലിദ സിയയുടെ ബി.എന്‍.പി സര്‍ക്കാരിന്റെ കാലത്ത് ജൂനിയര്‍ മന്ത്രിയായിരുന്ന അബ്ദസ് സലാം പിന്റു (ഹര്‍ക്കത്തുല്‍ ജിഹാദ് അല്‍ ഇസ്ലാമി- ഹുജി നേതാവ്) ഇന്ത്യാവിരുദ്ധ ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കിയതിനാണ് അകത്തായത്. പുതിയ സര്‍ക്കാര്‍ വന്ന ശേഷം കോടതി അയാളെ മോചിപ്പിച്ചു. ഇതുപോലെ വേറെയും പ്രമുഖ ഭീകരന്‍മാരെ മോചിപ്പിക്കാന്‍ ഇടക്കാല സര്‍ക്കാര്‍ വഴിയൊരുക്കി. ഹസീന ഭരണകൂടം നിരോധിച്ചിരുന്ന ഹിസ്ബുത് തഹ്രീര്‍ പോലുള്ള സംഘടനകള്‍ വീണ്ടും തല പൊക്കിയിട്ടുമുണ്ട്.

ഇന്ത്യക്കെതിരേ പൊരുതുന്ന ത്രിപുര യുനൈറ്റഡ് നാഷണല്‍ ഫ്രണ്ട് പോലുള്ള വിമതസംഘങ്ങള്‍ക്ക് ബംഗ്ലാദേശ് പട്ടാളം എല്ലാ സഹായവും ചെയ്തുകൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മോദിയുടെ വാക്കുകള്‍ വിരല്‍ ചൂണ്ടുന്നത് അവരുടെ നേര്‍ക്കും കൂടിയാണ്. ബംഗ്ലാദേശിന്റെ പിന്തുണയോടെയുള്ള, അല്ലെങ്കില്‍ ബംഗ്ലാദേശ് കേന്ദ്രമാക്കിയുള്ള ഭീകര പ്രവര്‍ത്തനങ്ങളെയും പാകിസ്താനിലെ ഭീകരതയെ നേരിട്ട രീതിയില്‍ കൈകാര്യം ചെയ്യും എന്ന മുന്നറിയിപ്പു കൂടിയാണ് തീസ്താ പ്രഹാര്‍ അഭ്യാസം.

placeholder
Donald Trump | Photo:AP
ഡൊണാള്‍ഡ് ട്രംപ് | Photo:AP

വീണ്ടുമെത്തുന്നു, അമേരിക്ക!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബംഗ്ലാദേശിലെ ഭരണമാറ്റത്തിന് ചുക്കാന്‍ പിടിച്ചതായി കരുതുന്ന യുഎസ് എയ്ഡിന്റെ ഓഫീസ് തന്നെ അടച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ സര്‍ക്കാരുകളെപ്പോലെ വിദേശരാജ്യങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപിതനയം. പക്ഷേ, സമീപകാലത്ത് അത് മാറിയെന്നു തോന്നുന്നു, പ്രത്യേകിച്ച് ബംഗ്ലാദേശിന്റെ കാര്യത്തില്‍. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബംഗ്ലാദേശിന്റെ സൈന്യാധിപന്‍ ജനറല്‍ വഖാർ ഉസ് സമാനെ അട്ടിമറിക്കാന്‍ ശ്രമം ഉണ്ടായത് ഇന്ത്യ മണത്തറിയുകയും അത് തടയുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. യൂനുസുമായി സ്വരച്ചേര്‍ച്ചയില്ലാത്ത വഖാറിനെ അമേരിക്കയുമായി ബന്ധിപ്പിച്ചുകൊടുത്തത് ഇന്ത്യയാണത്രെ.

അതിനുശേഷം അമേരിക്കന്‍, ബംഗ്ലാദേശ് സൈന്യങ്ങള്‍ തമ്മിലുള്ള ഇടപെടലുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഈ മാസമാദ്യം അമേരിക്കന്‍ വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥര്‍ ലോജിസ്റ്റിക്സ് ഡയറക്ടറുടെ നേതൃത്വത്തില്‍ ധാക്കയിലെത്തിയെന്നും പിന്നാലെ ഒരു വലിയ ചരക്കുവിമാനം നിറയെ ആയുധങ്ങളെത്തിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മ്യാന്‍മറിലെ സൈനിക ഭരണകൂടത്തിനെതിരേ  പൊരുതുന്ന അരാക്കാന്‍ ആര്‍മിയെ പിന്തുണയ്ക്കാനാണ് അമേരിക്കന്‍ നീക്കമെന്നു കരുതുന്നു. സൈനിക ഭരണകൂടത്തിന്റെ പ്രധാന പിന്തുണക്കാര്‍ ചൈനയാണല്ലോ. ചൈനയെ പിടിച്ചുകെട്ടേണ്ടത് അമേരിക്കയുടെ ആവശ്യവുമാണ്.

ചൈനയുടെ പ്രാദേശിക മോഹങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യയ്ക്കും അമേരിക്കക്കും ഒരേപോലെ താല്‍പ്പര്യമുണ്ട്. അത് ക്വാഡിലും മലബാര്‍ പോലുള്ള സംയുക്ത സൈനികാഭ്യാസങ്ങളിലും വ്യക്തമാണ്. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ അമേരിക്ക ഒരേസമയം ബംഗ്ലാദേശും ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നത് അസ്വസ്ഥതയ്ക്ക് കാരണമായേക്കാം. അമേരിക്ക ബംഗ്ലാദേശിന്റെ സൈനികശേഷിയെ വര്‍ധിപ്പിക്കുകയോ ഇടക്കാല സര്‍ക്കാരിനെ പിന്തുണയ്ക്കുകയോ ചെയ്താല്‍ അത് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിച്ചേക്കും. അതേസമയം, അരാക്കാന്‍ ആര്‍മിയുമായി അമേരിക്ക ബന്ധം വെക്കുന്നത് ഇന്ത്യയുടെ താല്‍പര്യങ്ങളുമായി യോജിച്ച് പോകുന്നതാണ്. ബംഗ്ലാദേശിലെ അമേരിക്കന്‍ ഇടപെടലുകള്‍ തങ്ങളുടെ സുരക്ഷാതാത്പര്യങ്ങളെ തുരങ്കം വയ്ക്കില്ലെന്ന ഉറപ്പ് ഇന്ത്യ തേടും.

placeholder
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബം​​ഗ്ലാദേശ് മുഖ്യഉപദേശകൻ മുഹമ്മദ് യൂനുസും | Photo: ANI

രോഹിംഗ്യകളും ചില ധര്‍മ്മസങ്കടങ്ങളും

രാഘൈന്‍ പ്രവിശ്യയില്‍ നിന്നും രോഹിംഗ്യൻ അഭയാര്‍ഥികള്‍ ഒഴുകുന്നത് ബംഗ്ലാദേശിന്റെ പരിമിത വിഭവങ്ങളെയും സുരക്ഷാക്രമീകരണങ്ങളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ മ്യാന്‍മറുമായുള്ള അതിര്‍ത്തി ഏറെക്കുറെ അരാക്കാന്‍ ആര്‍മിയുടെ പൂർണ നിയന്ത്രണത്തിലാണ്. പ്രവിശ്യയില്‍ ചൈനയുടെ കൈവശമുള്ള ചോക്ഫ്യൂ ആഴക്കടല്‍ തുറമുഖം ഒഴിച്ചുള്ള ഭാഗങ്ങള്‍ ഈ ബുദ്ധിസ്റ്റ് പട്ടാളത്തിന്റെ കൈവശമാണ്. അഭയാര്‍ത്ഥികളെ തിരിച്ചയക്കാന്‍ ഏഴുവര്‍ഷമായി ബംഗ്ലാദേശ് നടത്തുന്ന ശ്രമം ഫലിക്കുന്നില്ല. നിവൃത്തികേടു കാരണമാണ് അരാക്കാന്‍ ആര്‍മിയുമായി സഹകരിക്കാനും സഹായിക്കാനും ബംഗ്ലാദേശ് തയ്യാറായതെന്ന് അധികൃതര്‍ പറയുന്നു. രോഹിംഗ്യകളെ തിരിച്ചെടുക്കാന്‍ അരാക്കാന്‍ ആര്‍മി തയ്യാറാവുമെന്ന പ്രതീക്ഷയും സൈനികദൗര്‍ബല്യവുമാണ് നിവൃത്തികേടിനു കാരണം.

ഇന്ത്യക്കും മേഖലയില്‍ വലിയ താല്‍പ്പര്യങ്ങളുണ്ട്. രാഘൈന്‍ പ്രവിശ്യയിലെ സിത്ത്വെ തുറമുഖം ഇന്ത്യയാണ് നിര്‍മിക്കുന്നത്. കൊല്‍ക്കത്തയെ മ്യാന്‍മാര്‍ വഴി മിസോറാമുമായി ബന്ധിപ്പിക്കുന്ന കലാദാന്‍ മള്‍ട്ടിമോഡല്‍ ഗതാഗത ഇടനാഴി ഇതുവഴിയാണ് പോകുന്നത്. ഇവിടെ രാജ്യം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അതിനാല്‍ മേഖലയിലെ ഭരണകൂടം തങ്ങളുമായി സഹകരിക്കുന്നതാവണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. മ്യാന്‍മറിലെ സൈനികഭരണകൂടത്തെയും അരാക്കാന്‍ ആര്‍മിയെയും ഒരേസമയം സുഖിപ്പിക്കുന്ന ചൈനീസ് തന്ത്രം അമേരിക്ക ഇടപെട്ടാല്‍ പരാജയപ്പെട്ടേക്കും. ബംഗാള്‍ ഉള്‍ക്കടലിലേക്കുള്ള കവാടത്തിന് അതോടെ അവര്‍ ടാറ്റ പറയേണ്ടി വരും. ബലൂചിസ്താനിലെ അനുനിമിഷം വഷളാവുന്ന സാഹചര്യവും പാക് അധീന കശ്മീരിലും ഗില്‍ഗിത് ബാള്‍ട്ടിസ്താനിലും നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളും ചൈന പാകിസ്താനില്‍ നടത്തിയ ശതകോടികളുടെ നിക്ഷേപങ്ങള്‍ക്ക് ഭീഷണിയാണ്. പുറമേ, അവിടെ നിന്നും അവര്‍ കൊള്ളയടിക്കാനിരിക്കുന്ന വന്‍ ധാതു, ലോഹ നിക്ഷേപങ്ങളും അപകടത്തിലാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം സിലിഗുരിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇടമില്ല. കോഴിക്കഴുത്തിന് തൊട്ടടുത്ത് ചൈനീസ് വിമാനത്താവളം വരുന്നതും ഇന്ത്യയ്ക്ക് അംഗീകരിക്കാനാവില്ല. അതിനാല്‍ ഇത്തരം ശക്തിപ്രകടനങ്ങള്‍ രാജ്യത്തിന് ഒഴിവാക്കാനാവില്ല. ബംഗ്ലാദേശിലെ ചിലര്‍ നടത്തുന്ന വീരവാദങ്ങളല്ല ഇന്ത്യയുടെ സൈനികശക്തിയുടെ മഹാപ്രകടനത്തിന് കാരണം എന്നത് വ്യക്തമാണ്. കൈക്കരുത്തും മനക്കരുത്തും അത്യാധുനിക സാങ്കേതികവിദ്യയും കൈവശമുള്ള സൈന്യം ശത്രുക്കളെ നേരിടാന്‍ സദാ സന്നദ്ധമാണ് എന്ന പ്രഖ്യാപനമാണ് തീസ്താ പ്രഹാറിലൂടെ നടത്തിയത്. അഭ്യാസത്തിന്റെ മുന്‍ഗണന അതിവേഗ പ്രതികരണത്തിനും സംയുക്ത ഓപ്പറേഷനുകള്‍ക്കുമായിരുന്നു. അടിയന്തര സാഹചര്യങ്ങള്‍ക്ക് അതിവേഗം പ്രതികരിക്കാനുള്ള കഴിവാണ് അഭ്യാസം വിളംബരം ചെയ്തത്. അറിയേണ്ടവര്‍ അറിഞ്ഞു എന്നാണ് ചൈനയും ബംഗ്ലാദേശും മൗനം പാലിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍!