
2023 മാര്‍ച്ച് 19-നാണ് ചെങ്കടലിലൂടെ പോവുകയായിരുന്ന ഗാലക്സി ലീഡര്‍ എന്ന ചരക്കുകപ്പല്‍ യെമനിലെ ഹൂതി വിമതര്‍ പിടിച്ചടക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ളതിനാലാണ് കപ്പല്‍ റാഞ്ചിയതെന്നും ഗാസയിലെ യുദ്ധം അവസാനിപ്പിക്കുംവരെ ഇസ്രയേലുകാരുടേയും അവരുമായി ബന്ധമുള്ളവരുടേയും കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികള്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമിങ്ങോട്ട് 130-ലധികം ആക്രമണങ്ങളാണ് ചരക്കു വ്യാപാര കപ്പലുകള്‍ക്കെതിരേ ഹൂതികള്‍ ചെങ്കടലില്‍ നടത്തിയത്. പലതും തകര്‍ന്നു, ചിലത് അപ്പാടെ മുങ്ങിപ്പോയി. ചെങ്കടല്‍വഴിയുള്ള ചരക്ക് ഗതാഗതത്തെ ഇത് വലിയ തോതിലാണ് ബാധിച്ചത്.
മുന്‍ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തുതന്നെ ചെങ്കടലിലെ ഹൂതി ആക്രമണത്തെ പ്രതിരോധിക്കാന്‍ സൈനികനീക്കം ആരംഭിച്ചിരുന്നു. വിവിധ രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനുകളും നടന്നിരുന്നു. പക്ഷെ, അപ്പോഴും ഹൂതികള്‍ കപ്പലുകള്‍ക്കെതിരേ ആക്രമണവും തുടര്‍ന്നു. മാര്‍ച്ച് 16-ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൂതികളെ ലക്ഷ്യമിട്ട് യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അമ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ചെങ്കടലില്‍ ഹൂതികള്‍ നടത്തുന്ന കപ്പലാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ യെമന്‍ മുകളില്‍ തീമഴ പെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2023 മാര്‍ച്ച് 19-ന് ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആരംഭിച്ച ആക്രമണം ജനുവരിയിലുണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വരെ നീണ്ടിരുന്നു. ഇതിന് ശേഷം കഴിഞ്ഞയാഴ്ച കപ്പലുകൾക്കെതിരേ വീണ്ടും ആക്രമണമുണ്ടായതോടെയാണ് യെമനിലെ സൈനിക നടപടിക്ക് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ഹൂതികളെ മാത്രമല്ല, സഹായിക്കുന്നവരേയും പിന്തുണയ്ക്കുന്നവരേയും ശിക്ഷിക്കുമെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്. ഇതോടെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ചെങ്കടലില്‍ നടന്നുകൊണ്ടിരുന്ന കടല്‍യുദ്ധം കരയിലേക്ക് കൂടി വ്യാപിക്കുകയാണ്.

എന്തുകൊണ്ട് ചെങ്കടല്‍?
ഇസ്രയേല്‍-ഹമാസ് പോരാട്ടം രൂക്ഷമാകുമ്പോഴാണ് ഗാസയ്ക്കും പലസ്തീനുമെല്ലാം പുറമെ ചെങ്കടല്‍ കൂടി ലോകശ്രദ്ധ നേടുന്നത്. യുദ്ധത്തില്‍ പെട്ടിരിക്കുന്ന പലാസ്തീന്‍, ഗാസ നിവാസികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചില്ലെങ്കില്‍ ഇസ്രയേലിലേക്കുള്ളതും അവിടെനിന്ന് തിരിച്ചു പോവുന്നതുമായ എല്ലാ കപ്പലുകള്‍ക്കുമെതിരേയും ആക്രമണമുണ്ടാവുമെന്ന ഹൂതികളുടെ മുന്നറിയിപ്പില്‍ തുടങ്ങിയ ആക്രമണം അങ്ങനെ ഒരു വര്‍ഷം പിന്നിടുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപെട്ട വ്യാപാര കപ്പല്‍പ്പാതയായ ചെങ്കടലില്‍ ഉണ്ടായിരിക്കുന്ന വഴിമുടക്കല്‍ ലോകത്തെയൊന്നാകെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തു.
ഹൂതികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, കപ്പല്‍ പിടിച്ചടക്കല്‍ എന്നിവ തുടങ്ങിയതോടെ ലോകത്തിലെ പല വമ്പന്‍ കപ്പല്‍ കമ്പനികളും ഇതുവഴിയുള്ള യാത്ര നിര്‍ത്തിവെച്ചു. ഇത് ചരക്കുനീക്കത്തെയടക്കം ബാധിക്കുകയും വിലക്കയറ്റമടക്കമുള്ള പ്രതിസന്ധിയിലേക്കും നയിച്ചു.
ഇറാനാണ് ഹൂതികള്‍ക്ക് പിന്തുണ കൊടുക്കുന്നതെന്നും കപ്പല്‍ പിടിച്ചടക്കലും ആക്രമണവും ഇറാന്റെ ഭീകരവാദ പ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ തന്നെ ആരോപിച്ചുവെങ്കിലും കപ്പലുകള്‍ക്കെതിരേ ഹൂതികളുടെ ആക്രണം തുടരുകയായിരുന്നു. ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ക്കും ചെങ്കടലില്‍വെച്ച് ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഹൂതികള്‍ക്കുള്ള പിന്തുണ പിൻവലിച്ചില്ലെങ്കിൽ ഇറാനും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. ട്രംപിനെ കലാപകാരിയെന്ന് വിശേഷിപ്പിച്ചാണ് ഈ പ്രസ്താവനയ്ക്ക് ഇറാന് മറുപടി നല്‍കിയത്.
ഇറാന്റെ പിന്തുണയില്ലെങ്കില്‍ ഹൂതികള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നും അതുകൊണ്ട് ഹൂതികള്‍ നടത്തുന്ന എല്ലാ ആക്രമണത്തിനും ഉത്തരവാദി ഇറാനായിരിക്കുമെന്നും യു.എസ്. സെക്രട്ടറി മാര്‍ക്കോ റൂബിയോ കഴിഞ്ഞദിവസം ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഇറാന്റെ പിന്തുണയില്ലെങ്കില്‍ ഹൂതികള്‍ക്ക് ഇത്രകാലം ഈ ആക്രമണ പരമ്പരകളെ നീട്ടികൊണ്ടുപോവാനാവില്ല. അവര്‍ക്ക് പിന്‍വാങ്ങുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഇതുവരെ കാണ്ടിട്ടില്ലത്ത തരത്തിലുള്ള തിരിച്ചടികളെ നേരിടേണ്ടിവരുമെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇറാന്റെ വിദേശനയത്തില്‍ ഇടപെടാന്‍ യു.എസിന് അവകാശമില്ലെന്നായിരുന്നു ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ പ്രസ്താവന.
കപ്പലുകള്‍ക്കെതിരേ ആക്രണം തുടരുന്നത് വലിയ പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും ഇപ്പോള്‍ തന്നെ രാജ്യങ്ങളുടെ ചരക്കുവിതരണത്തെ ഇത് വന്‍തോതില്‍ ബാധിച്ചിട്ടുണ്ടെന്നുമാണ് അമേരിക്ക പറയുന്നത്. അത്ര പ്രധാനപ്പെട്ടതാണ് ചെങ്കടല്‍ പാത. ചെങ്കടലും ഇന്ത്യന്‍ മഹാസമുദ്രവും തമ്മില്‍ വേര്‍തിരിക്കുന്ന യെമന്റെ അധീനതിയിലുള്ള ബാബര്‍ അല്‍ മാന്‍ഡബിന്റെ പരിസരമാണ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ മാത്രം 20 ശതമാനത്തോളം ചരക്കുനീക്കം ഇത് വഴിയാണ് നടക്കുന്നത്. മൊത്തം ലോകവ്യാപാരത്തിന്റെ 12 ശതമാനത്തോളം ചരക്കും ചെങ്കടല്‍ വഴി നീങ്ങുന്നുണ്ട്.
ചെങ്കടലില്‍ ഹൂതികള്‍ ചരക്കു കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയതോടെ ഇതിന് പിന്നില്‍ ഇറാനാണെന്ന് നേരത്തേയും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. അന്നും ഇതിനെ ഇറാന് നിഷേധിക്കുകയാണ് ചെയ്തത്. കപ്പലുകള്‍ക്കെതിരേ ആക്രമണം കനത്തതോടെ ഇവയെ സംരക്ഷിക്കാനായി യു.കെ, കാനഡ, ഫ്രാന്‍സ്, ബെഹ്റിന്‍, നോര്‍വെ, സ്പെയിന് എന്നിവരടക്കം ഇരുപതോളം രാജ്യങ്ങളുടെ പ്രതിരോധ സഖ്യത്തേയും അമേരിക്കയുടെ നേതൃത്വത്തില്‍ നിയോഗിച്ചിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ രാജ്യങ്ങള്‍ എത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

ബാബ് അൽ മാന്‍ഡബ് എന്ന ഒളിയിടം
യൂറോപ്പിലേക്കും ഏഷ്യയിലേക്കും വരുന്ന എല്ലാ തരത്തിലുമുള്ള വ്യാപാരവും മുന്നോട്ടു കൊണ്ടുപോകുന്ന കപ്പലുകള്‍ സൂയസ് കനാലിലൂടെ പ്രവേശിച്ച് ചെങ്കടല്‍ വഴി ബാബല്‍ അല്‍ മാന്‍ഡബിലെത്തി വേണം അറബിക്കടലിലേക്ക് കടക്കാന്‍. അതായത്, ലോകത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര റൂട്ടിനടുത്താണ് യെമനും യെമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഹൂതികളുമുള്ളത്. ഇവരുടെ തന്നെ നിയന്ത്രണത്തിലിരിക്കുന്ന ബാബല്‍ അല്‍ മാന്‍ഡബ് ഹൂതികള്‍ കപ്പലാക്രമണത്തിന് തിരഞ്ഞെടുത്തതോടെയാണ് ഈ വഴി അപകടവഴിയായി മാറിയിരിക്കുന്നത്.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള എളുപ്പവഴി കൂടിയാണ് സൂയസ് കനാല്‍. ഓരോ വര്‍ഷവും 17,000 കപ്പലുകളെങ്കിലും ഇതിലൂടെ കടന്നുപോവുന്നുണ്ട്. ഹൂതികളുടെ ആക്രമണം മൂലം കപ്പലുകള്‍ ചെങ്കടല്‍പ്പാത ഉപേക്ഷിച്ചാല്‍ അത് ലോകത്താകമാനമുള്ള വിതരണശൃംഖലയെ തകര്‍ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യെമനെ നിയന്ത്രിക്കുന്ന ഹൂതികള്‍
യെമനിലെ ഷിയ മുസ്ലീം വിഭാഗത്തില്‍ പെടുന്ന ഹൂതികള്‍ക്ക് പ്രാദേശിക സഖ്യത്തില്‍ തുടങ്ങി സായുധസേനയായി മാറി ഒടുവില്‍ രാജ്യം തന്നെ കൈപ്പിടിയിലൊതുക്കിയ സങ്കീര്‍ണ ചരിത്രമുണ്ട്. ഷിയ വിഭാഗത്തില്‍ പെട്ട സൈദി വംശജരാണ് ഇവരുടെ പൂര്‍വികര്‍. വടക്കന്‍ യെമനെന്നും തെക്കന്‍ യെമനെന്നും വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നതായിരുന്നു പഴയ യെമന്‍. വടക്കന്‍ യെമനില്‍ ഷിയവിഭാഗവും തെക്കന്‍ യെമനില്‍ സുന്നി വിഭാഗവും ആധിപത്യം ഉറപ്പിക്കുകയും ചെയ്തിരുന്നു. മുമ്പ് ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു വടക്കന്‍ യെമന്‍. തെക്കന്‍ യെമന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കീഴിലുമായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം വടക്കന്‍ യെമന്‍ സ്വതന്ത്രമായെങ്കിലും ഷിയ വിഭാഗമായിരുന്നു അധികാര സ്ഥാനത്തിരുന്നത്. ഇതില്‍ ഏറ്റവും പ്രബലരായിരുന്നു സൈദി വംശജര്‍.
1960-കളില്‍ സൈദികള്ക്കെതിരേ വടക്കന്‍ യെമനില്‍ വിമതഗ്രൂപ്പ് രൂപപ്പെടുകയും ഈജിപ്തിന്റെ സഹായത്തോടെ വിമതര്‍ സൈദികളെ അധികാരഭ്രഷ്ടരാക്കുകയും ചെയ്തു. റിപ്പബ്ലിക്കന്‍ ഗ്രൂപ്പായിരുന്നു അക്കാലത്ത് സൈദികളെ പുറത്താക്കി വടക്കന്‍ യെമനിന്റെ അധികാരം പിടിച്ചെടുത്തിരുന്നത്. അങ്ങനെ വടക്കന്‍ യെമന്‍ എന്ന രാജ്യത്തിന് പകരം യെമന്‍ അറബ് റിപ്പബ്ലിക്ക് എന്ന പുതിയ രാജ്യം രൂപപ്പെടുകയും ചെയ്തു. സൈദികളെ അടിച്ചമര്‍ത്തിക്കൊണ്ട് അവര്‍ക്ക് യാതൊരു അധികാര സ്ഥാനവും നല്‍കാത്ത ഭരണമായിരുന്നു യെമന്‍ അറബ് റിപ്ലബ്ലിക്കിലുണ്ടായിരുന്നത്. ഇത് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു. ഇതേകാലത്താണ് തെക്കന്‍ യെമനും ബ്രിട്ടീഷുകാരില്‍നിന്ന് സ്വതന്ത്രമായി സതേണ്‍ യെമന്‍ റിപ്പബ്ലിക്ക് എന്ന പുതിയ രാജ്യമാവുന്നത്.

കലക്രമേണ രണ്ട് യെമനും കൂടിച്ചേര്‍ന്ന് ഒന്നാകണമെന്ന ആവശ്യമുയര്‍ന്നതോടെ 1990-കളില്‍ അത് യാഥാര്‍ഥ്യമാവുകയും ഇപ്പോഴത്തെ യെമനായി രൂപം പ്രാപിക്കുകയും ചെയ്തു. പുതിയ യെമന്റെ പ്രസിഡന്റ സ്ഥാനത്തേക്ക് അത്രയും കാലം വടക്കന്‍ യെമന്റെ പ്രസിഡന്റായിരുന്ന അലി അബ്ദുള്ള സാലേയാണ് എത്തിയത്. ഏകാധിപത്യ ഭരണമായിരുന്നു സാലേ കാഴ്ചവെച്ചത്. മാത്രമല്ല, ഷിയകളെ അടിച്ചമര്‍ത്തുന്ന നിലപാടുകളും തുടങ്ങി. ഇവിടെ മുതലാണ് സൈദി ഗ്രൂപ്പുകള്‍ ഹൂതികളായി മാറി തുടങ്ങിയത്.
അലി അബ്ദുള്ള സാലേയുടെ അഴിമതിക്കും ഷിയ വിരുദ്ധ നിലപാടുകള്‍ക്കുമെതിരേ ആയിരുന്നു ഹൂതികളുടെ പ്രധാന സംഘാടനം. സൈദികളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ട് ബിലീവ് ഇന്‍ യൂത്ത് എന്ന ആശയത്തിലായിരുന്നു തുടക്കം. 1994-ല്‍ ബിലീവ് ഇന്‍ യൂത്ത് ഗ്രൂപ്പിന്റെ പേര് അന്‍സാറുള്ള എന്നായി മാറി. സൈദികളുടെ ഇടയിലുള്ള ഏറ്റവും ശക്തമായ ഉപവിഭാഗമായ ഹൂതികളിൽ അന്‍സാറുള്ളയുടെ നേതൃത്വം എത്തിയതോടെ ഹൂതികള്‍ വന്‍ശക്തിയായി.. അന്ന് ഹുസൈന് ബദ്റുദ്ദീന്‍ അല്‍ ഹൂതിയായിരുന്നു നേതാവ്. ഇയാളുടെ നേതൃത്വത്തില്‍ നടന്ന സായുധ പ്രവര്‍ത്തനമാണ് പിന്നീട് ഹൂതി മൂവ്മെന്റ് എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങിയത്.
അറബ് മേഖലയിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമേരിക്കയും ഇസ്രയേലുമാണെന്നും ഇവര്‍ക്കെതിരേ പ്രവര്‍ത്തിക്കുക എന്നതുമായിരുന്നു ഹൂതികളുടെ പ്രധാന ലക്ഷ്യം. ഇതിനിടെ യെമന്റെ അധികാരം കൈക്കലാക്കാനുള്ള ശ്രമത്തിൽ രാജ്യത്ത് ആഭ്യന്തരയുദ്ധത്തിനും തുടക്കമായി. സംഘര്‍ഷത്തില്‍ അലി അബ്ദുള്ള സാലേയുടെ പട്ടാളം ഹൂതി നേതാവ് ഹുസൈന് ബദ്റുദ്ദീന്‍ അല്‍ ഹൂതിയെ വധിച്ചതോടെ പ്രശ്നം കൂടുതല്‍ വഷളായി. ശേഷം ഹുസൈന് ബദ്റുദ്ദീന്‍ അല്‍ ഹൂതിയുടെ സഹോദരന് അബ്ദുള്‍ മാലിക് അല്‍ ഹൂതി നേതൃത്വം ഏറ്റെടുക്കുകയും അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. യെമനില്‍ ഹൂതികളുടെ സായുധകലാപം രൂക്ഷമാവുന്നതിനിടെ യെമനെ സഹായിക്കാന്‍ സൗദി അറേബ്യ രംഗത്തെത്തിയതോടെയാണ് യെമനിലെ ആഭ്യന്തരകലാപം യുദ്ധത്തിലേക്ക് മാറിയത്. ഇതിനിടെ ഇറാനുമെത്തിയതോടെ കാര്യങ്ങള്‍ സൗദി-ഇറാന് യുദ്ധമായി പരിണമിച്ചു.
2003-ല്‍ സൗദി അറേബ്യയുടെ പിന്തുണയോടെ ഹൂതികളെ ഇല്ലാതാക്കാന്‍ അലി അബ്ദുള്ള സാലേ ശ്രമിച്ചെങ്കിലും അതിശക്തമായ പ്രതിരോധത്തില്‍ സലേയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ലെബനീസ് ഷിയ സംഘടനയായ ഹിസ്ബുള്ളയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദൈവമാണ് ഏറ്റവും ശക്തന്, അമേരിക്കയുടെ മരണം, ഇസ്രയേലിന്റെ മരണം, ജൂതന് മേലുള്ള ശാപം, ഇസ്ലാമിന്റെ വിജയം- എന്നത് തങ്ങളുടെ മുദ്രാവാക്യമായി ഹൂതികള്‍ ഔദ്യോഗികമായി സ്വീകരിക്കുകയും ചെയ്തു. അന്നുമുതല്‍ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടാണ് ഹൂതികള്‍.

വംശീയവെറി യുദ്ധത്തിലേക്ക് നയിച്ചപ്പോള്‍
യെമനിലെ ഷിയ മുസ്ലീംങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാരിന് പിന്തുണയും നിര്‍ദേശവും നല്‍കുന്നത് സൗദിയാണെന്ന ആരോപണമായിരുന്നു ഹൂതികള്‍ മുന്നോട്ടുവെച്ചത്. ഇത് അലി അബ്ദുള്ള സാലേ സര്‍ക്കാരും സൗദിയും നിഷേധിക്കുകയായിരുന്നു. പക്ഷെ, പിന്നീട് യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു. ഷിയാകള്‍ ന്യൂനപക്ഷമായ ഒരു രാജ്യമായിട്ട് പോലും സുന്നികള്‍ക്കെതിരേ ഹൂതികള്‍ നിലപാടെടുക്കുന്നതും അവര്‍ ജനദ്രോഹ നടപടികളുമായി മുന്നോട്ട് വന്നതുമാണ് അയല്‍രാജ്യമായ സൗദിയെ വല്ലാതെ ചൊടിപ്പിച്ചത്. അങ്ങനെ 2015 മാര്‍ച്ചില്‍ ഹൂതികളുമായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫിലെ എട്ട് രാജ്യങ്ങളടങ്ങിയ ഗള്‍ഫ് സഖ്യസേന യുദ്ധം പ്രഖ്യാപിച്ചു. 2015-ല്‍ സര്‍ക്കാരുമായി ആരംഭിച്ച സംഘര്‍ഷം വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധമായി പരിണമിക്കുകയും ചെയ്തു. ഇതിനിടെയാണ് അറബ് മേഖലയില്‍ ഏകാധിപതികള്‍ക്കെതിരേ മുല്ലപ്പൂ വിപ്ലവവും ആരംഭിക്കുന്നത്.
ടൂണിഷ്യയില്‍ തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിന്റെ സ്വാധീനം യെമനിലും ഉണ്ടായി. ജനങ്ങള്‍ സാലെ സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തിയപ്പോള്‍ അതിന് പിന്തുണ നല്‍കിക്കൊണ്ട് ഹൂതികളുമെത്തി. കലാപം രൂക്ഷമായതോടെ സൗദിയുടെ നിര്‍ദേശപ്രകാരം സാലെ സര്‍ക്കാര്‍ രാജിവെച്ച് വൈസ് പ്രസിഡന്റ് അബ്ദുള്‍ മന്‍സൂര്‍ അല്‍ ഹാദി പുതിയ പ്രസിഡന്റായി എത്തുകയും ചെയ്തു. എന്നാല്‍ അബ്ദുള്‍ മന്‍സൂര്‍ അല്‍ഹാദി സാലെയേയും സാലേയുടെ സംഘത്തേയും അധികാര കേന്ദ്രത്തിലേക്ക് അടുപ്പിച്ചതേയില്ല. ഇത് സാലേയെ ചൊടിപ്പിക്കുകയും ഇത്രകാലം ബന്ധശത്രുവായിരുന്ന ഹൂതികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്സാലെ പിന്നീട് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് ഹൂതികളെ രോഷാകുലരാക്കി.
സാലെയുടെ മരണം
ഹൂതികളുടെ ശത്രുവായതോടെ സാലെയുടെ ജീവന് തന്നെ ഭീഷണിയായി. അങ്ങനെ 2017-ല്‍ താമസസ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഹൂതികളുടെ വെടിയേറ്റ് സാലെ കൊല്ലപ്പെട്ടു. പ്രസിഡന്റായിരുന്ന അബ്ദുള്‍ മന്‍സൂര്‍ അല്‍ ഹാദി സൗദിയിലേക്ക് രക്ഷപ്പെട്ടു. 2018-മുതല്‍ സാലേയുടെ അനുയായികള്‍ സൗദിയുമായി ചേര്‍ന്ന് ഹൂതികള്‍ക്കെതിരേ സായുധപോരാട്ടത്തിന് പിന്തുണ നല്കി. ഇത് സംഘര്‍ഷം രൂക്ഷമാക്കി. ഇറാനാണ് ഹൂതികള്‍ക്ക് മിസൈലുകളും ഡ്രോണുകളുമടക്കമുള്ള ആയുധങ്ങള്‍ വിതരണം ചെയ്യന്നതെന്നാണ് സൗദിയും അമേരിക്കയും ആരോപിക്കുന്നത്. ഇത് യു.എന്‍ ആയുധക്കരാര്‍ ലംഘനമാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. ഇതെല്ലാം ഇറാന് നിഷേധിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യകാരണ ദുരിതമാണ് യെമന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഹൂതി കലാപത്തെ കുറിച്ച് യു.എന്‍. അഭിപ്രായപ്പെട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ഥികളായി. 2022 വരെ മാത്രം 3,77,000 മരണം സംഭവിച്ചുവെന്നും അതില്‍ അറുപത് ശതമാനത്തോളം പട്ടിണിമരണമായിരുന്നുവെന്നും യു.എന്‍. ചൂണ്ടിക്കാട്ടുന്നു. അതിന് പുറമെ കോളറയടക്കമുള്ള പകര്‍ച്ചവ്യാധിയിലേക്കും ആളുകളെ തള്ളിയിട്ടുവെന്നും യു.എന്‍. വിലയിരുത്തുന്നുണ്ട്.

പതിനഞ്ച് ദിവസത്തിനിടെ ഹൂതികളുടെ അക്രമം അവസാനിപ്പിച്ച് യെമന്‍ സ്വതന്ത്ര ഭരണകൂടത്തെ സംഭാവന ചെയ്യുമെന്നായിരുന്നു യുദ്ധം ആരംഭിക്കുമ്പോള്‍ സൗദിയുടെ വാദം. പക്ഷെ, യുദ്ധം തുടങ്ങിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. 2015-ല്‍ യുദ്ധം തുടങ്ങി എട്ടു വര്‍ഷത്തിനിപ്പുറമെത്തുമ്പോഴും ഹൂതികളെ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, യെമനില്‍ ബാക്കിയായത് അഭയാര്‍ഥികളുടേയും കൊല്ലപ്പെട്ടവരുടേയും തീരാക്കണക്കാണ്. ഒപ്പം കോളറയടക്കമുള്ള പകര്‍ച്ചവ്യാധികളുടെ ദുരിതം. ഹൂതികള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്തു. ഇതിനിടെയാണിപ്പോള്‍ ഇസ്രയേല്‍- ഹമാസ് പോരാട്ടം കനക്കുന്നതും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഇസ്രയേലിലേക്കുള്ള കപ്പലുകള്‍ക്കെതിരേ ആക്രമണം തുടങ്ങിയിരിക്കുന്നതും. ഇതോടെ യുദ്ധത്തിന്റെ ഗതി ഇനിയെന്താവുമെന്ന ആശങ്കയിലാണ് ലോകം.
Content Highlights: Houthi Red Sea Attacks: Impact on Global Trade
Published: 21 Mar 2025, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented