''അവരെ ഞങ്ങള്‍ക്ക് വേണ്ട''- ദേശസുരക്ഷയ്ക്ക് കടുത്തഭീഷണിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യു.എസില്‍ സമ്പൂര്‍ണ പ്രവേശനവിലക്കേര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അപകടകാരികളായ വിദേശികളില്‍നിന്ന് യു.എസ് പൗരര്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തുകയാണ് വിലക്കിന്റെ ലക്ഷ്യമെന്നാണ് ട്രംപിന്റെ വാദം. യുഎസിന്റെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷയും താത്പര്യവും മുന്‍നിര്‍ത്തി താന്‍ പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ ഒപ്പുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 12 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇതിന് പുറമേ ഏഴ് രാജ്യങ്ങളിലെ പൗരര്‍ക്ക് യുഎസ് സന്ദര്‍ശിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. കൊളറാഡോ സംസ്ഥാനത്ത് ഒരു ഈജിപ്ഷ്യന്‍ പൗരന്‍ നടത്തിയ ഭീകരാക്രമണത്തിന്‌ തൊട്ടുപിന്നാലെയാണ് 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് കര്‍ശനമായ യാത്രാ വിലക്കും ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചത്. 

To advertise here,

ജനുവരി 20-ന് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവുപ്രകാരം യു.എസ്. ആഭ്യന്തരസുരക്ഷാ മന്ത്രാലയവും ദേശീയ രഹസ്യാന്വേഷണവിഭാഗവും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.  യു.എസിനെതിരേ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന രാജ്യങ്ങളെക്കുറിച്ച് പഠിക്കാനും അവിടെനിന്നുള്ള പൗരര്‍ക്ക് പ്രവേശനമനുവദിക്കുന്നത് ദേശസുരക്ഷയെ ബാധിക്കുമോയെന്ന് പരിശോധിക്കാനുമായിരുന്നു ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.  നേരത്തെ 2017 ജനുവരിയില്‍ ആദ്യസര്‍ക്കാരിന്റെ കാലത്ത് ഏഴ് മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ട്രംപ് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. അന്നത് വലിയ നിയമപോരാട്ടത്തിലാണ് അവസാനിച്ചത്. രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴും സമാനമായ നടപടിയാണ് ട്രംപ് സ്വീകരിച്ചത്. പക്ഷേ ഇത്തവണ കൂടുതല്‍ പഴുതടച്ചാണ് ഉത്തരവ് പുറത്തിറക്കിയത്.  ആര്‍ക്കെല്ലാമാണ് അമേരിക്ക യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ? എന്തുകൊണ്ടാണ്‌
യാത്രാ നിരോധനം? ആര്‍ക്കെല്ലാമാണ് ഇതില്‍ ഇളവുകളുള്ളത് ?

യാത്രാ നിരോധനം ആര്‍ക്കെല്ലാം ? 

രണ്ടാം തവണയും അധികാരത്തിലെത്തി അഞ്ച് മാസത്തിന് ശേഷമാണ് 12 രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കുന്ന ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കുന്നത്. ആദ്യ തവണ അദ്ദേഹം മുന്നോട്ടുവച്ച കുടിയേറ്റവിരുദ്ധ അജണ്ട പുനരുജ്ജീവിപ്പിക്കുന്ന ഉത്തരവ് ജൂണ്‍ നാലിന് വൈകിയാണ് പ്രഖ്യാപിച്ചത്. അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്റെ തോത്‌ തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുവരുന്ന നിരോധനം ജൂണ്‍ ഒന്‍പതിന് (തിങ്കളാഴ്ച) പുലര്‍ച്ചെ 12:01 മുതല്‍ പ്രാബല്യത്തില്‍ വരും. പൂര്‍ണ്ണ പ്രവേശന നിരോധനം മുതല്‍ നിര്‍ദ്ദിഷ്ട വിസവിഭാഗങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വരെ ഇതിലുണ്ട്. അപര്യാപ്തമായ പരിശോധനാ സംവിധാനങ്ങളുള്ളതും അമേരിക്കയ്ക്ക് അപകടസാധ്യത സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നതുമായ 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടെ പ്രവേശനം പൂര്‍ണ്ണമായും നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. 

അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍, ചാഡ്, കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമെന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇതുകൂടാതെ ബുറണ്‍ഡി, ക്യൂബ, ലാവോസ്, സിയെറാ ലിയോണ്‍, ടോഗോ, തുര്‍ക്ക്മെനിസ്താന്‍, വെനസ്വേല എന്നീ രാജ്യങ്ങളിലെ പൗരര്‍ക്ക് യുഎസ് സന്ദര്‍ശിക്കുന്നതില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് സ്ഥിരമായ കുടിയേറ്റ വിസകളോ താല്‍ക്കാലിക ടൂറിസ്റ്റ് അല്ലെങ്കില്‍ വിദ്യാര്‍ത്ഥി വിസകളോ ലഭിക്കില്ല. പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമേ തൊഴില്‍ വിസകള്‍ അനുവദിക്കൂ. അതില്‍ തന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇളവുകള്‍ നല്‍കിയും കുറഞ്ഞ കാലയളവുകളോടുകൂടിയും മാത്രമേ അനുവദിക്കൂ. പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തിയ 12 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ യുഎസ് തൊഴിലുടമകള്‍ക്ക് സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയില്ല. ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് ഹ്രസ്വകാല അല്ലെങ്കില്‍ പരിമിതമായ വിസകള്‍ക്ക് മാത്രമേ ലഭിക്കൂ. സാധുവായ വിസകളുണ്ടെങ്കില്‍പ്പോലും വിദേശത്തേക്ക് യാത്ര ചെയ്യുന്ന ജീവനക്കാര്‍ക്ക് വീണ്ടും പ്രവേശിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ഇതിന് പുറമേ വിസ ലഭിക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം.

placeholder
ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോർഡിൽ ഒന്നിലധികം ഭാഷകളിൽ ആശംസകൾ പ്രദർശിപ്പിച്ചിരിക്കുന്നു | Photo: Jae C. Hong/ AP 

എന്തുകൊണ്ട് യാത്രാ നിരോധനം?
 
എന്തുകൊണ്ട് ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം കൊണ്ടുവന്നത്? മൂന്ന് കാരണങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. രേഖകളുടെ സുരക്ഷയുടെയും പരിശോധനകളുടെയും അഭാവം, വിസ കാലാവധി കഴിഞ്ഞതിന് ശേഷവും രാജ്യത്ത് തുടരുന്ന സാഹചര്യം, തീവ്രവാദസംഘടനയുമായി സര്‍ക്കാരുകള്‍ക്കുള്ള ബന്ധം എന്നിവ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ രാജ്യങ്ങള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്താന്‍, ലിബിയ, എറിത്രിയ, സൊമാലിയ, സുഡാന്‍, യെമന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്ക് പാസ്പോര്‍ട്ടുകള്‍ നല്‍കുന്നതിനോ വിദേശത്തേക്ക് യാത്ര ചെയ്യുന്ന പൗരന്മാരെ പരിശോധിക്കുന്നതിനോ വിശ്വസനീയമായ സംവിധാനങ്ങള്‍ ഇല്ലാത്തതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം മ്യാന്‍മര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, ഹെയ്തി, ബുറണ്‍ഡി, ലാവോസ്, സിയെറാ ലിയോണ്‍, ടോഗോ, തുര്‍ക്ക്മെനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ യുഎസില്‍ വിസ കാലാവധി കഴിഞ്ഞും താമസിച്ചിരുന്നതിനാലാണ് ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്‍, അഫ്ഗാനിസ്താന്‍, സൊമാലിയ, ലിബിയ, ക്യൂബ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെ തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് ഇതില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. 

താലിബാന്റെ നിയന്ത്രണത്തിലാണ് രാജ്യമെന്നതും കേന്ദ്രഅധികാര സംവിധാനവും വിശ്വസനീയമായ പരിശോധനകളില്ലെന്നതും ചൂണ്ടിക്കാണിച്ചാണ് അഫ്ഗാന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓവര്‍‌സ്റ്റേയിലുള്ളവരുടെ എണ്ണം(യുഎസില്‍ വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നവര്‍) ഉയര്‍ന്ന നിലയില്‍ തുടരുന്നതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിനോദസഞ്ചാരികളുടെ ഓവര്‍‌സ്റ്റേ 27 ശതമാനവും വിദ്യാര്‍ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇത് 42 ശതമാനമാണെന്നും പറഞ്ഞുകൊണ്ടാണ് മ്യാന്‍മാറില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നാടുകടത്തപ്പെട്ട പൗരന്മാരെ സ്വീകരിക്കുന്നതില്‍ മ്യാന്‍മാര്‍ സഹകരിക്കാത്തതിനെയും യുഎസ് വിമര്‍ശിച്ചു. ബിസിനസ്, ടൂറിസ്റ്റ് വിസകള്‍ക്ക് 49.54 ശതമാനം ഓവര്‍‌സ്റ്റേ നിരക്കും വിദ്യാര്‍ഥി വിസകള്‍ക്ക് 55.64 ശതമാനവുമാണെന്ന കാരണത്താലാണ് ചാഡിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഇമിഗ്രേഷന്‍ നിയമങ്ങളോടുള്ള നഗ്നമായ അവഗണനയെന്നാണ് ഇതിനെ യു.എസ്. വിശേഷിപ്പിച്ചിരിക്കുന്നത്. ടൂറിസ്റ്റ്, വിദ്യാര്‍ഥി വിസകളുടെ ഉയര്‍ന്ന ഓവര്‍ സ്‌റ്റേ നിരക്കുകള്‍ കാരണം പറഞ്ഞുകൊണ്ടാണ് റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനി, ഹെയ്തി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രികര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളുടെ അഭാവം, ക്രിമിനല്‍ രേഖകള്‍ ലഭ്യമാക്കുന്നില്ല, നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ചരിത്രം എന്നിവയ്ക്ക് പുറമേ ഉയര്‍ന്ന ഓവര്‍‌സ്റ്റേ നിരക്കുകളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എറിട്രിയക്കെതിരായ നടപടി. 

ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്ട്രം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇറാനെതിരായ നടപടി. പ്രവര്‍ത്തനക്ഷമമായ ഒരു സര്‍ക്കാരോ പരിശോധനാ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ദീര്‍ഘകാലമായി തീവ്രവാദ സാന്നിധ്യമുണ്ടെന്നാരോപിച്ചാണ് ലിബിയക്ക് എതിരായ നടപടി. ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന സൊമാലിയയ്ക്ക് അതിന്റെ പ്രദേശത്ത് നിയന്ത്രണമില്ലെന്നാണ് അമേരിക്കയുടെ അഭിപ്രായം. രേഖകള്‍ പ്രോസസ്സ് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പാടുപെടുന്നതും നാടുകടത്തപ്പെട്ടവരെ സ്വീകരിക്കാനുള്ള വിസമ്മതവും യു.എസ് ഉദ്ധരിക്കുന്നുണ്ട്. ഉയര്‍ന്ന ഓവര്‍‌സ്റ്റേ നിരക്കുകള്‍ക്ക് പുറമേ സൊമാലിയയെപ്പോലെ കേന്ദ്രീകൃത നിയന്ത്രണവും പ്രവര്‍ത്തനപരമായ ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങളും ചൂണ്ടിക്കാണിച്ചാണ് സുഡാനെതിരായ നടപടിയും. സര്‍ക്കാരിന് പ്രദേശിക നിയന്ത്രണം കുറവാണെന്നതാണ് യമനെതിരായ നടപടിക്ക് കാരണമായി പറയുന്നത്. വിശ്വസനീയമായ ഒരു പരിശോധന സാധ്യമല്ലെന്നും വൈറ്റ് ഹൗസ് ആരോപിക്കുന്നു. 

ഇളവുകള്‍ ആര്‍ക്കെല്ലാം ?

വിലക്കും പ്രവേശന നിയന്ത്രണവും ഏര്‍പ്പെടുത്തിട്ടുണ്ടെങ്കിലും ചില ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസ് പൗരത്വം പ്രതീക്ഷിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് യാത്രാ നിരോധനത്തില്‍ ഇളവുകള്‍ നല്‍കുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. നിരോധിത രാജ്യങ്ങളിലൊന്നിന്റെയും അമേരിക്കയുടേയും ഇരട്ട പൗരത്വമുള്ള ആളുകളെയും ഒഴിവാക്കിയിട്ടുണ്ട്. 2026-ലെ ലോകകപ്പിന്റെയും 2028-ലെ ഒളിമ്പിക്‌സിന്റെയും ആതിഥേയര്‍ അമേരിക്കയായതിനാല്‍ കായിക മത്സരങ്ങള്‍ക്കായി യാത്ര ചെയ്യുന്ന അത്ലറ്റുകള്‍ക്കും പരിശീലകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കൊപ്പം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ട്. യുഎസ് പൗരന്മാരുമായി നേരിട്ട് കുടുംബബന്ധം പുലര്‍ത്തുന്നതിലൂടെ വിസ തേടുന്ന വ്യക്തികളെയും ഇത് ബാധിക്കില്ലെന്ന് ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് ഗവണ്‍മെന്റിനോ അഫ്ഗാനിസ്താനിലെ സഖ്യകക്ഷികള്‍ക്കോ വേണ്ടി ജോലി ചെയ്തിരുന്നതും പ്രത്യേക കുടിയേറ്റ വിസ കൈവശമുള്ളവരുമായ അഫ്ഗാനികള്‍, കുറഞ്ഞത് 15 വര്‍ഷമെങ്കിലും വിദേശത്ത് സേവനമനുഷ്ഠിച്ച യുഎസ് ഗവണ്‍മെന്റിലെ ചില വിദേശ ജീവനക്കാരും അവരുടെ പങ്കാളികളും കുട്ടികളും എന്നിവര്‍ക്കും ഇളവുണ്ട്. വംശീയ ന്യൂനപക്ഷം അല്ലെങ്കില്‍ മത ന്യൂനപക്ഷത്തില്‍പ്പെട്ട ഇറാനികള്‍, നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് അഭയം ലഭിച്ചവരോ യുഎസില്‍ അഭയാര്‍ത്ഥികളായി പ്രവേശിപ്പിക്കപ്പെട്ടവരോ ആയ ആളുകള്‍, യു.എസ്. പൗരന്മാര്‍ ദത്തെടുത്ത കുട്ടികള്‍ എന്നിവര്‍ക്കും ഇളവുകള്‍ ലഭിക്കും. ഇതിന് പുറമേ ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ നയതന്ത്രജ്ഞരും വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ഔദ്യോഗിക ആവശ്യത്തിനായി ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവര്‍, യുഎസില്‍ ഔദ്യോഗിക സന്ദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര സംഘടനകളുടെയും നാറ്റോയുടെയും പ്രതിനിധികള്‍ എന്നിവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല. 

placeholder
2018 ജൂൺ 26-ന് വാഷിങ്ടണിലെ യുഎസ് സുപ്രീം കോടതിക്ക് മുന്നിൽ ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരുടെ
യാത്രാ നിരോധനത്തിനെതിരെ ജനങ്ങൾ പ്രതിഷേധിക്കുന്നു | Photo : MANDEL NGAN / AFP

ട്രംപിന്റെ യാത്രാനിരോധനത്തിന്റെ ഫലമെന്ത്? 

ഇതാദ്യമായല്ല ട്രംപ് യാത്രാനിരോധനം പ്രഖ്യാപിക്കുന്നത്.  2016-ലെ യുഎസ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ 'മുസ്ലീം നിരോധനം(ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാരെ വിലക്കല്‍)' ഏര്‍പ്പെടുത്തുമെന്നും മുസ്ലീങ്ങള്‍ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് പൂര്‍ണ്ണമായും തടയുമെന്നും ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റെടുത്ത് ഒരാഴ്ചയ്ക്ക് ശേഷം 2017 ജനുവരി 27-ന് ആദ്യത്തെ യാത്രാ നിരോധനം പ്രഖ്യാപിച്ചു. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് 90 ദിവസത്തേക്കാണ് പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. പക്ഷേ, ഫെബ്രുവരി മൂന്ന് ഫെഡറല്‍ ജഡ്ജി നിരോധനം തടഞ്ഞു. മാര്‍ച്ച് ആറിന് ട്രംപ് ഭരണകൂടം രണ്ടാമത്തെ യാത്രാ നിരോധനം പ്രഖ്യാപിച്ചു. ഇത്തവണ പക്ഷേ ഇറാഖിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവിലുള്ള ഗ്രീന്‍ കാര്‍ഡോ സാധുവായ വിസയോ ഉള്ളവരെയും യാത്രാ നിരോധനത്തില്‍നിന്ന് ഒഴിവാക്കി. ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്ര നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് മാര്‍ച്ച് 15-ന് കോടതി ഇത് റദ്ദാക്കി.

സെപ്റ്റംബര്‍ 24ന്‌ മൂന്നാമത്തെ യാത്രാ നിരോധനം നിലവില്‍ വന്നു. ഇത്തവണ ചാഡ്, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, സൊമാലിയ, സിറിയ, വെനസ്വേല, യെമന്‍ എന്നിവിടങ്ങളിലെ പൗരന്മാരുടെ പ്രവേശനമാണ് വിലക്കിയത്. സാധുവായ വിദ്യാര്‍ഥി, വിസിറ്റര്‍ വിസകളുള്ള ഇറാനിയന്‍ പൗരന്മാരെ നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിരുന്നു. യു.എസിന്റെ നിബന്ധനകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് 2018 ഏപ്രില്‍ 10-ന് ചാഡിലേക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ നീക്കം ചെയ്തു. കുടിയേറ്റവുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ പ്രശ്നങ്ങളില്‍ പ്രസിഡന്റിന് അധികാരമുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി 2018 ജൂണില്‍ ഈ നിരോധനം ശരിവച്ചു. 2020 ജനുവരി 31-ന് നാലാമത്തെ യാത്രാ വിലക്ക് നിലവില്‍ വന്നു. എറിത്രിയ, കിര്‍ഗിസ്താന്‍, മ്യാന്‍മര്‍, നൈജീരിയ, സുഡാന്‍, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പക്ഷേ വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും അനുവദിച്ചിരുന്നു. 2021 ജനുവരി 20-ന് അധികാരമേറ്റയുടന്‍, പ്രസിഡന്റ് ബൈഡന്‍ ട്രംപിന്റെ എല്ലാ യാത്രാ വിലക്കുകളും പിന്‍വലിച്ചു.

'മുസ്ലീം നിരോധനം' എന്ന് വിളിക്കപ്പെട്ട 2017-ലെ ട്രംപിന്റെ ആദ്യ യാത്രാ നിരോധനം മുന്നറിയിപ്പില്ലാതെ ഏകപക്ഷീയമായി നടപ്പിലാക്കിയതായിരുന്നു. അതോടെ വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പത്തിന് ഇത് കാരണമായി. മാത്രമല്ല, പ്രധാനമായും മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആ ഉത്തരവ്, കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.  എന്നാല്‍ 2025-ലെ ഉത്തരവിന് വലിയ വ്യാപ്തിയുണ്ട്. ഓരോ രാജ്യത്തിനും ബാധകമായ കാരണങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് നിരോധനം കൊണ്ടുവന്നിരിക്കുന്നത്. 2017-ലെ നിരോധനത്തില്‍ നിന്ന് വ്യത്യസ്തമായി ഈ പുതിയ പ്രഖ്യാപനം നടപ്പാക്കുന്നത് ഹ്രസ്വമായ കാലാവധി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചില പ്രത്യേക ഇളവുകളും ഉള്‍പ്പെടുന്നു. 2017-ലെ ഉത്തരവിന് നേരിട്ട നിയമപരമായ തിരിച്ചടി ഒഴിവാക്കാന്‍ ശ്രദ്ധിച്ചുകൊണ്ടാണ് ഇത്തവണത്തെ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എന്നാലിത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. സമ്പൂര്‍ണ യാത്രാ നിരോധനം ദശലക്ഷക്കണക്കിന് ആളുകളുടെ യുഎസ് വിസ പ്രവേശനം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യും. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, അവശ്യ സേവനങ്ങള്‍ എന്നീ മേഖലകളില്‍ വിദേശികളെ ആശ്രയിക്കുന്ന യുഎസ് തൊഴിലുടമകളെ ഇത് ബാധിച്ചേക്കാമെന്നാണ് കരുതുന്നത്.