മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തയായ പങ്കാളിയായിരിക്കുന്നതില്‍ ഭാരതം അഭിമാനിക്കുന്നു. ഇവിടത്തെ എന്തു പ്രശ്നത്തിലും ആദ്യം ഓടിയെത്തി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍, കാലാവസ്ഥ എങ്ങനെയായാലും നമ്മുടെ സൗഹൃദം എപ്പോഴും തെളിച്ചമുള്ളതായിരിക്കും- പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് കേട്ടുകൊണ്ട് അടുത്തിരിപ്പുണ്ടായിരുന്നു മാലദ്വീപ് പ്രസിഡണ്ട് മുഹമ്മദ് മുയിസു. വെള്ളിയാഴ്ച മാലദ്വീപിലെത്തിയ മോദി പിറ്റേന്ന് രാജ്യത്തിന്റെ അറുപതാം സ്വാതന്ത്ര്യദിനത്തിലെ മുഖ്യാതിഥിയായിരുന്നു. ദ്വീപിലെത്തിയ പ്രധാനമന്ത്രിക്ക്‌ മുയിസുവും മന്ത്രിമാരും ചേര്‍ന്ന് വിമാനത്താവളത്തില്‍ ഗംഭീര സ്വീകരണമാണ് നല്‍കിയത്. പാട്ടും നൃത്തവും ഗാര്‍ഡ് ഓഫ് ഓണറും സഹിതം. എവിടെയും ഇന്ത്യയുടെയും മാലദ്വീപിന്റെയും ദേശീയപതാകകള്‍. മോദിക്ക് ആര്‍പ്പുവിളികള്‍, വന്ദേമാതരം ആലാപനം.

To advertise here,

എത്ര പെട്ടെന്നാണ് ലോകം മാറുന്നത്! മാസങ്ങള്‍ക്ക് മുമ്പുവരെ, ഇന്ത്യന്‍ സ്വാധീനത്തില്‍ നിന്നും അകലുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ ദ്വീപ്‌സമൂഹം. നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ എത്തിയത് 'ഇന്ത്യ ഔട്ട്' എന്ന പ്രചാരണവുമായാണ്. അതെ, ഇന്ത്യയെ പുറത്താക്കുമെന്നായിരുന്നു വാഗ്ദാനം. 2023 നവംബറില്‍ ചുമതലയേറ്റ മുയിസു പറഞ്ഞതുപോലെ ചെയ്തു, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളായി. മാലദ്വീപിലെ രാഷ്ട്രീയക്കാര്‍ മോദിയെ പരിഹസിക്കുകയായിരുന്നു, ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ രാജ്യത്തെ ഒഴിവാക്കുകയായിരുന്നു. അവിടെയുള്ള ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് ദ്വീപ് ആവശ്യപ്പെട്ടു, ഇന്ത്യ വഴങ്ങി. മാലദ്വീപ് ചൈനയോട് കൂടുതല്‍ അടുത്തു.

പക്ഷേ, അവരുടെ സമീപനമാറ്റത്തില്‍ ഇന്ത്യ ആശങ്കപ്പെട്ടില്ല. അല്‍പ്പം വൈകിയാലും അവര്‍ക്ക് സുബോധം വരുമെന്ന ബോധ്യത്തോടെ കാത്തിരുന്നു. മാസങ്ങള്‍ നീണ്ട നയതന്ത്ര പരിശ്രമത്തിലൂടെ, നിര്‍ണായക അവസരങ്ങളിലെ സാമ്പത്തിക സഹായത്തിലൂടെ സവിശേഷമായ രീതിയില്‍ ബന്ധങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യക്കായി. ചൈനയുടെ കടക്കെണിയെക്കാള്‍ രാജ്യത്തിനു നല്ലത് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്ന പഴയ ചങ്ങാതി തന്നെയാണ് എന്ന് അവര്‍ തിരിച്ചറിഞ്ഞു. മുയിസു അധികാരമേറ്റ ശേഷം മാലദ്വീപ് സന്ദര്‍ശിക്കുന്ന ആദ്യത്തെ ലോകനേതാവാണ് മോദി.

മാറുന്ന ഭൗമരാഷ്ടീയവും 'ആദ്യം അയല്‍പക്ക' നയവും

ഒരേസമയം രണ്ടോ മൂന്നോ യുദ്ധങ്ങള്‍ നടക്കുന്ന കാലമാണ്. റഷ്യയും യുക്രൈനും തമ്മില്‍, ഇസ്രായേലും ഹമാസും തമ്മില്‍, തായ്ലാന്‍ഡും കംബോഡിയയും തമ്മില്‍. അതിനെക്കാള്‍ വലിയ വ്യാപാരയുദ്ധങ്ങള്‍ ലോകമെമ്പാടും നടക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുദ്ധവും അതിനെതിരായ നീക്കങ്ങളും വരും വര്‍ഷങ്ങളിലെ ലോകത്തെ രൂപപ്പെടുത്തും. വ്യാപാരയുദ്ധം സൈനികയുദ്ധത്തിന് വഴിമരുന്നിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആര് ആര്‍ക്കൊപ്പം എന്ന കാര്യത്തില്‍ വ്യക്തതക്കുറവുള്ള കാലത്ത് ഇന്ത്യയെപ്പോലെ വന്‍ശക്തിക്ക് അയല്‍പക്കത്തെ എതിര്‍പക്ഷത്തു നിര്‍ത്താനാവില്ല.

2014 ലാണ് ഇന്ത്യ 'ആദ്യം അയല്‍പക്കം' നയം കൊണ്ടുവരുന്നത്. ഇന്ത്യയുടെ സ്വന്തം പുരോഗതിക്കും സുരക്ഷയ്ക്കും തൊട്ടയല്‍പക്കത്തുള്ള രാജ്യങ്ങളുടെ സ്ഥിരതയും സമൃദ്ധിയും അനിവാര്യമാണ് എന്ന ബോധ്യത്തില്‍ നിന്നാണ് ഈ നയം രൂപീകരിച്ചത്. സമ്മാന്‍ (ആദരം), സംവാദ്, ശാന്തി, സമൃദ്ധി, സംസ്‌കൃതി എന്നിവയാണ് നയത്തിന്റെ അടിസ്ഥാനതത്വങ്ങള്‍. ഈ നയത്തിന്റെ ഫലപ്രാപ്തിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് മാലദ്വീപില്‍ കണ്ടത്. ദ്വീപിലെ സൈനികരെ പിന്‍വലിക്കണമെന്ന ആവശ്യത്തിന് ഇന്ത്യ വഴങ്ങി, പകരം സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇപ്പോള്‍ മോദി എത്തിയപ്പോള്‍ മാലദ്വീപിലെ പ്രതിരോധമന്ത്രാലയത്തിന്റെ പുതിയ കെട്ടിടത്തില്‍ (ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ചത്) മോദിയുടെ പടുകൂറ്റന്‍ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്നു !

മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം 4,850 കോടി രൂപയുടെ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി, നിശ്ചിതതുക വരെ കടമെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന വായ്പാസൗകര്യം) പ്രഖ്യാപിക്കുക മാത്രമല്ല, നിര്‍ണായകമായ നിരവധി അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ക്ക് തുടക്കമിടുകയുമായിരുന്നു. പ്രസിഡണ്ട് മുയിസു തന്നെ പറഞ്ഞു, ഇന്ത്യയാണ് രാജ്യത്തിന്റെ ഏറ്റവും വിശ്വസ്തനായ വികസന പങ്കാളി എന്ന്. അദ്ദേഹം പ്രസിഡന്റായ ശേഷം ചൈനയുമായി പ്രതിരോധകരാറുകളില്‍ ഒപ്പുവെക്കുകയും ബെല്‍റ്റ്-റോഡ് സംരംഭത്തില്‍ (ബിആര്‍ഐ) പങ്കുചേരുകയും തന്ത്രപരമായ സഹകരണത്തിനുള്ള പദ്ധതിയില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, ചൈനയുടെ ചാരക്കപ്പല്‍ മാലദ്വീപിലെത്തി. ഇതൊക്കെ മാലദ്വീപിനെ സംബന്ധിച്ച ഇന്ത്യയുടെ ഉത്കണ്ഠകളെ വര്‍ധിപ്പിച്ചിരുന്നു. പക്ഷേ, അത് അധികകാലം നീണ്ടില്ല.

2013-ലാണ് മാലദ്വീപ് ബിആര്‍ഐയില്‍ ചേര്‍ന്നത്. അതില്‍പിന്നെ വലിയ തോതില്‍ അവര്‍ ചൈനീസ് ബാങ്കുകളില്‍ നിന്ന് കടമെടുത്തു. 2025 എത്തിയപ്പോള്‍ അവരുടെ ബാഹ്യകടത്തിന്റെ 42 ശതമാനവും ചൈനയില്‍ നിന്നായി. മാലദ്വീപ് സൗഹൃദപാലം അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ ചൈനയുടെ ധനസഹായത്തോടെ ആരംഭിച്ചിരുന്നു. പക്ഷേ ഈ വായ്പകള്‍ക്ക് പലിശ നിരക്ക് വളരെ കൂടുതലായിരുന്നു- നാലു മുതല്‍ അഞ്ചു ശതമാനം വരെ. (അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും വായ്പകള്‍ അരശതമാനത്തില്‍ താഴെയാണ്). വൈകാതെ മാലദ്വീപ് വലിയ കടക്കണിയില്‍ വീണു. ഈ കുഞ്ഞുരാജ്യത്തിന്റെ കടം 1.4 ബില്യന്‍ ഡോളറാണ്- ഏതാണ്ട് പന്തീരായിരം കോടി രൂപ!

അതിനിടെ, ദ്വീപിന്റെ ഇന്ത്യാവിരുദ്ധ നടപടികളില്‍ പ്രകോപിതരായ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ഭൂരിഭാഗവും മാലദ്വീപിനെ അവഗണിക്കാന്‍ തുടങ്ങി. ലക്ഷദ്വീപില്‍ കടല്‍ത്തീരത്ത് കസേരയിട്ടിരുന്ന മോദിയുടെ ചിത്രം മാലദ്വീപിനുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. മാലദ്വീപിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് വിനോദസഞ്ചാരമാണ്, മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് 75 ശതമാനവും ഈ മേഖലയെ ആശ്രയിച്ചാണ്. ഇന്ത്യക്കാര്‍ പഴയ തോതില്‍ തിരിച്ചെത്തിയിട്ടില്ലെങ്കിലും സഞ്ചാരികളുടെ എണ്ണം പതുക്കെ കൂടുന്നുണ്ട്. ചൈനയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള വരവ് കാര്യമായി വര്‍ധിച്ചത് അവര്‍ക്ക് സഹായകമായി.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറ്റാന്‍ എക്കാലത്തേയും പോലെ ഒരാളേ ഉണ്ടായിരുന്നുള്ളൂ- ഇന്ത്യ. മാലദ്വീപിന് തിരിച്ചറിവു വന്നതോടെ കാര്യങ്ങള്‍ വേഗത്തിലായി. കടക്കെണിയില്‍ നിന്നും ആശ്വാസം കിട്ടാനുള്ള സഹായം നല്‍കി. വിവിധ അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ നടപ്പാക്കി. 2024 ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിച്ച പ്രസിഡണ്ട് മുയിസു ചില പ്രധാനകരാറുകളില്‍ ഒപ്പുവെച്ചു. ഈ വര്‍ഷമാദ്യം ഇന്ത്യയിലെത്തിയ മാലദ്വീപിന്റെ വിദേശമന്ത്രി ഡോക്ടര്‍ അബ്ദുല്ല ഖലീല്‍, ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് മാലദ്വീപിന് വളരാന്‍ ആവുകയില്ല എന്നു വ്യക്തമാക്കി.

എന്തുകൊണ്ട് മാലദ്വീപ്?

പലരും സംശയിക്കാറുണ്ട്, ഇന്ത്യ എന്തിനാണ് ഇത്രയും ചെറിയ രാജ്യത്തെ വഴിവിട്ട് സഹായിക്കുന്നതെന്ന്. കാരണം ഭൗമരാഷ്ട്രീയപരമാണ്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മധ്യത്തായി ചിതറിക്കിടക്കുന്ന 1,192 പവിഴദ്വീപുകള്‍. അവ സ്ഥിതി ചെയ്യുന്നത് ആഗോള സമുദ്രവ്യാപാരത്തിന്റെ 80 ശതമാനവും കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട സമുദ്രപാതകള്‍ക്കരികിലാണ്. കാലങ്ങളായി ഇന്ത്യയുടെ സ്വാഭാവിക സ്വാധീനമേഖലയായിരുന്ന ഇവിടെ ഭൗമതന്ത്രപരമായ സ്വാധീനമുറപ്പിക്കാനുള്ള കടുത്ത മത്സരമാണ് നടക്കുന്നത്. പ്രധാന എതിരാളികള്‍ ഇന്ത്യയും ചൈനയുമാണ്. അമേരിക്കയും രംഗത്തുണ്ട്.

ഇവിടെ സ്വാധീനമുള്ളവര്‍ക്ക് മേഖലയില്‍ മേല്‍ക്കൈ കിട്ടും. മാത്രമല്ല, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, തെക്കുകിഴക്കനേഷ്യ എന്നിവിടങ്ങളിലേക്കുള്ള വ്യാപാര, നാവികനീക്കങ്ങള്‍ നിരീക്ഷിക്കുന്നത് എളുപ്പമാവുകയും ചെയ്യും. അതുകൊണ്ടാണ് മേഖലയില്‍ ആധിപത്യത്തിനായി ഇന്ത്യയും ചൈനയും അമേരിക്കയും മത്സരിക്കുന്നത്. ഭൂമിശാസ്ത്രപരമായ മുന്‍തൂക്കം ഇന്ത്യയ്ക്കു തന്നെയാണ്. മോദിയും മുയിസുവും ചൂണ്ടിക്കാണിച്ചതു പോലെ, എന്തു പ്രശ്നമുണ്ടായാലും സഹായിക്കാന്‍ ആദ്യമെത്തുന്നത് ഇന്ത്യയാവും. അത് 1988-ല്‍ ദ്വീപിലുണ്ടായ അട്ടിമറി ശ്രമം തകര്‍ത്തപ്പോഴും കോവിഡ് കാലത്ത് വാക്സിന്‍ മൈത്രിയുടെ ഭാഗമായി സൗജന്യകുത്തിവെപ്പ് എത്തിച്ചപ്പോഴും കണ്ടു.  

ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപില്‍ നിന്നും 70 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെ, കൊച്ചിയില്‍ നിന്നും 700 കിലോമീറ്റര്‍ മാത്രം അകലെയുള്ള മാലദ്വീപിന് ഇന്ത്യയുമായി സഹസ്രാബ്ദങ്ങളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധങ്ങളുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ മധ്യപൂര്‍വേഷ്യയും കിഴക്കന്‍ അഫ്രിക്കയും തെക്കുകിഴക്കനേഷ്യയുമായി ബന്ധിപ്പിച്ച സമുദ്രവ്യാപാര ഇടത്താവളം. ദ്വീപിലെ ഭാഷയായ ദ്വിവേഹിയില്‍ നിരവധി സംസ്‌കൃത, ഭാരതീയ പദങ്ങളുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദ്വീപുകാര്‍ ഇസ്ലാമിലേക്കു പരിവര്‍ത്തനം ചെയ്യുംമുമ്പ് ബുദ്ധമതമായിരുന്നു അവിടെ. ക്രിസ്തുവിന് മുമ്പ് മൂന്നാംനൂറ്റാണ്ടില്‍, അശോക ചക്രവര്‍ത്തിയുടെ കാലത്ത് ബുദ്ധമത പ്രചാരകരെത്തി. ചോളരും പല്ലവരും അടക്കമുള്ള ദക്ഷിണേന്ത്യന്‍ സാമ്രാജ്യങ്ങള്‍ക്ക് ദ്വീപുമായി വാണിജ്യബന്ധങ്ങളുണ്ടായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കറന്‍സിയായി ഉപയോഗിച്ചിരുന്ന കവടി വിറ്റ് അവര്‍ അരിയും സുഗന്ധവ്യഞ്ജനങ്ങളും തുണിത്തരങ്ങളും വാങ്ങും. അവരുടെ വൈദ്യത്തിലും ഭക്ഷണത്തിലുമൊക്കെ ദക്ഷിണേന്ത്യന്‍ സ്വാധീനം കാണാം. 1965-ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മാലദ്വീപിനെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ.

മാലദ്വീപില്‍ വിദേശ സൈനിക, നാവിക സാന്നിധ്യമുണ്ടാവുന്നത് ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ തീരത്തിന് സുരക്ഷാഭീഷണി ഉയര്‍ത്തും. പ്രത്യേകിച്ചും, ഇന്ത്യയുടെ ദക്ഷിണനാവിക കമാന്‍ഡ്, ഐഎസ്ആര്‍ഒ എന്നിവയ്ക്ക്. ലക്ഷദ്വീപില്‍ തുടങ്ങി മാലദ്വീപ് വഴി ഷാഗോസ് ദ്വീപുകളും അതിനപ്പുറവും നീളുന്ന ദ്വീപുകളുടെ ശൃംഖല ഇന്ത്യയുടെ സമുദ്രസുരക്ഷാ കാഴ്ചപ്പാടില്‍ സുപ്രധാനമാണ്. ലക്ഷദ്വീപില്‍ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധാവശ്യത്തിനായി ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഏറ്റെടുക്കാന്‍ പോവുകയാണ് ഇന്ത്യ (അതിനെച്ചൊല്ലി പ്രതിഷേധവുമുണ്ട്).

എന്തായാലും, മാലദ്വീപിനെ ഒപ്പം നിറുത്തേണ്ടത് ഇന്ത്യയുടെ വിശാല സുരക്ഷാതാല്‍പ്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ദ്വീപിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യയോട് കൂടുതല്‍ അടുക്കുന്നത് അതിജീവനത്തിന് അത്യന്താപേക്ഷിതമാണ്. വരുമാനത്തിന് ടൂറിസത്തെ അമിതമായി ആശ്രയിക്കുന്ന, കാലാവസ്ഥാ, സാമ്പത്തിക പ്രതിസന്ധികള്‍ക്ക് സാധ്യതയുള്ള ഒറ്റപ്പെട്ട രാജ്യത്തിന് സുസ്ഥിരമായ, താങ്ങാവുന്ന ചെലവുള്ള പിന്തുണ വേണം. ഇന്ത്യ നല്‍കുന്നത് മാലദ്വീപിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാത്ത ഉദാരമായ സഹായമാണ്. ഇപ്പോഴത്തെ മാറ്റം കണ്ട് ഇന്ത്യ നഷ്ടസ്വാധീനം തിരിച്ചു പിടിച്ചെന്നോ, ചൈന വെറുതെ ഇരിക്കുമെന്നോ കരുതേണ്ട. മുയിസുവിന് വീണ്ടും നിറം മാറില്ലെന്നോ, ചൈനാ അനുകൂലിയായ മറ്റൊരു പ്രസിഡന്റ് മാലദ്വീപിന് ഉണ്ടാവില്ലെന്നോ പ്രവചിക്കാനാവില്ലല്ലോ. തിരുമ്പി വന്താന്‍ തമ്പി, പക്ഷേ...