
തുല്യരായവര്‍ക്കിടയില്‍ മാത്രമേ തുല്യതയുണ്ടാവൂ. തുല്യരല്ലാത്തവരെ തുല്യരായി കാണുന്നത് തുല്യതയില്ലായ്മയെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്യൂ.
ഇന്ത്യയുടെ തെരുവുകളില്‍ ഒരു കാലത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം ആളിക്കത്താന്‍ കാരണമായ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയായിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം രാജ്യം സാക്ഷിയായത് സമാനതകളില്ലാത്ത സമരങ്ങള്‍ക്ക്. ദില്ലിയില്‍ നടന്ന സമരത്തിനിടെ ദില്ലി സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന രാജീവ് ഗോസ്വാമി തീ കൊളുത്തി രക്തസാക്ഷിയാവാൻ ശ്രമിച്ചു. അമ്പത് ശതമാനത്തിലേറെ പൊള്ളലേറ്റ രാജീവ് ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്യുന്ന ഫോട്ടോ അന്ന് ലോക മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചു.
ആത്മഹത്യയും പ്രക്ഷോഭവും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞെങ്കിലും അന്നത്തെ പ്രധാനമന്ത്രി വി.പി. സിങ് 1990 ഓഗസ്റ്റ് എഴിന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഒ.ബി.സി. വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27% സംവരണം അനുവദിച്ചു കൊണ്ടുള്ള ഈ റിപ്പോര്‍ട്ട് അന്നത്തെ രാഷ്ട്രീയ, സംവരണ ചരിത്രത്തെ തന്നെയാണ് മാറ്റി മറിച്ചത്. ഈ ചരിത്രം ഇപ്പോള്‍ ഓര്‍മിക്കാന്‍ കാരണം ബിഹാറില്‍ ജാതി സെന്‍സസ് റിപ്പോര്‍ട്ട് മുഖ്യന്ത്രി നീതീഷ് കുമാര്‍ പുറത്തുവിട്ടതോടെയാണ്. ബി.ജെ.പിക്കെതിരേ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' പ്രധാന അജണ്ടയായി മുന്നോട്ട് വെക്കുന്നതും ജാതി സെന്‍സസ് ആണ്. ഇതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടുന്ന ആദ്യ സംസ്ഥാനമായി ബിഹാര്‍ മാറിയിരിക്കുന്നത്.

ബിഹാര്‍ ജനസംഖ്യയുടെ 36 ശതമാനവും അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 27.12% പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളവരും 19.7% പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരും 1.68% പട്ടികവര്‍ഗക്കാരുമാണെന്ന് സെന്‍സസ് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. സംവരണേതര വിഭാഗത്തില്‍ പെടുന്ന മുന്നോക്ക വിഭാഗം 15.52 ശതമാനമാണ്. 13 കോടിയിലധികമാണ് ബിഹാറിലെ ആകെ ജനസംഖ്യ. അതിപിന്നാക്ക- പിന്നാക്ക വിഭാഗങ്ങള്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നവരാണ്. അതായത് സംസ്ഥാന ജനസംഖ്യയുടെ 63.12 ശതമാനവും ഒ.ബി.സി. വിഭാഗമാണ്. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍. 14.27%.
ഹിന്ദുത്വം മുഖ്യ അജണ്ടയായി കണക്കാക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ബിഹാറിലെ ഈ ജനസംഖ്യാ കണക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കാരണം ജനസംഖ്യയില്‍ 63 ശതമാനത്തോളം വരുന്ന ഈ വിഭാഗം ഭാവിയില്‍ സംവരണത്തിനും ആനുകൂല്യത്തിനുമായി സമ്മര്‍ദം ചെലുത്തുമെന്ന് ബി.ജെ.പി. കണക്ക് കൂട്ടുന്നു. ഈ സെന്‍സിനെ അംഗീകരിച്ചാല്‍ തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന മുന്നോക്ക വിഭാഗത്തിന്റെ എതിര്‍പ്പിനെ ബി.ജെ.പി. കരുതിയിരിക്കേണ്ടി വരും. സെന്‍സസിനെ അംഗീകരിച്ചില്ലെങ്കില്‍ തങ്ങളുടെ മുഖ്യ വോട്ടു ബാങ്കായ ഒ.ബി.സി. വിഭാഗത്തിന്റെ എതിര്‍പ്പിനേയും നേരിടേണ്ടി വരും. ഇതോടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ജാതി സെന്‍സസിനെ തള്ളാനും കൊള്ളാനുമാവാത്ത അവസ്ഥയിലാണ് ബി.ജെ.പിയിപ്പോള്‍.
ഒ.ബി.സി. സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പടെ ജാതി സെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് തന്നെ ജാതി സര്‍വേയ്ക്കായുള്ള പ്രവര്‍ത്തനം നിതീഷ് കുമാര്‍ ആരംഭിക്കുകയും നടപ്പാക്കാനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് 'ഇന്ത്യ' സഖ്യം 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുഖ്യ അജണ്ടായി ജാതി സെന്‍സസിനെ തീരുമാനിച്ചത് എന്നതും ശ്രദ്ധേയമായി.

- കിങ്മാനാവാന്‍ നിതീഷ് കുമാര്‍
മോദിക്കെതിരായുള്ള ഇരുതല മൂര്‍ച്ചയുള്ള വാളെന്നാണ് പുറത്തുവിട്ട ജാതി സെന്‍സസ് റിപ്പോര്‍ട്ടിനെ പ്രതിപക്ഷ മുന്നണികള്‍ വിലയിരുത്തുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്ന ഉടന്‍തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പ് ഇതിന് ഉദാഹരണമാണ്. ''ബിഹാര്‍ പുറത്തുവിട്ട ജാതി സെന്‍സസ് കണക്ക് സൂചിപ്പിക്കുന്നത് ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗത്തിലുള്ളവര്‍ 84 ശതമാനമാണ്. 90 കേന്ദ്ര സെക്രട്ടറിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് ഒ.ബി.സി. വിഭാഗത്തില്‍ നിന്നുള്ളവര്‍. ഇത് സൂചിപ്പിക്കുന്നത് രാജ്യത്ത് ജാതി സെന്‍സസ് നടപ്പിലാക്കേണ്ട അത്യാവശ്യത്തെക്കുറിച്ചാണ്.'' രാഹുലിന്റെ ഈ പ്രസ്താവനയെ വലിയ ആശങ്കയോടെ തന്നെയാണ് ബി.ജെ.പി. കാണുന്നത്. ഇതോടൊപ്പം ബി.ജെ.പിക്കെതിരേ ഒരു പോസീറ്റീവ് ആയുധം മുന്നോട്ട് വെക്കാനായി എന്നത് കൊണ്ടു തന്നെ നിതീഷ് കുമാര്‍ പ്രതിപക്ഷ മുന്നണിയുടെ കിങ് മേക്കാറാവാനുള്ള സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ആസന്നമായ മധ്യപ്രദേശ്, ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പുകളുടെ മുഖ്യ പ്രചാരണ ആയുധമായി കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ജാതിസെന്‍സസ് നടപ്പാക്കുമെന്ന വാഗ്ദാനമാണ്. ജാതി സെന്‍സസ് ഉടന്‍ പുറത്തുവിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സസ് എന്നത് മറ്റൊരു മണ്ഡല്‍ കമ്മീഷന്‍ വെല്ലുവിളിയായി മാറുമോയെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.

മധ്യപ്രദേശില്‍ മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികമാണ് ഒ.ബി.സി. വിഭാഗം. അതുകൊണ്ടു തന്നെ ജാതി സെന്‍സസ് എന്ന തങ്ങളുടെ പ്രചാരണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ 2003 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ഒ.ബി.സി. വിഭാഗങ്ങളുടെ നിര്‍ണായക പിന്തുണ ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ഈ വോട്ടുബാങ്കിലേക്കാണ് ജാതി സെന്‍സസ് പ്രസ്താവനയിലൂടെ രാഹുല്‍ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും ലക്ഷ്യമിടുന്നത്. കര്‍ണാടക സംസ്ഥാനം സ്ഥിരം പിന്നാക്ക വിഭാഗ കമ്മീഷന്‍ തയ്യാറാക്കിയ സാമൂഹിക-സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുമെന്നും ഡാറ്റയുടെ അടിസ്ഥാനത്തില്‍ വിവിധ സമുദായങ്ങള്‍ക്ക് സൗകര്യങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയതും ജാതി സെന്‍സസ് എന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപന ലക്ഷ്യത്തിലൂന്നായാണ്. സാമൂഹിക-സാമ്പത്തിക സര്‍വേ അല്ലെങ്കില്‍ ജാതി സെന്‍സസിലൂടെ ജനങ്ങള്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളെക്കുറിച്ച് ഉചിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് ആവശ്യമായ ഡാറ്റ നല്‍കുമെന്നാണ് മുഖ്യന്ത്രി വ്യക്തമാക്കിയത്. സംവരണത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ സൃഷ്ടിച്ച ആശയക്കുഴപ്പം പരിഹരിക്കുമെന്നും സാമൂഹിക നീതി ലഭ്യമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2015-ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സാമൂഹ്യ-സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അഥവാ ജാതി സെന്‍സസ് കമ്മീഷന്‍ ചെയ്തത്. 162 കോടി രൂപ ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 2018-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചപ്പോള്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നുള്ള സര്‍ക്കാരുകള്‍ അത് അംഗീകരിച്ചുമില്ല- ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അംഗീകരിക്കുമെന്ന് സിദ്ധരാമയ്യ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് അംഗീകരിക്കുന്നത് ദോഷകരമാകുമെന്നാണ് കര്‍ണാടക കോണ്‍ഗ്രസിലെ ചിലര്‍ വിശ്വസിക്കുന്നത്. കാരണം ഈ നീക്കം സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ വൊക്കലിഗകളെയും ലിംഗായത്തുകളെയും കോണ്‍ഗ്രസില്‍നിന്ന് അകറ്റാനിടയുണ്ട് എന്ന ന്യായമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുസമുദായങ്ങളും പാര്‍ട്ടിയെ ശക്തമായി പിന്തുണച്ചിരുന്നു. എന്നാല്‍, പിന്നാക്ക വിഭാഗങ്ങളുടെ രക്ഷകനായി സ്വയം സ്ഥാനമുറപ്പിച്ച സിദ്ധരാമയ്യ പാര്‍ട്ടിയുടെ പ്രഖ്യാപിത അജണ്ടയെന്ന നിലയ്ക്ക് റിപ്പോര്‍ട്ട് അംഗീകരിച്ച് സംവരണം പുനഃക്രമീകരിക്കാനുള്ള സമ്മര്‍ദത്തിലാണ്. ഇത് കോണ്‍ഗ്രസിന് അനുകൂലമായി ഒ.ബി.സി. വോട്ടുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ്- പക്ഷെ, കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാവുമോ എന്ന ആശങ്കയുമുണ്ട്.

- ജാതി സെന്‍സസ് അവസാനം നടന്നത് 1931-ല്‍
ജാതി എക്കാലവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ഘടകമായതിനാല്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് എന്ന ആവശ്യത്തിനും അത്രയേറെ പഴക്കമുണ്ട്. രാജ്യത്ത് 1931-ല്‍ ആണ് അവസാനമായി ജാതി തിരിച്ചുള്ള സെന്‍സസ് നടത്തിയത്. ലഭ്യമായ ഡാറ്റയ്ക്ക് ഏകദേശം 91 വര്‍ഷത്തെ പഴക്കമുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന വിഭാഗമായ ഒ.ബി.സി. വോട്ടുകളുടെ കാര്യത്തില്‍ ജാതി സെന്‍സസ് ഏറ്റവും പ്രധാനമായ വസ്തുതയാണ് എന്ന തിരിച്ചറിവിലാണ് വീണ്ടും ജാതി സെന്‍സസ് എന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നിട്ട് വന്നിട്ടുള്ളത്. ബി.ജെ.പി. മുന്നോട്ട് വെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം എന്നതിലപ്പുറം ജാതി സെന്‍സസിന് ജനങ്ങളില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലും ജാതി സെന്‍സ് എന്ന ആവശ്യത്തിന് പ്രധാന്യമേറുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതിന് തുടക്കം കുറിച്ചതോടെ ചരിത്രത്തിലാദ്യമായി ജാതി തിരിച്ചുള്ള സെന്‍സസ് പുറത്തുവിടുന്ന ആദ്യ സംസ്ഥാനമായി ബിഹാര്‍ മാറുകയും ചെയ്തു.
ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്ക് എന്നതിലപ്പുറം ഒ.ബി.സിക്കാര്‍ക്ക് വേണ്ടി എന്‍.ഡി.എ. സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന ചോദ്യമാണ് പ്രതിപക്ഷ മുന്നണികള്‍ പ്രധാനമായും ചോദിച്ചുകൊണ്ടിരിക്കുന്നത്. എന്‍.ഡി.എ. മുന്നണിയില്‍ അധികാരവും പ്രബല സ്ഥാനവുമെല്ലാം കൈയക്കിവെച്ചിരിക്കുന്നത് പ്രബല വിഭാഗങ്ങളാണ് എന്നുള്ളത് യാഥാര്‍ഥ്യമാണ്. ഇവര്‍ക്കിടയിലേക്കാണ് ജാതി സെന്‍സ് എന്ന ചര്‍ച്ച പ്രതിപക്ഷ മുന്നണികള്‍ മുന്നോട്ട് വെച്ചിട്ടുള്ളത്. ബിഹാറിന് പുറമെ ദേശീയ തലത്തില്‍തന്നെ ജാതി സെന്‍സസ് നടത്തണമെന്നാണ് നീതീഷ് കുമാറും ലാലു പ്രസാദ് യാദവ് അടക്കമുള്ളവരും ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തില്‍ ഒരു പടി മുന്നിട്ട് നില്‍ക്കുന്നത് കൂടിയായി ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട്. ഇത് ഇപ്പോള്‍ തന്നെ വലിയ ആത്മവിശ്വാസത്തിലുള്ള 'ഇന്ത്യ' മുന്നണിക്ക് നല്‍കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ലതാനും.
- ജാതിസെന്‍സസും ബി.ജെ.പിയുടെ തലവേദനയും
ജാതി സംവരണത്തിനപ്പുറം സാമ്പത്തിക സംവരണമെന്ന ആവശ്യമാണ് ബി.ജെ.പി. കാലങ്ങളായി മുന്നോട്ടുവെക്കുന്നത്. ആല്ലാത്ത പക്ഷം പ്രമുഖ വിഭാഗങ്ങള്‍ തങ്ങളെ കൈവിടുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. അതുകൊണ്ടു തന്നെ വരുംദിവസങ്ങളില്‍ സാമ്പത്തിക സംവരണമെന്ന തങ്ങളുടെ പഴയ നിലപാടിനെ പൊടിതട്ടിയെടുത്ത് ജാതിസെന്‍സസിനെ പ്രതിരോധിക്കാനുള്ള നീക്കമാവും ബി.ജെ.പി. നടത്തുക. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബി.ജെ.പി. വന്‍തോതില്‍ ഒ.ബി.സി. വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സ്വന്തമാക്കിയത്. ഒ.ബി.സി. വോട്ട് ബാങ്കിലേക്കുള്ള ബി.ജെ.പിയുടെ ഈ കടന്നുകയറ്റം പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണയില്‍ കുറവുണ്ടാക്കി. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 22% വിഭാഗത്തിൽ ഉള്ളവർ ബി.ജെ.പിക്ക് വോട്ട് ചെയ്തപ്പോള്‍ 42% പ്രാദേശിക പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്തു. എന്നാല്‍, ഒരു ദശാബ്ദത്തിനുള്ളില്‍, ഒ.ബി.സികള്‍ക്കിടയിലുള്ള ബി.ജെ.പിയുടെ പിന്തുണയില്‍ ഗണ്യമായ മാറ്റമാണുണ്ടാക്കിയത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 44% ഒ.ബി.സി. വോട്ട് ബിജെപിക്ക് ലഭിച്ചപ്പോള്‍ 27% മാത്രമാണ് പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലഭിച്ചതെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
വിവിധ ജാതികളെ, പ്രത്യേകിച്ച് ഒ.ബി.സി. ജാതികളെ കുറിച്ച് പുറത്തു വരുന്ന കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒ.ബി.സി. ക്വാട്ട പുന:ക്രമീകരിക്കുന്നതിനായി ബി.ജെ.പിയില്‍ സമ്മര്‍ദം ചെലുത്താന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പുതിയ ആയുധം നല്‍കുമെന്ന ഭയമാണ് അഖിലേന്ത്യാ തലത്തില്‍ ജാതി സെന്‍സസ് നടത്തുന്നതിനോട് ബി.ജെ.പി. വിമുഖത കാണിക്കുന്നതിന്റെ കാരണം. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്ന ബി.ജെ.പിയെ വെല്ലുവിളിക്കാനുള്ള പോസിറ്റീവ് അജണ്ട കണ്ടെത്താന്‍ പാടുപെടുന്ന പല പ്രാദേശിക പാര്‍ട്ടികള്‍ക്കും ഒരു പുതിയ ജീവന്‍ നല്‍കുന്നത് കൂടിയാവും ബിഹാറില്‍ പുറത്തുവിട്ടു തുടങ്ങിയ ജാതിസെന്‍സ് റിപ്പോര്‍ട്ടുകള്‍.

- ഓര്‍മയില്‍ ഇന്നും രാജീവ് ഗോസ്വാമി
സംവരണ വിവാദങ്ങള്‍ ഉണ്ടാവുമ്പോഴൊക്കെ രാജ്യം ഏറ്റവും ആദ്യം ഓര്‍ക്കുന്ന പേരാണ് ഡല്‍ഹി സര്‍വകലാശലയിലെ വിദ്യാര്‍ഥികളിൽ ഒരാളായ രാജീവ് ഗോസ്വാമിയുടേത്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വി.പി. സിങ് സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാനിറങ്ങിയതോടെയാണ് ദേശ്ബന്ധു കോളേജിലെ രാജീവ് ഗോസ്വാമിയെ രാജ്യം കേട്ടു തുടങ്ങിയത്. സംവരണത്തിനെതിരേ രാജ്യത്തിന്റെ തെരുവോരങ്ങളില്‍ പ്രതിഷേധങ്ങള്‍ തെരുവുകള്‍ കീഴടക്കുന്ന കാലമായിരുന്നു അത്. ഇതിനിടെ 1990 സെപ്റ്റംബര്‍ 19-ന് സ്വയം തീക്കൊളുത്തി. ആളിക്കത്തിയ തീയോടൊപ്പം പോലീസ് അറസ്റ്റ് ചെയ്യുന്ന രാജീവ് ഗോസ്വാമിയുടെ ചിത്രം ഏറ്റെടുത്ത് പിന്നീട് നടന്നത് സ്വയം തീക്കൊളുത്തലിന്റെ സീരീസിന് തന്നെയായിരുന്നു. തുടര്‍ന്നായിരുന്നു വിഷയത്തില്‍ സുപ്രീം കോടതിക്ക് ഇടപടേണ്ടി വന്നത്.
അമ്പത് ശതമാനത്തിലേറെയാണ് അന്ന് രാജീവ് ഗോസ്വാമിക്ക് പൊള്ളലേറ്റത്. കാട്ടുതീ പോലെയാണ് രാജീവ് ഗോസ്വാമിയുടെ ആത്മഹത്യാ പ്രവണത കത്തിപ്പടര്‍ന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും സമാനമായ രീതിയില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പിന്നീട് സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വി.പി. സിങ് അവതരിപ്പിച്ച വിശ്വാസപ്രമേയം സഭയില്‍ 346-ന് എതിരേ 142 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സംവരണത്തെ എതിര്‍ത്ത് വോട്ടു ചെയ്ത 346 പേരില്‍ 116 എം.പിമാര്‍ പിന്നോക്കക്കാരായിരുന്നുവെന്നത് ചരിത്രം. രാജീവ് ഗോസ്വാമി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും സാധാരണ ജീവിതം നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പൊള്ളല്‍ സമ്മാനിച്ച ആരോഗ്യാവസ്ഥയുമായി മിക്കപ്പോഴും ആശുപത്രി വാസത്തിലായ രാജീവ് ഗോസ്വാമി 2004-ല്‍ മരണമടയുകയും ചെയ്തു.
- എങ്ങനെ നേരിടും? എന്താണ് ബി.ജെ.പിയുടെ മറുതന്ത്രം
1977 മുതല്‍ 1979 വരെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കര്‍പ്പൂരി ഠാക്കൂറാണ് ജാതി സംവരണം എന്ന ആശയത്തിന് ആദ്യമായി തുടക്കമിട്ടത്. സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്ന മുംഗേരി ലാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന നിലപാടായിരുന്നു അന്ന് അദ്ദേഹത്തിനുണ്ടായത്. എന്നാല്‍, ഇത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചത്. ഠാക്കൂറിനെ മുഖ്യമന്ത്രി സ്ഥാനത്തിരുത്തി ജനത പാര്‍ട്ടിയിലെ ഉയര്‍ന്ന ജാതിക്കാര്‍ സംവരണ നിയമത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. ഒടുവില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിയും വന്നു. പിന്നീട് വന്ന രാം സുന്ദര്‍ ദാസ് മന്ത്രിസഭ ഉയര്‍ന്ന ജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ കൂടുതല്‍ സംവരണം നല്‍കി സംവരണ നിയമം അട്ടിമറിച്ച ചരിത്രവും ബിഹാറിനുണ്ട്. ലാലു പ്രസാദ് യാദവ് , രാം വിലാസ് പാസ്വാന്‍ , ദേവേന്ദ്ര പ്രസാദ് യാദവ് , നിതീഷ് കുമാര്‍ തുടങ്ങിയ പ്രമുഖ ബിഹാറി നേതാക്കളുടെ ഉപദേശകന്‍ എന്നും കര്‍പ്പൂരിന ഠാക്കൂറിനെ അറിയപ്പെട്ടിരുന്നു. ഇതേ കര്‍പ്പൂരി ഠാക്കൂറിന്റെ ശിഷ്യനായ നിതീഷ് കുമാര്‍ തന്നെയാണ് ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിടുന്ന ആദ്യ സംസ്ഥാന മുഖ്യമന്ത്രിയായി മാറിയെന്നതും ശ്രദ്ധേയം.

ബിഹാറില്‍ ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇതിനെ മറികടക്കാന്‍ ബി.ജെ.പി. എന്ത് മറുതന്ത്രം മെനയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 'ഇന്ത്യ' മുന്നണി ജാതി സെന്‍സസ് എന്ന ആവശ്യത്തിന് കൂടുതല്‍ പ്രചാരണം നല്‍കാന്‍ തുടങ്ങിയതോട വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് മുഖ്യ രാഷ്ട്രീയ അജണ്ടയായി മാറുമെന്നും ഉറപ്പാണ്. ഇതിനിടെയാണ് ബിഹാറിലെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഒരു പടി മുന്നെ നീതീഷ് കുമാര്‍ നടന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ജാതിയുടെ പേരില്‍ രാജ്യത്തെ വിഘടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ജാതി സെന്‍സസ് പുറത്തുവന്ന ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞത്. ഇതിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ പ്രസ്താവനയെ കൂട്ടുപിടിക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ കിട്ടണമെന്നാണ് മുന്‍പ് മന്‍മോഹന്‍ സിങ് പറഞ്ഞത്. എന്നാല്‍, വിവിധ വിഭാഗങ്ങളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കണമെന്നാണ് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പറയുന്നത്. കോണ്‍ഗ്രസ് ലക്ഷ്യം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണോ എന്നും മോദി ചോദിച്ചു. നരേന്ദ്ര മോദിയുടെ ഈ ആരോപണം ജാതി സെന്‍സിനെതിരേ ന്യൂനപക്ഷ വികാരം ഇളക്കിവാടാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഇതിന് പുറമെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുസ്‌ലിം വിഭാഗങ്ങളിലെ മുന്നോക്കക്കാരെ അതി പിന്നോക്ക വിഭാഗത്തില്‍ (ഇ.ബി.സി) യില്‍ ഉള്‍പ്പെടുത്തിയത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും അദ്ദേഹത്തിന്റെ മുന്‍ഗാമി ലാലു പ്രാസാദ് യാദവുമടക്കമുള്ളവരാണെന്നും അതുവഴി ഹിന്ദു മുസ്ലീം വിഭാഗത്തിലെ യഥാര്‍ഥ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടപ്പെട്ടുവെന്നും മോദി ആരോപിച്ചു. 1996-മുതല്‍ 2013 വരെയുള്ള കാലത്താണ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറും മുസ്ലീം വിഭാഗത്തിലെ മുന്നോക്കക്കാരെ ഇ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തിയത്. ഇത്തരക്കാരെ ഇ.ബി.സി. കാറ്റഗറയില്‍ ഉള്‍പ്പെടുത്തിയതോടെ ഇ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടേണ്ട യഥാര്‍ഥ ഹിന്ദു മുസ്സീം വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നീതി ലഭിച്ചില്ലെന്നും മോദി ആരോപിച്ചിരുന്നു. ഈ ആരോപണം കൂടുതല്‍ ശക്തമാക്കിയായിരിക്കും ജാതി സെന്‍സസ് എന്ന പ്രതിപക്ഷ തന്ത്രത്തെ വരും ദിവസങ്ങളില്‍ ബി.ജെ.പിയും എന്‍.ഡി.എയും പ്രതിരോധിക്കുക.
Content Highlights: How will caste census demand affect BJP in 2024 Lok Sabha elections?
Published: 05 Oct 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented