
വെടിയൊച്ചകള്‍, സ്‌ഫോടനങ്ങള്‍, കൊലപാതകങ്ങള്‍. കഴിഞ്ഞ കുറേക്കാലമായി മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത് ചോരയുടെ മണമുള്ള തലക്കെട്ടുകളുമായിട്ടായിരുന്നു. ഒരുപക്ഷെ, രാജ്യത്ത് തന്നെ ഏറ്റവും ശക്തമായി മാവോയിസ്റ്റുകള്‍ പിടിമുറുക്കിയ ഇടം. അവര്‍ സമാന്തര ഭരണം നടത്തിയ ഇടമെന്ന് പറയാം. ഇവിടെ ഇരകളായവരും കൊല്ലപ്പെട്ടവരുമേറെ. നോക്കെത്താ ദൂരത്തോളമുള്ള കൊടുംവനങ്ങളാല്‍ ചുറ്റപ്പെട്ട, പ്രതീക്ഷകള്‍ നശിച്ച, വിദ്യാഭ്യാസവും വികസനവും നിഷേധിക്കപ്പെട്ട, ഭൂരിഭാഗം ആദിവാസികള്‍ ജീവിച്ചുപോന്നിരുന്ന ഇടം. കൈമുതലായുള്ളത് പട്ടിണിയും ദാരിദ്ര്യവും മാത്രം.
ഈ അരക്ഷിതാവസ്ഥ മുതലാക്കി മാവോയിസ്റ്റുകള്‍ പിടിമുറുക്കിയതോടെ ഇക്കാലമത്രയും മാറിമാറി വന്ന ഭരണസംവിധാനങ്ങള്‍ സ്തംഭിച്ചു നിന്നുപോയി. പിന്നീട് രാജ്യം കേട്ടത് ഗഡ്ചിരോളിയെ കുറിച്ചുള്ള കുപ്രസിദ്ധ വാര്‍ത്തകളാണ്. സാക്ഷിയായത് കുറ്റകൃത്യങ്ങളുടേയും വെടിയൊച്ചകളുടേയും ഏറ്റുമുട്ടലുകളുടേയും തുടര്‍ച്ചയായുള്ള സംഭവങ്ങള്‍ക്കാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം മാവോയിസ്റ്റ് മുക്ത ജില്ലയെന്ന മാതൃകയിലേക്ക് കാലെടുത്തുവെക്കുകയാണ് ഗഡ്ചിരോളി. പുതിയ വികസന പ്രവര്‍ത്തനങ്ങളും സ്‌കൂളുകളുടെയും ലൈബ്രറികളുടെയുമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പ്പും ഗഡ്ചിരോളിയെന്ന പേടിസ്വപ്‌നത്തിന് മറ്റൊരു അധ്യായം എഴുതിച്ചേർക്കുമ്പോൾ പ്രതീക്ഷയുടെ പുതിയ വിത്തുകള്‍ മുളക്കുകയാണ്.

- ഗഡ്ചിരോളി എങ്ങനെ മാവോയിസ്റ്റ് ഹോട്‌സ്‌പോട്ടായി?
ഘോരവനങ്ങള്‍, അതിനുള്ളിലെ ഗ്രാമങ്ങള്‍, ഭൂരിഭാഗവും ആദിവാസികള്‍ താമസിക്കുന്ന ഇടം. ഇവിടങ്ങളിലെ ജനങ്ങളെ സര്‍ക്കാര്‍ പാടെ അവഗണിച്ചതോടെ ഇത് മാവോയിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി. പാവങ്ങളോടുള്ള സര്‍ക്കാരിന്റെ നീതിനിഷേധത്തിലൂന്നി ജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കിയതോടെ ഗഡ്ചിരോളി പൂര്‍ണമായും നക്‌സല്‍ നിയന്ത്രിത മേഖലയായി. പരോക്ഷമായി നികുതി പിരിക്കലടക്കം നടത്തി സര്‍ക്കാര്‍ സംവിധാനങ്ങളെ മാവോയിസ്റ്റുകള്‍ തകിടം മറിച്ചതോടെ ഗഡ്ചിരോളി സംസ്ഥാനത്തിന തന്നെ വലിയ തലവേദനയായി. തെരുവുകളില്‍ ചോരപ്പുഴയൊഴുകി.
മഹാരാഷ്ട്രയുടെ നക്‌സല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം 2019-ല്‍ നടന്നതോടെ ഇരയായത് 17 പോലീസുകാരാണ്. 2013-നും 2018-നും ഇടയ്ക്ക് സുരക്ഷാസേനയും മാവോയിസ്റ്റുകളുമായി നിരന്തര ഏറ്റുമുട്ടലാണ് നടന്നത്. ഇതോടെ ജില്ലയെ നക്‌സല്‍ മുക്തമാക്കുക എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോവുകയായിരുന്നു. ഒട്ടേറെ മാവോയിസ്റ്റുകളും ഗഡ്ചിരോളിയില്‍ കൊല്ലപ്പെട്ടു. ജില്ലയെ മാവോയിസ്റ്റ് മുക്തമാക്കാനായി സര്‍ക്കാര്‍ സി-60 കമാന്‍ഡോസിനെ നിയോഗിച്ചു. ആദിവാസികളുടെ ഭാഷയും സംസ്‌കാരവും ഭൂപ്രകൃതിയും അറിയാവുന്ന 60 അംഗ കമാൻഡോ സംഘമായിരുന്നു സി.60. ഇത് നക്‌സല്‍ പ്രതിരോധ ഓപ്പറേഷനുകളില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇതിനായി പ്രാദേശിക യുവജനങ്ങളെ കമാന്റോ സംഘത്തിലേക്ക് നിയോഗിച്ചു.
2018 ഏപ്രിലില്‍ ഏറ്റുമുട്ടലില്‍ 40 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇതിന് മാവോയിസ്റ്റുകളും തിരിച്ചടിച്ചതോടെ വീണ്ടും പോലീസുകാര്‍ കൊല്ലപ്പെട്ടു. 2019 മെയ് മാസം നടത്തിയ സ്‌ഫോടനത്തില്‍ 15 പോലീസുകാരാണ് കൊല്ലപ്പെട്ടത്. റെയില്‍വേ പാളങ്ങളും റോഡുകളും സ്‌ഫോടനത്തില്‍ തകര്‍ക്കുന്നത് പതിവായി. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് തീവെച്ചു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കപ്പെട്ടു. ഇതോടെ ഗഡ്ചിരോളി, മഹാരാഷ്ട്രയ്ക്ക് വിശേഷിച്ചും പേടിസ്വപ്‌നമായി മാറി. ധാതുസമ്പത്തുകൊണ്ടും മറ്റ് പ്രകൃതി സമ്പത്തുകൊണ്ടും ഗഡ്ചിരോളി സമ്പന്നമായതും മാവോയിസ്റ്റുകള്‍ മുതലാക്കി. സമാന്തര നികുതി പിരിവടക്കം നടത്തി പിടിമുറുക്കി.

- ഏറ്റുമുട്ടലില്‍നിന്നു വികസനപാതയിലേക്ക്
ഇന്ന് ഏറ്റുമുട്ടലില്‍നിന്നു വികസനപാതയിലേക്കുള്ള പുതിയ കഥപറയുകയാണ് ഗഡ്ചിരോളി. 2026-ന് മുന്നെ ജില്ലയെ മാവോയിസ്റ്റ് മുക്തമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ഥ്യത്തിലേക്കടുക്കുന്നു. ഇതിനായി ആദ്യം സര്‍ക്കാര്‍ മുന്നോട്ടുവെച്ചത് കീഴടങ്ങുന്ന മാവോയിസ്റ്റുകള്‍ക്ക് ജീവിത സാഹചര്യമുറപ്പാക്കുക എന്നതായിരുന്നു. ഇതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ഏകദേശം മൂന്ന് കോടിയോളം രൂപ പാരിതോഷികമായി ഇവര്‍ക്കായി ചെലവിട്ടു. ഇതിന് പുറമെ മാവോയിസ്റ്റ് ആശയങ്ങളില്‍നിന്നു ജനങ്ങളെ പിന്തിരിപ്പിക്കാനുള്ള പരിപാടികള്‍ക്ക് ജനങ്ങളില്‍നിന്ന് വലിയ പിന്തുണയും ലഭിച്ചതോടെ ഭൂരിഭാഗം പേര്‍ക്കും മാവോയിസ്റ്റ് ആശയത്തില്‍ താല്‍പര്യമില്ലാതായി.
പോലീസിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന പ്രധാന നക്‌സല്‍ നേതാക്കളെല്ലാം കീഴടങ്ങിയെന്ന് അവകാശപ്പെടുന്നുണ്ട് സര്‍ക്കാര്‍. ഉയര്‍ന്ന റാങ്കിലുള്ള മാവോയിസ്റ്റ് നേതാവിന് കീഴടങ്ങിയാല്‍ അഞ്ച് ലക്ഷം രൂപയാണ് പാരിതോഷികമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. താഴ്ന്ന റാങ്കിലുള്ളവര്‍ക്ക് 2.5 ലക്ഷം രൂപയും നല്‍കും. ഇത് വലിയ വിജയമായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2005 മുതലിങ്ങോട്ട് ഇതുവരെ മഹാരാഷ്ട്രയില്‍ 704 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം 40 മാവോയിസ്റ്റ് ഗ്രൂപ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ തന്നെ 24 എണ്ണം മാത്രമേ സായുധരായി നിലനില്‍ക്കുന്നുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
സ്‌കൂളുകള്‍, പാലങ്ങള്‍, മള്‍ട്ടി സ്‌പെഷ്യലിസ്റ്റ് ആശുപത്രികള്‍, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെയെല്ലാം നിര്‍മാണവുമായി മുന്നോട്ടുപോവുകയാണ് ഫഡ്‌നാവിസ് സര്‍ക്കാര്‍. ഗഡ്ചിരോളിയെ സ്റ്റീല്‍ സിറ്റിയായി മാറ്റി പ്രാദേശിക ജനങ്ങള്‍ക്ക് ജോലിയും സമ്പത്തികവും ഉറപ്പാക്കുക എന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനായി ലോയ്ഡ് മെറ്റല്‍സ് പോലുള്ള വന്‍കിട കമ്പനികളും ഇവിടെ നിക്ഷേപത്തിന് എത്തി. ലോയ്ഡ് മെറ്റല്‍സിന്റെ വിവിധ പദ്ധതികള്‍ക്കായുള്ള തറക്കല്ലിടല്‍ ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് ഫഡ്‌നാവിസ് ഉദ്ഘാടനം ചെയ്തത്. ഇതുവഴി പ്രാദേശിക ജനങ്ങള്‍ക്ക് ജോലിയുറപ്പാക്കാമെന്നും മാവോയിസ്റ്റ് ആശയങ്ങളില്‍നിന്നു പുറത്തേക്ക് ജനങ്ങള്‍ക്ക് വഴികാട്ടാമെന്നും സര്‍ക്കാര്‍ പറയുന്നു. ഉരുക്ക് പ്ലാന്റ്, പൈപ്പ് ലൈന്‍ പദ്ധതികള്‍ എന്നിവയെല്ലാമായി ഇനി മുന്നോട്ടുപോവും. വെറും വികസനപദ്ധികള്‍ എന്നിവയ്ക്ക് പുറമെ ജനങ്ങളെ മാറ്റത്തിലേക്ക് നയിക്കുക എന്നതും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതായി കമ്പനി അധികൃതരും ചൂണ്ടിക്കാട്ടുന്നുണ്ട്. വരാനിരിക്കുന്ന പദ്ധതികള്‍ വഴി 20,000 തൊഴിലവസരങ്ങളെങ്കിലും മേഖലയില്‍ ഒരുങ്ങുമെന്ന് ഫഡ്‌നാവിസ് പറയുന്നു. 30 മാസങ്ങള്‍ കൊണ്ട് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.

നക്‌സല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാതായതായി ഫഡ്‌നാവിസ്
ഗഡ്ചിരോളിയെ കാലങ്ങളായി മുള്‍മുനയില്‍ നിര്‍ത്തിയ മാവോയിസ്റ്റ് നെറ്റ് വര്‍ക്കുകള്‍ ഇല്ലാതായതായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി ഫഡ്‌നാവിസ് കഴിഞ്ഞ പ്രഖ്യാപിച്ചു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നവര്‍ പോലും ഇന്ന് വിവിധ പദ്ധതികളുടെ ഭാഗമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിച്ച് തിരികെവന്നവരെ അഭിനന്ദിക്കുന്നതായും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സുരക്ഷാ ഉദ്യോഗസ്ഥരേയും പോലീസുകാരേയും അഭിനന്ദിക്കുന്നതായും ഫഡ്‌നാവിസ് പറഞ്ഞു. ഇന്ന് ഗഡ്ചിരോളിയിലെ 14000-ലധികം യുവജനങ്ങള്‍ ലോയ്ഡില്‍ ജോലി ചെയ്യുന്നും അതില്‍ മാസം 55,000 രൂപവരെ വരുമാനം നേടുന്നവര്‍ പോലുമുണ്ടെന്നും ഫഡ്‌നാവിസ് ചൂണ്ടിക്കാട്ടി. 100 കിടക്കകള്‍വരെയുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉടന്‍ ഉയരുമെന്നും 116 ഏക്കറില്‍ ലോയ്ഡ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗഡ്ചിരോളിയിലെ ജനങ്ങള്‍ക്ക് വോട്ടവകാശം ഉറപ്പിച്ചതോടെ അവരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കാന്‍ നടത്തിയ സര്‍ക്കാര്‍ ശ്രമങ്ങളും ഫലം കണ്ടു. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന വോട്ടിങ് പങ്കാളിത്തവും ഇവിടെയുള്ള വോട്ടര്‍മാരില്‍ നിന്നുണ്ടായി. 73.88 ശതമാനമായിരുന്നു ഇവിടത്തെ വോട്ടിങ് ശതമാനം. മുംബൈയേയും പൂനെയും പോലും പിന്നിലാക്കുകയും ചെയ്തു. നിലവില്‍ ബിജെപിയുടെ മിലിന്ദ് രാംജി നരോട്ട് ആണ് ഗഡ്ചിരോളിയിലെ എംഎല്‍എ. വിവിധ പദ്ധതികള്‍ക്ക് പുറമെ മഹാരാഷ്ട്ര സ്‌പെഷ്ലൽ പബ്ലിക് സെക്യൂരിറ്റി ബില്ലും ഫഡ്‌നാവിസ് നിയമസഭയില്‍ അവതരിപ്പിച്ചുട്ടുണ്ട്. ഇത് മാവോയിസ്റ്റ് ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ ചേരുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ബില്ല് മുന്നോട്ടുവെക്കുന്നത്. അത്തരക്കാരുടെ സ്വത്ത് വകകള്‍ ഏറ്റെടുക്കുകയും ഉള്‍പ്പെടുന്നവര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷയും ബില്ലില്‍ പറയുന്നു.

- ലൈബ്രറി, തീയേറ്റര്‍
വിദ്യാര്‍ഥികള്‍ക്ക് അറിവു പകരുവാനും അവരുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും ഉപകരിക്കുന്ന തരത്തിലുള്ള 'ഒരു ഗ്രാമം ഒരു ലൈബ്രറി' പദ്ധതിക്കും ഗഡ്ചിരോളി ജില്ലയില്‍ തുടക്കമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 71 ലൈബ്രറികളാണ് രണ്ട് വര്‍ഷത്തിനിടെ ആരംഭിച്ചിട്ടുള്ളത്. ജില്ലയിലെ 8000-ലധികം വിദ്യാര്‍ഥികള്‍ക്ക് പാഠ്യ-പാഠ്യേതര പുസ്തകങ്ങളും മറ്റും ലൈബ്രറി ഉറപ്പാക്കുന്നു. മഹാരാഷ്ട്രയിലെ ആദ്യ അത്യാധുനിക തീയേറ്ററും ഗഡ്ചിരോളിയില്‍ ആരംഭിച്ചു. എ.സി ഓഡിറ്റോറിയം പുഷ്ബാക്ക് സീറ്റ് എന്നിവയെല്ലാം ഉറപ്പാക്കിയതാണ് തീയേറ്റര്‍. 5.1 ഡോള്‍ബി ശബ്ദത്തോടെയുള്ള തീയേറ്ററിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ചികിത്സ തേടാനുള്ള ക്ലിനിക്കുകളും തുറന്നിട്ടുണ്ട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനങ്ങള്‍ക്ക് നല്‍കിയ പ്രത്യേക പരിശീലനം വഴി ഗര്‍ഭിണികളായ അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും മരണം വലിയ രീതിയില്‍ കുറക്കാനായിട്ടുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
മുളാധിഷ്ടിത സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള പദ്ധതിയും ഗഡ്ചിരോളിയില്‍ നടക്കുന്നുണ്ട്. ഇതുവഴി ജനങ്ങള്‍ക്ക് മുളയുല്‍പ്പന്നങ്ങള്‍ നേരിട്ട് കച്ചവടം ചെയ്യാനുള്ള വഴി തുറക്കുകയും ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള ഇത്തരം വ്യാപാരത്തിലൂടെയും ജനങ്ങളുടെ സാമ്പത്തികലാഭം ഉറപ്പാക്കാനായതും ഗുണകരമായി. ഒരുകാലത്ത് വെടിയൊച്ചകളും സ്‌ഫോടന വാര്‍ത്തകളും കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ ഗഡ്ചിരോളി അങ്ങനെ സാവധാനം പുതിയ ജീവിതത്തിലേക്ക് നടന്ന് മുന്നേറുന്ന കാഴ്ച രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയുമാണ്.
Content Highlights: Gadchiroli transforms from a Naxal-controlled area to a model of development
Published: 24 Jul 2025, 11:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented