ചുറ്റുമുള്ള നിര്‍ണായകസ്ഥാനങ്ങളില്‍ വാണിജ്യവും സൈനികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ ശൃംഖലയുണ്ടാക്കി ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന ചൈനീസ് പദ്ധതിയെ-  സ്ട്രിംഗ് ഓഫ് പേള്‍സ് അഥവാ മുത്തുമാല- കുറിച്ച് കേട്ടിട്ടില്ലേ? രണ്ടു ദശകമായി ലോകം ചര്‍ച്ച ചെയ്യുന്ന, ഇന്ത്യയെ ഉല്‍ക്കണ്ഠപ്പെടുത്തുന്ന നീക്കമാണിത്, ഔദ്യോഗികമായി ഇങ്ങനെ ഒന്നുണ്ടെന്ന് ചൈന സമ്മതിക്കില്ലെങ്കിലും. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നാവികസ്വാധീനം ശക്തമാക്കി മേഖലയില്‍ ഇന്ത്യയ്ക്കുള്ള മേധാവിത്വത്തെ ദുര്‍ബലപ്പെടുത്തുന്നതും ചൈനയിലെ ഊര്‍ജ്ജ ഇറക്കുമതിക്ക് സുരക്ഷ ഉറപ്പാക്കുന്നതും ഇതിന്റെ പ്രധാനലക്ഷ്യങ്ങളില്‍ പെടും. അതു സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ച് നെടുവീര്‍പ്പിടുന്ന ഒരു കാലമുണ്ടായിരുന്നു!

To advertise here,

ചൈനയുടെ ഊര്‍ജ്ജ ഇറക്കുമതിയുടെയും വ്യാപാരത്തിന്റെയും ഭൂരിഭാഗവും ഇന്ത്യന്‍ മഹാസമുദ്രം വഴിയാണ് നടക്കുന്നത്. പ്രത്യേകിച്ച്, മലാക്ക കടലിടുക്ക് വഴി. ഇന്ത്യന്‍ മഹാസമുദ്രത്തെ തെക്കന്‍ ചൈനാകടലുമായി ബന്ധിപ്പിക്കുന്ന തിരക്കേറിയ കപ്പല്‍പാതയാണിത്. മലേഷ്യക്കും ഇൻഡൊനീഷ്യയ്ക്കും ഇടയ്ക്കുള്ള ഇടുങ്ങിയ ഈ സമുദ്രപാതയ്ക്കടുത്ത് എന്തെങ്കിലും തരത്തിലുള്ള സംഘര്‍ഷമുണ്ടായാല്‍ അത് ചൈനയെ തളര്‍ത്തും. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ അധീനതയിലാക്കാന്‍ അവര്‍ ശ്രമിക്കുന്നു.

പക്ഷേ, കാലം മാറി, ലോകവും. കണ്ണഞ്ചിപ്പിക്കുന്ന സാമ്പത്തിക വളര്‍ച്ചയുടെ സുവര്‍ണകാലം ചൈനയെ കടന്നു പോയിരിക്കുന്നു. ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥ ഭാരതമാണ്. സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസമുള്ള നിലപാടാണ് ഇന്ത്യ കൈക്കൊള്ളുന്നത്. സൈന്യത്തെയും സംവിധാനങ്ങളെയും അതിവേഗം നവീകരിക്കുന്നു, റഫാല്‍ വിമാനങ്ങള്‍ പോലുള്ള അത്യാധുനിക ആയുധങ്ങള്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നു, വിശാഖപട്ടണത്തിന് 50 കിലോമീറ്റര്‍ തെക്കുള്ള റംബിള്ളിയില്‍ ആണവ അന്തര്‍വാഹിനികള്‍ക്കായി ഭൂഗര്‍ഭനാവികത്താവളമുണ്ടാക്കുന്നു, ചൈനീസ് അതിര്‍ത്തിയില്‍ റോഡും പാലവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വഴി ഗണ്യമായി കണക്ടിവിറ്റി കൂട്ടുന്നു...

അതിനൊപ്പം, ചൈനയെ വലയം ചെയ്യുന്ന തുറമുഖങ്ങളുടെയും സൈനിക താവളങ്ങളുടെയും ഒരു ശൃംഖല ഇന്ത്യ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. ചൈനയുടെ കാര്യത്തിലെന്ന പോലെ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത പദ്ധതിക്ക് പ്രതിരോധ വിദഗ്ധര്‍ 'ഡയമണ്ട് നെക്ലസ്' (വജ്രഹാരം) എന്നാണ് പേരിട്ടിരിക്കുന്നത്. ചൈനീസ് പൂച്ചയുടെ കഴുത്തില്‍ കെട്ടിയ ഈ മണി, ക്ഷമിക്കണം, വജ്രഹാരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അധിക സുരക്ഷാകവചമാകുമെന്ന് ഉറപ്പാണ്. രാജ്യതാല്‍പ്പര്യത്തിന് മാത്രം പ്രാമുഖ്യം നല്‍കുന്ന നയതന്ത്രനീക്കങ്ങളും സഖ്യങ്ങളും (ക്വാഡ് ഉദാഹരണം) കൂടിയാവുമ്പോള്‍ പെട്ടെന്നൊന്നും ഇന്ത്യയെ ആക്രമിക്കാന്‍ ചൈനയ്‌ക്കെന്നല്ല, ആര്‍ക്കും ധൈര്യം വരില്ല.

ശ്വാസംമുട്ടിക്കുന്ന ചൈനീസ് മുത്തുമാല

തെക്കന്‍ ചൈനാകടല്‍ മുതല്‍ അറേബ്യന്‍ ഉള്‍ക്കടല്‍ വരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം വ്യാപിപ്പിക്കുന്നതിനുള്ള ചൈനീസ് പദ്ധതിയില്‍ പാകിസ്താനിലെ ഗ്വാദര്‍ തുറമുഖം, ശ്രീലങ്കയിലെ കൊളംബോ, ഹമ്പന്‍തോട്ട തുറമുഖങ്ങള്‍, ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖം, മ്യാന്‍മറിലെ ചോക്ഫ്യൂ ആഴക്കടല്‍ തുറമുഖം, ആഫ്രിക്കയിലെ ജിബൂട്ടിയിലെ നാവിക താവളം തുടങ്ങിയവ ഉള്‍പ്പെടുന്നു. ചൈനയുടെ നാവിക ഓപ്പറേഷനുകളെ പിന്തുണയ്ക്കുന്നവയാണ് ഈ താവളങ്ങള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ചുറ്റിവരിയുന്ന മാല.

ഈ ശൃംഖല ഇന്ത്യയുടെ സമുദ്രവ്യാപാര താല്പര്യങ്ങള്‍ക്ക് നേരിട്ടുള്ള ഭീഷണിയായി കണക്കാക്കാം. ഇന്ത്യയുടെ വ്യാപാരസുരക്ഷിതത്വം, നാവിക മേധാവിത്വം എന്നിവ നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ മേധാവിത്വം വളരെ നിര്‍ണായകമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് ചുറ്റുമുള്ള ചൈനീസ് നിയന്ത്രിത തുറമുഖങ്ങള്‍ ഇന്ത്യയ്ക്ക് തലവേദനയാണ്. മാത്രമല്ല, ശ്രീലങ്കയും ബംഗ്ലാദേശും മാലദ്വീപും പാകിസ്താനും പോലുള്ള അയല്‍രാജ്യങ്ങളെ കടക്കണിയില്‍പ്പെടുത്തി സാമന്തരാക്കുന്ന ചൈനീസ് തന്ത്രം ദക്ഷിണേഷ്യയില്‍ ഇന്ത്യയുടെ സ്വാധീനത്തെ കുറയ്ക്കുന്നുണ്ട്.

സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചൈന ഉപയോഗിച്ച മാര്‍ഗങ്ങള്‍ പലപ്പോഴും സാമ്പത്തികസഹായത്തിന്റെ പേരിലുള്ള ചതിയായിരുന്നു. കുറഞ്ഞ പലിശയ്ക്ക് വായ്പ കൊടുത്ത് ചൈനീസ് പദ്ധതികള്‍ നടപ്പാക്കുക, തിരിച്ചടവ് വൈകിയാല്‍ പദ്ധതികള്‍ സ്വന്തം പേരില്‍ ആക്കുക. ഇന്ത്യയ്ക്ക് ചുറ്റും മാത്രമല്ല, ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലും ഇതേ നയം ചൈന നടപ്പാക്കി. പക്ഷേ, ഈ ചതിയന്‍നയം ചൈനയ്ക്ക് അപകടകരമാണ്. ചില രാജ്യങ്ങള്‍ ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നത് കടക്കെണിയില്‍ പെട്ടുപോയതിനാലാണ്, വിശ്വാസമോ  പ്രതിബദ്ധതയോ കൊണ്ടല്ല. ഇന്ത്യയുടെ സഹായങ്ങള്‍ ഒരിക്കലും ലാഭം മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. മാലദ്വീപും ശ്രീലങ്കയുമൊക്കെ ഇന്ത്യയുടെ സുരക്ഷിതത്വത്തിലേക്ക് മടങ്ങി വന്നത് ഉദാഹരണം. (മടങ്ങിവരവ് പൂര്‍ണമല്ല, ചൈനീസ് കടബാധ്യത തീര്‍ന്നിട്ടില്ല.) വാക്‌സീന്‍ മൈത്രി പോലുള്ള സംരംഭങ്ങളും പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോള്‍ ആദ്യം സഹായിക്കാനെത്തുന്നതുമൊക്കെ ഇന്ത്യയ്ക്ക് യഥാര്‍ത്ഥസുഹൃത്തിന്റെ പരിവേഷം നല്‍കുന്നു.

ദീര്‍ഘനാളായി ചൈന മുത്തുമാല 'മുറുക്കുന്ന' തിരക്കിലായിരുന്നെങ്കിലും സമീപകാലത്ത് അത് അത്ര വിജയമല്ല. 'ഉരുക്കു സഹോദര'നായ പാകിസ്താന്‍ രാജ്യമെന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നു. നേപ്പാളില്‍ രാജഭരണം തിരിച്ചുകൊണ്ടു വരണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രക്ഷോഭത്തിലാണ്, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കടന്ന് ബംഗാള്‍ ഉള്‍ക്കടല്‍ വരെ സ്വാധീനം വര്‍ധിപ്പിക്കാന്‍ ചൈനയെ ക്ഷണിച്ച മുഹമ്മദ് യൂനുസിന്റെ ബംഗ്ലാദേശ് പാകിസ്താനു മുമ്പേ തകരുമോ എന്ന ആശങ്കയിലാണ്. മ്യാന്‍മാറില്‍ സൈനികഭരണകൂടം എത്രനാള്‍ അരാക്കാന്‍ ആര്‍മി പോലുള്ള സമാന്തര സേനകളെ ചെറുത്തുനില്‍ക്കുമെന്ന് കണ്ടറിയണം.

കൂടുതൽ പ്രീമിയം ലേഖനങ്ങൾ തത്സമയം വായിക്കാം

ആ വജ്രങ്ങള്‍ ഇവയാണ്

കഴുത്തില്‍ മുറുക്കം അനുഭവപ്പെട്ടപ്പോഴാവണം ഇന്ത്യ വജ്രഹാരത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്- 2012-ല്‍. ഈ തന്ത്രത്തിന്റെ അടിത്തറ ചൈനയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങളുണ്ടാക്കുകയാണ്, നേരിടുന്നതല്ല. ഇന്ത്യന്‍ സ്വാധീനമേഖലകളില്‍ ചൈനീസ് കടന്നുകയറ്റം ചെറുക്കാനും സമുദ്രവ്യാപാര താല്പര്യങ്ങള്‍ സംരക്ഷിക്കാനും വേണ്ടി നിര്‍ണായകമായ തുറമുഖങ്ങളില്‍ പ്രവേശനം ഉറപ്പാക്കുക, സൈനികക്കരാറുകള്‍ ഒപ്പുവെക്കുക, സൈനികത്താവളങ്ങളും നിരീക്ഷണസംവിധാനങ്ങളും ഉണ്ടാക്കുക തുടങ്ങിയവ. ഈ വജ്രഹാരത്തിലെ ചില പ്രധാന വജ്രങ്ങളെ നോക്കാം.

ഇതില്‍ പ്രധാനപ്പെട്ട ഒന്ന് ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളിലെ സൈനിക കേന്ദ്രമാണ്. ഇന്ത്യയുടെ 'മുക്കിത്താഴ്ത്താനാവാത്ത വിമാനവാഹിനിക്കപ്പലാ'യി വിശേഷിപ്പിക്കപ്പെടുന്ന ഈ ദ്വീപസമൂഹം മലാക്ക കടലിടുക്കിനടുത്താണ്. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകള്‍, പ്രത്യേകിച്ച്, ചൈനീസ് കപ്പലുകള്‍ നിരീക്ഷിക്കാന്‍ ഏറ്റവും യോജിച്ച സ്ഥാനം. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ കമാന്‍ഡാണ് (ANC) ഇന്ത്യയിലെ ഏക ട്രൈസര്‍വീസ് കമാന്‍ഡ്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം. 2001-ല്‍ സ്ഥാപിതമായ ഈ കമാന്‍ഡിന്റെ ആസ്ഥാനം പോര്‍ട്ട് ബ്ലെയറാണ്. ഇന്ത്യയുടെ കിഴക്കന്‍ സമുദ്രാതിര്‍ത്തിയില്‍ ഏകോപിതമായ നേതൃത്വവും നിയന്ത്രണവും ഉറപ്പാക്കുകയാണ് എ.എന്‍.സിയുടെ ചുമതല.

ആന്‍ഡമാനില്‍ നിന്ന് 90 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇന്‍ഡോനേഷ്യയിലെ സബാംഗ് തുറമുഖം. മലാക്ക കടലിടുക്കിന് തൊട്ടടുത്തുള്ള ഈ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് ഇരുരാജ്യങ്ങളും ചേര്‍ന്നാണ്. തുറമുഖത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും സൈനികവും വാണിജ്യപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുമുള്ള അവകാശം ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ത്യയുടെ വജ്രഹാര തന്ത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് ഈ തുറമുഖത്തിനുള്ളത്. അതുപോലെയാണ് മ്യാന്‍മാറിലെ രാഘൈന്‍ പ്രവിശ്യയിലുള്ള സിത്ത്വെ തുറമുഖവും.

തെക്കന്‍ചൈനാ കടലില്‍ പെട്രോളിയം പര്യവേക്ഷണത്തിന് ഇന്ത്യ വിയറ്റ്‌നാമുമായി കൈകോര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ പതിവായി ഇവിടുത്തെ തുറമുഖം സന്ദര്‍ശിക്കാറുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണവും കൂടി വരികയാണ്. തെക്കന്‍ ചൈനാ കടലിൽ ചൈനയുടെ അക്രമോത്സുകത നേരിടുന്ന രാജ്യങ്ങളില്‍പ്പെടുന്ന വിയറ്റ്‌നാമിനും ഇന്‍ഡോനീഷ്യക്കും ബ്രഹ്മോസ് മിസൈലുകള്‍ വില്‍ക്കാനുള്ള ചര്‍ച്ച നടന്നു വരുന്നു. ഫിലിപ്പൈന്‍സിന് നല്‍കിക്കഴിഞ്ഞു, അത് അവരുടെ നാവികസേനയുടെ ഭാഗമാകുകയും ചെയ്തു.

അടുത്ത വജ്രം ഇറാനിലെ ചബഹാര്‍ തുറമുഖമാണ്. പാകിസ്താനില്‍ കയറാതെ അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും പോകാന്‍ സാധിക്കുന്ന ഈ തുറമുഖം ചൈനയുടെ നിയന്ത്രണത്തിലുള്ള പാകിസ്താനിലെ ഗ്വാദര്‍ തുറമുഖത്തിന് 170 കിലോമീറ്റര്‍ അകലെയാണ്. ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള ഈ തുറമുഖത്തിന്റെ ഭാവി അമേരിക്ക ഇറാനില്‍ ഉപരോധമേര്‍പ്പെടുത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒമാനിലെ ദുക്കും തുറമുഖത്ത് അടുക്കാനും ഇന്ധനം നിറയ്ക്കാനും ഇന്ത്യന്‍ കപ്പലുകളെ അനുവദിക്കുന്ന കരാറില്‍ ഒപ്പുവച്ചത് 2018- ലാണ്. സിംഗപ്പൂരിലെ ചാംഗി നാവികത്താവളം, ഫ്രാന്‍സിന്റെ കൈവശമുള്ള റീയൂണിയന്‍ ദ്വീപിലെ നാവികത്താവളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ ഇന്ത്യക്ക് അനുമതിയുണ്ട്.

ഇതുകൂടാതെയാണ് ഓസ്‌ട്രേലിയയും ജപ്പാനുമായി തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള കരാറുകള്‍. ഓസ്‌ട്രേലിയന്‍ നാവികത്താവളങ്ങളിലെ സൗകര്യങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ഉപയോഗിക്കാനാവും. ജപ്പാനുമായുള്ള നാവികസേനാ സഹകരണം വര്‍ധിച്ചുവരികയാണ്. സീഷെല്‍സിലെ അസംപ്ഷന്‍ ദ്വീപില്‍ നാവികത്താവളം ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാത്രമല്ല, മാലദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, സീഷെല്‍സ്, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങളില്‍ തീരനിരീക്ഷണ റഡാര്‍ ശൃംഖല സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്.

സമ്മര്‍ദ്ദ നയതന്ത്രം ചൂതാട്ടമോ?

ചൈന കണ്ണുരുട്ടിയാല്‍ പേടിക്കില്ലെന്ന് ഇന്ത്യ 2017-ലെ ഡോക്​ലാം സംഘര്‍ഷത്തില്‍ വെച്ചു തന്നെ ലോകത്തിനു കാട്ടിക്കൊടുത്തു. 73 ദിവസമാണ് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ മുഖാമുഖം നിന്നത്. ഏഷ്യയില്‍ ചൈനയെ ചെറുക്കാനാവില്ലെന്ന പൊതുവായ തോന്നലിന് അത് അന്ത്യം കുറിച്ചു. പിന്നീട് ഗാല്‍വനില്‍ സൈനികര്‍ ഏറ്റുമുട്ടിയപ്പോള്‍ ലോകം കണ്ടു, ഇന്ത്യന്‍ പട്ടാളത്തിന്റെ ചങ്കുറപ്പ്. 1962-ല്‍ ചൈന പിടിച്ചെടുത്ത അക്‌സായി ചിന്‍ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഇന്ത്യ ഈയിടെ പലകുറി പ്രഖ്യാപിച്ചു, ചൈന പാകിസ്താന്‍ കശ്മീരില്‍ നടത്തുന്ന നിര്‍മാണങ്ങളെ അപലപിച്ചു, അവരുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്നും വിട്ടുനിന്നു. 2023-ല്‍ ആ പദ്ധതിക്ക് ബദലായി ഇന്ത്യാ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിക്ക് (ഐമെക്) തുടക്കം കുറിച്ചു. ഈയിടെയായി ഇന്ത്യ ടിബറ്റുകാരുടെ പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. ചൈനയ്ക്ക് തൊട്ടുചേര്‍ന്ന് കിടക്കുന്ന മംഗോളിയയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നു. വ്യാളി ഒട്ടും ഹാപ്പിയല്ല!

ചൈനയുടെ അയല്‍ക്കാരും എതിരാളികളുമായി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതു വഴി ഇന്ത്യ ചൈനയുടെ തന്ത്രപരമായ കണക്കുകൂട്ടലുകളെ സങ്കീര്‍ണമാക്കുന്ന സമ്മര്‍ദ്ദ സ്ഥാനങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇന്ത്യയുടെ പ്രാഥമികപ്രേരണ ആത്മരക്ഷ തന്നെയാണ്- സ്വന്തം അതിര്‍ത്തികളും പരമാധികാരവും സംരക്ഷിക്കുക. ഈ സംരംഭങ്ങള്‍ ചൈനയ്ക്ക് വെല്ലുവിളിയായി തോന്നാമെങ്കിലും അവയ്ക്ക് മനപ്പൂര്‍വമുള്ള പദ്ധതിയും ആസൂത്രണവും ഉണ്ടായിക്കൊള്ളണമെന്നുമില്ല. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ തന്നെ തന്ത്രപരമായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ഇന്ത്യ ഒരു ചൈനാവിരുദ്ധ സഖ്യത്തിന്റെയും ഭാഗമല്ല (ക്വാഡിനെക്കുറിച്ച് അങ്ങനെ ആക്ഷേപമുണ്ടെങ്കിലും). അതായത് ഇന്ത്യക്ക് ചൈനയുമായി കൈകോര്‍ക്കാനും തടസ്സമില്ല, അത് ഇന്ത്യയുടെ താല്‍പ്പര്യത്തിന് അനുഗുണമായിരിക്കണം എന്നുമാത്രം.

ഇന്ത്യയുടെ ധൈര്യപൂര്‍വമായ നീക്കങ്ങള്‍ക്ക് അപകടസാധ്യത ഇല്ലാതില്ല. പ്രധാന കാരണം നമ്മുടെ അസ്ഥിരമായ അയല്‍പക്കം തന്നെ. ശ്രീലങ്കയും മാലദ്വീപും പോലെ ഇടയ്ക്കിടയ്ക്ക് സ്വഭാവം മാറ്റുന്ന ഭരണകൂടങ്ങളുണ്ട്. ബംഗ്ലാദേശ് മാറിയ വേഗം കണ്ടില്ലേ? ഇത്തരക്കാരെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ ഉപജാപവും ആക്രമണവും നടത്താന്‍ ചൈന ശ്രമിക്കാതിരിക്കില്ല. അത് അവരുടെ ഡി.എന്‍.എയിലുണ്ട്! ട്രംപിന്റെ പകരച്ചുങ്കഭീഷണി തരണം ചെയ്താല്‍ ചൈന വീണ്ടും 'ചൊറിഞ്ഞു' തുടങ്ങുമെന്നുറപ്പ്. അത് സംഘര്‍ഷത്തിലേക്കു പോയാല്‍ നമുക്ക് ആരുമുണ്ടാവില്ല തുണയ്ക്കാന്‍. യുക്രെയിന്റെ അവസ്ഥ നമ്മള്‍ കാണുന്നതാണ്! മുമ്പത്തെപ്പോലെ റഷ്യയുടെ പിന്തുണ ഉറപ്പിക്കാനാവില്ല. പാശ്ചാത്യ ഉപരോധം നേരിടുന്ന വ്ളാദിമിര്‍ പുതിന് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യമാണ് ചൈന. ലോകത്തെ ശാക്തിക സമവാക്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ മോദി- അജിത് ഡോവല്‍- ജയശങ്കര്‍ സഖ്യം എന്താവും കണക്കുകൂട്ടുന്നത്?