
ഉപഗ്രഹങ്ങൾ, നിരീക്ഷണവിമാനങ്ങൾ, റഡാർ, സെൻസറുകൾ, സൈബർ ഇലക്‌ട്രോണിക് സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് ഒരു ബഹുമുഖപ്രതിരോധസംവിധാനം വിജയകരമായി സ്ഥാപിക്കാൻസാധിക്കുമെന്ന് സേനയുടെ മൂന്നുവിഭാഗങ്ങളും തെളിയിച്ചു.
ഇന്ത്യ-പാക് സായുധസംഘർഷത്തിന്റെ പൊടിപടലങ്ങൾ അടങ്ങുമ്പോൾ വ്യക്തമായി തെളിഞ്ഞുനിൽക്കുന്ന ഒരു സത്യം, നമ്മുടെ സൈന്യത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു എന്നതാണ്. നമ്മുടെ രാഷ്ട്രീയനേതൃത്വത്തെക്കുറിച്ച് ഇത്തരത്തിലൊരു അവകാശവാദം ഉന്നയിക്കാനാവില്ലെങ്കിലും അവരുടെ അഭ്യാസപ്രകടനങ്ങൾ, അതിർത്തിക്കപ്പുറം നടക്കുന്ന നാടകീയതയോളം പരിഹാസ്യമല്ല.
വ്യോമസേനയുടെ കരുത്തും തന്ത്രങ്ങളിലെ നിലപാടുകളും
ആധുനിക യുദ്ധതന്ത്രത്തിന്റെ ആണിക്കല്ല് വ്യോമശക്തിയാണെന്ന വിദഗ്ധാഭിപ്രായം സാധാരണക്കാർക്കുപോലും മനസ്സിലായിട്ടുണ്ട്. ഒരു വ്യോമസേനയുടെ നീക്കങ്ങളിലെ ആദ്യപടി, ശത്രുവിന്റെ വ്യോമപ്രതിരോധം തകർക്കുക (എസ്ഇഎഡി) എന്നതാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. മേയ് ഏഴിന് പുലർച്ചെ, ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോൾ ഈ തത്ത്വം പാലിക്കപ്പെട്ടതായി തോന്നുന്നില്ല. ഇന്ത്യൻ വ്യോമസേനാ (ഐഎഎഫ്) വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് അവകാശപ്പെടുന്ന, വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള പ്രസ്താവനയോ അതിന്റെ സത്യാവസ്ഥയോ എന്തുതന്നെയായാലും, ഈ സമീപനം നമ്മുടെ പൈലറ്റുമാരുടെ ജീവന് ഭീഷണിയുണ്ടാക്കിയെന്നകാര്യത്തിൽ ഒരുസംശയവുമില്ല.
ഈ തത്ത്വമുപേക്ഷിക്കാൻ മറ്റുകേന്ദ്രങ്ങളിൽനിന്നുയർന്ന സമ്മർദത്തെ ഐഎഎഫ് തീർച്ചയായും ചെറുത്തിരിക്കണം. ഒരുപക്ഷേ, ഏപ്രിൽ 22-ന്റെ ഭീകരാക്രമണത്തിന് തിരിച്ചടിനൽകാൻ രണ്ടാഴ്ചത്തെ കാലതാമസമെടുത്തതിനുള്ള വിശദീകരണവും അതുതന്നെയാണ്. പാകിസ്താന്റെ വ്യോമപ്രതിരോധത്തെ തകർത്തിരുന്നെങ്കിൽ, നമ്മുടെ നീക്കങ്ങളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുമായിരുന്നുവെന്ന വാദം, ഓപ്പറേഷനുശേഷം പ്രചരിച്ചിരുന്നു. എന്താണ് രഹസ്യം? നമ്മുടെ അതിർത്തിപ്രദേശങ്ങളും വ്യോമാതിർത്തിയും സൂക്ഷ്മനിരീക്ഷണത്തിൽവെക്കാൻ പാകിസ്താൻ എല്ലാ മാർഗങ്ങളും (ചൈനയുടെ സഹായത്തോടെ) ഉപയോഗിക്കുന്നു. കുറഞ്ഞത് ഏപ്രിൽ 22 വൈകുന്നേരത്തോടെയെങ്കിലും അവർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടാകുമെന്ന് ഉറപ്പാണല്ലോ. തീർച്ചയായും മേയ് 6-7 അർധരാത്രിയോടെയായിരിക്കണം നമ്മുടെ സന്നാഹങ്ങൾ (മുൻനിര യുദ്ധവിമാനങ്ങൾ, മുൻകൂർ വ്യോമമുന്നറിയിപ്പുസംവിധാനങ്ങൾ, സ്‌ട്രൈക്കർ ജെറ്റുകൾ, അന്തരീക്ഷത്തിൽവെച്ച് ഇന്ധനം നിറയ്ക്കുന്ന എയർ ടു എയർ റീ ഫ്യൂവലിങ് വിമാനങ്ങൾ) അണിനിരന്നത്. തുടക്കത്തിൽത്തന്നെ ദീർഘദൂര മിസൈലുകളുപയോഗിച്ച്, കരയിലും ആകാശത്തും വിന്യസിച്ചിരിക്കുന്ന പാകിസ്താന്റെ റഡാർപോലുള്ള നിരീക്ഷണോപകരണങ്ങളെ തകർക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ രഹസ്യാത്മക ഒന്നുകൂടി വർധിക്കുമായിരുന്നു. ഏതുതരം നടപടിയാണ് നമ്മൾ സ്വീകരിക്കുകയെന്നതിനെക്കുറിച്ച് ഒരു പൊതുധാരണയിൽ പാകിസ്താനും എത്തിയിട്ടുണ്ടാവണം.
ബാലാകോട്ട് ബോംബിങ്ങിലും, 2016-ലെ ഉറി ആക്രമണത്തിന് മറുപടിയായി നടത്തിയ സർജിക്കൽ സ്‌ട്രൈക്കിലും ഭീകരക്യാമ്പുകളെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അതുകൊണ്ടുതന്നെ ഇത്തവണയും അത്തരം കേന്ദ്രങ്ങൾതന്നെയാണ് തകർക്കുകയെന്നത് എളുപ്പത്തിൽ ഊഹിക്കാൻകഴിയുമായിരുന്നു. ബാലാകോട്ട് പാകിസ്താനിൽത്തന്നെയാണ്, പാക്കധീനകശ്മീരിലല്ല. അതുകൊണ്ട്, വിശാലാർഥത്തിൽത്തന്നെ ഇന്ത്യൻ സൈനികനടപടിയുണ്ടാകുമെന്ന് ശത്രുക്കൾ ഊഹിച്ചിട്ടുണ്ടാകും. എങ്കിലും ഇത്ര ഉള്ളിൽക്കയറി പാക് പഞ്ചാബിന്റെ ഭാഗമായ ലഹോറിനടുത്തുള്ള ലഷ്‌കറെ തൊയ്ബയുടെ പ്രധാനകേന്ദ്രമായ മുറിദ്‌കെയും ജെയ്‌ഷെ മുഹമ്മദിന്റെ ബഹാവൽപുരിലെ കേന്ദ്രവും ആക്രമിക്കുമെന്ന് കരുതിക്കാണുമോ?
മുറിദ്‌കെയും ബഹാവൽപുരും ലക്ഷ്യമിടുകയെന്നത്, സംഘർഷത്തിന് ആക്കംകൂട്ടുന്നതാണ്. പക്ഷേ, ഏപ്രിൽ 22-ന്റെ ഭീകരകൃത്യം ഇന്ത്യൻ മനസ്സാക്ഷിയിൽ ഏൽപ്പിച്ച കടുത്തരോഷം അതിരില്ലാത്തതാണെന്ന് പാകിസ്താന് ബോധ്യപ്പെട്ടിട്ടുണ്ടാകണം. അല്ലാതെ, ഈ രണ്ട് പ്രധാനകേന്ദ്രങ്ങളിൽനിന്ന് താമസക്കാരെ അവർ ഒഴിപ്പിച്ചത് എന്തുകാരണത്താലാണ്?
സൈന്യത്തിന്റെ ശമ്പളക്കാർതന്നെ
നാം ‘ഭീകരത്താവളങ്ങൾ’ പോലുള്ള പദങ്ങൾ അനാവശ്യമായി ഉപയോഗിച്ചുകൊണ്ട് പള്ളികൾ, മദ്രസകൾ, ഷൂട്ടിങ് റെയ്‌ഞ്ചുകൾ, ചെറു ആയുധപ്പുരകൾ എന്നിവയൊക്കെയുള്ള ഈ ഇടത്തെ മറ്റെന്തോ ആക്കിത്തീർക്കുകയാണ്. ഒപ്പം അത്, ഭീകരസംഘടനകൾ പാകിസ്താന്റെ ഭരണസംവിധാനത്തിൽനിന്ന് വേറിട്ടുനിൽക്കുന്നതാണെന്ന് തെറ്റിദ്ധരിക്കാനുമിടയാക്കുന്നു. ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ മുതലായ സംഘടനകൾ പാക്‌സൈന്യത്തിന്റെ ഔട്സോഴ്‌സിങ് പങ്കാളികളല്ല, അവർ സൈന്യത്തിന്റെ ഭാഗംതന്നെയാണ്. പരിശീലനം നൽകുക, ആയുധമെത്തിക്കുക, ഉത്തരവിടുക, വേതനം നൽകുക തുടങ്ങിയവയെല്ലാം ചെയ്യുന്നത് സൈന്യമാണ്. അവർക്കുനേരേയുള്ള ആക്രമണം, ഒരു റെജിമെന്റ്കേന്ദ്രത്തിനുനേരേയുള്ള ആക്രമണത്തിന് തുല്യമാണ്. അതുകൊണ്ടുതന്നെ, ആവശ്യമായ സംരക്ഷണകവചം അവർക്ക് ലഭിച്ചിരിക്കും. ഈ സമുച്ചയങ്ങൾ താരതമ്യേന കുറഞ്ഞ സൈനികപ്രാധാന്യമുള്ള ലക്ഷ്യങ്ങളായിരുന്നു. എന്നിട്ടും, പാക് സൈനികകേന്ദ്രങ്ങളെ ആക്രമിക്കാതെ ആദ്യം ഇവ തിരഞ്ഞെടുത്തത് ഇന്ത്യൻമനസ്സുകളെ തൃപ്തിപ്പെടുത്തുന്നതിനും ഒപ്പം പാക്‌സൈന്യത്തിനെതിരേ നേരിട്ടുള്ള പ്രകോപനം ഒഴിവാക്കുന്നതിനും വേണ്ടിയാണ്. ഇത്തരമൊരു തീരുമാനം ഒരിക്കലും ഒരു സൈനികനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല, അതിനുമുകളിൽനിന്നുള്ളതായിരിക്കണം.
സായുധസേനയുടെ പ്രാവീണ്യം
തീരുമാനം കൈക്കൊള്ളേണ്ട നിർണായകസമയത്ത്, ഇപ്പോൾ വിപുലമായി ഘോഷിക്കപ്പെടുന്ന ധീരതയെക്കാൾ വിവേകത്തിന് പ്രാധാന്യംനൽകിയതായാണ് കാണുന്നത്. നിലവിലെ സാഹചര്യത്തിൽ, എയർഫോഴ്‌സ് പൈലറ്റുമാരുടെ ജീവൻ അപകടത്തിലാകുമായിരുന്ന ഗുരുതരപിഴവിന്റെ ഉത്തരവാദിത്വത്തിൽനിന്ന് രാഷ്ട്രീയനേതൃത്വം രക്ഷപ്പെട്ടിരിക്കുന്നു. സൈനികനടപടിക്ക് മുന്നോടിയായി പാകിസ്താന് ഇന്ത്യൻഭരണകൂടം മുന്നറിയിപ്പുനൽകിയെന്ന രാഹുൽഗാന്ധിയുടെ ആരോപണമാകട്ടെ യാഥാർഥ തെറ്റിൽനിന്ന് ശ്രദ്ധതിരിക്കുകയുംചെയ്തു.
ഒരു വലിയ ദുരന്തം സംഭവിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും അത് തടയാൻസാധിച്ചത്, പ്രധാനമായും നമ്മുടെ സായുധസേനയുടെ പ്രാവീണ്യത്തിന്റെയും അവർ അവരുടെ ഉത്തരവാദിത്വം ഭംഗിയായി നിർവഹിച്ചതിന്റെയും ഫലമായിട്ടാണ്. ഭീകരരെമാത്രം ലക്ഷമിട്ടുള്ളതാണ് ആക്രമണമെന്നും പാക് ജനതയെയോ സൈന്യത്തെയോ ഇന്ത്യ ലക്ഷ്യമിട്ടിട്ടില്ലെന്നുമുള്ള വ്യക്തമായ സന്ദേശം അറിയിക്കാനുള്ള മാധ്യമമായി വർത്തിക്കാൻ നമ്മുടെ സൈനികർക്ക് സാധിച്ചു.
രണ്ടാം ലോകയുദ്ധകാലത്ത് വന്ന വ്യോമവേധതോക്കുകൾമുതൽ 21-ാം നൂറ്റാണ്ടിലെ അത്യാധുനിക മിസൈലുകൾവരെ സംയോജിപ്പിച്ചുള്ള ഇന്ത്യൻ പ്രതിരോധസംവിധാനത്തിന്റെ പ്രകടനം കണ്ട്, സൈന്യത്തിൽനിന്ന് വിരമിച്ച പരിചയസമ്പന്നരായ പ്രതിരോധവിദഗ്ധർവരെ അദ്‌ഭുതപ്പെട്ടുപോയി.
പാളിപ്പോയ പാക് പ്രതിരോധം
ഉപഗ്രഹങ്ങൾ, നിരീക്ഷണവിമാനങ്ങൾ, റഡാർ, സെൻസറുകൾ, സൈബർ ഇലക്‌ട്രോണിക് സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ച് ഒരു ബഹുമുഖപ്രതിരോധസംവിധാനം വിജയകരമായി സ്ഥാപിക്കാൻസാധിക്കുമെന്ന് സേനയുടെ മൂന്നുവിഭാഗങ്ങളും തെളിയിച്ചു. പാകിസ്താൻ മേയ് 7-ന് വൈകീട്ടുമുതൽ ഇന്ത്യൻ സൈനികകേന്ദ്രങ്ങൾക്കും സിവിലിയന്മാർക്കുംനേരേ ആക്രമണം നടത്തിയതോടെ, തങ്ങൾക്ക് എന്തുചെയ്യാൻകഴിയുമെന്ന് കാണിച്ചുകൊടുക്കാൻ നമ്മുടെ സേനകൾക്ക് അവസരം ലഭിച്ചു. ചിട്ടയായും പ്രൊഫഷണൽ രീതിയിലും പ്രവർത്തിക്കാൻ സ്വാതന്ത്ര്യം ലഭിച്ചതോടെ, സേനകൾ ശത്രുക്കളുടെ റഡാറുകളും ഭൂതല വ്യോമ മിസൈൽസംവിധാനങ്ങളും ആക്രമിച്ച് മുന്നേറി.
മേയ് എട്ടുമുതൽ വടക്ക് സ്‌കർദുമുതൽ തെക്ക് മലിർവരെയും കിഴക്ക് റഹീംയാർഖാൻമുതൽ പടിഞ്ഞാറ് ജേക്കോബാബാദുവരെയുമുള്ള പാകിസ്താനിലെ 13 വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ആക്രമണം നടത്തി. പാകിസ്താന്റെ തന്ത്രപ്രധാന വ്യോമതാവളങ്ങളായ ചക് ലാല, സർഗോധ, ബൊലാരി എന്നിവ അതിൽപ്പെടുന്നു. ഇന്ത്യ നടത്തിയ വ്യോമാക്രമണങ്ങൾ പാകിസ്താന്റെ വ്യോമാക്രമണങ്ങളിൽനിന്നും അതുസംബന്ധിച്ച അവകാശവാദങ്ങളിൽനിന്നും വ്യത്യസ്തമാകുന്നത്, നമുക്ക് ആക്രമണങ്ങൾസ്സംബന്ധിച്ച ഫോട്ടോഗ്രാഫിക് തെളിവുകൾ പുറത്തുവിടാനായി എന്നതിനാലാണ്. അവർക്കത് സാധിച്ചില്ല.
ഇന്ത്യയിൽ തങ്ങൾക്ക് വിപുലമായ ചാരവ്യൂഹവും പിന്തുണക്കാരുമുണ്ടെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്, തങ്ങൾ തകർത്തതായിപ്പറയുന്ന ഇന്ത്യൻ വിമാനാവശിഷ്ടങ്ങളുടെ ഒരു ഫോട്ടോപോലും കാണിക്കാനായില്ല. ശത്രുപക്ഷത്ത് റൺവേകൾ, കൺട്രോൾ ടവറുകൾ തുടങ്ങിയവ എത്രയെണ്ണം തകർന്നു, അല്ലെങ്കിൽ നമ്മുടെഭാഗത്ത് എത്രയെണ്ണം സുരക്ഷിതം എന്നുമാത്രം നോക്കിയല്ല ആപേക്ഷികവിജയം അളക്കുന്നത്. മേയ് പത്തിന് ഉച്ചയോടെ, പാകിസ്താന്റെ ഭൂരിഭാഗം സൈനിക ആസ്തികളും നിരീക്ഷിക്കാനും ആക്രമിക്കാനും സാധിക്കുമെന്ന് ഇന്ത്യൻ വ്യോമസേന തെളിയിച്ചു. പാകിസ്താന് അതിന് കഴിഞ്ഞില്ല.
(പാകിസ്താനിലും അഫ്ഗാനിസ്താനിലും മാധ്യമപ്രവർത്തകനായിരുന്ന ലേഖകൻ മാതൃഭൂമി മുൻ പത്രാധിപരാണ്)
Content Highlights: Analysis of India`s military response to the Pahalgam attack
Published: 31 May 2025, 07:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented