വിയറ്റ്നാമുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നേട്ടമാണോ അതോ കോട്ടമാണോ? ഈ കരാറുകൾ ഇന്ത്യയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നതോടൊപ്പം ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്.

ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള നയതന്ത്ര സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2500 കോടി ഡോളറായി ഉയർത്താൻ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിയറ്റ്‌നാം പ്രസിഡന്റ് തോ ലാമും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനങ്ങൾ. പ്രതിരോധം, ഊർജം, ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇതിനൊപ്പം ഡിജിറ്റൽ മേഖലയിലും സഹകരണം വ്യാപിപ്പിക്കുന്നതുൾപ്പെടെ സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. കാർഷിക ഉൽപന്നങ്ങൾക്കും മരുന്നുകൾക്കും പുതിയ വിപണികൾ കണ്ടെത്തുന്നതിനൊപ്പം ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ സംയുക്തമായി നീങ്ങാനും ഇന്ത്യയും വിയറ്റ്നാമും തമ്മിൽ ധാരണയായി. സാമ്പത്തികരംഗത്തെ നേട്ടം ലക്ഷ്യമിട്ട് നിലവിലുള്ള ഇന്ത്യ-ആസിയാൻ വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വ്യാപാരവും സാമ്പത്തിക വളർച്ചയും മുൻനിർത്തിയുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലേക്കാണ് ഈ നയതന്ത്ര നീക്കങ്ങൾ വിരൽ ചൂണ്ടുന്നത്.
ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി ബന്ധവും വ്യാപാരവും
ചരിത്രപരമായിത്തന്നെ ഊഷ്മളമായ ബന്ധമാണ് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ളത്. 1972 ജനുവരി 7-നാണ് ഇരു രാജ്യങ്ങളും തമ്മിൽ പൂർണമായ നയതന്ത്രബന്ധം സ്ഥാപിച്ചത്. 2016-ൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിയറ്റ്നാം സന്ദർശനവേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിൽ നിന്നും സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നു. ഇതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ശക്തമാണ്. സമീപകാലത്ത് ഉഭയകക്ഷി വ്യാപാരത്തിൽ ഗണ്യമായ വർധനവാണുണ്ടായത്. കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ വൻ കുതിച്ചുചാട്ടമുണ്ടായി. 2000-ൽ 20 കോടി ഡോളറായിരുന്ന ഉഭയകക്ഷി വ്യാപാരം 2019-2020 സാമ്പത്തിക വർഷത്തിൽ 1230 കോടി ഡോളറായി ഉയർന്നു. 2025-26 സാമ്പത്തിക വർഷത്തിൽ വ്യാപാരം 1600 കോടി ഡോളർ കടന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികം വളർച്ചയാണ് വ്യാപാരത്തിലുണ്ടായത്.
2025-26 വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 611 കോടി ഡോളറിന്റേതാണ്. വിയറ്റ്‌നാമിൽ നിന്നുള്ള ഇറക്കുമതിയാകട്ടെ 1035 കോടി ഡോളറും. ഇത് വ്യാപാരക്കമ്മിക്ക് കാരണമാകുന്നുണ്ടെങ്കിലും മൊത്തം ഇടപാടുകളിൽ വലിയ വർധനവുണ്ട്. ഇന്ത്യയുടെ വ്യാപാര പങ്കാളികളിൽ 18-ാം സ്ഥാനത്താണ് വിയറ്റ്‌നാം. അതേസമയം, വിയറ്റ്‌നാമിന്റെ വ്യാപാര പങ്കാളികളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തും. എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, വാഹന ഭാഗങ്ങൾ, ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും വിയറ്റ്‌നാമിലേക്ക് കയറ്റി അയക്കുന്നത്. കൂടാതെ ചോളം, കാലിത്തീറ്റ, മാംസം, പരുത്തി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്കും ഔഷധങ്ങൾ, രാസവസ്തുക്കൾ, സമുദ്രോൽപ്പന്നങ്ങൾ എന്നിവയ്ക്കും വലിയ വിപണിയുണ്ട്. മറുഭാഗത്ത്, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, റബ്ബർ എന്നിവയാണ് വിയറ്റ്‌നാം ഇന്ത്യയിലേക്ക് പ്രധാനമായും നൽകുന്നത്. കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവയും വിയറ്റ്നാമിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു.
വലിയ ലക്ഷ്യത്തോടെ വ്യാപാര കരാർ!
ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2500 കോടി ഡോളറായി ഉയർത്തുകയെന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിന്റെ പ്രധാന ലക്ഷ്യം. നിലവിൽ ഇത് ഏകദേശം 1,600 കോടി ഡോളറാണ്. ഇതുമായി ബന്ധപ്പെട്ട് 13 ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. വിയറ്റ്നാം പ്രസിഡന്റ് തോ ലാമും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഒപ്പിട്ടത്. അപൂർവ ധാതുക്കൾ, പുതുതലമുറ സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഐ.ആർ.ഇ.എലും വിയറ്റ്നാമിലെ റേഡിയോ ആക്റ്റീവ് ആൻഡ് റെയർ എലിമെന്റ്സ് ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ സഹകരണത്തിന് ധാരണയായി. വിതരണ ശൃംഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കും. മറ്റൊരു പ്രധാന മേഖല ഡിജിറ്റൽ ഇടപാടുകളിലാണ്. ഡിജിറ്റൽ പേമെന്റുകളിലെ നവീകരണത്തിന് ആർ.ബി.ഐയും വിയറ്റ്നാം സ്റ്റേറ്റ് ബാങ്കും തമ്മിൽ ധാരണയായിട്ടുണ്ട്. ഇന്ത്യയുടെ യുപിഐ സംവിധാനവും വിയറ്റ്‌നാമിന്റെ പേയ്‌മെന്റ് ശൃംഖലയും തമ്മിൽ ബന്ധിപ്പിക്കാൻ ധാരണയായി.
നഗരങ്ങൾ തമ്മിലുള്ള സഹകരണത്തിനായി മുംബൈയിലെ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും വിയറ്റ്‌നാമിലെ ഹോ ചി മിൻ സിറ്റി പീപ്പിൾസ് കമ്മിറ്റിയും തമ്മിൽ ധാരണയിലായിട്ടുണ്ട്. വിയറ്റ്നാമിൽ ഇന്ത്യൻ ഔഷധങ്ങൾക്ക് കൂടുതൽ കമ്പോളം തുറക്കും. കാർഷിക, മത്സ്യബന്ധന മേഖലകളിലെ ഉൽപ്പന്നങ്ങളുടെ കയറ്റുമതി സുഗമമാക്കും. കാർഷികോൽപ്പന്നങ്ങളുടെയും മത്സ്യ വിഭവങ്ങളുടെയും കയറ്റുമതി വർധിപ്പിക്കും. ഇന്ത്യൻ മുന്തിരി, മാതളനാരങ്ങ എന്നിവ വിയറ്റ്‌നാമിലേക്കും, വിയറ്റ്‌നാമിൽ നിന്നുള്ള ഡൂറിയൻ, പോമെലോ എന്നീ പഴങ്ങൾ ഇന്ത്യയിലേക്കും എത്തുന്നതിനായി വിപണി അനുമതികൾ നൽകും. വിനോദസഞ്ചാരം, പ്രതിരോധം, ഉയർന്ന സാങ്കേതികവിദ്യയിലുള്ള നിർമ്മാണം, ഇലക്ട്രിക് വാഹനങ്ങൾ, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാനും ഇരുരാജ്യങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.
വിയറ്റ്നാമിലെ സർവകലാശാലാ തലത്തിൽ ഇന്ത്യാ പഠന ചെയർ സ്ഥാപിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ഡാ നാങ് യൂണിവേഴ്സിറ്റിയിലെ സയൻസ് ആൻഡ് എജുക്കേഷൻ സർവകലാശാലയും തമ്മിലും രാജ്ഗിറിലെ നളന്ദ സർവകലാശാലയും ഹാനോയിയിലെ ഹോ ചി മിൻ ദേശീയ രാഷ്ട്രീയ അക്കാദമിയും തമ്മിലും ധാരണയിലെത്തിയിട്ടുണ്ട്. ഈ വർഷാവസാനത്തോടെ ഇന്ത്യ-ആസിയാൻ ചരക്ക് വ്യാപാര കരാർ പുതുക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു. ഇത് പ്രാദേശിക വ്യാപാരത്തിനും നിക്ഷേപത്തിനും പുതിയ ഊർജം നൽകും. ഇരുരാജ്യങ്ങളും തമ്മിൽ വിമാനസർവീസുകൾ വർധിപ്പിക്കാനും ധാരണയായി. സാമ്പത്തിക, പ്രതിരോധ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം 'എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' (Enhanced Comprehensive Strategic Partnership) എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്.
കാത്തിരിക്കുന്നത് നേട്ടമോ വെല്ലുവിളിയോ?
വിയറ്റ്നാമുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നേട്ടമാണോ അതോ കോട്ടമാണോ? ഈ കരാറുകൾ ഇന്ത്യയ്ക്ക് നിരവധി ഗുണങ്ങൾ നൽകുന്നതോടൊപ്പം ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്. ആഗോള വ്യാപാരരംഗത്തെ അസ്ഥിരതകൾ കാരണം പല കമ്പനികളും തങ്ങളുടെ ഉത്പാദന-വിതരണ ശൃംഖലകൾ ചൈനയ്ക്ക് പുറത്തേക്ക് മാറ്റുകയാണ്. ചൈനയിലെ വർധിച്ച ഉൽപ്പാദനച്ചെലവും അമേരിക്ക-ചൈന വ്യാപാരയുദ്ധവും കാരണം അവിടെ നിന്നും മാറുന്ന ഇലക്ട്രോണിക്സ്, ടെലികോം നിർമ്മാണ കമ്പനികളുടെ പ്രധാന കേന്ദ്രമായി വിയറ്റ്‌നാം അതിവേഗം മാറിക്കഴിഞ്ഞു. ഇതിനൊപ്പം വിയറ്റ്‌നാമിന്റെ പല നടപടികളും നിക്ഷേപകർക്കിടയിൽ വലിയ ആത്മവിശ്വാസം വളർത്തി. പുതിയ ഉൽപ്പാദന കേന്ദ്രങ്ങൾ തുടങ്ങാനും വിതരണ ശൃംഖല വിപുലീകരിക്കാനും ആഗ്രഹിക്കുന്ന മുൻനിര കമ്പനികളുടെ ആദ്യ തിരഞ്ഞെടുപ്പായി വിയറ്റ്‌നാം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം ഇന്ത്യ-വിയറ്റ്‌നാം വ്യാപാര പങ്കാളിത്തത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നതാണ്.
വ്യാപാര വളർച്ചയാണ് പ്രധാന നേട്ടം. കാർഷിക-മത്സ്യ മേഖലകളിലെ കയറ്റുമതി, ഔഷധ വിപണി, ഡിജിറ്റൽ പേയ്‌മെന്റ് എന്നിവയിലും ഗുണകരമാണ്. നിർണായക ധാതുക്കൾ, അപൂർവ്വ മൂലകങ്ങൾ, ഊർജ സുരക്ഷ എന്നിവയിൽ സഹകരിക്കാൻ തീരുമാനിച്ചത് ഇന്ത്യയുടെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധ സംഭരണം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നത് ഇന്ത്യയുടെ തന്ത്രപരമായ കരുത്ത് വർധിപ്പിക്കും ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാൻ വിയറ്റ്നാമുമായുള്ള ശക്തമായ ബന്ധം ഇന്ത്യയെ സഹായിക്കും. സിങ്ക്, ഇരുമ്പ്, ഉരുക്ക്, കൃത്രിമ നാരുകൾ എന്നിവ ഇന്ത്യയിൽ നിന്ന് വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്യാനുള്ള മികച്ച അവസരങ്ങളും നിലവിലുണ്ട്. പരുത്തി, നെയ്ത്തു വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങൾക്കും വലിയ വികസന സാധ്യതകളാണുള്ളത്.
പക്ഷേ, ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി വലിയ തോതിൽ വർദ്ധിക്കുന്നത് പ്രധാന വെല്ലുവിളിയാണ്. 2013-ൽ 800 കോടി ഡോളറായിരുന്ന വ്യാപാരക്കമ്മി 2023-ൽ 4400 കോടി ഡോളറായി ഉയർന്നു. ഇറക്കുമതി കൂടുകയും അതേസമയം കയറ്റുമതി കുറയുകയും ചെയ്യുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാം. 2009-ൽ ഒപ്പിട്ട നിലവിലുള്ള ഇന്ത്യ-ആസിയാൻ ചരക്ക് വ്യാപാര കരാർ ആസിയാൻ രാജ്യങ്ങൾക്കാണ് കൂടുതൽ ഗുണകരമാകുന്നത്. ഇത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത്തരം വ്യാപാര കരാറുകൾ നിലവിലുണ്ടായിട്ടും ആസിയാൻ ഉൾപ്പെടെയുള്ള പങ്കാളി രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതും നമുക്ക് വലിയ വെല്ലുവിളിയാണ്. ചുരുക്കത്തിൽ തന്ത്രപരമായും സാങ്കേതികമായും വിയറ്റ്നാമുമായുള്ള സഹകരണം ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങൾ നൽകുന്നുണ്ടെങ്കിലും, കയറ്റുമതിയേക്കാൾ ഇറക്കുമതി കൂടുന്നത് ഇന്ത്യൻ വിപണിക്ക് വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Reference
Content Highlights: India and Vietnam have set a target to increase bilateral trade to $25 billion by 2030, signing 13 pivotal MoUs covering defense, rare earth minerals, and the integration of UPI with Vietnam’s payment network.
Published: 09 May 2026, 02:37 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented