ഉരുള്‍ജലം ഇരമ്പിയൊഴുകിവന്ന ആ ദിവസം ചൂരല്‍മല പഴയ വില്ലേജ് റോഡില്‍ നിന്ന് ജീവനും പറിച്ച് ഓടിയതാണ് 86 വയസ്സുകാരന്‍ വേലപ്പനും 78 വയസ്സുകാരി ഭാര്യ മണിയമ്മയും. ചൂരല്‍മല പഴയ വില്ലേജ് റോഡിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീടിരിക്കുന്ന സ്ഥലത്ത് ഇനി താമസിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയാത്തത് കൊണ്ട് മാത്രം ലിസ്റ്റില്‍ നിന്ന് പുറത്താവുകയും സഹായധനം പോലും കിട്ടാതാവുകയും ചെയ്ത വയോധികര്‍. ചുറ്റോട് ചുറ്റുമുള്ള ജനങ്ങളെ ഉദ്യോഗസ്ഥരെത്തി ഒഴിപ്പിച്ചുകഴിഞ്ഞു.

To advertise here,

പ്രളയജലമെത്തി വഴിയും പറമ്പും മൂടി. ആളുകളില്ലാതായതോടെ ഇവര്‍ താമസിക്കുന്ന ഭാഗം ആനയടക്കമുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായി. എല്ലാത്തിനും സാക്ഷിയായി ആ ഷീറ്റിട്ട വീട് മാത്രം ബാക്കി. ഉരുളിന്റെ ശക്തിയില്‍ വീട് വിണ്ടുകീറുകയും അടിത്തറയടക്കം ഇളകുകയും ചെയ്തു. അപ്പോഴും ഇവരോട് സര്‍ക്കാര്‍ ചോദിക്കുന്നത് നിങ്ങളുടെ വീട് പോയില്ലല്ലോ എന്നാണ്. പക്ഷേ, അവിടേയ്ക്ക് എങ്ങനെ പോവുമെന്നും ജീവിക്കുമെന്നും മാത്രം സർക്കാർ ചോദിക്കുന്നില്ല.

ജോലിക്കിടെ മരം വീണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കാലിന്റെ സ്വാധീനം ഇല്ലാതായിപ്പോയിട്ടുണ്ട് വേലപ്പന്. ഹൃദ്രോഗിയായ ഭാര്യ മണിയമ്മയുടെ അവസ്ഥയും സമാനമാണ്. ഇന്ന് താഴെ അരപ്പറ്റയിലെ ചളി നിറഞ്ഞ പാടിയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴും സര്‍ക്കാര്‍ സഹായങ്ങള്‍ ഇവര്‍ക്ക് അകലെയാണ്. വിശപ്പടക്കാന്‍ ലഭിക്കുന്ന ഭക്ഷ്യക്കൂപ്പണ്‍ മാത്രമാണ് ഏക ആശ്രയം. കാലിന് സ്വാധീനമില്ലാതാവുകയും പ്രായത്തിന്റെ അവശതയും മൂലം വേലപ്പന് ജോലിക്ക് പോവാന്‍ കഴിയാതെ വന്നതോടെ മണിയമ്മയുടെ തൊഴിലുറപ്പ് വരുമാനമായിരുന്നു ഏക ആശ്രയം. ചൂരല്‍മലയില്‍ നിന്ന് പോന്നതോടെ ഇതും അവതാളത്തിലായി.

മേലെ അരപ്പറ്റയില്‍ നിന്ന് ദിവസേന 100 രൂപയോളം ചെലവാക്കി വേണം ചൂരല്‍മലയില്‍ തൊഴിലുറപ്പ് ജോലിക്ക് പോവാന്‍. പലപ്പോഴും അതും തടസ്സപ്പെടുന്നു. വീടെന്ന ആവശ്യവുമായി വയ്യാത്ത കാലും കൊണ്ട് വേലപ്പന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. അപ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് നിങ്ങളുടെ വീട് പോയില്ലല്ലോ എന്നാണ്. ഇതോടെ നിസ്സഹായരായിപ്പോയി, ഈ വൃദ്ധദമ്പതികള്‍. വീട് പോയില്ലല്ലോ എന്ന് ചോദിക്കുന്നവര്‍ ഒരു ദിവസമെങ്കിലും തങ്ങളുടെ വീടുള്ള സ്ഥലമൊന്ന് സന്ദര്‍ശിക്കണം. ഒറ്റക്കാലും കൊണ്ട് ഞാനും 76 വയസ്സുകാരി ഭാര്യയും എങ്ങനെ ഇവിടേയ്ക്ക് കയറിച്ചെല്ലുമെന്ന് ഒന്നു കാണിച്ച് തരണം. വേലപ്പന് സങ്കടത്തോടെ ആവശ്യപ്പെടാനുള്ളത് ഇത് മാത്രമാണ്.

പഴയ വില്ലേജ് റോഡില്‍ ഒരുപാട് വീടുകളുണ്ടായിരുന്നുവെങ്കിലും പ്രളയം കഴിഞ്ഞ് ജീവിക്കാനുള്ള സാഹചര്യം ഇല്ലാതായതോടെ ഭൂരിഭാഗം പേരും ഒഴിഞ്ഞുപോയി. അങ്ങേയറ്റത്ത് മണിയമ്മയുടേയും വേലപ്പന്റേയും വീട് ബാക്കിയായി. ആളുകളൊഴിഞ്ഞതോടെയാണ് ഇവിടെ വന്യമൃഗശല്യവും കൂടിയത്. വഴി പോയതോടെ ഈ വൃദ്ധദമ്പതികള്‍ക്ക് ഇവിടേയ്ക്ക് നടന്നെത്താനും സാധിക്കാത്ത അവസ്ഥയായി. ആള്‍പാര്‍പ്പില്ലാതായതോടെ കാടുമൂടുകയും ചെയ്തു. ഇവിടേയ്ക്കാണ് തിരികെപോകാനും അവിടെ തന്നെ താമസിക്കാനും അധികാരികള്‍ പറയുന്നത്.

അരനൂറ്റാണ്ടോളം മണിയമ്മ എസ്‌റ്റേറ്റ് ജോലിക്ക് പോയി പിരിഞ്ഞ് പോരുമ്പോള്‍ കിട്ടിയ പണം കൊണ്ടാണ് ഒരു കുഞ്ഞ് കൂര പണിതത്. ഈ കൂരയാണ് പ്രളയത്തിന്റെ പ്രകമ്പനത്തില്‍ വീണ്ടുകീറി താമസയോഗ്യമല്ലാതായിപ്പോയത്. ഷീറ്റുകള്‍ മാറിയാൽ വീടിനുള്ളിലേക്ക് മഴ വെള്ളമെത്തും. പക്ഷേ, ഇതൊന്നും ആരും കാണുന്നില്ല. പകരം തകര്‍ന്ന് പോയില്ല എന്ന ഒറ്റക്കാരണത്താല്‍ ലിസ്റ്റിന് പുറത്തായിപ്പോയി. മറ്റുള്ളവര്‍ക്ക് കിട്ടുന്ന 9000 രൂപയെന്ന പ്രതിമാസസഹായവും ഈ കുടുംബത്തിന് കിട്ടുന്നില്ല. ഇതോടെ ഇരുവരുടേയും മരുന്നിനും മറ്റുമുള്ള സഹായത്തിനായും ഇവര്‍ മറ്റുള്ളവരോട് കൈ നീട്ടുകയാണ്.

പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചു. ഒരു മകനുള്ളത് ഭാര്യവീട്ടിലുമാണ് താമസം അവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. ഇടയ്ക്ക് മകളുടെ വീട്ടിലേക്ക് താമസിക്കാന്‍ പോവുമെങ്കിലും അവര്‍ തന്നെ ഏറെ ഞെരുങ്ങിയാണ് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും അവിടെ പോവുകയെന്നതും സാധ്യമല്ല. നിലവില്‍ താമസിക്കുന്നയിടത്ത് 3000 രൂപ വാടക നല്‍കണമെന്ന് പറയുന്നു, വേലപ്പനും മണിയമ്മയും. വീട് പോയില്ല എന്ന കാരണത്താല്‍ ഈ വാടകയും ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നില്ല. തങ്ങളുടെ സങ്കടം ഇനി ആരോട് പറയണമെന്നും ഇവര്‍ക്കറിയില്ല.

പ്രളയത്തിനുശേഷം സ്‌കൂള്‍ റോഡില്ലാതായതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. ഇതോടെ ആരും പഴയ വില്ലേജ് റോഡ് വഴി അങ്ങോട്ട് പോവാതായി. ഇത്തിരി തെങ്ങും കവുങ്ങുമൊക്കെ ഇത്രകാലം തങ്ങള്‍ക്ക് വരുമാനം നല്‍കിയിരുന്നുവെങ്കിലും അതെല്ലാമാണ് വീട് പോയതിനൊപ്പം ഇല്ലാതായതെന്ന് പറയുന്നു മണിയമ്മ. ബാക്കിയുള്ളത് ആനയും നശിപ്പിച്ചു. വീടിന്റെ അടിത്തറ പോലും ഇളകിപ്പോയി. ഇവിടേയ്ക്കാണ് തിരിച്ച് പോയിക്കോളൂ എന്ന് അധികൃതര്‍ പറയുന്നത്. പകല് പോയാല്‍ പോലും അങ്ങോട്ടേയ്ക്ക് കയറാന്‍ തങ്ങള്‍ക്ക് പേടിയാണ്. ഞങ്ങളെ പോലെ നിരവധി പേരാണ് പഴയ വില്ലേജ് റോഡില്‍ നിന്നും താമസിക്കാനാവാതെ നാട് വിട്ട് പോയതന്നും മണിയമ്മ പറയുന്നു.

എപ്പോഴെങ്കിലും തൊഴിലുറപ്പുണ്ടെങ്കില്‍ മറ്റുള്ളവരെ കൂട്ടി ഒന്ന് വീടുവരെ പോയി വരും. വീടിന്റെ അവസ്ഥ കാണുമ്പോല്‍ സങ്കടം വരും. ഭര്‍ത്താവ് വേലപ്പന് ദുരന്തത്തിനുശേഷം ഇതുവരെ അങ്ങോട്ടേയ്ക്ക് പോവാനായിട്ടില്ല. ചളി നിറഞ്ഞ മുറ്റത്ത് നിന്നും ഇപ്പോള്‍ നില്‍ക്കുന്ന പാടിക്ക് അകത്തേക്ക് കയറണമെങ്കില്‍ പോലും ഭര്‍ത്താവിന് ഒരാളുടെ സഹായം വേണം. 3000 രൂപ വാടകയാണ്, പതിനായിരം രൂപ അഡ്വാന്‍സും കൊടുത്തു. 18 ദിവസം ക്യാമ്പിലായിരുന്നു. ക്യാമ്പ് ഒഴിവാക്കിയതോടെയാണ് പാടി മുറി വാടകയ്ക്ക് വാങ്ങിയത്. മുറ്റത്ത് നിന്നും പാടിക്കുള്ളിലേക്ക് കയറാന്‍ നല്ല ഉയരമുള്ളത് കൊണ്ടുതന്നെ വേലപ്പന് അകത്ത് കയറുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. തീരെ പറ്റാതെ വരുമ്പോള്‍ മറ്റേതെങ്കിലും വീട്ടില്‍ പോയി താമസിക്കുമെന്നും ഈ ദമ്പതികള്‍ പറയുന്നു.

ഉരുള്‍പൊട്ടിയ ആദ്യ ആറ് മാസം വാടകയൊക്കെ സര്‍ക്കാര്‍ നല്‍കിയിരുന്നു. പിന്നീട് ഇതും നിര്‍ത്തി. ഇപ്പോള്‍ മരുന്നിനു പോലും പണമില്ലാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും വാടക ആരോടെങ്കിലും കടം വാങ്ങി നല്‍കും. ചില മാസങ്ങളില്‍ മുടങ്ങിപ്പോവുകയും ചെയ്യും. വേലപ്പനും മണിയമ്മയും താമസിക്കുന്നതിന്റെ പറമ്പിന്റെ തൊട്ട് അടുത്തുകൂടിയാണ് ഉരുള്‍ജലം ഒഴുകിപ്പോയത്. പക്ഷേ, ഇവിടം സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതോടെയാണ് സഹായധനമെല്ലാം മുടങ്ങിയത്. പക്ഷേ, തങ്ങളുടെ യഥാര്‍ഥ അവസ്ഥ മനസ്സിലാക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും ഇവര്‍ പറയുന്നു. അടുത്ത് താമസിച്ചവരൊക്കെ മാറിപ്പോയെങ്കിലും രാഷ്ട്രീയ സ്വാധീനവും മറ്റുമുള്ളവരെല്ലാം റിപ്പോര്‍ട്ടിനെ മറികടന്ന് സഹായം വാങ്ങിക്കുന്നുണ്ട്. പക്ഷേ, പാവങ്ങളായ തങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്നും ഈ വൃദ്ധദമ്പതികള്‍ പാടി മുറ്റത്ത് നിന്ന് കൊണ്ട് പറയുന്നു.

56 വര്‍ഷത്തോളം എസ്‌റ്റേറ്റ് ജോലിയെടുത്തു മണിയമ്മ. ഇതിനുശേഷം പിന്നീട് തൊഴിലുറപ്പ് ജോലിയായി. ഈ തൊഴിലുറപ്പ് ജോലി കൊണ്ടുള്ള വരുമാനം കൊണ്ടായിരുന്നു മരുന്നു വാങ്ങലും മറ്റും. മണിയമ്മ ഹൃദ്രോഗിയായതിനാല്‍ സ്ഥിരമായി മരുന്ന് വേണം. വേലപ്പനും മരുന്നുവാങ്ങേണ്ടതുണ്ട്. മരുന്നിന് തന്നെ വലിയ പണച്ചെലവ് വരും. ഇതിനിടെയാണ് ഇപ്പോള്‍ വാടകയും സംഘടിപ്പിക്കേണ്ടത്. സുരക്ഷിത ഇടമെന്ന റിപ്പോര്‍ട്ടുള്ളത് കൊണ്ട് ഇവരുടെ ആവശ്യം പറഞ്ഞ് അധികൃതരെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന് വാര്‍ഡ് മെമ്പര്‍ നൂറുദ്ദീനും പറയുന്നു. പല സന്നദ്ധ സംഘടനകളോടും ഇവരുടെ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ, ഒന്നും ഇതുവരെ ശരിയായിട്ടില്ല. അതിദയനീയമാണ് ഈ ദമ്പതികളുടെ അവസ്ഥ. എതെങ്കിലും സുമനസ്‌കര്‍ സഹായവുമായി വരുമെന്ന പ്രതീക്ഷയാണ് തങ്ങള്‍ക്കുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.