
വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാൻ 72,760 കോടിയുടെ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ച് നാലു പ്രമുഖ കമ്പനികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഊർജമേഖലയിൽ പ്രവർത്തിക്കുന്ന റിന്യൂ പവർ, ലീപ്പ് എനർജി, എച്ച്.എൽ.സി., എൻഫിനിറ്റി എന്നീ കമ്പനികളാണ് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി മുന്നോട്ടുവന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജനും അമോണിയയും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. 25% വരെ മൂലധന സബ്‌സിഡി വാഗ്ദാനമുൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത ഹൈഡ്രജൻ കരടുനയത്തിൽ ആകൃഷ്ടരായാണ് കമ്പനികൾ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നത്. ഓരോ പദ്ധതിക്കും 275 കോടി രൂപ സബ്സിഡിയും വൈദ്യുതി ഡ്യൂട്ടിയിൽനിന്ന് 25 വർഷത്തെ ഇളവും ഉൾപ്പെടെയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നയത്തിന് അംഗീകാരം ലഭിച്ചാൽ പദ്ധതിയിൽ തീരുമാനമാകും.
നാലു പദ്ധതികളാണ് പരിഗണനയിലുള്ളത്. പദ്ധതികൾക്കായി തുറമുഖങ്ങളോട് ചേർന്നുള്ള 30 ഏക്കർ മുതൽ 300 ഏക്കർ വരെ ഭൂമി കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും കിഴക്കൻ മേഖലകളിലെ നഷ്ടത്തിലായ തേയില പ്ലാൻ്റേഷൻ ഭൂമി ഇതിനായി വിനിയോഗിക്കാൻ കഴിയുമോയെന്നതും സർക്കാരിൻ്റെ ആലോചനയിലുണ്ട്. എൻഫിനിറ്റി 44,025 കോടിയുടെ നിക്ഷേപനിർദേശമാണ് മുന്നോട്ടുവെച്ചത്. കൊച്ചിയിൽ പദ്ധതിക്കായി 100 ഏക്കർ ഭൂമി ആവശ്യപ്പെട്ടിട്ടുണ്ട്. റിന്യൂ പവർ 26,400 കോടിയുടെ നിക്ഷേപം നടത്തും. പദ്ധതിക്കായി വിഴിഞ്ഞത്ത് 310 ഏക്കർ ഭൂമിയും ആവശ്യപ്പെട്ടിട്ടുണ്ട്. എച്ച്.എൽ.സി. 8,763 കോടിയുടെ നിക്ഷേപമാകും നടത്തുക. 30-40 ഏക്കറോളം ഭൂമിയും ആവശ്യപ്പെട്ടു. ലീപ്പ് എനർജി 4,511 കോടി രൂപയുടെ നിക്ഷേപം നടത്തും. വിഴിഞ്ഞത്ത് 150 ഏക്കറോളം വരുന്ന ഭൂമിയും ആവശ്യപ്പെട്ടിട്ടുണ്ട്. നിർമാണഘട്ടത്തിൽ 30,000-ത്തോളവും പ്രവർത്തനഘട്ടത്തിൽ ഏഴായിരത്തോളവും തൊഴിലവസരങ്ങളുമാണ് കമ്പനികളുടെ വാഗ്ദാനം.
ഹരിത ഇന്ധനമേഖലയ്ക്ക് ഇന്ത്യ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രാമുഖ്യം നൽകുന്നുണ്ട്. 2022-ലാണ് കാർബൺരഹിത ഇന്ത്യ ലക്ഷ്യംവെച്ച് കേന്ദ്ര സർക്കാർ ഹരിത ഹൈഡ്രജൻ നയം പ്രഖ്യാപിച്ചത്. 2023 ജനുവരിയിൽ 19,744 കോടിയുടെ ഹരിത ഹൈഡ്രജൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകുകയും ചെയ്തു. എന്താണ് ഹരിത ഹൈഡ്രജൻ? ഊർജ ഉപഭോഗത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്തുളള ഇന്ത്യയിൽ പെട്രോളിന് ബദലായി ഹരിത ഹൈഡ്രജൻ മാറുമോ? ഹരിത ഹൈഡ്രജൻ ഉത്പാദനത്തിലൂടെ കേരളത്തിനുണ്ടാകുന്ന നേട്ടങ്ങളെന്തൊക്കെയാണ്?
ഭാവിയുടെ ഊർജസ്രോതസ്
കാലാവസ്ഥാ വ്യതിയാനത്തിനും ആഗോള താപനത്തിനുമൊക്കെ കാരണമാകുന്ന കാർബൺ ഉദ്ഗമനത്തിന്(carbon emission) തടയിടാനുള്ള ശ്രമത്തിലാണ് ലോകം. ഇതിനായി ലോകരാഷ്ട്രങ്ങൾ കാർബൺ ഉദ്ഗമനത്തിന് വഴിവെക്കുന്ന ഫോസിൽ ഇന്ധന ഉപഭോഗത്തിന് പൂർണവിരാമമിടാനുള്ള പദ്ധതികളുടെ ആസൂത്രണത്തിലാണ്. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ പരമാവധി കുറച്ച് നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരണമെന്നാണ് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തതും. അതിനാൽ തന്നെ കാർബൺ പുറന്തള്ളുന്ന കൽക്കരി, പ്രകൃതിവാതകം, തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി സൗരോർജം, ജലം, കാറ്റ്, പമ്പ്ഡ് സ്റ്റോറേജ്, ബയോമാസ് എന്നിങ്ങനെ പുനരുപയോഗ യോഗ്യമായ ഊർജസ്രോതസ്സുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന ക്ലീൻ എനർജി അഥവാ ശുദ്ധോർജത്തിന് പ്രാധാന്യമേറുന്നു. ഇവിടെയാണ് ഹരിത ഹൈഡ്രജൻ്റെ പ്രസക്തി.

കൽക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ സഹായമില്ലാതെ പൂർണമായും പുനരുപയോഗ ഊർജത്തെ അധിഷ്ഠിതമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് 'ഹരിത ഹൈഡ്രജൻ'. ജലതന്മാത്രകളിൽനിന്ന് വിശ്ലേഷണം അഥവാ ഇലക്ട്രോളിസിസ്(electrolysis) എന്ന പ്രക്രിയയിലൂടെയാണ് ഹരിത ഹൈഡ്രജൻ വേർതിരിച്ചെടുക്കുന്നത്. പുനരുപയോഗ ഊർജങ്ങളിലൂടെ ഉത്പാദനം നടക്കുന്നതുകൊണ്ടാണ് ഹരിത ഹൈഡ്രജൻ എന്ന് വിശേഷിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെ ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ അധിഷ്ഠിതമായാണ് ഹരിത ഹൈഡ്രജൻ്റെ നിർമാണം. അതുകൊണ്ടുതന്നെ കാർബൺ ബഹിർഗമനം ഉണ്ടാകുന്നില്ല.
ഹരിത ഹൈഡ്രജൻ്റെ ഉപഭോഗം ജൈവമണ്ഡലത്തിൻ്റെ ആരോഗ്യവും പുഷ്ടിപ്പെടുത്തുന്നു. ഭാവിയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം പൂർണമായും ഇല്ലാതായി ഹരിത ഹൈഡ്രജൻ പോലെയുള്ള ശുദ്ധോർജം ഗതാഗതം മുതൽ വ്യവസായം വരെയുള്ള മേഖലകളിൽ ഉപയോഗിക്കപ്പെടും. ഭാവിയുടെ ഊർജ സ്രോതസ്സെന്നാണ് ഹരിത ഹൈഡ്രജൻ്റെ വിശേഷണം തന്നെ. മാത്രമല്ല, നിലവിലെ ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം തീർന്നുകൊണ്ടിരിക്കുകയുമാണ്. 2040-ഓടെ തന്നെ ഫോസിൽ ഇന്ധനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുമെന്നും പെട്രോളിയം ഉൾപ്പടെയുള്ള ഇന്ധനങ്ങൾ ഇല്ലാതെയാകുമെന്നുമാണ് വിലയിരുത്തൽ. ഇന്ധനക്ഷാമം നേരിടുന്ന സാഹചര്യത്തിലും ഹരിത ഹൈഡ്രജൻ ഉൾപ്പടെയുള്ള ശുദ്ധോർജ ബദലുകൾ നിർണായകമാണ്.
പുറന്തള്ളുന്ന കാർബൺ, വലയുന്ന ഭൂമി
ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ കാരണമാകുന്നത് ഫോസിൽ ഇന്ധനങ്ങളാണ്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതാണ് 75% ഹരിതഗൃഹ വാതകങ്ങളുടെയും 90% കാർബൺഡൈ ഓക്സൈഡ് ബഹിർഗമനത്തിന്റെയും മൂലകാരണം. ചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തിയതിനേക്കാൾ വേഗത്തിൽ ലോകം ഇപ്പോൾ ചൂടുപിടിക്കുകയാണ്. കാലക്രമേണ വർദ്ധിക്കുന്ന താപനില കാലാവസ്ഥാ രീതികളെ മാറ്റുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുകയും ചെയ്യും. ഭൂമിയെ വീണ്ടെടുക്കാൻ മുന്നിലുള്ള ഏകവഴി ഹരിതഗൃഹ വാതകങ്ങളുടെയും കാർബണിന്റെയും പുറന്തള്ളൽ തടഞ്ഞേ മതിയാകൂ. 2015-ൽ പാരിസിൽ നടന്ന ലോകസമ്മേളനത്തിലാണ് കാലാവസ്ഥാമാറ്റത്തെ തടയാനുള്ള പ്രതിവിധികളെ കുറിച്ച് ലോകരാഷ്ട്രങ്ങൾ ആദ്യമായി ഒരു ഉടമ്പടിയിൽ ഒപ്പുവെക്കുന്നത്. കാർബൺ ഉദ്ഗമനം കുറച്ചുകൊണ്ടുവന്ന് അന്തരീക്ഷ താപനില വർധനയെ 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്താനാണ് ശ്രമം. 2050-ഓടെ സീറോ കാർബൺ അഥവാ കാർബൺ ബഹിർഗമനവും ആഗിരണവും തുലനാവസ്ഥയിലേക്ക് എത്തിക്കാനാണ് ലക്ഷ്യം.
ഫോസിൽ ഇന്ധന ഉപഭോഗം വ്യത്യസ്തമായതുകൊണ്ടു തന്നെ വിവിധ രാജ്യങ്ങൾ പുറന്തള്ളുന്ന കാർബണിന്റെ അളവും വ്യത്യസ്തമാണ്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം കാർബൺ പുറന്തള്ളലിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ചൈനയാണ് പട്ടികയിൽ ആദ്യം. എന്നാൽ, കാലാവസ്ഥാ സംരക്ഷണ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്തുണ്ട്. 2070-ഓടെ കാർബൺ ബഹിർഗമനം നെറ്റ് സീറോയിലെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഹരിത ഹൈഡ്രജനിലേക്ക് മാറുന്നതിനുള്ള ഇടപെടലുകൾക്ക് 17,490 കോടി രൂപ, പൈലറ്റ് പ്രോജക്ടുകൾക്കായി 1,466 കോടി രൂപ, ഗവേഷണ വികസനത്തിന് 400 കോടി രൂപ, മറ്റ് മിഷൻ ഘടകങ്ങൾക്ക് 388 കോടി രൂപ എന്നിങ്ങനെയാകും ഹൈഡ്രജൻ മിഷന് കേന്ദ്രം മാറ്റിവെച്ച 19,744 കോടി രൂപ വിനിയോഗിക്കുക.

ഹരിത ഹൈഡ്രജൻ കേരളത്തിൽ
2021-ലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രീൻ ഹൈഡ്രജൻ മിഷന്റെ പ്രഖ്യാപനം നടത്തുന്നത്. 2023-ൽ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി കിട്ടി. പദ്ധതിക്കായി 19,744 കോടി രൂപയുടെ പ്രാരംഭ ചെലവ് അനുവദിച്ചിട്ടുണ്ട്. 2030-ഓടെ പ്രതിവർഷം 5 ദശലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. കയറ്റുമതി വിപണിയിലൂടെയും അന്താരാഷ്ട്ര പങ്കാളിത്തത്തിലൂടെയും ഉത്പാദന ശേഷി പ്രതിവർഷം 10 ദശലക്ഷം ടൺ ആയി ഉയർത്താൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. 2050 -ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനും 2040-ഓടെ പൂർണമായും പുനരുപയോഗ ഊർജം ഉപഭോഗം നടത്തുന്ന സംസ്ഥാനമായി മാറാനും കേരളം ലക്ഷ്യമിടുന്നു, ഈ ശ്രമത്തിൽ ഹരിത ഹൈഡ്രജൻ നിർണായകമാണ്.
കേരളത്തെ സംബന്ധിച്ച് നമ്മുടെ ജലാശയങ്ങളിൽ ലവണത്തിന്റെയും മറ്റ മൂലകങ്ങളുടെയും തോത് കുറവായതുകൊണ്ടു തന്നെ ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഉത്പാദന പ്രക്രിയ ലളിതമായതിനാൽ കൂടുതൽ വിദേശകമ്പനികളും ആകൃഷ്ടരായി എത്തിയേക്കാം. പ്രാരംഭഘട്ടത്തിൽ കയറ്റുമതി ലക്ഷ്യം വെച്ചായിരിക്കും ഉത്പാദനം നടക്കുക. പിൽക്കാലത്ത് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ കേരളത്തിൽ തന്നെ ഉപയോഗിക്കുന്നതിലേക്കും എത്തിയേക്കും. കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളായ അനർട്ടും (Agency for New and Renewable Energy Research and Technology, ANERT), എനർജി മാനേജ്മെന്റ് സെന്ററുമാണ് ചുമതലക്കാർ. അനർട്ടിനെ ഗ്രീൻ ഹൈഡ്രജൻ സംരംഭങ്ങൾക്കുള്ള നോഡൽ ഏജൻസി ആയി നിയമിച്ചിട്ടുണ്ട്.
പെട്രോളിന് ബദലാകുമോ?
പ്രകൃതിവാതകങ്ങൾ, സ്റ്റീൽ, ഗ്ലാസ്, സിമന്റ് എന്നിവയുടെ ഉത്പാദനത്തിന് ഹരിത ഹൈഡ്രജൻ നിലവിൽ ഉപയോഗിക്കുന്ന ഹൈഡ്രജന് ബദലാകുമെങ്കിലും ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഗതാഗത മേഖലയിലാകും. കാറുകൾ, ബസുകൾ, ട്രക്കുകൾ, ട്രെയിനുകൾ, കപ്പലുകൾ, വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വാഹനങ്ങൾക്ക് സീറോ എമിഷൻ ബദലായി ഹരിത ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കപ്പെടും. ഹൈഡ്രജൻ ഇന്ധന സെല്ലുകളിൽ പ്രവർത്തിക്കുന്ന കാറുകൾ ലോകത്ത് പലയിടത്തും ഇറങ്ങി കഴിഞ്ഞു. ജപ്പാൻ, ജർമ്മനി, യു.എസ്. തുടങ്ങിയ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനം നിറയ്ക്കുന്ന പൊതു സ്റ്റേഷനുകളുണ്ട്, ഇത് പെട്രോളോ ഡീസലോ നിറയ്ക്കുന്നത് പോലെ കാറിൽ നിറയ്ക്കാൻ കഴിയും.

ഹരിത ഹൈഡ്രജനെ കുറിച്ചുള്ള കൂടുതൽ ആധികാരികമായ വിവരങ്ങൾ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. സി. ജോർജ് തോമസ് വിശദീകരിക്കുന്നു:
പ്രപഞ്ചത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന രാസമൂലകമാണ് ഹൈഡ്രജൻ, ഏതാണ്ട് 75%. ജലത്തിലും സസ്യങ്ങളിലും മൃഗങ്ങളിലും മനുഷ്യരിലും ധാരാളം ഹൈഡ്രജൻ അടങ്ങിയിരിക്കുന്നു. ജീവജാലങ്ങളിലെ മിക്കവാറും എല്ലാ തന്മാത്രകളിലും സംയുക്തങ്ങളുടെ ഭാഗമായി ഹൈഡ്രജൻ ഉണ്ടെങ്കിലും, ഒരു ശുദ്ധ വാതകമെന്ന നിലയിൽ വളരെ വിരളമായേ കാണൂ, ദശലക്ഷത്തിൽ ഒരു ഭാഗത്തിനും താഴെ. പ്രകൃതിവാതകം എന്നറിയപ്പെടുന്ന മീഥെയിന്റെ ശുദ്ധമായ ബദലാണ് ഹൈഡ്രജൻ. ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന പല വസ്തുക്കളുടെയും നിർമാണത്തിന് ഹൈഡ്രജൻ ആവശ്യവുമാണ്. വിവിധ പ്രക്രിയകൾ വഴി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെ, നിറങ്ങൾ അടിസ്ഥാനമാക്കി കുറഞ്ഞത് ഏഴു തരമായി തരം തിരിക്കാം. വൈറ്റ് ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജൻ, ബ്ലൂ ഹൈഡ്രജൻ, ബ്രൌൺ ഹൈഡ്രജൻ, പിങ്ക് ഹൈഡ്രജൻ, ടർക്കോയ്സ് ഹൈഡ്രജൻ, ഗ്രീൻ ഹൈഡ്രജൻ എന്നിങ്ങനെ . ഇവയിൽ ഏറ്റവും ശുദ്ധമായതാണ് ഹരിത ഹൈഡ്രജൻ.
പ്രകൃതി വാതകം, എൽ.പി.ജി., അല്ലെങ്കിൽ നാഫ്ത തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ നീരാവി പരിഷ്കരണത്തിലൂടെയാണ് ഗ്രേ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. എന്നാൽ, ഈ പ്രക്രിയയിൽ ഉണ്ടാകുന്ന കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് കലരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ കൂടുതലും ഈ വിഭാഗത്തിൽ പെടുന്നതാണ്. പുനരുപയോഗിക്കാവുന്ന ഊർജം- ഉദാഹരണത്തിന് സൗരോർജ്ജം, കാറ്റ്. ജലവൈദ്യതി ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴി ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജൻ. ഇതാണ് ദേശീയ ഹൈഡ്രജൻ മിഷൻ ഉന്നം വെക്കുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉണ്ടാക്കുന്നത് പുനരുപയോഗ ഊർജം ഉപയോഗിച്ച് ജലത്തിന്റെ വൈദ്യുതവിശ്ലേഷണം വഴിയാണ് എന്നതിനാൽ അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പോകുന്നില്ല. പലതരത്തിൽ ഹൈഡ്രജൻ ഉണ്ടാക്കാമെന്നത് കൊണ്ട് ‘ഗ്രീൻ ഹൈഡ്രജൻ’ എന്നു വിളിക്കുന്നതിനുള്ള നിബന്ധനകൾ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. അതനുസരിച്ച്, പുനരുൽപ്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ഒരു കിലോഗ്രാം ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുമ്പോൾ ജലശുദ്ധീകരണം, വൈദ്യുതവിശ്ലേഷണം, വാതക ശുദ്ധീകരണം, ഉണക്കൽ, ഹൈഡ്രജന്റെ കംപ്രഷൻ തുടങ്ങിയ മുഴുവൻ പ്രക്രിയകളിലും കൂടി 2 കിലോ ഗ്രാമിൽ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുവാൻ പാടില്ല എന്നാണ് നിബന്ധന.
നിലവിൽ ലോകത്ത് ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഒരു ചെറിയ ശതമാനം മാത്രമാണ് ഗ്രീൻ ഹൈഡ്രജൻ. ഉത്പാദനം ചെലവേറിയതാണ്. പക്ഷേ, സൗരോർജത്തിന് വില കുറയുന്നതുപോലെ, ഗ്രീൻ ഹൈഡ്രജൻ സാധാരണമാകുന്നതോടെ അവയുടെ വിലയും കുറയും. നിലവിലെ സാഹചര്യത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹൈഡ്രജന് കിലോഗ്രാമിന് 300 രൂപയെങ്കിലും വരും. 2030-ഓടെ ഇത് 100 രൂപയിലേക്ക് കൊണ്ടുവരാനാണ് നോക്കുന്നത്.
പെട്രോളിയം ശുദ്ധീകരണം, രാസവളങ്ങൾക്കുള്ള അമോണിയ നിർമ്മാണം, മെഥനോൾ ഉൽപ്പാദനം, ലോഹങ്ങളുടെ സംസ്കരണം, ഉൽപ്പാദനം തുടങ്ങി വിവിധ വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 5.0 ദശലക്ഷം ടൺ ഹൈഡ്രജൻ ഉപയോഗിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. നിലവിൽ ഈ ഹൈഡ്രജന്റെ ഭൂരിഭാഗവും ഫോസിൽ ഇന്ധനങ്ങളായ പ്രകൃതി വാതകം, നാഫ്ത മുതലായവയുടെ നീരാവി നവീകരണ പ്രക്രിയയിലൂടെയാണ് ലഭിക്കുന്നത് ഇത് ഗ്രേ ഹൈഡ്രജനാണ്. 5.0 ദശലക്ഷം ടൺ ഗ്രേ ഹൈഡ്രജനിൽ 99 ശതമാനവും പെട്രോളിയം ശുദ്ധീകരണത്തിലും രാസവളങ്ങൾക്കുള്ള അമോണിയ നിർമ്മാണത്തിലും ഉപയോഗിക്കുന്നവയാണ്. പെട്രോളിയം ശുദ്ധീകരണത്തിൽ ഹൈഡ്രജൻ പ്രധാനമായും ഉപയോഗിക്കുന്നത് ഇന്ധനങ്ങളിലെ സൾഫറിന്റെ അളവ് കുറയ്ക്കുന്നതിനാണ് (ഡീസൾഫറൈസേഷൻ). ഇവിടെ ഗ്രേ ഹൈഡ്രജനെ മാറ്റി ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നത് കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്നു.
റോഡ്, എയർ, ഷിപ്പിംഗ് ഗതാഗതത്തിനുള്ള ഭാരം കുറഞ്ഞ ബദൽ ഇന്ധനം കൂടിയാണ് ഹൈഡ്രജൻ. സാധാരണ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങളിൽ ദൈർഘ്യമേറിയ ഡ്രൈവിംഗ് റേഞ്ചുണ്ട്. ഇന്ധനം നിറയ്ക്കാനുള്ള സമയവും കുറച്ച് മതി. ഇത് ദീർഘദൂര ഗതാഗതത്തിനും ഹെവി-ഡ്യൂട്ടി ആപ്ലിക്കേഷനുകൾക്കും അനുയോജ്യമാക്കുന്നു. സാധാരണ ഇലക്ട്രിക് ബാറ്ററികൾ വീണ്ടും ചാർജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടിവരും. അല്ലെങ്കിൽ ചാർജുള്ള മറ്റൊരു ബാറ്ററി പകരം ഫിറ്റു ചെയ്യണം. അതേസമയം, ടാങ്കിലെ ഹൈഡ്രജൻ തീർന്നാൽ വീണ്ടും നിറയ്ക്കാൻ ഏതാനും മിനിട്ടുകൾ മതി. ഇങ്ങനെ ഹൈഡ്രജൻ നിറയ്ക്കാനുള്ള സ്റ്റേഷനുകൾ ആവശ്യത്തിന് വേണമെന്നു മാത്രം. ലോകമെമ്പാടുമുള്ള പല നഗരങ്ങളും അവരുടെ പൊതുഗതാഗത വാഹനങ്ങളുടെ ഭാഗമായി ഹൈഡ്രജൻ ഇന്ധന സെൽ ബസുകൾ ഇതിനകം വിന്യസിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഒരു പ്രായോഗിക ബദലായി മാറണമെങ്കിൽ ആവശ്യത്തിനുള്ള അളവിൽ, കുറഞ്ഞ ചെലവിൽ ഉൽപ്പാദിപ്പിക്കാൻ കഴിയണം. ഇതിന് നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പരീക്ഷണങ്ങൾ ഊർജിതപ്പെടുത്തുകയും ചെയ്യേണ്ടി വരും.
References
Content Highlights: kerala recieves investment proposals worth 72000 crore for green hydrogen plants in vizhinjam port
Published: 23 Jul 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented