കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡനക്കേസ് ധർമ്മാധർമ്മ വിചാരങ്ങൾക്കൊപ്പം ലിംഗനീതി, സമത്വം, അധികാരം എന്നിവയിലും ആഴമാർന്ന വിശകലനവും വിചാരണയും ആവശ്യപ്പെടുന്നുണ്ട്. ആരും ആരുടെയും സ്വത്തല്ല എന്ന പ്രാഥമിക സത്യം മറക്കുന്ന സമൂഹത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽമാർ പിറക്കുന്നത്. സ്ത്രീകൾ നേരിടുന്ന സ്വാതന്ത്ര്യ നിഷേധത്തിന്റെയും സ്വത്വ നിരാസത്തിന്റെയും പ്രതിഫലനങ്ങൾ ഈ കേസിനു മുകളിൽ നിഴൽ വിരിച്ചുനൽക്കുന്നുണ്ട്. അങ്ങാടിയിൽ തോറ്റാൽ വീട്ടിൽ വന്ന് സ്ത്രീകളുടെ മെക്കിട്ട് കയറിക്കഴിയുമ്പോഴാണ് നമ്മളിൽ പലർക്കും ഒരാശ്വാസം കിട്ടുക. സ്ത്രീകളോടുള്ള ആക്രമണത്തിന്റെ വേരുകൾ വീട്ടിനുള്ളിലേക്കാണ് നീളുന്നതെന്ന് പറയേണ്ടി വരുന്നത് അതുകൊണ്ടാണ്. ഓരോ പെൺകുട്ടിയും അത്താഴമാണ് എന്ന ശീർഷകത്തിൽ ബംഗാളി എഴുത്തുകാരി സുമണ റോയിയുടെ ഒരു കവിതയുണ്ട്. ഓരോ ദിവസവും അത്താഴമാവാൻ വിധിക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ചാണ് സുമണ എഴുതുന്നുത്: '' ജീവിതത്തിലുടനീളം ഞാൻ മാംസമായിരുന്നു- ആട്, കുരുവി, കോഴി; കാളയുടേതു പോലെ എന്റെ നാവ് പച്ചയ്ക്ക് തിന്നുന്നു, എന്റെ വിരലുകൾ പച്ചക്കറിയുടെ പേരാവുന്നു.''
ആൺമേൽക്കോയ്മ, വ്യക്തിബന്ധങ്ങളിലെ അസമത്വങ്ങൾ, സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ വേർതിരിവുകൾ ഇവയൊക്കെ ഈ വേട്ടയ്ക്ക് പിന്നിലുണ്ട്. പെൺകുട്ടികൾക്ക് അവരുടെ സ്വന്തം നിലപാടുകളുണ്ടെന്നും അവർ ആരുടെയും അടിമകളല്ലെന്നും ആൺകുട്ടികളെപ്പോലെതന്നെ അവരും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കുകളാണെന്നുമുള്ള വസ്തുത അടിവരയിട്ടുപറയാതെ ഈ വിഷയത്തിൽ ഒരു തരത്തിലുള്ള ചർച്ചയും സാദ്ധ്യമാവില്ല. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങൾ പറഞ്ഞ് തമ്മിലടിക്കുന്നവർ സ്വയം ദുരന്തകഥാപാത്രങ്ങളായി മാറുമെന്നല്ലാതെ പ്രത്യേകിച്ചൊരു കാര്യവുമില്ല. തിരുവനന്തപുരത്ത് അനുപമ എന്ന യുവതി സ്വന്തം കുഞ്ഞിനായി നടത്തിയ പോരാട്ടവും ഡെൽഹിയിൽ സാക്ഷി മാലിക്കും വിനേഷ് ഫൊഗട്ടും തെരുവിലിറങ്ങിയതും ഓർക്കുന്നവർക്ക് ഒരു മുൻനിര രാഷ്ട്രീയപാർട്ടിയേയും കുറ്റവിമുക്തമാക്കാനാവില്ല.
എന്തിനിത്ര വൈകി എന്ന ചോദ്യം ഇപ്പോഴും സ്ത്രീകൾ നേരിടേണ്ടിവരുന്നുവെന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മൾ എത്രമാത്രം പിന്നിലാണെന്ന യാഥാർത്ഥ്യമാണ് വെളിപ്പെടുത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതി നേരിടേണ്ടി വന്ന സൈബർ ആക്രമണം എല്ലാ അർത്ഥത്തിലും ഞെട്ടിപ്പിക്കുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ മൊഴി എടുക്കാൻ എത്തിയ പോലിസ് ഉദ്യോഗസ്ഥരോട് പരാതിയില്ല ഞങ്ങളെ വെറുതെ വിടൂ എന്ന് പീഡനത്തിനിരയായവർ പറഞ്ഞത് എന്തുകൊണ്ടാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരി നേരിടേണ്ടി വരുന്ന ആക്രമണങ്ങൾ വ്യക്തമാക്കുന്നുണ്ട്.
സ്വാതന്ത്ര്യവും മോചനവും
കൊച്ചിയിൽ നഗരമദ്ധ്യത്തിൽ യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിന് വിധി വരാനിരിക്കുകയാണ്. കേരളത്തെ ഒന്നാകെ ഞെട്ടിച്ച ഈ കേസിൽ പോലും വിചാരണക്കോടതിയിൽ കേസ് തീർപ്പാകാൻ എട്ട് വർഷമെടുത്തു എന്നത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക്ക് എന്ത് പ്രത്യാശയും ധൈര്യവുമാണ് പകരുന്നത്? പീഡിപ്പിക്കുന്നവർ വളരെ പെട്ടെന്നു തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ ഇരകൾ എന്നെന്നേക്കുമായി പൊതു ജീവിതത്തിൽ നിന്ന് തമസ്‌കരിക്കപ്പെടുന്നു. വളരെ വേഗത്തിൽ പൊതുജീവിതം തിരിച്ചുപിടിക്കാൻ രാഹുൽ മാങ്കൂട്ടത്തിനായപ്പോൾ ഇരയായ യുവതിക്ക് നേർക്ക് സൈബർ ആക്രമണങ്ങൾ കടുക്കുകയും അവർ നിശ്ശബദ്തയിലേക്കും അന്യവത്കരണത്തിലേക്കും കൂപ്പുകുത്തകയും ചെയ്തു. ഈ സാമാന്യ തത്വത്തിന് തലവെച്ചുകൊടുക്കേണ്ട എന്നും പൊതുജീവിതം തനിക്കും അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു പോരാട്ട മുഖം തുറക്കാൻ യുവനടി തയ്യാറായതോടെയാണ് കൊച്ചി കേസിൽ കാര്യങ്ങൾ മാറിമറിഞ്ഞത്.
സ്ത്രീ എന്നാൽ മാംസവും ശരീരവും മാത്രമാണെന്ന കാഴ്ചപ്പാടിൽ നിന്നാണ് വിവാഹിതയായ ഒരു സ്ത്രീയുടെ സുഹൃദ്ബന്ധങ്ങൾ വിലയിരുത്തപ്പെടുന്നത്. വേട്ടക്കിറങ്ങുന്ന പുരുഷനെ ന്യായീകരിക്കാൻ കളത്തിലിറങ്ങുന്നവർ മുന്നോട്ടുവെയ്ക്കുന്ന വാദമുഖങ്ങൾ മുഖവിലയ്‌ക്കെടുക്കാൻ ആളുണ്ടാവുന്നത് ലൈംഗികതയുടെ ലോകം പുരുഷന് മാത്രം സ്വന്തമാണെന്ന പ്രതിലോമപരതയുടെ വൃത്തികെട്ട അടിത്തറ ഇപ്പോഴും ഇവിടെ ഉലയാതെയും ഉടയാതെയും നിൽക്കുന്നതുകൊണ്ടാണ്.
ഏഴ് കൊല്ലം മുമ്പ് ഹാദിയ എന്നൊരു പെൺകുട്ടി സുപ്രീംകോടതിയിൽ ഹാജരായപ്പോൾ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു : '' എന്താണ് ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നം? '' ഈ ചോദ്യത്തിന് ഹാദിയ നൽകിയ മറുപടി അത്യധികം ശ്രദ്ധേയമായിരുന്നു '' സ്വാതന്ത്ര്യം , മോചനം . '' ശരീരത്തിന്റെ മോചനവും സ്വാതന്ത്ര്യവുമാണ് ആ പെൺകുട്ടി ആവശ്യപ്പെട്ടത്. പഠനം പൂർത്തിയാക്കി ഡോക്ടറാവാനും ഇഷ്ടമുള്ളയാളെ ജീവിത പങ്കാളിയാക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ നീതി പീഠത്തോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ച് ആ സ്വാതന്ത്ര്യം ഉറപ്പാക്കി. സ്വാതന്ത്ര്യവും മോചനവുമാണ് സ്ത്രീകൾ ആവശ്യപ്പെടുന്നത്. ചില ഘട്ടങ്ങളിൽ നൊ എന്ന് പറയാനുള്ള സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഈ അവകാശത്തിനായി ജീവിതം ബലി നൽകേണ്ട ഗതികേടിലാണ് സ്ത്രീകൾ എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദയനീയതയുടെ സാക്ഷ്യപത്രമാണ്.
പ്രണയവും ലൈംഗികതയും
സുസ്ഥിര പ്രണയങ്ങൾ പലപ്പോഴും പഴങ്കഥയാണ്. എല്ലാവർക്കും എപ്പോഴും നിതാന്തവും നിരന്തരവുമായ പ്രണയമുണ്ടാവണമെന്നില്ല. പുരുഷന് എത്ര പ്രണയവുമാവാം എന്നാൽ സ്ത്രീ പുതിയൊരു പ്രണയം തിരഞ്ഞെടുക്കുമ്പോൾ അത് സദാചാര ലംഘനമായും ധാർമ്മികതയുടെ നിരാസമായും വ്യാഖ്യാനിക്കപ്പെടുന്നു. ഈ പറമ്പ് എന്റേതാണെന്ന് വിളിച്ചുപറയുന്നതുപോലെയാണ് ഇയാൾ അല്ലെങ്കിൽ ഇവൾ എന്റേതാണെന്ന അവകാശ പ്രഖ്യാപനം. ഇത്തരം പ്രഖ്യാപനങ്ങൾ കണ്ടും കേട്ടും വളരുന്നവരാണ് 'സ്വത്ത് ' നഷ്ടപ്പെടുമ്പോൾ പെട്രോളും ആസിഡും കൈത്തോക്കുമായി ഇറങ്ങുന്നത്. ഒരു പെണ്ണും ഒരാണിന്റെയും സ്വത്തല്ലെന്ന തിരിച്ചറിവിലാണ് ലിംഗ നീതിയുടെ നിറവറേലിലേക്കുള്ള യാത്രയ്ക്ക് തുടക്കമവുക.
രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും എംഎൽഎ സ്ഥാനത്ത് തുടരേണ്ടതുണ്ടോ എന്ന് കോൺഗ്രസ് സ്വയം ചോദിക്കണം. ആരോപണ വിധേയരായവർ മറ്റ് പാർട്ടികളിൽ എംഎൽഎമാരായും മറ്റും തുടരുന്നില്ലേ എന്ന മറുചോദ്യമല്ല കോൺഗ്രസിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതര പാർട്ടികളുടെ രാഷ്ട്രീയ പാപ്പരത്തം എന്തിനാണ് ഒരലങ്കാരം പോലെ കോൺഗ്രസ് ഏറ്റെടുക്കുന്നത്. ധർമ്മവും അധർമ്മവും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കുറുക്കുവഴികൾ തേടിപ്പോവരുതെന്നും അവസാന ശ്വാസം വരെ നീതിക്കായി നിലകൊള്ളണമെന്നും പറഞ്ഞ ഗാന്ധിജിയുടെ വഴിയേ നടക്കുന്നുവെന്നകാശപ്പെടുന്ന ഒരു പാർട്ടി ഇത്തരം ഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ വൈകുന്ന ഓരോ നിമിഷവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ പങ്ക്‌ചേരലാവും. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ വീണ്ടും വീണ്ടും അപമാനിക്കുന്നവർ നിയമ നടപടികൾ നേരിടുകതന്നെ വേണമെന്ന് രാഹുൽ ഈശ്വറിനെ ജയിലിലേക്കയച്ചുകൊണ്ട് അർത്ഥശങ്കയ്ക്കിടമില്ലാതെ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫ്രഞ്ച് ദാർശനികനും എഴുത്തുകാരനും സർവ്വോപരി ഗാന്ധിജിയുടെ ആത്മസുഹൃത്തുമായിരുന്ന റൊമെയ്ൻ റൊളന്ദ് ഒരിക്കൽ എഴുതി : '' നിലവിലുള്ള ക്രമം അനീതിയാണെങ്കിൽ ക്രമരാഹിത്യം നീതിയുടെ തുടക്കമാണ് (If order is injustice then disorder is the beginning of justice) സ്ത്രീ ലൈംഗികതയുടെ കാര്യത്തിൽ നിലവിലുള്ള ക്രമം അനീതിയുടെ തുടർച്ചയും പ്രസരണവുമാണ് ഉറപ്പാക്കുന്നത്. ഈ ക്രമം തച്ചുടയ്ക്കാതെ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ ഒരർത്ഥവുമില്ലെന്ന് കോൺഗ്രസ് മാത്രമല്ല നമ്മുടെ എല്ലാ രാഷ്ട്രീയപാർട്ടികളും തിരിച്ചറിയണം. . ആണധികാരത്തിന്റെ വൈറസുകളിൽ നിന്ന് സമൂഹത്തെ മുക്തമാക്കാൻ ലിംഗ നീതിയുടെ വാക്സിനേഷൻ പോലെ മറ്റൊരു മറുമരുന്നില്ല. ഇത്തരമൊരു നവീകരണത്തിനും ആത്മപരിശോധനയ്ക്കും വഴിയൊരുക്കുന്നില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസും വെറുമൊരു പെണ്ണ് കേസായി ഒടുങ്ങി ഒതുങ്ങുന്നതിനാവും കേരള സമൂഹം സാക്ഷ്യം വഹിക്കുക.
Content Highlights: Explore the deep societal issues of gender, equality, and power dynamics highlighted by the Rahul Mankoottathil case. Understand the roots of violence against women.
Published: 04 Dec 2025, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented