ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ കടുത്ത വ്യാപാരനയങ്ങളിലും അപ്രവചനീയമായ നയതന്ത്രനീക്കങ്ങളും യുഎസിന്റെ സഖ്യകക്ഷികളെപ്പോലും വെറുപ്പിച്ചുകഴിഞ്ഞു. തൊട്ടതിനും പിടിച്ചതിനും പിടിവാശിക്കാരാനായ കുട്ടിയേപ്പോലെ വ്യാപാരയുദ്ധം പ്രഖ്യാപിക്കുന്ന ട്രംപിന്റെ നയങ്ങൾ യുഎസിനകത്തും പുറത്തും ഉണ്ടാക്കുന്ന വൈഷമ്യങ്ങൾക്ക് കൈയും കണക്കുമില്ല. ട്രംപിന്റെ കടുംപിടിത്തവും പ്രവചനാതീതമായ നിലപാടുകളും കാരണം പഴയ സഖ്യകക്ഷികളൊക്കെയും പുതിയ താവളങ്ങൾ തേടുകയാണ്. വ്യാപാരത്തിന് യുഎസ് വിപണി അല്ലാതെ മറ്റ് വിപണികളെ കാര്യമായി പരിഗണിക്കാതിരുന്ന യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായും വ്യാപാര കരാറിൽ ഏർപ്പെട്ടതാണ് ഇതിൽ ഒടുവിലത്തേത്. യുഎസിനെ ആശ്രയിച്ചിരുന്ന മിക്ക രാജ്യങ്ങളും ഇപ്പോൾ വിപണി വൈവിധ്യവത്കരിക്കുന്നതിന്റെ തിരക്കിലാണ്. യൂറോപ്യൻ യൂണിയന് പുറമെ, യുഎസിന്റെ തൊട്ടയൽക്കാരായ കാനഡയും ഇന്ത്യയുമായി കൈകോർക്കാനുള്ള ശ്രമത്തിലാണ്.

To advertise here,

ഉർവശി ശാപം ഉപകാരമായെന്നതുപോലെ ട്രംപിന്റെ നീക്കങ്ങൾ പരോക്ഷമായി ഇന്ത്യയുടെ ആഗോള പ്രാധാന്യം ഉയർത്തിക്കൊണ്ടുവരികയാണ്. അമേരിക്കൻ തീരുവകളിൽനിന്നും ഭീഷണികളിൽനിന്നും രക്ഷനേടാൻ കൂടുതൽ വിശ്വസിക്കാവുന്ന പങ്കാളിയായി ലോകശക്തികൾ ഇന്ത്യയെ കാണുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ യുഎസിന്റെ അഹന്തയ്ക്ക് മുഖമടച്ചുള്ള മറുപടിയായാണ് വിലയിരുത്തുന്നത്. ലോക ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നും കൈകാര്യം ചെയ്യുന്ന ഈ രണ്ട് ശക്തികളും തമ്മിലുള്ള ബന്ധം ട്രംപിന് വലിയ തിരിച്ചടിയാണ്. അതിന്റെ അതൃപ്തി പലപ്പോഴായി പുറത്തുവരുന്നുണ്ട്.

യുക്രൈനെ യൂറോപ്പ് ചതിച്ചെന്നൊക്കെയാണ് ഇപ്പോൾ ട്രംപിന്റെ കൈയ്യാളുകൾ വച്ചുകാച്ചുന്നത്. യൂറോപ്യൻ യൂണിയന്റെ ഈ നീക്കത്തിൽ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആണ് നിരാശ പ്രകടിപ്പിച്ച് ഒടുവിൽ രംഗത്ത് വന്നത്. യുക്രൈൻ യുദ്ധത്തേക്കാൾ വ്യാപാര താല്പര്യങ്ങൾക്കാണ് യൂറോപ്പ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നുവെന്നാരോപിച്ചാണ് യു.എസ് ഇന്ത്യയ്ക്ക് മേൽ 50 ശതമാനത്തോളം തീരുവ ചുമത്തിയത്. യൂറോപ്യൻ യൂണിയനുമായുള്ള കരാറിലൂടെ ട്രംപ് ഏർപ്പെടുത്തിയ 50% ഉയർന്ന തീരുവകൾ മറികടന്ന് വസ്ത്രങ്ങൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ എന്നിവ യൂറോപ്പിലേക്ക് എളുപ്പത്തിൽ കയറ്റുമതി ചെയ്യാൻ ഇന്ത്യക്ക് സാധിക്കും.

ദശലക്ഷക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന വസ്ത്രനിർമാണ മേഖലയ്ക്ക് യൂറോപ്യൻ വിപണിയിൽ വലിയ സ്വീകാര്യത ലഭിക്കാൻ കരാർ കാരണമാകും. ഗുണനിലവാരമുള്ള ഇന്ത്യൻ ആഭരണങ്ങൾ കുറഞ്ഞ നികുതിയിൽ യൂറോപ്പിലേക്ക് അയക്കാൻ സാധിക്കുന്നത് ഈ മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. തുകൽ ഉൽപ്പന്നങ്ങളുടെയും പാദരക്ഷകളുടെയും നിർമ്മാണ മേഖലയ്ക്കും കരാർ ഗുണകരമാകും. യൂറോപ്യൻ യൂണിയനുമായുള്ള ഈ ബന്ധം ഇന്ത്യയെ ഒരു വിശ്വസനീയമായ നിർമ്മാണ ഹബ്ബായി മാറ്റാൻ സഹായിക്കും.

അമേരിക്കയുടെ പ്രവചനാതീതമായ വ്യാപാര നയങ്ങളിൽനിന്ന് രക്ഷനേടാൻ യൂറോപ്പ് ഇന്ത്യയെ സുസ്ഥിര പങ്കാളിയായി കാണുന്നത് വഴി കൂടുതൽ വിദേശ നിക്ഷേപവും തൊഴിലവസരങ്ങളും രാജ്യത്തേക്ക് എത്തും. ചുരുക്കത്തിൽ,  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ഈ 'മഹാ കരാർ', ഇന്ത്യയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പുതിയ വാതിലുകൾ തുറന്നു നൽകും.

മദർ ഓഫ് ഓൾ ഡീൽ എന്ന വിശേഷണമാണ് ഇന്ത്യ- യുറോപ്യൻ യൂണിയൻ വ്യാപാര കരാറിനുള്ളത്. ഏകദേശം 200 കോടിയോളം വരുന്ന ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കരാറാണിത്. സമ്മർദ്ദങ്ങളുണ്ടായിട്ടും ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കാർഷിക-ക്ഷീര മേഖലകളെ കരാറിൽനിന്ന് ഒഴിവാക്കി. ആ ലക്ഷ്മണരേഖ മറികടക്കില്ലെന്നതാണ് ഇന്ത്യയുടെ നിലപാട്. ഇതേ വിഷയത്തിൽ തട്ടിയാണ് ഇന്ത്യയും- യുഎസും തമ്മിലുള്ള വ്യാപാര കരാർ മുടങ്ങിനിൽക്കുന്നത്.

ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങാതെ കാനഡയും ഇന്ത്യയുമായി അടുക്കുകയാണ്. കാനഡയെ അമേരിക്കയുടെ 51-ാം സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ പരിഹാസവും ഊർജ്ജ മേഖലയിലെ തർക്കങ്ങളുമാണ് കാനഡയെ ഇന്ത്യയിലേക്ക് അടുപ്പിച്ചത്. കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയിൽ, എൽഎൻജി, എൽപിജി എന്നിവ കയറ്റുമതി ചെയ്യും. പകരം ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ കാനഡയ്ക്ക് ഇന്ത്യ നൽകും. കേന്ദ്രമന്ത്രി ഹർദീപ് സിങ്‌ പുരിയും കാനഡയുടെ ഊർജ്ജ മന്ത്രി ടിം ഹോഡ്‌സണും നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന തീരുമാനങ്ങൾ ഉണ്ടായത്.

വ്യാപാരത്തെ ആയുധമായി ഉപയോഗിക്കുന്ന രീതിയെ എതിർക്കാനും വിപണി വൈവിധ്യവൽക്കരിക്കാനുമായാണ് ഈ നീക്കം. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ-കാനഡ ബന്ധം, പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് കീഴിൽ മെച്ചപ്പെടുകയാണ്. യുറേനിയം വിതരണം, ആണവ സഹകരണം തുടങ്ങിയ മേഖലകളിൽ കരാറുകൾ ഒപ്പിടാൻ അദ്ദേഹം താമസിയാതെ ഇന്ത്യ സന്ദർശിക്കും. ഇന്ത്യയുടെ ആണവോർജ്ജ ആവശ്യങ്ങൾക്കായി യുറേനിയം ലഭ്യമാക്കുക, ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ഊർജ്ജ പങ്കാളിത്തം ശക്തിപ്പെടുത്തുക, അത്യാധുനിക സാങ്കേതിക വിദ്യകൾക്ക് ആവശ്യമായ ധാതുക്കളുടെ വിതരണത്തിൽ സഹകരിക്കുക തുടങ്ങിയവയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം.

ഇതിന് പുറമെയാണ് യു.എസ് ഏറ്റവും വലിയ ഭീഷണിയായി കാണുന്ന ചൈനയുമായി ബന്ധം മെച്ചപ്പെടുത്താൻ ബ്രിട്ടൻ ശ്രമിക്കുന്നത്. യു.കെ പ്രധാനമന്ത്രിയുടെ ചൈനീസ് സന്ദർശനം യുഎസിനെ കുറച്ചൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ട്രംപിന്റെ നയങ്ങൾ മൂലം അമേരിക്ക ഒറ്റപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ലോകരാജ്യങ്ങൾ ഇന്ത്യയെ സുസ്ഥിരവും വിശ്വസിക്കാവുന്നതുമായ വ്യാപാര പങ്കാളിയായി അംഗീകരിച്ചു കഴിഞ്ഞു. ബ്രിട്ടൻ, ന്യൂസിലൻഡ്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകം വ്യാപാര കരാറുകൾ ഒപ്പിട്ടു. ഇന്ത്യയുടെ അടുത്ത ലക്ഷ്യം ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വ്യാപാര-പ്രതിരോധ സഹകരണമാണ്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിക്കുന്നതാണ് ഇതിന്റെ ഭാഗമായാണ്. പ്രതിരോധ സഹകരണവും വ്യാപാര കരാറുകളും ഈ സന്ദർശനത്തിൽ ചർച്ചയാകും.

ഇന്ത്യ വെറുമൊരു പ്രാദേശിക ശക്തിയല്ല, മറിച്ച് ആഗോളതലത്തിൽ ഒഴിച്ചുനിർത്താനാവാത്ത വ്യാപാര പങ്കാളിയായി മാറുകയാണ്. 'തകർന്ന സമ്പദ് വ്യവസ്ഥ' എന്നാണ് ഒരിക്കൽ ട്രംപ് ഇന്ത്യയെ വിശേഷിപ്പിച്ചത്. ഇന്ന് ഇന്ത്യയുടെ സ്ഥിരതയാർന്ന സാമ്പത്തിക വളർച്ചയും ആഭ്യന്തര ഉപഭോഗവും ലോകരാജ്യങ്ങൾക്ക് മുന്നിൽ വലിയ വിപണിയാണ് തുറന്നിടുന്നത്. ആഗോളവത്കരണത്തിന്റെ ദുരിതങ്ങൾ ഒരിക്കൽ അനുഭവിച്ചിരുന്ന ഇന്ത്യ ഇന്നതിന്റെ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങുകയാണ്. ഒരിക്കൽ പരിഹസിച്ച ട്രംപ്‌ ഇപ്പോൾ ഇന്ത്യയുടെ നീക്കങ്ങൾ കണ്ട് ആശ്ചര്യപ്പെട്ടിട്ടുണ്ടാകണം. അതേസമയം സ്വയം ലോകത്തുനിന്ന് ഒറ്റപ്പെട്ട് പോകുന്ന യു.എസിന്റെ നീക്കങ്ങൾ ആഗോള തലത്തിൽ പുതിയൊരു ലോകക്രമത്തിനാണ് വഴിതുറക്കുന്നത്. ബഹുധ്രുവ ലോകക്രമത്തിൽ യുഎസിന്റെ പ്രാധാന്യം പതിയെ കുറഞ്ഞുവരികയാണ്.