20 വര്‍ഷത്തെ പിണക്കം മറന്ന് ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിക്കുന്നു! മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് പുറത്ത് വരുന്നത്. ശിവസേനയെ പിളര്‍ത്തിയ താക്കറെ കുടുംബത്തിലെ ഭിന്നതകള്‍ അവസാനിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പലരും അത് വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, സംസ്ഥാന താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒന്നിക്കാന്‍ തയ്യാറാണെന്ന രീതിയില്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ മകന്‍ ഉദ്ധവ് താക്കറെയും സഹോദരന്റെ മകന്‍ രാജ് താക്കറെയും പ്രതികരിച്ചതോടെ ഇത് യാഥാര്‍ഥ്യമാകുകയാണെന്ന തിരിച്ചറിവിലാണ് മഹാരാഷ്ട്ര രാഷ്ട്രീയം.

To advertise here,

2006ലാണ് ഇരുവരും രാഷ്ട്രീയമായും മാനസികമായും വേര്‍പിരിഞ്ഞത്. ഉദ്ധവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് രാജ് താക്കറെ ശിവസേനയില്‍നിന്ന് പിരിഞ്ഞ് മഹാരാഷ്ട്ര നവനിര്‍മാണ്‍സേന സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, രാജ് താക്കറെ പാര്‍ട്ടിയില്‍ ഒന്നുമല്ലാതായതില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മുംബൈ നഗരത്തെ പിടിച്ചു കുലുക്കിയ ഒരു ദുരൂഹ മരണം. ഇപ്പോള്‍ താക്കറെ കസിന്‍സ് വീണ്ടും ഒന്നിക്കുകയാണെന്ന വാര്‍ത്തകള്‍ സജീവമാകുമ്പോള്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ആ മരണവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും വീണ്ടും ചര്‍ച്ചയാവുകയാണ്.

കമ്മുണിസ്റ്റുകളെ നേരിടാന്‍ കോണ്‍ഗ്രസ് വളര്‍ത്തിയ ശിവസേന

മുംബൈയില്‍ മറാത്ത ജനത മറ്റ് ജനവിഭാഗങ്ങളില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമുയര്‍ത്തിയാണ് 1966ല്‍ തന്റെ നാല്‍പ്പതാം വയസ്സില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെ ശിവസേന സ്ഥാപിച്ചത്. 1963 മുതല്‍ 1975 വരെയുള്ള, കോണ്‍ഗ്രസ് മുഖ്യമന്ത്രി വസന്ത് റാവു നായിക്കിന്റെ 12 വര്‍ഷത്തെ ഭരണത്തിന്റെ തണലിലാണ് ശിവസേന വേരുറപ്പിച്ചത്. മറാഠി ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്ന താക്കറെയുടെ മാര്‍മിക് മാഗസിന്‍ ഉദ്ഘാടനം ചെയ്തത് തന്നെ കോണ്‍ഗ്രസ് നേതാവായ വസന്ത് റാവുവാണ്. അന്നത്തെ കാലത്ത് ബോംബെ നഗരത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ നേരിടാന്‍ ശിവസേനയെ വളര്‍ത്തുകയായിരുന്നു വസന്ത് റാവുവിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യം. അക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടിയല്ലാതിരുന്ന ശിവസേനയെ 1966 ജൂണില്‍ ദാദറിലെ ശിവസേനപാര്‍ക്കില്‍ നടന്ന റാലിയോടെ ശക്തമായ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റി. പിന്നീട് നടന്ന മുംബൈ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നേരത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടികളും നേടിയിരുന്ന സീറ്റുകള്‍ ശിവസേന നേടിയെടുത്തു. നിരവധി ഇടത് ട്രേഡ് യൂണിയന്‍ നേതാക്കള്‍ കൊല്ലപ്പെട്ടു.

placeholder
ബാല്‍ താക്കറെ | Photo: gettyimages

മുംബൈയിലേക്ക് ഓരോ ദിവസവും മുന്നൂറ് കുടുംബങ്ങള്‍ കുടിയേറുന്നുവെന്നും വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം അന്യസംസ്ഥാനക്കാര്‍ നഗരത്തിലെത്തുന്നുവെന്നും ശിവസേന പ്രചരിപ്പിച്ചു. ഹഠാവോ ലുങ്കി, ബചാവോ പുങ്കി എന്ന ആക്രമണാഹ്വാനം ഏറ്റെടുത്ത ശിവസേന പ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യക്കാരുടെ സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്തു. മലയാളികളും തമിഴരുമായ കച്ചവടക്കാര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. 1970 ന് ബോംബെയിലെ ജനകീയ ട്രേഡ് യൂണിയന്‍ നേതാവും സി.പി.ഐയുടെ പരേല്‍ എം.എല്‍.എയുമായിരുന്ന കൃഷ്ണ ദേശായി കുത്തേറ്റ് മരിച്ചു. യൂണിയന്‍ ഓഫീസുകള്‍ തീയിട്ടു. പിന്നീട് ഈ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലും 1972ലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും 50 ശതമാനത്തിലേറെ വോട്ട് നേടി ശിവസേന നഗരത്തിലെ അജയ്യ ശക്തിയായി മാറി. തുടര്‍ന്ന് ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ വ്യാപക കലാപങ്ങളുണ്ടായി. 1980കളോടെ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ മിക്കവാറും സ്ഥാപനങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ശിവസേനയ്ക്ക് സാധിച്ചു. ഇതിനിടയില്‍ ശിവസേന സമ്പൂര്‍ണ ഹിന്ദുത്വ പാര്‍ട്ടിയായി മാറി. ബാബരി മസ്ജിദ് തകര്‍ക്കലിന് ശേഷം മുംബൈയില്‍ നടന്ന പല വര്‍ഗീയ കലാപങ്ങളിലും ശിവസേനയ്ക്ക് പങ്കുണ്ടായിരുന്നുവെന്ന് ശ്രീകൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ബാല്‍ തക്കറെ അറസ്റ്റിലായി. 1995ല്‍ ശിവസേന-ബി.ജെ.പി സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നു. 73 സീറ്റുകള്‍ നേടിയ ശിവസേന മനോഹര്‍ ജോഷിയെ മുഖ്യമന്ത്രിയാക്കി. പ്രമുഖ നേതാക്കളായ ഛഗന്‍ ഭൂജ്ബല്‍, നാരായണ്‍ റാണെ എന്നീ പ്രമുഖ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയി. 1999ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യത്തോട് തോറ്റു. പിന്നീടങ്ങോട്ട് ബാല്‍താക്കറെയുടെ വ്യക്തിപ്രഭാവമാണ് പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത്.

താക്കറെ കസിന്‍സ്

placeholder
ഉദ്ധവും രാജും ബാല്‍ താക്കറെയ്ക്ക് ഒപ്പം | Photo: PTI

രണ്ടായിരത്തിന്റെ തുടക്കത്തോടെ തന്നെ ബാല്‍ താക്കറേയ്ക്ക് ശേഷം ശിവസേനയില്‍ ആര് എന്ന ചോദ്യം മഹാരാഷ്ട്ര രാഷ്ട്രീയത്തെ പുകഞ്ഞുകൊണ്ടിരുന്നു. ബാല്‍ താക്കറെയുടെ ഇളയ സഹോദരന്‍ ശ്രീകാന്ത് താക്കറെയുടെ മകനായ രാജ് താക്കറെയ്ക്കായിരുന്നു വലിയൊരു വിഭാഗം നിരീക്ഷകര്‍ സാധ്യത കല്‍പ്പിച്ചിരുന്നത്. കാരണം മറാത്ത സാമ്രാട്ട് ബാല്‍ താക്കറെയുടെ തനി സ്വരൂപമായിരുന്നു രാജ്. മറാഠികളെ ആവേശം കൊള്ളിച്ചിരുന്ന ബാല്‍ താക്കറെയുടെ പ്രസംഗ ശൈലിയും വ്യക്തിപ്രഭാവവുമെല്ലാം രാജിനുണ്ടായിരുന്നു. എന്നാല്‍, മകന്‍ ഉദ്ധവ് ഇതിന്റെ നേര്‍ വിപരീതമായിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ബിരുദധാരിയും ഫോട്ടോഗ്രാഫറുമായ ഉദ്ധവ് സ്വതവേ അന്തര്‍മുഖനായിരുന്നു. താക്കറെയുടെ കാലത്ത് മഹാരാഷ്ട്ര രാഷ്ട്രീയ തിളച്ചുമറിയുമ്പോഴെല്ലം ഉദ്ധവ് കൂടുതലും അകമറയ്ക്കുള്ളിലായിരുന്നു. എന്നാല്‍ താക്കറെയുടെ അവസാന കാലമായപ്പോഴേക്കും രാജ് താക്കറെ ശിവസേനയില്‍ ഒന്നുമല്ലാതായിത്തുടങ്ങി. 2002 മഹാബലേശ്വര്‍ കണ്‍വെന്‍ഷനില്‍ ഉദ്ധവ് എക്സിക്യുട്ടീവ് പ്രസിഡന്റായി നിയമിതനായി. ഇതോടെ കാര്യങ്ങള്‍ വ്യക്തമായ രാജ് 2005 നവംബറില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വഴിപിരിഞ്ഞുപോയി.

രമേശ് കിനിയുടെ മരണവും അമിതാബ് ബച്ചന്റെ ഇടപെടലും

1996 ജൂലായ് 23നാണ് ദാദര്‍ സ്വദേശിയായ രമേശ് കിനിയെ തന്റെ തീയേറ്ററിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തിന് കാരണക്കാരന്‍ രാജ് താക്കറെയാണ് എന്ന ആരോപണവുമായി രമേശിന്റെ ഭാര്യ ഷീല രംഗത്തെത്തിയതോടെ ഈ മരണത്തിന് വലിയ മാധ്യമശ്രദ്ധ ലഭിച്ചു. ഇത് മുംബൈ രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. രമേശ് കിനി നേരത്തെ തന്റെ വക്കീലിന് അയച്ച കത്തില്‍ തന്റെ ഫ്ളാറ്റ് ഒഴിയാന്‍ ആവശ്യപ്പെട്ട് ഫ്ളാറ്റ് ഉടമകളായ ലക്ഷ്മിചന്ദ് ഷായും ഭാര്യ സുമന്‍ ഷായും തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന   പരമാര്‍ശമുണ്ടായിരുന്നു. ശിവസേന വിദ്യാര്‍ഥി വിഭാഗം നേതാവായിരുന്ന അശുതോഷ് റാണെയ്ക്കും ഇതില്‍ പങ്കുള്ളതായും വെളിപ്പെടുത്തലുകളുണ്ടായി. രാജ് താക്കറെയുടെ അടുത്ത അനുയായിയായിരുന്നു അശുതോഷ്. ആദ്യം കേസന്വേഷിച്ച മുംബൈ പോലീസ് പലരെയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഷീല കിനിയും ചില സാമൂഹിക പ്രവര്‍ത്തകരും കോടതിയില്‍ പോയി. ഹൈക്കോടതി കേസ് സി.ബി.ഐക്ക് കൈമാറി. കൊലപാതകാരോപണം തള്ളിയ സി.ബി.ഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ലക്ഷ്മിചന്ദ് ഷായെയും സുമന്‍ ഷായെയും പ്രതിചേര്‍ത്തു. എന്നാല്‍ കുറ്റപത്രത്തില്‍ രാജ് താക്കറെയെ കുറിച്ച് ഒരു പരാമര്‍ശം പോലുമുണ്ടായിരുന്നില്ല. ഷീലയും സാമൂഹിക പ്രവര്‍ത്തകരും നിയമയുദ്ധം തുടര്‍ന്നെങ്കിലും കേസില്‍ പിന്നീട് തുടര്‍നടപടികളൊന്നുമുണ്ടായില്ല.

placeholder
അമിതാബ് ബച്ചന്‍ ബാല്‍ താക്കറെയ്ക്ക് ഒപ്പം | Photo: AFP

ഈ കേസില്‍ നിന്ന് രാജിനെ ഒഴിവാക്കാനായി ബാല്‍ താക്കറെ വലിയ ഇടപെടലുകള്‍ നടത്തിയെന്ന് പിന്നീട് പലരും വെളിപ്പെടുത്തിയിരുന്നു. ഈ കേസില്‍ നിന്ന് രാജിനെ രക്ഷിച്ചതില്‍ ബോളീവുഡ് സൂപ്പര്‍താരം അമിതാബ് ബച്ചനും ഇടപെട്ടതായി അക്കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നു. കേന്ദ്ര സര്‍ക്കാരില്‍ ഉള്ള സ്വാധീനം ഉപയോഗിച്ച് രാജിനെ രക്ഷിക്കണമെന്ന് ബാല്‍താക്കറെ അമിതാഭ്  ബച്ചനോട് അപേക്ഷിക്കുകയായിരുന്നത്രേ. ഇതിനായി ബച്ചന്റെ വീട്ടില്‍ വെച്ച് ബാല്‍ താക്കറെ പ്രധാനമന്ത്രി ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്തിയതായും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സി.ബി.ഐ രാജിനെ അറസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും രാഷ്ട്രീയ ഇടപെടലിലൂടെ അത് നടക്കാതെ പോകുകയായിരുന്നുവെന്നുമാണ് അന്ന് പറഞ്ഞ് കേട്ടിരുന്നത്. ഇത്തരത്തില്‍ രാജിനെ രക്ഷിക്കാന്‍ ബാല്‍ താക്കറെ എല്ലാ ഇടപെടലും നടത്തിയെങ്കിലും ഈ സംഭവത്തോടെ ഇരുവരും അകലുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ രാജ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവേശിക്കുന്നത് ബാല്‍ താക്കറെ വിലക്കിയെന്നും ഇതോടെയാണ് ഈ പാര്‍ട്ടിയില്‍ തന്റെ കാലം അവസാനിച്ചെന്ന് അദ്ദേഹത്തിന് മനസ്സിലായതെന്നും കരുതപ്പെടുന്നു.

ചെറുപ്പകാലം മുതല്‍ വരെ വലിയ ആത്മബന്ധമുള്ളവരായിരുന്നു രാജും ഉദ്ധവും. രാജ് ഈ കേസില്‍ അകപ്പെട്ടപ്പോള്‍ ഉദ്ധവ് എല്ലാ സംരക്ഷണവുമായി കൂടെ നിന്നു. ചോദ്യം ചെയ്യലിന്റെ സമയത്തും കോടതിയില്‍ ഹാജരാവേണ്ടി വന്നപ്പോഴുമെല്ലാം ഉദ്ധവും കൂടെ പോയി. അവസാനം സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയപ്പോള്‍ തന്റെ സഹോദരന്റെ നിരപരാധിത്വത്തില്‍ തനിക്ക് ഒട്ടും സംശയമില്ലായിരുന്നുവെന്ന് ഉദ്ധവ് പ്രതികരിച്ചു. പക്ഷേ, നിര്‍ണായക ഘട്ടം വന്നപ്പോള്‍ ഈ കേസ് ഉദ്ധവ് ഉപയോഗിച്ചതായാണ് പല രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നത്. ഈ കേസും രാജിന്റെ വഴിവിട്ട ബന്ധങ്ങളും ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് ബാല്‍ താക്കറെയും രാജിനെയും തമ്മിലകറ്റിയതെന്നും പലരും കരുതുന്നു.

placeholder
രാജ് താക്കറെ

താക്കറെ കസിന്‍സ് ഒന്നിക്കുമ്പോള്‍

രാജ് പാര്‍ട്ടിയില്‍ നിന്ന് പോയതോടെ ശിവസേന ഉദ്ധവിന്റെ കൈപ്പിടിയിലായി. അവസാന കാലത്ത് മകനെ പാര്‍ട്ടിയുടെ പരമോന്നത നേതാവാക്കാന്‍ ബാല്‍ താക്കറെയും കാര്യമായി പരിശ്രമിച്ചു. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലൂടെ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ രാജിനായില്ല. രാഷ്ട്രീയമായി അപ്രസക്തനായെങ്കിലും ബാല്‍ താക്കറെയെ ഓര്‍മ്മിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ രാജ് താക്കറെ തന്റെ രാഷ്ട്രീയ ജീവിതം തുടര്‍ന്നു പോന്നു. അതേസമയം ബോംബെ നഗരത്തെ ചൊല്‍പ്പിടിക്ക് നിര്‍ത്തിയ ബാല്‍ താക്കറെയുടെ നിഴലാകാന്‍ പോലും പാര്‍ട്ടി നേതൃത്വത്തിലെത്തിയ ഉദ്ധവിനായില്ല. 2019 ഒക്ടോബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 161 സീറ്റുകളില്‍ ബി.ജെ.പി- ശിവസേന സഖ്യം വിജയിച്ചെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഖ്യം പിരിഞ്ഞു. പിന്നീട് നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് സഖ്യം രൂപീകരിച്ചു. കോണ്‍ഗ്രസ്-എന്‍.സി.പി പിന്തുണയോടെ ബാല്‍ താക്കറെയുടെ മകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് രാജ്യം അവിശ്വസിനീയതയോടെ നോക്കി നിന്നു.

ത് തുടക്കകാലത്ത് ഉദ്ധവിന്റെ രാഷ്ട്രീയ മികവായി വിലയിരുത്തപ്പെട്ടെങ്കിലും സഖ്യത്തിനു പിന്നിലെ ബുദ്ധി ശരത് പവാറിന്റേതായിരുന്നുവെന്ന് പിന്നീട് എല്ലാവരും തിരിച്ചറിഞ്ഞു. നാളിതുവരെ പിന്നില്‍ നിന്ന് ചരടുവലിച്ചതല്ലാതെ താക്കറെ കുടുംബാംഗങ്ങള്‍ ഒരിക്കലും അധികാരത്തില്‍ നേരിട്ട് പങ്കാളികളായിരുന്നില്ല. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഈ പാരമ്പര്യം ഉപേക്ഷി്ച് ഉദ്ധവ് മുഖ്യമന്ത്രിയായി. ബാല്‍ താക്കറെയ്ക്ക് പോലും സാധിക്കാത്തതെന്ന് പലരും വാഴ്ത്തിയെങ്കിലും അതിന് ഏറെ നാള്‍ ആയുസ്സുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ ഉദ്ധവ് വിമര്‍ശനങ്ങള്‍ നേരിട്ടു. മകൻ ആദിത്യ താക്കറെയെ അടുത്ത മുഖ്യമന്ത്രിയാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ കലാപങ്ങളുണ്ടാക്കി.

placeholder
ഉദ്ധവ് താക്കറെ

2022 ല്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവായിരുന്ന ഏക്നാഥ് ഷിന്‍ഡേ 39 എം.എല്‍.എമാരുമായി പാര്‍ട്ടി പിളര്‍ത്തി. ഈ അട്ടിമറി തടയുന്നതില്‍ ഉദ്ധവ് പൂര്‍ണമായും പരാജയപ്പെട്ടു. 2022 ജൂണ്‍ 29 ന് ഉദ്ധവ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ബി.ജെ.പിയും അജിത്ത് പവാര്‍ പക്ഷം എന്‍.സി.പിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ച് ഷിന്‍ഡെ മുഖ്യമന്ത്രിയായി. പാര്‍ട്ടിയുടെ ചിഹ്നവും പേരുമുള്‍പ്പടെ എല്ലാം ഷിന്‍ഡെ കൊണ്ടുപോയി. 2024 ലെ തിരഞ്ഞെടുപ്പില്‍ ഉദ്ധവ് ശിവസേന 20 സീറ്റുകളിലേക്ക് ഒതുങ്ങി. ഷിന്‍ഡേ വിഭാഗം 57 സീറ്റുമായി എന്‍.ഡി.എ സഖ്യത്തില്‍ ഭാഗമായി അധികാരത്തിലെത്തിയതോടെ ഉദ്ധവിന്റെ രാഷ്ട്രീയ അന്ത്യമായെന്നാണ് വിലയിരുത്തപ്പെട്ടത്. യഥാര്‍ഥ ശിവസേന തങ്ങളാണെന്ന ഷിന്‍ഡെ വിഭാഗത്തിന്റെ അവകാശവാദം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവായി പോലും വായിക്കപ്പെടുന്ന കാലത്ത് താക്കറേ സഹോദരന്‍മാര്‍ ഒന്നിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് പോലും വലിയ രാഷ്ട്രീയ മാനങ്ങളാണുള്ളത്. അതോടൊപ്പം ബി.ജെ.പി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ നിര്‍ബന്ധിത ഹിന്ദി വിദ്യാഭ്യാസം പോലുള്ള നയങ്ങളുമായി രംഗത്ത് വരുമ്പോള്‍ മറാത്തി വാദമുയര്‍ത്തി അതിനെ പ്രതിരോധിക്കാനൊരുങ്ങുകയാണ് ശിവസേന. ഇക്കാര്യത്തില്‍  ബാല്‍താക്കറേയുടെ തനിസ്വരൂപമായ രാജ് ശിവസേനയില്‍ തിരിച്ചെത്തുന്നത് ശിവസേനയ്ക്ക് വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.