2023 മുതല് ജയിലില് കഴിയുന്ന ഇമ്രാന് ഖാന് കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബത്തെയോ അഭിഭാഷകരെയോ കാണാന് അനുവാദമില്ല. ജയിലില് അദ്ദേഹത്തിന്റെ സന്ദര്ശകര്ക്ക് അപ്രഖ്യാപിത വിലക്ക് ഏര്പ്പെടുത്തിയിരിക്കുകയാണ് അധികൃതര്.

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ | Photo : Samir Hussein/WireImage
പാകിസ്താന് മുന്പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ? അദ്ദേഹത്തിന്റെ ജീവന്റെ കാര്യത്തില് ആശങ്കയുണ്ടെന്നാണ് കുടുംബവും ആരാധകരും പാകിസ്താന് തെഹ് രികെ ഇന്സാഫ് പാര്ട്ടി അണികളും ഒരുപോലെ പറയുന്നത്. ഇമ്രാന് ജീവിച്ചിരിപ്പുണ്ടെങ്കില് അതിനുള്ള തെളിവ് സര്ക്കാര് പുറത്തുവിടണമെന്നാണ് മകന് കാസിം ഖാന് ആവശ്യപ്പെട്ടത്. അദ്ദേഹം ഏകാന്ത തടവിലാണെന്നും ജീവിച്ചിരിക്കുന്നുവെന്നതിന്റെ ഒരു തെളിവും സര്ക്കാര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും കാസിം ആരോപിച്ചു. വിഷയത്തിൽ രാജ്യാന്തര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാവല്പിണ്ടിയിലെ ആദിയാല ജയിലില് കഴിയുന്ന ഇമ്രാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള് ഏതാനും ദിവസമായി പ്രചരിക്കുന്നതിനിടയിലാണ് ആശങ്കയുമായി കുടുംബം രംഗത്ത് എത്തിയത്. ഇമ്രാനെ കാണാന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന്, സഹോദരിമാര് പാര്ട്ടി പ്രവര്ത്തകര്ക്കൊപ്പം ജയിലിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ജയിലിന് പുറത്ത് ഇമ്രാന്റെ സഹോദരിമാരെ പോലീസ് തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും പാര്ട്ടി ആരോപിച്ചു.
2023 മുതല് ജയിലില് കഴിയുന്ന ഇമ്രാന് ഖാന് കഴിഞ്ഞ കുറച്ച് നാളുകളായി കുടുംബത്തെയോ അഭിഭാഷകരെയോ കാണാന് അനുവാദമില്ല. ജയിലില് അദ്ദേഹത്തിന്റെ സന്ദര്ശകര്ക്ക് അപ്രഖ്യാപിത വിലക്ക് ഏര്പ്പെടുത്തിയിരിക്കുകയാണ് അധികൃതര്. ഖൈബര് പഖ്തൂണ്ഖ്വ മുഖ്യമന്ത്രി സുഹൈല് അഫ്രീദി തുടര്ച്ചയായി ശ്രമിച്ചെങ്കിലും ജയില് അധികൃതര് അനുമതി നിഷേധിച്ചു. ഇത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ച് തന്നെ ഊഹാപോഹങ്ങള്ക്ക് കാരണമായി. എന്നാല് ഇമ്രാൻ ഖാൻ സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നു എന്നാണ് ജയില് അധികൃതര് അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന യാതൊന്നും ഉണ്ടായിട്ടില്ലെന്നും കൃത്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും ജയില് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. പക്ഷേ, കുടുംബത്തിന്റെയും അനുയായികളുടെയും പ്രതിഷേധങ്ങളെ ശാന്തമാക്കുന്നതൊന്നും അധികൃതര് ചെയ്യുന്നുമില്ല. എന്താണ് ഇമ്രാന് സംഭവിച്ചത്? എങ്ങനെയാണ് അദ്ദേഹം ജയിലിലായത്? പാക് രാഷ്ട്രീയത്തിൽ ഇമ്രാന്റെ രാഷ്ട്രീയ പ്രസക്തി മനസ്സിലാക്കണമെങ്കിൽ, അദ്ദേഹം ക്രിക്കറ്റ് മൈതാനത്തുനിന്ന് പാക് രാഷ്ട്രീയത്തിൻ്റെ നെറുകയിലേക്ക് വളർന്നുവന്ന ചരിത്രം പരിശോധിക്കേണ്ടതുണ്ട്.
ക്രിക്കറ്റില്നിന്ന് രാഷ്ട്രീയത്തിലേക്ക്
1992-ല് പാകിസ്താന് ക്രിക്കറ്റ് ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ചതോടെയാണ് ഇമ്രാൻ ഖാൻ ദേശീയ ഹീറോയായി മാറുന്നത്. ലോകകപ്പിലെ അദ്ദേഹത്തിന്റെ വിജയം ഒരു കായിക നേട്ടം മാത്രമായിരുന്നില്ല, മറിച്ച് പോരാടാനും വിജയത്തിലേക്കെത്താനായി കഠിനാധ്വാനം ചെയ്യാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് വെളിവാക്കല് കൂടിയായിരുന്നു. ആ ഗുണങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ നിര്വചിച്ചത്. ക്രിക്കറ്റില് നിന്ന് വിരമിച്ച ശേഷം, ഇമ്രാന് ജീവകാരുണ്യപ്രവര്ത്തനങ്ങളിലേക്ക് തിരിഞ്ഞു. രാജ്യത്തെ ദാരിദ്ര്യ നിർമാർജനത്തിലും ആരോഗ്യസംരക്ഷണ സംവിധാനങ്ങള് മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. പാക് സമൂഹത്തിന് അദ്ദേഹം നല്കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകളിലൊന്ന്, കാന്സര് ബാധിച്ച് മരിച്ച തന്റെ അമ്മയുടെ പേരിലുള്ള കാന്സര് ആശുപത്രിയായിരുന്നു. ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവര്ത്തനങ്ങള് രാജ്യത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയര്ത്തി. ഇതിനിടെ 1987-ല് അന്നത്തെ പാക് പ്രസിഡന്റ് സിയാ-ഉള്-ഹഖ്, അദ്ദേഹത്തെ പാകിസ്താന് മുസ്ലീം ലീഗിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല് അദ്ദേഹം അത് നിരസിച്ചു. 1993-ല്, മൊയ്നുദ്ദീന് അഹമ്മദ് ഖുറേഷിയുടെ ഇടക്കാല സര്ക്കാരിന്റെ കാലത്ത് മൂന്ന് മാസത്തേക്ക് അദ്ദേഹത്തെ ടൂറിസം അംബാസഡറായി നിയമിച്ചു.
1996-ല് പാകിസ്താന് തെഹ്രികെ ഇന്സാഫ് (പിടിഐ) എന്ന പേരില് രാഷ്ട്രീയ പാര്ട്ടി രൂപീകരിച്ചുകൊണ്ടാണ് ഇമ്രാന് രാഷ്ട്രീയത്തിലേക്ക് കടന്നത്. രാജ്യത്ത് അഴിമതി ഇല്ലാതാക്കുക, സുതാര്യത കൊണ്ടുവരിക എന്നിവയെല്ലാമായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങള്. പക്ഷേ, തുടക്കത്തില് പാര്ട്ടിക്ക് പാകിസ്താനിലെ ജനങ്ങള്ക്കിടയില് സ്വാധാനം നേടാന് സാധിച്ചില്ല. ആദ്യഘട്ടത്തില് വലിയ ശ്രദ്ധ ലഭിക്കാതിരുന്ന പാര്ട്ടിയുടെ വളര്ച്ച സാവധാനത്തിലായിരുന്നു. ഇതിനിടെ, നവാസ് ഷെരീഫ് അദ്ദേഹത്തെ തന്റെ പാര്ട്ടിയില് ചേരാന് ക്ഷണിച്ചു. പാര്ട്ടിയിലെ രണ്ടാമന് എന്ന സ്ഥാനവും 30 നാഷണല് അസംബ്ലി സീറ്റുകളും വാഗ്ദാനം ചെയ്തു. എന്നാല് ഇമ്രാന് അതും നിരസിച്ചു. 1997-ലെ തിരഞ്ഞെടുപ്പില് അദ്ദേഹം നാഷണല് അസംബ്ലിയിലേക്ക് പിടിഐ സ്ഥാനാര്ത്ഥിയായി രണ്ട് മണ്ഡലങ്ങളില് നിന്ന് മത്സരിച്ചു. പക്ഷേ, രണ്ടും പാകിസ്താന് മുസ്ലീം ലീഗ് സ്ഥാനാര്ഥികളോട് പരാജയപ്പെട്ടു. 1999-ലെ പട്ടാള അട്ടിമറിയില് അദ്ദേഹം മുഷ്റഫിനെ പിന്തുണച്ചു. മുഷറഫ് അഴിമതി അവസാനിപ്പിക്കുകയും രാഷ്ട്രീയ മാഫിയകളെ തുടച്ചുനീക്കുമെന്നും ഇമ്രാന് വിശ്വസിച്ചു. 2002-ലെ പാകിസ്താന് ഹിതപരിശോധനയില് മുഷറഫിനെ പിന്തുണച്ച പാര്ട്ടികളില് അദ്ദേഹത്തിന്റെ പാര്ട്ടിയും ഉള്പ്പെട്ടിരുന്നു.
ഇമ്രാന്റെ സ്ഥിരോത്സാഹവും പരിഷ്കരണവാദവും പാകിസ്താനിലെ യുവാക്കളിലും മധ്യവര്ഗത്തിലും മെല്ലെ സ്വാധീനം ചെലുത്താന് തുടങ്ങി. പതിറ്റാണ്ടുകളായി രാജ്യത്ത് ആധിപത്യം പുലര്ത്തിയിരുന്ന രാഷ്ട്രീയക്കാരില്നിന്ന് വ്യത്യസ്തമായി, ഒരു പുതിയ പാകിസ്താന് നിര്മ്മിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ക്ഷേമരാഷ്ട്രം സൃഷ്ടിക്കുമെന്നും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്തുമെന്നും അഴിമതി തടയുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. 2002-ലെ പാകിസ്താന് പൊതുതിരഞ്ഞെടുപ്പില് ഇമ്രാന് മത്സരിച്ചെങ്കിലും ആ തിരഞ്ഞെടുപ്പില് പിടിഐയില് നിന്ന് വിജയിച്ച ഏക വ്യക്തി അദ്ദേഹമായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില് ജനറല് പര്വേസ് മുഷറഫിന്റെ സ്ഥാനാര്ത്ഥിത്വത്തില് പ്രതിഷേധിച്ച് 2007-ല് നാഷണല് അസംബ്ലിയില് നിന്ന് രാജിവച്ച എംപിമാരില് ഇമ്രാനുമുണ്ടായിരുന്നു. മുഷറഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്, ഖാന് കുറച്ചുകാലം ജയിലിലടയ്ക്കപ്പെട്ടു. 2008-ല്, മുഷറഫിന്റെ ഭരണത്തില് പ്രതിഷേധിച്ച് പിടിഐ ദേശീയ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. പിന്നാലെ ചെറുപ്പക്കാരെ ആകര്ഷിക്കുന്നതില് ഇമ്രാന് വിജയിച്ചു. 2008-ല് നടന്ന അംഗത്വക്യാമ്പയിനിലൂടെ 1.5 ലക്ഷത്തോളം ആളുകളാണ് പാര്ട്ടിയില് ചേര്ന്നത്.
2013 പൊതുതിരഞ്ഞെടുപ്പോടെ പിടിഐ പാക് രാഷ്ട്രീയത്തില് കളംപിടിച്ചു. ആ തെരഞ്ഞെടുപ്പിലാണ് പാര്ട്ടി ഒരു പ്രധാന രാഷ്ട്രീയ ശക്തിയായി ഉയര്ന്നുവന്നത്. നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന് മുസ്ലീം ലീഗ്-നവാസ് (പി.എം.എല്-എന്) പിന്നില് 35 സീറ്റ് നേടി രണ്ടാമത്തെ വലിയ പാര്ട്ടിയായി. ഒരു പതിറ്റാണ്ടിനുശേഷമായിരുന്നു ഇമ്രാന്റെ പാര്ട്ടി ഒരു പാര്ലമെന്റ് സീറ്റില് വിജയിക്കുന്നത്. മാത്രമല്ല, ഖൈബര് പഖ്തൂണ്ഖ്വ പ്രവശ്യയില് അവര് പ്രവിശ്യാ സര്ക്കാര് രൂപീകരിച്ചു. ഈ വിജയത്തില് യുവാക്കളുടെ പിന്തുണ വളരെ വലുതായിരുന്നു. മാറ്റത്തിന്റെ സന്ദേശവും അഴിമതിക്കെതിരായ പോരാട്ടവും ജനങ്ങള്ക്കിടയില്, പ്രത്യേകിച്ച് യുവാക്കള്ക്കിടയില് വലിയ സ്വാധാനമാണ് സൃഷ്ടിച്ചത്. പ്രതിപക്ഷത്ത് ഇരുന്ന് അഴിമതിയെയും സാമ്പത്തിക അസമത്വത്തെയും കുറിച്ചുള്ള വിമര്ശനം ഇമ്രാന് തുടര്ന്നു. പി.എം.എല്-എന് വോട്ടെടുപ്പില് കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച അദ്ദേഹം, ഷരീഫിനെ സ്ഥാനമൊഴിയാന് സമ്മര്ദ്ദത്തിലാക്കാന് ബഹുജന പ്രതിഷേധങ്ങള്ക്ക് നേതൃത്വം നല്കി. പിന്നീട് വന്ന തിരഞ്ഞെടുപ്പില് അഴിമതിക്കും ദാരിദ്ര്യത്തിനും എതിരായ പോരാട്ടം എന്ന നിലയിലായിന്നു ഇമ്രാന്റെ മത്സരം.
ഇമ്രാന്റെ സംഭവബഹുലമായ ഭരണകാലം
2018-ലെ പാകിസ്താന് പൊതുതിരഞ്ഞെടുപ്പാണ് ഇമ്രാന്റെ രാഷ്ട്രീയ ജീവിതത്തെ വഴിതിരിച്ചുവിട്ടത്. ആ തിരഞ്ഞെടുപ്പല് ഇമ്രാന്റെ പാര്ട്ടി ആകെ 149 സീറ്റുകള് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സൈന്യത്തിന്റെ അകമഴിഞ്ഞ പിന്തുണയോടെയാണ് പിടിഐ തിരഞ്ഞെടുപ്പില് മുന്നിലെത്തിയതെന്നായിരുന്നു ആരോപണങ്ങള്. സൈന്യം തിരഞ്ഞെടുപ്പില് കൃത്രിമം കാണിച്ചുവെന്ന് അദ്ദേഹത്തിന്റെ എതിരാളികളില് പലരും ആരോപിച്ചു. ഇമ്രാനും സൈന്യവും ഈ ആരോപണങ്ങള് നിഷേധിച്ചു. പാര്ലമെന്റിലെ ചെറിയ കക്ഷികളുമായി അദ്ദേഹം സഖ്യമുണ്ടാക്കി. 2018 ഓഗസ്റ്റ് 18-ന് അദ്ദേഹം പാകിസ്താന്റെ പ്രധാനമന്ത്രിയായി. പിടിഐ പൊതുതിരഞ്ഞെടുപ്പില് വിജയിക്കുകയും ഇമ്രാന് പാകിസ്താന് പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അതിന്റെ ഉന്നതിയിലെത്തി. പതിറ്റാണ്ടുകളായി അഴിമതി ആഴത്തില് വേരുന്നിയ ഒരു രാഷ്ട്രീയ വ്യവസ്ഥയ്ക്കെതിരേ പോരാടിയ ഒരു നേതാവിന്റെ വിജയമായാണ് അദ്ദേഹത്തിന്റെ വിജയത്തെ കണ്ടത്. പക്ഷേ, സംഭവബഹുലമായിരുന്നു ഇമ്രാന്റെ ഭരണകാലം. പ്രധാനമന്ത്രിയെന്ന നിലയില്, വലിയ പ്രതിസന്ധികള് അദ്ദേഹത്തിന് അഭിമുഖീക്കേണ്ടി വന്നു.
അമേരിക്കയില് നിന്ന് മാറി റഷ്യയുമായും ചൈനയുമായും കൂടുതല് അടുക്കുന്ന ഒരു പുതിയ വിദേശനയം ആയിരുന്നു ഇമ്രാന്റേത്. ഒപ്പം സാമ്പത്തിക പ്രതിസന്ധികളുടെ കാലഘട്ടവുമായിരുന്നു ഇത്. പ്രതിസന്ധിയെ തുടര്ന്ന് സൗഹൃദ രാജ്യങ്ങളില് നിന്ന് വിദേശ സഹായം തേടാന് അദ്ദേഹം നിര്ബന്ധിതനായി. ചൈന, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളില് നിന്ന് വായ്പകള് സ്വീകരിച്ചു. ഇതിനിടെ കോവിഡ് മഹാമാരി രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മോശമാക്കി. കുതിച്ചുയരുന്ന പണപ്പെരുപ്പവും വിദേശകടവും അദ്ദേഹത്തിന്റെ പൊതുജനപിന്തുണയില് ഇടിവുണ്ടാക്കി. സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവും സൈന്യവുമായുള്ള ഉരസലും അദ്ദേഹത്തിന് പിന്തുണ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കെത്തി. 2020 അവസാനത്തോടെ, പ്രധാന പ്രതിപക്ഷ പാര്ട്ടികള് പീപ്പിള്സ് ഡെമോക്രാറ്റിക് മൂവ്മെന്റ് എന്ന പേരില് ഒരു സഖ്യം രൂപീകരിച്ചു. അദ്ദേഹത്തിനെതിരായ പ്രതിഷേധങ്ങളിലും റാലികളിലും നടന്നു. ഇമ്രാന് സൈന്യത്തിന്റെ പാവയാണെന്ന് പ്രതിപക്ഷം ആരോപിക്കുകയും അദ്ദേഹത്തോട് രാജിവയ്ക്കാന് ആവശ്യപ്പെടുകയും ചെയ്തു.
2021 അവസാനത്തോടെ ഇമ്രാന് സൈന്യവുമായും തെറ്റി. അതോടെ അധികാരത്തിലേറി മൂന്ന് വര്ഷത്തിനുശേഷം അദ്ദേഹത്തിന് അധികാരം വിട്ടൊഴിയേണ്ടി വന്നു. അഴിമതി, സാമ്പത്തിക ദുര്ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി 2022 മാര്ച്ചില് ഇമ്രാനെതിരേ പ്രതിപക്ഷപാര്ട്ടികള് അവിശ്വാസപ്രമേയം കൊണ്ടുവന്നു. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഇമ്രാന്റെ ശുപാര്ശ പ്രകാരം പ്രസിഡന്റ് ആരിഫ് അല്വി ദേശീയസഭ പിരിച്ചുവിട്ടു. ഇത് റദ്ദാക്കിയ സുപ്രീം കോടതി, ദേശീയസഭ പുനഃസ്ഥാപിക്കുകയും അവിശ്വാസ വോട്ടെടുപ്പ് നടത്താന് നിര്ദേശിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങള്ക്ക് ഒടുവില് ഏപ്രില് 10-ന് രാത്രി ദേശീയസഭയില് ഇമ്രാന് ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് നടന്നു. ഭരണപക്ഷ അംഗങ്ങള് വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നു. പി.ടി.ഐ. അംഗങ്ങള് വിട്ടുനിന്നതോടെ പ്രമേയം പാസായി. ഇതോടെ പാകിസ്താന് ചരിത്രത്തില് തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യത്തെ പ്രധാനമന്ത്രിയായി ഇമ്രാന് ഖാന്.
കേസുകള് വിചാരണ, ജയില് ജീവിതം
പ്രധാനമന്ത്രി പദവിയില്നിന്നു പാര്ലമെന്റ് പുറത്താക്കിയതിന് പിന്നാലെ ഇമ്രാന്റെ പേരില് ഭീകരപ്രവര്ത്തനം, കൊലപാതകം, മതനിന്ദ, കലാപാഹ്വാനം തുടങ്ങി 140-ലേറെ കേസുകളാണ് ചുമത്തിയത്. ഇമ്രാനെ അറസ്റ്റു ചെയ്യാന് അധികൃതര് പലവട്ടം ശ്രമിച്ചു. ഇമ്രാന് ഔദ്യോഗിക സമ്മാനങ്ങളും അവയുടെ വില്പ്പന വരുമാനവും വെളിപ്പെടുത്തിയില്ലെന്നും നികുതി വരുമാനം വെളിപ്പെടുത്തിയില്ലെന്നും ആരോപിച്ച് ഷെഹ്ബാസ് ഷെരീഫ് സര്ക്കാര് 2022 ഓഗസ്റ്റില് തോഷഖാന കേസ് ഫയല് ചെയ്തു. ലഹോറിലെ വീട്ടില്നിന്ന് ഇമ്രാനെ അറസ്റ്റ് ചെയ്യാന് ശ്രമം നടത്തി. പക്ഷേ, പാര്ട്ടി അണികളുടെ ചെറുത്തുനില്പ്പിനെ തുടര്ന്ന് നടന്നില്ല. 2023 മേയില് ഇമ്രാനെ പാക് റേഞ്ചേഴ്സ് ഇസ്ലാമാബാദ് ഹൈക്കോടതിയില്നിന്ന് നാടകീയമായി അറസ്റ്റുചെയ്തു. ഇതേത്തുടര്ന്ന് രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങള് പൊട്ടിപ്പുറപ്പെട്ടു. കേസില് മൂന്ന് വര്ഷത്തെ തടവിന് കോടതിവിധിച്ചു. തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്നും അഞ്ച് വര്ഷം വിലക്കുകയും ചെയ്തു. പിന്നാലെ 2024-ലെ ദേശീയ തിരഞ്ഞെടുപ്പില് മത്സരിക്കാന് ഇമ്രാന് സമര്പ്പിച്ച പത്രിക തള്ളുകയും ചെയ്തു.
2024 ജനുവരിയില് സൈഫര് കേസില് പാകിസ്താന് മുന് പ്രധാനമന്ത്രി ഇമ്രാന് ഖാനും മുന് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും പത്ത് വര്ഷം ജയില്ശിക്ഷ വിധിച്ചു. അഴിമതിക്കേസില് ജയില്ശിക്ഷ അനുഭവിക്കുന്നതിനിടെ അദിയാല ജില്ലാ ജയിലില്വെച്ചാണ് കേസിന്റെ വിചാരണ ആരംഭിച്ചതും ശിക്ഷ വിധിച്ചതും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2022-ല് മാര്ച്ചില് യു.എസ് എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള് വെളിപ്പെടുത്തി ഔദ്യോഗികരഹസ്യ നിയമം ലംഘിച്ച കുറ്റത്തിനായിരുന്നു ശിക്ഷ. പിറ്റേ വര്ഷം ജനുവരിയില് അല്-ഖാദിര് ട്രസ്റ്റ് അഴിമതിക്കേസില് ഇമ്രാന്ഖാനും ഭാര്യ ബുഷ്റ ബീബിക്കും തടവ് ശിക്ഷ വിധിച്ചു. ഇമ്രാന്ഖാന് 14 വര്ഷവും ബുഷ്റ ബീബിക്ക് ഏഴ് വര്ഷവുമാണ് തടവ്.
2023 മുതല് ജയിലിലാണെങ്കിലും പാകിസ്താന് രാഷ്ട്രീയത്തിലെ ശക്തമായ പ്രതിപക്ഷ ശബ്ദമാണ് ഇമ്രാന് ഖാന്. സൈന്യത്തിനും സര്ക്കാരിനും വലിയ തലവേദനയാണ് അദ്ദേഹം. അഭിഭാഷകര്, പാര്ട്ടി അണികള്, ഒരു സോഷ്യല് മീഡിയ ടീം എന്നിവയിലൂടെ അദ്ദേഹം തന്റെ വാക്കുകള് പാകിസ്താനിലെ ജനങ്ങളിലേക്കെത്തിച്ചു. ഭരണത്തിലെ അഴിമതിയെക്കുറിച്ച് വാചാലനാകുന്നു. അതോടെ വിറളിപൂണ്ട ഭരണകൂടവും സൈന്യവും പൊതുജനങ്ങളുടെ ഓര്മ്മയില് നിന്നും ഇമ്രാനെ മായ്ച്ചുകളയാനാണ് ശ്രമിച്ചത്. രാജ്യത്തെ ടെലിവിഷനില് അദ്ദേഹത്തിന്റെ ചിത്രങ്ങള് അനുവദനീയമല്ല. അദ്ദേഹത്തിന്റെ പേര് പരാമര്ശിക്കുന്നത് പോലും വിലക്കപ്പെട്ടിരിക്കുന്നു. ജൂണില് അദ്ദേഹത്തിന്റെ മോചനത്തിനായി പാകിസ്താനിലേക്ക് വരാന് ആഗ്രഹിക്കുന്നുവെന്ന് മക്കള് പറഞ്ഞപ്പോള് അവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവില് കോടതി ഉത്തരവുകള് അവഗണിച്ച് ഭരണകൂടം കുടുംബവുമായും അഭിഭാഷകരുമായും ബന്ധപ്പെടുന്നതില് നിന്ന് വിച്ഛേദിച്ചു. ഇമ്രാന് ജീവനോടെയുണ്ടോ എന്ന് എന്ന് കുടുംബം ആശങ്കപ്പെടുമ്പോഴും ഉത്തരം ഭരണകൂടത്തിന് മാത്രമേ അറിയൂ. ജീവനോടെയുണ്ട് എന്ന് പറയുമ്പോഴും അതിന്റെ തെളിവുകള് അവര് പുറത്തുവിടുന്നതുമില്ല.
Content Highlights: Is Imran Khan alive? Family fears for former Pakistan PM`s life as he remains in jail. Demands for proof of life grow. Explore his journey and current crisis.
Published: 02 Dec 2025, 04:39 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented