ആദ്യം പടയപ്പ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് നാല് ആനകള്‍ കൂട്ടത്തോടെയുത്തുന്നുണ്ട്. ഒപ്പം കാട്ടുപോത്തുമെത്തി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്കും ഭക്ഷിച്ചാണ് മടക്കം

മാലിന്യം ഭക്ഷിക്കാനെത്തുന്ന ആനകള്‍
അഭിലാഷ് ചിറക്കടവ്
ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് കാട്ടുകൊമ്പനായ പടയപ്പ മൂന്നാര്‍ കല്ലാറിലെ മാലിന്യ പ്ലാന്റിലെത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. അതിനെ തുടർന്ന് മൂന്നാറിലെ മാലിന്യക്കൂമ്പാരത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എന്നാല്‍, ഈ പ്രതിഷേധങ്ങള്‍ക്കൊന്നും യാതൊരു ഫലവും ഉണ്ടായില്ലെന്ന് മാത്രമല്ല മാലിന്യം തള്ളുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അന്ന് പടയപ്പ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് നാല് ആനകള്‍ കൂട്ടത്തോടെയുത്തുന്നതാണ് കാഴ്ച. ഒപ്പം കാട്ടുപോത്തും. മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്കും ഭക്ഷിച്ചാണ് ഇവരുടെ മടക്കം.
മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക്കും കഴിക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയുടെ ദൃശ്യങ്ങള്‍ വലിയ പ്രതിഷേധത്തിനാണ് കാരണമായത്. ഒടുവില്‍ 2024 ജനുവരി ആദ്യം പഞ്ചായത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ പ്ലാന്റിനു മുന്‍പില്‍ തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, ഈ മാലിന്യങ്ങള്‍ നീക്കിയെങ്കിലും പിന്നീടും മാലിന്യം തള്ളുന്നത് ആവര്‍ത്തിക്കുന്നതല്ലാതെ മാലിന്യ സംസ്‌കരണത്തിനോ വന്യമൃഗങ്ങള്‍ ഇവിടേയ്ക്ക് എത്തുന്നത് തടയുന്നതിനോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോഴും എല്ലാ ദിവസവും കാട്ടാനക്കൂട്ടമെത്തി മാലിന്യം ഭക്ഷിച്ചുപോകുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.
മാലിന്യം തള്ളുന്ന യാർഡുകൾ കാടിനോട് ചേര്‍ന്ന, എളുപ്പം എത്താവുന്ന സ്ഥലങ്ങളായി മാറിയിട്ടുണ്ട്. ഭക്ഷണം തേടിയിറങ്ങുന്ന ആനകള്‍ക്ക് ലഭിക്കുന്നത് മാലിന്യമാണ്. മാലിന്യ വാഹനങ്ങളെത്തുന്ന സമയം മനസിലാക്കി അവ ഭക്ഷിക്കാനെത്തുന്നതും വന്യമൃഗങ്ങള്‍ പതിവാക്കിയിട്ടുണ്ട്.
ഇതുകഴിച്ച് അതുവഴി ഈ മാലിന്യം പൊതിഞ്ഞ പ്ലാസ്റ്റിക്കും മൃഗങ്ങളുടെ വയറ്റിലെത്തുന്നു. അടുത്തിടെ ചെരിഞ്ഞ ആനകളുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ ഇതിനെതിരായ പ്രതിഷേധവും ശക്തമായി.
പ്രതിദിനം ആറ് ടണ്‍ മാലിന്യമാണ് മൂന്നാറില്‍ നിന്നും ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്നത്. മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്ന ഈ പച്ചക്കറിയുടേത് അടക്കമുള്ള അവശിഷ്ടങ്ങൾ ചാക്കുകളില്‍ കെട്ടി മാലിന്യപ്ലാന്റിന് മുന്നില്‍ തള്ളുകയാണ് ചെയ്യുന്നത്. ഇത്രയും അധികം മാലിന്യം സംസ്‌കരിക്കാനുള്ള ശേഷി ഈ പ്ലാന്റിനില്ല. അതുകൊണ്ടു തന്നെ അവ പ്ലാന്റിന് മുന്നില്‍ കുന്നുകൂടി കിടക്കുകയാണ്. ഇതാണ് ഇവിടേയ്ക്ക് മൃഗങ്ങളെ ആകർഷിക്കുന്നത്. ആനകളുടെ വിഹാരകേന്ദ്രമായ കല്ലാറിലാണ് മൂന്നാറിലെ മാലിന്യ പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ആനകള്‍ കയറാതിരിക്കാനായി ഇക്കാലമത്രയും ഒരു മതില്‍ പോലും കെട്ടാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുമില്ല.
ജനങ്ങള്‍ കാണാതെ മാലിന്യം തള്ളും, പ്ലാസ്റ്റിക്ക് കത്തിക്കും
മാലിന്യ സംസ്കരണത്തിനായി പഞ്ചായത്ത് എന്തൊക്കെയോ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇതുവരേയും ഇവിടെ നടപ്പിലാക്കിയിട്ടില്ലെന്ന് പറയുകയാണ് നാട്ടുകാർ.
''മാലിന്യ പ്ലാന്റിന് മാലിന്യ സംസ്‌കരണത്തിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട ജീവനക്കാരില്ലാത്തതാണ് ആദ്യത്തെ പ്രശ്‌നം. കൂടാതെ ഏതെങ്കിലും യന്ത്രങ്ങള്‍ തകരാറിലായാല്‍ അത് ശരിയാക്കാന്‍ തന്നെ മാസങ്ങളോളം വേണ്ടിവരും. മാലിന്യം വെറുതേ തള്ളിയിട്ട് പോകുന്നതിനെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതോടെ പ്രദേശത്ത് ആള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കിയാണ് മാലിന്യം തള്ളിയിട്ട് പോകുന്നത്. പലപ്പോഴും പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട് കത്തിക്കാറുണ്ട്. അല്ലാതെ അവിടെ മറ്റൊന്നും ചെയ്യുന്നില്ല എന്നുള്ളതാണ് വാസ്തവം''- പേര് വെളിപ്പെടുത്താൻ തയ്യാറാവാത്ത ഒരു യുവാവ് പറഞ്ഞു.
ആനപ്പിണ്ടത്തിലും പ്ലാസ്റ്റിക്, വന്യമൃഗങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും
ആനകള്‍ അടക്കമുള്ള വന്യജീവികള്‍ പ്ലാസ്റ്റിക് ഭക്ഷിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാവുക. പ്ലാസ്റ്റിക് ഭക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് ആന്തരികമായ പരിക്ക് ഉണ്ടാവുകയും അത് ദീര്‍ഘകാല അണുബാധയ്ക്കും കാരണമായേക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുറമേ പ്രത്യുത്പാദനത്തെപ്പോലും ബാധിച്ചേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചെരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പ്ലാസ്റ്റിക്കഷ്ണം കണ്ടെടുത്തതും ആനപ്പിണ്ടത്തില്‍ പ്ലാസ്റ്റിക്ക് സാന്നിധ്യം കാണുന്നതും വെറുതേ തള്ളിക്കളയാനാകുന്ന കാര്യങ്ങളല്ല.
മലയോര വിനോദ സഞ്ചാര മേഖലകളില്‍ പ്ലാസ്റ്റിക് നിരോധിച്ച് കോടതി
2025 ജൂണ്‍ 18-ന് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ മൂന്നാര്‍, ഇടുക്കി, സുല്‍ത്താന്‍ ബത്തേരിയടക്കമുള്ള പ്രധാനപ്പെട്ട പത്ത് മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരും ജില്ലാ കളക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് പ്ലാസ്റ്റിക് മാലിന്യം തടയുന്നതിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി മാലിന്യ സംസ്‌കരണ സംവിധാനം ശക്തമാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് ഒക്ടോബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരുത്താനും കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിനോദസഞ്ചാരികള്‍ വെള്ളക്കുപ്പികള്‍ കരുതണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അഞ്ചു ലിറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പി, പ്ലാസ്റ്റിക് സ്ട്രോകള്‍ ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ് ബേക്കറികളില്‍ ഉപയോഗിക്കുന്ന ബോക്‌സുകള്‍ എന്നിവക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
അതേസമയം വന്യജീവികള്‍, പ്രത്യേകിച്ച് ആനകള്‍ പ്ലാസ്റ്റിക് കലര്‍ന്ന മാലിന്യം കഴിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് നടക്കുന്നത് കോടതി രേഖപ്പെടുത്തി. ഭാഗികമായ നിരോധനങ്ങള്‍ ഫലം കാണാത്തതും അവയ്ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
പദ്ധതികള്‍ ഏറെ, ഒന്നും നടപ്പാക്കാനാകാതെ മൂന്നാര്‍
മൂന്നാറിലേക്കുള്ള പ്രധാന പാതകളിലെ ചെക്ക് പോയിന്റുകളിലെ പരിശോധനയും വിനോദസഞ്ചാരികള്‍ക്ക് ബോധവത്കരണം, നിരോധിത പ്ലാസ്റ്റിക് ശേഖരണം, വാഹന പരിശോധന, പിക്നിക് സ്ഥലങ്ങളില്‍ ഗ്രീന്‍ പട്രോളിംഗ് വെള്ളം റീഫില്‍ ചെയ്യാന്‍ സൗകര്യമുള്ള ടൂറിസ്റ്റ് സെന്ററുകള്‍ എന്നിവ ഉറപ്പാക്കാനായിരുന്നു ''ഗ്രീന്‍ കൊറിഡോര്‍'' ചെക്ക്‌പോയിന്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. എന്നാല്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും പൂര്‍ണമായി നടപ്പാക്കാനായി സാധിച്ചിട്ടില്ല.
പഞ്ചായത്തിന് സാങ്കേതികവും സാമ്പത്തികവുമായ പരിമിതികള്‍ ഉണ്ടെങ്കില്‍പ്പോലും രണ്ട് വര്‍ഷത്തിലധികമായി തുടരുന്ന മാലിന്യപ്രശ്‌നത്തിന് ഇതുവരേയും പരിഹാരം കണ്ടെത്താന്‍ പഞ്ചായത്തിനോ അധികൃതര്‍ക്കോ സാധിച്ചിട്ടില്ല. ബയോഗ്യാസ് പ്ലാന്റ്, ഇന്‍സിനറേറ്റര്‍, വേലികളോടുകൂടിയ മാലിന്യത്തിട്ട തുടങ്ങിയ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ ആവശ്യമായ ഫണ്ട്, സാങ്കേതിക സഹായം എന്നിവ കുറവാണ്. നിലവില്‍ പഞ്ചായത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് ബോധവത്കരണത്തിലും ചെറിയ പൈലറ്റ് പദ്ധതികളിലും മാത്രമാണ്.
Content Highlights: Elephants are increasingly consuming plastic waste dumped in Munnar, Kerala, posing a severe health risk
Published: 17 Oct 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented