മാലദ്വീപ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോളടിച്ചത് ലക്ഷദ്വീപിന്. വിവാദത്തെ തുടര്‍ന്ന് മാലദ്വീപ് ബഹിഷ്കരണ കാമ്പെയിന് ഇന്ത്യയില്‍ ശക്തമാവുകയാണ്. ഇതോടെ സാമൂഹിക മാധ്യമങ്ങളിലും ലക്ഷദ്വീപ് തരംഗമാവുകയാണ്. ബോളീവുഡ് സെലിബ്രിറ്റികള്‍ ഉള്‍പ്പടെ മാലദ്വീപിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്നതോടൊപ്പം ലക്ഷദ്വീപിനെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു. പോയവാരത്തെ ഗൂഗിള്‍ സെര്‍ച്ചില്‍ ഹോട്ട് കീവേഡും ലക്ഷദ്വീപ് തന്നെ. ഇന്ത്യന്‍ ട്രാവല്‍ ഏജന്‍സികള്‍ മാലദ്വീപ് പാക്കേജുകള്‍ റദ്ദാക്കി ലക്ഷദ്വീപ് പാക്കേജുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയാണ്.
ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഫോട്ടോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചാരികള ലക്ഷദ്വീപിലേക്ക് ക്ഷണിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നോര്‍ക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളും വ്യാപകമായിരുന്നു. ഇതിനു പിന്നാലെയാണ് മാലദ്വീപ് മന്ത്രിമാര്‍ സാമൂഹികമാധ്യമത്തിലൂടെ മോദിക്കെതിരെ പരാമര്‍ശം നടത്തിയത്. സംഗതി വിവാദമായതോടെ മറിയം ഷിനൂയ, മാല്‍ഷ ഷെരീഫ്, മഹ്സൂം മാജിദ് എന്നീ മന്ത്രിമാരെ മാലദ്വീപ് ഭരണകൂടം സസ്പെന്‍ഡ് ചെയ്തു. പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ബഹിഷ്കരണ കാമ്പെയിനുകള്‍ ആരംഭിച്ചത്. മാലദ്വീപിന് പകരം ഇന്ത്യക്കാര്‍ ലക്ഷദ്വീപിനെ ഉയര്‍ത്തിപ്പിടിക്കുകയും അവിടേക്ക് യാത്രകള്‍ നടത്തണമെന്നുമാണ് ഈ കാമ്പെയിന്. മാലദ്വീപിനെ തോല്‍പ്പിക്കുന്ന പ്രകൃതിഭംഗിയും ടൂറിസം സാധ്യതകളും ലക്ഷദ്വീപിനുണ്ടെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്.
മാലദ്വീപിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ബോളിവുഡ് സെലിബ്രിറ്റികള്‍ തന്നെയാണ് ഈ കാമ്പെയ്നെ നയിക്കുന്നത് എന്നതാണ് ശ്രദ്ധേയം. നടന്മാരായ അമിതാഭ് ബച്ചന്, അക്ഷയ് കുമാര്‍, സല്മാന് ഖാന്, വരുണ്‍ ധവാന്, ശ്രദ്ധ കപൂര്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന്, വെങ്കടേഷ് പ്രസാദ് തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനു പകരം ഇന്ത്യന്‍ ദ്വീപുകള്‍ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവര്‍ ആഹ്വാനം ചെയ്തത്. ഇതിന് പിന്തുണയുമായി ഇന്ത്യയിലെ ട്രാവല്‍ ഇന്ഡസ്ട്രിയിലെ ഒരു വിഭാഗവും രംഗത്തെത്തി. ചില കമ്പനികള്‍ മാലദ്വീപ് പാക്കേജകള്‍ റദ്ദാക്കി. അവര്‍ക്ക് ഓഹരി വിപണിയില്‍ ഉള്‍പ്പടെ വന്‍ പിന്തുണ ലഭിച്ചു.
ലക്ഷ്യദ്വീപില്‍ വലിയ ലക്ഷ്യങ്ങളുമായി സര്‍ക്കാര്‍
അതോടൊപ്പം ലക്ഷദ്വീപിനെ ഒരു അന്താരാഷ്ട്ര ടൂറിസം ഡസ്റ്റിനേഷനായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും അണിയറയില്‍ സജീവമാണ്. ലക്ഷദ്വീപില്‍ മികച്ച സൗകര്യമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഒരു എയര്‍പോര്‍ട്ട് നിര്‍മ്മാണം പരിഗണനയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പ്രധാനമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. സൈനിക-വാണിജ്യ വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും മിനിക്കോയില്‍ നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ദ്വീപുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ മാലദ്വീപ് മാതൃകയില്‍ സീ പ്ലെയിന്‍ സര്‍വീസിന് സ്പൈസ് ജെറ്റിന് അനുമതി ലഭിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു. താജ് ഉള്‍പ്പടെയുള്ള ഹോട്ടല്‍ ചെയിന്‍ ഭീമന്മാര് അന്താരാഷ്ട്ര നിലവാരത്തിലുള്ള സീ റിസോര്‍ട്ടുകള്‍ തുടങ്ങാനും പദ്ധതിയിട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ആത്യാഢംബര റിസോര്‍ട്ടുകളാണ് മാലദ്വീപിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തന്നെ നേരത്തെ പ്രഖ്യാപിച്ച വന്‍കിട വിനോദസഞ്ചാര പദ്ധതികളും നടപ്പിലാവാനുണ്ട്.
ലക്ഷം തവണ കണ്ടാലും തീരാത്ത വിസ്മയം
പേരുപോലെ തന്നെയാണ് ലക്ഷദ്വീപ്. ലക്ഷക്കണക്കിന് തവണ കണ്ടാലും തീരാത്ത വിസ്മയം. കരയും കടലും ഒത്തുചേര്‍ന്ന് മനസ്സിനെ മയക്കുമിടം. പവിഴപ്പുറ്റകളുടെ വര്‍ണക്കാഴ്ച തേടി ആയിരകണക്കിന് സഞ്ചാരികളാണ് ലക്ഷദ്വീപിലെത്തിയത്. പവിഴപ്പുറ്റുകള്‍ കാണുകയാണ് സഞ്ചാരികളുടെ മുന്തിയ പരിഗണന. കടലിലേക്ക് സ്കൂബാ ഡൈവിങ് നടത്തിയും കടല്പ്പരപ്പില് നീന്തുന്ന സ്നോര്ക്കലിങ്ങിലൂടെ പ്രത്യേക കണ്ണാടി ധരിച്ചും പവിഴപ്പുറ്റുകളുടെ വര്‍ണലോകം കാണാം. പവിഴപ്പുറ്റുകളുടെ ഇടയിലൂടെ വര്‍ണങ്ങളുടെ ഘോഷയാത്ര തീര്‍ത്ത് ഇതേവരെ കാണാത്ത മീനുകളും ചെറുജീവികളും നീന്തിത്തുടിക്കും. ഓരോ ദ്വീപുകളുടെയും സുന്ദരതീരങ്ങള് വ്യത്യസ്തമാണ്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞടങ്ങിയ തരികളാണ് ലക്ഷദ്വീപിനെ കരയാക്കി മാറ്റിയതെന്ന് കരുതുന്നു.
കടലു കണ്ട് കപ്പല്‍ കേറി യാത്ര
അഗത്തിയും കവരത്തിയും ആധുനിക സൗകര്യങ്ങളുള്ളവയാണ്. മറ്റുദ്വീപുകള്‍ അടിസ്ഥാനസൗകര്യങ്ങളില്‍ പിന്നിലാണ്. അനുമതി ലഭിച്ച ദ്വീപുകളില്‍ മാത്രമേ പ്രവേശനമുള്ളൂ. കപ്പലാണ് പ്രധാന യാത്രാമാര്‍ഗം. അഗത്തി ദ്വീപിലേക്ക് വിമാനം പോകുന്നുണ്ടെങ്കിലും ദുര്‍ലഭമാണ്. മേയ് പകുതിയോടെ ലക്ഷദ്വീപിലേക്കുള്ള വിനോദ സഞ്ചാരം കടല്‍ക്ഷോഭം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കും. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്ക് പോകുന്നതുപോലെ അത്ര എളുപ്പമല്ല ലക്ഷദ്വീപ് യാത്ര. പെര്‍മിറ്റ് വാങ്ങുക എന്ന കടമ്പയാണ് യാത്രികരെ ലക്ഷദ്വീപ് യാത്രയില്‍ നിന്നകറ്റുന്നത്. ദ്വീപിലേക്ക് സഞ്ചാരികളെ എത്തിക്കുന്ന ഏജന്‍സികളുടെയോ ദ്വീപുവാസികളുടെയോ സഹകരണത്തോടെ അപേക്ഷിച്ചാല്‍ മാത്രമേ അനുമതി ലഭിക്കൂ. കടല്‍മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും നമുക്ക് ലക്ഷദ്വീപിലെത്താം. പക്ഷെ, കടലു കണ്ട് കപ്പല്‍ കേറി പോവുന്ന സുഖം ഒന്നുവേറെ തന്നെയാണ്.
ഫിലിപ്പൈന്‍സിലെ സെബു ബീച്ചാണ് ഏറ്റവും സുന്ദരമായ തീരമായി അറിയപ്പെടുന്നത്. എന്നാല്‍ ലക്ഷദ്വീപിലെ തീരവും തീരക്കടലുമായി തട്ടിച്ചു നോക്കുമ്പോള്‍ സെബുവിലെ കാഴ്ചകള്‍ക്ക് നിറംമങ്ങും. വ്യവഹാരരഹിതമായ ഒരു ഭൂമിക കൂടിയാണ് ലക്ഷദ്വീപ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായേ ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കാറുള്ളു. അവ യില്‍ത്തന്നെ പങ്കാളിയാവുന്ന തദ്ദേശിയര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഒരു തടവുകാന്പോലും ഇല്ലാതെ പൂട്ടിക്കിടക്കുന്ന ജയില്‍ മറ്റെവിടെയാണ് കാണാന്‍ കഴിയുക? ലക്ഷദ്വീപിലെ ജനങ്ങളുടെ ഈ നന്മ പൂര്‍ണവിശ്വാസത്തിലെടുത്ത് അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച് സമഗ്രവും സുരക്ഷിതവുമായ ഒരു ടൂറിസം നയം രൂപപ്പെടുത്തിയാല്‍ ലോകത്തിലെ തന്നെ മികച്ച കടല്ത്തീരവിശ്രമകേന്ദ്രമായി ലക്ഷദ്വീപ് മാറും.
Content Highlights: Maldives controversy Lakshadweep Tourism Surge
Published: 09 Jan 2024, 06:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented