യുക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു). റഷ്യയുടെ ഇന്ധനക്കയറ്റുമതി ലക്ഷ്യമിട്ടാണ് യൂണിയന്റെ 18-ാം റൗണ്ട് ഉപരോധങ്ങള്‍. റഷ്യയില്‍നിന്നുള്ള എണ്ണയ്ക്ക് കുറഞ്ഞ വിലപരിധി ഏര്‍പ്പെടുത്തുക, റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന പാചകവാതക പൈപ്പ്ലൈനായ ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ള നോര്‍ഡിക് സ്ട്രീം പൈപ്പ് ലൈനുകള്‍ വഴിയുള്ള വാതകവിതരണത്തിന് വിലക്കേര്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍. എണ്ണവിലയുടെ പരിധി വീപ്പയ്ക്ക് 60 ഡോളറില്‍നിന്ന് 45 ഡോളറാക്കാനാണ് നിര്‍ദേശം. യുക്രൈനു നല്‍കുന്ന പിന്തുണയില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്നോട്ടില്ലെന്ന സന്ദേശം റഷ്യയ്ക്ക് നല്‍കുന്നതാണ് തീരുമാനമെന്ന് ഇയു വിദേശകാര്യനയ മേധാവി കാജ കള്ളാസ് പ്രഖ്യാപിച്ചു. റഷ്യ യുദ്ധം നിര്‍ത്തുംവരെ സമ്മര്‍ദതന്ത്രം പയറ്റുമെന്നും കൂട്ടിച്ചേര്‍ത്തു.

To advertise here,

യുക്രൈന്‍ യുദ്ധം ആരംഭിച്ചശേഷം പല തവണയായി റഷ്യയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും കടുത്തതാണ് ഇത്തവണത്തേത്. ഉപരോധങ്ങള്‍ ശക്തിപ്പെടുത്തി റഷ്യയെ വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി, ഇയുവിന്റേത് സമയോചിതവും അനിവാര്യവുമായ തീരുമാനമെന്നാണ് പ്രതികരിച്ചത്. അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നിയമവിരുദ്ധമാണെന്ന് റഷ്യ ആരോപിച്ചു. യൂറോപ്യന്‍ യൂണിയന്റെ നടപടി റഷ്യന്‍ സമ്പദ്‌വ്യവസ്ഥയെക്കാള്‍ തിരിച്ചടിയുണ്ടാക്കുക യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്കാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് തിരിച്ചടിച്ചു. യൂറോപ്യന്‍ യൂണിയന്റെ പുതിയ ഉപരോധങ്ങള്‍ എങ്ങനെയാണ് റഷ്യയെ ബാധിക്കുക? റഷ്യയില്‍നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്ക് ഇത് എങ്ങനെ തിരിച്ചടിയാകും? 

റഷ്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാരബന്ധം

യുക്രൈനില്‍ റഷ്യ അധിനിവേശത്തിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ റഷ്യക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നത്. 2022 ഫെബ്രുവരി 24 വരെ, റഷ്യ യൂറോപ്യന്‍ യൂണിയന്റെ പ്രധാന വ്യാപാരപങ്കാളികളില്‍ ഒന്നായിരുന്നു. 1997 മുതല്‍, റഷ്യയുമായുള്ള യൂറോപ്യന്‍ യൂണിയന്റെ രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങള്‍ ഉഭയകക്ഷി-പങ്കാളിത്ത-സഹകരണ കരാറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാനും പരസ്പര ഗുണകരമായ സാമ്പത്തിക ബന്ധങ്ങള്‍ വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു കരാര്‍. 1997-ലെ കരാറാന് ഇപ്പോഴും യൂറോപ്യന്‍ യൂണിയന്‍ -റഷ്യ വ്യാപാര ബന്ധങ്ങള്‍ക്കുള്ള പൊതുചട്ടക്കൂട്. പുതിയ ഇ.യു-റഷ്യ കരാറിനായുള്ള ചര്‍ച്ചകള്‍ 2008-ല്‍ ആരംഭിച്ചെങ്കിലും വ്യാപാര-നിക്ഷേപ വിഷയത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ 2010-ല്‍ നിര്‍ത്തിവച്ചു. 2014 മുതല്‍, റഷ്യ ക്രിമിയ പിടിച്ചെടുക്കുകയും കിഴക്കന്‍ യുക്രൈനില്‍ ഇടപെടുകയും ചെയ്തതോടെ യൂറോപ്യന്‍ യൂണിയന്‍-റഷ്യ ബന്ധങ്ങള്‍ വഷളായി. വ്യാപാര മേഖലയുള്‍പ്പെടെയുള്ള നയസംഭാഷണങ്ങളും സഹകരണസംവിധാനങ്ങളും താല്കാലികമായി നിര്‍ത്തിവെച്ചു. 

2022 ഫെബ്രുവരി 24-ന് യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തിയതോടെ യൂറോപ്യന്‍ യൂണിയന്‍ കടുത്ത നടപടികളിലേക്ക് കടന്നു. റഷ്യയുടെ യുദ്ധനടപടി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തെ ശക്തമായി ബാധിച്ചു. റഷ്യയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി-കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്റെ ഫലമായി 2022-നും 2025-നും ഇടയില്‍ റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ 58 ശതമാനം കുറയുകയും റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 86 ശതമാനം കുറവുണ്ടാവുകയും ചെയ്തു. അധിനിവേശത്തിന് മുമ്പ്, 2021-ല്‍, യൂറോപ്യന്‍ യൂണിയന്റെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു റഷ്യ. യൂറോപ്യന്‍ യൂണിയന്റെ മൊത്തം ചരക്ക് വ്യാപാരത്തില്‍ 5.8 ശതമാനം റഷ്യയുമായായിരുന്നു. മറുവശത്ത് റഷ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു യൂറോപ്യന്‍ യൂണിയന്‍. റഷ്യയുടെ ഇറക്കുമതിയുടെ 36.5 ശതമാനവും കയറ്റുമതിയുടെ 37.9 ശതമാനവും യൂറോപ്യൻ  യൂണിയനിലേക്കായിരുന്നു. 2021-ല്‍, ഇയുവും റഷ്യയും തമ്മിലുള്ള മൊത്തം വ്യാപാരം 257.5 ബില്യണ്‍ യൂറോ ആയിരുന്നു.

യുക്രൈന്‍ യുദ്ധം മൂന്ന് വര്‍ഷം പിന്നിട്ടതോടെ 2024-ല്‍ റഷ്യയുമായുള്ള വ്യാപാര പങ്കാളിത്വത്തില്‍ ഒന്നാമതായിരുന്ന യൂറോപ്യന്‍ യൂണിയന് മൂന്നാം സ്ഥാനത്തായി. ഇയുവുമായുള്ള രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാരത്തിന്റെ 38.4 ശതമാനമായി. ഇറക്കുമതിയുടെ 10.3 ശതമാനമായി കുറഞ്ഞു. കയറ്റുമതിയാകട്ടെ 7.3 ശതമാനമായിരുന്നു. 2024-ല്‍ റഷ്യ, യൂറോപ്യന്‍ യൂണിയന്റെ 15-ാമത്തെ വ്യാപാര പങ്കാളിയായിരുന്നു. ഇയുവിന്റെ മൊത്തം ചരക്ക് വ്യാപാരത്തിന്റെ 1.3% ശതമാനമായിരുന്നു റഷ്യയുമായി ഉണ്ടായിരുന്നത്. യൂറോപ്യന്‍ യൂണിയനും റഷ്യയും തമ്മിലുള്ള മൊത്തം ചരക്കു വ്യാപാരമാകട്ടെ 67.5 ബില്യണ്‍ യൂറോയായി കുറഞ്ഞു. യൂറോപ്യൻ യൂണിയന്റെ ഇറക്കുമതി 35.9 ബില്യണ്‍ യൂറോ ആയിരുന്നു. അതില്‍ ഇന്ധനവും ഖനന ഉത്പന്നങ്ങളുമായിരുന്നു പ്രധാനം. പ്രത്യേകിച്ച് ധാതു ഇന്ധനങ്ങള്‍ (22.3 ബില്യണ്‍ യൂറോ, 62.1%), രാസവസ്തുക്കള്‍ (2.8 ബില്യണ്‍ യൂറോ, 7.8%), ഇരുമ്പ്, ഉരുക്ക് (2.6 ബില്യണ്‍ യൂറോ, 7.2%) തുടങ്ങിയവ. 2021-ല്‍ 99.0 ബില്യണ്‍ യൂറോയായിരുന്ന റഷ്യയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ കയറ്റുമതി 2024-ല്‍ 31.5 ബില്യണ്‍ യൂറോയായി കുറഞ്ഞു. രാസവസ്തുക്കള്‍ (13.7 ബില്യണ്‍ യൂറോ ), ഭക്ഷ്യവസ്തുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍ ( 5.9 ബില്യണ്‍ യൂറോ), യന്ത്രസാമഗ്രികള്‍, ഗതാഗത ഉപകരണങ്ങള്‍ (4.1 ബില്യണ്‍ യൂറോ) എന്നിവയായിരുന്നു പ്രധാനം. 

placeholder
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ | Photo: AP/PTI

റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്പില്‍ നിരോധനം 

യുദ്ധം ആരംഭിച്ചതോടെ ഉപരോധങ്ങളിലൂടെ റഷ്യന്‍ ഖജനാവിനെ ദുര്‍ബലപ്പെടുത്തി പുതിനെ സമ്മര്‍ദത്തിലാക്കുക എന്ന തന്ത്രമാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും സ്വീകരിച്ചത്. പാശ്ചാത്യശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഭക്ഷ്യ- ഇന്ധന വിപണികളിലും ഊര്‍ജമേഖലയിലും വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. ഊര്‍ജ കയറ്റുമതിയെ വലിയ തോതില്‍ ആശ്രയിച്ചാണ് റഷ്യന്‍ സമ്പദ് വ്യവസ്ഥ നിലകൊണ്ടിരുന്നത്. യൂറോപ്യന്‍ യൂണിയനായിരുന്നു എല്ലാക്കാലത്തും അവരുടെ ഏറ്റവും വലിയ വിപണി. അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച എണ്ണയും യൂറോപ്പിലേക്ക് കയറ്റിയയച്ച് വലിയ വരുമാനമാണ് റഷ്യക്ക് നേടിയിരുന്നത്. ഉപരോധങ്ങളിലൂടെ ഇതിന് തടയിടുകയായിരുന്നു യൂറോപ്യന്‍ യൂണിയന്‍ തുടക്കത്തില്‍ ലക്ഷ്യമിട്ടത്. അധിനിവേശത്തിന് പിന്നാലെ റഷ്യയെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ ശ്രമങ്ങളും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ആരംഭിച്ചു. റഷ്യന്‍ ഊര്‍ജം വാങ്ങുന്നത് അവസാനിപ്പിക്കുക എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാന മാര്‍ഗം. എന്നാല്‍, റഷ്യന്‍ എണ്ണയേയും പ്രകൃതിവാതകങ്ങളേയും വലിയ തോതില്‍ ആശ്രയിച്ചിരുന്ന യൂറോപ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും ദുഷ്‌കരവുമായിരുന്നു അത്. 

പൈപ്പ്‌ലൈന്‍ വഴി റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ് നല്‍കിക്കൊണ്ടായിരുന്നു എണ്ണ ഉപരോധം നിലവില്‍ വന്നത്. റഷ്യയില്‍ നിന്നുള്ള യൂറോപ്യന്‍ യൂണിയന്റെ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും കടല്‍ വഴിയുള്ളതായിരുന്നു. ഇതിന് പൂര്‍ണ നിരോധനമാണ് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പൈപ്പ് ലൈന്‍ വഴിയുള്ള ക്രൂഡ് ഇറക്കുമതി അവസാനിപ്പിക്കുന്നതിന് പല രാജ്യങ്ങള്‍ക്കും സാവകാശം നല്‍കുകയും ചെയ്തിരുന്നു. ഘട്ടംഘട്ടമായി പൈപ്പ് ലൈന്‍ വഴിയുള്ള ക്രൂഡ് ഇറക്കുമതി അവസാനിപ്പിക്കുമെന്ന് ജര്‍മനിയും പോളണ്ടും ആദ്യഘട്ടത്തില്‍തന്നെ അറിയിച്ചിരുന്നു. ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തുടരാനും യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കിയിരുന്നു. പൈപ്പ് ലൈന്‍ വിതരണത്തിന് തടസമുണ്ടാകുന്ന പശ്ചാത്തലത്തില്‍ കടല്‍ വഴിയുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഹംഗറിക്ക് അനുവാദം ലഭിച്ചിരുന്നു. തുറമുഖങ്ങളുടെ അഭാവത്തില്‍ റഷ്യന്‍ പൈപ്പ് ലൈന്‍ എണ്ണയെ ആശ്രയിക്കുന്ന ഹംഗറി, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ കടല്‍ത്തീരമില്ലാത്ത രാജ്യങ്ങള്‍ക്ക് ബദല്‍ സ്രോതസ്സുകളിലേക്ക് മാറാന്‍ ഉടന്‍ സാധിക്കില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് അനുവദിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതോടെ റഷ്യ എണ്ണയ്ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ വലിയ തോതില്‍ റഷ്യന്‍ എണ്ണ വാങ്ങിക്കൂട്ടി. അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി ലോകത്ത് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആവശ്യമായതിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്താണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിനായി വലിയ തോതില്‍ ആശ്രയിച്ചിരുന്നത് മധ്യപൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളെയായിരുന്നു. എന്നാല്‍, നിലവില്‍ റഷ്യയില്‍ നിന്നാണ് ഇന്ത്യ എണ്ണ ഏറ്റവും അധികം വാങ്ങുന്നത്. ചൈനയ്ക്ക് പിന്നില്‍ റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിക്കൂട്ടി. റിലയന്‍സും രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ നയാരയും ചേര്‍ന്നാണ് ഇന്ത്യയിലെത്തിയ റഷ്യന്‍ എണ്ണയുടെ സിംഹഭാഗവും വാങ്ങിക്കൂട്ടിയത്. ശുദ്ധീകരിച്ച അസംസ്‌കൃത എണ്ണയുടെ വലിയ ഭാഗവും ആഭ്യന്തര ഉപയോഗത്തിന് എത്തിയപ്പോള്‍, മിച്ചമുള്ള എണ്ണ അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുകയാണ് ചെയ്തത്. പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ ശുദ്ധീകരിച്ച യൂറോപ്യന്‍ എണ്ണ എത്തിയത്.

placeholder
യൂറോപ്യന്‍ യൂണിയന്‍ | Photo: Gettyimages

ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

യുക്രൈന്‍ യുദ്ധത്തില്‍നിന്ന് റഷ്യ പിന്മാറാത്ത സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉപരോധം കടുപ്പിച്ചത്. റഷ്യയുടെ ഇന്ധനക്കയറ്റുമതി ലക്ഷ്യമിട്ടുള്ള യൂണിയന്റെ 18-ാം റൗണ്ട് ഉപരോധത്തിന് അംഗരാജ്യങ്ങള്‍ അംഗീകാരം നല്‍കി. യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയെ നിര്‍ബന്ധിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായാണ് നീക്കം ഇതിന്റെ ഭാഗമായി റഷ്യന്‍ ക്രൂഡ് ഓയിലിന്റെ പരമാവധി വില ബാരലിന് 60 ഡോളറില്‍ നിന്ന് 47.60 ഡോളറായി യൂറോപ്യന്‍ യൂണിയന്‍ കുറച്ചു. ഇതോടെ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നവര്‍ പരമാവധി 47.60 ഡോളറേ നല്‍കാവൂ. അതിനു മുകളില്‍ വില നല്‍കി എണ്ണ വാങ്ങിയാല്‍ ആ രാജ്യങ്ങളും ഉപരോധത്തിന്റ പരിധിയില്‍ വരും. നേരത്തെ ബാരലിന് 80 ഡോളറായിരുന്ന റഷ്യന്‍ എണ്ണ വില ഇയു 60 ഡോളറായി കുറച്ചിരുന്നു. പിന്നാലെയാണ് റഷ്യയുടെ എണ്ണ വരുമാനത്തില്‍ പിടിമുറുക്കാന്‍ ലക്ഷ്യമിട്ട് രാജ്യാന്തര വിപണിയില്‍ ബാരലിന് ശരാശരി 65 ഡോളറുള്ള എണ്ണ വില 47 ഡോളറായി ഇയു വെട്ടിക്കുറച്ചത്. റഷ്യന്‍ എണ്ണ ടാങ്കറുകള്‍ക്ക് പുറമേ യൂറോപ്യന്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എടുത്തിട്ടുള്ള എണ്ണക്കപ്പലുകള്‍ക്കും ഈ ഉപരോധം ബാധകമാണ്. 

എണ്ണയുടെ വിലപരിധി കുറച്ചതുകൂടാതെ ബാങ്കിങ്ങിനും റഷ്യന്‍ അസംസ്‌കൃത എണ്ണയില്‍ നിന്നുണ്ടാക്കുന്ന ഇന്ധനത്തിന്റെ വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ട്. റഷ്യന്‍ ക്രൂഡ് ഓയിലില്‍നിന്ന് നിര്‍മിക്കുന്ന ശുദ്ധീകരിച്ച എണ്ണ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം കണ്ടുവരും. കാനഡ, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് കിങ്​ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാണ് യൂറോപ്യന്‍ യൂണിയന്‍ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ എണ്ണ ശുദ്ധീകരണത്തില്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ പങ്ക് പരിഗണിക്കുമ്പോള്‍ ഈ നീക്കം ഇന്ത്യയുടെ യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതിയെ സാരമായി ബാധിച്ചേക്കാം. ഇതിനൊപ്പം ബാള്‍ട്ടിക് കടലിനടിയിലൂടെയുള്ള നോര്‍ഡിക് സ്ട്രീം പൈപ്പ് ലൈനുകള്‍ വഴിയുള്ള വാതകവിതരണത്തിന് വിലക്കു വരും. റഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള പ്രധാന പാചകവാതക പൈപ്പ്ലൈനാണിത്. 2022-ല്‍ പൊട്ടിത്തെറിയില്‍ തകര്‍ന്ന റഷ്യ-ജര്‍മനി നോര്‍ഡ് സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈന്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ റഷ്യയെ അനുവദിക്കില്ല.

റഷ്യയുടെ സഹകരണത്തോടെ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന നയാരയുടെ എണ്ണശുദ്ധീകരണശാലയ്ക്കും യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തി. റഷ്യന്‍ എണ്ണ ഭീമനായ റോസ്‌നെഫ്റ്റിന് 49.13 ശതമാനം ഓഹരി നിക്ഷേപമുള്ളതാണ് നയാര എനര്‍ജിക്ക് തിരിച്ചടിയായത്. ഗുജറാത്തിലെ വദിനാറില്‍ പ്രവര്‍ത്തിക്കുന്ന ശാലയില്‍ ഒരു വര്‍ഷം രണ്ടുകോടി ടണ്‍ എണ്ണയാണ് സംസ്‌കരിക്കുന്നത്. കൂടാതെ ഏകദേശം 6,800 ഇന്ധന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ശൃംഖലയും അവര്‍ നടത്തുന്നു. ഇതോടെ നയാര എനര്‍ജിക്ക് യൂറോപ്പിലേക്ക് പെട്രോളിയം ഇന്ധനങ്ങളും ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ കഴിയില്ല. യൂറോപ്യന്‍ കമ്പനികളുമായുള്ള അവരുടെ ഇടപാടുകളെയും ഉപരോധം ബാധിക്കും. രാജ്യാന്തര പണമിടപാട് സംവിധാനത്തില്‍ നിന്ന് 22 റഷ്യന്‍ ബാങ്കുകളെ പുറത്താക്കാനും ഇയു തീരുമാനിച്ചു. റഷ്യയുമായി ഇടപാട് നടത്തുന്നതും ഉപരോധം മറികടക്കാന്‍ റഷ്യയെ സഹായിച്ചതുമായ രണ്ട് ചൈനീസ് ബാങ്കുകള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തും.

placeholder
ഒരു റഷ്യൻ ഓയിൽ ടാങ്കർ | Photo: AP

ഉപരോധം ഇന്ത്യയെ എങ്ങനെ ബാധിക്കും? 

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രങ്ങളിലൊന്നാണ് റഷ്യ. യുക്രൈന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ ഏതാണ്ട് 60 ശതമാനത്തോളം യൂറോപ്പിലേക്കായിരുന്നു കയറ്റി അയച്ചിരുന്നത്. 2021-ല്‍ യൂറോപ്പിന് അവശ്യമുള്ള പ്രകൃതിവാതകത്തിന്റെ 45 ശതമാനം റഷ്യയാണ് വിതരണം ചെയ്തത്. യുദ്ധം ആരംഭിച്ചതോടെ പാശ്ചാത്യരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തി. ബാങ്കുകള്‍ക്ക് പിഴ ചുമത്തി, സാങ്കേതിക കയറ്റുമതി നിരോധിച്ചു, ആസ്തികള്‍ മരവിപ്പിച്ചു, ഊര്‍ജ്ജ കയറ്റുമതി നിയന്ത്രിച്ചു. ഫണ്ടുകളുടെ അഭാവം മൂലം റഷ്യയെ തളര്‍ത്തുക എന്നതായിരുന്നു ഉദ്ദേശ്യം. എന്നാല്‍, മറുവശത്ത് റഷ്യന്‍ എണ്ണയും പ്രകൃതിവാതകവും അവര്‍ക്ക് ആവശ്യവുമായിരുന്നു. ഇത് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ അവസരം തുറന്നു നല്‍കി. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചപ്പോള്‍ ഇന്ത്യ അത് വാങ്ങിക്കൂട്ടി. വിലക്കുറവുള്ള ഈ എണ്ണ ഇന്ത്യയ്ക്ക് നേട്ടമായി. 

യൂറോപ്യന്‍ യൂണിയന്‍ അടുത്തിടെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. പെട്രോളിയം വിതരണത്തില്‍ ഒരു പാശ്ചാത്യ കൂട്ടായ്മ സൃഷ്ടിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നു. 2022-ന് ശേഷം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം ശുദ്ധീകരിച്ച പെട്രോളിയം കയറ്റിയയക്കുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്. പുതിയ നിരോധനം മൂലം ഏറ്റവും വലിയ നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളത് ഇന്ത്യയ്ക്കായിരിക്കും. കഴിഞ്ഞ വര്‍ഷം യൂറോപ്പിലേക്ക് എത്തിയ ഡീസല്‍, ജെറ്റ് ഇന്ധനങ്ങളില്‍ പതിനാറ് ശതമാനത്തോളം ഇന്ത്യയില്‍ നിന്നായിരുന്നു എന്നാണ് കണക്കുകള്‍. 2024-ല്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 38 ശതമാനം റഷ്യന്‍ ക്രൂഡ് ഓയിലായിരുന്നു. പുതിയ നിരോധനം ക്രൂഡിന്റെ മൊത്തം കയറ്റുമതിക്കാരെ ബാധിക്കുന്നില്ല. പുതിയ നിയന്ത്രണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് ഉത്പാദകരായിരിക്കും. അവര്‍ക്ക് യൂറോപ്പിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്യുകയും ചെയ്യാം.

റഷ്യയുടെ എണ്ണ മേഖലയ്ക്ക് മേല്‍ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍, ഊര്‍ജ്ജ വിലയില്‍ ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധാപൂര്‍വ്വമാണ് തയ്യാറാക്കിയത്. അതേസമയം ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയുടെ വരുമാനത്തില്‍ വലിയ കുറവ് വരുത്താനും ലക്ഷ്യമിട്ടിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ വിജയം കൈവരിക്കാന്‍ യുറോപ്യന്‍ യൂണിയന് സാധിച്ചിട്ടില്ല. മാത്രമല്ല, പുതിയ ഉപരോധത്തിലും പഴുതുകള്‍ കണ്ടെത്താന്‍ റഷ്യക്ക് കഴിഞ്ഞേക്കാം. വാസ്തവത്തില്‍ പുതിയ ഉപരോധങ്ങള്‍ റഷ്യയുടെ എണ്ണ വരുമാനം കുറയ്ക്കാനോ അവരെ സമ്മര്‍ദ്ദത്തിലാക്കാനോ സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. റഷ്യയെ യഥാര്‍ഥത്തില്‍ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഒരു മാര്‍ഗം, യുഎസ് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയത് പോലെ 'രണ്ടാംതല ഉപരോധങ്ങള്‍' നടപ്പിലാക്കുക എന്നതാണ്. അതായത് റഷ്യന്‍ എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ഉപരോധം ഏര്‍പ്പെടുത്തുക. എന്നാല്‍ റഷ്യയുടെ എണ്ണ കയറ്റുമതിയെ പൂര്‍ണമായി ഇല്ലാതാക്കുന്നത് ആഗോള എണ്ണ വിലയിലും പണപ്പെരുപ്പ നിരക്കിലും വലിയവര്‍ധനവിന് കാരണമാകുന്നതിനാല്‍ അതിന് സാധ്യത കുറവാണ്.

Reference