ഗ്രീൻലൻഡിന് മേൽ അമേരിക്കയ്ക്ക് വളരെക്കാലമായി താൽപര്യമുണ്ട്. ഡെന്മാർക്കിന്റെ കൈയിൽനിന്ന് ഗ്രീൻലൻഡിനെ വാങ്ങാനുള്ള ശ്രമം 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അമേരിക്ക ആരംഭിച്ചതാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പശ്ചാത്തലത്തിൽ ഗ്രീൻലാൻഡിലെ മഞ്ഞുമലകളുടെ ആകാശ കാഴ്ച | Photo Nicholas Kamm / AFP and Sean Gallup/Getty Images
ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് വാങ്ങാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ചെക്ക് വെച്ച് ഗ്രീൻലൻഡ് ഭരണകൂടം. ഭൂമിയുൾപ്പെടെയുള്ള സ്വത്തുവകകൾ വിദേശികൾ സ്വന്തമാക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തുക ലക്ഷ്യമിട്ടുള്ള നിയമം ഗ്രീൻലൻഡ് പാസാക്കി. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 21 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ ആറുപേർ വിട്ടുനിന്നു. ജനുവരി ഒന്നിന് നിയമം പ്രാബല്യത്തിൽവരും. ട്രംപിന്റെ നീക്കങ്ങൾക്ക് പിന്നാലെ ഗ്രീൻലൻഡിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടാൻ ശ്രമിക്കുന്ന അമേരിക്കൻ നിക്ഷേപകരുടെ എണ്ണം വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീൻലൻഡിന്റെ നിർണായക നീക്കം.
ഡെന്മാർക്കിന്റെ കീഴിലുള്ള അർധ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനുമേൽ ഏറെക്കാലമായി ട്രംപിന് താത്പര്യമുണ്ട്. ദ്വീപ് വാങ്ങാനുള്ള സന്നദ്ധത അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ സാമ്പത്തിക- സൈനിക സുരക്ഷയ്ക്ക് ദ്വീപ് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ആ പ്രദേശം വിലകൊടുത്തു വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സൈനികമായി പിടിച്ചെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. എന്നാൽ, ദ്വീപ് വിൽപനയ്ക്കില്ല എന്നാണ് ആ നാടിന്റെയും ഡെന്മാർക്കിന്റെയും നിലപാട്. എന്തുകൊണ്ടാണ് ഗ്രീൻലാൻഡ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പുതിയ നിയമം കൊണ്ട് ഗ്രീൻലാൻഡ് എന്താണ് ലക്ഷ്യമിടുന്നത് എന്ന് പരിശോധിക്കാം...
സ്വയംഭരണം, പക്ഷേ ഡെൻമാർക്കിന് കീഴിൽ
ഡെന്മാർക്കിന്റെ കീഴിലുള്ള സ്വയംഭരണപ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ദ്വീപുമാണ് ആർട്ടിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലൻഡ്. അമേരിക്കയ്ക്കും യൂറോപ്പിനുമിടയിൽ തന്ത്രപ്രധാന സ്ഥലത്താണ് ഗ്രീൻലൻഡിന്റെ സ്ഥാനം. നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയില്‍ വടക്കേ അമേരിക്ക ഭൂഖണ്ഡത്തിന്റെ ഭാഗമാണ് ഈ വലിയ ദ്വീപ്. ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രദേശം കൂടിയാണിത്. ഏകദേശം 56,000 മാത്രമാണ് ജനസംഖ്യ. അവരിൽ ഭൂരിഭാഗവും തദ്ദേശീയരായ ഇൻയൂട്ട് വംശജരാണ്. വർഷത്തിൽ രണ്ടുമാസം മാത്രം സൂര്യപ്രകാശം ലഭിക്കുന്ന ഗ്രീൻലൻഡിന്റെ 80 ശതമാനം പ്രദേശവും മഞ്ഞ് മൂടിക്കിടക്കുന്നു. ചിലയിടങ്ങളിൽ മഞ്ഞിന്റെ ആവരണത്തിന് നാലുകിലോമീറ്റർവരെ കനംവരും. മഞ്ഞു മൂടാത്ത രാജ്യത്തിന്റെ 20 ശതമാനം പ്രദേശത്താണ് ജനങ്ങളിലധികവും താമസിക്കുന്നത്. വേനൽക്കാലം കുറവായതിനാൽ മത്സ്യബന്ധനവും വേട്ടയാടലുമാണ് അതിജീവനത്തിന്റെ വഴികൾ. കാലാവസ്ഥയും ഭൂമിശാസ്ത്രവും കൃഷി അസാധ്യമാക്കുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1953 വരെ ഡെന്മാർക്കിന്റെ കോളനിയായിരുന്നു ഗ്രീൻലൻഡ്. 1953-ൽ പ്രദേശം ഡെന്മാർക്ക് ഭാഗമായി മാറുകയും ഗ്രീൻലൻഡുകാർ ഡാനിഷ് പൗരന്മാരായി മാറുകയും ചെയ്തു. 1979 മുതൽ സ്വയംഭരണമാണ്. ആ വർഷം ആഭ്യന്തര ഭരണത്തെക്കുറിച്ചുള്ള ഹിതപരിശോധന നടന്നു. ഇതോടെ പ്രാദേശിക നിയന്ത്രണം ഗ്രീൻലൻഡിന് ലഭിച്ചു. വിദേശകാര്യങ്ങളിലും പ്രതിരോധത്തിലും ഡെന്മാർക്ക് നിയന്ത്രണം നിലനിർത്തി. ഗ്രീൻലൻഡിൽ തിരഞ്ഞെടുപ്പും സ്വന്തം പ്രധാനമന്ത്രിയുമുണ്ട്. നയങ്ങൾ തീരുമാനിക്കുന്നത് ഗ്രീൻലൻഡുകാർതന്നെയാണ്. 2009-ൽ ഹിതപരിശോധന വഴി അംഗീകരിച്ച സ്വയംഭരണ നിയമപ്രകാരം ഗ്രീൻലൻഡിന് അധിക ഉത്തരവാദിത്ത മേഖലകൾ ഏറ്റെടുക്കാൻ കഴിയും. പക്ഷേ, വിദേശനയം, പ്രതിരോധ നയം, സുരക്ഷാനയം എന്നിവ ഡെന്മാർക്കിന്റെ ഉത്തരവാദിത്വമാണ്. പ്രാദേശിക ഭരണകൂടത്തിന് പുറമേ ഗ്രീൻലൻഡിന് ഡാനിഷ് പാർലമെന്റിൽ രണ്ട് പ്രതിനിധികളുമുണ്ട്.
എണ്ണ, പ്രകൃതിവാതകം, സ്വർണം, ചെമ്പ് എന്നിവ മുതൽ വൈദ്യുതി വാഹനങ്ങളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും നിർമാണത്തിനാവശ്യമായ അപൂർവ ധാതുക്കളാൽ സമ്പന്നമാണ് ഈ പ്രദേശം. മഞ്ഞിന്റെ കനത്ത ആവരണത്തിനടിയിൽ കിടക്കുന്ന ഗ്രീൻലൻഡിന്റെ ധാതുസമൃദ്ധി കാര്യമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ല. ഇത് ഗ്രീൻലൻഡിന്റെ ആഗോള പ്രാധാന്യം വർധിപ്പിക്കുന്നു. ഗ്രീൻലൻഡ് സമ്പദ്വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തി ഇപ്പോഴും മത്സ്യബന്ധനമാണ്. പക്ഷേ, മത്സ്യബന്ധന വ്യവസായത്തിന് മുമ്പത്തെപ്പോലെ വലിയ സംഭാവന സമ്പദ് വ്യവസ്ഥയ്ക്ക് നൽകാൻ കഴിയുന്നില്ല. ഗ്രീൻലൻഡിന്റെ ബജറ്റ് വരുമാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഡെന്മാർക്കാണ് സംഭാവന ചെയ്യുന്നത്. 2000 മുതൽ വിനോദസഞ്ചാരത്തിൽ വലിയ കുതിപ്പാണ് ദ്വീപ് കൈവരിച്ചത്.
അമേരിക്ക കണ്ണുവെച്ച ഭൂമി
ഗ്രീൻലൻഡിന് മേൽ അമേരിക്കയ്ക്ക് വളരെക്കാലമായി താൽപര്യമുണ്ട്. ഡെന്മാർക്കിന്റെ കൈയിൽനിന്ന് ഗ്രീൻലൻഡിനെ വാങ്ങാനുള്ള ശ്രമം 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ അമേരിക്ക ആരംഭിച്ചതാണ്. 1867-ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ഇത്തരത്തിലൊരു ശ്രമം നടത്തിയിരുന്നു. റഷ്യയിൽനിന്ന് അലാസ്ക വാങ്ങിയതിന് പിന്നാലെയായിരുന്നു ഈ ശ്രമം. പക്ഷേ, അന്നത് വിജയിച്ചില്ല. പിന്നീട് 1910-ൽ പ്രസിഡന്റ് വില്യം ടാഫ്റ്റും ഇത്തരത്തിലൊരു ശ്രമം നടത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് പക്ഷേ, ദേശീയ സുരക്ഷാ താൽപര്യങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്ക ദ്വീപ് കൈവശപ്പെടുത്തി. മാത്രമല്ല, 1946-ൽ പ്രസിഡന്റ് ഹാരി ട്രൂമാൻ ഗ്രീൻലൻഡ് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. 10 കോടി ഡോളറാണ് അദ്ദേഹം ഡെന്മാർക്കിന് വാഗ്ദാനം ചെയ്തത്. ഇന്നത്തെ മൂല്യം അനുസരിച്ച് ഏകദേശം 10000 കോടി രൂപയിലേറെ. പക്ഷേ, വിൽക്കാൻ ഡെന്മാർക്ക് ഒരുക്കമായിരുന്നില്ല. 1951-ൽ ഗ്രീൻലൻഡുമായി പ്രതിരോധ കരാർ ഉണ്ടാക്കുന്നതിൽ അമേരിക്ക വിജയിച്ചു. അതനുസരിച്ച്, ഗ്രീൻലൻഡിൽ അമേരിക്ക വ്യോമതാവളം സ്ഥാപിച്ചു.
വലിയ ഇടവേളയ്ക്കുശേഷം അടുത്തിടെയാണ് ഗ്രീൻലൻഡ് കച്ചവടം വീണ്ടും ചർച്ചയാകുന്നത്. ട്രംപ് ആദ്യത്തെ തവണ പ്രസിഡന്റാകുന്ന വേളയിലാണ് ഇത് ചൂടുപിടിക്കുന്നത്. ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വേണമെന്നാണ് അധികാരത്തിലേറിയത് മുതൽ ട്രംപ് പറയുന്നത്. ഒന്നാം ഭരണകാലത്ത് ട്രംപ് ഗ്രീൻലൻഡിൽ കണ്ണുവെച്ചെങ്കിലും ഡെന്മാർക്കും ഗ്രീൻലൻഡും എതിർത്തതോടെ ആ ആഗ്രഹം നടക്കാതെ പോയി. രണ്ടാം വട്ടം പ്രസിഡന്റായപ്പോഴും ട്രംപ് ഗ്രീൻലൻഡിനായി പരസ്യമായി രംഗത്തെത്തി. ദ്വീപ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പട്ടാളത്തെ ഉപയോഗിച്ചു പിടിച്ചെടുക്കുമെന്നായിരുന്നു ഭീഷണി. അമേരിക്കയുടെ സാമ്പത്തികസുരക്ഷയ്ക്ക് ദ്വീപ് അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വാദം. ഭൂമി വിൽപനയ്ക്കില്ലെന്ന് ഗ്രീൻലൻഡും ഡെന്മാർക്കും മുമ്പേ പറഞ്ഞിട്ടുണ്ട്. അമേരിക്ക ഓരോ വട്ടവും വാഗ്ദാനം നിരത്തിയപ്പോൾ അവരത് ആവർത്തിച്ചതാണ്. 'ഞങ്ങളുടെ ഭാവി ഞങ്ങള്‍ തന്നെ തീരുമാനിക്കും' എന്നായിരുന്നു ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സന്റെ പ്രതികരണം.
എന്തുകൊണ്ട് അമേരിക്ക ഗ്രീൻലൻഡിൽ കണ്ണുവെയ്ക്കുന്നു
ഡെന്മാർക്കിനേക്കാൾ അമേരിക്കയോട് അടുത്താണ് ഗ്രീൻലൻഡ്. ഈ നിർണായക സ്ഥാനം സൈനിക, വ്യാപാര പ്രവർത്തനങ്ങൾക്കുള്ള ഒരു സുപ്രധാന കണ്ണിയാക്കി ഗ്രീൻലൻഡിനെ മാറ്റുന്നു. റഷ്യയോ ചൈനയോ അമേരിക്ക വൻകരയിലേക്ക് മിസൈലുകൾ വിക്ഷേപിച്ചാൽ, ഏറ്റവും വേഗത്തിലെത്തുന്ന പാത ആർട്ടിക് കടന്ന് ഗ്രീൻലൻഡിന് മുകളിലൂടെയായിരിക്കും. ഈ തന്ത്രപരമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടാണ് 1950 കളുടെ തുടക്കത്തിൽ, ഗ്രീൻലൻഡിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്ത് അമേരിക്ക പിറ്റുഫിക് ( മുമ്പ് തുലെ എന്ന് അറിയപ്പെട്ടു) വ്യോമതാവളം നിർമ്മിച്ചത്. സോവിയറ്റ് യൂണിയനെതിരായ അമേരിക്കയുടെ മുന്നറിയിപ്പായിരുന്നു ഇത്. നിലവിൽ ഉപഗ്രഹ ട്രാക്കിങ്, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട് പിറ്റുഫിക് ബഹിരാകാശ താവളമായി പരിണമിച്ചിരിക്കുന്നു. അതിനാൽ തന്നെ അമേരിക്കയെ സംബന്ധിച്ച് ഗ്രീൻലൻഡ് ഒരു വിദൂര ദ്വീപ് മാത്രമല്ല, മറിച്ച് അമേരിക്കയുടെ സുരക്ഷാനീക്കങ്ങളുടെ മൂലക്കല്ലാണ്. അതിനാൽ തന്നെ ട്രംപിന്റെ വാക്കും പ്രവർത്തിയും വെറും തമാശയല്ല.
വടക്കൻ അറ്റ്ലാന്റിക്, ആർട്ടിക് സമുദ്രങ്ങളിലെ നാവിക നീക്കങ്ങൾക്ക്-പ്രത്യേകിച്ച് റഷ്യൻ അന്തർവാഹിനികളും കപ്പലുകളും നിരീക്ഷിക്കുന്നത്-നിർണായകമായ ചോക്ക് പോയിന്റായ ജിഐയുകെ ഗ്യാപ്പിന്റെ (ഗ്രീൻലൻഡ്-ഐസ്ലാൻഡ്-യു.കെ.) ഭാഗമാണിത്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിച്ച് ആർട്ടിക്കിലൂടെയുള്ള സമുദ്രപാത (നോർത്ത്വെസ്റ്റ് പാസേജ്) പോകുന്നത് ഗ്രീൻലൻഡിനടുത്തുകൂടിയാണ്. ആഗോളതാപനം ത്വരിതപ്പെടുമ്പോൾ, ഗ്രീൻലൻഡിന്റെ മഞ്ഞുരുകുകയാണ്. ഗ്രീൻലൻഡിലെ കൂറ്റൻ മഞ്ഞുപാളി ഉരുകിയാൽ ആർട്ടിക് പാതകളെ കൂടുതൽ സഞ്ചാരയോഗ്യമാക്കിയേക്കും. ഇതോടെ പ്രദേശം അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിൽ നിർണായകമാകും. വടക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് സഞ്ചരിക്കുന്ന കപ്പലുകൾക്ക് സൂയസ് കനാൽ വഴി കടന്നുപോകുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ആർട്ടിക് സമുദ്രത്തിന് ചുറ്റുമുള്ള പാതകൾ സഞ്ചാരയോഗ്യമായാൽ ഇത് യാത്രാദൈർഘ്യം 40 ശതമാനം വരെ കുറയ്ക്കും. അത്തരമൊരു മാറ്റം ഇന്ധനച്ചെലവ്, ഗതാഗത ഫീസ്, ഇൻഷുറൻസ് പ്രീമിയങ്ങൾ എന്നിവ ഗണ്യമായി കുറയ്ക്കും. ആഗോള ഷിപ്പിംഗ്, ലോജിസ്റ്റിക്സ് വ്യവസായത്തിൽ നിർണായകമാകും ഇത്.
മൂന്നാമതായി, ഗ്രീൻലൻഡിന്റെ മഞ്ഞിനടയിൽ പുതഞ്ഞു കിടക്കുന്ന ധാതുനിക്ഷേപവും ട്രംപിനെ മോഹിപ്പിക്കുന്നു. ആധുനിക സാങ്കേതികവിദ്യയുടെ ജീവരക്തമായ റെയർ എർത്ത് മൂലകങ്ങൾ ഗ്രീൻലൻഡിലുണ്ട്. സെമികണ്ടക്ടറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും മിസൈലുകൾക്കും വരെ ഈ വസ്തുക്കൾ അത്യന്താപേക്ഷിതമാണ്. നിലവിൽ, ആഗോള കരുതൽ ശേഖരത്തിന്റെ ഏകദേശം പകുതിയും കൈവശംവെച്ചിരിക്കുന്നത് ചൈനയാണ്. ഖനനത്തിന്റെയും ഉൽപാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ശുദ്ധീകരണ ശേഷിയുടെ 90 ശതമാനവും ചൈന നിയന്ത്രിക്കുന്നു. അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തിയപ്പോൾ, അപൂർവ ഭൂമി കയറ്റുമതി നിയന്ത്രിച്ചുകൊണ്ട് അവർ തിരിച്ചടിച്ചു. മഞ്ഞു ഉരുകുമ്പോൾ ഗ്രീൻലൻഡിലെ ഇതുവരെ ഉപയോഗപ്പെടുത്താത്ത നിക്ഷേപങ്ങളുടെ ഖനനം സാധ്യമായേക്കും. ട്രംപ് ഇതു മുൻകൂട്ടി കാണുന്നു.
എന്നാൽ ട്രംപിന്റെ ഈ മോഹങ്ങൾക്കെല്ലാം തൽക്കാലത്തേക്കെങ്കിലും തടയിടുകയാണ് ഗ്രീൻലൻഡ്. പുതിയ നിയമപ്രകാരം ഗ്രീൻലൻഡ്, ഡെൻമാർക്ക്, ഡെൻമാർക്കിന്റെതന്നെ അധീനതയിലുള്ള വടക്കൻ അറ്റ്ലാന്റിക്കിലെ ദ്വീപായ ഫറോദ്വീപ് എന്നിവിടങ്ങളിൽനിന്നുള്ള പൗരർക്കും കമ്പനികൾക്കും മാത്രമേ ഗ്രീൻലൻഡിൽ വസ്തുവാങ്ങാനും ഭൂമി കൈവശം വെക്കാനും അതുപയോഗിക്കാനും സാധിക്കൂ. വിദേശികൾക്ക് ഭൂമി വാങ്ങണമെങ്കിൽ അവർ ദ്വീപിൽ സ്ഥിരതാമസത്തിന് (പിആർ) അനുമതി കിട്ടിയവരായിരിക്കണം. രണ്ടുവർഷമെങ്കിലും ഗ്രീൻലൻഡിന്റെ എല്ലാ നിയമാനുസൃത നികുതികളും അടച്ചിരിക്കുകയും വേണം. ഇളവുകൾ ലഭിക്കുമെങ്കിലും പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്ന നിക്ഷേപങ്ങൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിരിക്കുന്നു. ഗ്രീൻലൻഡിൽ ഭൂമി വാങ്ങാനും നിക്ഷേപങ്ങൾ നടത്താനുമുള്ള അമേരിക്കയുടെ താൽപര്യം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ നിയമപരമായ മാറ്റം വരുന്നത്. അതിനാൽ തന്നെ പരമാധികാരത്തെക്കുറിച്ചുള്ള ആശങ്കകൾക്കും അമേരിക്കയിൽ നിന്നുള്ള ഭീഷണിയ്ക്കും ഒരു സംരക്ഷണമായാണ് ഗ്രീൻലൻഡിന്റെ പുതിയ വ്യാഖ്യാനിക്കപ്പെടുന്നത്.
Published: 16 Nov 2025, 12:09 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്‍, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില്‍ താല്പര്യം
.Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented