പ്രധാനമന്ത്രി നരേന്ദ്രമോദി സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത ലക്ഷദ്വീപ് ഫോട്ടോകള്‍, പിന്നാലെ ലക്ഷദ്വീപ്-മാലദ്വീപ് താരതമ്യങ്ങള്‍, ഒടുവില്‍ മോദിക്കെതിരേ മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍, അതിനെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ സെലിബ്രിറ്റികള്‍- ഒടുവില്‍ കാര്യങ്ങൾ ഇന്ത്യ -മാലദ്വീപ് നയതന്ത്ര പ്രശ്‌നമായി പരിണമിച്ചു. എന്താണ് സത്യത്തില്‍ മാലദ്വീപിന് ഇന്ത്യയുമായുള്ള പ്രശ്‌നം? പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ എന്തിനാണ് മാലദ്വീപ് അസ്വസ്ഥമാകുന്നത്?
എക്‌സില്‍ തുടങ്ങിയ കലഹം
ജനുവരി നാലിനാണ് ലക്ഷദ്വീപ് സന്ദര്‍ശനത്തിനുപിന്നാലെ ദ്വീപിന്റെ മനോഹാരിത വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്നോർക്കലിങ്ങിന്റെയടക്കമുള്ള തന്റെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവച്ചത്. മാലദ്വീപിന് ഒരു ബദലാകാന്‍ ലക്ഷദ്വീപിന് സാധിക്കുമെന്നും മോദിയുടെ സന്ദര്‍ശനം ലക്ഷദ്വീപിന്റെ ജനകീയത വര്‍ധിപ്പിക്കുമെന്നുമുള്ള അഭിപ്രായവുമായി നിരവധി പേരെത്തി. എക്‌സിലെ ഈ അഭിപ്രായപ്രകടനങ്ങള്‍ക്കുള്ള മറുപടിയെന്നോണം മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ മോദിക്കും ഇന്ത്യയ്ക്കുമെതിരേ പരിഹാസവുമായെത്തി. മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, മഹ്സും മജീദ് എന്നീ മന്ത്രിമാരായിരുന്നു വിവാദ പരാമര്‍ശത്തിനു പിന്നില്‍.

മാലദ്വീപുകരുടെ പരിഹാസം ഇന്ത്യയിൽ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. അക്ഷയ് കുമാര്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളും സച്ചിന്‍ തെണ്ടുൽക്കറുമെല്ലാം പിന്നാലെ മാലദ്വീപ് യാത്രാ ബഹിഷ്‌കരണം ആഹ്വാനം ചെയ്തുകൊണ്ട് രംഗത്തെത്തി. മാലദ്വീപിന് പകരം ഇന്ത്യയുടെ സ്വന്തം ലക്ഷദ്വീപിലേക്ക് പോകാനായിരുന്നു ആഹ്വാനം. തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മാലദ്വീപ് ഹോട്ടല്‍ ബുക്കിങ്ങുകള്‍ക്ക് കൂട്ട ക്യാന്‍സലേഷനുകള്‍ വന്നു. പല ഇന്ത്യന്‍ ട്രാവല്‍ കമ്പനികളും വിമാന ബുക്കിങ്ങുകളും പിന്‍വലിച്ചു.
സംഗതി കൈവിട്ടതോടെ മൂന്ന് മന്ത്രിമാരെയും പുറത്താക്കി മാലദ്വീപ് സര്‍ക്കാര്‍ തലയൂരി. മാലദ്വീപിന്റെ സുരക്ഷയിലും അഭിവൃദ്ധിയിലും ഇന്ത്യ നിര്‍ണായകമാണെന്ന് വ്യക്തമാക്കിയ മുന്‍ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് സംഭവത്തെ അപലപിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ അഞ്ചുദിന ചൈനാ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. പിന്നാലെ അഭിപ്രായപ്രകടനം വിദ്വേഷപ്രചാരണത്തിനാകരുതെന്നും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ നിലപാടല്ലെന്നും മാലദ്വീപ് പ്രസ്താവനയിറക്കി. ടൂറിസം പ്രധാന വരുമാനമാര്‍ഗമായ മാലദ്വീപിന് ഇന്ത്യന്‍ സഞ്ചാരികളുടെ അനിഷ്ടം അത്ര തിരിച്ചടിയുണ്ടാക്കുമെന്ന തിരിച്ചറിവാണ് പിന്നീട് നടന്ന മാലദ്വീപിന്റെ പ്രശ്‌നപരിഹാര ശ്രമങ്ങളെന്ന് സാരം.

ഇന്ത്യയും മാലദ്വീപും തമ്മില്‍
ഇന്ത്യയുടെ തെക്കുഭാഗത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെറും 298 ചതുരശ്ര കിലോമീറ്റര്‍ മാത്രം കരഭാഗമുള്ള ഒരു ദ്വീപസമൂഹമാണ് മാലദ്വീപ്. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുനിന്നും 300 നോട്ടിക്കൽ മൈൽ അകലെയും ലക്ഷദ്വീപിലെ മിനികോയ് ദ്വീപുകളിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെയുമാണ് മാലദ്വീപ് സ്ഥിതിചെയ്യുന്നത്. പോര്‍ച്ചുഗീസ് കോളനിയായിരുന്ന മാലദ്വീപിന് സ്വാതന്ത്ര്യം ലഭിച്ചത് 1965ലാണ്. നിലവില്‍ പ്രസിഡന്റിനു കീഴില്‍ സ്വയംഭരണാവകാശമുള്ള പ്രദേശമായാണ് മാലദ്വീപ് സ്ഥിതിചെയ്യുന്നത്.
പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചാണ് ഇവരുടെ സമ്പദ്ഘടന നിലകൊള്ളുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാത്രം മാലദ്വീപിലെത്തിയ വിനോദസഞ്ചാരികളില്‍ 20 ശതമാനം പേര്‍ ഇന്ത്യയില്‍ നിന്നായിരുന്നുവെന്ന് മാലദ്വീപ് ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ മാത്രം ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തിയത് ഇന്ത്യയില്‍ നിന്നാണ്. 2023 ജനുവരി മുതല്‍ നവംബര്‍വരെ മാലദ്വീപിലെത്തിയ സഞ്ചാരികളുടെ 11 ശതമാനവും ഇന്ത്യക്കാരായിരുന്നു.

കേവലം വിനോദസഞ്ചാരം മാത്രമല്ല ഇന്ത്യയെയും മാലദ്വീപിനെയും ബന്ധിപ്പിക്കുന്നത്. മാലദ്വീപിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തിനും രാഷ്ട്രീയത്തിനുമെല്ലാം ഇതില്‍ സുപ്രധാന പങ്കുണ്ട്. 2013 മുതൽ 2018 വരെ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം) നേതാവ് അബ്ദുള്ള യമീൻ പ്രസിഡന്റായിരുന്ന കാലത്താണ് മാലദ്വീപിന്റെ ചൈന ബന്ധം ദൃഢമാകുന്നത്. യമീന്റെ ഭരണകാലത്ത് ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായി ചൈന മാലദ്വീപിനെ ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ, പിന്നീട് അധികാരത്തിലെത്തിയ ഇബ്രാഹിം സോലി (2018-23) സ്വീകരിച്ചത് ഇന്ത്യാ അനുകൂല നിലപാടായിരുന്നു. അബ്ദുള്ള യമീനിന്റെ പി.പി.എമ്മിൽ ഇപ്പോഴത്തെ പ്രസിഡന്റ് മുയ്സുവും അംഗമായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ പി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ കഴിയുമോ എന്ന സംശയത്തെ തുടർന്ന് അദ്ദേഹം പീപ്പിൾസ് നാഷണൽ കോൺഗ്രസിൽ (പി.എൻ.സി.) ചേർന്നു. പി.പി.എം.-പി.എൻ.സി. സഖ്യം തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് മുയ്സു മാലദ്വീപ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
മുയ്‌സുവിന്റെ ചൈനീസ് അനുകൂല നിലപാടാണ് ഏറ്റവും ഒടുവിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തിത്തുടങ്ങിയത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ത്തന്നെ 'ഇന്ത്യ ഔട്ട്' എന്നായിരുന്നു മുയ്‌സുവിന്റെ മുദ്രാവാക്യം. നിലവില്‍ മാലദ്വീപില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കുമെന്നും മുയ്‌സു പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ, ഹൈഡ്രോഗ്രാഫിയിലെ സഹകരണത്തിനായി ഇന്ത്യയുമായി ഒപ്പിട്ട ധാരണാപത്രം പുതുക്കേണ്ടെന്നും മാലദ്വീപ് ക്യാബിനറ്റ് തീരുമാനിച്ചു.
ചൈനയ്ക്ക് എന്തുകാര്യം?
അതേസമയം തങ്ങളുടെ സുപ്രധാനമായ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലുള്‍പ്പെട്ട മാലദ്വീപില്‍ സ്വാധീനം ചെലുത്താന്‍ ചൈനയും തീവ്രശ്രമം നടത്തുന്നുണ്ട്. 2024-ല്‍ ചൈനയിലേക്ക് സന്ദര്‍ശനത്തിനായി ക്ഷണിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്രമാണ് മാലദ്വീപ്. കൂടാതെ അധികാരമേറ്റതിനു പിന്നാലെ തുര്‍ക്കി, യു.എ.ഇ, ചൈന തുടങ്ങി മുയ്‌സു സന്ദര്‍ശിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ തൊട്ട് അയല്‍രാജ്യമായ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല എന്നത് മറ്റൊരു വസ്തുതയാണ്. കിഴക്കുപടിഞ്ഞാറന്‍ കപ്പല്‍പാതയ്ക്ക് സമീപമുള്ള മാലദ്വീപുമായുള്ള സുഗമമായ ബന്ധത്തിനാണ് ചൈന ലക്ഷ്യമിടുന്നത്.

എന്നാല്‍ ഭൂമിശാസ്ത്രപരമായി ചൈനയേക്കാള്‍ തൊട്ടടുത്തുള്ളതും മാലദ്വീപിന്റെ സാമ്പദ്ഘടനയില്‍ സുപ്രധാന പങ്കുവഹിക്കുകയും ചെയ്യുന്ന ഇന്ത്യയെ പിണക്കുക അവര്‍ക്ക് എളുപ്പമല്ല. ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള ഏത് തരം ബഹിഷ്‌കരണവും മാലദ്വീപിന് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ലക്ഷദ്വീപ് വിഷയത്തെചൊല്ലി ഇന്ത്യയിൽ നടക്കുന്ന പ്രചരണം മാലദ്വീപ് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് പ്രതിപക്ഷം ഇപ്പോൾ തന്നെ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.

ഇന്ത്യയുടെ സഹായഹസ്തം
1988-ൽ മാലദ്വീപ് പ്രസിഡന്റിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായപ്പോൾ ‘ഓപ്പറേഷൻ കാക്ടസ്’ ദൗത്യവുമായിച്ചെന്ന് ഇന്ത്യ അതു തടഞ്ഞു. 2004-ലെ സുനാമിയിലും ഇന്ത്യയുടെ മാലദ്വീപിന് നിരവധി സഹായങ്ങൾ നൽകിയിട്ടുണ്ട്. 2014 ല്‍ മാലദ്വീപിലെ Male Water and Sewerage Company ജനറേറ്റര്‍ കണ്‍ട്രോള്‍ പാനലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലദ്വീപ് നേരിട്ട ശുദ്ധജലക്ഷാമത്തിനടക്കം പരിഹാരം കാണാന്‍ ഇന്ത്യ മുന്നിലുണ്ടായിരുന്നു. 'ഓപ്പറേഷന്‍ നീര്‍' എന്നപേരില്‍ മാലദ്വീപില്‍ വെള്ളമെത്തിക്കുന്നതടക്കം നിരവധി പദ്ധതികള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കി. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം സ്വന്തമായി വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിൻ ഇന്ത്യ ആദ്യം നൽകിയ വിദേശരാജ്യവും മാലദ്വീപാണ്. രണ്ട് ഹെലികോപ്ടറുകളും ഒരു വിമാനവും 77 സൈനികരേയും ഇന്ത്യ മാലദ്വീപിന് നല്‍കിയിട്ടുണ്ട്. തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയ്ക്കും അവശ്യഘട്ടത്തിൽ രോഗികളെ ആശുപത്രിയിലേക്കു മാറ്റുന്നതിനുമായാണ് മാലദ്വീപ് ഇവ ഉപയോഗിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്നുപോന്ന നല്ല ബന്ധം പുതുക്കാനും മാലദ്വീപില്‍ അടിസ്ഥാനസൗകര്യവികസനമടക്കം നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രതിരോധ- സുരക്ഷാ മേഖലയിലും ഇന്ത്യ-മാലദ്വീപ് സഹകരണം മികച്ചരീതിയില്‍ മുന്നോട്ടുപോവുകയായിരുന്നു.
മാലദ്വീപിലെ സ്വാധീനം വര്‍ധിപ്പിക്കുക എന്നത് ചൈനയെപ്പോലെ ഇന്ത്യയും ലക്ഷ്യമിടുന്നതിനാല്‍ നിലവിലെ പ്രതിസന്ധിക്കുള്ള നയതന്ത്രപരമായ പരിഹാരം എങ്ങനെയെന്നാണ് ഇന്ത്യയും മാലദ്വീപും ഒരുപോലെ ആലോചിക്കേണ്ടത്.
Content Highlights: India- Maldives Row behind Social Media War Explained
Published: 13 Jan 2024, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented