കരത്തിനുപകരം ഇറക്കുമതിതീരുവകള്‍ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ തീയതി, ഏപ്രില്‍ 2, എത്തിയിരിക്കുന്നു. അമേരിക്ക ചുമത്തുന്ന തീരുവകളുടെ ആഘാതം പരമാവധി കുറയ്ക്കാനുള്ള ഇന്ത്യന്‍ ശ്രമം എത്രകണ്ടു വിജയിച്ചു എന്നറിയാന്‍ കുറേക്കൂടി കാക്കേണ്ടിയിരിക്കുന്നു. മധ്യസ്ഥചര്‍ച്ചകളില്‍ ഗണ്യമായ പുരോഗതി ഉണ്ടായെങ്കിലും വിശദാംശങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്- മെക്സിക്കോയും കാനഡയും ചൈനയും നേരിട്ടത്ര കഠിനമായിരിക്കില്ല ഇന്ത്യയുടെ ട്രംപനുഭവം.

To advertise here,

ട്രംപിന്റെ അഭിപ്രായത്തില്‍ മറ്റു രാജ്യങ്ങളെല്ലാം അമേരിക്കയുടെ സൗമനസ്യത്തെ മുതലെടുക്കുകയാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് വലിയ തീരുവ ചുമത്തുകയും അമേരിക്കയിലെ ഉദാരമായ തീരുവനയം മുതലാക്കി സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുകയും ചെയ്യുന്നു. ഈ അസന്തുലിതത്വം എത്രയുംവേഗം പരിഹരിക്കുമെന്നത് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമാണ്. ട്രംപിന്റെ റഡാറില്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങള്‍ ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയവയാണ്. ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയ്ക്കുമേല്‍ ചുമത്തിയിരുന്ന തീരുവയ്ക്കു മേല്‍ വീണ്ടുമൊരു പത്തുശതമാനം കെട്ടിയേല്‍പ്പിച്ചു, മെക്സിക്കോയും കാനഡയും 25 ശതമാനം അധികതീരുവ നല്‍കണം.

പോയവര്‍ഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരം 12920 കോടി ഡോളറാണെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ കണക്കുകള്‍. ഇന്ത്യ കയറ്റി അയച്ചത് 8,740 കോടി ഡോളറും ഇറക്കുമതി ചെയ്തത് 4,180 കോടി ഡോളറും. ഇന്ത്യയ്ക്ക് 4,570 കോടി ഡോളറിന്റെ വ്യാപാരമിച്ചം. അതാണ് ട്രംപിന്റെ വിഷമം. ഇന്ത്യന്‍ ഇറക്കുമതികള്‍ക്ക് പത്തുശതമാനം തീരുവ കൂട്ടിയാല്‍ 600 കോടി ഡോളറിന്റെ നഷ്ടം വരാം, 25 ശതമാനം ആക്കിയാല്‍ 3,100 കോടി ഡോളറും. ദശാംശം ഒന്ന് ശതമാനം മുതല്‍ ദശാംശം ആറു ശതമാനം വരെ ഇന്ത്യയുടെ ജി.ഡി.പിയെ കുറയ്ക്കുന്ന നഷ്ടം എന്ന് ഗോള്‍ഡ്മാന്‍ സാക്സിന്റെ കണക്കുകൂട്ടല്‍.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്താനിരിക്കുന്ന അധികതീരുവയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. തീരുവ ചുമത്തുന്ന കാര്യത്തില്‍ ഇന്ത്യ രാജാക്കന്മാരാണ് എന്നാണ് ട്രംപിന്റെ ആക്ഷേപം. പക്ഷേ ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുന്ന, നല്ല വാക്കുകള്‍ പറയുന്ന ട്രംപ് ഇന്ത്യയോടുള്ള തീരുവയുടെ കാര്യത്തില്‍ കൂടുതല്‍ ഔദാര്യം കാണിച്ചേക്കും. പ്രധാന കാരണം വ്യാപാരചര്‍ച്ചകളില്‍ ഇന്ത്യ കൈക്കൊള്ളുന്ന വളരെ പ്രായോഗികമായ സമീപനമാണ്. ചൈനയെയോ, കാനഡയെയോ പോലെ നേരിട്ടുള്ള ഏറ്റുമുട്ടലിന് പോകാതെ പറ്റുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുകയും തങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മേഖലകള്‍ ഉപയോഗിച്ച് പരമാവധി സൗജന്യങ്ങള്‍ നേടിയെടുക്കാനും ആണ് ഇന്ത്യയുടെ ശ്രമം. മറ്റൊന്ന് ചൈനയ്ക്കെതിരായ നീക്കങ്ങളില്‍ അമേരിക്കയ്ക്ക് ഇന്ത്യയുടെ തുണ ആവശ്യമുണ്ട് എന്നതും.

പീയൂഷ് ഗോയലും ഇന്ത്യയുടെ വെല്ലുവിളികളും

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയ വ്യാപാരചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ആഴ്ചകളായി. വ്യാപാരമന്ത്രി പീയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍സംഘം അമേരിക്കന്‍ സംഘവുമായി കഠിനമായ വിലപേശുകയാണ്. വ്യാപാരചര്‍ച്ചകളുമായി ബന്ധപ്പെട്ട് ഇതിനകം പലതവണ അമേരിക്ക സന്ദര്‍ശിച്ചു. ട്രംപിന് കുറച്ചു അനായാസവിജയങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുകയാണ് ഇന്ത്യക്ക് ചെയ്യാവുന്ന ഒരു കാര്യം. പെട്രോളിയവും ആയുധങ്ങളും കൂടുതല്‍ വാങ്ങാമെന്ന വാഗ്ദാനം പോലെ ചേതമില്ലാത്ത ഉപകാരങ്ങള്‍. അതേസമയം, കാര്‍ഷികമേഖല പോലുള്ള സുപ്രധാനമേഖലകളെ സുരക്ഷിതമായി നിലനിര്‍ത്തുകയും വേണം.

ഇറക്കുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തുന്ന ശരാശരി തീരുവ 12 ശതമാനത്തിനും 17 ശതമാനത്തിനുമിടയ്ക്കാണ്. അമേരിക്കയില്‍ അത് പരമാവധി 3.3 ശതമാനമാണെന്ന് ലോക വ്യാപാര സംഘടനയുടെ കണക്കുകള്‍. തിരിച്ചടിത്തീരുവ നടപ്പിലായാല്‍ അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിത്തീരുവ കുത്തനെ കുറയ്ക്കേണ്ടി വരും. ഉദാഹരണത്തിന് അമേരിക്കന്‍ കാറിനും ബൈക്കിനും നിലവിലെ ഇറക്കുമതിത്തീരുവ 60 ശതമാനം മുതല്‍ 70 ശതമാനമാണ്. ഇന്ത്യ കയറ്റി അയക്കുന്ന ചെമ്മീനും മരുന്നുകള്‍ക്കും അമേരിക്ക ചുമത്തുന്നത് നിസ്സാരമായ തീരുവയാണ്. അമേരിക്കയുടെ ഉല്‍ക്കണ്ഠകള്‍ മനസ്സിലാക്കി ചില ഉത്പന്നങ്ങളുടെ തീരുവയില്‍ നേരിയ ഇളവുകള്‍ വരുത്താനുള്ള ശ്രമം ഇക്കഴിഞ്ഞ ബജറ്റില്‍ ഇന്ത്യ നടത്തിയിരുന്നു.

placeholder
പിയൂഷ് ഗോയൽ

അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതികളുടെ 55 ശതമാനത്തിനും തീരുവ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നത്. എല്ലാ ഉല്‍പ്പന്നങ്ങളുടെയും തീരുവകളില്‍ ഇളവുകള്‍ വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്. കാര്‍ഷികരംഗത്തും പാലുല്‍പ്പന്നരംഗത്തുമൊക്കെ. ആ ആവശ്യത്തിനു വഴങ്ങുക ഇന്ത്യക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. രാജ്യത്ത് 16 കോടി ചെറുകിട കര്‍ഷകരുണ്ട്, എട്ടു കോടി ക്ഷീര കര്‍ഷകരും. വിദേശഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നതിനെതിരെ മോദി സര്‍ക്കാറിന് കര്‍ഷകസംഘങ്ങളില്‍ നിന്നും വ്യാപാരഗ്രൂപ്പുകളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ട്. ഇന്ത്യ ചുമത്തുന്ന തീരുവകള്‍ ലോക വ്യാപാര സംഘടനയ്ക്കു നല്‍കിയ ഉറപ്പുകള്‍ക്ക് അനുസൃതമാണെന്നും വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇന്ത്യ പറയുന്നു. തീരുവകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്നത് ആഭ്യന്തര വ്യവസായങ്ങളെ അന്യായമായ മത്സരത്തിന് ഇട്ടുകൊടുക്കുമെന്നും ഇന്ത്യ വാദിക്കുന്നു.

തിരിച്ചടിത്തീരുവ ബാധിക്കുക ജനലക്ഷങ്ങളെ

തിരിച്ചടിത്തീരുവ വന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതി കാര്യമായി ബാധിക്കപ്പെടും. ചെമ്മീനും പാലുല്‍പന്നങ്ങളുമടക്കമുള്ള കാര്‍ഷിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള തീരുവവ്യത്യാസം ഏതാണ്ട് 40 ശതമാനമാണ്. കാര്‍ഷിക, ക്ഷീര ഉല്‍പ്പന്നങ്ങളുടെയും കോഴിക്കാലുകളുടെയും ഇറക്കുമതിത്തീരുവ കുറയ്ക്കണം എന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പായാല്‍ അത് ഇന്ത്യയിലെ ലക്ഷക്കണക്കായ കോഴിക്കര്‍ഷകരെ ബാധിക്കും. ഫാക്ടറിയില്‍ റൂമിനന്റ് കാലിത്തീറ്റ (കന്നുകാലികളുടെയും പന്നിയുടെയും മറ്റും ഇറച്ചി അവശിഷ്ടങ്ങള്‍ ചേര്‍ത്തത്) ഉപയോഗിച്ച് വളര്‍ത്തുന്നതായി ആരോപണമുള്ള അമേരിക്കന്‍ ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നത് എതിര്‍പ്പിനു കാരണമാവും. ഇന്ത്യയില്‍ ഇത്തരം കാലിത്തീറ്റയ്ക്ക് വിലക്കുണ്ട്. പക്ഷിപ്പനി സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍ ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നിന്നുള്ള കോഴിക്കാലുകളുടെ ഇറക്കുമതി ഇന്ത്യ വിലക്കിയിരുന്നെങ്കിലും ലോകവ്യാപാരസംഘടന അമേരിക്കയ്ക്ക് അനുകൂലമായി വിധിച്ചിരുന്നു. ഇപ്പോള്‍ കോഴിക്കാലുകളെത്തുന്നുണ്ട്, നൂറുശതമാനമാണ് തീരുവ. ഈ തീരുവ നീക്കിയാല്‍ ഇന്ത്യയിലെ കോഴിക്കര്‍ഷകര്‍ വഴിയാധാരമായേക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിക്കമ്പോളം അമേരിക്കയാണ്. ഇന്ത്യയുടെ ആകെ മൊത്തം കയറ്റുമതിയുടെ 17 ശതമാനവും അവിടേക്കാണ്. ഏതാണ്ട് 7,750 കോടി ഡോളര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വ്യാപാരം. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ.ടി, ഐ.ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ഫാര്‍മ, കൃഷി തുടങ്ങിയ മേഖലകളെയൊക്കെ തിരിച്ചടിത്തീരുവ ബാധിക്കാന്‍ ഇടയുണ്ട്. ജനറിക് മരുന്നുകള്‍ വില്‍ക്കുന്ന കാര്യത്തിലെ മുമ്പനാണ് ഇന്ത്യ, ലോകത്തിന്റെ ഫാര്‍മസി. അമേരിക്കയില്‍ വില്‍ക്കുന്ന ജനറിക് മരുന്നുകളുടെ ഏതാണ്ട് പകുതിയോളവും എത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. തിരിച്ചടിത്തീരുവ ഏര്‍പ്പെടുത്തിയാല്‍ വളരെ ചെറിയ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഈ മരുന്നുകള്‍ക്ക് വില ഗണ്യമായി കൂടും, അത് മരുന്നിന്റെ ഡിമാന്‍ഡ് കുറയ്ക്കും. അമേരിക്കയിലെ സാധാരണക്കാരെയും ക്ഷീണിപ്പിക്കും ഈ രംഗത്തെ തീരുവ കൂട്ടല്‍.

placeholder
Donald Trump | Photo: AP

അതുപോലെ ഇന്ത്യയുടെ ഐ.ടി കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും അമേരിക്കയില്‍ നിന്നാണ്. ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് ജോലി കൊടുക്കുന്ന മേഖല. ഐ.ടി സേവനമേഖലയെ തീരുവ നേരിട്ട് ബാധിക്കുകയില്ലെങ്കിലും അതിന്റെ ഫലമായി അമേരിക്കയില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തളര്‍ച്ച ഉണ്ടായാല്‍ ഡിമാന്‍ഡ് കുറയും, അത് ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട ഈ വ്യവസായത്തെ തളര്‍ത്തും. അതുപോലെ ഇന്ത്യയിലെ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന ഒരു മേഖലയാണ് വസ്ത്രനിര്‍മാണം. തീരുവ കൂട്ടിയാല്‍ വിലക്കുറവ് എന്ന ആകര്‍ഷണം നഷ്ടമാവുകയും ഡിമാന്‍ഡ് കുറയുകയും ചെയ്യും. സമാനമായ പ്രതിസന്ധി ഭയക്കുന്ന വേറെയും മേഖലകളുണ്ട്.

തീരുവഭീഷണി മറികടക്കുന്നതെങ്ങനെ?

മോദിയും ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം മധ്യസ്ഥചര്‍ച്ചകളില്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ട്രംപിന്റെ തീരുവകളോട് ഇന്ത്യ പ്രതികരിച്ചത് വളരെ കരുതലോടെയാണ്- അമേരിക്കയെ അരിശം പിടിപ്പിക്കാതെ പരമാവധി സൗജന്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ ദീര്‍ഘവീക്ഷണത്തോടുള്ള നടപടികളും കൈക്കൊണ്ടു. രാജ്യത്തെ ഉല്‍പാദനമേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി നടപടികള്‍ ഇന്ത്യ എടുക്കുന്നുണ്ട്. നേരിട്ടുള്ള ചൈനീസ് വിദേശ നിക്ഷേപത്തിനുണ്ടായിരുന്ന (എഫ്.ഡി.ഐ) നിയന്ത്രണങ്ങള്‍ അയച്ചുകൊടുക്കുന്നത് അതിലൊന്നാണ്. ഇലക്ട്രോണിക്സും ഫാര്‍മസ്യൂട്ടിക്കല്‍സും പോലുള്ള മേഖലകളിലെ നിര്‍മ്മാണശേഷിയെ വര്‍ധിപ്പിക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തിലുള്ള മത്സരക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന നടപടി അമേരിക്കന്‍ വിപണികളെ ഒരുപാട് ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതാക്കും.'

placeholder

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഉണ്ടാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതെല്ലാം അമേരിക്കയിലുള്ള അമിത ആശ്രിതത്വത്തെ കുറയക്കാന്‍ സഹായിക്കും. അമേരിക്കയില്‍ നിന്നും കൂടുതല്‍ എണ്ണ വാങ്ങുന്നതിന്റെ സാമ്പത്തികഭാരം കുറയ്ക്കാനായി റഷ്യയില്‍ നിന്നും കൂടുതല്‍ പെട്രോളിയം വാങ്ങും. 2024-ല്‍ റഷ്യയില്‍ നിന്നും 6,600 കോടി ഡോളറിന്റെ എണ്ണ ഇന്ത്യ വാങ്ങിയിരുന്നു.

ഇനി, തീരുവ കാട്ടി പേടിപ്പിക്കാന്‍ അമേരിക്കയ്ക്ക് മാത്രമല്ല, ഇന്ത്യക്കുമാകും. 2019-ല്‍ ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പിനും ഉരുക്കിനും തീരുവ അമേരിക്ക വര്‍ദ്ധിച്ചപ്പോള്‍ 28 അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യ അധികതീരുവ ചുമത്തിയിരുന്നു. അത് ഇനിയും പ്രയോഗിക്കാവുന്നതേയുള്ളൂ.

തെളിയുന്ന രജതരേഖ

ട്രംപിന്റെ തീരുമാനയം പൂര്‍ണമായും നടപ്പിലാക്കുന്നതോടെ ഇന്ത്യക്ക് ഒരുപാട് മെച്ചങ്ങളും ഉണ്ടാകാനിടയുണ്ട്. ചൈന, കനഡ, മെക്സിക്കോ പോലുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കനത്ത തീരുവകള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഗുണകരമാവും. അവര്‍ അമേരിക്കയില്‍ വിറ്റുകൊണ്ടിരുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാനാകും. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്കയില്‍ ഡിമാന്‍ഡ് കൂടും. ചൈനയില്‍ നിന്നും ഉല്‍പ്പാദന, വിതരണശൃംഖലകള്‍ മാറ്റാന്‍ ആഗോള കമ്പനികള്‍ നിര്‍ബന്ധിതമാകുമ്പോള്‍ അവര്‍ക്ക് ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ഇന്ത്യ ആയിരിക്കും. നിര്‍മ്മാണത്തിന്റെയും മത്സരക്ഷമതയുടെയും നിലവാരം ഇന്ത്യ വര്‍ദ്ധിപ്പിക്കേണ്ടി വരും എന്ന് മാത്രം.