ലോകത്തിന്റെ തീരാവേദനയായിരുന്ന ഗാസ സൈനികാക്രമണത്തില്‍നിന്ന് ഭാഗികമായെങ്കിലും മുക്തമായിരിക്കുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി നിത്യേനയെന്നോണമുള്ള ബോംബുവര്‍ഷം അവസാനിച്ച് ഗാസയില്‍ ബാക്കിയുള്ള ജനങ്ങള്‍ സമാധാനത്തിന്റെ ആശ്വാസത്തിലേക്കിറങ്ങുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസ സമാധാനപദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേലും പലസ്തീന്‍ സംഘടനയായ ഹമാസും ധാരണയിലെത്തിതോടെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗാസയുടെ വിലാപങ്ങള്‍ക്ക് അറുതി വന്നത്. പലസ്തീന്റെ വിമോചനം ഇപ്പോഴും അകലെയാണെങ്കിലും ഗാസയിലെ കൂട്ടക്കുരുതി അവസാനിച്ചത് ലോകത്തിന് ചെറിയ ആശ്വാസമൊന്നുമല്ല നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളുടെ ഒറ്റപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ പൂര്‍ണമായി യാഥാര്‍ഥ്യമാകുമെന്ന് തന്നെയാണ് ലോകത്തിന്റെ പ്രതീക്ഷ.

To advertise here,

ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ ലക്ഷക്കണക്കിന് മനുഷ്യരുടെ ചോരയാലും കണ്ണീരാലും എഴുതിയ പേരായിരുന്നു ഗാസ. കുഞ്ഞുങ്ങളെന്നോ പ്രായമായവരെന്നോ സ്ത്രീകളെന്നോ ആരോഗ്യപ്രവര്‍ത്തകരെന്നോ ഉള്ള വ്യത്യാസമില്ലാതെ ദിവസേന  നൂറുകണക്കിനാളുകളെ വെടിയേറ്റും പട്ടിണിയാലും കൊല്ലപ്പെടുന്ന ആ 365 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്റെ വിലാപം ലോകത്തിന്റെയാകെ വേദനയായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. വംശഹത്യയെന്ന് ആദ്യഘട്ടത്തില്‍ തന്നെ വിശേഷിപ്പിക്കപ്പെട്ട ഗാസയിലെ യുദ്ധം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി എല്ലാ പരിധികളും കാറ്റില്‍പ്പറത്തി തീര്‍ത്തും ക്രൂരമായ ആക്രമണങ്ങളാല്‍ സര്‍വനാശം വിതച്ചുകൊണ്ടിരിക്കുകയായിരുന്നു. ആധുനിക ലോകത്തിന്റെ എല്ലാ മനുഷ്യാവകാശ മൂല്യങ്ങളെയും തകര്‍ത്തുകൊണ്ടാണ് കുടിവെള്ളത്തിനും ഭക്ഷണത്തിനും വരിനില്‍ക്കുകയും അഭയകേന്ദ്രങ്ങളില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന മനുഷ്യര്‍ക്ക് നേരെ തോക്കുകളും ബോംബുകളും ഗര്‍ജിച്ചത്. യുദ്ധഭൂമിയില്‍ ഒരു കുഞ്ഞിനെപ്പോലും വേദനിപ്പിക്കരുതെന്ന ലിഖിതവും അലിഖിതവുമായ എല്ലാ നിയമങ്ങള്‍ക്കും മുകളിലാണ് ജീവന്‍ നഷ്ടപ്പെട്ടും മാരകമായി പരിക്കേറ്റതുമായ ഗാസയിലെ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ വന്നുകൊണ്ടിരുന്നത്. ഗാസയിലെ വര്‍ഷങ്ങള്‍ നീണ്ട ആക്രമണം ഇസ്രയേലിനെതിരേ ലോകാഭിപ്രായം ശക്തമാക്കിയ ഘട്ടത്തിലാണ് അമേരിക്കയുടെയും ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറുണ്ടായത്. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായെങ്കിലും ഗാസയില്‍ നടത്തിയ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് ഇസ്രയേല്‍ ലോകത്തിന് മുന്നില്‍ മറുപടി പറയേണ്ടതില്ലേ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.

 

നിലവില്‍ ഗാസയിലെ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഇസ്രയേല്‍ നേരിടുന്നത്. ഒരെണ്ണം 2023ല്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ കേസാണ്. രണ്ടാമത്തേത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഗാസയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളെല്ലാം ബോധപൂര്‍വം നിഷേധിച്ച്, യുദ്ധക്കുറ്റം ചെയ്‌തെന്ന പേരിലെടുത്ത കേസാണ്. ഈ കേസില്‍ കോടതി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഹമാസ് നേതാക്കന്മാർക്കെതിരേയും കേസുണ്ട്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും രണ്ട് കേസുകളും അതത് കോടതികളില്‍ തുടരുന്നുണ്ട്. പക്ഷേ, പല കാരണങ്ങള്‍ കൊണ്ടും ഈ കേസുകളില്‍ വിധി വരണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കേസ് നല്‍കിയത് ദക്ഷിണാഫ്രിക്ക

അറബ് രാജ്യങ്ങള്‍ പോലും ശക്തമായ നിലപാടെടുക്കാന്‍ മടിച്ചപ്പോള്‍ പാലസ്തീന്‍ ജനതയ്ക്ക് നിരുപരാധിക പിന്തുണ നല്‍കിയ രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ ഗാസ ആക്രമണം ആരംഭിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രയേലിനെതിരെ കേസ് നല്‍കി ദക്ഷിണാഫ്രിക്ക ലോകത്തെ ഞെട്ടിച്ചിരുന്നു. ഇത്തരത്തില്‍ ഇസ്രയേലിനെതിരെ വംശഹത്യ ആരോപിച്ച് കേസ് നല്‍കുന്ന ആദ്യത്തെ രാജ്യമായും ദക്ഷിണാഫ്രിക്ക മാറി. ഈ സമയം പാശ്ചാത്യരാജ്യങ്ങളായ ഫ്രാന്‍സും ബ്രിട്ടണുമെല്ലാം ഇസ്രയേലിനെ നിരുപാധികം പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. (2025 അവസാനത്തോടെ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പലസ്തീന് പിന്തുണ കൊടുക്കുമെന്നുമുള്ള നിലപാടിലേക്ക് ഈ രാജ്യങ്ങള്‍ക്കും എത്തേണ്ടിവന്നു. അപ്പോഴേക്കും ഗാസ പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലെത്തിയിരുന്നു എന്ന് മാത്രം). ഈ കേസ് നല്‍കിയതിനെ തുടര്‍ന്ന് അമേരിക്ക-ദക്ഷിണാഫ്രിക്ക ബന്ധത്തിനും കാര്യമായ ഉലച്ചില്‍ സംഭവിച്ചിരുന്നു. ട്രംപ് ദക്ഷിണാഫ്രിക്കയ്ക്ക് 30 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിന്റെ അനൗദ്യോഗിക കാരണങ്ങളിലൊന്ന് ഇസ്രയേലിനെതിരെ കേസ് കൊടുത്തു എന്നതായിരുന്നു. ഇത് ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക മേഖലയെ കാര്യമായി തന്നെ ബാധിക്കുകയുണ്ടായി.

2024 ജനുവരിയില്‍ ഈ കേസ് ഐസിജെ പരിഗണിച്ചപ്പോള്‍ തങ്ങളുടെ ഏറ്റവും മികച്ച നിയമവിദഗ്ധരെയും ഉദ്യോഗസ്ഥരെയും തന്നെയാണ് ദക്ഷിണാഫ്രിക്ക ഹേഗിലേക്ക് അയച്ചത്. ലോകപ്രശസ്തനായ നിയമവിദഗ്ധനും വര്‍ണവിവേചനവിരുദ്ധ പോരാളിയുമായ ജോണ്‍ ഡുഗാര്‍ഡ്, മുതിര്‍ന്ന അഭിഭാഷകനായ മാക്‌സ് ഡു പ്ലെസിസ്, ബാരിസ്റ്റര്‍ ആദില ഹസിം തുടങ്ങിയവരെയായിരുന്നു പാലസ്തീന് വേണ്ടി വാദിക്കാനായി ദക്ഷിണാഫ്രിക്ക നിയോഗിച്ചത്. ദീര്‍ഘമായ വാദത്തില്‍ വംശഹത്യ, 1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ ലംഘനം, 75 വര്‍ഷത്തെ വംശീയവിവേചനം, 56 വര്‍ഷത്തെ അനധികൃത കയ്യേറ്റം, 16 വര്‍ഷത്തെ സൈനിക ഉപരോധം തുടങ്ങിയ കുറ്റങ്ങളാണ് ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്കന്‍ സംഘം ആരോപിച്ചത്. ഹേഗിലെ കോടതി മുറിയില്‍ വാദം നടക്കുമ്പോള്‍ പുറത്ത് പാലസ്തീന്‍ പതാകയേന്തിയ ആയിരങ്ങള്‍ ഇവര്‍ക്ക് പിന്തുണയര്‍പ്പിച്ച് നിലയുറപ്പിച്ചിരുന്നു.

ബ്രിട്ടീഷ് അഭിഭാഷകനും നിയമവിദഗ്ധനുമായ മാല്‍കം ഷോ, ഓസ്‌ട്രേലിയന്‍-ഇസ്രയേലി അഭിഭാഷകന്‍ ടാള്‍ ബേക്കര്‍ തുടങ്ങിയവരാണ് ഇസ്രയേലിനെ പ്രതിനിധീകരിച്ചത്. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ദക്ഷിണാഫ്രിക്കയുടെ വംശഹത്യ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ഇവരുടെ വാദം. തുടര്‍ന്ന 2024 ജുവരിയില്‍ ഇസ്രയേല്‍ വംശഹത്യ കണ്‍വെന്‍ഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നതായുള്ള വാദങ്ങള്‍ തള്ളിക്കളയാനാവില്ലെന്നും വംശഹത്യാപരമായ നടപടികള്‍ ഉണ്ടാവില്ലെന്ന് ഇസ്രയേല്‍ ഉറപ്പുവരുത്തണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഇടക്കാല ഉത്തരവ് നല്‍കി. 2024 മാര്‍ച്ചയില്‍ ഗാസയില്‍ ഭക്ഷണം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും 2024 മേയ് മാസത്തില്‍ പതിനായിരക്കണക്കിന് അഭയാര്‍ഥികള്‍ താമസിക്കുന്ന റഫയില്‍ ആക്രമണം നടത്തരുതെന്നും കോടതി തുടര്‍ വിധികള്‍ പുറപ്പെടുവിച്ചു. എന്നാല്‍ ഈ കോടതി ഇടപെടലുകളെ മുഖവിലയ്ക്കെടുക്കാന്‍ ഇസ്രയേല്‍ തയ്യാറായിരുന്നില്ല. കേസില്‍ തുടര്‍ന്ന് നടന്ന വാദങ്ങളില്‍ ഇസ്രയേലിനെതിരായി അഞ്ഞൂറ് പേജിലേറെ വരുന്ന തെളിവുകളാണ് ദക്ഷിണാഫ്രിക്ക ഐസിജെയ്ക്ക് മുന്‍പാകെ ഹാജരാക്കിയത്. ഇതിനെതിരായി വാദം നടത്താന്‍ അടുത്ത ജനുവരിയിലാണ് ഇസ്രയേലിന് അവസരം ലഭിക്കുക. 2027 അവസാനത്തോടെയാകും കേസില്‍ അന്തിമവിധി വരിക എന്നാണ് അന്താരാഷ്ട്ര വിദദ്ധര്‍ വിലയിരുത്തുന്നത്. ഇതോടൊപ്പം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലും നെതന്യാഹു ഉള്‍പ്പടെയുള്ള ഇസ്രയേല്‍ നേതാക്കള്‍ക്കെതിരെ കേസുകള്‍ നടക്കുന്നുണ്ട്.

കേസുമായി മുന്നോട്ടെന്ന് ദക്ഷിണാഫ്രിക്ക

വംശീയവിവേചനത്തിനെതിരായ തങ്ങളുടെ ജനതയുടെ പോരാട്ടത്തിന് ലോകത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നുവെന്നും ഇപ്പോള്‍ പാലസ്തീന്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നുമാണ് ദക്ഷിണാഫ്രിക്കന്‍ ഭരണാധികാരികളുടെ നിലപാട്. ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാളിയായിരുന്ന നെല്‍സണ്‍ മണ്ടേലയും പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറഫാത്തും തമ്മിലുള്ള സൗഹൃദവും രാഷ്ട്രീയ ഐക്യവും പ്രശസ്തമായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍മോചിതനായ മണ്ടേലയെ ആദ്യം സ്വാഗതം ചെയ്ത അന്താരാഷ്ട്ര നേതാക്കളിലൊരാളായിരുന്നു യാസര്‍ അറാഫത്ത്. 1997ല്‍ വിദേശനേതാക്കളെ അഭിസംബോധന ചെയ്യുന്നതിനിടെ പലസ്തീന്‍ സ്വതന്ത്രമാകാതെ ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യം പൂര്‍ണമാകില്ലെന്ന് പ്രഖ്യാപിക്കാനും മണ്ടേല മടിച്ചില്ല. ഇത്തരം ചരിത്രപരമായ കാരണങ്ങളായിരിക്കാം ഇസ്രയേലിനെതിരായ നിയമപോരാട്ടത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നത്.

നിലവിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഗാസയില്‍ ഭാഗികമായെങ്കിലും സമാധാന അന്തരീക്ഷമുണ്ടായെങ്കിലും അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ കേസുമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനം. ഗാസയില്‍ നടത്തിയ ക്രൂരതകള്‍ക്ക് ഇസ്രയേല്‍ അന്താരാഷ്ട്ര കോടതിക്ക് മുന്‍പില്‍ മറുപടി പറഞ്ഞേ മതിയാകൂ എന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ വിദേശകാര്യമന്ത്രിയും ഈ കേസിന്റെ മുഖ്യചുമതലക്കാരിലൊരാളുമായ നലേഡി പണ്ടോര്‍ പ്രതികരിച്ചത്. വെടിനിര്‍ത്തല്‍ ഒരു അനിവാര്യത തന്നെയാണ്. പക്ഷേ, അതിലൂടെ എല്ലാം അവസാനിക്കുന്നില്ല. ഗാസയില്‍ നടത്തിയ പല മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇസ്രയേല്‍ കണക്കുപറഞ്ഞേ മതിയാവുകയുള്ളു. അതിനാല്‍ തന്നെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക കൊടുത്ത കേസ് മുന്നോട്ട് പോകുക തന്നെ വേണമെന്നും നലേഡി പണ്ടോര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ കൊടുത്ത കേസിന് ശരിയായ രീതിയില്‍ തന്നെ ഒരു തീര്‍പ്പുണ്ടായലേ എങ്കില്‍ മാത്രമേ ഗാസയില്‍ കൊല്ലപ്പെട്ട പതിനായിരങ്ങള്‍ക്ക് നീതി ലഭിക്കുകയുള്ളൂ എന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയും പ്രതികരിച്ചത്.

കേസുകളുടെ ഭാവിയെന്ത്?

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ജെനോസൈഡ് സ്‌കോളേഴ്‌സ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഗാസയില്‍ നടന്നത് വംശഹത്യാ ശ്രമമാണെന്ന് കണ്ടെത്തിയിരുന്നു. ഐക്യരാഷ്ട്രസഭ പിന്തുണയ്ക്കുന്ന അന്വേഷണ കമ്മീഷനും സമാനമായ റിപ്പോര്‍ട്ടാണ് ഈ സെപ്തംബറിൽ നല്‍കിയത്. നിലവില്‍ സമാധാനക്കരാര്‍ വന്നെങ്കിലും രണ്ട് വര്‍ഷത്തോളം ഗാസയില്‍ നടന്ന സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ ഗാസയ്ക്ക് നീതി ലഭിച്ചു എന്ന് പറയാനാവില്ല. ഇത്തരം സാഹചര്യം ശാശ്വതമായ സമാധാനശ്രമങ്ങളെയും ബാധിക്കും. അതിനാല്‍ തന്നെ അന്താരാഷ്ട്ര കോടതികളില്‍ ഇസ്രയേല്‍ നേരിടുന്ന ഈ വിചാരണകള്‍ക്ക് വലിയ പ്രാധാന്യമുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത് കോടതികളില്‍ ഇസ്രയേലിന് അനുകൂലമാവുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. വംശഹത്യയായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്ന് സമര്‍ഥിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലിന് ഉപയോഗിക്കാം. എന്നാല്‍, കരാര്‍ ഇസ്രേയലിന്റെ ലക്ഷ്യമായിരുന്നില്ലെന്നും അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ കാരണം ഇസ്രയേല്‍ കരാറിന് നിര്‍ബന്ധിതരായതാണെന്നും അതിന് ശേഷവും ലംഘനങ്ങള്‍ ഉണ്ടായതുമായിരിക്കും എതിര്‍പക്ഷം ഉയര്‍ത്തിക്കാണിക്കുക.

കേസുകളിലെ നടപടികള്‍ അനന്തമായി നീളുകയാണെങ്കിലും ഇതിന്റെ പേരില്‍ ഇസ്രയേല്‍ പല തിരിച്ചടികളും നേരിടുന്നുണ്ട്. ഈ കേസുകളുടെ പേരില്‍ ചില യൂറോപ്യന്‍ കമ്പനികള്‍ ഇസ്രയേലുമായുള്ള ആയുധ ഇടപാടുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേല്‍ പ്രതിരോധ കോണ്‍ട്രാക്ടര്‍മാരുമായുള്ള ഇടപാടുകള്‍ ജാപ്പനീസ് കമ്പനികള്‍ നിര്‍ത്തിയതും ഇതിന്റെ പേരിലാണ്. ഇതിന് പുറമെ നെതന്യാഹുവിന്റെ പേരില്‍ നിലനില്‍ക്കുന്ന അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംബന്ധിച്ചെടുത്തോളം വലിയ തിരിച്ചടിയാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തെത്തുന്ന പക്ഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കാമെന്ന സൂചന പല രാജ്യങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ സഖ്യരാജ്യമായ ബ്രിട്ടനുമുണ്ട്. അമേരിക്കന്‍ വിരുദ്ധ ചേരിയിലുള്ള പലരാജ്യങ്ങളും ഇക്കാര്യത്തില്‍ കടുത്ത നിലപാടുകള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ഡെമോക്രാറ്റിക്ക് മേയര്‍ സ്ഥാനാര്‍ഥിയായ സൊഹ്രാന്‍ മംമ്ദാനി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ നതന്യാഹു ന്യോയോര്‍ക്കിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഇതെല്ലാം ഇസ്രയേലിന്റെ അന്താരാഷ്ട്ര നീക്കങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.