ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുക എന്നതാണ് കരാറിന്റെ ലക്ഷ്യം. വിവിധ ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ഇന്ത്യ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ഒരു സുപ്രധാന നീക്കമാണിത്.

ആദ്യം യൂറോപ്യൻ യൂണിയൻ, പിന്നീട് അമേരിക്ക; ഇപ്പോഴിതാ ഗൾഫ് സഹകരണ കൗൺസിലുമായി(ജിസിസി) ഇന്ത്യ സ്വതന്ത്രവ്യാപാര കരാറിലേക്ക്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നീ ആറ് അറബ് രാജ്യങ്ങൾ ഉൾപ്പെടുന്ന ജിസിസിയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യ പുനരാരംഭിച്ചു. കരാറിന്റെ പരിഗണനാവിഷയങ്ങളിൽ (ടേംസ് ഓഫ് റഫറൻസ്) ഇന്ത്യ ഒപ്പുവെച്ചതായി കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് പ്രഖ്യാപിച്ചത്. ഇരുവിഭാഗവും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനം. വിവിധ ലോകരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ഇന്ത്യ ശക്തമാക്കുന്ന പശ്ചാത്തലത്തിൽ ഒരു സുപ്രധാന നീക്കമാണിത്.
ചില ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഇതിനകംതന്നെ വ്യാപാര കരാറുകളുണ്ട്. നേരത്തെ, 2022-ൽ തന്നെ ഇന്ത്യ യുഎഇയുമായി സ്വതന്ത്ര വ്യാപാര കരാറിലെത്തിയിരുന്നു. ഒമാനുമായി 2025 ഡിസംബറിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും (സിഇപിഎ) ഒപ്പുവെച്ചു. ഇതിന് പിന്നാലെയാണ് ഗൾഫ് സഹകരണ കൗൺസിലിലെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരം സുഗമമാക്കാൻ പുതിയ കരാറിലേക്ക് ഇന്ത്യ എത്തുന്നത്.
ഇന്ത്യ- ജിസിസി ബന്ധവും വ്യാപാരവും
ഒരു രാജ്യാന്തര കൂട്ടായ്മ എന്ന നിലയിൽ ഇന്ത്യയെ സംബന്ധിച്ച് നിർണായക പ്രാധാന്യമുള്ളതാണ് സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി). കൂടാതെ ഇന്ത്യയുടെ വിശാല അയൽപക്കനയത്തിൽ നിർണായക സ്ഥാനം വഹിക്കുകയും ചെയ്യുന്നു. ഈ മേഖലയിലെ ഗണ്യമായ എണ്ണ, വാതകശേഖരം ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് വലിയ പ്രാധാന്യമുള്ളതാണ്. മാത്രമല്ല, ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഈ രാജ്യങ്ങളിലാണ്. വ്യാപാരം, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലെ സഹകരണ സംരംഭങ്ങളിലൂടെ, പരസ്പരമുള്ള സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുക മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുകയും ചെയ്യുന്നു.
ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധവും ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ, ഇന്ത്യ-ജിസിസി ഉഭയകക്ഷി വ്യാപാരം 178.56 ബില്യൺ യു.എസ്. ഡോളറിലെത്തി. 56.87 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നപ്പോൾ, ഇറക്കുമതി 121.68 ബില്യൺ ഡോളറിന്റേതായിരുന്നു. ഇത് ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനം വരും. ജിസിസി രാജ്യങ്ങളിൽ തന്നെ യുഎഇയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളി. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായിരുന്നു യുഎഇ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 100 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്. ഇന്ത്യയുടെ കയറ്റുമതി 36.63 ബില്യൺ ഡോളറിന്റേതായിരുന്നു. അതേസമയം, ഇറക്കുമതി 63.40 ബില്യൺ ഡോളറിന്റേതും.
യുഎഇ കഴിഞ്ഞാൽ ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുടെ വലിയ വ്യാപാരപങ്കാളിയാണ് സൗദി അറേബ്യ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാരപങ്കാളിയായിരുന്നു സൗദി. സൗദിയിലേക്കുള്ള കയറ്റുമതി 11.75 ബില്യൺ ഡോളറിന്റേതും ഇറക്കുമതി 30.12 ബില്യൺ ഡോളറിന്റേതുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 22-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഖത്തർ. ഇക്കാലയളവിൽ 1.68 ബില്യൺ ഡോളറിന്റെ ഇറക്കുമതി നടന്നപ്പോൾ 12.46 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നു. ഒമാന്റെ കാര്യത്തിൽ കയറ്റുമതി 4 ബില്യൺ ഡോളറിന്റേതായിരുന്നു. അതേസമയം, ഇറക്കുമതി 6.54 ബില്യൺ ഡോളറിന്റേതും. കുവൈത്തിലേക്കുള്ള കയറ്റുമതി 1.93 ബില്യൺ ഡോളറിന്റെയും ഇറക്കുമതി 8.28 ബില്യൺ ഡോളറിന്റേതുമായിരുന്നു. അതുപോലെ 1.64 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ബഹ്‌റൈനുമായി ഇക്കാലയളവിൽ നടന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും അസംസ്കൃത എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത്. മുത്തുകൾ, വിലയേറിയ കല്ലുകൾ, ലോഹങ്ങൾ, സ്വർണം പൂശിയ ആഭരണങ്ങൾ, ഇലക്ട്രിക്കൽ യന്ത്രസാമഗ്രികൾ, ഇരുമ്പ്, ഉരുക്ക്, രാസവസ്തുക്കൾ എന്നിവയാണ് പ്രധാന കയറ്റുമതി. 2023-24 സാമ്പത്തിക വർഷത്തിൽ 56.32 ബില്യൺ ഡോളറായിരുന്ന ജിസിസിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2024-25-ൽ ഏകദേശം ഒരു ശതമാനം വർധിച്ച് 57 ബില്യൺ ഡോളറിലെത്തി. 2023-24 വർഷത്തിൽ 105.5 ബില്യൺ ഡോളറായിരുന്ന ഇറക്കുമതി 2024-25-ൽ 15.33 ശതമാനം വർധിച്ച് 121.7 ബില്യൺ ഡോളറായി. 2023-24-ലെ 161.82 ബില്യൺ ഡോളറിൽ നിന്ന് 2024-25-ൽ ഉഭയകക്ഷി വ്യാപാരം 178.7 ബില്യൺ ഡോളറായി വർദ്ധിച്ചു.
| Country | 2022-23 | 2023-24 | 2024-25 | ||||||
| Import | Export | Total | Import | Export | Total | Import | Export | Total | |
| Saudi Arabia | 42.035 | 10.728 | 52.763 | 31.4 | 11.56 | 42.9 | 30.121 | 11.756 | 41.877 |
| UAE | 53.232 | 31.609 | 84.840 | 48.0 | 35.6 | 83.6 | 63.422 | 36.636 | 100.058 |
| Oman | 7.911 | 4.477 | 12.388 | 4.5 | 4.4 | 8.9 | 6.548 | 4.065 | 10.613 |
| Kuwait | 12.247 | 1.560 | 13.808 | 8.3 | 3.1 | 10.4 | 8.285 | 1.934 | 10.219 |
| Qatar | 16.808 | 1.967 | 18.775 | 12.3 | 1.7 | 14.0 | 12.463 | 1.682 | 14.145 |
| Bahrain | 1.015 | 0.965 | 1.980 | 0.83 | 0.9 | 1.7 | 0.845 | 0.797 | 1.642 |
| Total | 133.24 | 51.30 | 184.55 | 105.3 | 56.3 | 161.59 | 121.68 | 56.87 | 178.56 |
രണ്ട് പതിറ്റാണ്ട് നീണ്ട ചർച്ചകൾ
ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി ഒരു സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഏതാണ്ട് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. 2000-കളുടെ തുടക്കം മുതൽ ചർച്ചകൾ ആരംഭിച്ചിരുന്നു. 2004-ൽ കരാർ സംബന്ധിച്ച രൂപരേഖയിൽ ഒപ്പുവച്ചതോടെയാണ് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. ആവർഷം ഓഗസ്റ്റിൽ ന്യൂഡൽഹിയിൽ വെച്ചാണ് സാമ്പത്തിക സഹകരണത്തെക്കുറിച്ചുള്ള പ്രാരംഭ കരാറിൽ ഒപ്പുവെയ്ക്കുന്നത്. 2006 മാർച്ചിൽ റിയാദിൽ വെച്ചാണ് എഫ്‌ടിഎ ചർച്ചകളുടെ ആദ്യ റൗണ്ട് നടന്നത്. ഇത് സാധനങ്ങൾ, സേവനങ്ങൾ, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവയിലെ വ്യാപാരത്തിന്റെ സാധ്യതാ പഠനങ്ങൾക്കും ഉദാരവൽക്കരണത്തിനും അടിത്തറ പാകി. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2008 സെപ്റ്റംബറിൽ റിയാദിൽ രണ്ടാം റൗണ്ട് നടന്നു; മൂന്നാം റൗണ്ട് ഡൽഹിയിൽ ആസൂത്രണം ചെയ്‌തിരുന്നെങ്കിലും അത് യാഥാർത്ഥ്യമായില്ല.
എന്നാൽ, 2010-ന് ശേഷം സ്വതന്ത്രവ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടി. ആഭ്യന്തര മുൻഗണനകളും ആഗോള സാമ്പത്തിക മാറ്റങ്ങളും കാരണം ജിസിസി എല്ലാ സ്വതന്ത്രവ്യാപാര കരാർ ചർച്ചകളും 2011-ൽ താൽക്കാലികമായി നിർത്തിയതോടെയാണ് ചർച്ചകൾ സ്തംഭിച്ചത്. 2022 നവംബറിൽ ജിസിസി സെക്രട്ടറി ജനറലിന്റെ ഇന്ത്യാ സന്ദർശനത്തോടെ വ്യാപാര ചർച്ചകൾ പുനരാരംഭിച്ചു. ഇതോടെ നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ചർച്ചകൾ പുനരാരംഭിക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. 2023 ഒക്ടോബറിൽ ജിസിസി പുതുക്കിയ ടേംസ് ഓഫ് റഫറൻസിലേക്ക് എത്തി. ചർച്ചകൾക്ക് ശേഷം 2026 ഫെബ്രുവരി 5-ന്, ഇന്ത്യയും ജി.സി.സിയും ന്യൂഡൽഹിയിൽ പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ഔദ്യോഗികമായി ടിഒആറിൽ ഒപ്പുവച്ചു. വ്യാപാരം, തൊഴിലവസരങ്ങൾ, ഊർജസുരക്ഷ, വിപണി പ്രവേശനം എന്നിവ വർദ്ധിപ്പിക്കുന്നതിനായി പൂർണ്ണതോതിലുള്ള വ്യാപാര ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിക്കുന്നതിന്റെ സൂചനയാണിത്. വ്യാപാര കരാറിനായുള്ള ആദ്യ റൗണ്ട് ചർച്ചകൾ വരും മാസങ്ങളിൽ റിയാദിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യ-ജിസിസി കരാറിൽ നേട്ടമാർക്ക് ?
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമുള്ളതാണ് ജിസിസി രാജ്യങ്ങളുമായുള്ള ബന്ധം. ഇന്ത്യയുടെ ഊർജസുരക്ഷയിൽ ഗൾഫ് മേഖല പ്രധാന പങ്ക് വഹിക്കുന്നു. മാത്രമല്ല, ഏകദേശം 10 ദശലക്ഷം ഇന്ത്യക്കാർ ജിസിസി രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ജിസിസി രാജ്യങ്ങളുമായുള്ള ഒരു സ്വതന്ത്ര വ്യാപാര കരാർ വ്യാപാര ബന്ധങ്ങളെ മാത്രമല്ല, ജിസിസിയിലെ രാജ്യങ്ങളുമായുള്ള ബന്ധത്തെയും കൂടുതൽ ശക്തിപ്പെടുത്തും. തീരുവകളും മറ്റ് തടസ്സങ്ങളും ഇല്ലാതാകുന്നതോടെ ഇന്ത്യൻ കയറ്റുമതിക്ക് ഉത്തേജനം ലഭിക്കും. ജിസിസി രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായി യുഎഇയാണ്. സൗദി അറേബ്യ, ഒമാൻ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ എന്നിവ തൊട്ടുപിന്നിലുണ്ട്. ശ്രദ്ധേയമായി, ഇന്ത്യയ്ക്ക് ഇതിനകം തന്നെ ചില ജിസിസി അംഗങ്ങളുമായി വ്യാപാര കരാറുകളുണ്ട്. മാത്രമല്ല, ഇന്ത്യയും ആറ് അംഗ സംഘവും തമ്മിൽ ഇതിനകം തന്നെ ശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്.
2021 മുതൽ ഇന്ത്യ-ജിസിസി തമ്മിലുള്ള വ്യാപാരം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 2021-2022 വർഷത്തിൽ, ഇന്ത്യയും ജിസിസിയും തമ്മിലുള്ള വ്യാപാരം ഏകദേശം 155 ബില്യൺ ഡോളറായിരുന്നു. ഇറക്കുമതി 110.7 ബില്യൺ ഡോളറും കയറ്റുമതി 43.9 ബില്യൺ ഡോളറുമായിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 178.56 ബില്യൺ യുഎസ് ഡോളറിലെത്തി. ഈ കരാർ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരത്തെയും നിക്ഷേപങ്ങളെയും സഹായിക്കുമെന്ന് ഗോയൽ പറഞ്ഞു. ഭക്ഷ്യസംസ്കരണം, അടിസ്ഥാന സൗകര്യങ്ങൾ, പെട്രോകെമിക്കൽസ്, വിവര, ആശയവിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകൾക്ക് ജിസിസിയുമായുള്ള വ്യാപാരകരാർ വളരെയധികം ഗുണം ചെയ്യുമെന്നും ഗോയൽ പറഞ്ഞു.
ഇതിനെല്ലാം പുറമേ, ജിസിസിയുമായുള്ള വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്ന സമയം വളരെ പ്രധാനമാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാർ ഒപ്പിട്ടതിന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് വ്യാപാര ചർച്ചകൾ നടക്കുന്നത്. മാത്രമല്ല, ഇന്ത്യയും അമേരിക്കയും ഒരു വ്യാപാര കരാറിലേക്ക് എത്തിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യയും പാകിസ്താനും ഒരു പ്രതിരോധ കരാറിൽ ഒപ്പുവെച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. അതിനാൽ തന്നെ കരാറിന് രാഷ്ട്രീയമായും പ്രസക്തിയുണ്ട്. ജി.സി.സി രാജ്യങ്ങളുമായുള്ള ശക്തമായ വ്യാപാര ബന്ധം ഇന്ത്യയ്ക്ക് രാഷ്ട്രീയമായും ഗുണകരമാകുമെന്നാണ് കണക്കാക്കുന്നത്. ആ അർത്ഥത്തിൽ കരാർ പാകിസ്താനെ പ്രതിരോധിക്കാനുള്ള വഴിയാണെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്.
Reference
Published: 09 Feb 2026, 03:00 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented