
രവി നദിയിലെ ഷാപുര്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ നദിയില്‍നിന്ന് പാകിസ്താനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കിന് തടയിടാനൊരുങ്ങുകയാണ് ഇന്ത്യ. കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ആണ് രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളം ഒഴുകുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഫെബ്രുവരി 25 മുതല്‍ ഇത് ഭാഗികമായി നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് അവകാശപ്പെട്ട രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് വെള്ളമൊഴുകുന്നത് അവസാനിപ്പിക്കണമെന്ന പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായിരിക്കുന്നത്. എന്നാല്‍, ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടരുന്നത് ജലതീവ്രവാദമാണെന്ന് പാകിസ്താനിലെ സാമൂഹികസംഘടനകള്‍ പ്രതികരിച്ചു. എന്താണ് ഷാപുര്‍ അണക്കെട്ട് പദ്ധതി? എന്താണ് രവി നദിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം?
ഷാപൂര്‍ കാണ്ഡി ബാരേജ്-പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്
പഞ്ചാബിന്റെയും ജമ്മു കശ്മീരിന്റെയും അതിര്‍ത്തിയിലാണ് ഷാപുര്‍ അണക്കെട്ട്. 55.5 മീറ്റര്‍ ഉയരത്തിലുള്ള ഷാപുര്‍ അണക്കെട്ട് വിവിധ ഉദ്ദേശങ്ങളോട് കൂടിയുള്ള റിവര്‍ വാലി പ്രോജക്ടിന്റെ ഭാഗമാണ്. പതാന്‍കോട്ടിന് സമീപം രവി നദിക്ക് കുറുകെയാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നിലവിലുള്ള രഞ്ജിത് സാഗര്‍ അണക്കെട്ടിന് 11 കിലോ മീറ്റര്‍ താഴെയാണ് ഷാപുര്‍ ഡാം. രഞ്ജിത് സാഗര്‍ അണക്കെട്ട് പദ്ധതിയുടെ ഒരു ബാലന്‍സിങ് റിസര്‍വോയര്‍ ആയി ഇത് പ്രവര്‍ത്തിക്കും. 2008-ല്‍ ഈ പ്രോജക്ടിനെ ദേശീയ പദ്ധതിയായി കേന്ദ്രജലവകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം പദ്ധതിയുടെ 90% തുക കേന്ദ്രസര്‍ക്കാരാണ് വഹിക്കുക. 10% തുക പഞ്ചാബ് സര്‍ക്കാരാണ് കണ്ടെത്തേണ്ടത്. സര്‍ക്കാരിന് വേണ്ടി പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷനാണ് തുക വഹിച്ചത്.
ഷാപുര്‍ കാണ്ടി ബാരേജിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പുതന്നെ ആരംഭിച്ചിരുന്നു. 1979-ലാണ് അണക്കെട്ട് നിര്‍മിക്കുന്നത് സംബന്ധിച്ച് പഞ്ചാബും കശ്മീരും തമ്മില്‍ സമവായത്തിലെത്തിയത്. എന്നാല്‍, പദ്ധതി തുടരാന്‍ സാധിച്ചില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പദ്ധതിക്ക് നിരവധി വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. നദിയെ ചൊല്ലിയുള്ള സംസ്ഥാനങ്ങളുടെ തര്‍ക്കങ്ങളായിരുന്നു പ്രധാനം. 1995-ല്‍ അന്നത്തെ പ്രധാനമന്ത്രി പി.വി നരസിംഹ റാവു ആണ് രവി നദിയില്‍ സ്ഥാപിക്കുന്ന ഷാപുര്‍ കാണ്ഡി ബാരേജ് പദ്ധതിക്ക് തറക്കല്ലിട്ടത്.
പഞ്ചാബ് സര്‍ക്കാരും ജമ്മു കശ്മീര്‍ സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പദ്ധതി അഞ്ചുവര്‍ഷത്തോളം നീണ്ടുപോയി. 2001-ല്‍ വാജ്പേയിയുടെ ഭരണകാലത്ത് പദ്ധതിയെ ആക്സിലറേറ്റഡി ഇറിഗേഷന്‍ ബെനെഫിറ്റ്സ് സ്‌കീമില്‍ ഉള്‍പ്പെടുത്തി. 2009-ല്‍ പദ്ധതിയുടെ ചെലവവ് 2285.81 കോടി ആയി ഉയര്‍ത്തി. എന്നാല്‍ നിര്‍മാണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. 2008-ല്‍ ഷാപുര്‍ പദ്ധതിയെ ദേശീയപദ്ധതിയായി പ്രഖ്യാപിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിച്ചില്ല. പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നിര്‍മാണചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയായിരുന്നു. 2018-ല്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പദ്ധതിക്കായി 485 കോടിയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നിരുന്നാലും സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം അത് വീണ്ടും നിലച്ചു. 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ ഇരുസംസ്ഥാനങ്ങള്‍ക്കും ഇടയിലെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചതോടെയാണ് നിര്‍മാണം പുനഃരാരംഭിക്കാന്‍ സാധിച്ചത്.
ഷാപുര്‍ അണക്കെട്ട് അതീവപ്രധാന്യത്തോടെ പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു. ഷാപുര്‍ അണക്കെട്ട് പോലെ നിര്‍ണായകമായ ഒരു പദ്ധതി ഇത്രയും കാലം വൈകിയതിന് പിന്നിലെ രാഷ്ട്രീയ ചിന്തകള്‍ എന്താണെന്ന് ചരിത്രം ചോദിക്കുമെന്നായിരുന്നു പദ്ധതിക്ക് തറക്കല്ല് പാകിയതിന് പിന്നാലെ കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞത്. 2014-ല്‍ നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി എത്തിയില്ലായിരുന്നെങ്കില്‍ 70 വര്‍ഷത്തോളം പണി നിലച്ചുപോയ ഷാപുര്‍ അണക്കെട്ടിന്റെ നിര്‍മാണം പുനരാരംഭിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഔദ്യോഗിക പ്രഖ്യാപനം നടത്തിയെങ്കിലും തീരുമാനം പൂര്‍ണമായും പ്രായോഗികമാകാന്‍ ആറ് വര്‍ഷം വരെ വേണ്ടിവന്നേക്കുമെന്നാണ് വിവരം. വെള്ളമൊഴുക്ക് തടസ്സപ്പെടുത്തണമെങ്കില്‍ നിലവില്‍ ഉള്ളതിനേക്കാള്‍ 100 മീറ്റര്‍ അധിക ഉയരത്തില്‍ അണക്കെട്ട് ഉയര്‍ത്തേണ്ടതുണ്ട്. 1960-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം രവി, സത്‌ലജ്, ബിയാസ് നദികളിലെ ജലത്തിന്മേല്‍ ഇന്ത്യയ്ക്കും, സിന്ധു, ഝലം, ചെനാബ് നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. സത്ലജ്, ബിയാസ്, രവി നദികളില്‍ നിന്നുള്ള ജലം ഉപയോഗപ്പെടുത്താന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. ഷാപുര്‍ അണക്കെട്ടിന്റെ പൂര്‍ത്തീകരണത്തോടെ രവി നദിയിലെ വെള്ളം പരാമവധി ഉപയോഗപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. നദിയിലെ ഓരോ തുള്ളി വെള്ളം ഇന്ത്യയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞിരുന്നു.
ഗുണം ചെയ്യുക കശ്മീരിനും പഞ്ചാബിനും രാജസ്ഥാനും
വെള്ളമൊഴുക്ക് തടസ്സപ്പെടുന്നതോടെ ജമ്മു കശ്മീരിന് 1150 ക്യൂസെക്സ് വെള്ളം കൂടുതല്‍ ലഭിക്കും. പഴയ ലഖന്‍പൂര്‍ അണക്കെട്ടില്‍നിന്ന് പാകിസ്താനിലേക്ക് കൊടുത്തിരുന്ന വെള്ളമാണ് ജമ്മു കശ്മീരിന് ലഭിക്കുക. ഒപ്പം മൂന്ന് സംസ്ഥാനങ്ങളിലെ കൃഷിക്കുള്ള ജലസേചനത്തിനും ഷാപുര്‍ അണക്കെട്ടിന്റെ പ്രയോജനം ലഭിക്കും. പഞ്ചാബിലെ 5000 ഹെക്ടര്‍ കശ്മീരിലെ കത്വ, സാംബ ജില്ലകളിലെ 37,173 ഹെക്ടര്‍ കൃഷിപ്രദേശങ്ങള്‍ക്കാണ് പ്രധാന ഗുണം. ഒപ്പം രാജസ്ഥാനും പ്രയോജനം ലഭിക്കും. ലിഫ്റ്റ് ടെക്‌നോളജിയുടെ സഹായത്തോടെയായിരുന്നു പഞ്ചാബിലേയും രാജസ്ഥാനിലേയും ജമ്മു കശ്മീരിലേയും കൃഷിസ്ഥലങ്ങളില്‍ ജലസേചനം നടത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ കൂടുതല്‍ ലളിതവും ഫലപ്രദവുമായ ഗ്രാവിറ്റി ടെക്‌നിക് ഉപയോഗിച്ച് ജലസേചനം നടത്താനാവുമെന്ന് പഞ്ചാബ് ജലവകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ഷേര്‍ സിങ് പ്രതികരിച്ചു.
മധോപുരിലൂടെ പാകിസ്താനിലേക്ക് ഒഴുകുന്ന ഏകദേശം 20 ലക്ഷം അടി വെള്ളം ഇന്ത്യയ്ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഷാപുര്‍ അണക്കെട്ട് പൂര്‍ത്തിയാവുന്നതോടെ ജമ്മു കാശ്മീരിലും പഞ്ചാബിലും കാര്‍ഷിക, സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ജലസ്രോതസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് കഴിയും. ഇതുകൂടാതെ ഷാപുര്‍ അണക്കെട്ടില്‍ നിന്ന് 206 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. ഈ വൈദ്യുതിയുടെ 20 ശതമാനം ജമ്മുകശ്മീരിന് ലഭിക്കും.
ഷാപുരിന് പുറമേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാവുന്ന തരത്തില്‍ നിരവധി ജലസേചന പദ്ധതികള്‍ക്ക് ഇന്ത്യ രൂപം നല്‍കിയിട്ടുണ്ട്. സ്തലജ് നദിയിലെ ഭക്ര അണക്കെട്ട്, ബിയാസ് നദിയിലെ പോങ് ആന്റ് പാണ്ടോ അണക്കെട്ട് രവി നദിയിലെ രഞ്ജിത് സാഗര്‍ അണക്കെട്ട്, ഇന്ദിരാഗാന്ധി നഹര്‍ പദ്ധതി എന്നിവയിലൂടെ കിഴക്കന്‍ നദികളിലെ ജലത്തിന്റെ 95% വിഹിതവും ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.
ഷാപുര്‍ അണക്കെട്ട് പാകിസ്താന് തിരിച്ചടിയാണോ?
ഷാപുര്‍ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്‍പ് രവി നദിയില്‍നിന്ന് പാകിസ്താനിലേക്ക് പോകുന്ന വെള്ളത്തിന്റെ അളവ് കുറവാണ്. മഴക്കാലത്ത് മാത്രമാണ് രവി നദിയില്‍നിന്നുള്ള അധികജലം പാക് മേഖലയിലേക്ക് കൂടി ഒഴുകുന്നത്. എന്നാല്‍ ഷാപുര്‍ അണക്കെട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ആ അധികജലം കൂടി സംഭരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. രഞ്ജിത് സാഗര്‍ അണക്കെട്ടിലൂടെ രവി നദിയില്‍ നിന്നുള്ള വെള്ളം ആവശ്യം പോലെ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഈ ഡാമിന് താഴെ നിരവധി വൃഷ്ടിപ്രദേശങ്ങളുണ്ട് (രമരേവലാലി േമൃലമ)െ. ഇവിടെ നിന്നുള്ള വെളളം സംഭരിക്കാന്‍ ഷാപുര്‍ അണക്കെട്ടിലൂടെ സാധിക്കും. എത്രത്തോളം വെള്ളം കൃത്യമായി സംഭരിക്കാന്‍ പറ്റുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും പാകിസ്താനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ തോത് ഫലപ്രദമായി കുറയ്ക്കാന്‍ ഇതിലൂടെ കഴിയുമെന്ന് പഞ്ചാബ് ജലവകുപ്പിലെ ചീഫ് എഞ്ചിനീയര്‍ ഷേര്‍ സിങ് പ്രതികരിച്ചു.
എന്താണ് സിന്ധു നദീജല കരാര്‍
രവിയില്‍ നിന്നുള്ള വെള്ളം ഗതിമാറ്റുന്നത് യാതൊരു തരത്തിലും സിന്ധുനദീ കരാറിന്റെ ലംഘനമാവില്ലെന്നാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്. സിന്ധു നദിയെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1947-ലെ ഇന്ത്യ-പാക് വിഭജനം സിന്ധു നദീതടത്തേയും രണ്ടായി മുറിച്ചു. അടിസ്ഥാന ജലസേചന ആവശ്യങ്ങള്‍ക്കടക്കം സിന്ധു നദീതടത്തില്‍ നിന്നുള്ള വെള്ളമാണ് മേഖലയിലെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. അതിനാല്‍തന്നെ ജലം പങ്കുവെയ്ക്കുന്ന കാര്യത്തില്‍ ഒരു ധാരണ ആവശ്യമായിരുന്നു. 1948 മേയ് മാസത്തില്‍ നിലവില്‍ വന്ന ഇന്റര്‍-ഡൊമിനിയന്‍ ഉടമ്പടി പ്രകാരം പാകിസ്താന്‍ നല്‍കുന്ന വാര്‍ഷിക പണത്തിന് പകരമായി ഇന്ത്യ വെള്ളം നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ കരാറിന്റെ പൊതുവിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെ ആ കരാര്‍ പരാജയപ്പെട്ടു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ 1951-ല്‍ ഇരുരാജ്യങ്ങളും സിന്ധു നദിയിലും അതിന്റെ പോഷകനദികളിലുമുള്ള ജലസേചന പദ്ധതികള്‍ക്ക് ധനസഹായത്തിനായി ലോക ബാങ്കിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് സംഘര്‍ഷത്തിന് മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ലോകബാങ്ക് മുന്നോട്ട് വെച്ചു. ഒടുവില്‍ 1960-ല്‍ ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലെത്തി.
സിന്ധു നദിയിലേയും അതിന്റെ പോഷകനദികളിലും ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ച ഉടമ്പടിയാണ് പ്രസ്തുത സിന്ധു നദീജല കരാര്‍. ഏകദേശം ആറ് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇന്ത്യയും പാകിസ്താനും ലോകബാങ്കിന്റെ മധ്യസ്ഥതയില്‍ സിന്ധു നദീജല ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്. 1960 സെപ്റ്റംബര്‍ 19-ന് കറാച്ചിയില്‍വച്ച് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും അന്നത്തെ പാകിസ്താന്‍ പ്രസിഡന്റ് അയൂബ് ഖാനുമാണ് കരാറില്‍ ഒപ്പുവച്ചത്. ലോകബാങ്കിന് വേണ്ടി മുന്‍ വൈസ് പ്രസിഡന്റ് ഡബ്ല്യു.എ.ബി. ഇലിഫാണ് കരാറില്‍ ഒപ്പുവെച്ചത്. രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ ജലം പങ്കിടുന്നത് സംബന്ധിച്ച് ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ കരാറുകളിലൊന്നാണ് സിന്ധു നദീജല ഉടമ്പടി. സമാധാനപരമായി ജലം പങ്കിടുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കരാര്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നു.
ഉടമ്പടി പ്രകാരം ബിയാസ്, രവി, സത്‌ലജ് എന്നീ മൂന്ന് കിഴക്കന്‍ നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്ക് ലഭിച്ചു. സിന്ധു, ചെനാബ്, ഝലം എന്നീ പടിഞ്ഞാറന്‍ നദികളുടെ ജലത്തിന്റെ മേലുള്ള നിയന്ത്രണം പാകിസ്താനാണ്. ഇത് പ്രകാരം സിന്ധുനദീ വ്യവസ്ഥയുടെ മൊത്തം ജലത്തിന്റെ 20 ശതമാനം ഇന്ത്യയ്ക്കും 80 ശതമാനം പാകിസ്താനുമാണ്. കരാര്‍ പ്രകാരം പടിഞ്ഞാറന്‍ നദികളിലെ ജലം പരിമിതമായ ജലസേചന ഉപയോഗത്തിനും വൈദ്യുതി ഉത്പാദനം, ജലഗതാഗതം, മത്സ്യകൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പരിധിയില്ലാതെയും ഇന്ത്യയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ജലതീവ്രവാദമെന്ന് പാകിസ്താന്‍
വെള്ളമൊഴുക്ക് തടസ്സപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ കാലങ്ങളായി തുടരുന്ന ജലതീവ്രവാദത്തിന്റെ ഭാഗമാണെന്നാണ് പാകിസ്താന്‍ പ്രതികരിക്കുന്നത്. അതിന്റെ ഭാഗമാണ് ഷാപുര്‍ അണക്കെട്ട് പദ്ധതിയും. രവി നദിയില്‍ നിന്നുള്ള വെള്ളമൊഴുക്ക് ഗതിമാറ്റി കൃഷിക്കും ജലസേചനത്തിനുമായാണ് ഉപയോഗിക്കുന്നതെങ്കിലും പാകിസ്താനിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടാണ് ഇത്. സത്ലജിലും ബിയാസിലും രവിയിലും ഇന്ത്യ ഇതിനോടകം മൂന്ന് അണക്കെട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിനുപുറമേയാണ് പുതിയ അണക്കെട്ട്.
ഇന്ത്യയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിന്ധുനദീജല കരാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താനിലെ ലാഹോറില്‍ റാലി സംഘടിപ്പിക്കപ്പെട്ടതായാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത് ജലതീവ്രവാദമാണെന്ന ആരോപണം റാലിയില്‍ ഉയര്‍ന്നതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ടുഡേ ഡോട്ട് കോം എന്ന മാധ്യമവും സമാനമായ ആരോപണമാണ് ഉന്നയിച്ചത്. ജലതീവ്രവാദ അജണ്ടയാണ് ഇന്ത്യ പിന്തുടരുന്നത് എന്നായിരുന്നു ടെലിവിഷന്‍ ചാനലും റിപ്പോര്‍ട്ട് ചെയ്തത്.
സാമൂഹികസംഘടനകളുടെ നേതൃത്വത്തിലാണ് ലാഹോറില്‍ റാലി നടന്നത്. രവി ഉള്‍പ്പെടെയുള്ള നദികളിലെ ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തുടരാന്‍ അനുവദിക്കണമെന്നായിരുന്നു റാലിയിലുയര്‍ന്ന ആവശ്യം. നദിയുടെ സ്വാഭാവിക ഒഴുക്കിനെ പുനരുജ്ജീവിപ്പിക്കണം. വെളളമൊഴുക്ക് നിലച്ചതോടെ ലാഹോറിലേയും തീരപ്രദേശങ്ങളിലേയും വിഷലിപ്തമായ മാലിന്യങ്ങള്‍ ഉപേക്ഷിക്കപ്പെടുന്ന ഇടമായി നദി മാറി. മണ്‍സൂണിന്റെ ഏതാനും മാസങ്ങള്‍ ഒഴികെ ശേഷിക്കുന്ന മാസങ്ങള്‍ മുഴുവനും ശുദ്ധജലം ലഭിക്കാതെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ് രവി ഉള്‍പ്പെടെയുള്ള മൂന്ന് നദികള്‍. മനുഷ്യരുടേതെന്ന് പോലെ ആമകളും തവളകളും മത്സ്യങ്ങളുമുള്‍പ്പെടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇടപെടേണ്ടതുണ്ടെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.

കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യ
1960-ലാണ് ഇന്ത്യ പാകിസ്താനുമായി സിന്ധുനദീജല കരാറൊപ്പിട്ടത്. എന്നാല്‍ പിന്നീട് ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുയര്‍ന്നു. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ല എന്നായിരുന്നു ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കരാറില്‍ പുനഃപരിശോധന നടത്തിക്കൊണ്ട് ഇന്ത്യ ജല നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പാകിസ്താനിലെ പല പ്രദേശങ്ങളിലും വരള്‍ച്ചയുണ്ടായേക്കാം. അതിനാല്‍ കരാറില്‍ഒരു മാറ്റവും അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രതികരിച്ചു. കരാര്‍ ഒരു സ്ഥിര സംവിധാനത്തോട് കൂടിയുള്ളതാണ്, ഇതില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാനോ ഏതെങ്കിലും തരത്തിലുള്ള മാറ്റം വരുത്തുവാനോ ഇന്ത്യയ്ക്ക് സാധിക്കില്ല. കരാറില്‍ ഏക പക്ഷീയമായി മാറ്റം വരുത്തുന്നത് തടയുന്ന വ്യവസ്ഥകള്‍ കരാറില്‍ തന്നെയുണ്ടെന്നും പാകിസ്താന്‍ വൃത്തങ്ങള്‍ അന്ന് വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയുടെ നീക്കത്തിനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി.
കരാര്‍ പുനഃപരിശോധിച്ചില്ലെങ്കിലും ഇന്ത്യക്ക് അവകാശപ്പെട്ട ജലം പൂര്‍ണമായും ഉപയോഗിക്കാന്‍ സിന്ധു നദിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനാണ് പിന്നീട് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഷാപൂര്‍ കാണ്ഡി അണക്കെട്ട്, ജമ്മു കശ്മീരിലെ ഊജ്ജ് അണക്കെട്ട്, പഞ്ചാബിലെ സത്ലജ് - ബിയാസ് നദികള്‍ തമ്മിലുള്ള ബന്ധിപ്പിക്കല്‍ എന്നിവയായിരുന്നു അടിയന്തരമായി ആരംഭിച്ച പദ്ധതികള്‍. സിന്ധുവില്‍ നിന്ന് പാകിസ്താനിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാനായിരുന്നു സിന്ധു നദിയിലെ പുതിയ പദ്ധതികള്‍. പിന്നീട് ഇതില്‍ നടപടികള്‍ മുന്നോട്ടുപോയില്ല. എന്നാല്‍ കമ്മിഷണര്‍മാര്‍ തമ്മില്‍ പതിവായി സിന്ധു നദീജല വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന് 2016-ല്‍ ഇന്ത്യ തീരുമാനിച്ചിരുന്നു.
എന്നാല്‍ 2003-ല്‍ ഉടമ്പടി പുനഃപരിശോധിക്കുമെന്ന് ഇന്ത്യ വീണ്ടും പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ കിഷന്‍ഗംഗ (ഗശവെമിഴമിഴമ), രത്ലെ (ഞമഹേല) ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട പാകിസ്താന്റെ എതിര്‍പ്പും അതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് ഭേദഗതിയെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. പദ്ധതികള്‍ക്കെതിരേ ഹേഗ് ആസ്ഥാനമായുള്ള ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കാനുള്ള പാകിസ്താന്റെ 'ഏകപക്ഷീയമായ' തീരുമാനവും ഇന്ത്യയുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ പിന്നീട് തീരുമാനങ്ങളൊന്നുമുണ്ടായില്ല.
രവി-ബിയാസ് ജലത്തര്‍ക്കത്തില്‍ സംസ്ഥാനങ്ങളേറെ..
രവി നദിയിലെ ജലം പങ്കുവെയ്ക്കുന്നതിനെ ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മില്‍ മാത്രമല്ല ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ തമ്മിലും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. രവി, ബിയാസ് നദികളിലെ ജലം പങ്കുവെയ്ക്കുന്നതിനെ ചൊല്ലി പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ 1986-ല്‍ രവി ആന്റ് ബിയാസ് ജല ട്രൈബ്യൂണല്‍ രൂപീകരിച്ചിട്ടുണ്ട്. ജലവിതരണത്തിലെ വേര്‍തിരിവ്, ജലം പങ്കുവെക്കുന്നത് സംബന്ധിച്ച വിയോജിപ്പുകള്‍, ഡാമുകളുടെയും റിസര്‍വോയറുകളുടെയും നിര്‍മ്മാണം മൂലം ഒരു സംസ്ഥാനത്തിനു ലഭിക്കേണ്ട ജലത്തിലുണ്ടാകുന്ന കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലം ജലത്തിന്റെ ലഭ്യതയിലുണ്ടാകുന്ന മാറ്റം എന്നിവയൊക്കെയാണ് നദീജലത്തര്‍ക്കത്തിനു പിന്നിലെ പ്രധാന കാരണങ്ങള്‍.
രാജസ്ഥാനും പഞ്ചാബും തമ്മിലായിരുന്നു ഈ നദികളിലെ ജലം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കം. 1966-ല്‍ പഞ്ചാബും ഹരിയാനയും രണ്ട് പ്രത്യേക സംസ്ഥാനങ്ങളായി മാറിയപ്പോള്‍ മുതല്‍ ഈ നദികളിലെ ജലത്തെ ചൊല്ലിയുള്ള പ്രശ്നങ്ങള്‍ മൂന്ന് സംസ്ഥാനങ്ങള്‍ തമ്മിലായി. പഞ്ചാബ് സര്‍ക്കാര്‍ നടത്തിയ ഒരു പഠനത്തില്‍ സംസ്ഥാനത്തെ ഭൂഗര്‍ഭജലശ്രോതസ്സുകള്‍ അമിതമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ 2029-ഓടെ സംസ്ഥാനത്തെ പല പ്രദേശങ്ങളും വറ്റിവരണ്ടേക്കുമെന്ന് പഠനം പറയുന്നു. കേന്ദ്രത്തിന് പ്രതിവര്‍ഷം 70,000 കോടി രൂപയുടെ ഗോതമ്പും നെല്ലും നല്‍കുന്നതിനാല്‍ ജലസേചന ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ജലം വേണമെന്നും അതിനാല്‍ രവി ബിയാസ് നദികളില്‍ നിന്ന് സംസ്ഥാനങ്ങളുമായി ജലം പങ്കിടുന്നത് അസാധ്യമാണെന്നുമായിരുന്നു പഞ്ചാബിന്റെ വാദം. എന്നാല്‍ രണ്ട് നദികളിലെയും വെള്ളത്തിന് ഹരിയാണ അവകാശവാദമുന്നയിച്ചു. അതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്.
1981 പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ ഈ നദികളിലെ ജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഒരു കരാറില്‍ ഒപ്പുവച്ചതോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമായി. ഇതുപ്രകാരം 1.3:1 തരത്തില്‍ ജലം പങ്കുവെയ്ക്കാനാണ് തീരുമാനമായത്. എന്നാല്‍ 1985-ല്‍ തര്‍ക്കം വീണ്ടും രൂക്ഷമായി. തുടര്‍ന്നാണ് 1986-ല്‍ രവി ബിയാസ് വാട്ടര്‍ ട്രിബ്യൂണല്‍ രൂപീകരിച്ചത്. 1987-ല്‍ ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭൂമിശാസ്ത്രപരമായ വിസ്തീര്‍ണ്ണം, പ്രദേശത്തിന്റെ പ്രത്യേകതകള്‍, കൃഷിയോഗ്യമായ പ്രദേശം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ 1981-ലെ തീരുമാനം ട്രൈബ്യൂണലും അംഗീകരിക്കുകയായിരുന്നു. 2000-ല്‍ കരാര്‍ അവസാനിപ്പിക്കല്‍ പഞ്ചാബ് നിയമം നടപ്പാക്കി. കേസ് കോടതിയിലെത്തി. പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനം ഭരണഘടനവിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി ഉത്തരവിട്ടത്.
Content Highlights: India Stops Ravi River Water Flow to Pakistan; How J&K will Benefit
Published: 08 Mar 2024, 05:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented