പശ്ചിമബംഗാളിലെ മാല്‍ഡ, കൂച്ച ബിഹാര്‍ പോലുള്ള ചില അതിര്‍ത്തിപ്രദേശങ്ങളില്‍ മുള്ളുകമ്പിവേലി കെട്ടാന്‍ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേനയെ (ബി.എസ്.എഫ്.) ബംഗ്ലാദേശ് അതിര്‍ത്തിസേന (ബി.ജി.ബി.) നാട്ടുകാരുടെ സഹായത്തോടെ ചെറുക്കുന്ന വിഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായത് കഴിഞ്ഞയാഴ്ചയാണ്. പിറ്റേന്ന് ബി.എസ്.എഫിനെ തുണയ്ക്കാന്‍ ഇന്ത്യക്കാരെത്തി, ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളികളുമായി അവര്‍ സൈനികരെ പിന്തുണച്ചു.

To advertise here,

സ്വന്തം മണ്ണില്‍ വേലി കെട്ടുന്നതില്‍ ബംഗ്ലാദേശിനെന്താ പ്രശ്‌നമെന്നു ചോദിക്കുംമുമ്പ് ബംഗ്ലാദേശിന്റെ വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജഷീമുദ്ദീന്‍ ഞായറാഴ്ച ഡാക്കയിലെ ഇന്ത്യന്‍ സ്ഥാനപതി പ്രണയ് വര്‍മയെ വിളിപ്പിച്ചു, അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ഉത്കണ്ഠ അറിയിച്ചു. മുക്കാല്‍ മണിക്കൂറുനേരം ജഷീമുദ്ദീനുമായി ചര്‍ച്ച നടത്തിയ വര്‍മ പറഞ്ഞതുവെച്ച് ഇന്ത്യയുടെ നിലപാടില്‍ വലിയ മാറ്റമുണ്ടാവാനിടയില്ല. കുറ്റകൃത്യമില്ലാത്ത അതിര്‍ത്തി ഉറപ്പാക്കുക, കള്ളക്കടത്തും മനുഷ്യക്കടത്തും കുറ്റവാളികളുടെ സഞ്ചാരവും ഫലപ്രദമായി നേരിടുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ചായിരുന്നു ചര്‍ച്ച. 'സുരക്ഷാകാര്യങ്ങളുടെ ആവശ്യത്തിനായി അതിര്‍ത്തിവേലി കെട്ടുന്നതിനെ കുറിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ട്. അതു സംബന്ധിച്ച് ബി.എസ്.എഫും ബി.ജി.ബിയും പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. ധാരണകള്‍ നടപ്പാക്കുമെന്നും കുറ്റകൃത്യങ്ങളെ നേരിടുന്നതില്‍ സഹകരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' പ്രണയ് വര്‍മ വ്യക്തമാക്കി.

പിറ്റേന്ന് തിങ്കളാഴ്ച ഇന്ത്യയുടെ വിദേശമന്ത്രാലയം ബംഗ്ലാദേശിന്റെ ഇവിടുത്തെ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ നൂറല്‍ ഇസ്ലാമിനെ വിളിച്ചുവരുത്തി സ്വന്തം അതിര്‍ത്തി കെട്ടുന്നതില്‍ ബംഗ്ലാദേശ് തടസ്സം സൃഷ്ടിക്കുന്നതിലുള്ള ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണകരമായ ചില ഉഭയകക്ഷിക്കരാറുകള്‍ ഒപ്പുവെച്ചെന്നും അതാണ് അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതെന്നും ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ജഹാംഗീര്‍ ആലം ചൗധരി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ വേലിനിര്‍മ്മാണം നാട്ടുകാരുടെയും ബി ജി ബിയുടെയും ഇടപെടല്‍ കാരണം നിര്‍ത്തിവെപ്പിക്കാനായെന്നു ചൗധരി വീമ്പിളക്കി.

ഇന്ത്യയുമായി ഉറ്റസൗഹൃദം പുലര്‍ത്തിയിരുന്ന ഷെയ്ഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഇടക്കാലസര്‍ക്കാര്‍ ഹസീനയെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് ദീര്‍ഘനാളായി ആവശ്യപ്പെട്ടു വരികയാണ്. ഹസീനയ്‌ക്കെതിരായ കലാപം നയിച്ച വിദ്യാര്‍ത്ഥി സംഘടനയ്ക്കും അവരെ പിന്തുണച്ച ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിക്കും ജമാ അത്തെ ഇസ്ലാമിക്കും ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനുമൊന്നും അടിസ്ഥാനപരമായി ഇന്ത്യയെ ഇഷ്ടമല്ലെന്നത് വ്യക്തമായിക്കഴിഞ്ഞു. ഈ അനിഷ്ടം നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ല. പക്ഷേ, അത് ഒരു യുദ്ധത്തിലേക്കു വളരാനുള്ള സാധ്യത വളരെ കുറവാണ്.

അതിര്‍ത്തിത്തര്‍ക്കത്തിന്റെ കഥ

ഇന്ത്യയും ബംഗ്ലാദേശും ആകെ 4,156 കിലോമീറ്റര്‍ ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. ഒരു കണക്കുപ്രകാരം ഇതിനകം 3,271 കിലോമീറ്ററില്‍ മുള്ളുവേലി കെട്ടിക്കഴിഞ്ഞു. ഇനി 885 കിലോമീറ്റര്‍ മാത്രമേ വേലി കെട്ടാതെ ബാക്കിയുള്ളൂ. ഇതില്‍ ചില മേഖലകളില്‍ തര്‍ക്കം നിലനില്‍ക്കുന്നു. അതിര്‍ത്തിയില്‍ ഇപ്പോഴും പൂര്‍ണമായും അടയ്ക്കപ്പെടാത്ത നിരവധി മേഖലകള്‍ ഉണ്ട്; അത് പലതരം പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നു. 1947-ലെ ഇന്ത്യാവിഭജനത്തെ തുടര്‍ന്നാണ് ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തി ഔപചാരികമായി രൂപപ്പെടുത്തുന്നത്. ഇന്ത്യയെ വിഭജിക്കാന്‍ റാഡ്ക്ലിഫ് തിരക്കിട്ട് വരച്ച രേഖ ഒരുപാട് മേഖലകളില്‍ തര്‍ക്കം നിലനിര്‍ത്തി, ചില സമുദായങ്ങളെ രണ്ടായി വിഭജിച്ചു. 1971-ല്‍ ബംഗ്ലാദേശ് വിമോചനത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണത്തിന്റെ ദീര്‍ഘമായ ചരിത്രം ഉണ്ടായെങ്കിലും പല ശ്രമങ്ങള്‍ നടത്തിയിട്ടും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാനാവാതെ നിലനിന്നു.

2015-ല്‍ പ്രധാനമന്ത്രിമാരായ നരേന്ദ്രമോദിയും ഷെയ്ഖ് ഹസീനയും ചേര്‍ന്ന് രൂപം കൊടുത്ത ഭൂഅതിര്‍ത്തി ഉടമ്പടി (ലാന്‍ഡ് ബോര്‍ഡര്‍ എഗ്രിമെന്റ്, എല്‍.ബി.എ.) ഇരുരാജ്യങ്ങളും തമ്മില്‍ ഏഴു ദശകങ്ങളായി നിലനിന്നിരുന്ന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഏറെക്കുറെ അവസാനിപ്പിച്ചു. ഇന്ത്യയ്ക്കകത്തുള്ള 111 എന്‍ക്ലേവുകള്‍ (മറ്റൊരു രാജ്യത്താല്‍ പൂര്‍ണമായും ചുറ്റപ്പെട്ട ഭരണപരമോ, സാംസ്‌കാരികമോ ആയ വ്യതിരിക്തതയുള്ള പ്രദേശം) ബംഗ്ലാദേശിന് കൈമാറി, അവര്‍ തിരികെ നല്‍കിയത് 51 എണ്ണം. ഇന്ത്യയ്ക്ക് 7,110 ഏക്കര്‍ ഭൂമി വിട്ടുകിട്ടിയപ്പോള്‍ വിട്ടുകൊടുത്തത് 17,160 ഏക്കറായിരുന്നു. ഈ മഹാമനസ്‌കത ഇന്ത്യ കാണിച്ചത് പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു. ഏതാണ്ട് 50,000 മനുഷ്യര്‍ക്കാണ് അതിന്റെ ഗുണമുണ്ടായത്- വിദേശരാജ്യത്തെ വിദൂരമേഖലകളില്‍ സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭിക്കാതെ കഴിയുന്ന സാഹചര്യത്തിന് അന്ത്യമായി. ഏതു രാജ്യത്തെ പൗരത്വം വേണമെന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയിരുന്നു.

ഇനിയും പരിഹരിക്കേണ്ട പ്രധാന പ്രശ്‌നങ്ങളിലൊന്ന് നദീജലം പങ്കുവെക്കലാണ്. ദീര്‍ഘകാലം ചര്‍ച്ച ചെയ്തിട്ടും തീസ്താനദിയിലെ വെള്ളം പങ്കുവെക്കുന്നതില്‍ തീരുമാനമാവാത്തത് ഉദാഹരണം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ എതിര്‍പ്പാണ് ഇതിന് മുഖ്യകാരണമായി പറയുന്നത്.

അനധികൃത കുടിയേറ്റവും തുറന്നു വിടുന്ന തീവ്രവാദികളും
 
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ 'ചോര്‍ച്ച' വളരെ കൂടുതലാണ്. എല്ലായിടവും വേലി കെട്ടാത്തതു മാത്രമല്ല, രാഷ്ട്രീയക്കാരുടെ ഒത്താശയും അതിര്‍ത്തിപാലന സേനയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയുമൊക്കെ അതിനു കാരണമായിട്ടുണ്ട്. ബംഗാള്‍ വഴി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടിയേറാന്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ സഹായിക്കുന്ന മാഫിയകള്‍ സജീവമാണ്. വ്യാജ തിരിച്ചറിയല്‍ രേഖകളും മറ്റും വാണിജ്യാടിസ്ഥാനത്തില്‍ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.

ബംഗ്ലാദേശിലെ അധികാരമാറ്റത്തിനു ശേഷം ഇന്ത്യ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കര്‍ക്കശമായി കൈകാര്യം ചെയ്തു തുടങ്ങിയതിന്റെ സൂചനകളുണ്ട്. പല സംസ്ഥാനങ്ങളിലും ഇത്തരക്കാരെ കണ്ടെത്തി തടഞ്ഞുവെച്ചിട്ടുണ്ട്- പ്രത്യേകിച്ച് മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍. ഇന്ത്യയിലുള്ള അനധികൃത കുടിയേറ്റക്കാരെയൊക്കെ കണ്ടെത്തി തിരികെ ബംഗ്ലാദേശിലേക്കു കയറ്റിവിട്ടാല്‍ എന്താണുണ്ടാവുകയെന്ന ഉത്കണ്ഠ അവരെ അലട്ടുന്നു. മ്യാന്‍മാറില്‍ നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ തീറ്റിപ്പോറ്റാന്‍ പോലും പാടുപെടുകയാണ് ബംഗ്ലാദേശ് ഇപ്പോള്‍.

മാത്രമല്ല, അതിര്‍ത്തിയിലെ ദൗര്‍ബല്യം എല്ലാ തരത്തിലുമുള്ള കള്ളക്കടത്തിന് വളംവെക്കുന്നു. കന്നാലികളും മയക്കുമരുന്നും മാത്രമല്ല, മനുഷ്യരുടെ കടത്തും ഈ പഴുതുപയോഗിച്ച് നടക്കുന്നു. സമീപകാലത്ത് പട്രോളിങ്ങും നിയമപാലനവും ബി.എസ്.എഫ്. ശക്തിപ്പെടുത്തിയത് പലപ്പോഴും മനുഷ്യാവകാശ ലംഘനം പോലുള്ള ആരോപണങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ആള്‍ക്കാര്‍ കൊല്ലപ്പെടുന്നതു സംബന്ധിച്ച് അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആളപായമുണ്ടാവാത്ത രീതിയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കഴിഞ്ഞ ദിവസം ബംഗ്ലാദേശ് വിദേശസെക്രട്ടറി ജഷീമുദ്ദീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ ജയിലിലായിരുന്ന നിരവധി ഇന്ത്യാവിരുദ്ധ ഭീകരവാദി നേതാക്കളെ ബംഗ്ലാദേശ് മോചിപ്പിച്ചിരുന്നു. പോരാതെ, ചിലയിടങ്ങളില്‍ ജയില്‍ഭേദിച്ച് കൊടുംകുറ്റവാളികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യ ഇക്കാര്യത്തിലെ ഉല്‍ക്കണ്ഠ ബംഗ്ലാദേശ് അധികൃതരുമായി പങ്കുവെച്ചിട്ടുണ്ട്.

വേണ്ടത് പ്രായോഗിക സമീപനം

ബംഗ്ലാദേശിന്റെ മൂന്നു അതിര്‍ത്തികളിലും ഇന്ത്യയാണ്. നാലാമത്തെ അതിര്‍ത്തിയില്‍ മ്യാന്‍മാറാണെങ്കിലും അവിടെ അരാക്കാന്‍ പട്ടാളമാണ്. എന്താവശ്യത്തിനും ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. അരിക്കും മരുന്നിനും ചികിത്സക്കും വൈദ്യുതിക്കും വരെ. ഇന്ത്യയുമായി നല്ല ബന്ധം തുടരേണ്ടത് രാജ്യത്തെ ജനങ്ങളുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. ഇപ്പോള്‍ തന്നെ അവശ്യവസ്തുക്കളുടെ ക്ഷാമം അവരെ അലട്ടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള വീസ കിട്ടുന്നതില്‍ കാലതാമസം വരുന്നതിനാല്‍ അടിയന്തിര ശസ്ത്രക്രിയ പോലും മുടങ്ങുന്ന അവസ്ഥയാണിപ്പോള്‍. ഇന്ത്യയും ചില കാര്യങ്ങളില്‍ ബംഗ്ലാദേശിനെ ആശ്രയിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം വര്‍ധിച്ചാല്‍ വ്യാപാരം തടസ്സപ്പെടും, അത് ആയിരക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തെ ബാധിക്കും, പ്രാദേശികസമ്പദ് വ്യവസ്ഥകളെ തളര്‍ത്തും.

ഇന്ത്യയെ വിട്ട് പാകിസ്താന്റെയും ചൈനയുടെയും സഹായത്തോടെ പ്രതിസന്ധി തരണം ചെയ്യാമെന്നു വെച്ചാല്‍ അത് ഏറെക്കുറെ അസംഭാവ്യമാണ്. (പാകിസ്താനുമായി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് മുഹമ്മദ് യൂനുസ്. പിന്നെ പാഠപുസ്തകങ്ങള്‍ തിരുത്തി ബംഗബന്ധു മുജീബുര്‍ റഹ്മാനെ ഒഴിവാക്കുന്ന ഭാരിച്ച ജോലിയുമുണ്ട്!) സ്വന്തം പ്രശ്‌നങ്ങളുടെ ചുഴിയിലാണ് പാകിസ്താന്‍. തെഹ്രീക്കെ താലിബാന്റെ ആക്രമണത്തില്‍ പതറി നില്‍ക്കുകയാണെങ്കിലും ബംഗ്ലാദേശിലെ ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കാനും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താനും പാകിസ്താന്‍ ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ ബംഗ്ലാദേശില്‍ ഇന്ത്യാവിരുദ്ധ വികാരം വളര്‍ത്തുന്നതിനും അവിടുത്തെ തീവ്രവാദി സംഘടനകളമായുള്ള ബന്ധം ഉപയോഗപ്പെടുത്തി അതിര്‍ത്തി മേഖലകളില്‍ അസ്വസ്ഥത പടര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഉഭയകക്ഷിക്കരാറുകള്‍ റദ്ദാക്കുമോ?

ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് ചില കേന്ദ്രങ്ങള്‍ സംസാരിക്കുന്നുണ്ട്. അങ്ങനെയുണ്ടായാല്‍ തിക്തഫലങ്ങള്‍ കൂടുതലും അനുഭവിക്കുക ബംഗ്ലാദേശ് തന്നെയാവും. പുതിയ സര്‍ക്കാര്‍ വന്നതിനു ശേഷമുണ്ടായ സംഭവവികാസങ്ങള്‍ ആ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച നിരവധി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയം മുഹമ്മദ് യൂനുസ് വൈകാതെ നാടുവിട്ടോടുമെന്ന അഭ്യൂഹത്തെ കുറിച്ചായിരുന്നു. വൈകാതെ പുതിയ ജനാധിപത്യ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നു പറഞ്ഞ യൂനുസിന് വാക്കുപാലിക്കുന്നതില്‍ താല്‍പ്പര്യമുള്ളതായി തോന്നുന്നില്ല. അദ്ദേഹം അധികാരമേറ്റ ശേഷം ന്യൂനപക്ഷപീഡനം വര്‍ധിച്ചു, അത് അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായി.

ദശകങ്ങള്‍ നീണ്ട നയതന്ത്രത്തിലൂടെ നേടിയെടുത്ത ഗുണഫലങ്ങള്‍ മുഴുവന്‍ നഷ്ടമാക്കി ശത്രുത മാത്രം ബാക്കിവെക്കുന്ന നിലപാടിലേക്ക് പോവുന്നത് ഇരുരാജ്യങ്ങള്‍ക്കും ദോഷകരമാണ്. ഈ സംഘര്‍ഷങ്ങള്‍ സൈനികമായ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും അതിനുള്ള സാധ്യത വളരെ കുറവാണ്. സ്ഥിരതയോടെ ബംഗ്ലാദേശ് നിലനില്‍ക്കുന്നതില്‍ ഇന്ത്യയ്ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ബംഗ്ലാദേശിന് ഭാരതവുമായി ഭാഷാപരവും സാംസ്‌കാരികവും ചരിത്രപരവുമായ ബന്ധങ്ങളുണ്ടെന്നതു മാത്രമല്ല, ഭൗമരാഷ്ട്രീയപരമായി വളരെ പ്രധാനപ്പെട്ടതുമാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ എത്രയും വേഗം പരിഹരിക്കുകയും അതിര്‍ത്തികള്‍ ശക്തിപ്പെടുത്തുകയും വ്യാപാരവും ബന്ധങ്ങളും പുനരാരംഭിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കുകയും വേണം. അതിര്‍ത്തിയെ വിഭജന ഉപാധി എന്നതിനപ്പുറം പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി കാണുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇരുകൂട്ടരും കൈക്കൊള്ളണം.

നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശിന് പ്രായോഗിക ബുദ്ധി ഇത്തിരി ബുദ്ധിമുട്ടാണ്. ഇന്ത്യ മുന്നോട്ടുള്ള ഓരോ ചുവടും സൂക്ഷിച്ചു വെക്കേണ്ട അവസ്ഥയിലും. സമാധാനം ഏതാണ്ട് വണ്‍വേ സ്ട്രീറ്റായി മാറിയിരിക്കുന്നു!