ഗംഗാവാലി പുഴയിലേക്ക് മണ്ണിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനുവേണ്ടിയുള്ള തിരച്ചിൽ റിപ്പോർട്ട് ചെയ്ത് മടങ്ങിയെത്തിയതിന്റെ ക്ഷീണം അപ്പോഴും ശരീരത്തിലുണ്ടായിരുന്നു. തുടർച്ചയായ ദിവസങ്ങളിലെ റിപ്പോർട്ടിങ്ങിന് ശേഷം ഒന്ന് വിശ്രമിക്കാമെന്ന ചിന്തയോടെയായിരുന്നു അന്ന് രാത്രി ഉറങ്ങിയത്. പക്ഷേ, അടുത്ത ദിവസം പുലർച്ചെ കണ്ണുതുറന്നപ്പോൾ എന്തോ അസ്വസ്ഥത തോന്നി. ഫോൺ കൈയിലെടുത്ത നിമിഷം തന്നെ എന്തോ വലിയൊരു ദുരന്തം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. സ്ക്രീൻ നിറയെ മിസ്ഡ് കോളുകൾ. ഓഫീസിൽ നിന്നുള്ളവയും സഹപ്രവർത്തകരുടേയും സുഹൃത്തുക്കളുടേയും കോളുകൾ.
സാധാരണ ഒരു വാർത്താ ദിവസത്തിൽ ഇത്രയും കോളുകൾ വരാറില്ല. “എന്താണ് സംഭവിച്ചത്?” ആ ചോദ്യത്തിന് ഉത്തരമറിയാൻ ഞാൻ ടിവി ഓൺ ചെയ്തു. സ്ക്രീനിൽ തെളിഞ്ഞ ആദ്യ ദൃശ്യങ്ങൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
‘വയനാട്… മുണ്ടക്കൈ… ചൂരൽമല… ഉരുൾപൊട്ടൽ…’
വാർത്താ അവതാരകരുടെ ശബ്ദത്തിൽ പോലും ആശയക്കുഴപ്പമുണ്ടായിരുന്നു. എത്രപേർ കുടുങ്ങിയെന്ന് അറിയില്ല. എത്രവീടുകൾ ഇല്ലാതായെന്ന് അറിയില്ല. മരണസംഖ്യ പോലും വ്യക്തമല്ല. ലഭിക്കുന്ന വിവരങ്ങൾ ഓരോ നിമിഷവും മാറിക്കൊണ്ടിരുന്നു. പക്ഷേ, ഒരു കാര്യം വ്യക്തമായിരുന്നു. വലിയൊരു ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. കൂടുതൽ ഒന്നും ആലോചിക്കാൻ സമയം ഉണ്ടായിരുന്നില്ല. പെട്ടെന്നുതന്നെ ഓഫീസിലേക്ക് പുറപ്പെട്ടു.
ഓഫീസിലെത്തിയപ്പോൾ ആദ്യ തീരുമാനത്തിൽതന്നെ മാറ്റമുണ്ടായി. നേരിട്ട് വയനാട്ടിലേക്ക് പോകേണ്ടതില്ല. ആദ്യം നിലമ്പൂരിനടുത്തുള്ള പോത്തുകല്ലിലേക്ക് പോകണം. ചാലിയാർ പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നുവെന്ന വിവരമാണ് ലഭിച്ചിരുന്നത്.
മഴ അപ്പോഴും ശക്തിയായി പെയ്യുകയായിരുന്നു. ഏകദേശം ഒന്നര മണിക്കൂറിനുശേഷം ഞങ്ങൾ പോത്തുകല്ലിലെത്തി. പക്ഷേ, അവിടത്തെ സ്ഥിതി പ്രതീക്ഷിച്ചതിനേക്കാൾ സങ്കീർണമായിരുന്നു. രക്ഷാപ്രവർത്തന വാഹനങ്ങളുടെ തിരക്കും നാട്ടുകാരുടെ തിരക്കും കാരണം മുന്നോട്ട് പോകാൻ പോലും ബുദ്ധിമുട്ട്. മൃതദേഹങ്ങൾ കണ്ടെത്തുന്ന ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നില്ല. ഞങ്ങൾ നടന്ന് മുന്നോട്ട് നീങ്ങി. അപ്പോഴാണ് ഒരു ട്രാക്ടർ വരുന്നത് കണ്ടത്. “ഞങ്ങളെയും അങ്ങോട്ട് കൊണ്ടുപോകാമോ?” അവർ സമ്മതിച്ചു.
ഞങ്ങൾ പിന്നിൽ കയറി, യാത്ര തുടങ്ങി. അൽപസമയം കഴിഞ്ഞപ്പോൾ ട്രാക്ടർ ഓടിച്ചിരുന്നയാൾ ശാന്തമായി പറഞ്ഞ ഒരു വാക്ക് എന്റെ ഉള്ളം തകർത്തു. “ഇത് ഇപ്പോൾ അവിടുന്ന് മൃതദേഹങ്ങൾ കൊണ്ടുവന്ന് തിരികെ പോകുന്നതാണ്…” ആ നിമിഷം ഞാൻ കിടന്നിരുന്നത് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കയറ്റിക്കൊണ്ടുപോയ അതേ ട്രാക്ടറിലാണെന്ന് മനസ്സിലായി. ശരീരമാകെ ഒരു വിറയൽ.
ഒരു വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകുന്ന ക്യാമറാമാൻ എന്നതിൽനിന്ന്, മരണത്തിന്റെ ഗന്ധം ആദ്യമായി അടുത്ത് അനുഭവിക്കുന്ന ഒരാളായി ഞാൻ മാറുകയായിരുന്നു. തിരച്ചിൽ നടക്കുന്ന സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ചകൾ ഇന്നും മനസ്സിൽ ഉറഞ്ഞുകിടക്കുന്നു. ഒരു ജീപ്പിൽ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമായി മനുഷ്യശരീരങ്ങളുടെ ഭാഗങ്ങൾ. ഒന്നും പൂർണമായ ശരീരങ്ങളല്ല. ഒരു ജീവിതത്തിന്റെ ബാക്കിയായി അവശേഷിച്ച ചില ഭാഗങ്ങൾ മാത്രം. ക്യാമറ കൈയിലുണ്ടായിരുന്നു. പക്ഷേ, റെക്കോർഡ് ബട്ടൺ അമർത്താൻ വിരലുകൾ സമ്മതിച്ചില്ല. ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ ആ ദൃശ്യങ്ങൾ ലോകത്തെ കാണിക്കേണ്ട ഉത്തരവാദിത്വമുണ്ടായിരുന്നു. എന്നാൽ, ഒരു മനുഷ്യനെന്ന നിലയിൽ ആ നിമിഷങ്ങളെ നേരിടാൻ മനസ്സ് തയ്യാറായിരുന്നില്ല.
ചാലിയാറിന്റെ തീരത്ത് അഗ്നിരക്ഷാസേനയും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരുന്നു. പുഴ ഒഴുകുന്നത് വെള്ളം മാത്രമല്ല, ഒരു നാടിന്റെ കണ്ണീരും രക്തവും കൊണ്ടാണെന്ന തോന്നൽ. അൽപസമയത്തിനുശേഷം ചില യുവാക്കൾ കാട്ടിലേക്ക് തിരച്ചിലിനായി പോകുന്നുണ്ടെന്ന് അറിഞ്ഞു. ഞാനും റിപ്പോർട്ടറായ രാജിയും അവരോടൊപ്പം നടന്നു.
മഴ ഒട്ടും കുറഞ്ഞിരുന്നില്ല. ചെളിയും വഴുക്കലും നിറഞ്ഞ കാട്ടുപാതയിലൂടെ മുന്നോട്ട് പോകുമ്പോൾ, ഞങ്ങൾക്ക് മുൻപേ പോയവർ തിരികെ വരുന്നത് കണ്ടു. ഓരോരുത്തരുടെയും കൈകളിൽ ഒരു മുണ്ട് രണ്ട് കമ്പുകളിൽ കെട്ടി താൽക്കാലികമായി നിർമിച്ച സ്ട്രെച്ചറുകൾ. അതിൽ മൃതദേഹങ്ങൾ. അവരിൽ ഒരാൾ കൊണ്ടുവന്നത് പത്ത് വയസ്സിൽ താഴെ പ്രായമുള്ള ഒരു കുഞ്ഞിന്റെ മൃതദേഹമായിരുന്നു.
ആ കാഴ്ച കണ്ട നിമിഷം ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്ന എന്റെ കണ്ണുകളും നിറഞ്ഞു. ആ ദിവസം ഞാൻ പകർത്തിയത് ദൃശ്യങ്ങൾ മാത്രമായിരുന്നില്ല. ഒരു നാടിന്റെ ഏറ്റവും വലിയ വേദനയായിരുന്നു. അന്ന് വൈകുന്നേരംവരെ വയനാട്ടിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും പൂർണമായി അറിയില്ലായിരുന്നു. പക്ഷേ, ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു, ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ റിപ്പോർട്ടിങ് യാത്രയുടെ തുടക്കമായിരിക്കും.
പോത്തുകല്ലിൽനിന്ന് ഞങ്ങൾ വയനാട്ടിലേക്ക് തിരിച്ചു. അപ്പോഴേക്കും മുണ്ടക്കൈയിലേക്കും ചൂരൽമലയിലേക്കും പോകുന്ന പ്രധാന റോഡുകൾ പലതും തകർന്നിരുന്നു. വാഹനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം. രക്ഷാപ്രവർത്തന സംഘങ്ങൾക്കു പോലും എത്തിപ്പെടാൻ പ്രയാസമായിരുന്നു. വാഹനം എത്തുന്നിടത്ത് ഇറങ്ങി. ഞങ്ങളുടെ ലക്ഷ്യം ചൂരൽമല. ലക്ഷ്യത്തിലെത്താൻ മുന്നിലുണ്ടായിരുന്നത് ഏഴ് കിലോമീറ്റർ നീളുന്ന നടത്തമായിരുന്നു. മഴ അപ്പോഴും തോർന്നിരുന്നില്ല. ഓരോ ചുവടും ചെളിയിലായിരുന്നു. വഴിയിലുടനീളം മണ്ണും മരക്കൊമ്പുകളും പാറക്കല്ലുകളും... ചിലയിടങ്ങളിൽ റോഡ് ഉണ്ടായിരുന്നുവെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല.
നടന്നുനീങ്ങുന്നതിനിടെ ഒരു സ്ഥലം എന്നെ പഴയൊരു ഓർമയിലേക്ക് കൊണ്ടുപോയി. പുത്തുമല. 2019-ലെ ഉരുൾപൊട്ടലിൽ പതിനേഴ് ജീവനുകൾ നഷ്ടമായ ആ മലനിര. അന്നും ഞാൻ ക്യാമറയുമായി അവിടെയുണ്ടായിരുന്നു. മേൽക്കൂര മാത്രം പുറത്തുകാണുന്ന വീടുകളും മണ്ണിനടിയിൽപ്പെട്ട ജീവിതങ്ങളും അന്ന് ഞാൻ കണ്ടിരുന്നു.
അഞ്ച് വർഷങ്ങൾക്കിപ്പുറം, അതിലും വലിയൊരു ദുരന്തത്തിലേക്കാണ് ഞാൻ വീണ്ടും നടക്കുന്നത് എന്ന തിരിച്ചറിവ് മനസ്സിനെ ഭാരപ്പെടുത്തി. വഴിയിലുടനീളം ഞങ്ങളെ മറികടന്ന് രക്ഷാപ്രവർത്തകർ ഓടിക്കൊണ്ടിരുന്നു. പുറത്തുനിന്ന് സഹായവുമായി എത്തിയ സന്നദ്ധപ്രവർത്തകർ, അഗ്നിരക്ഷാസേന, എൻഡിആർഎഫ്, പൊലീസ്, സൈന്യം… ഓരോരുത്തരുടെയും മുഖത്ത് ഒരേയൊരു ലക്ഷ്യം. കൂടുതൽ ജീവനുകളെ രക്ഷിക്കുക. ആ യാത്രയിൽ അധികം സംസാരിക്കാൻ ആരും തയ്യാറായിരുന്നില്ല. എല്ലാവരും വേഗത്തിൽ നടക്കുകയായിരുന്നു. ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. ചൂരൽമല ടൗണിലെത്തിയപ്പോൾ ആംബുലൻസുകൾ കൊണ്ട് നിറഞ്ഞിരുന്നു ആ പ്രദേശം. സൈറണുകളുടെ ശബ്ദം ഒരു നിമിഷം പോലും നിലച്ചിരുന്നില്ല. ഞങ്ങൾ എങ്ങോട്ട് പോകണമെന്ന് ആലോചിച്ചുനിൽക്കുമ്പോഴാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്ന ഒരു ജെസിബി ഓപ്പറേറ്റർ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
“നിങ്ങൾ മീഡിയയാണോ? എങ്കിൽ എന്റെ കൂടെ ഒന്ന് വരാമോ? അപ്പുറത്ത് ഒരു സ്ഥലമുണ്ട്. അവിടെ ഒരുപാട് മൃതദേഹങ്ങളുണ്ട്. ഇതുവരെ ആരും അവിടേക്ക് എത്തിയിട്ടില്ല. നിങ്ങൾ അത് റിപ്പോർട്ട് ചെയ്യണം.” അദ്ദേഹത്തിന്റെ വാക്കുകൾ പൂർത്തിയാകുന്നതിന് മുൻപേ ഞങ്ങൾ അദ്ദേഹത്തിന്റെ പിന്നാലെ ഓടി.
ആ സ്ഥലം വെള്ളരിമലയായിരുന്നു. ഗതിമാറി ഒഴുകിയിരുന്ന പുഴയുടെ തീരത്ത് ഒരു നിശ്ശബ്ദത. വെള്ളത്തിനൊപ്പം ഒലിച്ചെത്തിയ വലിയ മരങ്ങൾ കുന്നുകൂടിക്കിടക്കുന്നു. തകർന്ന വീടുകളുടെ അവശിഷ്ടങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുന്നു. സത്യത്തിൽ അവിടേക്ക് മാധ്യമങ്ങളോ മറ്റ് സംഘങ്ങളോ എത്തിയിരുന്നില്ല. ഞങ്ങൾ കണ്ടതും കേട്ടതും അതേപടി വാർത്തയാക്കി. ആ റിപ്പോർട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഒരു ഹിറ്റാച്ചിയും മറ്റൊരു ജെസിബിയും അവിടേക്ക് എത്തി.
അതിനുശേഷമാണ് അവിടെനിന്ന് തുടർച്ചയായി മൃതദേഹങ്ങൾ കണ്ടെടുക്കാൻ തുടങ്ങിയത്. ആ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ മനസ്സിൽ ഒരേയൊരു ചിന്തയായിരുന്നു. ഇനി എത്രപേരാണ് ഈ മണ്ണിനടിയിൽ കിടക്കുന്നത്? ഇതിനിടെ പുഴയ്ക്ക് കുറുകെ താൽക്കാലിക പാലം നിർമിക്കാനുള്ള ശ്രമം പുരോഗമിക്കുകയായിരുന്നു. പാലം തയ്യാറായതോടെ രക്ഷാപ്രവർത്തകർക്കൊപ്പം മാധ്യമപ്രവർത്തകർക്കും പുഴ കടക്കാൻ അനുമതി ലഭിച്ചു.
ഞങ്ങൾ ആദ്യമായി ചൂരൽമല കടന്ന് മുണ്ടക്കൈയിലേക്ക് നടന്നു. അവിടെ ഒരു ഗ്രാമമുണ്ടായിരുന്നുവെന്ന് മാത്രം അറിയാം. പക്ഷേ ഞങ്ങളുടെ മുന്നിൽ കണ്ടത് ഒരു ഗ്രാമമായിരുന്നില്ല. മണ്ണ്, ചെളി, പാറകൾ, മരങ്ങൾ... അതിനിടയിൽ തകർന്ന വീടുകളുടെ അടയാളങ്ങൾ. ജീവിതം അവിടെ നിന്നെല്ലാം മാഞ്ഞുപോയതുപോലെ തോന്നി. രാവിലെ മുതൽ ഒന്നും കഴിച്ചിരുന്നില്ല. വെള്ളം പോലും കുടിച്ചിരുന്നില്ല. എന്നിട്ടും വിശപ്പോ ദാഹമോ തോന്നിയില്ല. അത്രയും വലിയൊരു ദുരന്തത്തിന്റെ നടുവിൽ നിൽക്കുമ്പോൾ ശരീരത്തിന്റെ ആവശ്യങ്ങൾ പോലും മനസ്സ് മറന്നുപോകുന്നു.
കുറച്ചുകൂടി മുകളിലേക്ക് കയറിയപ്പോൾ ഒരു മുസ്ലിം പള്ളി കണ്ണിൽപ്പെട്ടു. ആ പള്ളിയുടെ മിനാരത്തിലെ ചെളിപ്പാടുകൾ കണ്ടപ്പോൾ ഞങ്ങൾ പരസ്പരം നോക്കി. ആ ചെളി ഒരു കാര്യം പറഞ്ഞുകൊണ്ടിരുന്നു, വെള്ളം ഇത്രയും ഉയരത്തിൽ എത്തിയിരുന്നു. ആ കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നു. ചുറ്റും കരച്ചിലും നിലവിളിയും മാത്രമായിരുന്നു. ആരൊക്കെയോ പേരുകൾ വിളിക്കുന്നു. ആരൊക്കെയോ മറുപടിക്കായി കാത്തുനിൽക്കുന്നു. ചിലർ പ്രതീക്ഷ കൈവിടാതെ മണ്ണിലേക്ക് നോക്കിനിൽക്കുന്നു. ചിലർക്ക് എല്ലാം അവസാനിച്ചെന്ന് മനസ്സിലായിട്ടും അവിടെനിന്ന് മടങ്ങാൻ കഴിയുന്നില്ല. ഇടയ്ക്ക് മഴ ഒന്ന് ശമിച്ചു. മഞ്ഞും അൽപം മാറി.
ആ നിമിഷമാണ് ഒരു മിന്നായംപോലെ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം ദൂരെയായി കാണാൻ കഴിഞ്ഞത്. മലയുടെ നെഞ്ച് ആരോ വെട്ടിമുറിച്ചതുപോലെയുള്ള ആ കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ആ നിമിഷം ഒരു കാര്യം മനസ്സിലായി. ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒരു ദുരന്തത്തിന്റെ വാർത്തയല്ല. ഒരു നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുറിവുകളിലൊന്നാണ്. മുണ്ടക്കൈയിലും ചൂരൽമലയിലും അന്ന് നടന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഒരു കാര്യമാണ്. അവർ തിരഞ്ഞത് മനുഷ്യജീവനെ മാത്രമായിരുന്നില്ല. ജീവന്റെ ഒരു ചെറിയ തുടിപ്പെങ്കിലും അവശേഷിച്ചിട്ടുണ്ടോ എന്നായിരുന്നു ഓരോരുത്തരുടെയും അന്വേഷണം.
മണ്ണിനടിയിലും ചെളിയിലും മരക്കൊമ്പുകൾക്കിടയിലും അവർ അന്വേഷിച്ചത് പ്രതീക്ഷയായിരുന്നു. ആ ദിവസങ്ങളിലെ അനേകം കാഴ്ചകളിൽ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നുണ്ട്. ചെളിയിൽ പുതഞ്ഞുകിടന്ന ഒരു പൂച്ചക്കുഞ്ഞിനെ കൈകളിലെടുത്ത് ഓടിവരുന്ന ഒരു രക്ഷാപ്രവർത്തകൻ. അദ്ദേഹം നേരെ കൺട്രോൾ റൂമിലേക്കാണ് ഓടിക്കയറിയത്. കുഞ്ഞിനെ സാവധാനം തുടച്ച് അതിന്റെ ശരീരത്തിലെ ചെളി നീക്കി. തണുത്ത ശരീരത്തിന് ചൂടേകാൻ ഒരു പുതപ്പിൽ പൊതിഞ്ഞ് നെഞ്ചോട് ചേർത്തുപിടിച്ചു. ആ നിമിഷം ഞാൻ ക്യാമറയ്ക്ക് പിന്നിലായിരുന്നു. പക്ഷേ, എന്റെ മുന്നിൽ കണ്ടത് ഒരു മൃഗത്തെ രക്ഷിക്കുന്ന കാഴ്ച മാത്രമായിരുന്നില്ല. ജീവന്റെ വില എന്താണെന്ന് വാക്കുകളില്ലാതെ പറഞ്ഞുതന്ന ഒരു നിമിഷമായിരുന്നു അത്.
മുണ്ടക്കൈയും ചൂരൽമലയും ക്ഷീരകർഷകർ കൂടുതലായി താമസിച്ചിരുന്ന പ്രദേശങ്ങളാണ്. ദുരന്തത്തിനുശേഷം വീടുകൾ നഷ്ടപ്പെട്ടതുപോലെ അനേകം വളർത്തുമൃഗങ്ങൾക്കും അവരുടെ ഉടമകളെ നഷ്ടമായി. പല പശുക്കളും അലഞ്ഞുനടക്കുകയായിരുന്നു. അവയുടെ അകിടുകളിൽ പാൽ നിറഞ്ഞ് വേദനിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് സന്നദ്ധപ്രവർത്തനത്തിനെത്തിയ ഫാറൂഖ് എന്ന ഒരാൾ ആ പശുക്കളെ പിടിച്ചുനിർത്തി അവയുടെ പാൽ കറന്ന് കളയുന്നത് കണ്ടത്. അത് വലിയൊരു പ്രവൃത്തിയാണെന്ന് അന്ന് ആരും പറഞ്ഞില്ല. പക്ഷേ, ആ നിമിഷം അത് ആ മിണ്ടാപ്രാണികൾക്ക് നൽകിയ ഏറ്റവും വലിയ ആശ്വാസമായിരുന്നു.
ദുരന്തം മനുഷ്യരെ മാത്രം ബാധിക്കുന്നതല്ലെന്ന് ആ ദിവസം വീണ്ടും മനസ്സിലായി. അതിനുശേഷമുള്ള ദിവസങ്ങൾ മേപ്പാടിയിലായിരുന്നു. ഏകദേശം പത്ത് ദിവസത്തോളം മേപ്പാടി ക്യാമ്പും ആശുപത്രിയും എന്റെ റിപ്പോർട്ടിങ് കേന്ദ്രങ്ങളായി മാറി. ഓരോ ദിവസവും പുതിയ പട്ടികകൾ. പുതിയ തിരച്ചിലുകൾ. പുതിയ പ്രതീക്ഷകൾ. ചിലപ്പോൾ നിരാശകളും. മേപ്പാടി പഞ്ചായത്ത് ഹാളിൽ താൽക്കാലികമായി ഒരുക്കിയ മോർച്ചറിയിൽ കയറുമ്പോഴെല്ലാം നെഞ്ചിനുള്ളിൽ ഒരു ഭാരം നിറയുമായിരുന്നു.
അവിടെ ക്യൂവിൽ നിൽക്കുന്നവരുടെ മുഖങ്ങൾ ഇന്നും മറക്കാൻ കഴിയുന്നില്ല. ഒരു അടയാളമെങ്കിലും കിട്ടുമോ… ഒരു മോതിരം… ഒരു മാല… ഒരു വസ്ത്രത്തിന്റെ ഭാഗം… എന്തെങ്കിലും കണ്ടാൽ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയുമോ എന്ന പ്രതീക്ഷയോടെ മണിക്കൂറുകളോളം കാത്തുനിൽക്കുന്ന മനുഷ്യർ. ആ നിശ്ശബ്ദതയ്ക്ക് ഒരു ശബ്ദമുണ്ടായിരുന്നു. അത് വേദനയുടെ ശബ്ദമായിരുന്നു.
ദിവസങ്ങൾ കടന്നുപോകെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികളും തുടങ്ങി. ഒരേനിരയിൽ കുഴികൾ തയ്യാറാക്കി. ഓരോ വെള്ളത്തുണിയിലും പൊതിഞ്ഞ ശരീരവും അതീവ ബഹുമാനത്തോടെയാണ് മണ്ണിലേക്ക് യാത്രയാക്കിയത്. പക്ഷേ, എല്ലാവർക്കും പേരുണ്ടായിരുന്നില്ല. ചിലർക്കുണ്ടായിരുന്നത് നമ്പറുകൾ മാത്രമായിരുന്നു.
തിരിച്ചറിയാൻ കഴിയാതെപോയ മനുഷ്യരുടെ അവസാന വിലാസം ഒരു നമ്പറായി മാറിയ ആ കാഴ്ച ജീവിതത്തിൽ ഇനി ഒരിക്കലും കാണേണ്ടി വരരുതെയെന്ന് ഞാൻ മനസ്സിൽ പ്രാർഥിച്ചു. ആ ദിവസങ്ങളിൽ ക്യാമറ ഒരുപാട് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു. പക്ഷേ, മനസ്സ് റെക്കോർഡ് ചെയ്ത കാഴ്ചകളാണ് ഇന്നും കൂടുതൽ വ്യക്തമായി ഓർമയിൽ നിൽക്കുന്നത്.
ആ ദുരന്തത്തിന് രണ്ട് വർഷം തികയുമ്പോൾ അന്നുകണ്ട ഓരോ മുഖവും ഓരോ ശബ്ദവും ഓരോ നിശ്ശബ്ദതയും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. ചില റിപ്പോർട്ടുകൾ ന്യൂസ് ആർക്കൈവുകളിൽ മാത്രം അവശേഷിക്കും. ചില റിപ്പോർട്ടുകൾ ജീവിതകാലം മുഴുവൻ മനസ്സിൽ ജീവിച്ചിരിക്കും. മുണ്ടക്കൈയും ചൂരൽമലയും അത്തരമൊരു ഓർമയാണ്. ദുരന്തത്തിൽ ജീവൻ നഷ്ടമായ ഓരോരുത്തരുടെയും ഓർമയ്ക്കുമുന്നിൽ ആദരാഞ്ജലികൾ.
Content Highlights: First-hand account of the Wayanad landslide rescue operations., The emotional and physical challenges faced by reporters at the disaster site., Detailed documentation of the destruction in Mundakkai and Churalmala., The critical role of media in identifying uncharted rescue zones like Vellarimala., A reflection on the human cost and the scale of the 2026 catastrophe.
Published: 30 Jul 2026, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented