ന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് നാഴികക്കല്ലായ വർഷമായിരുന്നു 2025. മാറിമറിയുന്ന ആഗോള സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ഇന്ത്യ തങ്ങളുടെ കരുത്ത് ലോകത്തിന് മുന്നിൽ പ്രകടമാക്കി. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ രാജ്യം സ്വയംപര്യാപ്തത കൈവരിച്ചു. ഓസ്ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏഷ്യ പവർ ഇൻഡക്സ് പ്രകാരം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ പ്രതിരോധ ശക്തിയാണ്. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. റഷ്യ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഇന്ത്യൻ സൈന്യത്തിന്റെ ആൾബലവും പ്രവർത്തനപരമായ നേട്ടവും മാത്രമല്ല ഇതിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. പ്രതിരോധ മേഖലയിലെ അത്യാധുനിക സംവിധാനങ്ങളുടെ വികസനവും കയറ്റുമതിയിലുമുള്ള വളർച്ചയും ഇതിനെ സ്വാധീനിച്ചിട്ടുണ്ട്. പ്രതിരോധസംവിധാനങ്ങളുടെ പ്രധാന ഇറക്കുമതി രാജ്യമെന്ന നിലയിൽ നിന്ന് ഏറ്റവും മികച്ച കയറ്റുമതിക്കാരായി കൂടിയാണ് ഇന്ത്യ ലോകത്തിന് മുന്നിൽ വളർന്നിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര കരാറുകൾ ഇതിന് ശക്തി പകർന്നു. 2026 ഇന്ത്യയ്ക്ക് ഇതിലേറെ നേട്ടങ്ങളുള്ള വർഷമായിരിക്കുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരും പ്രതീക്ഷ പുലർത്തുന്നത്.

To advertise here,

കുതിച്ചുയർന്ന് പ്രതിരോധ ബജറ്റ്

ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വർഷം തോറും റെക്കോർഡ് കുറിക്കുകയാണ്. 2025-26 വർഷം പ്രതിരോധ മേഖലയ്ക്കുവേണ്ടി നീക്കിവെച്ച ബജറ്റ് 6.81 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷമിത് 6.2 ലക്ഷം കോടിയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 9.5 ശതമാനത്തിന്റെ വർധനവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. കേന്ദ്രബജറ്റിൽ 13.45 ശതമാനമാണ് പ്രതിരോധ മേഖലയ്ക്കായി ഇന്ത്യ നീക്കിവെയ്ക്കുന്നത്. മറ്റേത് വകുപ്പുകളേക്കാളും രാജ്യം ബജറ്റ് കൂടുതൽ ഊന്നൽ നൽകുന്നതും പ്രതിരോധമേഖലയ്ക്കാണ്. ഇതിൽ തന്നെ പുതിയ ആയുധങ്ങൾ വാങ്ങാനും നിർമിക്കാനുമായാണ് ഭൂരിഭാഗം തുകയും ചെലവഴിക്കുന്നത്.

പാകിസ്താനുമായും ചൈനയുമായുമുള്ള അസ്വാരസ്യങ്ങൾക്ക് ശേഷം, പ്രത്യേകിച്ച് ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെ അത്യാധുനിക ആയുധങ്ങൾക്കും പ്രതിരോധ സംവിധാനങ്ങൾക്കും വേണ്ടി ചെലവിടുന്ന തുക ഇന്ത്യ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിമാനങ്ങൾ, അന്തർവാഹിനികൾ, കപ്പലുകൾ, ഡ്രോണുകൾ, പുതിയ തലമുറ ആയുധങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ് പ്രധാനമായും തുക ചെലവാക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഈ തുക പകുതിയിലധികം ചെലവഴിച്ചത് വിമാനങ്ങൾ, എയ്‌റോ എഞ്ചിനുകൾ, അത്യാധുനിക യുദ്ധസംവിധാനങ്ങൾ, ഇലക്ട്രോണിക് യുദ്ധോപകരണങ്ങൾ എന്നിവ വാങ്ങാനായാണ്. സൈന്യത്തിന്റെ ആധുനികവത്കരണത്തിനുള്ള തുകയുടെ 75 ശതമാനം ചെലവഴിക്കുന്നത് ആഭ്യന്തര വിപണികളിലാണ്. അതായത് ഇന്ത്യയിൽ തന്നെ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് രാജ്യത്തിന്റെ സ്വയം പര്യാപ്തത വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങൾ വിന്യസിക്കുകയും റെക്കോർഡ് ഡ്രോൺ വിരുദ്ധ ഓപ്പറേഷനുകൾ നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യൻ പ്രതിരോധ വ്യവസായങ്ങൾക്കായി 1,11,544 കോടി രൂപ പ്രത്യേകമായി നീക്കിവച്ചിട്ടുണ്ട്. അയൽരാജ്യങ്ങളിലെ അസ്ഥിരതയും മാറിക്കൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സാഹചര്യവും കാരണം 2026 ആകുമ്പോഴേക്കും പ്രതിരോധ ബജറ്റ് വീണ്ടും 20-25% വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടലുകൾ. 2026-ൽ പ്രതിരോധ കയറ്റുമതി 30,000 കോടി രൂപയായി ഉയർത്താനും 2029 ആകുമ്പോഴേക്കും 50,000 കോടി രൂപയിലെത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

റെക്കോർഡ് കയറ്റുമതി

പരിഷ്‌കാരങ്ങളുടെ വർഷമെന്നാണ് 2025നെ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. ആത്മനിർഭർ ഭാരത് (സ്വയം പര്യാപ്ത ഇന്ത്യ) സംരംഭത്തിന്റെ കീഴിൽ പ്രതിരോധ നിർമ്മാണത്തിലും കയറ്റുമതിയിലും രാജ്യം വലിയ പുരോഗതി നേടി. തദ്ദേശീയ ആയുധ സംവിധാനങ്ങൾ, നൂതന ഡ്രോണുകൾ, പ്രതിരോധ വ്യവസായ ഇടനാഴികൾ, റെക്കോർഡ് കയറ്റുമതി ഇടപാടുകൾ എന്നിവ ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ഏകദേശം 35 മടങ്ങ് വർധിച്ചുവെന്നാണ് അടുത്തിടെ ഒരു പരിപാടിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞത്. മാർച്ച് 2026ൽ 30,000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2029-ഓടെ 50000 കോടി രൂപയുടെ കയറ്റുമതി നേടുകയെന്നാണ് ദീർഘകാല ലക്ഷ്യം.

2024-25 കാലയളവിൽ ഏകദേശം 24,000 കോടി രൂപയായിരുന്നു രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി. ഇന്ന് നൂറിലേറെ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. അമേരിക്ക, ഫ്രാൻസ്, അർമേനിയ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും പോകുന്നത്. 2015 മുതൽ 2025 വരെ ആകെ 1,09,997 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യയ്ക്കുണ്ടായത്. ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിരോധ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ആദ്യ 25 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുകയും ഉത്പാദനം വർധിപ്പിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് നില മെച്ചപ്പെടുത്താനാവും.

സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം പ്രതിരോധ കയറ്റുമതിയിൽ ഏറ്റവും മുൻപന്തിയിലുള്ള രാജ്യം അമേരിക്കയാണ്. ഫ്രാൻസ്, റഷ്യ, ചൈന, ജർമനി, ഇറ്റലി, യുകെ, ഇസ്രയേൽ, സ്‌പെയിൻ, സൗത്ത് കൊറിയ എന്നിവരാണ് ആദ്യ പത്ത് സ്ഥാനക്കാർ. ആദ്യ അഞ്ച് രാജ്യങ്ങൾ ചേർന്നാണ് ആഗോള ആയുധ കയറ്റുമതിയിലെ 72 ശതമാനവും നിയന്ത്രിക്കുന്നത്. 21 ശതമാനമാണ് അമേരിക്കയുടെ മാത്രം കയറ്റുമതി. ഏകദേശം 238 ബില്ല്യൺ ഡോളർ വരുമിത്.

ഇന്ത്യയുടെ സൈനികവും തന്ത്രപരവുമായ കഴിവുകൾ പ്രകടിപ്പിച്ച ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലം പല രാജ്യങ്ങളേയും ഇന്ത്യൻ നിർമ്മിത പ്രതിരോധ ഉപകരണങ്ങളെ പരിഗണിക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചു. അതിനാൽ തന്നെ 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്രബജറ്റിൽ പ്രതിരോധ വിഹിതത്തിൽ 25 ശതമാനത്തിൽ കൂടുതൽ വർധനവുണ്ടാകാനുള്ള സാധ്യതയും വിദഗ്ധർ പ്രവചിക്കുന്നുണ്ട്.

ഇന്ത്യയും സ്വയം പര്യാപ്തതയും

2025-ൽ ഇന്ത്യയുടെ പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം 1.54 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തിയിരുന്നു. കയറ്റുമതി ഏകദേശം 12 ശതമാനം വർധിച്ച് 24000 കോടി രൂപയായി. പ്രതിരോധ ഉപകരണങ്ങളുടെ 65 ശതമാനത്തിലധികവും ഇപ്പോൾ തദ്ദേശീയമായി നിർമ്മിക്കുകയാണ്. അതിനാൽ ഇറക്കുമതിയെ ആശ്രയിക്കുന്നത് വലിയൊരളവോളം കുറയ്ക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. തദ്ദേശീയമായ നിർമ്മാണം ശക്തിപ്പെടുത്തിക്കൊണ്ടും മത്സരം വർധിപ്പിച്ചുകൊണ്ടുമാണ് രാജ്യം ഈ രംഗത്ത് വലിയ ശക്തിയായി നിലനിൽക്കുന്നത്.

പ്രതിരോധ ഉത്പാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ട്. 91,450 കോടി രൂപയിൽ അധികം നിക്ഷേപത്തോടെ ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ പ്രതിരോധ വ്യവസായ ഇടനാഴികൾ നിർമിക്കുന്നുണ്ട്. ഇത് അരലക്ഷത്തിലേറെ പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നിക്ഷേപം ആകർഷിക്കുമെന്നുമാണ് കണക്കുകൂട്ടൽ. ഇന്ത്യയുടെ ആദ്യത്തെ സ്വയംഭരണ കപ്പൽശാലയും നിർമാണത്തിലാണ്.

തദ്ദേശീയമായി ഉത്പാദിപ്പിക്കുകയെന്ന രാജ്യത്തിന്റെ നിലപാടും പ്രതിരോധ രംഗത്ത് ഊന്നൽ കൊടുക്കാനുള്ള സർക്കാരിന്റെ നയങ്ങളുമാണ് ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയ്ക്ക് സമുന്നതമായ സ്ഥാനം നൽകിയത്. തദ്ദേശീയ ഉത്പാദനം, അത്യാധുനിക സാങ്കേതികവിദ്യ, അന്താരാഷ്ട്ര പങ്കാളിത്തം എന്നിവ രാജ്യത്തെ മുമ്പത്തേക്കാൾ കൂടുതൽ സ്വയം പര്യാപ്തമാക്കി. പ്രതിരോധ മേഖലയിലെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ അഭൂതപൂർവമായ ഉയരങ്ങളിലെത്താൻ ഒരുങ്ങുകയാണ്. 2026 മാർച്ച് ആകുമ്പോഴേക്കും കയറ്റുമതി 30000 കോടി രൂപ കവിയാൻ സാധ്യതയുണ്ട്.

ഇന്ത്യ എന്താണ് കയറ്റുമതി ചെയ്യുന്നത്?

മിസൈലുകൾ, റഡാർ സംവിധാനങ്ങൾ, നാവിക ഉപകരണങ്ങൾ, വെടിക്കോപ്പുകൾ തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ. ഇന്ത്യയുടെ അഭിമാനമായ ആകാശ്, ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ, പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്ന മിസൈൽ സംവിധാനങ്ങൾ. അഡ്വാൻസ്ഡ് ആർട്ടിലറി ഗൺ സിസ്റ്റം, സ്വാതി വെപ്പൺ ലൊക്കേറ്റിങ് റഡാർ, ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റായ തേജസ് യുദ്ധ വിമാനത്തിന്റെ ഭാഗങ്ങൾ, അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്റർ ധ്രുവ്, ഡോർണിയർ-22 എയർക്രാഫ്റ്റ് തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. ഇതിന് പുറമേ നാവികസേനയ്ക്ക് വേണ്ടി ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റുകൾ, ഓഫ്‌ഷോർ പട്രോൾ വെസ്സലുകൾ തുടങ്ങിയവയ്ക്കും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. എയർക്രാഫ്റ്റുകളും ഹെലികോപ്ടർ ഭാഗങ്ങളുമാണ് അമേരിക്ക പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

സ്വയം പര്യാപ്തമാവാനുള്ള ശ്രമങ്ങൾക്കിടയിലും ഇന്ത്യ പ്രതിരോധരംഗത്തെ ശക്തിപ്പെടുത്താനായുള്ള ഇറക്കുമതികൾ നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 20-25 ബില്ല്യൺ ഡോളർ ഇന്ത്യ ഇതിനായി ചെലവഴിച്ചിട്ടുണ്ട്. തദ്ദേശീയ നിർമാണം വർധിപ്പിച്ചതോടെ വരും വർഷങ്ങളിൽ ഈ തുക കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. റഷ്യ, ഫ്രാൻസ്, അമേരിക്ക, ഇസ്രയേൽ, ജർമനി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ കൂടുതലായും ഇറക്കമതി ചെയ്യുന്നത്. എസ്-400 സിസ്റ്റം, ജെറ്റ്, അന്തർവാഹിനികൾ, റഫാൽ വിമാനങ്ങൾ, അപ്പാച്ചെ ഹെലികോപ്ടറുകൾ, വ്യോമപ്രതിരോധ സംവിധാനമായ സ്‌പൈഡർ സാം എന്നിവയാണ് ഇന്ത്യ ഈ രാജ്യങ്ങളിൽ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.