മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണികൾക്കിടയിൽ യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ (ഇയു) സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഉടൻ യാഥാർഥ്യമായേക്കും. ലോകത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ നാലിലൊന്ന് വിഹിതം കൈകാര്യം ചെയ്യുന്ന കരാറിനെ 'എല്ലാ കരാറുകളുടെയും മാതാവ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ചില കാര്യങ്ങളിൽ കൂടി സമവായത്തിലെത്താനുണ്ടെങ്കിലും കരാർ ഒപ്പുവെയ്ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

To advertise here,

റിപബ്ലിക്ദിന പരേഡിൽ ഇയു നേതാക്കൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സാഹചര്യത്തിൽ ജനുവരി 27-ന് കരാർ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 200 കോടി ജനങ്ങളും ലോക ജിഡിപിയുടെ കാൽഭാഗവും വരുന്ന വിപണി ഇരുവർക്കുമായി തുറന്നുകിട്ടുന്നതോടെ കളി മാറുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യ -യൂറോപ്യൻ യൂണിയൻ വ്യാപാരം

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊരാളാണ് യൂറോപ്യൻ യൂണിയൻ. കോവിഡ് കാലത്തെ ഇടിവിന് ശേഷം ഇരുവരും തമ്മിലുള്ള വ്യാപാരത്തിൽ വ്യക്തമായ വളർച്ചയാണുണ്ടായിട്ടുള്ളത്. 2024-ൽ മാത്രം 120 ബില്യൺ യൂറോയുടെ വ്യാപാരമാണ് ഇരുവർക്കുമിടയിൽ നടന്നത്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 17 ശതമാനമായിരുന്നു ഇത്. മറുവശത്ത് ഇയുവിന്റെ ഒൻപതാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2024-ൽ ഇയുവിന്റെ മൊത്തം വ്യാപാരത്തിന്റെ 2.4 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ പങ്ക്. അമേരിക്ക (17.3 %), ചൈന (14.6%), യു.കെ. (10.1%) എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പിന്നിലാണെങ്കിലും കഴിഞ്ഞ ദശകത്തിൽ ഇയുവും ഇന്ത്യയും തമ്മിലുള്ള വ്യാപാരം ഏകദേശം 90 ശതമാനമാണ് വർധിച്ചത്.

പെട്രോളിയം ഉല്പന്നങ്ങൾ, സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, രത്‌നങ്ങൾ, ആഭരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോ പാർട്സ് എന്നിവയാണ് ഇന്ത്യ പ്രധാനമായും ഇയുവിലേക്ക് കയറ്റുമതി ചെയ്യുന്നത്.  ഇയുവിൽ നിന്നുള്ള ഇന്ത്യയുടെ പ്രധാന ഇറക്കുമതിയിൽ യന്ത്രങ്ങൾ, വിമാനങ്ങൾ, ഭാഗങ്ങൾ, ഇലക്ട്രോണിക്‌സ്, മെഡിക്കൽ ഉപകരണങ്ങൾ, ശാസ്ത്രീയ ഉപകരണങ്ങൾ, പരുക്കൻ വജ്രങ്ങൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്കുകൾ, കാറുകൾ, ഓട്ടോ ഘടകങ്ങൾ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഗണ്യമായി വർദ്ധിച്ചു, പക്ഷേ, ഇറക്കുമതിയിൽ നേരിയ വർധനവാണ് ഉണ്ടായത്. 2024-ൽ 71.3 ബില്യൺ യൂറോയുടെ ഉല്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. അതേസമയം ഇയുവിൽ നിന്ന് 48.8 ബില്യൺ യൂറോയുടെ സാധനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയും ഇയുവും തമ്മിലുള്ള ബന്ധം വ്യാപാരത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഇയുവിന്റെ കണക്കനുസരിച്ച് ഏകദേശം 6,000 യൂറോപ്യൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. ഇന്ത്യയിലെ ഇയുവിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2000 ഏപ്രിലിനും 2024 സെപ്റ്റംബറിനും ഇടയിൽ ഇയുവിൽ നിന്ന് ഇന്ത്യയിലേക്കുള്ള മൊത്തം എഫ്ഡിഐ 117.4 ബില്യൺ യുഎസ് ഡോളറായിരുന്നു. നെതർലാൻഡ്സ്, ജർമ്മനി, ഫ്രാൻസ്, സ്‌പെയിൻ, ബെൽജിയം എന്നിവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ യൂറോപ്യൻ യൂണിയൻ നിക്ഷേപകർ. ഇതേ കാലയളവിലെ ഇന്ത്യയുടെ ഇയുവിലേക്കുള്ള വിദേശ നിക്ഷേപം ഏകദേശം 40.04 ബില്യൺ യുഎസ് ഡോളറായിരുന്നു.

2007-ൽ ആരംഭിച്ച ചർച്ചകൾ

ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പഴക്കമേറെയുണ്ട്. 2007-ൽ ഒരു ബ്രോഡ്-ബേസ്ഡ് ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എഗ്രിമെന്റിന് (BTIA) വേണ്ടിയാണ് ഇന്ത്യയും ഇയുവും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. പക്ഷേ, ഓട്ടോമൊബൈൽസ്, വൈൻ, സ്പിരിറ്റ്, ഡാറ്റ നിയമങ്ങൾ, പൊതുസംഭരണം, ബൗദ്ധിക സ്വത്തവകാശം, തൊഴിൽ മാനദണ്ഡങ്ങൾ തുടങ്ങിയ വിവാദ വിഷയങ്ങളിൽ തട്ടി ചർച്ചകൾ തടസപ്പെട്ടു. നിരവധി റൗണ്ട് ചർച്ചകൾ നടന്നുവെങ്കിലും 2013-ന് ശേഷം ഇത് മരവിച്ചു. 2016-നും 2020-നും ഇടയിൽ ചർച്ചകൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ആഗോള വ്യാപാര അന്തരീക്ഷത്തിൽ മാറ്റം വന്ന സാഹചര്യത്തിൽ 2022-ലാണ് ചർച്ചകൾ വീണ്ടും പുനരാരംഭിക്കുന്നത്. ആ വർഷം ജൂണിൽ, ഇന്ത്യയും ഇയുവും സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ഔദ്യോഗികമായി പുനരാരംഭിച്ചു.

ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വീകരിച്ച നയങ്ങൾ, താരിഫ് ഭീഷണി, വ്യാപാരത്തിലെ തടസങ്ങൾ, ചൈനയ്ക്ക് പുറമേ വ്യാപാര പങ്കാളികളെ വൈവിധ്യവൽക്കരിക്കാനുള്ള യൂറോപ്പിന്റെ താല്പര്യം എന്നിവ ചർച്ചകൾക്ക് വളമായി. ട്രംപ് ഇറക്കുമതി തീരുവ 50 ശതമാനം വരെ ഉയർത്തിയതോടെ കരാറിനായുള്ള സമ്മർദ്ദം ഇരുപക്ഷത്തും വർധിച്ചു. ഇതോടെ ഇന്ത്യയും ഇയുവും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുകയും ഏറ്റവും രാഷ്ട്രീയമായി സെൻസിറ്റീവ് മേഖലകളെ-പ്രത്യേകിച്ച് കൃഷിയെ- പരിഗണിച്ചുകൊണ്ട് നടപ്പിലാക്കാവുന്ന ഒരു കരാറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ കരാറിനെ കരാറിനെ ഔദ്യോഗികമായി ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ എന്ന് വിളിക്കുന്നു.

പരിധികളില്ലാതെ വിപണികൾ തുറന്നിടുന്ന എന്നതാണ് നിർദ്ദിഷ്ട എഫ്ടിഎയുടെ കാതൽ. എങ്കിലും, കരാർ പൂർത്തിയാക്കാൻ ചില തടസ്സങ്ങൾ ഇനിയും മറികടക്കേണ്ടതുണ്ട്. ഓട്ടോമൊബൈൽ മേഖലയും സ്റ്റീലുമാണ് പ്രധാന തടസങ്ങളായി ഉയർന്നുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കാറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വൈൻ, സ്പിരിറ്റുകൾ, ചില മാംസ ഉല്പന്നങ്ങൾ എന്നിവയുടെ തീരുവ കുറയ്ക്കാൻ ഇയു ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. പക്ഷേ, സെൻസിറ്റീവായതും രാഷ്ട്രീയമായി പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാവുന്നതുമായ മേഖലകളിൽ ഇന്ത്യ ജാഗ്രത പാലിക്കുന്നു. തങ്ങളുടെ കാർ നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ കൂടുതൽ സുഗമമായ വിപണി ഇയു പ്രതീക്ഷിക്കുന്നു. അതേസമയം ഇയുവിന്റെ നിബന്ധനകൾ തങ്ങളുടെ സ്റ്റീൽ കയറ്റുമതിയെ നിയന്ത്രിക്കുമെന്ന് ഇന്ത്യ ആശങ്കപ്പെടുന്നു.

കാർഷികോത്പന്നങ്ങളാണ് മറ്റൊരു പ്രധാന തർക്കമേഖല. ദശലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനമാർഗ്ഗം കണക്കിലെടുത്ത് ഇന്ത്യ തങ്ങളുടെ കാർഷിക മേഖലയോ ക്ഷീര മേഖലയോ പൂർണ്ണമായും തുറക്കില്ലെന്ന് ഇന്ത്യ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. എന്നിരുന്നാലും അന്തിമ കരാറിൽ ചില കാർഷിക ഉല്പന്നങ്ങൾ ഉൾപ്പെട്ടേക്കാമെന്നും ആഭ്യന്തര കർഷകരെ ദോഷകരമായി ബാധിക്കുന്നവ ഒഴിവാക്കാമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിദഗ്ധ തൊഴിലാളികൾക്ക് വിസ നൽകുന്നതിലും യാത്രാ സൗകര്യങ്ങളിലും ഇളവ് വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം. കൂടാതെ പരിസ്ഥിതി മാനദണ്ഡങ്ങൾ, പൊതു സംഭരണം, നിയന്ത്രണങ്ങളുടെ ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ തുടരുകയാണ്.

ഇന്ത്യയ്ക്ക് നേട്ടമേറെ, ഇയുവിനും

യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാർ ഇറക്കുമതി തീരുവകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഇത് ഇരുകൂട്ടർക്കും വിപണികളുടെ വിശാല അവസരങ്ങൾ തുറന്നിടുന്നു. സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, തുണിത്തരങ്ങൾ, സ്റ്റീൽ, പെട്രോളിയം ഉല്പന്നങ്ങൾ, ഇലക്ട്രിക്കൽ മെഷിനറികൾ തുടങ്ങിയ മേഖലകൾക്ക് കരാർ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇയുവിനെ സംബന്ധിച്ചിടത്തോളം ഇന്ത്യ സുപ്രധാന പങ്കാളിയാണ്. ചൈനയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാനും വിശ്വസ്തരായ പങ്കാളികളുമായി സഹകരിക്കാനും ഇന്ത്യയുമായുള്ള സഹകരണം അവർക്ക് സഹായകമാകും. കയറ്റുമതി വർധിപ്പിക്കാനും ഉല്പാദനശൃംഖലയിൽ മുൻനിരയിലെത്താനും ഇന്ത്യയ്ക്ക് ഈ കരാർ സഹായകമാകും.

അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന താരിഫുകളുടെ ആഘാതം കുറയ്ക്കാൻ ഇന്ത്യയെ കരാർ സഹായിക്കും. യൂറോപ്പിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യയ്ക്ക് നിലവിൽ താരതമ്യേന കുറഞ്ഞ താരിഫാണുള്ളത്. പക്ഷേ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ പ്രധാന മേഖലകൾ ഇപ്പോഴും ഏകദേശം 10% തീരുവ നേരിടുന്നു. ഇവ നീക്കം ചെയ്യുന്നത് വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ അമേരിക്കൻ തീരുവകൊണ്ട് സമ്മർദം നേരിടുന്ന മറ്റ് മേഖലകൾ എന്നിവയ്ക്ക് നേരിട്ട് ഗുണം ചെയ്യും. ചരക്കുകൾക്ക് പുറമേ സേവന മേഖലയും ഇന്ത്യയുടെ താൽപ്പര്യങ്ങളുടെ കേന്ദ്രബിന്ദുവാണ്. ഐടി ഉൾപ്പെടെയുള്ള സേവന മേഖകൾക്ക് തുറന്നു കിട്ടുന്ന അവസരങ്ങൾ യുഎസ് വിപണിയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയെ സഹായിക്കും. അമേരിക്കയെ മാത്രമല്ല, യൂറോപ്പിലേക്കുള്ള കയറ്റുമതി വികസിപ്പിക്കുന്നതു വഴി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള തന്ത്രപരമായ അവസരം ഇന്ത്യയ്ക്ക് എഫ്ടിഎ നൽകുന്നു.

മറുവശത്ത് ഇയുവിനെ സംബന്ധിച്ച് കരാർ ഇന്ത്യയുടെ താരതമ്യേന സുരക്ഷിതവുമായ ഉപഭോക്തൃ വിപണിയിലേക്കുള്ള വാതിൽ തുറക്കുന്നു. വിമാന ഭാഗങ്ങൾ, ഇലക്ട്രിക്കൽ- ഇലക്ട്രോണിക് ഉല്പന്നങ്ങൾ, രാസവസ്തുക്കൾ, വജ്രങ്ങൾ, ഉയർന്ന നിലവാരമുള്ള ഉല്പന്നങ്ങൾ എന്നിവയുടെ കാര്യത്തിൽ യൂറോപ്യൻ കയറ്റുമതിക്കാർക്ക് നേട്ടം ലഭിച്ചേക്കും. യൂറോപ്യൻ സേവന ദാതാക്കൾക്ക്, പ്രത്യേകിച്ച് ബൗദ്ധിക സ്വത്തവകാശം, ഐടി, ടെലികമ്മ്യൂണിക്കേഷൻസ്, ബിസിനസ് സേവനങ്ങൾ എന്നിവയ്ക്ക് കരാർ ഗുണകരമായേക്കും. ഉയർന്ന താരിഫുകൾ ഉണ്ടായിരുന്നിട്ടും ഇന്ത്യയിലേക്കുള്ള വൈനിന്റെയും മദ്യത്തിന്റെയും കയറ്റുമതി താരതമ്യേന കൂടുതലാണ്. ചെറിയ തോതിൽ പോലും ഇവയുടെ താരിഫ് കുറയ്ക്കുന്നത് യൂറോപ്പിന് വലിയ നേട്ടമുണ്ടാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിനപ്പുറം ഈ കരാർ ഇരുവശത്തുമുള്ള നിക്ഷേപങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഹരിത സാങ്കേതികവിദ്യകൾ എന്നീ മേഖലകളിൽ കൂടുതൽ യൂറോപ്യൻ നിക്ഷേപങ്ങളെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2000 മുതൽ യൂറോപ്യൻ യൂണിയനിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യൻ കമ്പനികൾക്ക് യൂറോപ്യൻ വിപണികളിലേക്കുള്ള കൂടുതൽ സ്ഥിരതയുള്ള പ്രവേശനത്തിന്റെ പ്രയോജനം ലഭിക്കും. ഇതിനിടെ പാരീസ് കാലാവസ്ഥാ ഉടമ്പടി പ്രകാരമുള്ള പ്രതിബദ്ധതകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര തൊഴിൽ-പരിസ്ഥിതി മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഇയു സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. ഇന്ത്യയുടെ മുൻഗണനകളുമായി ഈ ആവശ്യങ്ങൾ പൊരുത്തപ്പെടണം എന്നതാണ് വ്യാപാര ചർച്ചകളിലെ വെല്ലുവിളി.പക്ഷ, ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്ത് ഇന്ത്യ-ഇയു ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇത്തരമൊരു കരാറിന് സാധിക്കും.

കളി മാറ്റുമോ സ്വതന്ത്രവ്യാപാരക്കരാർ ?

യു.കെ. ഒമാൻ,ന്യൂസിലൻഡ് എന്നിവരുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇന്ത്യ യൂറോപ്യൻ യൂണിയനുമായും കരാറിലേക്ക് എത്തുന്നത്. കരാർ പ്രാബല്യത്തിലാവുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. നികുതി ഇല്ലാതാകുന്നതോടെ ഇന്ത്യൻ ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ വർധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. കരാർ വഴി അടുത്ത 15 വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. നേരിട്ടും അല്ലാതെയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, എൻജിനീയറിങ്, ആരോഗ്യസംരക്ഷണ മേഖലകളിലെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ അവസരങ്ങൾ വർധിക്കും. വിസാ നടപടികൾ എളുപ്പമാകും. യൂറോപ്യൻ കമ്പനികൾക്ക് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നത് എളുപ്പമാകും. വിവിധ മേഖലകളിൽ പുതിയ ഫാക്ടറികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.

സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയമായും വലിയ മാറ്റങ്ങൾക്കും കരാർ കാരണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈന, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കരാർ സഹായിക്കുമെന്നാണ് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റ് കാജ കല്ലാസ് അഭിപ്രായപ്പെട്ടത്. സ്വതന്ത്ര വ്യാപാരം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ റഷ്യ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് യൂറോപ്പിന്റെ പ്രതീക്ഷ. 200 കോടി ജനങ്ങളും ലോക ജിഡിപിയുടെ കാൽഭാഗവും വരുന്ന വിപണി ഇരുകക്ഷികൾക്കും തുറന്നു കിട്ടുന്നതോടെ കളി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാത്രമല്ല, വ്യാപാരത്തിന് പുറമെ പ്രതിരോധം, മാരിടൈം സുരക്ഷ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലയിലും ഇന്ത്യയുമായി സഹകരിക്കാനുള്ള ഒരുക്കത്തിലാണ് യൂറോപ്യൻ യൂണിയൻ.

Reference